ജീവിതത്തില്‍ കൂട്ടില്ലാതായതിന്റെ വിഷമവും സാമ്പത്തികകാര്യങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്വവും ചുമലിലേറ്റുമ്പോഴും ഭര്‍ത്താവിന്റെ സ്വത്തിലുള്ള അവകാശം നേടുന്നതില്‍ ഒരുപാട് പ്രശ്‌നങ്ങളാണ് സ്ത്രീകള്‍ നേരിടുന്നത്. ഹിന്ദു പിന്തുടര്‍ച്ചാനിയമം 1956 പ്രകാരം ഭര്‍ത്താവിന്റെ പാരമ്പര്യസ്വത്തില്‍ ഭാര്യയ്ക്ക് തുല്യ അവകാശമുണ്ട്. എന്നാല്‍, പലപ്പോഴും ഈ അവകാശംപോലും നിഷേധിക്കപ്പെടാറുണ്ട്. സ്‌നേഹത്തോടെയും സന്തോഷത്തോടെയും പോയ്ക്കൊണ്ടിരുന്ന ജീവിതം ഒരു നിമിഷത്തില്‍ തകര്‍ന്നുടഞ്ഞതിന്റെ ആഘാതത്തില്‍നിന്നും മൂന്നുവര്‍ഷത്തിനിപ്പുറവും കണ്ണൂരിലെ ജിഷ (യഥാര്‍ഥ പേരല്ല) കരകയറിട്ടില്ല. എന്നാല്‍, ഭര്‍ത്താവ് മരിച്ചതിന്റെ അടുത്തദിവസംമുതല്‍തന്നെ ഭര്‍ത്തൃവീട്ടില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമിക്കുന്നതിന്റെ അനുഭവമാണ് അവര്‍ക്കുള്ളത്.

''അച്ഛന്റെ കാലശേഷം ഭര്‍ത്താവിന് അവകാശപ്പെട്ട സ്ഥലത്താണ് ഞങ്ങള്‍ വീടുവെച്ചത്. എന്നാല്‍, വീടുവെച്ച് മൂന്നുവര്‍ഷം തികയുന്നതിനുമുമ്പ് ഒട്ടും നിനച്ചിരിക്കാത്ത ഒരുനേരത്ത് അദ്ദേഹം പോയി. ഹൃദയാഘാതമായിരുന്നു. നടുക്കടലിലാകുക എന്നൊക്കെ പറഞ്ഞുകേട്ടിട്ടേയുള്ളൂ. അക്ഷരാര്‍ഥത്തില്‍ നടുക്കടലില്‍ അകപ്പെട്ടുപോയവളാണ് ഞാന്‍. എല്ലാ സന്തോഷങ്ങളും ഒരു നിമിഷത്തില്‍ തകര്‍ന്നടിഞ്ഞതിന്റെ വേദനയില്‍ എന്നെത്തന്നെ നഷ്ടമായിനില്‍ക്കുന്ന അവസ്ഥയിലും അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് കാശിന്റെ കണക്കായിരുന്നു അറിയേണ്ടിയിരുന്നത്. എനിക്കും എന്റെ വീട്ടുകാര്‍ക്കുംവേണ്ടി ചെലവാക്കിയ ചെറിയ തുകയുടെവരെ കണക്കുചോദ്യങ്ങളായി. പിന്നീട് വീടിനുമേല്‍ ഞാന്‍ അവകാശമുന്നയിക്കാതിരിക്കാന്‍ എന്നെ എല്ലാവിധത്തിലും അവഗണിച്ചു, വാക്കുകളും പ്രവൃത്തിയുംകൊണ്ട് ഓരോ നിമിഷവും ദ്രോഹിച്ചു. മകള്‍ക്ക് അച്ഛന്റെ വീടുമായുള്ള ബന്ധം നഷ്ടമാകരുത് എന്ന ചിന്തയിലും അദ്ദേഹവും ഞാനും ഒരുമിച്ച് സ്വപ്നംകണ്ട് പണിതെടുത്ത വീടായിരുന്നതിനാലും എല്ലാം സഹിച്ച് ഞാനിവിടെ തുടരുന്നു. അദ്ദേഹത്തിന്റെ വാട്സാപ്പ് നമ്പര്‍ ഇപ്പോഴും കളഞ്ഞിട്ടില്ല. ദൂരെയെവിടെയോ ഉണ്ടെന്ന ആശ്വാസമാണ്. എന്റെ വിഷമങ്ങളെല്ലാം ഞാനതില്‍ കുറിച്ചിടും, അദ്ദേഹമത് വായിക്കുന്നുണ്ടെന്ന പ്രതീക്ഷയില്‍.''

ചോദ്യശരങ്ങള്‍ സദാചാരക്കണ്ണുകള്‍

ഭര്‍ത്താവില്ലാതാകുന്നതോടെ, ചെയ്യുന്ന ഓരോ പ്രവൃത്തിക്കും സമൂഹത്തോട് മുഴുവനും ഉത്തരം പറയേണ്ടവരായിമാറുകയാണ് സ്ത്രീകള്‍. തൊടുന്ന പൊട്ടിനും അണിയുന്ന വസ്ത്രത്തിനും തിരഞ്ഞെടുക്കുന്ന നിറങ്ങള്‍ക്കും ചുറ്റിലുമുള്ളവര്‍ക്കെല്ലാം അഭിപ്രായമുണ്ടാകും. ശരിയോ തെറ്റോ എന്ന വിചാരണകളുണ്ടാകും. അത്രയും നാള്‍ സഞ്ചരിച്ച വഴികളിലൂടെ കടുന്നുപോകുമ്പോഴും മുമ്പെങ്ങും ഇല്ലാത്തപോലെ ഒരായിരം സദാചാരക്കണ്ണുകളാണ് അവളെ പിന്തുടരുന്നത്. തൃശ്ശൂര്‍ സഹകരണവകുപ്പില്‍ ഓഡിറ്ററായി ജോലിചെയ്യുന്ന രജനിക്ക് 29-ാം വയസ്സിലാണ് ഭര്‍ത്താവിനെ നഷ്ടമായത്. രണ്ടു പെണ്‍മക്കള്‍ക്കുവേണ്ടിയാണ് പിന്നീട് ജീവിച്ചത്.

''ജോലിയുണ്ടായിരുന്നതുകൊണ്ട് സാമ്പത്തികമായി ആരെയും ആശ്രയിക്കേണ്ടിവന്നിട്ടില്ല. സദാചാരനിരീക്ഷകരുടെ സദാ ഇരയായിരുന്നു ഇക്കാലമത്രയും. ജോലിയുടെ സ്വഭാവംകൊണ്ട് പല സ്ഥലങ്ങളില്‍ സഞ്ചരിക്കേണ്ടതായിവരും. ഇന്ന് ഒരു ബാങ്കിലാണെങ്കില്‍ നാളെ മറ്റൊരു ബാങ്കില്‍. എന്നാല്‍, ജോലിയെന്നും പറഞ്ഞ് ഞാന്‍ മറ്റെവിടെയൊക്കെയോ കറങ്ങിനടക്കുകയാണെന്നാണ് എന്റെ പേരിലുള്ള പ്രധാന ആരോപണം. ഇതേ ആരോപണം ഉന്നയിച്ച് മകളുടെ വിവാഹംവരെ മുടക്കിയവരുണ്ട്. പലതരത്തിലുള്ള കഷ്ടതകള്‍ തരണംചെയ്ത് ഒന്നു തലപൊക്കാന്‍ ശ്രമിക്കുമ്പോഴാകും വലിയ ഉരുളന്‍കല്ലുകള്‍ എടുത്ത് തലയിലിടുന്നത്. ഒരുകാലത്ത് വേദനിച്ചിരുന്നു, പക്ഷേ ഇപ്പോഴൊന്നും കാര്യമാക്കാറില്ല.''

സാമ്പത്തികസ്വാതന്ത്ര്യം കരുത്ത്

മരണത്തിലൂടെ ഭര്‍ത്താവിനെ നഷ്ടപ്പെടുന്നതോടെ കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്വം സ്ത്രീയുടെ മാത്രം ചുമതലയായിമാറുന്നു. കുടുംബത്തിന്റെ ഏക വരുമാനസ്രോതസ്സ് ഭര്‍ത്താവായിരുന്ന സാഹചര്യത്തില്‍ ഉത്തരവാദിത്വം പിന്നെയും വര്‍ധിക്കുന്നു. ''പത്തുലക്ഷം കടബാധ്യത ഉണ്ടാക്കിവെച്ചാണ് അദ്ദേഹം പോയത്. അന്നെനിക്ക് 30 വയസ്സാണ്, മോന് എട്ടു വയസ്സ്. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ കടങ്ങളെല്ലാം അധ്വാനിച്ചുതന്നെ വീട്ടി. വീടുവെച്ചു, കാറുവാങ്ങി, മകനെ പഠിപ്പിക്കുന്നു. ലോണുകളുണ്ട്, പക്ഷേ, മാനേജ് ചെയ്യുന്നു. എപ്പോഴും പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത് ജോലിയാണ്.'' -ആലപ്പുഴയിലെ ഒരു സഹകരണസ്ഥാപനത്തില്‍ താത്കാലിക ജോലിക്കാരിയായി തുടങ്ങി സ്വപ്രയത്‌നംകൊണ്ട് സ്ഥാപനത്തിന്റെ ജനറല്‍ മാനേജരായ രാധിക ജീവിതം തിരിച്ചുപിടിച്ചതിന്റെ കഥ പറയുന്നു.

''പെണ്‍കുട്ടികളെ ജോലിയായശേഷം മാത്രം കല്യാണം കഴിപ്പിക്കുക. മാത്രമല്ല, കിട്ടുന്ന കാശ് എങ്ങനെ ചെലവാക്കണമെന്നുകൂടി അവരെ പഠിപ്പിക്കുക. പെണ്‍കുട്ടികളുള്ള എല്ലാവരോടും ജീവിതത്തിലെ അനുഭവത്തില്‍നിന്ന് പറയാനുള്ളത് ഇതാണ്.''

തീയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റവര്‍

സമാനസാഹചര്യത്തിലൂടെ കടന്നുപോയവര്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ എളുപ്പമാണ് എന്ന തിരിച്ചറിവില്‍നിന്ന് തുടങ്ങിയ ഒരു സൗഹൃദക്കൂട്ടായ്മയുണ്ട് കോഴിക്കോട്ട്, തീക്കനലില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റവര്‍ അഥവാ 'വീ ആര്‍ ഫീനികസ്'. മരണത്തിലൂടെ പങ്കാളികളെ നഷ്ടപ്പെട്ടവരുടെ സൗഹൃദക്കൂട്ടായ്മ. അതില്‍ ഒരാള്‍ക്ക് മാത്രമായിരുന്നു ജോലിയില്ലാതിരുന്നത്. അവര്‍ക്ക് സ്വന്തമായി സംരംഭം തുടങ്ങാന്‍ എല്ലാവരും മുന്‍കൈയെടുത്തു.

''ഈ സൗഹൃദക്കൂട്ടായ്മയുടെ ഭാഗമായി സമാന അവസ്ഥയിലുള്ള സ്ത്രീകളെ സന്ദര്‍ശിക്കുകയും അവരോട് സംസാരിക്കുകയും ചെയ്യാറുണ്ട്. മറ്റുള്ള ആളുകളോട് സംസാരിക്കുന്നതിനെക്കാള്‍ എത്രയോ ആശ്വാസമാണ് അവര്‍ക്ക് ഞങ്ങള്‍ പോയി സംസാരിക്കുമ്പോഴുണ്ടാകുന്നത്. കാരണം അനുഭവസ്ഥര്‍ എന്നനിലയില്‍ ഞങ്ങള്‍ക്ക് കാര്യങ്ങള്‍ കുറേക്കൂടി നന്നായി മനസ്സിലാകും. വിവാഹത്തോടെ സൗഹൃദങ്ങള്‍പോലും ഉപേക്ഷിക്കുന്നവരാണ് മിക്കവാറും സ്ത്രീകളും. സ്വന്തം ജീവിതത്തോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണിത്. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ തുറന്നുപറയാനും സഹായമായി കൂടെനില്‍ക്കാനുമുള്ള സപ്പോര്‍ട്ട് സിസ്റ്റം ആയി എപ്പോഴും ഒരു സുഹൃദ്വലയം ഉണ്ടാകുന്നത് ജീവിതം ധൈര്യത്തോടെയും വിവേകത്തോടെയും മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കും.'' -കൂട്ടായ്മയിലെ അംഗമായ വിജി പറയുന്നു.

പുനര്‍വിവാഹം, തടസ്സമെന്ത്?

വി.ടി. ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ 1935-ല്‍ ആദ്യ വിധവാവിവാഹത്തിന് തുടക്കംകുറിച്ച നാടാണ് കേരളം. ഭാര്യാസഹോദരിയും വിധവയുമായ ഉമാ അന്തര്‍ജനത്തെ എം.ആര്‍.ബി.യുമായി വിവാഹം കഴിപ്പിച്ചാണ് വി.ടി. നവോത്ഥാനത്തിന് മുന്നേറ്റം നല്‍കിയത്. അതിനുശേഷമുള്ള തലമുറകളിലും പുനര്‍വിവാഹം കുറേക്കൂടി സാധാരണമായിരുന്നു. എന്നാല്‍, കൂട്ടുകുടുംബ വ്യവസ്ഥ അവസാനിക്കുകയും കുടുംബങ്ങള്‍ ചെറുതാകുകയും ചെയ്തതോടെ വിധവാവിവാഹത്തിന് സങ്കീര്‍ണതകള്‍ ഏറി. അടുത്തകാലങ്ങളിലായി സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ കൂടിയതും സ്ത്രീകളെ പുനര്‍വിവാഹത്തില്‍നിന്ന് പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്. ഭര്‍ത്താവില്ലാത്ത സ്ത്രീയുടെ മനസ്സ് പുരുഷസ്പര്‍ശത്തിനും സാമീപ്യത്തിനും കൊതിക്കുന്നു എന്നതൊരു പൊതുധാരണയാണ്. ഭര്‍ത്തൃനിയന്ത്രണത്തിലല്ലാത്തതിനാല്‍ അവരെപ്പോഴും ലൈംഗികസംശയത്തിന്റെ ഇരകളായിമാറുന്നുമുണ്ട്. അതേസമയം, ഭാര്യ മരിച്ച പുരുഷന് ഇത്തരം പ്രശ്‌നങ്ങളില്ലായെന്നുമാത്രമല്ല, പുനര്‍വിവാഹത്തിനുള്ള സാധ്യത വളരെ കൂടുതലുമാണ്. ഇഷ്ടങ്ങള്‍ തുറന്നുപറയാനുള്ള ഭയവും സമൂഹം സ്വീകരിക്കുമോ എന്ന ചിന്തയും എല്ലാത്തിനുമുപരിയായി കുട്ടികളുടെ സുരക്ഷയുമാണ് സ്ത്രീകളെ പലപ്പോഴും പുനര്‍വിവാഹത്തില്‍നിന്നു പിന്‍തിരിപ്പിക്കുന്നത്.

''23-ാം വയസ്സിലാണ് ഭര്‍ത്താവിനെ നഷ്ടപ്പെടുന്നത്. മോള്‍ക്കന്ന് രണ്ടു വയസ്സാണ്. അദ്ദേഹം പട്ടാളത്തിലായിരുന്നു. ഇന്ത്യ-പാക് ബോര്‍ഡറിലുണ്ടായ ഏറ്റുമുട്ടലിലാണ് അദ്ദേഹം മരിക്കുന്നത്. പുനര്‍വിവാഹത്തെക്കുറിച്ച് വീട്ടുകാര്‍ പറയുമ്പോഴും മകളുടെ സുരക്ഷയോര്‍ത്ത് മാത്രമാണ് ഞാനതിന് സമ്മതിക്കാതിരുന്നത്. അദ്ദേഹത്തിന്റെ പെന്‍ഷന്‍കൊണ്ട് മകളെ പഠിപ്പിച്ചു. എനിക്കും മകള്‍ക്കും അവകാശപ്പെട്ട സ്വത്തുപോലും അദ്ദേഹത്തിന്റെ വീട്ടുകാര്‍ തന്നില്ല. കഴിഞ്ഞവര്‍ഷം മോളെ വിവാഹം കഴിച്ചയച്ചു. ഇപ്പോള്‍ അവളെന്നോട് ചോദിക്കുന്നുണ്ട്. അമ്മ ഒറ്റയ്ക്കല്ലേ, ഇനിയൊന്ന് മാറിച്ചിന്തിച്ചുകൂടേയെന്ന്. കൂട്ടുവേണമെന്ന് എപ്പോഴും തോന്നാറുണ്ട്. ഇപ്പോള്‍ മകള്‍കൂടെ അടുത്തില്ലാതായതോടെ പ്രത്യേകിച്ചും.'' -കൊല്ലത്തുനിന്നും രേഖ (യഥാര്‍ഥ പേരല്ല) പറയുന്നു.

(തുടരും)

സതി മാത്രമാണ് ഇല്ലാതായത്, ഭര്‍ത്താവ് മരിച്ച സ്ത്രീ 'വിധവ' എന്നപേരില്‍ സദാ തടവറയില്‍ തന്നെ'... Read more

Content Highlights: life and rights of widows in Kerala, an investigation of Soumya Bhushan