സാമ്പത്തിക അരക്ഷിതത്വം, ശാരീരിക പരിമിതികള്‍, ആരോഗ്യപ്രശ്‌നങ്ങള്‍, ഏകാന്തതയും അനാഥത്വവും, പരിമിതമായ സഞ്ചാരസ്വാതന്ത്ര്യം, ഉറപ്പുള്ള ബന്ധങ്ങളോ സൗഹൃദങ്ങളോ ഇല്ലാത്തത് തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളാണ് വിധവകള്‍ പ്രധാനമായും നേരിടുന്നത്. വിധവകള്‍ക്ക് നിയമപരിരക്ഷ ഏറെയുണ്ട്. എന്നാല്‍, അതെല്ലാം പ്രാവര്‍ത്തികമാക്കാന്‍ സമൂഹത്തിന് മനസ്സുണ്ടായാലേ രക്ഷയുള്ളൂ.

വിധവകളുടെ ക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും ഇവസംബന്ധിച്ച് കൃത്യമായ അവബോധമില്ലെന്നത് വസ്തുതയാണ്. മിക്കപദ്ധതികളും റേഷന്‍ കാര്‍ഡിലെ കുടുംബ വാര്‍ഷിക വരുമാനം മാനദണ്ഡമാക്കിയാണ് അര്‍ഹത കണക്കാക്കുന്നത് എന്നത് കൂട്ടുകുടുംബത്തില്‍ കഴിയുന്ന ആശ്രിതരായ സ്ത്രീകള്‍ ആനുകൂല്യപരിധിയില്‍നിന്നു പുറത്താക്കുന്നു.

വിധവകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകവിഭാഗം രൂപവത്കരിക്കണമെന്ന് 2007-ല്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ വൃന്ദാവനത്തിലെ വിധവകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി എന്‍വയോണ്മെന്റ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുണ്ടായ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് വിധവാ സെല്‍ രൂപവത്കരിക്കാനും തീരുമാനമായിരുന്നു. ഇതുപ്രകാരം വനിതാശിശുവികസന വകുപ്പിന്റെ കീഴില്‍ എല്ലാ ജില്ലകളിലും വിധവാ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, മിക്ക ജില്ലകളിലും സജീവ പ്രവര്‍ത്തനങ്ങളിലേക്ക് അവ ഇനിയും എത്തിയിട്ടില്ല. ഭര്‍ത്താവിന്റെ മരണശേഷം സ്വത്തിന്മേലുള്ള അവകാശം വലിയ പ്രയാസങ്ങളില്ലാതെ ലഭിക്കാനുള്ള നടപടികളുണ്ടാകണമെന്നതും ഭൂമിയില്ലാത്ത വിധവകള്‍ക്ക് സര്‍ക്കാര്‍ സുരക്ഷിതത്വം ഏര്‍പ്പെടുത്തണമെന്നതും മുന്‍ഗണനവേണ്ട വിഷയങ്ങളാണ്.

വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന സാമൂഹ്യക്ഷേമ പദ്ധതികള്‍ ചുവടെ.

പഞ്ചായത്ത് വകുപ്പ്

1. ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍

അപേക്ഷ നല്‍കേണ്ടത്: ഗ്രാമപ്പഞ്ചായത്ത്/നഗരസഭ/കോര്‍പറേഷന്‍ സെക്രട്ടറി.

നിലവില്‍ 1300 രൂപ.

2. വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ സഹായധനം

അപേക്ഷ നല്‍കേണ്ടത്: ഗ്രാമപ്പഞ്ചായത്ത്/നഗരസഭ/കോര്‍പറേഷന്‍ സെക്രട്ടറി

30,000 രൂപ

എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്

1. ശരണ്യ സ്വയംതൊഴില്‍ പദ്ധതി

എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേരു രജിസ്റ്റര്‍ചെയ്ത വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയവര്‍, അവിവാഹിതകള്‍ എന്നിവര്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതി

50,000 രൂപവരെ പലിശരഹിത വായ്പ. അപേക്ഷ നല്‍കേണ്ടത് എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചില്‍

റവന്യൂ വകുപ്പ്

നാഷണല്‍ ഫാമിലി ബെനിഫിറ്റ് സ്‌കീം: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കുടുംബത്തിലെ വരുമാനമുള്ള ഏക വ്യക്തി മരിക്കുമ്പോള്‍ കിട്ടുന്ന സഹായധനം.

20,000 രൂപ. താലൂക്ക് ഓഫീസിലാണ് അപേക്ഷിക്കേണ്ടത്.

വനിതാശിശുവികസന വകുപ്പ്

1. അഭയകിരണം: 50 വയസ്സിന് മുകളില്‍ പ്രായമുള്ള മറ്റ് ആശ്രയങ്ങളൊന്നുമില്ലാത്ത വിധവകള്‍ക്കുള്ള സഹായധനം.

2. മംഗല്യപദ്ധതി: 18-50 നും ഇടയില്‍ പ്രായമുള്ള, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിധവകളുടെ പുനര്‍വിവാഹത്തിന് സഹായധനം. 25,000 രൂപ.

3. സഹായഹസ്തം: ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള വിധവകളുടെ കുടുംബത്തിന്റെ പുനരധിവാസത്തിനുള്ള പദ്ധതി. സംരംഭം ആരംഭിക്കുന്നതിന് 30,000 രൂപ.

4. സ്ത്രീകള്‍ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായധനം: അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 300 രൂപ വീതവും 6-10 ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് 500 രൂപയും, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകാര്‍ക്ക് 750 രൂപ വീതവും, സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ ഡിഗ്രി, പ്രൊഫ. കോഴ്സ് പഠിക്കുന്നവര്‍ക്ക് 1000 രൂപവീതവും സഹായധനം.

5. പടവുകള്‍: വിധവകളുടെ കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള ട്യൂഷന്‍ ഫീസ് നല്‍കുന്ന പദ്ധതി. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്.

വനിതാശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ പറയുന്നത് ഇങ്ങനെ. 'വിധവകള്‍ക്കുവേണ്ടിയുള്ള മിക്കവാറും പ്രവര്‍ത്തനങ്ങളെല്ലാംതന്നെ അവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ്, അല്ലെങ്കില്‍ സാമ്പത്തിക അരക്ഷിതാവസ്ഥ മാറ്റുന്നതിനുവേണ്ടിയാണ്. ഇതോടൊപ്പംതന്നെ സമൂഹത്തില്‍ അവര്‍ അനുഭവിക്കാനിടയുള്ള ഒറ്റപ്പെടല്‍ ഒഴിവാക്കലും അന്ധവിശ്വാസങ്ങളുടെ പേരില്‍ അവര്‍ നേരിടുന്ന മാറ്റിനിര്‍ത്തലുകള്‍ക്കെതിരേയുള്ള സാമൂഹികപരവും ചിന്താപരവുമായ മാറ്റവും പ്രധാനമാണ്. ഈ മാറ്റത്തെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ വനിതാശിശുവികസന വകുപ്പ് ഏറ്റെടുത്ത് നടത്താന്‍ ശ്രമിക്കും.'

നിയമപരിരക്ഷ

1956-ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം ഒസ്യത്തെഴുതാതെ മരിച്ച പുരുഷന്റെ സ്വത്തില്‍ ഭാര്യ ക്ലാസ്-1 അവകാശിയാണ്. പുനര്‍വിവാഹശേഷവും ഈ അവകാശം നിലനില്‍ക്കും. ഇതിലെ 10-ാം വകുപ്പുപ്രകാരം, മുസ്ലിം സ്ത്രീകള്‍ക്ക് മുസ്ലിം വ്യക്തിനിയമം (ശരീഅത്ത്) 1937 ആണ് ബാധകം. ക്രിസ്ത്യാനികള്‍ക്ക് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം, 1925 ആണ് ബാധകം. ഹിന്ദു ദത്തെടുക്കല്‍ സംരക്ഷണനിയമപ്രകാരം, മരിച്ചുപോയ മകന്റെ ഭാര്യയെ അച്ഛന്‍ ജീവനാംശം നല്‍കി സംരക്ഷിക്കണമെന്ന നിബന്ധനയുണ്ട്. ഭര്‍ത്താവ് മരിച്ചാല്‍ ഭര്‍ത്താവിന്റെ അച്ഛന് വരുമാനമുണ്ടെന്നും വിധവയ്ക്ക് സ്വന്തം സംരക്ഷണത്തിന് വകയില്ലെന്നും വരികയാണെങ്കില്‍ ഭര്‍ത്താവിന്റെ അച്ഛനില്‍നിന്ന് ജീവനാംശം അവകാശപ്പെടാവുന്നതാണ്.

സ്വന്തമായി വക്കീലിനെവെച്ച് കേസുനടത്താന്‍ ബുദ്ധിമുട്ടുള്ള സ്ത്രീകള്‍ക്ക് സൗജന്യ നിയമസഹായത്തിനായി കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി(കെല്‍സ)യെ സമീപിക്കാം. നിയമസഹായത്തിനായി ജില്ലാതലത്തില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റൊന്ന് വാസസ്ഥലത്തിനുള്ള അവകാശമാണ്. ഇത് ഏതെങ്കിലും തരത്തില്‍ തടസ്സപ്പെടുകയാണെങ്കില്‍ ജില്ലയിലെ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ സഹായം തേടാം. വീടുവിട്ടുനില്‍ക്കേണ്ട സാഹചര്യത്തില്‍ മഹിളാമന്ദിരങ്ങളില്‍ താമസിക്കാം. ഇവിടെ നിയമസഹായത്തിനുള്ള അവസരവും ലഭിക്കും. വിധവകള്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജോലിക്ക് പ്രത്യേക പരിഗണനയുണ്ട്. ഇതിനായി ഭര്‍ത്താവ് മരിച്ചയുടന്‍ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്ന മാതാപിതാക്കള്‍ക്ക് അവരുടെ വിധവകളായ മക്കളുടെപേരില്‍ പെന്‍ഷന്‍ നാമനിര്‍ദേശം ചെയ്തുവെക്കാവുന്നത്.

ഏതു ധാര്‍മിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ടും ജീവിതത്തില്‍ സ്വന്തമായി തീരുമാനമെടുക്കാനും അതിലുറച്ചുനില്‍ക്കാനുമുള്ള സ്വാതന്ത്ര്യം ഏവര്‍ക്കുമുണ്ട്. ഒരാള്‍ എന്തു വസ്ത്രം ധരിക്കുന്നു, എവിടെയെല്ലാം സഞ്ചരിക്കുന്നു, ഏതു ജോലിയിലേര്‍പ്പെടുന്നു, എന്തു ഭക്ഷണം കഴിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ആ വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. അത് സ്ത്രീക്കും പുരുഷനും ഒരുപോലെയാണ്. എന്നാല്‍, പല സാഹചര്യങ്ങളിലും ഭര്‍ത്താവ് മരിക്കുന്നതോടെ സ്ത്രീയ്ക്ക് ഈ അവകാശം നിഷേധിക്കപ്പെടുകയാണ്.

ഒരു വ്യക്തിക്ക് സ്വന്തം ജീവിതത്തിനുമേല്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. വിധവകളുടെ കാര്യത്തില്‍ പുനര്‍വിവാഹത്തിലേര്‍പ്പെടുന്നതും ഒറ്റയ്ക്ക് ജീവിക്കാന്‍ താത്പര്യപ്പെടുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതുമെല്ലാം തീര്‍ത്തും അവരുടെ വ്യക്തിപരമായ തീരുമാനങ്ങളാണ്. തീരുമാനങ്ങള്‍ പൂര്‍ണ സ്വാതന്ത്ര്യത്തോടെ കൈക്കൊള്ളാനും അതനുസരിച്ച് ജീവിക്കാനുമുള്ള അവരുടെ അവകാശം നിഷേധിക്കപ്പെടരുത്.

(അവസാനിച്ചു)

ഞാനുമൊരു സ്ത്രീ: കേരളത്തിലെ വിധവകള്‍, അവരുടെ ജീവിതം, അവകാശങ്ങള്‍... ഒരു അന്വേഷണം.. Read more

Content Highlights:  life and rights of widows in Kerala, an investigation of Soumya Bhushan