''അന്നൊരു വെള്ളിയാഴ്ചയായിരുന്നു. സാധാരണപോലെ വീട്ടുജോലികളെല്ലാം തീര്‍ത്ത് അദ്ദേഹത്തോടൊപ്പം ഇറങ്ങി. മോനെ സ്‌കൂളില്‍വിട്ടു. എന്നെ ഓഫീസ് പടിക്കലിറക്കി പുഞ്ചിരിയോടെ യാത്രപറഞ്ഞുപോകുമ്പോഴും അസ്വാഭാവികമായി ഒന്നുമില്ലായിരുന്നു. 12 മണിയായിക്കാണും വീട്ടില്‍നിന്ന് ഫോണ്‍ വന്നു. വേഗം വരണം. ഓട്ടോ പിടിച്ച് വീട്ടിലെത്തി. നിശ്ശബ്ദത. താഴെയുള്ള മുറികളില്‍ അദ്ദേഹത്തെ കണ്ടില്ല. മുകളിലേക്കോടി. തൂങ്ങിനില്‍ക്കുന്ന രണ്ടുകാലുകളല്ലാതെ പിന്നെയൊന്നും ഓര്‍മയില്ല. രണ്ടു സ്ത്രീകള്‍ വന്ന് എന്നെ താഴെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കട്ടിലിലിരുത്തിയശേഷം അവരാദ്യം ചെയ്തത് ചൂണ്ടുവിരല്‍കൊണ്ട് എന്റെ പൊട്ട് തെറിപ്പിച്ചുകളയുകയാണ്. എനിക്കവര്‍തന്ന ആദ്യ പാഠം അതായിരുന്നു. നീയിനി വെറും സ്ത്രീയല്ല, വിധവയാണ്. നിന്റെ കാര്യങ്ങളില്‍ ഇനി നിന്നെക്കാള്‍ അധികാരം ഞങ്ങള്‍ക്കുണ്ടാകും!

പിന്നെയുള്ള പതിനാറു ദിവസവും തടവറയ്ക്കുള്ളിലെ കുറ്റവാളിയെപ്പോലെ ഞാന്‍ വിചാരണനേരിട്ടു. എല്ലാ കണ്ണുകളും എന്നെ കുറ്റക്കാരിയായിക്കണ്ടു. മഴവെള്ളപ്പാച്ചിലിലെന്നപോലെ ജീവിതം ഒലിച്ചുപോയി മുന്നോട്ടുള്ള വഴിനഷ്ടപ്പെട്ട് നില്‍ക്കുമ്പോഴും സ്വന്തം നിരപരാധിത്വംകൂടി തെളിയിക്കേണ്ട ബാധ്യത! ഭര്‍ത്താവ് നേരത്തേ മരിക്കുന്നത് സ്ത്രീകളുടെ എന്തോ കുറ്റംകൊണ്ടോ നിര്‍ഭാഗ്യംകൊണ്ടോ ആണെന്ന് കരുതുന്നവരാണ് സമൂഹത്തിലേറെയും, അപ്പോള്‍ ആത്മഹത്യചെയ്ത ആളുകളുടെ ഭാര്യമാരുടെ കാര്യം എന്താകും?'' 30-ാം വയസ്സില്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ സബിത (യഥാര്‍ഥ പേരല്ല) ചോദിക്കുന്നു.''അത്രനാളും കൂടെനിന്ന് പരിചരിച്ച നമ്മള്‍ ഒരു നിമിഷത്തോടെ ഒന്നുമല്ലാതായിമാറും. സമൂഹം മുഴുവന്‍ നമുക്കുനേരെ വിരല്‍ചൂണ്ടും. ആ കാലത്ത് ഓരോ ആളും നോക്കുമ്പോഴും ഇത്തരത്തിലാണോ അവരെന്നെ കാണുന്നത് എന്ന സംശയമായിരുന്നു. രണ്ടുവര്‍ഷമെടുത്തു അതില്‍നിന്നും പൂര്‍ണമായും മോചിതയാകാന്‍. സതി എന്ന സമ്പ്രദായം മാത്രമാണ് ഇല്ലാതായത്. ഭര്‍ത്താവ് മരിച്ച സ്ത്രീ 'വിധവ' എന്നപേരില്‍ സദാ തടവറയില്‍ തന്നെയാണ്.''

കുടുംബത്തിനുള്ളിലെ ശാരീരിക, വൈകാരിക പിന്തുണയ്ക്ക് മാതൃകയായി പറയാറുള്ളതാണ് ഇന്ത്യന്‍ കുടുംബങ്ങള്‍. എന്നാല്‍, സ്ത്രീകളുടെ ആവശ്യങ്ങളോട്, പ്രത്യേകിച്ചും വിധവകളോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ നമ്മുടെ കുടുംബങ്ങള്‍ ഇനിയും ഏറെ മാറേണ്ടിയിരിക്കുന്നു എന്നതാണ് വിവിധ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. വിവിധതരത്തിലുള്ള സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, മാനസിക, വൈകാരിക, ആരോഗ്യപ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നവരാണ് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ഈ സ്ത്രീകള്‍. അല്പം കരുതലും സ്‌നേഹവും അംഗീകാരവുമാണ് അവര്‍ക്കുവേണ്ടതെന്ന് സമൂഹം പലപ്പോഴും മറക്കുന്നു. 'വിഗതധവന്‍' അതായത് ധവന്‍ (ഭര്‍ത്താവ്) ഇല്ലാത്തവള്‍ എന്നതില്‍നിന്നാണ് 'വിധവ' എന്ന പദം ഉടലെടുക്കുന്നത്. വിധവയ്ക്ക് എതിര്‍പദമായി വിധുരന്‍, വിഭാര്യന്‍ എന്ന വാക്കുകള്‍ പ്രയോഗിക്കാറുണ്ടെങ്കിലും പൊതു ഉപയോഗത്തിലുള്ളവയല്ല. വിധവ എന്ന വാക്ക് സൂചിപ്പിക്കുന്ന തന്മ(identtiy)യുടെ ഭാരം സ്ത്രീ പേറുമ്പോള്‍ ഭാര്യ മരിച്ചുപോയ പുരുഷന്‍മാര്‍ക്ക് അത്തരത്തിലൊരു തന്മയും സമൂഹം കല്പിക്കുന്നുമില്ല.

പിന്തുണകളൊന്നുമില്ലാത്ത വിധവകള്‍

വനിതാ ശിശുവികസനവകുപ്പ് ഐ.സി.ഡി.എസിലൂടെ സമാഹരിച്ച ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് കേരളത്തില്‍ 17,43,247 വിധവകളാണുള്ളത്. ഇതില്‍ 1860 പ്രായപരിധിയിലുള്ളവര്‍ 6,59,237 ആണ്. 6,12,867 പേര്‍ 6070 പ്രായത്തിലും 4,71,143 പേര്‍ 70ന് മുകളില്‍ പ്രായമുള്ളവരുമാണ്.

അതേസമയം, കുടുംബശ്രീ 'സ്‌നേഹിത കോളിങ്‌ബെല്‍' പദ്ധതിയുടെ ഭാഗമായി ജില്ലകളില്‍നിന്ന് ശേഖരിച്ച വിവരങ്ങളനുസരിച്ച് മറ്റ് പിന്തുണകളൊന്നുമില്ലാത്ത 18,399 വിധവകളാണ് കേരളത്തിലുള്ളത്. മലപ്പുറം (4510), കോട്ടയം (1916), വയനാട് (1865), ആലപ്പുഴ (1243) ജില്ലകളിലാണ് ഈ വിഭാഗക്കാര്‍ ഏറ്റവും കൂടുതല്‍. അതേസമയം, തിരുവനന്തപുരത്താണ് ഏറ്റവും കുറവ് 346. ദേശീയതലത്തില്‍ 121 കോടി വരുന്ന ഇന്ത്യന്‍ ജനസംഖ്യയുടെ 4.6 ശതമാനം വിധവകളാണ് (5.6 കോടി). 2001 സെന്‍സസില്‍ 18.5 ലക്ഷം (0.7 ശതമാനം) ഉണ്ടായിരുന്നതില്‍നിന്നാണ് ഈ വര്‍ധന. സംസ്ഥാനങ്ങളില്‍ കേരളവും തമിഴ്‌നാടും കര്‍ണാടകവുമാണ് കൂടുതല്‍ വിധവകളുള്ള സംസ്ഥാനങ്ങള്‍. ദേശീയതലത്തില്‍ സ്ത്രീകളുടെ ശരാശരി വിവാഹപ്രായം 21.2 വയസ്സാണ്. കേരളത്തിലിത് 23.1 ആണ്.

സ്ത്രീജനസംഖ്യയുടെ 11.56 ശതമാനം

സെന്‍സസ് 2011 പ്രകാരം, കേരളത്തില്‍ 20,10,984 വിവധവകളാണുള്ളത്. അതായത്, കേരളത്തിലെ മൊത്തം സ്ത്രീജനസംഖ്യയുടെ 11.56 ശതമാനവും വിധവകളാണ്. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 57 ശതമാനം വിധവകളാണെന്നും കണക്കുകള്‍ പറയുന്നു. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ 2018ലെ പഠനപ്രകാരം കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 7.4 ശതമാനം വിധവകളാണ്. വിവാഹിതരായ പുരുഷന്‍മാരെക്കാള്‍ വിവാഹിതരായ സ്ത്രീകളാണ് കൂടുതല്‍ എന്നു പറയുന്ന പഠനത്തില്‍ ഭര്‍ത്താവില്ലാത്ത വിവാഹിത(വിധവകള്‍, വിവാഹമോചിതര്‍, ബന്ധം പിരിഞ്ഞവര്‍)കളുടെ എണ്ണം ഭാര്യ ഇല്ലാത്ത വിവാഹിതരായ പുരുഷന്‍മാരെക്കാള്‍ ആറിരട്ടി കൂടുതലാണെന്നും കാണിക്കുന്നു.

പിതൃകേന്ദ്രീകൃത സമൂഹത്തില്‍, സ്ത്രീകള്‍ അവരുടെ പദവി ഭര്‍ത്താവില്‍നിന്നാണ് നേടുന്നത്. ഭാര്യാപദവി നഷ്ടപ്പെടുന്നതോടെ അവള്‍ ഒന്നുമല്ലാതാകുന്നു. മംഗളകര്‍മങ്ങളില്‍നിന്നെല്ലാം അവള്‍ മാറ്റിനിര്‍ത്തപ്പെടുന്നു. പരിഷ്‌കാരവും പുരോഗമനവും പറയുമ്പോഴും വിധവകളെ ഭാഗ്യമില്ലാത്തവരായി കണക്കാക്കുന്ന സ്ഥിതിക്ക് ഇപ്പോഴും നമ്മുടെ നാട്ടില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. കല്യാണം ഉള്‍?െപ്പടെ കുടുംബത്തിലെ ചടങ്ങുകളിലെ പ്രധാന ആചാരങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്നതും മിക്ക കുടുംബങ്ങളിലും തുടര്‍ന്നുപോരുന്നുണ്ട്. ഹിന്ദു വിവാഹങ്ങളില്‍ പൊതുവേ സഹോദരന്റെ വിവാഹത്തിന് പിന്നില്‍നിന്നും താലികെട്ടിക്കൊടുക്കുന്നത് സഹോദരിയാണ്. സ്വന്തം സഹോദരന്റെ വിവാഹത്തില്‍ താലികെട്ടല്‍ ചടങ്ങില്‍നിന്നുതന്നെ മാറ്റിനിര്‍ത്തിയ അനുഭവമാണ് കോഴിക്കോട്ടെ ഷീബയ്ക്ക് (യഥാര്‍ഥ പേരല്ല) പറയാനുള്ളത്. 'സ്വന്തം കുടുംബത്തിന്റെപോലും അംഗീകാരം നഷ്ടമാകുന്നത് വലിയ വേദനയാണ്. എന്നാല്‍, ആ വിഷമം പങ്കുവെക്കാന്‍പോലും ആരും ഇല്ലാത്തവരാണ് മിക്കവാറും പേരും. ഇതെല്ലാം നാട്ടുനടപ്പാണ് എന്ന ലാഘവത്തോടെയാണ് ആളുകള്‍ കാണുന്നത്. നമ്മുടേതല്ലാത്ത ഏതോ കുറ്റംകൊണ്ട് നമ്മള്‍ സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുകയാണ്'.

 (തുടരും)

Content Highlights: life and rights of widows in kerala, an investigation of Soumya Bhushan