The show must go on

അശ്വിനി ഫേസ്ബുക്കിലെ ഓണപ്പടങ്ങൾ നോക്കിയിരുന്നു. അത്തം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ, പ്രവാസികളുടെ പൂക്കളങ്ങൾ പലതും മേശപ്പുറത്തായിരുന്നു. നിലവിളക്കുകളും മഹാബലിയെപ്പോലെ ഓണക്കാലത്തു മാത്രം ഷോകേസിൽ നിന്നുമിറങ്ങി പൂക്കളത്തിനു കാവലായിരുന്നിരുന്നു.
ലാപ്ടോപ് സ്ക്രീനിലെ ചിത്രങ്ങൾ നോക്കി വിദ്യ അശ്വിനിയോടു പറഞ്ഞു.
''ഫെസ്ബുക്കിൽ നിറയെ ഓണത്തിന്റെ ഫാൻസീഡ്രെസല്ലേ!''
രണ്ടു കീമോകൾക്കിടയിലുള്ള സുരക്ഷിത ദിവസങ്ങളിൽ അശ്വിനിയെ കാണാൻ വന്നതായിരുന്നു വിദ്യ.
''തിരുവോണത്തിനു രണ്ടാഴ്ച മുൻപ് തുടങ്ങിയ ഓണാഘോഷമാണ്. ഓണം മഹത്തായ പത്താം വാരം! ഇനി ക്രിസ്തുമസ് വരെ ഉണ്ടാവും പ്രവാസിയോണങ്ങൾ.''
''അതേ, വർഷത്തിലൊരിക്കൽ പുറത്തു വരുന്ന സെറ്റും മുണ്ടും. ഉത്സവത്തിനു ആനയെ കുളിപ്പിച്ച് പട്ടംകെട്ടി ഒരുക്കുന്നതുപോലെയുണ്ട്. പേപ്പർദോശ എന്നൊക്കെ പറയുന്നതുപോലെ മുടിയിൽ പേപ്പർ മുല്ലപ്പൂ.''
പൊതുവെ ശാന്തശീലയായ വിദ്യ ആകെ പ്രതിരോധ മൂഡിലാണെന്നറിഞ്ഞു അശ്വിനി ചോദിച്ചു.
''നിന്റെ അതിമൃദുല വികാരങ്ങളിൽ കയറി ആരാണ് വിദ്യെ നൃത്തമഭ്യസിച്ചത്? എന്തുണ്ടായി?''
''എന്റെ ജാതകം തെറ്റി എഴുതിയതാന്നു പ്രദീപിന്റെ അമ്മ പറഞ്ഞു.''
സോഫയിൽ കാലു കയറ്റിവെച്ചു പാദങ്ങൾ പിണച്ചിരുന്നു വിദ്യ അശ്വിനിയോടു പതംപറഞ്ഞു. വിദ്യയുടെ പാദങ്ങൾക്കു നല്ല ഭംഗിയുണ്ടെന്നു അശ്വിനിക്കു തോന്നി. വിദ്യയുടെ ഭംഗിയുള്ള വലത്തെ പാദം അരമണ്ടലത്തിൽ ചുവടുവെച്ചു.
'തെയ്യും തത്ത തെയ്യും താഹ'
തെയ്യും തത്ത തെയ്യും താഹ'
കൈ വിരലുകൾ ത്രിപതാകയിൽ മലർന്നും കമഴ്ന്നും
ഇനി പിന്നോട്ട്.....
കടുംചുവപ്പ് അതിർത്തി വരച്ച പാദം വളയുന്നു. വലത്തെതിനു തൊട്ടുപിന്നിൽ ഇടത്തേത്. ഇടത്തെതിനു പിന്നിൽ വലത്തെത്. നാട്ടടവ് തകർക്കുകയാണ് വിദ്യ.
തെയ്യും തത്ത തെയ്യും താഹ
തെയ്യും തത്ത തെയ്യും താഹ
തെയ്യും..തെയ്യും... തത്ത...തത്ത..
ത..തത്ത...തത്ത...ത്ത. ത്ത..ഥ!

''ചൊവ്വാദോഷം ഉണ്ടായിരുന്നത് പറയാതിരുന്നതാണോന്നു പ്രദീപിന്റെ അമ്മ ചോദിച്ചു.''
അശ്വിനി മുഖുമുയർത്തി വിദ്യയുടെ നിറയുന്ന കണ്ണുകളിക്കു നോക്കി.

പെട്ടെന്നു കോലരക്കിന്റെ ചുവപ്പിൽ നിന്നും ഇലക്ട്രിക് ബ്ലൂ നെയിൽപോളീഷിട്ട കാൽനഖങ്ങൾ നീണ്ടുവന്നു. വിദ്യ സോഫയിലെ ഇരിപ്പു മതിയാക്കി കുളിമുറിയിലേക്ക് പോയി. അശ്വിനി ബക്കാർഡിയുടെ ഓറഞ്ചു സ്മൂത്തി വിദ്യക്കു വേണ്ടി ഗ്ലാസിലൊഴിച്ചു. കുളിമുറിയിൽനിന്നും വന്ന വിദ്യ അടുക്കള മേശക്കരികിലിരുന്നു. അവളുടെ കണ്മഷി കുറച്ച് മൂക്കിന്റെ വശത്തേക്ക് പടർന്നിട്ടുണ്ടായിരുന്നു.
''ആണില്ലാത്ത പെണ്ണ് കാണുന്നവർക്ക് ഒരു ഭാരം തന്നെയാണ് അശ്വിനി. ചിരിക്കാമോ എന്നൊരു ഭാരം ആണുങ്ങൾക്ക്. ഇവളിനി എന്തു ഭാവിച്ചിട്ടാണെനന്നൊരു ഭാരം പെണ്ണുങ്ങൾക്ക്''
''അതൊക്കെ നിന്റെ തോന്നലാണ്. ആ കാലമൊന്നുമല്ല. ആ നാടുമല്ല. ഇത് കാനഡയാണ് വിദ്യ.''
''നിനക്കറിയാത്തോണ്ടാ അശ്വിനി. എല്ലാവരും നിന്നെപ്പോലെയല്ല ലോകം കാണുന്നത്. പെണ്ണില്ലാത്ത ആണിനെ നോക്കി പെണ്ണുങ്ങൾക്ക് തുറന്നു ചിരിക്കാം. എടോ, വരുന്നോ എന്ന് ആണുങ്ങൾ അവരെ ക്ലേശിക്കാതെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യും.''
മോഹനില്ലാത്ത സമയം നോക്കിയാണ് വിദ്യ വീട്ടിൽ വരുന്നതെന്ന് പെട്ടെന്ന് അശ്വിനി മനസ്സിലാക്കി.
''ഞാനന്ന് അത്രയും ചൂടായിരുന്നില്ലെങ്കിൽ പ്രദീപ് നേരത്തെ ജോലിക്കു പോവില്ലായിരുന്നു.''
വിദ്യ പിന്നെയും ആ ദിവസത്തിനുള്ളിൽ വട്ടം കറങ്ങുകയാണ്. അവൾക്ക് പ്രദീപു മരിച്ച ദിവസത്തിൽ നിന്നും പുറത്തേക്കുള്ള വഴി നഷ്ടമായിരുന്നു. മോഹന്റെ ആപ്ലിക്കേഷനിലെ ഇൻഫിനിറ്റ് ലൂപ്പ് പോലെ.
Do until Value = zero
Value = 1
End
End എന്ന കല്പനയിൽ എത്തുമ്പോൾ do എന്ന കല്പനയിലേക്ക് മടങ്ങിപ്പോകാൻ വിധിക്കപ്പെട്ട പാവം Do Loop. മൂല്യം പൂജ്യമാണോ എന്ന് ആപ്ലിക്കേഷൻ നോക്കുന്നു. അല്ല, അപ്പോഴത് അടുത്ത വരിയിലെ മൂല്യത്തിന്റെ വില ഒന്ന് എന്ന കൽപന നടപ്പാക്കുന്നു. പിന്നെയും End എന്ന കൽപനയിൽ നിന്നും തുടക്കത്തിലേക്കു മടങ്ങുന്നു.
പാപബോധത്തോട് ഒന്നു വീതം കൂട്ടിക്കൂട്ടി ഒരിക്കലും തീരാത്ത ലൂപ്പിൽ ആ ദിവസം വിദ്യയെ ചുറ്റിച്ചുറ്റി എടുക്കുന്നു. ഞാനങ്ങനെ പറഞ്ഞിരുന്നില്ലെങ്കിൽ,
go back to do
ഞാൻ അങ്ങനെ ചിന്തിച്ചിരുന്നില്ലെങ്കിൽ,
go back to do
ഞാൻ ഒന്നുകൂടി ശ്രമിച്ചിരുന്നെങ്കിൽ
go back to do ...
പാപം പൂജ്യമാവാൻ അനുവദിക്കാത്ത മനസ്സ് വിദ്യയുടെ ജീവിതത്തെ ഒരു ദിവസത്തിലേക്കു ചുരുക്കിയെഴുതുകയാണെന്നു അശ്വിനിയറിഞ്ഞു.

''അതൊക്കെ വെറുതെ തോന്നുന്നതാണ് വിദ്യ. നാറാണത്തെ അങ്കിൾ പ്രൂവ് ചെയ്തതല്ലേ, ഈശ്വരനുപോലും ആയുസിന്റെ ഒരു ദിവസം കൂട്ടാനും കുറയ്ക്കാനും പറ്റില്ലാന്നു. നീ അത് വിട്. നമുക്ക് നമ്മുടെ കൺട്രോളിലുള്ള കാര്യങ്ങൾ നോക്കാം. നിനക്ക് ഒരു ചെക്കനെ നോക്കണ്ട സമയം കഴിഞ്ഞു!'' ബക്കാർഡിയുടെ ഓറഞ്ചു സ്മൂത്തിയിലേക്ക് ഉപ്പു വെള്ളം വീഴുന്നതുകണ്ടു അശ്വിനി പിന്നെയും പറഞ്ഞു .
''നീ കരയേണ്ട, ഇതിനെ ഇങ്ങനെ വെറും കരച്ചിലിൽ ഒതുക്കി തീർക്കാൻ പറ്റില്ല. വീണു മുട്ടുപൊട്ടുമ്പോൾ ആശ്വസിക്കാനേ കണ്ണിരുകൊള്ളൂ.''
വെറും അഞ്ചു ശതമാനം റമ്മിന്റെ ലഹരിയിൽ അലിയുന്ന വിദ്യയെ ബലപ്പെടുത്താനായി അശ്വിനി മേശപ്പുറത്ത് വെച്ചിരിക്കുന്ന ഗ്ലാസ്പാത്രവും വെള്ളവും വിദ്യയെ കാണിച്ചു. പന്ത്രണ്ടു ഗ്ലാസ് വെള്ളം കുടിക്കണമെന്നും, കുടിക്കുന്ന വെള്ളത്തിന്റെ കണക്ക് സൂക്ഷിക്കണമെന്നും ജെസിക്ക മാലാഖ ഏൽപ്പിച്ചു വിട്ടിരുന്നത് നേരിട്ടു വന്നു പരിശോധിക്കാൻ പറ്റാത്തതുകൊണ്ട് വിദ്യ അശ്വിനിയോടു ഫോണിലൂടെ വെള്ളത്തിന്റെ കണക്കു ചോദിക്കുമായിരുന്നു.
ഒരു ഗ്ലാസ്..രണ്ടു ഗ്ലാസ് .. പിന്നെ അരഗ്ലാസ്.. പിന്നെ ഒരു അര ഗ്ലാസ്.... ഒരു ഗ്ലാസ്കൂടി.... പക്ഷേ അത് മുഴുവൻ കുടിച്ചില്ല.
അശ്വിനി എണ്ണം തെറ്റിച്ചു തെറ്റിച്ച് വിദ്യയെ കുടിക്കിലാക്കി. ഒടുക്കം പന്ത്രണ്ടു ഗ്ലാസ് വെള്ളം കാലത്തെ എടുത്ത് ഊണു മേശയിൽ വെക്കാൻ പറഞ്ഞത് വിദ്യയാണ്. അതിൽ നിന്നും അളവു നോക്കാതെ ആവശ്യത്തിനുള്ളത് കപ്പിലോ ഗ്ലാസിലോ കുടിക്കാം.

അശ്വിനി ചിരിയോടെ പാത്രം ചൂണ്ടി വിദ്യയോടു പറഞ്ഞു.
''ദേ ബുദ്ധിമതി പറഞ്ഞതു പോലെ ഇന്നു കുടിച്ചു തീർക്കാനുള്ള വെള്ളം രാവിലെ വെള്ളം അളന്നു വെച്ചതാണ്. പാതിയെത്താറായി!''
വിദ്യയുടെ ആശയം എത്ര വമ്പനായിരുന്നെന്നു അശ്വിനി വിശദീകരിച്ചു. കണ്ണുനീരുകാരിയപ്പോൾ അശ്വിനിയെ നോക്കി തൃപ്തിയോടെ ചിരിച്ചു. അശ്വിനി ലാപ്ടോപ്പ് വിദ്യക്കും നേരെ തിരിച്ചുവെച്ചു. സ്ക്രീനിൽ ശാദി.കോം കണ്ടു ആദ്യം വിദ്യ ചുളുങ്ങി. പിന്നെ അഞ്ചു ശതമാനം റമ്മിന്റെ ലഹരിയിൽ അവർ പുരുഷന്മാരുടെ പ്രൊഫൈലുകൾ തിരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് കോളിംഗ് ബെല്ലടിച്ചത്.
മിത്രയും മെറിനും ജോലിയിൽ നിന്നും ഇടയ്ക്ക് സമയമെടുത്ത് വന്നതായിരുന്നു.
''അശ്വിനി എങ്ങനെയുണ്ട്?''
ചാരെമേന്നു അല്ലെങ്കിൽ ചുനിയെന്നു വിളിക്കപ്പെടാത്തതിൽ അശ്വിനിക്ക് വല്ലായ്മ തോന്നി. അവിളിപ്പോൾ ഒരു ക്യാൻസറുകാരി മാത്രമായി ചുരുങ്ങിയിരിക്കുന്നു..
''വളരെ നന്നായിരിക്കുന്നു.''
അശ്വിനി തറപ്പിച്ചു പറഞ്ഞു.
'ക്ഷീണമുണ്ടല്ലോ''
''ഹേയ്, അത് വെറുതെ ഇരിക്കുന്നതു കൊണ്ടാവും.''
അശ്വിനിയുടെ വലതുകൈത്തണ്ടയിലെ ചുവപ്പും കറുപ്പും ഹെയർബാൻഡുകൾ നോക്കി മിത്ര തമാശപറയാൻ ശ്രമിച്ചു.
''ഹിന്ദുവാദി! കുറച്ചു ചരടുകളും കൂടി വേണോ കൈയിൽ കെട്ടാൻ?''
അശ്വിനി ഹെയർബാൻഡിലേക്ക് സൂക്ഷിച്ചു നോക്കി. പിന്നെ മിത്രയേയും. പെട്ടെന്ന് വിദ്യ ഇടപെട്ടു
''എപ്പോഴാ ഛർദ്ദിക്കാൻ വരാന്നറിയില്ല. അപ്പൊ മുടി കെട്ടി വെയ്ക്കാനാ അത്. അല്ലെങ്കിൽ കുനിഞ്ഞുനിന്ന് ഛർദ്ദിക്കുമ്പോ മുടിയൊക്കെ മുഖത്തേക്ക് വരില്ലേ.''
''വിദ്യയ്ക്ക് അറിയാം അശ്വിനിയുടെ റുട്ടീൻസെല്ലാം ല്ലേ?''
''ആരെങ്കിലും വേണ്ടേ അറിയാൻ?''
അങ്കത്തിൽ തോൽക്കാൻ തീരുമാനിച്ചിട്ടില്ലെന്നമട്ടിൽ അശ്വിനി മറുപടി പറഞ്ഞു..

മുറിയിലെ വായുവിനു വളരെപ്പെട്ടന്നു പെട്ടുന്നു കനംവെച്ചു. ശ്വാസം വിടാൻ തന്നെ ബുദ്ധിമുട്ടുള്ള ഉരുക്കു വായുവിന്റെ കനം കുറക്കാൻ വിദ്യ പ്ലേറ്റിൽ ഉപ്പേരി നിരത്തി നോക്കി. മെറിൻ അർത്ഥമില്ലാതെ ചിലച്ചു നോക്കി
''ഈ ഫേസ്ബുക്കില് പോസ്റ്റ് ചെയ്യുന്നവർക്കെല്ലാം ഒരു കൊണ്ടാസെന്റിംഗ് ആറ്റിട്ട്യൂഡ് ഉണ്ട്.''
''ഉവ്വോ?''
''എനിക്കെല്ലാം അറിയാം. അല്ലെങ്കിൽ എന്റെ അഭിപ്രായം മാത്രമാണ് ശരി എന്നൊരു മട്ടുണ്ട്.''
''അവര് അവര്ടെ അഭിപ്രായം പറയല്ലേ. ഫേസ്ബുക്ക് ഓരോരുത്തർക്കും ഓരോന്നാണ്.''
അശ്വിനി ന്യായം പറഞ്ഞു.
''അതിനിടയിൽ മറ്റുള്ളവരെ താഴ്ത്തിക്കെട്ടി ഒരിതാക്കലുണ്ട്. ശ്രദ്ധിച്ചോളൂ. ഞാനങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു. മറ്റുള്ളവരൊക്കെ അല്ലെങ്കിൽ ചിലയാളുകൾ ഇങ്ങനെയാണ് എന്നൊക്കെ.''
''ചിലർക്ക് അതൊരു ബിൽബോർഡാണ്. ചിലര് അതിലൂടെ അവരുടെ ഫ്രസ്ട്രേഷൻ തീർക്കുന്നു.''
''അശ്വിനി നീയല്ലേ എഫ്ബിയെ സ്വീക്വൻസ് പിടിപ്പിച്ച ചുരീദാറു പോലെയാണെന്നൊക്കെ കുറ്റം പറഞ്ഞത്. എന്നിട്ടിപ്പോ സപ്പോർട്ടു ചെയ്യുന്നോ!''
മെറിന്റെ ചോദ്യത്തിനു മറുപടി വരാതെയിരിക്കാൻ അശ്വിനി കീമോ നാവിനെ ബലത്തിൽ കടിച്ചു നിർത്തി.
''എന്നിട്ടു നിന്നെ ഇപ്പൊ ഫേസ്ബുക്കിൽ കാണാനേ ഇല്ലല്ലോ ആഷ്.''
മിത്രയും പരാതിപ്പെട്ടു.
അവർ പോയിക്കഴിഞ്ഞു വിദ്യ ഉപ്പേരിപ്പാത്രം കഴുകി വെയ്ക്കുമ്പോൾ അശ്വിനി പറഞ്ഞു.
''അവരൊക്കെക്കൂടി വെക്കേഷനു പോയി. ഞങ്ങൾ ഒന്നിച്ചായിരുന്നു വിദ്യെ വെക്കേഷൻ എടുക്കാറു.''
''അശ്വിനിക്ക് യാത്രചെയ്യാൻ പറ്റില്ലാന്നു കരുതീട്ടാവും.''
''അത് എന്നോട് ചോദിച്ചൂടെ? ഞങ്ങളുടെ ഗ്രൂപ്പ് ഇമെയിലിൽ ഇപ്പോൾ മെസേജ് വരാറേ ഇല്ല. അവർക്ക് ഞാനില്ലാത്ത ഒരു ഗ്രൂപ്പ് ഉണ്ടായിരിക്കും.''
വിദ്യ ഉപ്പേരിപ്പാട്ട മുറുക്കെ അടക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു. ടങ്ങിപ്പോകുന്നതിനു മുൻപു വിദ്യ ടോറന്ടോ അമ്പലത്തിൽ നിന്നും അശ്വിനിക്കു വേണ്ടി കൊണ്ടുവന്ന ഭസ്മപ്പൊതി കുട്ടിമേശക്കു താഴെ വെച്ചു. അശ്വിനി കൊണ്ടാസെന്റിംഗ് ഫേസ്ബുക്കിനെ ഉപേക്ഷിച്ച് ടി.വി.യിലേക്കും പോയി.

വാർത്തയിൽ അപൂർവ്വ അസുഖമുള്ള ഒരു കുട്ടിയെക്കുറിച്ചുള്ള റിപ്പോർട്ടായിരുന്നു. കുട്ടിയുടെ അമ്മയുമായുള്ള അഭിമുഖത്തിൽ അവർ തുളുമ്പിവന്ന കണ്ണുകൾ തുടച്ചിട്ട് മാപ്പു പറഞ്ഞു. എന്തിനാണ് കരയുന്നതിനു മാപ്പു പറയുന്നതെന്നു അശ്വിനി അത്ഭുതപ്പെട്ടു. ചിരിക്കുമ്പോൾ ആരും മാപ്പു പറയാറില്ല. കരച്ചിൽ ചിരിപോലെ തന്നെ ഒരു വികാരം പ്രകടിപ്പിക്കലല്ലേ? എന്തുകൊണ്ടാണ് അകൃത്രിമമായ ഒരു വികാരം തെറ്റും അതിനെ മറച്ചുവെക്കുന്നതു ശരിയുമെന്നു ലോകം തീരുമാനിച്ചതെന്ന് അശ്വിനിക്കു മനസ്സിലായില്ല.
''വികാരങ്ങൾ അടക്കിവെക്കുന്നത് ശരിയാണോ? പോസിറ്റീവ് ആറ്റിട്യൂഡ് എന്നാൽ നുണ പറയുക എന്നാണോ അർത്ഥം റാണാ?''
അതിൽ പ്രതിക്ഷേധിച്ച് അശ്വിനി മലയാളം ചാനലിലേക്ക് തിരിഞ്ഞു. മന്ത്രിമാർക്കിരിക്കാനുള്ള കസേരയിൽ കരയുള്ള തൂവാല വിരിച്ചിരിക്കുന്നതിനെയും അശ്വിനി പരിഹസിച്ചു. മന്ത്രിമാരുടെ വിയർപ്പും ചെളിയും കസേരയിൽ പറ്റാതിരിക്കാനാണെന്നു അശ്വിനിക്ക് റാണ വിശദീകരണം കൊടുത്തു.
''ഇത്രക്കു വൃത്തികെട്ടവരാണോ നമ്മുടെ മന്ത്രിമാർ? ദേ, മുഖ്യമന്ത്രിക്കസേരയുടെ പ്ലാസ്റ്റിക് പൊതി ഇനിയും മാറ്റിയിട്ടില്ല''

റാണയുടെ ഉത്തരങ്ങളിൽ തൃപിതിപ്പെടാതെ അശ്വിനി വീണ്ടും അടുക്കളയിലേക്ക് പോയി. കബോർഡ്തുറന്ന് ഉപ്പേരിപ്പാട്ട തിരികെ വെച്ചിട്ട് എന്തിനാണ് അടുക്കളയിൽ വന്നതെന്ന് അവൾ ആലോചിച്ചെടുക്കാൻ ശ്രമിച്ചു.
എന്തുട്ടു തേങ്ങയായിരുന്നു? ഒന്നും ഓർമ്മ കിട്ടുന്നില്ലല്ലോ!
മുലയുടെ കൂടെ ഓർമ്മയും പോവുമോ? അശ്വിനി ആലോചിച്ചു നോക്കി.
അക്കുത്തിക്കുത്ത് ആനവരമ്പേൽ
കല്ലേൽക്കുത്ത് കരിങ്കുത്ത്!
ചെത്തിക്കുത്തി മലപ്പോട്ട്
ചിലപ്പോൾ ഓർമ്മകളൊക്കെ മുലക്കകത്തായിരിക്കും സൂക്ഷിച്ചിരുന്നത് എന്നവൾ കണക്കുകൂട്ടി. മുല ഒരു നല്ല ഓർമ്മ സംഭരണിയാവും. വെറുതെയല്ല, ഈ ആണുങ്ങൾക്ക് ഓർമ്മ തീരെ ഇല്ലാത്തത്. പിറന്നാള്, ആനിവേഴ്സറി, സ്വന്തമല്ലാത്ത ഇഷ്ടങ്ങൾ, കറിക്കൂട്ട്, എന്തിനു അവനോന്റെ ഷർട്ടും പാന്റും വരെ എവിടെയാണെന്ന് ഇവർക്കൊന്നും ഓർത്തിരിക്കാൻ പറ്റാത്തത് സൂക്ഷിച്ചുവെക്കാൻ വലിപ്പമുള്ള ഓർമ്മ സംഭരണി ഇല്ലാത്തതുകൊണ്ടാവും.
അശ്വിനി ലോജിക്കുകൾ തപ്പി നോക്കിക്കൊണ്ടിരുന്നു.
''ചൊവ്വാദോഷം വലത്തെ മുലക്ക് ഉണ്ടായിരുന്നിരിക്കും. നിന്റെ കൂട്ടാളിക്ക് ആയുസ്സില്ല. എന്തായാലും ചെത്തിക്കുത്തി മലപ്പോട്ടു പോട്ടെ''
ടി.വിയുടെ മുന്നിൽ നിന്നുമെഴുന്നേറ്റ് അടുക്കളയോളം വന്നത് നഷ്ടമാക്കാതിരിക്കാൻ അശ്വിനി വെള്ളം കുടിക്കാൻ തീരുമാനിച്ചു.
വെള്ളം ചരിച്ചൊഴിച്ചപ്പോൾ അശ്വിനിയുടെ കൈയിൽ നിന്നും ചില്ലു ഗ്ലാസ് വെറുതെയങ്ങു വഴുതിപ്പോയി. അതിനു നേരെ തിടുക്കത്തിൽ നീട്ടിയ അശ്വിനിയുടെ കൈ തട്ടി മേശപ്പുറത്തു വെള്ളം അളന്നു വെച്ചിരുന്ന കുപ്പിപ്പാത്രവും ബാക്കിയുണ്ടായിരുന്ന വെള്ളത്തോടെ നിലത്തേക്ക് വീണു. ഒന്നു...രണ്ട് ഉരുളിച്ചയോടെ അത് നിലത്തു കമഴ്ന്നു കിടന്നു.

കൈയുടെ അനുസരണക്കേട് അശ്വിനി രണ്ടു ദിവസമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചെറിയ വിറയൽ, ബലക്ഷയം പോലെ. മുറുക്കിപ്പിടിച്ചാലും ഉറപ്പില്ലാത്തത് പോലെ. അശ്വിനിയുടെ കൈകൾക്ക് മിന്നലിന്റെ വേഗതയായിരുന്നു. ദോശ ചുട്ടെടുക്കുന്ന സമയം കൊണ്ട് അശ്വിനി ചമ്മന്തിയും റെഡിയാക്കുമായിരുന്നു. ശപ്പൻ കൈവിറയലും ക്ഷീണവുമായി കീമോ അശ്വിനിയെ തളർത്തുകയാണ്. ചിതറിപ്പോയ ഗ്ലാസിന്റെ ചില്ലുകൾക്കും ടൈലിന്റെ നടുവരകളിലൂടെ ഗതിയറിയാതെ പരക്കുന്ന വെള്ളത്തിനും നടുവിലേക്ക് അശ്വിനി വഴുതിയിരുന്നു. നനവിനു നടുവിലിരുന്നു അവൾ നിർത്താതെ കരഞ്ഞു. അമ്മയെ വിളിച്ചു കരഞ്ഞു. അഖിലയെ വിളിച്ചു കരഞ്ഞു. നനഞ്ഞ തുണികൾ ആരെങ്കിലും മാറ്റിത്തരൂന്നു പറഞ്ഞു എണ്ണിപ്പെറുക്കി കരഞ്ഞു. തണുപ്പും വിറയലും അവഗണിച്ച് അശ്വിനി പിന്നെയും അവിടെത്തന്നെ ചാരിയിരുന്നു.
അതിൽ നിന്നും എഴുന്നേറ്റു പോകേണ്ടതെങ്ങനെയെന്നു അശ്വിനിക്കു പടിപടിയായി ആലോചിക്കേണ്ടി വന്നു.
ടാസ്ക് ലിസ്റ്റ് എവിടെയാണ്? എന്താണ് ആദ്യം ചെയ്യേണ്ടത്? ഏത് ടാസ്ക് ഏതിനെയാണ് ആശ്രയിച്ചിരിക്കുന്നത്? പരസ്പരം ആശ്രയിച്ചിരിക്കുന്ന ടാസ്ക്കുകൾ എന്തൊക്കെയാണ്? പൂർവ്വ ആശ്രയമോ അനന്തരാശ്രയമോ?
ഡയറക്ടർ അശ്വിനി റാമിനെ റയൻ ചോദ്യം ചെയ്തു.
''You must follow the task list. Check preceding tasks.. any dependencies?....what's the succeossr activity? '
'ആദ്യം എഴുന്നേൽക്കണം. പിന്നെ, പിന്നെ? തുണി മാറ്റാൻ പോയാൽ ആ വഴി മുഴുവൻ വെള്ളമാവും. തുണിയൊക്കെ ഇവിടെ ഉപേക്ഷിച്ചു പോയാലോ?''

നനഞ്ഞതു മാറ്റി ഉണങ്ങിയ വസ്ത്രങ്ങളിട്ടപ്പോഴേക്കും അശ്വിനി തളർന്നു പോയിരുന്നു. അവൾ സോഫയിലേക്ക് നൂണ്ട് കയറി. മാർദ്ദവമുള്ള കമ്പിളികൊണ്ടു വിറയ്ക്കുന്ന ശരീരം പുതച്ചുമൂടി കിടന്നു. ഉണർന്നു വരുമ്പോൾ എവിടെയാണെന്ന് തന്നെ അറിയാൽ അശ്വിനിക്ക് കുറച്ചു സമയമെടുത്തു. സമയം കണക്കു കൂട്ടി അഖില വീട്ടിലുണ്ടാവുമെന്നോർത്തു അവൾ ഫോൺ വിളിച്ചു.
''മോളൂ എന്തുണ്ട് വിശേഷം?''
''ഒന്നൂല്ലമ്മേ. വെറുതെ വിളിച്ചതാ''
''നീ, ഈ നേരത്ത് വെറുതെ വിളിക്കില്ലാന്ന് എനിക്കാറിയാം. വയ്യേ മോളൂ?''
''ദേ തൊടങ്ങി. അമ്മ പോയി ജഡ്ജിക്ക് ചോറുകൊടുക്ക്. ഞാൻ ബോറടിച്ചിട്ട് വിളിച്ചതാ. അപ്പൊ അമ്മ അതിലും ബോറ്''
''നിനക്ക് സുഖാണോടീ.''
''ഉം, സുഖം തന്നെയമ്മേ''
''ക്ഷീണം ണ്ടോ അച്ചൂ''
''ഇല്ലമ്മേ, വെറുതെ ഇരിക്കല്ലേ, പണിക്കൊന്നും പോവാണ്ട്. അതോണ്ട് ഒരു ക്ഷീണോല്ല. ഇന്ന് ന്താ കൂട്ടാൻ.''
''കൊറച്ചു നല്ല പയറു കിട്ടി മോളെ. പിന്നെ അവിയലുണ്ട്.''
പച്ചക്കറികൾ വാഴയിലയിട്ടടച്ച് വേവിച്ച അവിയലിന്റെ മണം. ഒടുക്കം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർന്ന മണം അശ്വിനിയുടെ മൂക്കിൽ നിറഞ്ഞു. അശ്വിനി തൊണ്ട നേരെയാക്കി ശബ്ദത്തിൽ വ്യത്യാസം വരാതെ സൂക്ഷിച്ച് ചോദിച്ചു
''അഖില വന്നില്ലേമ്മേ?''
''വന്നിട്ടു അവള് കുട്ടികളെ ഇവിടാക്കീ സിറ്റിലിക്ക് പോയി. ഈ ചെക്കനെ അവധിക്ക് അങ്ങോട്ടു വിടാൻ എന്താണ്ടൊക്കെ പേപ്പെറുകൾ ശരിയാക്കാനുണ്ട്.''
''പാവം ആ പെണ്ണിന് ഓട്ടം കഴിഞ്ഞിട്ട് നേരമില്ല.''
''അതേ, ചായപോലും മുഴ്വനും കുടിച്ചില്ല അവള്. അയാളെ വീട്ടിൽ ചെന്നുകണ്ടു ഒപ്പിടീക്കാൻ പോയിരിക്കെ.''
ആ സമയത്തൊക്കെ അശ്വിനിയുടെ അടുക്കളയിലെ വെള്ളവും ചില്ലും വർത്തമാനം കേട്ട് വെറുതെ കിടക്കുകയായിരുന്നു. കുറെയേറെ സമയമെടുത്ത് അടുക്കള വൃത്തിയാക്കുമ്പോൾ അശ്വിനി പിറുപിറുത്തു.
''ഓ, ക്യാൻസൂ എത്ര ബില്ലബിൾ മണിക്കൂറുകളാണ് നീ മോഷ്ടിച്ചു കൊണ്ടു പോകുന്നത്? ഈ സമയം പ്രൊജക്റ്റിനു വേണ്ടി ചിലവാക്കിയിരുന്നെങ്കിൽ മണിക്കൂറുവെച്ച് ക്ലയന്റിന്റെ കൈയിൽ നിന്നും പണം എഴുതി വാങ്ങാമായിരുന്നു.''

തർക്കുത്തരം പറയാത്ത ക്യാന്സുവിനെ അശ്വിനി എന്തു ചെയ്യാനാണ്! അശ്വിനി ഫ്രിഡ്ജു തുറന്നു തലേദിവസം ഉണ്ടാക്കിയ സ്പഗേറ്റി പാത്രത്തിലേക്കിട്ടു. അതിനു മുകളിൽ തക്കാളി സോസ്ഒഴിച്ചു, കുറച്ചു ചീസും മുകളിലിട്ടു മൈക്രോവേവ് ഓവനിൽ വെച്ചു ചൂടാക്കിയെടുത്തു. കീമോതെറാപ്പിയിൽ പൊട്ടിപ്പൊളിഞ്ഞിരിക്കുന്ന വായക്കകത്തേക്ക് എരിവുള്ള പയറുകൂട്ടാനും അവിയലും കടത്താൻ പറ്റില്ലെന്നറിഞ്ഞ അശ്വിനിയുടെ സ്വാദുമുകുളങ്ങൾ ഇറ്റലിയിലേക്ക് കുടിയേറാൻ ശ്രമിച്ചു.
''മമ്മൂസ്, പീസ എന്റെ ചാള വറുത്തതാണ്! ഹോട്ട്ഡോഗ് എന്റെ അവിയലാണ്!''
കീർത്തനയുടെ ആപ്തവാക്യങ്ങളോർത്തു അശ്വിനി, ചുക ചുകപ്പൻ ചാറും അതിനിടയിൽ വെളുത്ത തരിയായി ചിതറിയ ചീസും കൂടിയ സ്പഗേറ്റിയുടെ നൂലാമാലകൾ ഫോർക്കിൽ ചുറ്റിയെടുത്തു കഴിച്ചു. അതു കഴിഞ്ഞപ്പോൾ കീർത്തനക്കു പ്രിയപ്പെട്ട *സ്ഫോലിയാറ്റെല്ല പേസ്റ്ററി അശ്വിനി തിന്നാനെടുത്തു. പേസ്റ്ററിയുടെ അടരുകൾ വായക്കുള്ളിൽ പൂമ്പാറ്റപോലെ ഇക്കിളി കൂട്ടുമ്പോൾ സ്വാദ് ഉം...ഉം..എന്നു മൊഴിഞ്ഞാണ് കീർത്തന അതു ആസ്വദിക്കുന്നത്. അശ്വിനിയുടെ കീമോ തിന്ന വായക്കുള്ളിൽ പേസ്റ്ററി അടരുകൾ കുത്തിക്കയറി വേദനിപ്പിച്ചു.

(തുടരും)

നോവലിന്റെ മുൻ അധ്യായങ്ങൾ വായിക്കാം

Content Highlights: Women novel Manjil Oruval by Nirmalapart Twenty six