'മക്കളുള്ള വീട്ടിലേക്ക് കൊറോണ രോഗിയെ ചികിത്സിച്ച് വരുമ്പോഴുള്ള ആധിയുണ്ടല്ലോ, പറഞ്ഞറിയിക്കാനാവില്ല, എങ്കിലും ഞങ്ങളെ ഏൽപ്പിച്ച ജോലി വിട്ടുവീഴ്ച്ചയില്ലാതെ ചെയ്യും' തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സായ സ്റ്റെഫിന്റെ വാക്കുകളാണിത്. ഇത്തരത്തിൽ സ്വന്തം കുഞ്ഞുങ്ങളെ ഒരുനോക്കുകാണാതെ സമയത്തിന് ഭക്ഷണം കഴിക്കാതെ മൂത്രമൊഴിക്കാൻ പോലും കഴിയാതെ രാപകലെന്നില്ലാതെ രോഗികൾക്ക് കൂട്ടിരിക്കുന്ന നിരവധി അമ്മമാരായ നഴ്സുമാരുണ്ട്. മാതൃദിനത്തിൽ കൊറോണക്കാലത്തെ അമ്മജീവിതങ്ങളെക്കുറിച്ചു മാതൃഭൂമി ഡോട്ട് കോമുമായി മനസ്സു തുറക്കുകയാണ് അവരിൽ ചിലർ.

മൂന്നുപേരും മൂന്നിടത്ത്, ഇത് അവസാനത്തെ പോരാട്ടമാകട്ടെ - സ്റ്റെഫിൻ

Stephin

കൊല്ലം സ്വദേശിയായ സ്റ്റെഫിൻ കഴിഞ്ഞ ഒരുവർഷത്തോളമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തീയേറ്റർ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. ആശുപത്രിയിൽ കൊറോണ റിപ്പോർട്ട് ചെയ്ത സമയം മുതൽ ഇരുപതു ദിവസത്തോളം ഡ്യൂട്ടിയിലുണ്ടായിരുന്നു. ഏഴുവയസ്സുകാരിയായ മകൾ അന്നക്കുട്ടിയെ കൊല്ലത്തുള്ള ഭർത്താവിന്റെ അച്ഛനും അമ്മയുമാണ് നോക്കുന്നത്. ആദ്യമായി ഇത്രയും ദിവസം വിട്ടുനിന്നു കണ്ടപ്പോൾ മകൾ വലിയ കരച്ചിലും ബഹളവുമായിരുന്നെന്നു പറയുന്നു സ്റ്റെഫിൻ. പ്രത്യേകിച്ച് മകളുടെ കാര്യത്തിൽ കൂടുതൽ കെയർ കൊടുത്തിരുന്ന അമ്മയായിരുന്നു താൻ. മകളെ കാണാത്ത വിഷമം ഉണ്ടായിരുന്നെങ്കിലും വീട്ടിൽ പോയാൽ എനിക്ക് എന്തെങ്കിലും വന്നാൽ അത് കുഞ്ഞിനെയും ബാധിക്കില്ലേ എന്നോർത്ത് കടിച്ചുപിടിച്ചു നിന്നു. പനി വരും പുറത്തിറങ്ങിയാൽ പോലീസ് പിടിക്കും ആംബുലൻസിൽ കൊണ്ടുപോവും എന്നൊക്കെ പറഞ്ഞാണ് അവളെ സമാധാനിപ്പിച്ചിരുന്നത്. പിപിഇ കിറ്റ് ധരിച്ച് പരിപൂർണ സുരക്ഷിതത്വത്തോടെയാണ് രോഗികളുടെ അടുക്കൽ പോകുന്നതെങ്കിലും ചിലപ്പോഴൊക്കെ കോട്ടയത്തെ നഴ്സിനെ കൊറോണ ബാധിച്ച കാര്യം ഓർമ വരും. ഇനി ജീവിച്ചിരിക്കുമോ മരിച്ചുപോവുമോ എന്നൊക്കെ തോന്നിപ്പോവും. ഭക്ഷണം കഴിക്കാനോ സ്വന്തം ആരോഗ്യം പരിപാലിക്കാനോ ഒന്നും തോന്നില്ല. മകളുടെ കൂടെ ജീവിച്ചു കൊതിതീരാത്ത അമ്മയാണ്. അതൊക്കെ ഓർക്കുമ്പോൾ സങ്കടം തോന്നും. ഭർത്താവ് അബുദാബിയിൽ ആണെന്നതും അവിടുത്തെ വാർത്തകളുമൊക്കെ കൂടുതൽ അസ്വസ്ഥപ്പെടുത്താറുണ്ട്. വീഡിയോ കോളൊക്കെ ചെയ്യുന്നുണ്ടെങ്കിലും മൂന്നുപേരും മൂന്നിടത്താണല്ലോ എന്നോർക്കുമ്പോൾ സങ്കടമാണ്. എന്നേക്കാൾ കരുതലോടെ മകളെ നോക്കുന്നയാളാണ് ഭർത്താവിന്റെ അമ്മ, അതോർക്കുമ്പോൾ സമാധാനമാണ്. ഈ പോരാട്ടാം അവസാനത്തേതാകട്ടെ പെട്ടെന്ന് ലോകം പഴയരീതിയിലാകട്ടെ എന്നാണ് പ്രത്യാശിക്കുന്നത്.

അന്ന് നിപ്പയ്ക്കു വേണ്ടി, ഇന്ന് കൊറോണയ്ക്ക് - ബിനിത

Binitha

കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ ഇൻഫെക്ഷൻ കൺട്രോൾ വിഭാഗത്തിന്റെ ഹെഡ്നഴ്സായ ബിനിതയ്ക്ക് കൊറോണക്കാലത്തിനു മുമ്പേ ഈ ജാഗ്രതയൊക്കെ വശമുണ്ട്. നിപ്പാ കാലത്തും പോരാട്ടത്തിൽ മുന്നിലുണ്ടായിരുന്നയാളാണ് ബിനിത. 2009 മുതൽ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ബിനിതയ്ക്ക് ഇവയെല്ലാം പരിചിതമായെങ്കിലും മക്കളെ വിട്ടുനിൽക്കുന്ന വിഷമമാണ്. പതിനെട്ടുകാരിയായ മൂത്ത മകൾക്ക് അമ്മയുടെ അവസ്ഥ മനസ്സിലാവുന്നുണ്ട്, പക്ഷേ പത്തുവയസ്സുകാരിയായ ഇളയ മകളെ പറഞ്ഞു മനസ്സിലാക്കാൻ നന്നേ കഷ്ടപ്പെടാറുണ്ടെന്നു പറയുന്നു ബിനിത.

ആശുപത്രിയിലെ സേവനത്തിനു പുറമേ വീഡിയോ കോളിലൂടെയും സമ്മർദത്തിലാഴുന്നവരെ വിളിച്ച് ആശ്വസിപ്പിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ആശുപത്രിയിൽ നിന്ന് തിരിച്ചെത്തി ക്വാറന്റൈൻ കഴിഞ്ഞ് മകളെ കാണാൻ പോയപ്പോൾ കൈ കഴുകുന്നതിന്റെയും മാസ്ക് ഉപയോഗിക്കുന്നതിന്റെയുമൊക്കെ പ്രാധാന്യത്തെക്കുറിച്ച് വരച്ചു വച്ചിരുന്നു ഇളയമകൾ. അതുകണ്ടപ്പോൾ അഭിമാനം തോന്നി. 

ഓഫെടുക്കുന്ന ദിവസങ്ങളിൽ അറുപതിൽപരം ഫോൺകോളുകളെങ്കിലും വരാറുണ്ട്. അവയ്ക്കെല്ലാം സമാധാനത്തോടെ മറുപടി നൽകണം, കാരണം അവരുടെ ആശങ്ക പരിഹരിക്കലാണ് മുഖ്യം. എന്റെ കുറവില്ലാതെ മക്കളെ നോക്കുന്നത് ഭർത്താവാണ്, ഒപ്പം സമ്മർദത്തിലാഴുമ്പോൾ താങ്ങായി നിൽക്കുന്ന ആശുപത്രി അധികൃതർ... എല്ലാ അർഥത്തിലും ഒരു ടീം വർക്കാണ് ഈ കാലം. ഐസൊലേഷന്‍ വാര്‍ഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ ഭര്‍ത്താവില്‍ നിന്നും മക്കളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗവുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗം ജീവനക്കാര്‍ക്കും പി.പി.ഇ. കിറ്റ് ശരിയായ രീതിയില്‍ ധരിക്കാനുള്ള ട്രെയിനിങ് ആണു നല്‍കുന്നത്. ഇതിലൂടെ എന്തിനെയും നേരിടാനുള്ള ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്നു. പിപിഇ കിറ്റ് ധരിച്ചാല്‍ പടച്ചട്ട ധരിച്ച ചങ്കൂറ്റം തോന്നുന്നുവെന്ന് പറയുന്നവരുണ്ട്.

മകനെ ഒന്നു കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു - ദിവ്യ ജോൺ

Divya John

അയർലൻഡിലെ ഡബ്ലിനിൽ സെന്റ് ജെയിംസ് ആശുപത്രിയിൽ നഴ്സായ ദിവ്യ ജോണിന് മകനെയൊന്ന് മനസ്സറിഞ്ഞു കെട്ടിപിടിക്കാനും അവനൊരു മുത്തം കൊടുക്കാനും മനസ്സു പിടയ്ക്കുന്നുണ്ട്. പക്ഷേ കൊറോണ സംബന്ധിയായ രോഗികളുമായി ഇടപഴകി വീട്ടിലേക്ക് തിരികെയെത്തുന്ന താൻ ഏഴുവയസ്സുകാരനായ മകൻ ഹെവനെക്കൂടി രോഗിയാക്കുമോ എന്ന ഭയമാണ് ദിവ്യയെ പിന്തിരിപ്പിക്കുന്നത്. എല്ലാ ഡോക്ടർമാരെയും നഴ്സുമാരെയുംപോലെ തുടക്കത്തിൽ താനും നഴ്സായ ഭർത്താവും ആശങ്കയിലായിരുന്നു. കാത്തിരുന്നു കിട്ടിയ മകനായതുകൊണ്ട് അവനിൽ കരുതൽ കുടുതലായിരുന്നു. വൃത്തിയുടെ കാര്യത്തില്‍ കുറേയേറെ ആശങ്കകള്‍ പൊതുവെ ഉള്ള ഒരാളായിരുന്നത് ഈയവസരത്തില്‍ ചെറുതല്ലാത്ത ആധിയും കൊണ്ടുവന്നു. വീടും പരിസരവും എത്ര വൃത്തിയാക്കിയാലും പോരെന്ന തോന്നലായിരുന്നു. താൻ കാര്‍ഡിയോതൊറാസിക് വാർഡിലും ഭർത്താവ് എമർജൻസി വാർഡിലുമാണ് ജോലി ചെയ്തിരുന്നത്. എങ്ങനെപോയാലും രണ്ടുപേർക്കും കൊറോണ രോഗികളുമായി ഇടപഴകേണ്ടിവരും. വീട്ടിൽ ഒരു കൊറോണ റൂം തന്നെ ഒരുക്കി. ആശുപത്രിയിൽ നിന്ന് കുളിച്ച് വൃത്തിയായി തിരികെയെത്തി കൊറോണ മുറിയിലാണ് വസ്ത്രങ്ങളും മറ്റും സൂക്ഷിക്കുക. വീണ്ടും വൃത്തിയായതിനുശേഷമേ മകനെ കാണൂ. വസ്ത്രങ്ങളും ചെരിപ്പും മൊബൈൽ കവറും എന്നു വേണ്ട കമ്മൽ വരെ ശുചിയാക്കും, അത്ര ഭയമാണ് അണുക്കളെ വീട്ടിലെത്തിക്കുമോയെന്ന്. മകനെ ഒന്നു മനസ്സറിഞ്ഞു തൊട്ടിട്ടുതന്നെ ദിവസങ്ങളായി. എപ്പോഴും അവനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു നടക്കുന്ന അമ്മയാണ് താൻ. അതൊക്കെ വല്ലാതെ മിസ് ചെയ്യുന്നുണ്ടിപ്പോൾ. ആശുപത്രിയിൽ നിന്ന് തിരികെയെത്തുമ്പോൾ ഓടിവന്നു കെട്ടിപ്പിടിക്കുന്ന ശീലക്കാരനായിരുന്നു ഹെവൻ. ഇപ്പോൾ വരുമ്പോൾ തന്നെ അടുത്തേക്ക് വരരുത് എന്നുറക്കെ വിളിച്ചു പറയും. ഹെവന് പുറത്തു പോകാൻ കഴിയാത്തതും സുഹൃത്തുക്കളെ കാണാൻ കഴിയാത്തതുമൊക്കെ സമ്മർദം ഉണ്ടാക്കുന്നുണ്ട്. ഞങ്ങൾ രണ്ടുപേരും മാറിമാറി ഷിഫ്റ്റെടുത്ത് അവന് ഒറ്റപ്പെടൽ തോന്നാതിരിക്കാൻ ശ്രമിക്കാറുണ്ട്.

മകൻ നൽകിയ ആ കത്ത് കണ്ണുനനയിച്ചു- രശ്മി

Rashmi

യു.കെയിലെ ഷെംസ്ഫോർഡിൽ ബ്രൂംഫീൽഡ് എൻഎച്ച്എസ് ആശുപത്രിയിൽ നഴ്സായ രശ്മിയുടെ കഥ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കൊറോണ രോഗികളെ ചികിത്സിക്കുക മാത്രമല്ല കൊറോണയെ അതിജീവിച്ച കഥ കൂടി രശ്മിക്കു പറയാനുണ്ട്. താൻ ജോലി ചെയ്യുന്ന ആശുപത്രിയിലെ വാർഡുകളും ഐസിയുവുമൊക്കെ കോവിഡ് വാർഡുകളാക്കി മാറ്റിയിരുന്നു. നാട്ടിലേതുപോലെയുള്ള ചെറിയ ലക്ഷണങ്ങളല്ല അവിടെയുണ്ടായത്. തനിക്കുൾപ്പെടെ കൊറോണ ഭേദമായതിനു ശേഷമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ ഏറെയായിരുന്നു. കൃത്യമായ ഡയറ്റും വിശ്രമവുമൊക്കെയാണ് കൊറോണയെ തുരത്താൻ സഹായിച്ചത്. അപ്പോഴും മകനെയോർത്തും ഭർത്താവിനെയോർത്തും ആധിയായിരുന്നു. താൻകാരണം അവരിലേക്കു കൂടി രോഗം പകരുമോ എന്ന ഭീതിയുണ്ടായിരുന്നു. രോഗമുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ തന്നെ വീട്ടിലെ ഗസ്റ്റ് റൂമിലേക്ക് താമസം മാറിയിരുന്നു. ആശുപത്രിയിൽ പോകുന്ന സമയത്ത് അത്രത്തോളം മുൻകരുതലുകൾ പാലിച്ചിട്ടുണ്ട്. കുളിച്ചിട്ടല്ലാതെ വീട്ടിൽ തിരികെ കയറില്ലായിരുന്നു. ഒരൊറ്റ മകനാണുള്ളത്, അവനെ ഇടയ്ക്കൊന്നു ചേർത്തുപിടിക്കാൻ പോലും കഴിയാത്തതിന്റെ വിഷമം പറഞ്ഞറിയിക്കാനാവില്ല. ഈ കാലത്ത് അമ്മയെ അവൻ പൂർണമായും മനസ്സിലാക്കിയെന്നു തെളിയിക്കുന്നൊരെഴുത്തും എനിക്ക് നൽകി. രോഗം ബാധിച്ച സമയത്ത് കരുത്തയായി നിന്ന നഴ്സിങ്ങ് ജോലിയ്ക്കൊപ്പം പാഷനായ എഴുത്തും ആങ്കറിങ്ങുമൊക്കെ കൊണ്ടുനടക്കുന്ന അമ്മയെയോർത്ത് അഭിമാനം തോന്നുന്നുവെന്നാണ് അവൻ കുറിച്ചത്. അവൻ നന്നായി എഴുതുന്ന കുട്ടിയാണെങ്കിലും ആ സമയത്ത് അത്തരമൊരു എഴുത്ത് ശരിക്കും കണ്ണുനനയിച്ചു. മുഴുവൻ വായിക്കും മുമ്പ് വിങ്ങിപ്പൊട്ടുകയായിരുന്നു. അത്രത്തോളം മനസ്സിലാക്കുന്ന മകനും ഭർത്താവുമൊക്കെയാണ് കൂടെയുള്ളത്. രോഗികളെ പരമാവധി മറ്റുകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിക്കാറുണ്ട്. അവർക്ക് റേഡിയോ കേൾക്കാനും പുസ്തകം വായിക്കാനുമൊക്കെ നൽകി അവരെ എൻഗേജ് ചെയ്യിക്കും.

കുട്ടികളെ നോക്കാനാളുള്ളതു തന്നെ പ്രിവിലേജ് ആണ്- നിജു ആൻ ഫിലിപ്പ്

Niju

അഞ്ചു വയസ്സുകാരിയായ മകളാണ് ഡൽഹി എംയിസിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന നിജു ആൻ ഫിലിപ്പിനുള്ളത്. ഭർത്താവും എയിംസിൽ തന്നെ നഴ്സായി ജോലി ചെയ്യുന്നു. ഡയാലിസിസ് യൂണിറ്റിലാണ് തനിക്ക് ജോലി, അതുകൊണ്ട് പോസിറ്റീവ് രോഗികളെ എപ്പോഴും പ്രതീക്ഷിക്കാം. നാട്ടിലേതുപോലെ ജോലി കഴിഞ്ഞ് ക്വാറന്റൈനിൽ കഴിയാനുള്ള സാഹചര്യവും അവിടെയില്ല. ആദ്യമൊക്കെ ഈ സാഹചര്യത്തിൽ രോഗികളെ പരിചരിച്ച് തിരികെയെത്തുമ്പോൾ മകളെക്കുറിച്ചോർത്ത് സങ്കടം തോന്നുമായിരുന്നു. പിന്നെ പിപിഇ കിറ്റ് ധരിച്ചാണല്ലോ പോകുന്നത് എന്ന ധൈര്യത്തോടെ നിൽക്കും. ഫഌറ്റ് ജീവിതമായതുകൊണ്ട് ലോക്ക്ഡൗൺ മോളെ അത്രയ്ക്ക് ബാധിച്ചിട്ടില്ല. മകളെ മാറ്റിനിർത്താനുള്ള സാഹചര്യവുമില്ല. നാട്ടിലൊക്കെ മക്കളെ പിരിഞ്ഞ് നിൽക്കുന്ന നഴ്സ്മാരെയോർക്കുമ്പോൾ അതവരുടെ പ്രിവിലേജ് ആയിട്ടാണ് തോന്നിയിട്ടുള്ളത്. കാരണം മക്കളുടെ സുരക്ഷിതത്വത്തെക്കുറിച്ചോർത്ത് പേടിക്കേണ്ടല്ലോ. രണ്ടുപേരും മാറിമാറി ഷിഫ്റ്റെടുത്താണ് മകളെ നോക്കുന്നത്.

അമിത ആശങ്കയില്ല- സാനി

Sani

തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ സാനിക്കും കൊറോണക്കാലത്തെ അമ്മയനുഭവങ്ങൾ മറിച്ചല്ല. തുടക്കത്തിൽ വളരെയധികം ആശങ്കയുണ്ടായിരുന്നുവെങ്കിലും വൈകാതെ സാഹചര്യവുമായി പൊരുത്തപ്പെട്ടു തുടങ്ങി. മൂത്ത മകൾ കോട്ടയത്ത് ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. ലോക്ക്ഡൗണായതോടെ ഇപ്പോൾ നാലുമാസത്തോളമായി അവളെ കണ്ടിട്ട്. പിന്നെ അത്യാവശ്യം സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുപോകുന്ന കുട്ടിയാണവൾ. വീട്ടിൽ ഒന്നര വയസ്സുള്ള മോനാണുള്ളത്.

ആശുപത്രിയിൽ നിന്ന് തിരിച്ചെത്തുമ്പോൾ കുളിച്ചിട്ടല്ലാതെ കുഞ്ഞിനെ തൊടാറില്ല. ഭർത്താവും നഴ്സായതുകൊണ്ട് രണ്ടുപേരും ഡ്യൂട്ടി മാറിയെടുത്താണ് കുഞ്ഞിനെ നോക്കുന്നത്. വല്ലാതെ ആശങ്ക തോന്നിയിട്ടേയില്ല, ചിലപ്പോൾ ഈ ഫീൽഡിൽ നിൽക്കുന്നതിന്റെയാകും.

Content Highlights:Nurses mothers sharing corona period motherhood mothers day 2020