Me Myself & I      

രാത്രിമുഴുവന്‍ മഞ്ഞു വീണു. ഓരോരോ ഹിമച്ചില്ലായി, ഒന്നിനു മേലെ ഒന്നായി, അടുക്കടുക്കായി.  അശ്വിനിയുടെ പൂന്തോട്ടം,  പാര്‍ക്ക്,  ഭൂമി എല്ലാം വെള്ളക്കച്ച പുതച്ചു കിടന്നു. മഞ്ഞു പഴയതിനെയെല്ലാം മരവിപ്പിച്ചു, മൂടിക്കളഞ്ഞിരുന്നു.   ഇളം പച്ചയൊക്കെ വെള്ളവും ചണ്ടിയുമായി മാറും. കാതലുള്ളത് മാത്രം രക്ഷപെടും. തണുപ്പിനെയും മരവിപ്പിനെയും അതിജീവിക്കാനുള്ള കാതല്‍ ഉണ്ടാവണം. ഇല്ലെങ്കില്‍ കൊടുംതണുപ്പു കാലത്തും  ഇളംചൂടു സൂക്ഷിക്കുന്ന മണ്ണിന്റെ ആഴത്തിലായിരിക്കണം വേരുകള്‍. 

തിങ്കളാഴ്ച ഒരു നല്ല ദിവസമാണ്. ശുഭാരംഭത്തിനു യോജിച്ച ദിവസം. അശ്വിനിയുടെയും മോഹന്റെയും വിവാഹം ഒരു തിങ്കളാഴ്ചയായിരുന്നു. നാളും രാശിയും നോക്കി ഒപ്പിച്ചെടുത്തൊരു തിങ്കള്‍. കല്യാണ ആല്‍ബത്തിലെ വെയിലും നീലാകാശവും പച്ചതെങ്ങോലയും കണ്ട് സ്‌കൈലര്‍ ചോദിച്ചുപോയി. 
''വോ! ഇങ്ങനെയാണോ നിങ്ങളുടെ ഫെബ്രുവരികള്‍?''  
ആ ചിത്രങ്ങളില്‍ അന്നേവരെ ശ്രദ്ധിക്കാതിരുന്ന ആകാശത്തിന്റെ നീലനിറം നോക്കി അശ്വിനി പറഞ്ഞു.   
''അതേ മഴയില്ലാതെ, അധികം ചൂടു വരുന്നതിനു മുന്‍പുള്ള സമയം.''
''നിനക്കെന്താ പ്രാന്തുണ്ടോ ഈ തണുപ്പില്‍ കിടക്കാന്‍?''
ചില ഭ്രാന്തുകള്‍ അങ്ങനെയാണെന്ന് അശ്വിനി പറയാന്‍ മിനക്കെട്ടില്ല. കഥകള്‍ പറഞ്ഞു പറഞ്ഞു അവള്‍ക്കു മടുത്തുപോയിരുന്നു.  അശ്വിനിയുടെ നാട്ടിലെ മണ്‍സൂണ്‍, ചൂട്, ആളുകള്‍ തിങ്ങിക്കയറുന്ന ട്രെയിന്‍, ബസ്, കമ്യൂണിസം, നെല്ലു വിളയുന്ന വിധം,  മാവുമരം, ചക്കമരം, റോഡിലെ പശുക്കള്‍, ദൈവങ്ങള് ..... പഠിക്കാന്‍ കാനഡയില്‍ വന്നകാലംതൊട്ടു അശ്വിനി വിശദീകരിച്ചു ക്ഷീണച്ചതാണു അതെല്ലാം. പറഞ്ഞു മടുത്ത പഴങ്കഥകള്‍, പണ്ടാരക്കഥകള്‍!

സങ്കടങ്ങളിലേക്ക് നഷ്ടങ്ങളിലേക്ക് കിട്ടാതെപോയ ആഗ്രഹങ്ങളിലേക്ക് ഊളിയിടുമ്പോള്‍ തത്വജ്ഞാനം  അശ്വിനിയോടു ചോദിക്കും 
''ഈ പഴയ കാര്യങ്ങളോര്‍ത്തിരിക്കാതെ മറന്നു കൂടെ?''
''പിന്നെന്താ, എല്ലാം മറന്നേക്കാം. രാവിലെ ഞാന്‍ കിടക്കയില്‍ മുള്ളാം! അവിടെ നിന്നു തുടങ്ങിയാല്‍ മതിയോ ഓര്‍മ്മകള്‍? അല്ലെങ്കില്‍ ഡ്രൈവ് ചെയ്യാന്‍ പഠിച്ചതിനു മുന്‍പ് വരെ. ഇഞ്ചിനീയറിംഗ് പഠിച്ചത് ഓര്‍മ്മിക്കാവോ?'' 
അശ്വിനി അതില്‍ കലഹിക്കും.
''എനിക്കു നാല്‍പ്പതു വയസ്സുണ്ടെങ്കില്‍ അതിന്റെ ഓര്‍മ്മയും ഉണ്ടാവും. അല്ലാതെ ഞാന്‍ അഞ്ചു വയസ്സുള്ള കുട്ടി ആവില്ല. സങ്കടവും സന്തോഷവും എല്ലാം കൂട്ടിയാണ് ഇവിടംവരെ എത്തിയത്. ഞാനെന്നു പറഞ്ഞാല്‍ ഇതൊക്കെ കൂടിയതാണ്. അതില്‍ മറ്റെയാള്‍ക്ക് അണ്‍കംഫോര്‍ട്ടബിള്‍ ആയ ഭാഗം മറക്കാന്‍ പറഞ്ഞാല്‍ നടപ്പുള്ള കാര്യമല്ല.'' 
റാണാ പ്രതാപ് സിംഗും ഒരിക്കല്‍ അശ്വിനിയെ ഉപദേശിച്ചു നന്നാക്കാന്‍ നോക്കി.  
'' കിട്ടാതെപോയതോരോന്നും കോര്‍ത്തു കോര്‍ത്ത് മാലേണ്ടാക്കി, അതു ജപിച്ചു ജപിച്ചു സ്മാരകമണ്ഡപത്തില്‍, ജീവിതം കളയല്ലേ പെണ്ണേ!''  
അശ്വിനി അപ്പോള്‍ റാണയെ ഭീഷണിപ്പെടുത്തി.    
''എടോ തന്നെ കുത്തിച്ചതച്ചു ഞാന്‍  കാന്താരിച്ചമ്മന്തിയുണ്ടാക്കും!'' തിങ്കള്‍,  ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള ശുഭ ദിവസം. അശ്വിനി നെഞ്ചില്‍ തലോടി.
''ഇതെന്റെ യുദ്ധഭൂമി.'' 

അവള്‍ കിടപ്പുമുറി വൃത്തിയാക്കാന്‍ തുടങ്ങി. അസുഖം തുടങ്ങിയ അറിയിപ്പു മുതല്‍ കിട്ടിയ സമ്മാനങ്ങളും ആശംസകളും കിടക്കയിലും മേശയിലും അലമാരിപ്പുറത്തുമായി കിടന്നത് അശ്വിനി പ്ലാസിറ്റിക്കിന്റെ വിഴുപ്പുകൊട്ടയിലാക്കി.  പോസിറ്റീവ് ആറ്റിറ്റിയൂഡും യോഗയും മെഡിറ്റേഷനും തമാശകളും തത്വജ്ഞാനങ്ങളും നിറഞ്ഞ പുസ്തകങ്ങളും വിഡിയോകളും കൂട്ടി അശ്വിനി അവളുടെ സ്മാരകസൗധം സ്വരൂപിച്ചു. സ്‌നേഹിച്ചവരുടെയും, സ്‌നേഹം ഭാവിച്ചവരുടെയും, സ്‌നേഹം മോഷ്ടിച്ചവരുടെയും, അശ്വിനിയുടെ സ്‌നേഹം ചെളിയിലേക്ക് എറിഞ്ഞു പരിഹസിച്ചവരുടെയും വിരല്‍പ്പാടുകള്‍ അതിലുണ്ടായിരുന്നു.
''നീ ഉണ്ടായിരുന്നു. ഒരിക്കല്‍ നീ ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടവളായിരുന്നു.''  അത്രയോക്കെയെ അവ പറയുന്നുള്ളൂ. ഇന്ന് ഇപ്പോഴാണ് ജീവിതം എന്നല്ലേ ജീവിത സഹായികളെല്ലാം പഠിപ്പിക്കുന്നത്? ജീവിതത്തെ വിചാരണ ചെയ്യുന്നതില്‍ കാര്യമില്ല.   

എന്നും എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ പറഞ്ഞത് അനുസരിക്കാന്‍ അശ്വിനി തീരുമാനിച്ചു. ഇന്ന് അശ്വിനിയുടേത് നേക്കഡ് ലഞ്ച്!  
Show your girlies 
മുലയില്ലാത്തതുകൊണ്ടു  ഇനി പൊതുസ്ഥലത്ത് അശ്വിനിക്ക് മാറു മറക്കാതെ പോവാമോ? കാനഡയില്‍ സ്ത്രീകള്‍ക്ക് അതിനുള്ള അവകാശമുണ്ട്. പക്ഷേ, കേരളത്തില്‍ പോകുമ്പോഴോ? സദാചാരപോലീസ് അശ്വിനിയെ തല്ലിക്കൊല്ലുമോ? തലമുടി ഉള്ളതുകൂടി മുറിച്ചു മാറ്റുമോ? പോലീസ് സ്റ്റേഷനില്‍ എല്പ്പിക്കുമോ? ജയിലിലടക്കുമോ? ഒരു കാലത്ത് സ്ത്രീകള്‍ മേല്‍ വസ്ത്രം ധരിക്കുന്നത് തെറ്റായി കണ്ടിരുന്ന ഒരു നാടു തന്നെയല്ലേ അത്?   അതല്ലേ പാരമ്പര്യം?   
''പാരമ്പര്യത്തിനും ഒരു സ്റ്റാര്‍ട്ടിംഗ് പോയന്റ് സദാചാരികള്‍ തീരുമാനിച്ചിട്ടുണ്ടടോ' 
അശ്വിനി വിദ്യയെ പഠിപ്പിച്ചതാണത്.   
''ഇപ്പോഴത്തെ മധ്യവയസ്‌ക്കരുടെ അമ്മ അല്ലെങ്കില്‍ അമ്മൂമ്മമാരുടെ കാലം. അറുപതു-എഴുപതുകളിലേ  സാരി, അടക്കം, ഒതുക്കം, കണ്ണിലല്പം കരിമഷി - അങ്ങനെയുള്ളതാണ് യഥാര്‍ത്ഥ ഭാരത സംസ്‌ക്കാരം.  അവിടെയിട്ടാണ് ഭാരത സംസ്‌ക്കാരത്തെ കുടുക്കിട്ടു പിടിച്ചു മമ്മിഫൈ ചെയ്യേണ്ടത്! ' 
മാറത്ത് ഒളിക്കാന്‍ ഒന്നുമില്ലാത്തവള്‍ക്ക് എന്തു വിലക്കുകളായിരിക്കും ഉള്ളതെന്നു അശ്വിനി സംശയിച്ചു.  കണ്ടു പിടിച്ചിട്ടു തന്നെ കാര്യം എന്നു നിശ്ചയിച്ചു. അശ്വിനി കൈ രണ്ടും ഉയര്‍ത്തി ടോപ് മെല്ലെ തലക്കു മുകളിലൂടെ വലിച്ചൂരിയെടുത്തു.    

''നെന്റെ പെണ്ണിങ്ങ കാണിക്കു പെണ്ണെ.''
Show your girlies!  
തണുപ്പില്‍ കൈകള്‍ കൂട്ടിത്തിരുമ്മി ചൂടുള്ള സൂപ്പിനു മുന്‍പിലിരുന്നു അശ്വിനി പ്രഖ്യാപിച്ചു.   
 
''ഇതാ ഞാന്‍. വെച്ചുകെട്ടുകളും അലങ്കാരങ്ങളും കാവലും കരുതലും ഇല്ലാതെ!'' 
ഞെട്ടറ്റുവീണ പൂവും മാമ്പഴവുമൊക്കെ കവിതകളാവാം. മുലമുറിച്ചതും പറിച്ചെറിഞ്ഞതും കവിതകളായിട്ടുണ്ട്.  ആരാണിനിയൊരു കവിത അശ്വിനിക്കായി രചിക്കുന്നത്?

കാറ്റ് പെട്ടെന്നൊരു ചുഴലിയായി അശ്വിനിക്കുള്ളിലേക്ക് കടന്നു കയറി. നിരാശ്രരായി നിരാശപ്പെട്ടുകിടന്ന ഓരോ കോശത്തെയും കാറ്റ് ഊതി ജ്വലിപ്പിച്ചു.  അന്നോളം ഗൂഢമായിരുന്ന നിറങ്ങള്‍ കോശങ്ങളില്‍ കത്തിയെരിഞ്ഞു. മഞ്ഞയേക്കാള്‍ നല്ല മഞ്ഞ, ചുവപ്പിനേക്കാള്‍ തീക്ഷ്ണമായ ചുവപ്പ്, പച്ചയെ നാണിപ്പിക്കുന്ന പച്ച,  വെള്ളയെ കൊതിപ്പിക്കുന്ന വെളുപ്പ്. അശ്വിനിയെ ഇരിക്കാനും നില്‍ക്കാനും അനുവദിക്കാതെയാ കൊടുങ്കാറ്റു ഇടിയും മിന്നലും ചുഴലിയും തീമഴയുംമായി അവളിലെ ഓരോ തന്മാത്രയിലും പെയ്തു.  
''When the roots are too strong they can strangle you too.' 
കൊടുങ്കാറ്റു  Mistress of spices ലെ ഉപദേശം ഉദ്ധരിച്ചു. പിന്നോട്ടു പിന്നോട്ടു മാത്രം കെട്ടിവലിച്ചുകൊണ്ടുപോകുന്ന പഴങ്കഥകള്‍ക്ക് ഒരുപെണ്ണു മാത്രം കൂട്ടിരിക്കുന്നതെന്തിനാണ്? ജീവനുവേണ്ടി മുല പണയപ്പെടുത്താമെങ്കില്‍,  ജീവിതം  കാര്‍ന്നു തിന്നുന്ന എല്ലാ  ക്യാന്‍സറുകളേയും മുറിച്ചും, കരിച്ചും, വിഷം കുടിച്ചും ഇല്ലാതാക്കുന്നതും തെറ്റല്ല.   ചില നല്ലകോശങ്ങളും ആ കൂട്ടത്തില്‍ നഷ്ടമായേക്കാം. പക്ഷേ ജീവിതമല്ലേ വലുത്?  അവനവന്റേതായ ജീവിതം.  

കീര്‍ത്തനക്ക് അശ്വിനിയൊരു  റോള്‍ മോഡല്‍ ആവില്ലായിരിക്കാം. പക്ഷേ അലമാരിയുടെ മൂലയിലെ ഹാങ്ങറില്‍ തൂങ്ങിക്കിടന്നു പഴയതാവുന്ന വെറുമൊരു വസ്ത്രമായി ഒതുങ്ങുന്നതും കീര്‍ത്തനക്ക് ആദര്‍ശ മാതൃകയല്ല. അശ്വനിയുടെ അമ്മ അശ്വനിക്ക് ആദര്‍ശ മാതൃകയാണോ? അമ്മയെപ്പോലെ  മറ്റാരൊക്കെയോ എഴുതിയ സ്‌ക്രിപ്റ്റനുസരിച്ചു ജീവിച്ചു  തീര്‍ക്കാനുള്ളതാണോ അശ്വിനിയുടെ ജീവിതം?  അശ്വിനിയും കാറ്റും ചോദ്യങ്ങളില്‍ കെട്ടിമറിഞ്ഞു. ക്യാന്‍സുവിനു അശ്വിനിയെ വേണം, വിട്ടു പോകാന്‍ വയ്യ. വിട്ടുകൊടുക്കാന്‍ തയ്യാറല്ല.  വേണ്ടാത്തവനില്‍ നിന്നും മെറ്റാസ്റ്റസൈസ് ചെയ്തു അശ്വിനിയെ അടര്‍ത്തിയെടുക്കുകയാണ് ക്യാന്‌സു.  
''എന്റെ അസ്ഥിക്കു പിടിച്ചവളെ....''  
ഒരു സിനിമയുടെ അന്ത്യം പോലെ ആരും പെട്ടെന്നു മാറുന്നില്ല.  രോഗം വന്നാലും ദുഃഖം വന്നാലും കാതല്‍ വ്യത്യാസപ്പെടാതെ നില്‍ക്കും. ഭയമോ ആശങ്കയോകൊണ്ട് പുറത്തെ പെരുമാറ്റം താല്‍കാലികമായി വ്യത്യാസപ്പെടാം. കാറ്റില്‍ കൊഴിയുന്ന ഇലപോലെ, കാറ്റിന്റെ ശക്തിയില്‍ ചിലപ്പോഴൊരു ചില്ല ഒടിഞ്ഞു വീണേക്കാം. പക്ഷെ, ഒരാളുടെ ഉള്ളിന്റെ ഉള്ള് എന്നുമെന്നും ഒന്നായിരിക്കും. ഓരോ സീസണിലും തളിര്‍ത്തുല്ലസിച്ചു, പൂത്തൂന്മാദിച്ചു, ഇലമൂടി, ഫലംകായ്ച്ചു   കൊഴിഞ്ഞടങ്ങുന്ന  മരത്തെപ്പോലെ പുറംകാഴ്ചകള്‍ മാറിമാറി വന്നാലും ഉള്ളിന്റെ ഉള്ളിലെ അശ്വിനിയും മോഹനും കെട്ടുകാഴ്ചകള്‍ ഇല്ലാതാവുമ്പോള്‍ മാറുന്നില്ല.  

മുലയില്ലെങ്കിലും കണ്ണകിയുടെ പാതിവ്രത്യം തനിക്കു വേണ്ടെന്നു അശ്വിനി ഉറപ്പിച്ചു. അശ്വിനി നീറിപ്പൊടിഞ്ഞ ദിവസങ്ങളില്‍ മോഹന്‍ ഏതു മാധവിയുടെ മടിത്തട്ടിലായിരുന്നെങ്കിലും, വഴുക്കലുള്ള കോര്‍പ്പറേറ്റു കോണിയുടെ പടിയില്‍ ഇറുകിപ്പിടിച്ചു ക്ഷീണിക്കുകയായിരുന്നെങ്കിലും അശ്വിനിക്കു പ്രശ്‌നമില്ല.    
''നശിപ്പിച്ചതെല്ലാം തിരിച്ചുപിടിക്കാനോ നിന്റെ സത്യസന്ധത തെളിയിക്കാനോ എന്നെയോ എന്റെ മുലയോ കിട്ടില്ല.  ഇതില്‍ നിനക്കൊരവകാശവുമില്ല മോഹന്‍!''

ആദര്‍ശപ്പെടുത്തിയെടുക്കാന്‍ അശ്വിനിയൊരു സങ്കല്പ സ്ത്രീയല്ല. ആത്മാഭിമാനമുള്ള ഒരു പെണ്ണിന്റെ പ്രണയം ക്രമീകരിച്ചു ചിട്ടപ്പെടുത്താനുള്ളതല്ല.  അത് ക്ഷമയുടെയോ സഹനത്തിന്റെയോ അളവുകോലാവുകയുമില്ല. നേരമ്പോക്കിന് നിന്റെ പൂര്‍വ്വികര്‍ എഴുതിക്കൂട്ടിയ മലര്‍പ്പൊടി മോഹമാണ് കണ്ണകിയുടെപ്രണയം പുരുഷാ!   ഈ ക്ഷമയുടെയും സഹനത്തിന്റെയും മടുപ്പന്‍ കണക്കുകള്‍ നിലനില്പിനു വേണ്ടിയുള്ള അഡ്ജസ്റ്റ്‌മെന്റാണ്.  ആണില്ലാതെ അതിജീവിക്കാന്‍ പാടില്ലാത്ത വിധത്തില്‍ പുരുഷന്മാര്‍ മെരുക്കിയെടുത്ത ഒരു സമൂഹത്തിലെ അഡ്ജസ്‌റ്‌മെന്റ്. മറ്റുള്ളവരുടെ സൗകര്യത്തിനനുസരിച്ചു ജീവിതം ക്രമീകരിക്കാന്‍  എനിക്കിനി സാധ്യമല്ല. ആയിരം പുരുഷന്മാരും ഒരുപാടു വര്‍ണങ്ങളും നിറഞ്ഞ ലോകത്തെ എനിക്കു ഭയമില്ല. '  അശ്വിനിയിലെ കൊടുങ്കാറ്റു വീറോടെ പ്രഖ്യാപിച്ചു.  

സോളമന്‍ഗ്രണ്ടിയുടെ ജീവിതത്തിന്റെ ലോജിക്കില്ലാത്ത ചിട്ട മഹാബോറാണെന്നു സമ്മതിപ്പിച്ചിട്ടാണ് അശ്വിനി റാണാ പ്രതാപ് സിംഗിനെ പിരിച്ചുവിട്ടത്. മീശ വീണ്ടും മുകളിലേക്ക് കൂര്‍പ്പിച്ചുവെച്ച്, വാളുറയില്‍ തെരുപ്പിടിച്ച്, കുതിരപ്പുറത്തു കയറി റാണ മീവാറിലേക്ക് മടങ്ങിപ്പോയി. അശ്വിനി ഫേസ്ബുക്ക്  ഐഡി ഡിലീറ്റ് ചെയ്ത് ലാപ്‌ടോപ് അടച്ചുവെച്ചു.    

പിന്നെ അവള്‍ ജോസഫൈന്റെ സ്പായില്‍ പോയി നഖങ്ങള്‍ ഭംഗിയാക്കി. മുടി സ്‌റ്റൈല്‍ ചെയ്തു.  കുറച്ചൊരു കോപ്പര്‍ കലര്‍ന്ന അറ്റം ഈ നീളത്തിനു നന്നായിരിക്കുമെന്ന് സ്‌റ്റൈലിസ്റ്റ്  ജോവാന്‍ പറഞ്ഞത് അവള്‍ അപ്പടി സ്വീകരിച്ചു. അശ്വിനി തോളില്‍ തൊട്ടു തൊട്ടില്ല മട്ടില്‍ എത്തുന്ന നീണ്ട കമ്മലിട്ടു.  മുല്ലവള്ളിപോലെ മനോഹരമായ സ്ട്രാപ്പുള്ള ബ്രായിട്ടു. കഴുത്തിറക്കി വെട്ടിയ സ്വെറ്ററില്‍നിന്നും അശ്വിനിയുടെ നഗ്‌നമായ കഴുത്ത് കാമഭാവത്തോടെ ഉയര്‍ന്നു നിന്നു. 

അശ്വിനിയുടെ കാറിന്റെ ജി.പി.എസ്സ്. സ്‌ക്രീനില്‍ നീലവെള്ളം, പച്ചക്കാട്, വെളുത്ത ജനജീവിതം എന്ന് കാണിക്കുന്നതിനു നടുവിലൂടെ ഹൈവേ ചുവന്നനിറത്തില്‍ വീതിയുള്ള വരയായി പ്രത്യക്ഷപ്പെട്ടു.  കാറ് ചുവപ്പിനു നടുവിലൂടെ, നിയമപ്രകാരമുള്ള പരമാവധി വേഗതയെ പരിഗണിക്കാതെ പൊയ്‌ക്കൊണ്ടിരുന്നു.  ബ്രഹ്‌മാവിനു പോലും തടുക്കാനരുതാത്ത തിടുക്കത്തോടെ. അല്ലെങ്കില്‍ തന്നെ പരമാവധി വേഗത, ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ ആപേക്ഷികമല്ലേ? പുറത്ത് ഒരു ചില്ല അനങ്ങിയില്ല.  ഒരു സ്‌നോഫ്‌ലേക്ക് പോലും പാറിവീഴാന്‍ ധൈര്യപ്പെട്ടില്ല. ഒരുവള്‍ ഒരുമ്പെട്ടാല്‍ എന്നങ്ങു സ്തംഭിച്ച് ഒരു സദാചാരക്കാറ്റ് നിശ്ചലം നിന്നു. 
 
(അവസാനിച്ചു)

നോവലിന്റെ മുന്‍ അധ്യായങ്ങള്‍ വായിക്കാം

Content Highlights: Women Novel Manjil Oruval Part Thirty five