ഇസ്രായേലി ഫാഷൻ ഡിസൈനര്‍ റൂത്ത് ഡയാൻ അന്തരിച്ചു. 103ാം വയസ്സിലാണ് മരണം. സംരംഭകർക്ക് മാതൃകയായ റൂത്ത് മഹത്തായൊരു വനിതയായിരുന്നുവെന്ന് ഇസ്രായേൽ പ്രസിഡന്റ് റേവൺ റിവ്ലിൻ അനുശോചിച്ചു.
1954 ലാണ് റൂത്ത് മാസ്കിറ്റ് ഫാഷൻ ഹൗസ് സ്ഥാപിച്ചത്. ഇസ്രായേലിലെ അറബ് സമൂഹങ്ങളെയും ജൂതരുടെ സാംസ്ക്കാരിക പാരമ്പര്യത്തെയും സ്വാധീനിച്ച ഡിസൈനുകളായിരുന്നു റൂത്തിന്റെ പ്രത്യേകത. ജീവിതകാലത്ത് പാലസ്തീനിന്റെ സമാധാനത്തിനായി പ്രവർത്തിക്കുകയും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു.
കുടിയേറ്റക്കാർക്ക് ജോലി നൽകുകയും അങ്ങനെ കയറ്റുമതിയിൽ മികച്ച സ്ഥാനം നേടാനും റൂത്തിന്റെ കമ്പനിക്ക് സാധിച്ചു. അക്കാലത്തെ പ്രമുഖ ബ്രിട്ടീഷ് നടിയും ഫാഷൻ ഐക്കണുമായിരുന്ന ആഡ്രെ ഹെപ്ബേൺ റൂത്ത് ഡിസൈൻ ചെയ്ത വസ്ത്രങ്ങളുടെ മോഡലായിരുന്നു.
ഫാഷൻ ഡിസൈനർ എന്നതിനൊപ്പം ഇസ്രായേലിലെ ഏറ്റവും ഉന്നത സൈനിക ഉദ്യോഗസ്ഥനെ വിവാഹം ചെയ്തും വാർത്തകളിൽ ഇടംപിടിച്ചു. ഇസ്രായേലിന്റെ 1948 ലെ സ്വാതന്ത്ര്യ സമര യുദ്ധത്തിന് നേതൃത്വം നൽകിയ കമാൻഡർ മോഷെ ഡയാൻ ആയിരുന്നു അദ്ദേഹം. അറബ് രാജ്യങ്ങളെ പരാജയപ്പെടുത്തിയ 1967 കളിലെ യുദ്ധകാലത്ത് മോഷെ ഡയാൻ ആിരുന്നു രാജ്യത്തെ പ്രതിരോധ മന്ത്രി. 1935 ൽ വിവാഹിതരായ മോഷെയും റൂത്തും 1971 ൽ വിവാഹമോചിതരായി. മൂന്നു മക്കളുണ്ട് ഈ ദമ്പതികൾക്ക്. എഴുത്തുകാരിയും മുൻ പാർലമെന്റ് അംഗവുമായ യാൽ ഡയാനും പേരക്കുട്ടികൾക്കുമൊപ്പമാണ് അവസാന നാളുകളിൽ റൂത്ത് കഴിഞ്ഞിരുന്നത്. 2014 ൽ അന്തരിച്ച നടനും സംവിധായകനുമായ ആസി ഡയാൻ, 2017 ൽ അന്തരിച്ച ശിൽപി ഉഡി ഡയാൻ എന്നിവരാണ് മറ്റ് മക്കൾ.
Content Highlights:Ruth Dayan Israeli Fashion designer dies at 103, Women