ല്ലാ പെൺകുട്ടികളും ഡ്രൈവിങ് പഠിക്കണമെന്നും സ്വന്തമായി വാഹനമോടിക്കുകയും വേണമെന്ന് പറയുകയാണ് ആലപ്പുഴ മാന്നാർ സ്വദേശിയായ വീണ വിശ്വനാഥ്. വെറുതേ പറയുക മാത്രമല്ല. കുട്ടനാട് മുതൽ കശ്മീർ വരെ തന്റെ സ്വപ്നയാത്രയിലൂടെ ഈ സന്ദേശം പെൺകുട്ടികളിലേക്ക് എത്തിക്കുകയാണ് വീണ. സ്വാതന്ത്ര്യദിനത്തിൽ കുട്ടനാട്ടിൽനിന്നു യാത്ര തിരിച്ച് കശ്മീർ വരെയാണ് വീണയുടെ യാത്ര. തന്റെ പുതിയ ഹോണ്ട ഹൈനസിൽ 45 ദിവസമെടുത്ത് 9276 കിലോ മീറ്ററാണ് സോളോ റൈഡിലൂടെ വീണ പൂർത്തിയാക്കുക.

ബൈക്ക് പ്രിയം കുട്ടിക്കാലത്തേ തുടങ്ങിയത്

കുട്ടിക്കാലം മുതൽ ബൈക്കിനോടാണ് പ്രിയം. പതിനെട്ടാമത്തെ വയസിൽ തന്നെ ഡ്രൈവിങ് ലൈസൻസും എടുത്തു. അഞ്ച് വർഷമായി വീണ ബൈക്കുകൾ ഓടിക്കുന്നുണ്ട്. മൂന്നാർ, വയനാട്, ഗോവ തുടങ്ങി അടുത്തുള്ള സ്ഥലങ്ങളിലേക്കെല്ലാം ബൈക്കിൽ സോളോ പോകാറുണ്ട്. ആദ്യമായാണ് ഇത്രയും ദൂരത്തേക്ക് സോളോ പോകുന്നതെന്ന പ്രത്യകതയും ഈ ട്രിപ്പിനുണ്ട്. ഹാർലി ഡേവിഡ് സണിലെ ചാപ്റ്റർ മാനേജർ ജോലി രാജി വെച്ചാണ് വീണ യാത്രകൾ പോകുന്നതിനായി സമയം കണ്ടെത്തിയിരിക്കുന്നത്.

യാത്ര ഒരു മെഡിറ്റേഷൻ

യാത്ര ഒരു മെഡിറ്റേഷൻ ആണെന്നാണ് വീണ പറയുന്നത്. മൂന്ന് മാസമായി കശ്മീർ യാത്രക്കുള്ള തയാറെടുപ്പിലായിരുന്നു. യാത്രക്ക് ആരോഗ്യകാര്യങ്ങൾ, ശരീരത്തിന്റെ ഫിറ്റ്നസ് ഇതെല്ലാം പ്രധാനമാണ്. ഭക്ഷണങ്ങൾ, മാറി മാറി വരുന്ന കാലാവസ്ഥയോടെല്ലാം ശരീരം യോജിക്കേണ്ടതുണ്ട്. അതിനായി ശരീരത്തെ പാകപ്പെടുത്തിയെടുക്കേണ്ടതുണ്ട്.

എല്ലാ പെൺകുട്ടികളും ഡ്രൈവിങ് പഠിക്കണം

"കശ്മീരിലേക്കും മറ്റുമുള്ള യാത്രകളിൽ ലഹരിവിരുദ്ധ സന്ദേശമൊക്കെയാണ് എല്ലാവരും നൽകാൻ ശ്രമിക്കുന്നത്. എന്നാൽ, അതിൽനിന്ന് അല്പം വ്യത്യസ്തമാകണമെന്ന് തോന്നി. എല്ലാ പെൺകുട്ടികളും ഡ്രൈവിങ് പഠിക്കണമെന്നതാണ് എന്റെ ആഗ്രഹം. പൊതുവേ നമ്മുടെ റോഡുകളിൽ ബൈക്കിൽ പോകുന്ന പെൺകുട്ടികൾ കുറവാണ്, അത് മാറണം. ഡ്രൈവിങ് പഠിക്കാനും വാഹനമോടിക്കാനും പേടിയുള്ള നിരവധി കുട്ടികൾ ഇപ്പോഴും ഉണ്ട്. ഒരു പെൺകുട്ടി തനിച്ച് യാത്ര ചെയ്യുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അതിന്റെ എല്ലാ പേടിയും വീട്ടുകാർക്കും ഉണ്ട്. എന്നാൽ പേടിച്ചിരുന്നാൽ ജീവിതത്തിൽ ഒന്നിനും സാധിക്കാതെ വരും. എന്റെ യാത്ര ഒരാൾക്കെങ്കിലും പ്രചോദനമായാൽ ഞാൻ ഹാപ്പിയാകും." - വീണ പറയുന്നു.

എന്റെ പില്ലർ- ഭർത്താവ്

എന്റെ സ്വപ്നങ്ങൾക്ക് ജീവൻ നൽകിയത് ഭർത്താവ് അനൂപ് കുമാറാണെന്നാണ് വീണക്ക് പറയാനുള്ളത്. "ഒരു സാധാരണ നാട്ടിൻപുറത്തുകാരി പെണ്ണാണ് ഞാനും. വിവാഹത്തിന് മുൻപ് വരെ സ്വന്തം വീട്ടിൽനിന്ന് എന്ത് ആവശ്യത്തിന്, എവിടേക്ക് പോകണമെങ്കിലും അമ്മ കൂടെ ഉണ്ടാകുമായിരുന്നു. വിവാഹശേഷം അത് മാറി, യാത്ര എന്ന എന്റെ സ്വപ്നത്തോടൊപ്പം ഭർത്താവ് എല്ലാ പിന്തുണയും നൽകി കൂടെയുണ്ട്. അദ്ദേഹത്തിന്റേയും ആറ് വയസുള്ള മകൾ വൈഗ ലക്ഷ്മിയുടേയും പിന്തുണയാണ് ഈ യാത്രക്ക് പിന്നിൽ.

Content Highlights:Solo trip by Veena Viswanath from kuttanad to kashmir