ജില്ലയിലെ വിധവകളെ ചേര്‍ത്തുപിടിച്ച് ഞങ്ങളുണ്ട് ഒപ്പം എന്നുപറയുന്ന സൗഹൃദത്തിന്റെ കഥയാണ് ഇടുക്കി ജില്ലയ്ക്ക് പറയാനുള്ളത്. ഇടുക്കിയെ വിധവാസൗഹൃദ ജില്ലയാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഇവിടത്തെ എട്ടു പഞ്ചായത്തുകളും കട്ടപ്പന നഗരസഭയും ഇതിനോടകം വിധവാസൗഹൃദ സ്ഥാപനങ്ങളായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും വനിതാശിശുവികസന വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 2019-ല്‍ വണ്ണപ്പുറമാണ് ആദ്യം വിധവാസൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചത്, തൊട്ടുപിന്നാലെ കുമളിയും. വണ്ണപ്പുറം ഇന്ത്യയിലെത്തന്നെ ആദ്യത്തെ വിധവാസൗഹൃദ പഞ്ചായത്താണ്. ജില്ലയിലെ നെടുങ്കണ്ടം, രാജാക്കാട്, രാജകുമാരി, സേനാപതി, ബൈസന്‍വാലി, ശാന്തന്‍പാറ എന്നിവയും ഇന്ന് വിധവാസൗഹൃദ പഞ്ചായത്തുകളാണ്.

ഇടുക്കി എങ്ങനെ മാതൃകയാകുന്നു?

സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നതെന്ന് പദ്ധതിയുടെ ആസൂത്രണത്തിലും ആശയത്തിനുപിന്നിലും പ്രവര്‍ത്തിച്ച ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ദിനേശ് എം. പിള്ള പറയുന്നു.

ഐ.സി.ഡി.എസ്. പ്രവര്‍ത്തകര്‍, പാരാലീഗല്‍ വൊളന്റിയര്‍മാര്‍, അഭിഭാഷകര്‍ എന്നിവരുടെ സഹകരണത്തോടെ ആദ്യം വിവരശേഖണം നടത്തി. വിധവകളുടെ എണ്ണവും ഓരോ ആളുകള്‍ക്കും എന്താണ് ആവശ്യമെന്നും കൃത്യമായി മനസ്സിലാക്കി. മിക്കവാറും സ്ത്രീകള്‍ക്കും അവര്‍ക്ക് ന്യായമായും കിട്ടാന്‍ അര്‍ഹതയുള്ള ആനുകൂല്യങ്ങളെപ്പറ്റി അറിവും ധാരണയും കുറവാണെന്നകാര്യവും കേവലം സഹായധനം മാത്രമല്ല ഇവരുടെ ആവശ്യമെന്നും മനസ്സിലാക്കി. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍, ബാങ്ക് ലോണ്‍ മുതലായ സാമ്പത്തികാവശ്യങ്ങളുള്ളവര്‍, വഴിപ്രശ്‌നം നേരിടുന്നവര്‍, മറ്റ് ആവശ്യങ്ങള്‍ക്ക് നിയമസഹായം വേണ്ടവര്‍, ഗാര്‍ഹികപീഡനം അനുഭവിക്കുന്നവര്‍ ഇങ്ങനെ പലവിധത്തില്‍ സഹായം ആവശ്യമുള്ളവരായിരുന്നു ഭൂരിഭാഗം പേരും. ഇവര്‍ക്കുവേണ്ടി എന്തുചെയ്യാനാകുമെന്ന ധാരണയുണ്ടാക്കിയശേഷമാണ് വണ്ണപ്പുറത്തെ വിധവാസൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചുകൊണ്ടുള്ള പരിപാടി സംഘടിപ്പിച്ചത്.

പഞ്ചായത്ത്, റവന്യൂ, പോലീസ്, എക്‌സൈസ്, ട്രൈബല്‍, സിവില്‍ സപ്ലൈസ്, തൊഴില്‍, വിദ്യാഭ്യാസം, കൃഷി എന്നിങ്ങനെ വിവിധ വകുപ്പുകളുടെ അദാലത്തും അലോപ്പതി, ആയുര്‍വേദം,ഹോമിയോ, സിദ്ധ എന്നിങ്ങനെയുള്ള മെഡിക്കല്‍ വിഭാഗങ്ങളെ ചേര്‍ത്തുകൊണ്ട് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. പറ്റുന്ന കാര്യങ്ങളെല്ലാം അവിടെ തീര്‍പ്പുവരുത്തി. അല്ലാത്തവയ്ക്ക് തീയതി കുറിച്ചുനല്‍കി. വിധവാസൗഹൃദമായി പ്രഖ്യാപിക്കപ്പെട്ട പഞ്ചായത്തുകളില്‍ തുടര്‍ന്നും നിയമസംരക്ഷണം ഉറപ്പുവരുത്തുന്നുണ്ട്. സൗജന്യ നിയമസഹായ ക്ലിനിക് വിധവാ സെല്ലായി പ്രവര്‍ത്തിക്കുന്നുമുണ്ട്.

''1500 വിധവകളാണ് വണ്ണപ്പുറത്തെ പരിപാടിയില്‍ പങ്കെടുത്തത്. കുമളിയില്‍ 1967-ഉം. കുമളി പഞ്ചായത്ത് വിധവാസൗഹൃദമായി പ്രഖ്യാപിക്കുന്ന പരിപാടി ജസ്റ്റിസ് രാമചന്ദ്രനായിരുന്നു ഉദ്ഘാടനം ചെയ്യാനിരുന്നത്. അദ്ദേഹം സദസ്സില്‍നിന്ന് അഞ്ചു വിധവകളെ വിളിച്ച് അവരെക്കൊണ്ട് വിളക്കുകൊളുത്തിച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എപ്പോഴും മംഗളകര്‍മങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തിയ അനുഭവങ്ങളുള്ള അവരെ സംബന്ധിച്ച് അത് വലിയൊരു അംഗീകാരമായിരുന്നു.''-ദിനേശ് പിള്ള.

മക്കള്‍ ഒത്തുചേര്‍ന്നു, അച്ഛനുംഅമ്മയ്ക്കുംകല്യാണം

ഏകാന്തതയിലും ഒറ്റപ്പെടലിലും തീരുമായിരുന്ന ജീവിതം പുനര്‍വിവാഹം എന്ന തീരുമാനംകൊണ്ട് മാറ്റിയെഴുതിയ കഥയാണ് കോഴിക്കോട് ഇങ്ങാപ്പുഴയിലെ സതീദേവിക്കും വിജയനും പറയാനുള്ളത്. അങ്കണവാടി അധ്യാപികയും പൊതുപ്രവര്‍ത്തകയുമായ സതീദേവിയുടെ 52-ാം വയസ്സിലാണ് ഭര്‍ത്താവും അധ്യാപകനുമായ രാഘവന്‍ മരിക്കുന്നത്. ''അച്ഛന്‍ മരിക്കുമ്പോള്‍ ഞാനും അനുജത്തിയും കല്യാണം കഴിഞ്ഞ് കുടുംബമായി ജീവിക്കുകയായിരുന്നു.'' സതീദേവിയുടെ മൂത്തമകള്‍ സ്മിത അമ്മയുടെ ജീവിതത്തില്‍ സന്തോഷം തിരികെയെത്തിയതിനെക്കുറിച്ച് പറഞ്ഞുതുടങ്ങി. '' അനിയത്തിക്ക് ചെറിയ കുഞ്ഞുങ്ങളായതുകൊണ്ട് അമ്മ അവളുടെ കൂടെയായിരുന്നു താമസം,

women
സതീദേവിയും വിജയനും

പൊതുപ്രവര്‍ത്തനത്തില്‍നിന്നുമാറി അവരുടെ മക്കളെയും പരിപാലിച്ച് അമ്മ കഴിഞ്ഞു. പൊതുപ്രവര്‍ത്തനമെല്ലാം ഉപേക്ഷിച്ച് മറ്റൊരാളായി വീടിനുള്ളിലൊതുങ്ങിയത് എനിക്ക് വിഷമമായിരുന്നു. അമ്മയ്ക്കതില്‍ പരാതിയില്ലെന്ന് പറയുമ്പോഴും ഉള്ളിലെവിടെയോ എനിക്കൊരു തോന്നലുണ്ടായിരുന്നു, അമ്മ ഇതിലും നല്ലൊരു ജീവിതം അര്‍ഹിക്കുന്നെന്ന്. ആയിടെയാണ് അച്ഛന്റെ സുഹൃത്തിന്റെ ഭാര്യ മരിക്കുന്നത്. അവരുടെ വീട്ടിലെ മൂന്നുവീട്ടിലെ മൂന്നു മക്കള്‍ക്കും അമ്മയെ വലിയ ഇഷ്ടമാണ്. അവരാണ് അമ്മയെയും അച്ഛനെയും ഒന്നിപ്പിച്ചാലോ എന്നു ചോദിക്കുന്നത്. കേട്ടപ്പോള്‍ നല്ലതാണെന്ന് എനിക്കും തോന്നി. പരസ്പരം അറിയാവുന്നവര്‍, ഒരേ താത്പര്യങ്ങള്‍ ഉള്ളവര്‍, കുടുംബങ്ങളും നാട്ടുകാരും അറിയാവുന്നവര്‍. അമ്മ ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് ഞങ്ങള്‍ മക്കളെല്ലാവരുംകൂടി പറഞ്ഞപ്പോള്‍ സമ്മതിച്ചു. എന്റെ അച്ഛന്റെ (രാഘവന്‍) വീട്ടുകാരും അമ്മയെ പിന്തുണച്ചു. അച്ഛനന്ന് 65 വയസ്സും അമ്മയ്ക്ക് 58-ഉം. ഇന്ന് അച്ഛനും അമ്മയും നല്ല സന്തോഷത്തിലാണ്. സംഗീതവും യാത്രയും ഇഷ്ടപ്പെടുന്നവരാണ് രണ്ടുപേരും. ഒരുമിച്ച് പാട്ടുപാടിയും യാത്രചെയ്തും അവര്‍ ജീവിതം ആഘോഷമാക്കുകയാണ്. ഇതുകണ്ട് ഞങ്ങള്‍ മക്കളും ഹാപ്പി.''

പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നവര്‍

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രധാന ആശ്രയം സര്‍ക്കാര്‍ പെന്‍ഷനാണ്. ഇന്ദിരാഗാന്ധി ദേശീയ വിധവാപെന്‍ഷന്‍ പ്രകാരം മാസത്തില്‍ 1300 രൂപയാണ് പെന്‍ഷന്‍. കേരളത്തിലെ തദ്ദേശസ്വയംഭരണവകുപ്പിന്റെ കണക്കുപ്രകാരം 13,56,561 പേരാണ് വിധവാപെന്‍ഷന്‍ വാങ്ങുന്നവര്‍. ഇതില്‍ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ വിധവകള്‍ പെന്‍ഷന്‍ പറ്റുന്നത് (10,79,720) 1,68,096 പേര്‍ നഗരസഭകളിലും 1,06,745 പേര്‍ കോര്‍പ്പറേഷനിലും പെന്‍ഷന്‍ പറ്റുന്നു. മലപ്പുറം (1,57,212), തിരുവനന്തപുരം (1,47,365), തൃശ്ശൂര്‍ (1,38,878) എന്നിവയാണ് ഏറ്റവും കൂടുതല്‍ പെന്‍ഷന്‍കാരുള്ള ജില്ലകള്‍.

മുതിര്‍ന്ന സ്ത്രീകള്‍

2011-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ 42 ലക്ഷംപേര്‍ 60 വയസ്സിനുമുകളിലുള്ളവരാണ്. ഇതില്‍ 13 ശതമാനം പേര്‍ 80 വയസ്സ് കഴിഞ്ഞവരും. 60-69 വയസ്സിനിടയില്‍ പ്രായമുള്ളവരില്‍ 23 ശതമാനം വിധവകളാണെന്നും സെന്‍സസ് പറയുന്നു. കേരളത്തിലെ സ്ത്രീകളുടെ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമാണ് ഇതിനുള്ള പ്രധാന കാരണമായി കാണുന്നത്. അതേസമയം, 70 വയസ്സിനുമുകളിലുള്ളവരില്‍ 43 ശതമാനം പേരും വിധവകളാണെന്നാണ് സെന്റര്‍ ഫോര്‍ െഡവലപ്‌മെന്റ് സ്റ്റഡീസിന്റെ കുടിയേറ്റ സര്‍വേ ഡേറ്റയിലെ പൊതുജനസംഖ്യാ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ 2017-18 ജെന്‍ഡര്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് പ്രകാരം, പുരുഷന്‍മാരുടെ ആയുര്‍ദൈര്‍ഘ്യം 72.2 വയസ്സും സ്ത്രീകളുടേത് 77.9 വയസ്സുമാണ്. ദേശീയതലത്തിലും പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ളവരാണ് സ്ത്രീകള്‍. തങ്ങളെക്കാള്‍ പ്രായക്കൂടുതലുള്ള പുരുഷന്‍മാരെയാണ് സ്ത്രീകള്‍ വിവാഹം കഴിക്കുന്നത് എന്നതും 60 വയസ്സിനുമുകളിലുള്ളവരില്‍ വിധവകളുടെ എണ്ണം കൂടാന്‍ കാരണമാണ്. 2015-ലെ എന്‍.എസ്.എസ്. സര്‍വേ പ്രകാരം 60 വയസ്സിനുമുകളിലുള്ളവരില്‍ 65 ശതമാനം രോഗാവസ്ഥയിലുള്ളവരാണ്. പ്രായമായവര്‍ കാര്യമായും സര്‍ക്കാര്‍ പെന്‍ഷന്‍ ആശ്രയിച്ച് കഴിയുന്നവരാണ്. എന്നാല്‍, ഇത് മിക്കവാറും ഇവരുടെ ചികിത്സച്ചെലവിനുപോലും തികയാത്ത അവസ്ഥയാണ്.

(തുടരും)

ഭര്‍ത്താവില്ലാതാകുന്നതോടെ, ഓരോപ്രവൃത്തിക്കും സമൂഹത്തോട് ഉത്തരം പറയേണ്ടവരായിമാറുകയാണ് സ്ത്രീകള്‍... Read more

Content Highlights: life and rights of widows in Kerala, an investigation of Soumya Bhushan