Let it Snow 
 
റേഡിയേഷനു വേണ്ടിയുള്ള കാത്തിരുപ്പു മുറിയുടെ മിനുത്ത സ്റ്റീല്‍ഭിത്തിയില്‍ പ്രതിഫലിച്ച രൂപത്തിലേക്ക് അശ്വിനി അമ്പരപ്പോടെ നോക്കി. തോളുയര്‍ത്തിപ്പിടിച്ച്, ചന്തി അല്പംപൊക്കി, മുന്നോട്ടാഞ്ഞ് എന്തിനെയോ ആക്രമിക്കാന്‍ പോകുന്ന പാകത്തിലിരിക്കുന്ന സ്ത്രീ താന്‍ തന്നെയെന്നു അവള്‍ക്ക് ഉറപ്പു വരുത്തേണ്ടി വന്നു. എപ്പോഴും ഇങ്ങനെയാണോ ഞാന്‍ ഇരിക്കുന്നതെന്ന് അവള്‍ ആ രൂപത്തിനോടു ചോദിച്ചു.
''പിന്നല്ലാണ്ട്! പ്രപഞ്ചം നിന്റെ തലയിലല്ലെ? കുതിര രൂപം ധരിച്ച അപ്‌സരല്ലേ നീ!'' 
ഉരുക്കുഭിത്തി മെരുങ്ങിയില്ല.    
''ചന്തി ഒറപ്പിച്ചു ഇരിക്കു പെണ്ണെ.''  
കസേര അവളെ ശാസിച്ചു.  
''നീ ഇവിടെ ഡയറക്ടറല്ല. ഒന്നിനെയും ഡയറക്റ്റ് ചെയ്യാന്‍ പറ്റില്ല. പെണ്ണ്,  മുല കൊലയായ വെറുമൊരു രോഗി.  അതിലധികമൊന്നുമല്ല.'' 
കൂടെയുള്ളവരെ ഉല്‍ക്കണ്ഠപ്പെടുത്തുന്ന ഒന്നുണ്ട് സ്വഭാവത്തില്‍ എന്ന് ഏതോ തലക്കുറിയില്‍ വായിച്ചത് അശ്വിനിയോര്‍ത്തു.  തോളും ചന്തിയും അടക്കി അശ്വിനി ചുറ്റുമുള്ളവരെ നോക്കി. ചിരിക്കാതെ അടക്കിയ ശബ്ദത്തില്‍ സംസാരിക്കാതെ, വെറുങ്ങലിച്ചു നില്‍ക്കുന്ന മുഷിപ്പന്മാരുടെ ലോകം അശ്വിനിയെ പൊറുതി മുട്ടിച്ചു. അവിടെ സമയം നിശ്ചലമായി നിന്നു.  
റേഡിയേഷന്‍ കരിക്കേണ്ടഭാഗം വയലറ്റു മഷിയുള്ള പേനകൊണ്ടാണ് ഡോക്ടര്‍ അടയാളപ്പെടുത്തിയത്.  
''അതൊരു റ്റാറ്റൂ പാര്‍ലര്‍ ആണെന്നു സങ്കല്‍പ്പിക്കൂ.''
റാണാ പ്രതാപ് സിംഗ് അശ്വിനിയോടു പറഞ്ഞു.  
''Oh My! Sexy tattoo on my Ta-Ta...'
അശ്വിനി മറുപടി കൊടുത്തു.  
''ബൂബ്‌സിനു റ്റാറ്റാ എന്നു പേരുകൊടുത്തത് ആരാണ്?''
അശ്വിനിക്കതറിയില്ലായിരുന്നു.
പിസ്റ്റാഷ്യോ നിറമുള്ള ആശുപതിയുടുപ്പിട്ട അശ്വിനിയെ റേഡിയേഷന്‍ മിഷ്യന്റെ കിടക്കയില്‍ മലര്‍ന്നുകിടക്കാന്‍ നേഴ്‌സ് സഹായിച്ചു.  ക്രെയിന്‍ പോലെ റേഡിയേഷന്‍ മെഷീന്‍ അശ്വിനിയുടെ ശരീരത്തിനു മുകളിലേക്കു നിരങ്ങി നിരങ്ങി വന്നു. ഭീമാകാരന്‍ മെഷീനിന്റെ ഉള്ളില്‍ അശ്വിനിയുടെ കിടപ്പു ശരിയാക്കിയിട്ട് ടെക്‌നീഷ്യന്‍ വാത്സല്യത്തോടെ ചിരിച്ചു. 
''പേടിയുണ്ടോ? പേടിക്കാന്‍ ഒന്നുമില്ല കേട്ടോ''
മെഷീനിന്റെ ഉള്ളില്‍ നിന്നും വരുന്ന ചരടില്‍കോര്‍ത്ത ഒരു സ്വിച്ചു അവര്‍ അശ്വിനിയുടെ കൈയില്‍ വെച്ചു കൊടുത്തു. 
''എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഇവിടെ അമര്‍ത്തിയാല്‍ മതി. ഞങ്ങള്‍ ആ ഭിത്തിക്ക് അപ്പുറം നിന്ന് നോക്കുന്നുണ്ടാവും.'  
അതുപറഞ്ഞ് അവര്‍ അശ്വിനിയുടെ കൈയില്‍ മൃദുവായി അമര്‍ത്തി. 
''റേഡിയേഷന്‍  കൊണ്ട് ഒരു കുഴപ്പവും ഉണ്ടാവില്ല.''
ഡോക്ടര്‍ അശ്വിനിക്കു ഉറപ്പുകൊടുത്തിരുന്നതാണ്. 
ഉറപ്പുകള്‍എല്ലാം കേട്ടിട്ടും അശ്വിനിയുടെ ഉള്ള് പുഴുങ്ങാന്‍ അടുപ്പത്തുവെച്ച മുട്ട ധൃതിപിടിച്ച് എടുത്തതുപോലെ വേവാതെ കിടന്നു.  മിനുത്തു തിളങ്ങുന്ന ഉറച്ച വെള്ളട്ടിക്കു നടുവില്‍ ഗ്ലും..ഗ്ലും...  എന്നങ്ങനെ.
ഇത് സുഖമാക്കുന്ന യന്ത്രമാണെങ്കില്‍ ഒരു കുഴപ്പവും ഉണ്ടാവില്ല എന്നു പറഞ്ഞവര്‍ ഒളിച്ചിരിക്കേണ്ട ആവശ്യമുണ്ടോ?  ധീരശൂരപരാക്രമികളായ മെഡിക്കല്‍ സ്റ്റാഫ് വെള്ളക്കോട്ടിട്ട് ഭിത്തിക്കപ്പുറത്ത് നില്‍ക്കുന്നതെന്തുകൊണ്ടാണ്? 
''ഹാ! എന്തൊരു ഹിപ്പോക്രസിയാണിത്!'' 
കീര്‍ത്തന പറഞ്ഞ ഹിപ്പോക്രസൈറ്റിസിനുള്ള ചികിത്സ മെഡിക്കല്‍ സ്റ്റാഫിനും കൊടുക്കണം. ക്യാന്‍സുമാത്രം അശ്വിനിയെ ചേര്‍ത്തുപിടിച്ചു  പരാതികളെല്ലാം കേട്ട് അവള്‍ക്കൊപ്പംനിന്നു. 
  
വെള്ളിയാഴ്ച രാത്രി വൈകിയുറങ്ങാന്‍ കാരണങ്ങളൊന്നും ഇല്ലാതിരുന്നതുകൊണ്ടു ശനിയാഴ്ച അശ്വിനി നേരത്തെ ഉണര്‍ന്നു.  ഉണരുമ്പോള്‍ അശ്വിനിയുടെ തല വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു. വിയര്‍പ്പിന്റെയോ മറ്റെന്തിന്റെയോ ഒരു വൃത്തികെട്ട മണം ശരീരത്തില്‍ നിന്നും വരുന്നുണ്ടെന്ന് അവള്‍ക്കു തോന്നി. എഴുന്നേറ്റു കുളിക്കാന്‍ മടിച്ചു അശ്വിനി കിടക്കയില്‍ തന്നെ കുതിര്‍ന്നു കിടന്നു. സൂര്യനുദിച്ചു കഴിഞ്ഞും ഉറങ്ങേണ്ട മടി ദിവസമാണ് ശനിയാഴ്ച. നവംബറിന്റെ തണുപ്പും ഇരുട്ടുമായി രതിസുഖസാരേ തുടങ്ങേണ്ട സുഖദിവസമായിരുന്നു അത്.   
 
മോഹന്‍ അതിഥിമുറിയില്‍ ശല്യങ്ങളില്ലാതെ ഉറങ്ങി. ഡിസംബറില്‍ തീരുന്ന സെമസ്റ്ററിന്റെ പിടച്ചിലിനുള്ളില്‍ ചുറ്റിക്കറങ്ങുകയായിരുന്നു കീര്‍ത്തന. അവധിദിവസങ്ങള്‍ അസൈന്‍മെന്റുകളും പ്രോജക്ടുകളും പേപ്പറുകളും പണിയാനുള്ളതാണ്, അമ്മയോട് കൊഞ്ചിക്കളയാനുള്ളതല്ല എന്നവള്‍ അശ്വിനിക്കു മുന്നറിയിപ്പു  കൊടുത്തിരുന്നതാണ്..    
''മമ്മൂസ് I have 3 papers due next week, and the project presentation is on Wednesday.'  
'എന്റെ രന്നാ, നീ വല്ലതും കഴിക്കുന്നുണ്ടോ?'' 
''ഓ അതൊക്കെയുണ്ട്. You take care of yourself and let me take care of these stupid assignments.'
അതായിരുന്നു കീര്‍ത്തനയുടെ പ്രിസ്‌ക്രിപ്ഷന്‍.  
 
തണുപ്പ് വീടിനുള്ളിലെ ഇരുട്ടില്‍ തപ്പിത്തടഞ്ഞു നടന്നു. ഷേവ് ചെയ്തു, കുളിച്ചു പുറത്തു പോകാന്‍ തയ്യാറായി വന്ന മോഹന്‍ അശ്വിനിയുടെ മുഖത്തേക്ക് നോക്കാതെ, കണ്ണു ചുളിക്കാതെ പറഞ്ഞു.
''എനിക്ക്ഓഫീസിലേക്ക് ഒന്ന് പോണം.''
എന്തിന്, എപ്പോള്‍, എത്ര നേരത്തേക്ക് എന്നൊക്കെ ചോദിക്കാന്‍  അശ്വിനി മിനക്കെട്ടില്ല. 
''സെര്‍വര്‍ അപ്പ്ഗ്രേഡില്‍ എന്തോ പ്രശ്‌നങ്ങളുണ്ട്. ഒന്നു പോയി അന്വേഷിക്കണം.'' 
''ഐ.ബി.എം. ടെക്‌നീഷന്‍ അവ്‌ടെണ്ട്. ടെക്‌നിക്കല്‍ മനേജറുമുണ്ട്. എന്നാലും പ്രശ്‌നങ്ങളുള്ളതുകൊണ്ട് ഒന്നു പോയി നോക്കുന്നത് നല്ലതാണ്.''
മോഹന്‍ വീണ്ടും തെളിവുകള്‍ നിരത്തിക്കൊണ്ടിരുന്നു. ഒരാള്‍ എവിടെയല്ലെന്ന് ഒപ്പം ജീവിക്കുന്ന സ്ത്രീക്കു കൃത്യമായി അറിയാന്‍ കഴിയും. വിസ്തരിച്ചാലും വിവരിച്ചാലും സാക്ഷിമൊഴി ഉണ്ടെങ്കിലും. അശ്വിനി ആ മറുപടി മോഹനോടു
പറഞ്ഞില്ല.
ബ്ധും! കാറിന്റെ വാതിലടഞ്ഞ ശബ്ദത്തില്‍ അശ്വിനി കണ്ണു ചിമ്മിയില്ല.       
 
ജീവിതം ചതുരംഗക്കളിയാണ് മോഹന്. അശ്വിനിക്കറിയേണ്ടത് അവളതിലെ കാലാളോ കുതിരയോ എന്നാണ്. ഒരിക്കല്‍ രണ്ടു ചുവടു മുന്നോട്ടനുവദിക്കപ്പെടുന്ന കാലാള്‍ക്ക് ഒരേദിശയില്‍ ഒറ്റച്ചുവടുകള്‍ മാത്രമേ പാടുള്ളൂ. കുതിരയാണെങ്കില്‍ ഏങ്കോണിച്ചു ചാട്ടം മാത്രം. നേര്‍ക്കു നേരെ നോക്കാതെയുള്ള  ഏങ്കോണിച്ചു ചാട്ടം അശ്വിനിക്ക് മടുപ്പായിമാറി. അശ്വിനിക്ക് പ്രണയം വേണം. ഓവനിലിരിക്കുന്ന കേക്കു പോലെ, താഴെയും മുകളിലും നിന്നുള്ള ചൂടില്‍ പൊങ്ങിപ്പൊങ്ങി ഇരട്ടിയായി പിന്നെയും മദിച്ചു പൊങ്ങാനോങ്ങി നടുവെ പിളര്‍ന്ന്, കൊതിപ്പിക്കുന്ന മണം പരത്തുന്ന പ്രണയം. 
 
ക്‌ളോക്കില്‍ സമയം ഒന്നുകൂടി നോക്കിയിട്ടു അശ്വിനി റേഡിയോ ചെവിപൊട്ടുന്ന ശബ്ദത്തില്‍ വച്ചു. ടി.വി. ചാനലുകള്‍ വീണ്ടും വീണ്ടും തിരിച്ചു. ടി.വിയുടെ ശബ്ദം ഉച്ചത്തിലാക്കി നോക്കി. ടി.വി.യിലെ ആളുകളുടെ ഉടുപ്പും നടപ്പും മുടിയും മുലയും മുഖത്തെ ചുളിച്ചിലും ശ്രദ്ധയോടെ പഠിച്ചു.  എല്ലാ ദിവസവും ഒരേ ഷോകള്‍. ഒരേ ആളുകള്‍. സംസാരം... സംസാരം... നിലക്കാത്ത സംസാരം... അതല്ലാതെ അശ്വിനിക്കു കൊടുക്കാന്‍ ടി.വിക്ക് ഒന്നുമുണ്ടായിരുന്നില്ല.  ആളുകളില്ലാത്ത ഇടം- അതു അശ്വിനിക്ക് അപരിചിതമായിരുന്നു. ആളുകള്‍, ചുറ്റും എത്രയധികം ആളുകളായിരുന്നു! ആളുകളും ശബ്ദവുമില്ലാത്തയിടത്തു, ആകെയുള്ളത് തീര്‍ന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന അശ്വിനി മാത്രമാണ്. വിദ്യയുടെ ദിവസങ്ങളെ കെട്ടിയിടാതെ അശ്വിനി ഒഴിവുകഴിവുകളില്‍ ഒളിച്ചുകളിച്ചു. ഹീറ്ററിന്റെ വെന്റിലൂടെ കാറ്റിന്റെയൊരു കുഞ്ഞിത്തിര മാത്രം ഹൂ...ഹൂ...ന്ന് ഉണര്‍ന്നിരുന്നു. 
 
ചായകപ്പില്‍ പത്തു വിരലുകളുംകൊണ്ടു ചുറ്റിപ്പിടിച്ച് അശ്വിനി അടുക്കള മേശക്കരികിലിരുന്ന് പുറത്തേക്ക് നോക്കി. 
മഞ്ഞിന്റെ നേര്‍ത്ത പൂവുകള്‍ ആടിയാടി ഭൂമിയിലേക്ക് വീണുകൊണ്ടിരുന്നു. ആദ്യത്തെ മഞ്ഞിന്റെ വരവായിരുന്നു അന്ന്. അപരിചിതയിടത്തെത്തിയ കുട്ടിയെപ്പോലെ മഞ്ഞുപൂവുകള്‍ പുല്ലിനെ മൃദുവായി കെട്ടിപ്പിടിച്ചു ചേര്‍ന്നു നിന്നു.        
''ഈ വര്‍ഷം സ്‌നോ നേരത്തേ വന്നു, ഇത് ശരിയല്ല!'' 
''നവംബര്‍ കഴിയാതെ മഞ്ഞിനോടു വീഴാന്‍ ആരാണ് ആവശ്യപ്പെട്ടത്.''
അശ്വിനി റാണാ പ്രതാപ് സിംഗിനോടു പരാതിപ്പെട്ടു.
ചുവന്ന ഇലകളെല്ലാം കൊഴിഞ്ഞു കറുത്ത ഒരു ചട്ടക്കൂടായി നിന്നിരുന്ന സാന്റ്‌ചെറിയെ പുതുമഞ്ഞ് മെല്ലെമെല്ലെ താലോലിച്ചു  ആര്‍ട്ട് ഗ്യാലറിയിലെ കലാരൂപം പോലെയാക്കികൊണ്ടിരുന്നു. ഒരു ഋതു തകര്‍ത്തുകളഞ്ഞ ചൈതന്യത്തെ മറ്റൊരു ഋതു മഞ്ഞുപൊത്തിയലങ്കിരിച്ചു.   
 
ഡെക്കിന്റെ കൈവരികളില്‍ മഞ്ഞ് വെള്ള ലേസ് പിടിപ്പിച്ചിട്ടുണ്ട്. കൂപ്പര്‍ പുറത്തു ചാടിപ്പോവാതെ കെട്ടിയിരിക്കുന്ന കറുത്ത അഴിവേലിയില്‍ പറ്റിയിരിക്കുന്ന മഞ്ഞ് കാണിച്ചു കീര്‍ത്തന ആവേശത്തില്‍ പറയും.     
''നോക്ക് മമ്മാ, കൂപ്പറിന്റെ ഫെന്‍സിലെ ലേസ് കണ്ടോ? രന്നെടെ ഉടുപ്പിലെപ്പോലെ.''  
''പ്രെറ്റി.. ഇല്ലേ മമ്മ, പ്രെറ്റി!'' 
എല്ലാമെല്ലാമെല്ലാം സുന്ദരമായിരുന്ന ഋതുക്കളുണ്ടായിരുന്നു. 
പ്രെറ്റി... 
പൂവ് പ്രെറ്റി...
മഞ്ഞു പ്രെറ്റി... 
മമ്മു പ്രെറ്റി... 
രന്നേന്റെ ഉടുപ്പു പ്രെറ്റി, 
ലീഫ് പ്രെറ്റി 
ഷൂസ് പ്രെറ്റി 
ഐസ് പ്രെറ്റി... 
റാസ്ബെറിപ്പഴങ്ങള്‍ പ്രെറ്റി 
മമ്മൂന്റെ മുടി പ്രെറ്റി... 
നഖങ്ങള്‍ പ്രെറ്റി... 
''പ്രെറ്റി.. ഇല്ലേ മമ്മ, പ്രെറ്റി!''
പ്രെറ്റിയല്ലാത്തത് ഒന്നുമില്ലായിരുന്നു വീട്ടില്‍, ലോകത്തില്‍... 
അശ്വിനിയുടെ തലക്കകത്ത് ഗതിവിട്ടു കറങ്ങുന്നൊരു ഭാഗമുണ്ട്. 
''മാല്‍ഫങ്ങ്ഷന്‍!''
അത് ഒരുകാര്യത്തില്‍ തന്നെ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കും.  ഓര്‍ക്കരുതെന്ന് മനപൂര്‍വ്വം ശ്രമിച്ചാലും അവിടെത്തന്നെ ചുറ്റിക്കറങ്ങും. പൊട്ടിയ റെക്കോര്‍ഡ് പോലെ, മോഹന്‍ പഠിപ്പിച്ച കോഡിംഗിലെ ഇന്‍ഫിനിറ്റ് ലൂപ്പ് പോലെ. 
 
നിശബ്ദതയുടെ ഒച്ചയും നിലവിളിയും നിറഞ്ഞ വീട്ടിലിരുന്നു പിന്നോട്ടു പിന്നോട്ടു മാത്രം ഉരുണ്ടുരുണ്ടു പോകുന്ന ഓര്‍മ്മകളെ മുന്നിലേക്കു പായിക്കാന്‍ അശ്വിനി ശ്രമിച്ചു നോക്കി. ശരീരത്തിന്റെ ഒരറ്റം മുതല്‍ വിഴുങ്ങാന്‍ വായപൊളിച്ച്, മഞ്ഞിന്റെ കൂട്ടിക്കൊടുപ്പുകാരനെപ്പോലെ ഹാള്‍വേയില്‍ പതുങ്ങിയിരുന്ന ബൂട്ടിസിട്ടു അശ്വിനി മടിയോടെ നടക്കാനിറങ്ങി.  
പടിയില്‍ വീണു കിടക്കുന്ന ഇളം മഞ്ഞിനെ അശ്വിനി സ്‌നേഹത്തോടെ നോക്കി.  മുറ്റത്തെ മരത്തിന്റെ ചില്ലകളില്‍ മഞ്ഞുപൊത്തി കളിക്കുന്ന കുട്ടിക്കാറ്റ് അവളോട് ചോദിച്ചു. 
''പൊന്നുംകൊടത്തു സ്‌നോ. അതിനെ ചവിട്ടി നശിപ്പിക്കണോ?''
ഒരു കാല്‍പ്പാടു പോലും വീഴാത്ത പുതുമഞ്ഞ് അശ്വിനിയുടെ  ബൂട്ട്‌സിനെ  കെട്ടിപ്പിടിച്ചു.    
റോഡില്‍ വീണ മഞ്ഞു ഉരുകിപ്പോകാന്‍ തുടങ്ങിയിരുന്നു. കറുത്ത റോഡിനു അരികുവാളം പോലെ മഞ്ഞിന്റെ പ്രെറ്റി ലേസ്‌കണ്ടു അശ്വിനി നടന്നു. അശ്വിനി കമ്പിളിത്തൊപ്പിയുടെ അറ്റം താഴേക്കു വലിച്ച് ചെവിമൂടി.  സ്‌കാര്‍ഫുകൊണ്ട് മൂക്കും മറച്ചു.  മഞ്ഞുകാലത്ത് പുറത്ത് മനുഷ്യരില്ല, കോട്ടുകളും തൊപ്പികളുമേയുള്ളൂ.   
 
നിന്റെ അഹമ്മതി ഇപ്പൊ തീരുത്തു തരാടീന്നൊരു സാഡിസ്റ്റു കാറ്റ് വെള്ളില മരത്തിനോടു കലഹിച്ചു നിന്നു. മരത്തിനോടുള്ള മല്‍പ്പിടുത്തം കഴിഞ്ഞ് മുണ്ടുമാടിക്കുത്തി തെക്കേയറ്റത്തെ ചൂള മരങ്ങള്‍ക്കിടയിലൂടെ ആടിയാടിപ്പോയി കാറ്റ്. ഒന്നുലഞ്ഞു പിന്നെ നേരെയായി മറുവശത്തേക്ക് വീണ്ടുമൊന്നു ചാഞ്ഞ് മരം നേരെതന്നെ നിന്നു. കാറ്റു പോയ വഴിയും കൊഴിച്ച ഇലകളെയും ഗൗനിക്കില്ലെന്നു വാശിപിടിച്ച്, കൊമ്പുകള്‍ ഉയര്‍ത്തിപ്പിടിച്ച് ആകാശത്തേക്ക് കണ്ണുറപ്പിച്ചു നിന്നു അഭിമാനിമരം. തണുത്ത കാറ്റും തൊപ്പിയുടെയും കോട്ടിന്റെയും തടവറയും കൂടി അശ്വിനിക്ക് നടപ്പ് ആയാസകരമായി മാറി. ഒരു ദിവസത്തേക്ക് പറഞ്ഞിട്ടുള്ള പതിനായിരം അടി പുറത്തു നടക്കാന്‍ തണുപ്പു അശ്വിനിയെ അനുവദിച്ചില്ല. അടുക്കായി ഇട്ടിരുന്ന സ്വെറ്ററിനും കോട്ടിനു മടിയില്‍ റേഡിയേഷന്‍ കരിച്ച ഭാഗം നീറിക്കൊണ്ടിരുന്നു.  
 
തണുപ്പുകാലം കഴിയുന്നതു വരെ ഷോപ്പിംഗ് മാളില്‍ നടക്കുന്നതായിരിക്കും നല്ലതെന്നവള്‍ തീരുമാനിച്ചു. തണുപ്പുകാലത്ത് കടകള്‍ തുറക്കുന്നതിനു മുന്‍പെ  വരാന്തകളിലൂടെ അങ്ങോളമിങ്ങോളം ആളുകള്‍ക്കു നടക്കാം.  അശ്വിനി ഒന്നുരണ്ടു തവണ ആ ഇടനാഴികളിലൂടെ നടന്നിട്ടുണ്ട്. പ്രായമായവരുടെയും, നടക്കാന്‍ ബുദ്ധിമുട്ടുള്ളവരുടെയും, വര്‍ത്തമാനം പറഞ്ഞു കൂട്ടമായി നടക്കുന്നവരുടെയും ഇടയിലൂടെ അശ്വിനി ഒറ്റക്കു നടന്നു. അശ്വിനി മോഹനെ കൂട്ടു വിളിച്ചു നോക്കിയതാണ്.
''ഞാന്‍ ജോലി രാജിവെക്കണോ നിന്റെ കൂടെ നടക്കാന്‍ വരാന്‍?''
മറുചോദ്യത്തില്‍ മോഹന്‍ അശ്വിനിയെ തോല്പിച്ചു. 
''മാളില്‍ നടക്കണം, നടക്കും! ഒറ്റപ്പെടാതെ, കാറ്റിനു പകരം ക്യാന്‍സുവിന്റെ കൈപിടിച്ചു ഞാന്‍ നടക്കും.''
ആ തീരുമാനത്തില്‍ അശ്വിനി തിരിച്ചു വീട്ടിലെത്തി. മോഹന്‍ മടങ്ങിവന്നത് പൊതിഞ്ഞ ക്രിസ്തുമസ് സമ്മാനങ്ങളുമായിട്ടായിരുന്നു.    
''അടുത്തയാഴ്ചയാണ് ഡിപ്പാര്‍ട്ട്‌മെന്റു പാര്‍ട്ടി.''  
അയാള്‍ അടുക്കളയോടു പറഞ്ഞു. നവംബറിലേ തുടങ്ങുന്നതാണ് ജോലിസ്ഥലത്തെ ക്രിസ്തുമസ് പാര്‍ട്ടികള്‍. മോഹന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ ജോലിക്കാര്‍ക്കുള്ള സമ്മാനങ്ങളായിരുന്നു അത്. കടകള്‍ക്കു മുന്നില്‍ ക്രിസ്തുമസ് സമ്മാനങ്ങള്‍ പൊതിഞ്ഞുകൊടുക്കുന്ന ബൂത്തുകളുണ്ട്. മനോഹരമായ പേപ്പറുകളില്‍ നിന്ന് ഇഷ്ടമുള്ളത് ചൂണ്ടിക്കാണിച്ചാല്‍, അവര്‍ ഭംഗിയായി സമ്മാനങ്ങള്‍ പൊതിഞ്ഞു കൊടുക്കും. 
 
അശ്വിനിക്ക് സമയം അധികമുണ്ട്. അത് പക്ഷേ രോഗം പിടിച്ച സമയമാണ്. അത് മോഹനുവേണ്ട. ക്രിസ്തുമസ് സമ്മാനങ്ങള്‍ പൊതിയാന്‍ നല്ല ആരോഗ്യമുള്ള, മുലയുള്ള, മുടിയുള്ള, ചന്തമുള്ള സമയം വേണം. ഇല്ലെങ്കില്‍ പണം കൊടുത്തു വാങ്ങും മോഹനത്. ആഹ്ലാദം, വിജയം, അന്തമില്ലാത്ത ആഘോഷങ്ങള്‍ അതെല്ലാമാണ് മോഹനു ജീവിതത്തില്‍ വേണ്ടത്. വേദനയും ദുഖങ്ങളും നിരാശയും പങ്കിടാന്‍ മോഹനെ കാക്കേണ്ട. 
 
വിരസമായ ഞായറും ഞരങ്ങിപ്പോയിക്കഴിഞ്ഞപ്പോള്‍ കൂടുതല്‍ മടുപ്പുമായി തിങ്കളാഴ്ചയും വന്നു. പുറംചുവരിലേക്ക് ഐസു കല്ലുകള്‍ വീഴുന്ന പരുപരുത്ത ശബ്ദമാണ് അശ്വിനിയെ ഉണര്‍ത്തിയത്. മോഹന്‍ ജോലിക്കു പോയിക്കഴിഞ്ഞു. സോഫയില്‍ ചരിഞ്ഞിരുന്നു അശ്വിനി ഉറങ്ങിപ്പോയതായിരുന്നു. റോഡ് ഐസിന്റെ ഒരു പാളികൊണ്ട് പുതച്ചിട്ടുണ്ടായിരുന്നു. മോഹന്‍ ഓഫീസിലെത്തിയെന്ന മെസേജുണ്ടോ എന്നു ഒന്നുകൂടി നോക്കിയിട്ടു അശ്വിനി അമ്മയെ വിളിച്ചു.  
'നീയെന്താ മോളു ശനിയാഴ്ച്ച വിളിക്കാതിരുന്നത്?'  
അശ്വിനി അതിനുത്തരം പറഞ്ഞില്ല.  

''ഇവിടെ ഫ്രീസിംഗ് റെയ്‌നാണമ്മേ.''
''എന്നുവെച്ചാ എന്താ മോളേ?'' 
''ഐസ്മഴ, മഴേടെ വെള്ളം അങ്ങു ഫ്രീസ് ചെയ്തു പോയിട്ട് ഐസ് കല്ലുകളു മഴയായിട്ട് വീഴും.''  
ഇത്രയും വര്‍ഷമായിട്ടും അമ്മയോടെന്താണ് ഫ്രീസിംഗ് റെയിനെന്താണെന്നു പറയാതിരുന്നതെന്നവള്‍ സംശയിച്ചു.    
''ആലിപ്പഴാണോടീ?''
''ആലിപ്പഴത്തിന്റെ കാല്‍പനികതേം റൊമാന്‍സുന്നും ഇല്ലാത്ത സാധനം.''
അമ്മയോടുള്ള കിന്നാരം കഴിഞ്ഞപ്പോള്‍ ഇത്തരം കാലാവസ്ഥയില്‍ ഒരു സോഫയില്‍ പുതച്ചുറങ്ങാന്‍ എത്ര കൊതിച്ചിട്ടുണ്ടെന്നു അശ്വിനിയോര്‍ത്തു. ചമല്‍ക്കാരക്കാറ്റപ്പോള്‍ ഇലയില്ലാ ചില്ലകളെ  ഐസ് കൊണ്ടു ചില്ലിട്ടലങ്കരിക്കുകയായിരുന്നു.
(തുടരും)

നോവല്‍ മുന്‍ അധ്യായങ്ങള്‍ വായിക്കാം

Content Highlights: Women Novel Manjil Oruval Part Thirty Three