Saturday is not just a day

പതിനൊന്നു മണിക്ക് ഫോണടിച്ചപ്പോൾ പകൽ വിളിക്കാനുള്ളത് ആരായിരിക്കുമെന്നു അശ്വിനി സംശയിച്ചു, ടെലി-മാർക്കറ്റിംഗ് ആവുമോ, എടുക്കണോ വേണ്ടയോ എന്നൊക്കെ തന്നത്താൻ തർക്കിച്ചു അശ്വിനി ഫോണിലേക്ക് നോക്കി. ജോസ്‌ഫീൻസ് ഹെയർ സലോൺ എന്ന പേരുകണ്ടപ്പോൾ എടുക്കാൻ തന്നെ അവൾ തീരുമാനിച്ചു.
''ഇല്ലല്ലോ. മെസേജ് എന്തെങ്കിലും ഉണ്ടോ?''
''സെല്ലിൽ വിളിച്ചിട്ട് കിട്ടുന്നില്ല. മോഹന്റെ ശനിയാഴ്ച പത്തുമണിടെ കട്ട്, ഡൈ ആന്റ് സ്റ്റൈലിന്റെ സമയം മാറ്റി രണ്ടുമണി ആക്കണോന്നു അന്വേഷിക്കാനാണ്. ഉച്ചകഴിഞ്ഞു ഒഴിവ് ഉണ്ടായാൽ വിളിക്കണം എന്നൊരു കുറിപ്പുണ്ട്. രണ്ടുമണിക്ക് ഒരു ക്യാൻസലെഷൻ വന്നിട്ടുണ്ട്. അപ്പോയിന്റ്മെന്റ് മാറ്റണോ?''
അശ്വിനി ഒരു നിമിഷം സംശയിച്ചു നിന്നു. പിന്നെ പാകത വിടാതെ പറഞ്ഞു.
''വേണ്ട, ആ സമയത്ത് ഒഴിവില്ല. പത്തുമണി തന്നെ വച്ചോളൂ.''

അശ്വിനി കലണ്ടർ നോക്കി, ശനിയാഴ്ച ആരെങ്കിലും ക്ഷണിച്ചിട്ടുണ്ടോ, ഏതെങ്കിലും പാർട്ടി.....വിരുന്നുകൾ... എന്താണ് അശ്വിനിയുടെ കീമോബ്രെയിൻ മറന്നുകളഞ്ഞത്? കലണ്ടറിൽ ഒന്നും അടയാളപ്പെടുത്തിയിരുന്നില്ല. ശനിയാഴ്ച മുടിവെട്ടി, ഡൈ ചെയ്തു, സ്റ്റൈൽആക്കി എങ്ങോട്ടാവും പത്രാസിൽ മോഹന്റെ യാത്രയെന്നു അശ്വിനിക്ക് അപ്പോൾത്തന്നെ അറിയണം! മുടിവെട്ടാൻ അപ്പോയിന്റ്മെന്റു എടുത്തതുകൊണ്ടു മോഹൻ പറയാൻ മറന്നതല്ല. പറയേണ്ട എന്നു തീരുമാനിച്ചതാണ്. അശ്വിനി അറിയേണ്ട ആവശ്യമില്ല എന്ന തീരുമാനം.
''ഇപ്പോൾ ഞങ്ങൾ, ഒരേ പോസ്റ്റാഫീസ് അതിർത്തിയിൽ പെട്ടവരല്ല റാണ. അശ്വിനിയെ മാറ്റിപാർപ്പിച്ചിരിക്കുന്നു, അശ്വിനിയുടെ അഡ്രസിൽ കാൻസർ പി.ഒ. എന്നുണ്ട്.''

അശ്വിനി ഭാര്യയല്ല, സുഹൃത്തല്ല, സ്ത്രീയല്ല. ഒരു ക്യാൻസർ രോഗി മാത്രം. ദാറ്റ്'സ് ഓൾ. കോശവിഭജനത്തിനു വെറിപിടിച്ച ഒരു ശരീരം മാത്രമാണ് അശ്വിനി. അവിടെ നിന്നൊരു തിരികെച്ചാട്ടം ഒരിടത്തും വിവരിച്ചിട്ടില്ല. അശ്വിനിയുടെ ഹൃദയമിടിപ്പ് ജീവിതത്തിന്മേലുള്ള എല്ലാ അധികാരവും നഷ്ടപ്പെട്ടവളുടെ ശബ്ദമായിമാറി. പോസിറ്റീവ് തിങ്കിംഗ്സിന്റെ കാലത്തെ പ്രണയത്തിൽ ശുശ്രൂഷ പറഞ്ഞിട്ടില്ല. മോട്ടിവേഷണൽ സ്പീക്കറും തൊഴിലാളികളെ ഉത്സാഹിപ്പിക്കാനുള്ള സെമിനാറുകളും നിരന്തരം പഠിപ്പിച്ചിരുന്നതും ഇതു തന്നെയല്ലെന്നു അശ്വിനി സംശയിച്ചു.
''നിങ്ങളെ പിന്നോട്ടു വലിക്കുന്ന ശക്തികളെ തിരിച്ചറിയുക. അവയെ ഒഴിവാക്കുക. ബോധപൂർവ്വം.''

ദുർബലപ്പെടുത്തുന്ന ആളുകളുമായുള്ള സമ്പർക്കം കഴിയുന്നത്ര കുറയ്ക്കാനാണു വിജയസഹായികളായ സംഭാഷണങ്ങൾ പറയുന്നത്.
രോഗമുള്ള വ്യക്തി നിങ്ങളുടെ വളർച്ചക്ക് തീർച്ചയായും തടസ്സമാണ്. അവർ നിങ്ങളെ പിന്നോക്കം പിടിക്കും, മുന്നോട്ടായാൻ ശ്രമിക്കുമ്പോൾ പിന്നിൽ നിന്നും കുരുക്കിടും. പിന്നിൽ നിന്ന് കുരുക്കിടാൻ ഒരാളെയും മോഹൻ അനുവദിക്കില്ല.
മുന്നോട്ട്..മുന്നോട്ട്...

രോഗവും സങ്കടവും അശുഭലക്ഷണങ്ങളുമായി വരുന്നവരെ ഭ്രഷ്ടാക്കുകയാണ് ചെയ്യേണ്ടത്. പുറത്താക്കുക, അകറ്റിനിർത്തുക. കല്യാണികളവാണിമാരില്ലാത്തവൾ അശ്വിനിയല്ല. അശ്വിനിയല്ലാത്തവൾ മോഹന്റെ പെണ്ണല്ല. വിവാഹത്തിനു മുൻപ് പ്രിനപ്ച്വൽ എഗ്രീമെന്റ് എഴുതിവെക്കാത്തതിൽ മോഹൻ ദുഖിക്കുന്നുണ്ടാവുമെന്നു അശ്വിനി റാണയോടു പറഞ്ഞു. നെതർലൻഡ്സിലാണെങ്കിൽ വിവാഹ മോചനത്തിൽ എന്തൊക്കെ സ്വന്തമാക്കാം എന്നു മാത്രമല്ല, വിവാഹത്തിനു ശേഷം ബാങ്കറപ്റ്റ്സി സംഭവിച്ചാലുള്ള നിബന്ധനകളും പ്രിനപ്ച്വൽ എഗ്രീമെന്റിൽ എഴുതിവെക്കാം. ജീവിതം അശ്വിനിയെ എല്ലാം നഷ്ടമായവളായി പ്രഖ്യാപിച്ചിരിക്കുന്നു.

ഇണയ്ക്ക് ക്യാൻസർ വരുമ്പോൾ വൈകാരിക സമ്മർദ്ദം പൊറുക്കാനാവാതെ ഇട്ടിട്ടു പോകുന്ന പുരുഷന്മാർ സ്ത്രീകളെ അപേക്ഷിച്ച് ആറിരട്ടിയാണെന്നൊരു കണക്ക് റാണ പ്രതാപ് സിംഗ് അശ്വിനിക്കു ചൂണ്ടിക്കാണിച്ചു കൊടുത്തു.
''മോഹൻ അത്ര കേമനല്ല. He is not unique!'
അതു പറഞ്ഞു അശ്വിനി ഉറക്കെ ചിരിച്ചു. ഐസുകട്ട ഗ്ലാസിന്റെ വശങ്ങളിൽ കുലുക്കി മുട്ടിച്ചു ചിലു..ച്ചില് ശബ്ദം കേൾപ്പിച്ചു കൊണ്ടു അശ്വിനി റാണക്കു ചിയേഴ്സ് പറഞ്ഞു.


ശനിയാഴ്ചവരെ കാത്തിരിക്കാൻ വയ്യാതെ അശ്വിനി കീർത്തനയെ സ്കൈപ്പിൽ പ്രത്യക്ഷപ്പെടുത്തി.
''രന്നാ, എന്നാണു മോളു വരുന്നത്?''
''മമ്മ, എക്സാം ട്വന്റിഫസ്റ്റ്നു തീരും. ട്വന്റി സെക്കൻഡ്നു എല്ലാവരടേം എക്സാം കഴിഞ്ഞിട്ട് ക്രിസ്തുമസ് കം സെമസ്റ്റർ എന്ടിംഗ് പാർട്ടീണ്ട്. അത് കഴിഞ്ഞ് ട്വന്റി തേർഡ് കാലത്തെ എത്തിയേക്കാം.''
''അപ്പൊ എപ്പോഴാ നമ്മള് ക്രിസ്തുമസ് ഷോപ്പിംഗിന് പോണത്?''
''ഓ, പ്ലീസ് മമ്മൂസ്. അവിടെ വെറുതെ ഇരിക്കല്ലേ. മമ്മ അതിപ്പോ ചെയ്തോളൂ. വന്നിട്ട് എന്നെ മാളിലൂടെ ഡ്രാഗ് ചെയ്യാതെ.''
''നിന്റെ ഇന്പുട്ട് ഇല്ലാതെ ഞാനെങ്ങനെ വാങ്ങും?''
''ഇതു നല്ലതാണോ, അത് കൊള്ളൂല്ലേ... എന്നോക്കെ പറഞ്ഞ് എന്നെ ബോറടിപ്പിച്ചു കൊല്ലാനല്ലേ. പ്ലീസ്.''
''ഓക്കെ, ശരി..ശരി. നീ സ്ട്രെസ്സ്ഡാണല്ലേ. ടെക്ക് ഇറ്റ് ഈസി.''
''എനിക്ക് സ്ട്രെസ്സ് ഒന്നൂല്ല. മമ്മൂസ് വെർതെ സ്ട്രെസ്സ് തരാതിരുന്നാല് മതി. എനിക്ക് ഈ വെക്കേഷൻ വെറുതെ ഇരിക്കണം. എന്നെ അതുമിതും പറഞ്ഞ് ബഗ് ചെയ്യല്ലേ.''
''ശരി കീർത്തന, ബൈ!''
ലാപ്ടോപ് ശബ്ദത്തിലടച്ചാൽ മകൾ അതിൽ നിന്നുമിറങ്ങി വരില്ലെന്നു ക്യാൻസു അശ്വിനിയെ പരിഹസിച്ചു.

കീർത്തന ക്രിസ്തുമസ് അവധിക്കു നേരത്തെ വരാത്തതിൽ മോഹന് പരാതിയുണ്ടായിരുന്നില്ല. അതിൽ കീർത്തനക്കും സന്തോഷമാണ്. അതിവൈകാരികതകൂട്ടി വെറുതെ ശല്യം ചെയ്യാത്ത നല്ല അച്ഛനാണ് മോഹൻ. അശ്വിനിയെപ്പോലെയൊരു രസംകൊല്ലിയല്ല.
കീർത്തനെയെപ്പറ്റിയല്ലാതെ മോഹനും അശ്വിനിക്കും സംസാരിക്കാൻ വിഷയങ്ങളൊന്നും ഇല്ലാതായിരുന്നു. കീർത്തനക്ക് ഇരുവശത്തുമായി നിൽക്കുന്ന ഉയരക്കോമകളാണിപ്പോൾ അശ്വിനിയും മോഹനും. The single quotes - ഒറ്റയ്ക്ക്, തുടക്കത്തിലും ഒടുക്കത്തിലും കാവലായി രണ്ടു കോമകളുണ്ട്. ഒരേ ഉയരത്തിൽ, രണ്ടും ഊന്നുന്നത് ഒരേ ഉദ്ധരണിയെത്തന്നെ. എന്നാലും തമ്മിൽ തൊടാതെ, കൃത്യമായ അകലം പാലിച്ച് നിൽക്കണം, ഇനിയുള്ള ജീവിതകാലം മുഴുവനും. സാധാരണ ഉദ്ധരണികൾക്കു മുൻപിലും പിന്നിലുമുള്ള double quotes പോലെ ഇണചേർന്നു കൂട്ടുനിൽക്കാനാരുമില്ലാതെ. ഉദ്ധരണിയുടെ ഒറ്റച്ചിഹ്നങ്ങളായി മാറിയ ജീവിതം.

അശ്വിനി ഫേസ്ബുക്ക് ഗ്രൂപ്പിലെ പുതിയ പോസ്റ്റ് വായിച്ചുനോക്കി. അടുത്ത വർഷം ഏകദേശം ഇരുപത്തി നാലായിരം കാനഡക്കാർക്ക് ബ്രസ്റ്റ്ക്യാൻസർ ഉണ്ടാവാം എന്നായിരുന്നു അതിലെ കണക്ക്. കാനഡയിൽ ഒരു ദിവസം ശരാശരി അറുപത്തിയേഴു സ്ത്രീകൾക്ക് സ്തനാർബുദമുള്ളതായി കണ്ടുപിടിക്കപ്പെടുന്നു. ഒരുദിവസം പതിനാലു സ്ത്രീകൾ വീതം ഈ രോഗംകൊണ്ട് മരണപ്പെടുന്നു.
രണ്ടായിരത്തി ഒൻപതിലെ കണക്കനുസരിച്ച് ഒൻപത്പേരിൽ ഒരാൾക്ക് സ്തനാർബുദം വരുന്നുണ്ട്. എൺപതുകളിൽ ഏഴുശതമാനമായിരുന്നു ഈ രോഗത്തെ അതിജീവിച്ചിരുന്നതെങ്കിൽ ഇപ്പോഴത് എൺപത്തിയെട്ട് ശതമാനമാണ്. കണക്കുകൾ അശ്വിനിയെ വരിഞ്ഞു മുറുക്കി.
''ക്യാൻസൂ നീയെന്നെ വെറുമൊരു നമ്പറാക്കി ചുരുക്കാനുള്ള പുറപ്പാടാണോ?''

ശനിയാഴ്ച - തിങ്കൾമുതൽ വെള്ളിവരെ കാത്തുകാത്തിരിക്കുന്ന ദിവസമാണ്. ശനിയാഴ്ചയെ വീട്ടിലെ പണിയും കുറച്ച് നേരമ്പോക്കും ഉഴപ്പുമായി അടുക്കിപ്പെറുക്കിയുള്ള ജീവിതമേ അശ്വിനിക്കറിയൂ. എത്ര വർഷമായിട്ടുള്ള ആചാരമാണത്. ഒന്നും ചെയ്യാനില്ലാതെയിരിക്കുന്ന ദിവസം അശ്വിനിക്ക് ശനിയാഴ്ചയാവില്ല. അശ്വിനിയുടെ സാധാരണ ജീവിതത്തിൽ ശനിയാഴ്ച രാവിലെ അമ്മയെ വിളിക്കേണ്ടതാണ്.
''അഖിലേ, നിയിന്നു ഓഫീസിൽ പോയില്ലേ?''
''ഇന്ന് സെക്കന്റ് സാറ്റർഡേ അല്ലേ, അവധിയാണ് ചേച്ചി.''
''നീയപ്പ അമ്മേടെ ചൂടുനോക്കി ഇങ്ങോട്ട് പോന്നോ? എവിടെ പ്രേമാവതി, പുന്നാരമോൾക്ക് പായസം കാച്ചിക്കൊണ്ട് അടുപ്പത്താണോ?''
''ശനിയാഴ്ചയല്ലേ, അമ്മ നമ്മടമ്പലത്തില് ധാരയും പുഷ്പാഞ്ജലിയും കഴിഞ്ഞു അഞ്ചമ്പലത്തിൽ തൊഴാൻ പോയിരിക്ക്യാ. വരാൻ കുറച്ചു വൈകും.''

അടുപ്പത്തു തിളയ്ക്കുന്ന ചൂടിലാണ് അശ്വിനിയുടെ അന്നനാളത്തിലൂടെ പായസമിറങ്ങിപ്പോയത്. കണ്ടകശനിയുടെ ചുവട്ടിൽ തീയിടുകയാണ് അമ്മ. പപ്പയെയും അമ്മൂമ്മയേയും അഖിലയെ ഏല്പിച്ചു അശ്വിനിയുടെ അമ്മ പുതിയകാവ് ദേവീ, പെരുംതൃക്കോവിലപ്പൻ, പൂര്ണത്രയീശൻ, എറണാകുളത്തപ്പൻ ചോറ്റാനിക്കര ഭഗവതിമാരെയെല്ലാം നേരിൽക്കണ്ട് ആവലാതി സമർപ്പിക്കാൻ പോയിരിക്കുന്നു. സ്വന്തം വീടും ജീവിതവും മാറ്റിവെച്ച് അഖില രോഗികൾക്കു കാവലിരിക്കുന്നു. അഖിലയുടെ കുട്ടികൾ, ഭർത്താവ്, അവരുടെ കൊച്ചിഷ്ടങ്ങൾ, വീട്, ക്ഷീണം, സങ്കടങ്ങൾ എല്ലാം ഹോൾഡിലാണ്. അശ്വിനിക്കു വേണ്ടി അഖില ജീവിതത്തിൽ നിന്നും സബാറ്റിക്കൽ ലീവെടുത്തിരിക്കുകയാണ്. അശ്വിനിയുടെ ഹൃദയം നന്ദികേടിന്റെ ചാർജ്ഷീറ്റു എഴുതിപൂരിപ്പിച്ചു.

പത്തുമണിയുടെ മുടിമിനുക്കൽ കഴിഞ്ഞുവന്ന മോഹൻ അന്ന് ഓഫീസിലെ ക്രിസ്തുമസ് പാർട്ടിയാണെന്ന് അടുക്കളയോടു പറഞ്ഞു. അടുക്കള മറുപടിപറയാതിരുന്നത് അവഗണിച്ച് അയാൾ സമയമെടുത്ത് ഒരുങ്ങി. ഉടുത്തൊരുങ്ങിപ്പോകേണ്ട ക്രിസ്തുമസ്സ് പാർട്ടികൾ അശ്വിനിക്ക് കൃത്യമായി അറിയാം. പാർട്ടിക്കിടാനുള്ള ഉടുപ്പന്വേഷിച്ചു അശ്വിനി ഒരു മാസം നടക്കും. പിന്നെ അതിനു ചേരുന്ന നെയിൽ പോളീഷ്. മുടിക്കെട്ട് എന്തെല്ലാം അന്വേഷിക്കണം! ഒരു സൂട്ടു വാങ്ങണമെങ്കിൽ മോഹന് നാലു കടയിലെങ്കിലും കയറിയിറങ്ങണം. അതിനു ചേരുന്ന ഷർട്ട്, ടൈ, സോക്സ്... അങ്ങനെയൊക്കെ നവംബർ മുഴുവനും അശ്വിനിയും മോഹനും കടകളിലൂടെ നടക്കും. ഈ വർഷവും മോഹൻ അതെല്ലാം ചെയ്തിരിക്കുന്നു. വേണ്ടതൊക്കെ വാങ്ങിയിരിക്കുന്നു. അതുമുഴുവൻ ക്യാൻസറെടുത്തു പോയ ഒരു ശരീരത്തിനോടു വിസ്തരിക്കേണ്ട ആവശ്യമില്ലെന്നു മോഹൻ തീരുമാനിച്ചതാണ്.

ഉറക്കം വരാതെതന്നെ പാർട്ടികഴിഞ്ഞു മോഹൻ വരുന്നതിനു മുൻപേ അശ്വിനി ഉറങ്ങാൻ കിടന്നു. ഞായറാഴ്ച രാവിലെ ഉണർന്ന അശ്വിനിക്ക് മോഹൻ ഉണരുന്നതിനു മുൻപേ വീടിനു പുറത്തു കടക്കാൻ തിടുക്കമായി. പാർട്ടിയുടെ ക്ഷീണം, വൈകിയ ഉറക്കം, ഞായറാഴ്ചയുടെ മടി - എല്ലാംകൂട്ടി മോഹൻ ഉറക്കത്തിൽ തന്നെയായിരുന്നു. അശ്വിനിക്ക് പോകാൻ ഷോപ്പിംഗ് മാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങോട്ടുള്ള വഴിനീളെ അശ്വിനിയുടെ കാർ റേഡിയോ പാടിത്തകര്ത്തു
I really can't stay
പക്ഷേ മൈക്കിൾ ബൂബ്ലെയുടെ നിർബ്ബന്ധിക്കുകയാണ്
Baby it is cold outside
സ്പീക്കറിനെ തോല്പിച്ച് അശ്വിനിയും പാടി
I gotta go away.....
കാറ്റ് കുറെ കരിമേഘങ്ങളെ കൊണ്ടുവന്നു സൂര്യനു മുൻപിൽ രാവിലെ നിർത്തിയിരുന്നു. ഇരുണ്ടുനിൽക്കുന്ന അന്തരീക്ഷത്തിൽ മരങ്ങൾ ശിഖരങ്ങൾ പ്രദർശിപ്പിച്ചു നിന്നു. ചില ചില്ലകൾ ഊഞ്ഞാൽ കെട്ടാൻ പാകത്തിൽ നേരെ പിന്നെ മുകളിലേക്ക് കുത്തനെ വളർന്നു നിന്നിരുന്നു. താഴേക്ക് വളഞ്ഞ ചില്ലകളും മരം അഭിമാനത്തോടെ കാണിച്ചു. എല്ലാ ചില്ലകളും മുകളിലേക്ക് വളരുന്നില്ല. തായ്തടിയും ഇലകളുടെ തലക്കെട്ടുമായി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ വന്ന വഴിആരും അറിയുന്നില്ല. കട്ടപിടിച്ച പച്ചിലക്കുള്ളിൽ അനുഭവിച്ചു തീർത്ത വളവുകളും വിജയങ്ങളും ഒളിച്ചിരിക്കുകയാണ്.

കാറിൽ ഗ്യസലീൻ തീരാറായിരുന്നത് അപ്പോഴാണ് അശ്വിനി ശ്രദ്ധിച്ചത്. തണുപ്പുകാലത്ത് അശ്വിനിയുടെ കാറിൽ ഗ്യാസ് അടിക്കേണ്ടതു മോഹന്റെ ജോലിയാണ്. പറയാതെ ഓർമ്മപ്പെടുത്താതെ മോഹൻ കൃത്യമായി ചെയ്യുന്നതാണത്. മറന്നതാവും, അശ്വിനി കാറ് പമ്പിനോട് ചേർത്തു നിർത്തി. തണുപ്പൻ കാറ്റ് തേറ്റകാട്ടി ചിരിച്ചു. അശ്വിനി കമ്പിളിതൊപ്പി കണ്ണോളം താഴ്ത്തിവെച്ചു, ലതർ ഗ്ലൗസ് വലിച്ചിട്ടു, മഫ്ളർ ചുറ്റിക്കെട്ടി മൂക്കും ചെവിയും മൂടി. പുറത്തു കടന്ന് ഗ്യാസ് ടാങ്കിന്റെ അടപ്പു തുറന്നു. ക്രെഡിറ്റ്കാർഡിട്ട് പാസ്കോഡ് കുത്തിയപ്പോഴേ മുഖത്ത് തണുപ്പിന്റെ കുത്തൽ അസഹ്യമാണെന്നു ചുമ അറിയിച്ചു. മുഖത്തെ തൊപ്പിക്കും മഫ്ളറിനും ഇടയിലെ അല്പസ്ഥലം തണുപ്പുകൊണ്ട് വേദനിച്ചു.

അര ടാങ്ക് ആയപ്പോഴേ അശ്വിനി പെട്രോളടിക്കുന്നത് മതിയാക്കി. അവളുടെ വിരലിന്റെ തുമ്പുകൾ അതിവേദനയിൽ മരവിച്ചിരുന്നു. കാറിനുള്ളിൽ കടന്നതും അശ്വിനി ഗ്ലൗസ് ഊരി കൈകൾ കൂട്ടിത്തിരുമ്മി, ചെവിയുടെ തുമ്പ് രണ്ടു കൈകൊണ്ടും അമർത്തി തടവി. കഷ്ടിച്ച് അഞ്ചു മിനിട്ടു പുറത്തു നിന്നപ്പോഴേക്കും നോവിപ്പിക്കുന്ന തണുപ്പിനെ അശ്വിനി പുളിച്ച തെറി പറഞ്ഞു. ഷോപ്പിംഗ് മാളിന് നടുവിലുള്ള ബെഞ്ചിൽ ബാഗുചേർത്തു പിടച്ച് അശ്വിനിയിരുന്നു. മാളിൽ കൃസ്തുമസ് തിളച്ചു പൊങ്ങുകയായിരുന്നു. മഞ്ഞുപിടിച്ച ബൂട്ടുസുകളുടെയും, കോട്ടുകളുടെയും ജാഥ അവളെ ശ്രദ്ധിക്കാതെ തിരക്കിട്ടു പോയി. ബാഗുകൾ തൂക്കിപ്പിടിച്ച് വേഗത്തിൽ വേഗത്തിൽ നടന്നു പോകുന്നവർക്കിടയിൽ പ്രത്യേകിച്ചു തിരക്കൊന്നുമില്ലാതെ ഒരുവൾ മാത്രം.

പെട്ടെന്നാണ് അവളാ സ്ത്രീയെ കണ്ടത്. എതിർ വശത്തെ കടയിലെ വലിയ കണ്ണാടിയിൽ കണ്ട രൂപത്തെ അശ്വിനി പിന്നെയും സൂക്ഷിച്ചു നോക്കി. കുഴിഞ്ഞ കണ്ണുകൾക്ക് ചുറ്റും കറുപ്പു പടർന്നിരുന്നു. വീർത്ത മുഖത്തെ പരുത്ത തൊലി പഴഞ്ചനായിരുന്നു. താടിക്കു താഴെ രണ്ടാമതൊരു താട കൂടി ഉണ്ടായിരുന്നു. വൂളൻ തൊപ്പി ഊരിമാറ്റിയപ്പോൾ നീളം കുറഞ്ഞ മുടി പറന്നു അടക്കമില്ലാതെ മുകളിലേക്ക് പൊങ്ങി നിന്നു. ആശുപത്രിയിലെ കണ്ണാടികളെക്കാൾ തെളിച്ചവും വലിപ്പവുള്ള കണ്ണാടി അവളെയും ചുറ്റുമുള്ളവരേയും പൂർണമായും പ്രദർശിപ്പിച്ചു.
തടിച്ച് വീർത്ത ഈ സ്ത്രീ ആരാണ്?

അശ്വിനി ഭയത്തോടെ അവിടെനിന്നും എഴുന്നേറ്റു. നേരെ വരുന്ന ഓരോ ആളും കാണുന്ന രൂപത്തെയോർത്ത് അവൾ അപമാനപ്പെട്ടു. ക്രിസ്തുമസ് സമ്മാനങ്ങൾ വേണ്ടെന്നുവെച്ചു പോകാൻ മറ്റൊരിടവും ഇല്ലാത്ത ഒരു ശരീരം ഐഡി കാർഡിലെ മേൽവിലാസമെഴുതിയ കെട്ടിടത്തിലേക്ക് തിരികെപ്പോയി.

പുതുവത്സരപ്പാർട്ടിക്കും മോഹൻ ഒറ്റക്കാവും പോകുന്നത് എന്നവളറിഞ്ഞു. ഒരുപക്ഷേ അശ്വിനിയല്ലാത്തൊരു കൂട്ട് മോഹനുണ്ടായിരിക്കും. എങ്ങനെയാണെങ്കിലും മോഹന് ഇനിമേൽ അശ്വിനി കൂട്ടായി വേണ്ട. മുലയില്ലാത്ത, മുടിയില്ലാത്ത, തടിച്ച് മുഖത്ത് കറുത്ത പാടുകൾ പടർന്ന, നഖങ്ങൾ പൂത്തുപോയ സ്ത്രീക്ക് ജീവിതം വേണ്ടേ?
-തീക്ഷണതയില്ലാത്ത ജീവിതം എത്ര ബോറാണ്. എത്ര നിരർത്ഥകമാണത്!

(തുടരും)

നോവൽ മുൻഅധ്യായങ്ങൾ വായിക്കാം

Content Highlights: Women novel Nirmala Manjil Oruval part thirty four