Thy Cocktail 
 
കീമോ തുടങ്ങുന്നതിനുമുന്പ് ഡെന്റിസ്റ്റിനെ കണ്ടു പല്ലിന്റെയും മോണയുടെയും ആരോഗ്യം ഉറപ്പാക്കിയതുപോലെ ഹൃദയത്തിന്റെ ആരോഗ്യവും പരിശോധിക്കണമെന്നു ഡോക്ടര്‍ അശ്വിനിയോടു പറഞ്ഞു.  
''കീമോ കിട്ടണമെങ്കില്‍ ചങ്കോറപ്പുണ്ടെന്നു തെളിവുവേണം റാണാ!'' 
ആശുപത്രിയില്‍ നിന്നും കിട്ടിയ കീമോയിക്ക് തയ്യാറാകേണ്ടത് എങ്ങനെയെന്ന ലഘുലേഖയിലെ പടം അശ്വിനി ശ്രദ്ധയോടെ നോക്കി.   തുടക്കം ഒരു വീടിന്റെ പടമാണ്.  വീടു വൃത്തിയാക്കുക, തുണി കഴുകുക എന്ന നിര്‍ദ്ദേശമാണ് ആദ്യത്തേത്.  അടുത്തത് തലേദിവസം പലവ്യഞ്ജനങ്ങളും പച്ചക്കറിയും വാങ്ങുക. അടുത്ത പടി ഒന്നോ രണ്ടോ തരം ഭക്ഷണമുണ്ടാക്കി കുറച്ചു ഫ്രീസറിലും വെക്കാനുള്ള നിര്‍ദ്ദേശമാണ്. 
''ഇത് സ്തനാര്‍ബുദത്തിനു മാത്രമായിട്ടുള്ള നിര്‍ദ്ദേശങ്ങളാവും!  പ്രോസ്റ്റേറ്റ് കാന്‍സറിന്റെ കീമോതയ്യാറെടുപ്പു ലിസ്റ്റില്‍ എന്താവും ഉണ്ടായിരിക്കുക?  ബിയര്‍ വാങ്ങുക, സോഫക്ക് അടുത്ത് കൈയെത്തുന്ന ദൂരത്തില്‍ ഒരു ബിയര്‍ ഫ്രിഡ്ജ് വാങ്ങി വെയ്ക്കുക, റിമോട്ടിന്റെ ബാറ്ററി മാറ്റിയിടുക എന്നൊക്കെ ആവുമോ?'' 
അശ്വിനി വീണ്ടും റാണയോടു കലഹിച്ചു.   
''ഓരോരുത്തരും  അടുത്ത ഒന്നു രണ്ടാഴ്ചക്ക് അത്യാവശ്യമായ സാധങ്ങള്‍ റെഡിയാക്കി വക്കാ.  അത്രേയുള്ളു.'' 
റാണ സമാധാനം സൃഷ്ടിക്കാന്‍ ശ്രമിച്ചു.  
അശ്വിനി ലിസ്റ്റ് നോക്കിതന്നെ കീമോയിക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവാനുള്ള സാധങ്ങള്‍ എടുത്തുവെച്ചു.  തലയിണ, പുസ്തകങ്ങള്‍, ഹെഡ്‌ഫോണ്‍, ഫോണ്‍ നിറയെ പാട്ട്, ഐപാഡ്, കുടിക്കാന്‍ ജൂസ്, രണ്ടു കുപ്പി വെള്ളം, കൊറിക്കാന്‍ പൊട്ടറ്റോ ചിപ്‌സ്, മിക്ചര്‍..... ഇതെല്ലാം വെച്ച വലിയ സഞ്ചിക്കു മുകളിലായി ചെറിയൊരു കമ്പിളിയും അശ്വിനി എടുത്തു വച്ചു. ആശുപത്രിയിലിരിക്കുമ്പോള്‍ തണുപ്പുതോന്നിയാല്‍ ഉപയോഗിക്കാന്‍  കീര്‍ത്തന വാവയുടെ മഞ്ഞക്കമ്പിളിപ്പുതപ്പായിരുന്നു അത്.     
''my lellow blanky-'
എന്നാണു കീര്‍ത്തന ലെല്ലോമാറ്റി യെല്ലോ എന്നു പറയാന്‍ തുടങ്ങിയത്?  
എന്നാണു കീര്‍ത്തന അവസാനമായി മടിയിലിരുന്നത്?
എന്നാണു അവസാനമായി കീര്‍ത്തനയെ തോളിലെടുത്തു നടന്നത്? 
അശ്വിനി അങ്കലാപ്പോടെ തലച്ചോറില്‍ ചരിത്രവും രേഖകളും തെളിവും തിരഞ്ഞു.  
 
അശ്വിനിയും മോഹനും  ആശുപത്രിയിലെ പാര്‍ക്കിംഗ് ലോട്ടിലിറങ്ങി കാറിന്റെ പിന്‍വശം തുറന്നപ്പോള്‍ സാധങ്ങള്‍വെച്ച സഞ്ചി ചരിഞ്ഞു കിടന്നുറങ്ങുകയായിരുന്നു.  ലെല്ലോ-ബ്ലാങ്കി ട്രങ്കിന്റെ ഒരറ്റത്തേക്ക് മാറിക്കിടന്നത് അശ്വിനി വേഗത്തിലെടുത്ത് കുടഞ്ഞു.  രെന്ന വാവയെ പുതപ്പിക്കാനുള്ള പഞ്ഞിക്കമ്പിളിയില്‍ പൊടിയും ചെളിയുംപറ്റിയ മട്ടില്‍.  ചിതറിക്കിടന്ന സാധങ്ങള്‍ തിരികെ ബാഗിലാക്കുന്ന അശ്വിനിയെ നോക്കിനിന്ന് മോഹന്‍ ദേഷ്യപ്പെട്ടൂ. 
''സ്‌നാക്കസ് ഇങ്ങോട്ടും കൊണ്ടുവന്നിട്ടുണ്ടോ?  ഇങ്ങനെ നിര്‍ത്താതെ കൊറിച്ചുകൊണ്ടിരുന്നിട്ടാണ് ഇങ്ങനെ വണ്ണം വെയ്ക്കുന്നത്. ആശുപത്രിലേക്കു ഇത് കെട്ടിപ്പൊതിഞ്ഞെടുക്കണ്ട ആവശ്യോണ്ടാരുന്നോ?'' 
അന്നേവരെ കഴിച്ച സകല സ്‌നാക്കുകളും രാവിലെ കഴിച്ച ബ്രേക്ക് ഫാസ്റ്റും അശ്വിനിയുടെ രക്തത്തില്‍ ഉറഞ്ഞുതുള്ളി.  
ഗ്ലും...ഗ്ല..ഗ്ലീ..ഗ്ലും..സ്സ്‌സ്...  
''മിണ്ടിപ്പോവരുത്!'' 
അശ്വിനി രക്തത്തിനോടും പിത്തത്തിനോടും മലത്തോടും മൂത്രത്തോടും ഉത്തരവിട്ടു.  ഒരാളെ അവഗണിക്കുന്നതാണ് അവഹേളനത്തിനുള്ള ഏറ്റവും എളുപ്പവഴി. 
 
ഓങ്കോളജിസ്റ്റ് കരുണയോടെയാണ് അവരോടു വിശദീകരിച്ചത്.   
''പലപല  മരുന്നുകളുടെ മിശ്രമാണ് കീമോ എന്നപേരില്‍ ഞരമ്പുതുളച്ച് രക്തത്തിലേക്ക് കലരുന്നത്.'' 
''നിങ്ങള്‍ക്ക് ഇനി കുട്ടികളുണ്ടാവാന്‍ പ്ലാന്‍ ഉണ്ടോ?'' 
വരുംവരായ്മകളെപ്പറ്റി രോഗിയെ പറഞ്ഞു മനസ്സിലാക്കുന്നത് ഡോക്ടറുടെ കടമയാണ്.  കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ വിവരിക്കുന്ന പേപ്പറില്‍ അനുവാദം ഒപ്പിട്ടുകൊടുക്കാന്‍ അവര്‍ അശിനിയോട് ആവശ്യപ്പെട്ടു.   
കീമോ ബ്രെയിന്‍ 
നാഡീക്ഷതം... മെറ്റാസ്റ്റേസസ്
നാഡീ മെറ്റാ കീമോ 
ക്ഷതം...നാഡി...നാതം 
തം..തം.. ഡി..ഡി..ഡി.. ക്ഷ!
മരണത്തെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല. ഒപ്പിടൂ, മരിച്ചാലും പരാതി പറയില്ലെന്നു,  ആശുപത്രിക്കെതിരെ കേസെടുക്കില്ലെന്ന് ഒരൊപ്പില്‍ തീര്‍പ്പു കൊടുക്കൂ.  ഇടത്തെ കാലികെ മന്ത് വലത്തെ കാലിലേക്കാക്കി തരുന്ന ഡോക്ടര്‍ ദൈവമാണ്. 
ഫോം ഒപ്പിട്ടുകൊടുക്കാന്‍  അശ്വിനിക്ക് സ്വന്തം തലച്ചോറിനോടും പേന പിടിച്ച കൈയോടും പല ന്യായങ്ങളും പറയേണ്ടി വന്നു.  
 
ഒരേ പ്രിന്റുള്ള പാന്റും ടോപ്പുംധരിച്ച  നേഴ്‌സ് പേര് ജെസിക്കയെന്നു പറഞ്ഞു അശ്വിനിയെ പരിചയപ്പെട്ടു. ജെസിക്ക മാലാഖ അശ്വിനിയുടെ കൈത്തണ്ടയിലെ നാഡിപിടിച്ച് ആദ്യം ജീവനുണ്ടോന്നു നോക്കി.  സംശയം തോന്നിട്ടു ഉറപ്പാക്കാനായി സ്റ്റെതസ്‌കോപ്പുവെച്ച് പുറത്തും നെഞ്ചത്തും ശ്വാസം കിട്ടുന്നുണ്ടെന്നു ഉറപ്പാക്കി. 
''കൊറേ മരുന്നു കൂട്ടിക്കുലുക്കിയുണ്ടാക്കിയ കോക്ക്‌ടെയിലല്ലേ കീമോ.  എക്‌സ്‌പെന്‍സീവായിരിക്കും. വെറുതെ വേസ്റ്റാക്കണ്ടല്ലോ!'' 
അശ്വിനി റാണയോട് അടക്കം പറഞ്ഞു. 
പിന്നെ ജെസിക്ക നേഴ്‌സ് അശ്വിനിയുടെ രക്തസമ്മര്‍ദ്ദം അളന്നു. പനി നോക്കി. എന്നിട്ട് കാത്തിരിക്കൂ എന്ന്് പറഞ്ഞു. ക്ഷമകെട്ട അശ്വിനി എന്തിനാണിങ്ങനെ കുത്തിയിരിപ്പിക്കുന്നതെന്ന് ചോദിച്ചു. അപ്പോള്‍ ജെസിക്ക പറഞ്ഞു കുത്തിക്കൊണ്ടുപോയ ചോരേലെ ഹീമോഗ്ലോബിനും പ്ലേറ്റും  സോസറുമൊക്കെ ആരാണ്ടോ ലാബിലിരുന്നു എണ്ണിതിട്ടപ്പെടുത്തുകയാണെന്ന്.  അതിന്റെ എണ്ണം ഡോക്ടറുനോക്കി ആവശ്യത്തിനെല്ലാം ഉണ്ടെങ്കിലെ കീമോ കിട്ടുകയുള്ളൂ. 
''ങേ? ഇത് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ വീട്ടിന്നു കുറച്ചു പ്ലേറ്റുകള്‍  പൊതിഞ്ഞു കൊണ്ടോരായിരുന്നു.''
റാണയോടു അതു പറയുമ്പോഴാണ് അഖില പ്രത്യക്ഷപ്പെട്ടത്.    
''ചേച്ചീ, പ്രാര്‍ഥിക്കുന്നുണ്ട്.''
അഖിലയുടെ മെസേജിലേക്ക് അശ്വിനി തുറിച്ചു നോക്കി.
''നീയ് കുട്ടിക്കു ചോറു കൊടുത്തോ?  പൂജാമുറീല് കേറിയിരിക്കാതെ വീട്ടിലെ പണിനോക്ക് പെണ്ണേ.''
അതിനിടക്ക് മാലാഖ ജെസിക്കവന്നു പ്‌ളേറ്റുകളുടെ എണ്ണം തികഞ്ഞെന്നു അശ്വിനിയെ അറിയിച്ചു.    
''ആറു കീമോയല്ലേ ഉള്ളത്? പോര്‍ട്ട് ആവും നല്ലത്.  ഐ.വി. ഇടാന്‍ എല്ലാപ്രാവശ്യവും വെയിന്‍ കണ്ടുപിടിക്കണം. പിന്നെ എല്ലാ കീമോയും തുടങ്ങുന്നതിനു മുന്‍പേ ചോരയെടുക്കണം.'' നേഴ്‌സ് ജെസിക്ക വിശദീകരിച്ചു. 
 
ചങ്കിനു മുകളില്‍ തോളിനു താഴെ കുത്തിത്തുളച്ചു മാലാഖ ജസിക്ക പോര്‍ട്ട് സ്ഥാപിച്ചു.  ചെറിയൊരു പ്ലാസ്റ്റിക് തകിടാണ് പോര്‍ട്ട്, അതിലൂടൊരു കുഞ്ഞിക്കുഴല്‍ ശരീരത്തിനുള്ളിലെക്ക് പോകുന്നുണ്ട്.  ഇനി ചോരകുത്തിയെടുക്കാനും മരുന്നു കയറ്റാനും ഓരോ കീമോയിക്കും ഞരമ്പു തപ്പിയെടുക്കേണ്ട, കുത്തിപ്പൊളിക്കേണ്ട. പോര്‍ട്ട് ശല്യമുണ്ടാക്കാതെ ആഴ്ച്ചകളും മാസങ്ങളും അവിടിരുന്നുകൊള്ളും.    
''മാലാഖമാര്‍ യക്ഷിപ്പണിയും തുടങ്ങിയിരിക്കുന്നു.  യക്ഷികള്‍ക്കാണെങ്കില്‍ ചോരമാത്രം മതി.  ഇവിടുത്തെ ചവച്ചു തുപ്പല്‍ കഴിഞ്ഞാല്‍ മുടിയും നഖവും പോലും ബാക്കിയുണ്ടാവില്ല!'' അശ്വിനി കമന്ററികള്‍ റാണക്ക് പകര്‍ന്നുകൊണ്ടിരുന്നു.       
 
തലങ്ങും വിലങ്ങും നടക്കുന്ന മോഹനെ അശ്വിനി കുറച്ചു നേരം നോക്കിയിരുന്നു. മോഹനു പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. നിശബ്ദത അശ്വിനിയെ ശ്വാസം മുട്ടിച്ചു. മോഹന്‍ എത്രയും വേഗം പോയിരുന്നെങ്കില്‍ അത്രയും നന്നായിരുന്നു എന്നവള്‍ക്കു തോന്നി. അശ്വിനി കണ്ണടച്ച് കസേരയില്‍ ചാരിയിരുന്നു കുറച്ചു കഴിഞ്ഞപ്പോള്‍ നീല നിറത്തിലുള്ള ഒരു മഴക്കോട്ടുമിട്ട് വാലറി എന്നു പേരുള്ള നേഴ്‌സ് വന്നു. കാലുകള്‍ പൊക്കി വെയ്ക്കുകയും ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാവുന്ന ബഗണ്ടന്‍ കസേരയിലേക്കാണ് വാലറി മാലാഖ അശ്വിനിയെ ആനയിച്ചത്.  അമ്മയുടെ മടിയില്‍ ഇരിക്കുന്ന കുട്ടിയെപ്പോലെ പതുപതുപ്പന്‍ കുഷ്യനില്‍ അശ്വിനി ഇരുന്നു. ഷര്‍ട്ടിന്റെ കൈ മുട്ടിനു മുകളില്‍ കയറ്റിവെച്ച് കൈ കസേരയുടെ വീതിയുള്ള പടിയില്‍ വെച്ചുകൊടുത്തു.  
വാലറിയാണ് കീമോ തുടങ്ങിയത്. മരുന്നു മുഴുവന്‍ കയറാന്‍ കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും വേണമെന്നു വാലറി പറഞ്ഞതനുസരിച്ച് മോഹന്‍ ജോലിയിലേക്ക് പോയി. കീമോ കഴിയുമ്പോള്‍ വിളിക്കുക. മോഹന്‍ പറന്നു വരും.   
സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന മിഷീന്റെ സ്‌ക്രീനില്‍ ഗ്രാഫും വിവരങ്ങളും രേഖപ്പെടുത്തുന്നുണ്ടായിരുന്നു.  ചോദിച്ചാല്‍ മാലാഖ വിശദമായി പറയുമെന്നു അശ്വിനിക്കറിയാം.  പക്ഷേ അവള്‍ക്ക് അറിയാന്‍ ആഗ്രഹമില്ല. എന്നിട്ടും ചോദിക്കാതെ തന്നെ വാലറി പറഞ്ഞു.
''This has Tagamet and Benadryl, and d Aloxi, which is an anti-nausea medication.'കീമോ മിശ്രിതത്തില്‍ മനംപുരട്ടല്‍ തടയാനും, അലേര്‍ജി ഇല്ലാതാക്കാനുമുള്ള മരുന്നുകളുണ്ട്. അലേര്‍ജി തടയാനുള്ള ബെനട്രില്‍ ഉറക്കം വരുത്തുന്ന മരുന്നാണ്. 
നീലക്കസേര പിന്നോട്ടു ചരിക്കാം. കാലുയര്‍ത്തിവെച്ച് ചാരുകസേരയില്‍ കിടക്കുന്ന സുഖത്തില്‍ ഉറങ്ങാം. ഉറങ്ങാന്‍ പറ്റുമെങ്കില്‍ അതാണ് നല്ലത്.
 
വേവിക്കാത്തതൊന്നും കഴിക്കരുത്.  പച്ചക്കറിയിലും പഴങ്ങളിലുമുള്ള സാധാരണ ബാക്ടീരിയയെ ചെറുക്കാനുള്ള പ്രതിരോധശക്തി കീമോ തിന്നുതീര്‍ത്ത കോശങ്ങള്‍ക്ക് ഉണ്ടാവില്ല.  വാലറി മാലാഖയുടെ വിസ്താരത്തിനിടയില്‍ ഫോണ്‍ പിന്നെയും വൈബ്രേറ്റ് ചെയ്തു. വിദ്യ മൂന്നാമത്തെ തവണയാണ് വിളിക്കുന്നത്. അശ്വിനി മെസേജ് കേട്ടുനോക്കി.   
''അതേയ്, അശ്വിനി കീമോ എടുക്കുന്ന ദിവസം ഒന്നും കഴിക്കാതിരുന്നത് നന്നാണെന്ന് ഞാന്‍ വായിച്ചു. നീ കഴിച്ചോ? ഇല്ലെങ്കി ഒന്നു പരീക്ഷിക്കാം. ഞാന്‍ ആ ലിങ്ക് നിനക്ക് ഇമെയില്‍ ചെയ്തിട്ടുണ്ട്. ഒന്നു വായിച്ചു നോക്യേ.''
ഉപവാസം കാരണം സാധാരണ കോശങ്ങളുടെ വളര്‍ച്ച മന്ദമായിരിക്കും. പക്ഷേ ക്യാന്‍സര്‍ കോശങ്ങള്‍ മരുന്ന് വലിച്ചെടുക്കും.  പ്രശ്‌നങ്ങള്‍ കുറയുമെന്ന് വിദ്യയുടെ നോട്ടു അശ്വിനിയെ പഠിപ്പിച്ചു. 
 മെഷീനിന്റെ ഞരക്കം കേട്ടു കേട്ട് അശ്വിനി ഉറക്കത്തിലേക്ക് നടന്നു നടന്നങ്ങു പോയി. 
ജെസിക്ക നേഴ്‌സ് മെല്ലെ തോളില്‍ തട്ടി അശ്വിനിയെ ഉണര്‍ത്തി.  
''All done Hon. How are you feeling?'
നല്ലൊരു ഉറക്കം കഴിഞ്ഞ സുഖത്തില്‍ തലകുലുക്കി  അശ്വിനി പറഞ്ഞു. 
''Very well thank you. '
 
അശ്വിനിക്ക് അലേര്‍ജിയില്ല. ക്ഷീണം മനംപുരട്ടല്‍ തലകറക്കം ഒന്നുമില്ല. ജെസിക്ക അശ്വിനിയോട് ഉറച്ച ശബ്ദത്തില്‍ പറഞ്ഞു 
''അടുത്ത നാല്‍പ്പത്തിയെട്ടു മണിക്കൂര്‍ ധാരാളം വെള്ളം കുടിക്കണം. രക്തത്തത്തില്‍ കലര്‍ന്ന മരുന്നിനെ പുറത്താക്കണം. ശരീരത്തില്‍ നിന്നും  പുറത്തുപോകുന്ന മാലിന്യങ്ങളില്‍ മരുന്നിന്റെ അംശം ഉണ്ടാവും. അത് ആരോഗ്യമുള്ളവരെ ബാധിക്കും. അവരുടെ ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കും. അതുകൊണ്ട് ടോയലറ്റ് രണ്ടു തവണ ഫ്‌ളഷ് ചെയ്യണം. ഛര്‍ദ്ദിക്കുകയാണെങ്കില്‍   ടോയലറ്റും സിങ്കും സോപ്പും വെള്ളവും കൊണ്ട് കഴുകണം. ബെഡ്ഷീറ്റുകളും വസ്ത്രങ്ങളും മറ്റുള്ളവരുടെതുമായി ചേര്‍ക്കാതെ ചൂടുവെള്ളത്തില്‍ ഉടനെ അലക്കിഎടുക്കണം.'' നിര്‍ദ്ദേശങ്ങളും നിയമങ്ങളും  അശ്വിനിയെ ചുറ്റിവരിഞ്ഞു. 
ഇരുപത്തിനാലു മണിക്കൂറും വിളിക്കാനുള്ള നമ്പറും ജെസിക്ക അശ്വിനിക്ക് കൊടുത്തു. എന്തു സംശയവും ചോദിക്കാം. എന്തു സഹായവും ചെയ്തു തരാന്‍ അയല്‍പക്കത്തുള്ള സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ ഫോണ്‍ നമ്പറും ഇമെയില്‍ അഡ്രസുമുള്ള ലഘുലേഖയും അശ്വിനിബാഗില്‍ വെച്ചു.    
 
മോഹനെ വിളിച്ചാല്‍ കുറഞ്ഞത് അരമണിക്കൂര്‍ എടുക്കും ആശുപത്രിയില്‍ എത്താനെന്നു അശ്വിനി കണക്കുകൂട്ടി.  അശ്വിനിക്ക് കാത്തു നില്‍ക്കാന്‍ വയ്യ, ഉടനെ വീടെത്തണം. അവള്‍ ടാക്‌സിവിളിച്ച് വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ വിവരം മോഹനെ വിളിച്ചറിയിച്ച് കുളിച്ച് ആശുപത്രി തുണികള്‍ കഴുകാനിട്ട് അശ്വിനി ഉറങ്ങാന്‍ കിടന്നു. വിദ്യയുടെ ഫോണാണ് അശ്വിനിയെ ഉണര്‍ത്തിയത്. 
''എന്നും കുറച്ചെങ്കിലും നടക്കണം. വ്യായാമം അത്യാവശ്യമാണ്. ഞാന്‍ വരാം.'' 
അശ്വിനി ഉടനെ വിദ്യയെ തടഞ്ഞു.
''എന്തായാലും രണ്ടു ദിവസത്തേക്ക് എന്റെ മുന്നില്‍ കണ്ടുപോകരുത്!  ഞാനിപ്പൊഴൊരു സഞ്ചരിക്കുന്ന മരുന്നു പെട്ടിയാണ്.'' 
''അതേയ്, അശ്വിനീ കോള്‍ഡ് ക്യാപ്പ് വെച്ചാല്‍ മുടി പോവില്ലാന്ന്. ചെലപ്പോ മുടി കൊഴിയുന്നത് കുറയ്ക്കുംന്ന് ഞാനൊരു ആര്‍ട്ടിക്കിള്‍ വായിച്ചു.''
വിദ്യ മുഴുവന്‍ സമയവും ക്യാന്‍സര്‍ റിസേര്‍ച്ച് നടത്തുകയാണെന്ന് അശ്വിനിക്ക് തോന്നി. ഓരോ ദിവസവും പുതിയ അറിവുകളുണ്ട് വിദ്യക്ക്.  
 
കീമോത്തൊപ്പിയെപ്പറ്റിയുള്ള സൈറ്റുകള്‍ അശ്വിനി ഇന്റര്‍നെറ്റ് തിരഞ്ഞു നോക്കി.  തലയോട് മൈനസ് പതിനഞ്ചു ഡിഗ്രിയില്‍ താഴെ സൂക്ഷിച്ചാല്‍ ചര്‍മ്മത്തിനടിയിലെ രക്തക്കുഴലുകള്‍ ചുരുങ്ങും.  അങ്ങോട്ടുള്ള രക്തയോട്ടം കുറയുന്നതുകൊണ്ട് കീമോതെറാപ്പി മരുന്നുകള്‍ രോമകൂപങ്ങളില്‍ എത്തുന്നത് കുറയും. തണുപ്പു രോമാകൂപങ്ങളിലെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും ചെയ്യും. അതുകൊണ്ട് മുടി കൊഴിയില്ല എന്നാണു സിദ്ധാന്തം. ഇന്റര്‍നെറ്റില്‍ അനുഭവസ്ഥരുടെ സാക്ഷ്യവും ഉണ്ടായിരുന്നു. കീമോതുടങ്ങുന്നതിനു മുന്‍പേ തല ഫ്രീസാക്കണം. തലയില്‍ ചേര്‍ന്നിരിക്കുന്ന ഹെല്‍മറ്റ്‌പോലെയുള്ള തൊപ്പിക്കകത്ത് ഫ്രീസറില്‍ നിന്നുമെടുക്കുന്ന കൂളിംഗ് ജെല്‍ വെക്കണം. ഈ തൊപ്പി തലയോട് ചേര്‍ത്ത് സ്ട്രാപ്പ് ചെയ്തു വെയ്ക്കും. അത് അരമണിക്കൂര്‍ കൂടുമ്പോള്‍ മാറ്റി തണുപ്പിച്ച മറ്റൊരുതൊപ്പി വെയ്ക്കണം. മരുന്നിന്റെ പ്രവര്‍ത്തനം കുറയുന്നതുവരെ, മണിക്കൂറുകളോളം ഫ്രീസാക്കിയ ജെല്‍ മാറ്റിവെച്ചു കൊണ്ടിരിക്കണം.  
''അത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു കരസേന മുഴുവനായും സഹായത്തിനുണ്ടെങ്കില്‍ ഇതൊക്കെ ആവാമായിരുന്നു വിദ്യ''അവള്‍ വിദ്യക്കു മറുപടി അയച്ചു. 
      
അശ്വിനിയുടെ കീമോ തുടങ്ങിയതോടെ മോഹന്‍ ഉറക്കം അതിഥിമുറിയിലേക്കു മാറ്റി. രാവിലെ എട്ടുമണി മുതല്‍ രാത്രി പതിനൊന്ന മണി വരെ നീളുന്ന പ്രശ്‌നത്തില്‍ മുങ്ങിക്കിടക്കുകയായിരുന്നു മോഹന്‍.  അതൊരു പ്രശ്‌നമാക്കാതെയിരിക്കാന്‍ അശ്വിനി പ്രത്യേകം ശ്രദ്ധിച്ചു. കാലത്തെ ഉണര്‍ന്നുടന്‍ അശ്വിനി ഫേസ്ബുക്കിലെക്കു പോയി. സഹതാപക്കടല്‍ ഒഴുകുന്നതിനു മുന്‍പ്, ആളെവിടെ എന്ന് ആരെങ്കിലും അന്വേഷിക്കുന്നതിനു മുന്‍പ് പുതിയൊരു പടവും ഉദ്ധരണിയുമായി ഫേസ്ബുക്ക് ഐഡിയില്‍ പ്രത്യക്ഷപ്പെടണമെന്നുറപ്പിച്ചു. ഛര്‍ദ്ദി വരാതിരിക്കാനുള്ള മരുന്നുകളുടെ ക്ഷീണത്തില്‍ പകല്‍സമയം അശ്വിനി സോഫയില്‍ കിടന്നുറങ്ങി.        
മലയാളം ടി.വി.യിലെ ഇന്റര്‍വ്യൂ കണ്ട് അശ്വിനി ചിരിച്ചു. കുലുങ്ങി കുലുക്കി ചിരിച്ചു. ഒരു അമേരിക്കന്‍ എഴുത്തുകാരെനെ ഇന്റര്‍വ്യൂക്കാരന്‍ നിരപ്പാക്കാന്‍ ശ്രമിക്കുന്നതു രസിച്ചു അശ്വിനി സോഫയില്‍ കിടന്നു.  തുടക്കത്തിലെ ദുശ്ശാഠ്യം വിട്ട് എഴുത്തുകാരന്‍ മെരുങ്ങി വന്നു. കരുമുരാ കടുപ്പം മാറി കാപ്പിയില്‍ മുക്കിയ ബ്രിട്ടാനിയ ബിസ്‌ക്കറ്റ്‌പോലെ അയാള്‍ അധികം വൈകാതെ കുതിര്‍ന്നലിഞ്ഞു. വ്യത്യസ്തമായ കുസൃതിചിരിയോടെ അടുത്ത ചോദ്യം തൊടുത്ത് ബ്രിട്ടാസ് ഒന്നിളകിയിരുന്നു. 
 
''മുത്തങ്ങാരിഷ്ട റെസിപ്പിയും, മതിലുകെട്ടുന്ന തര്‍ക്കവും, പ്ലാച്ചി മെടയലും പോരാ, ഐസ് ക്രീം കുംഭകോണവും ഞാനറിയണമെന്നു വന്നാല്‍...''അശ്വിനി റാണയോടു കയര്‍ത്തു. 
സ്റ്റുഡിയോ ലൈറ്റിന്റെ ചൂടില്‍ അമേരിക്കന്‍ മുഖം വിയര്‍ക്കുന്നുണ്ടായിരുന്നു. 
''നോക്കൂ, ചോദ്യങ്ങള്‍ കൊണ്ട് തോല്‍പ്പിക്കുന്നതാവും നിങ്ങളുടെ വിജയത്തിന്റെ അടയാളം. എന്റെ അഭിപ്രായത്തില്‍ ഓരോ വാക്കിനേയും കീറിമുറിച്ച് എനിക്കെതിരെ ഉപയോഗിക്കുക എന്ന പഴയ തന്ത്രം ഉപേക്ഷിക്കൂ. ഞാന്‍ വാക്കുകള്‍ കൊണ്ട് തോല്‍പ്പിക്കാന്‍ വന്നതല്ല. വാക്കുകള്‍കൊണ്ട് ആശ്വസിപ്പിക്കുന്നതാണ് എനിക്കിഷ്ടം.''അശ്വിനി ഉത്തരം പറഞ്ഞു. 
''നിങ്ങളുടെ കഥകള്‍ കേരളത്തിലെ ഒന്നാംനിര പ്രസിദ്ധീകരണങ്ങളില്‍ വരാറില്ല.  പുസ്തകങ്ങളാണെങ്കിലും ബൗദ്ധികമായി പ്രചോദിപ്പിക്കാത്തവയാണ് എന്ന ആക്ഷേപത്തെ എങ്ങനെയാണ് നേരിടുന്നത്? '
'പഠനത്തിന്റെയും പണത്തിന്റെയും കാര്യം വരുമ്പോള്‍ ഇത്തരം തരംതിരിവും താരതമ്യവും തെറ്റാണെന്ന് സമര്‍ഥിക്കുന്നതു തന്നെ ബൗദ്ധികമായി ഉയര്‍ന്നു നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവരല്ലേ? കണക്കും സയന്‍സും എല്ലാ ബുദ്ധിക്കും ഒരുപോലെ വഴങ്ങുകയില്ല. തൊണ്ണൂറു ശതമാനം വാങ്ങുന്ന കുട്ടിയെപ്പോലെ അന്‍പതു ശതമാനക്കാരനേയും പരിഗണിക്കണം എന്നൊക്കെ പറയും. എന്നാല്‍ സാഹിത്യത്തിന്റെ കാര്യത്തില്‍ തൊണ്ണൂറു മാര്‍ക്കില്‍ കുറവുള്ളവനെ പരിഹസിക്കാം എന്ന് വാശിപിടിക്കുന്നത് എന്തിനാണ് സാര്‍? പെടാപ്പാടു പെടുന്ന സാധാരണക്കാരന്റെ ജീവിതവുമായി ബന്ധമില്ലാത്തതും ചെമ്മണ്ണ് പോലെ അരോചകവുമായ ഭാഷയെ പൊറുക്കണമെന്നു പറയുന്നത് ശരിയാണോ സാര്‍?'' അശ്വിനി ചോദ്യങ്ങള്‍ക്കൊക്കെ ഉടനുടന്‍ മറുപടി കൊടുത്തു. 
''ഭാഷയെ ഇത്രയേറെ സ്‌നേഹിക്കുകയും ഇത്രയും ദൂരെയിരുന്ന് ഭാഷാസേവനം നടത്തുകയും ചെയ്യുന്ന അങ്ങയുടെ മക്കള്‍ തനി മലയാളികളായിട്ടാണോ വളരുന്നത്?'' 
''തീര്‍ച്ചയായും അല്ല. അവര്‍ കേരളത്തിലല്ല. വളരുന്നത്. അതുകൊണ്ട് അവര്‍ക്ക് കേരളീയരെപ്പോലെ വളരാന്‍ പറ്റില്ല. ആയതിനാല്‍ അവര്‍ അമേരിക്കന്‍ മലയാളികളെപ്പോലെയാണ് വളരുന്നത്.''  
''എന്നുവെച്ചാല്‍ നമ്മുടെ കപ്പയും മീനും അതുപോലെയുള്ള ഭക്ഷണങ്ങളൊക്കെ കഴിക്കുകയും മലയാളം സംസാരിക്കുകയും ചെയ്യുമല്ലേ.''
''കപ്പയും മുളകും നമ്മുടേതല്ല. അതൊക്കെ വിദേശികള്‍ കേരളത്തിലേക്ക് കൊണ്ടുവന്നതാണ്. പീസയും ബര്‍ഗറും പോലെതന്നെ. ഇതേപോലെ കുറെ നായകര്‍ അതിനെതിരെ കൊടിപിടിക്കാന്‍ ഇല്ലാതിരുന്നത് കൊണ്ട് ഒക്കെ നമ്മുടെതായി.
ഹെമിംഗ്വേയെപ്പോലെ എഴുതണമെന്നു പറഞ്ഞിട്ട് അദ്ദേഹം തിന്നുന്ന ടോസ്റ്റ് തിന്നാല്‍ മലയാളിയല്ലാതെയായിപ്പോവും എന്ന് പറയുന്നത് തെറ്റല്ലേ സര്‍? '
ഇനിയൊരു ജന്മമുണ്ടെങ്കില്‍ ആരായി ജനിക്കാനാണിഷ്ടം എന്നചോദ്യം കേള്‍ക്കാഞ്ഞിട്ട് അശ്വിനിക്ക് വിഷമം തോന്നി. 
''അടുത്ത ജന്മത്തില്‍ എനിക്ക് യേശുദാസോ, ഐശ്വര്യ റായിയോ, അരവിന്ദ് കേജ്രവാളോ ആയി ജനിക്കണം. അല്ലെങ്കില്‍ അയല്‍പക്കത്തെ സൗദാമിനിയുടെയോ കാര്‍ത്തികയുടെയോ ഭര്‍ത്താവിനെ കിട്ടണം. കുറഞ്ഞപക്ഷം അമ്മായിയമ്മ എങ്കിലും ഒന്ന് മാറ്റിക്കിട്ടാന്‍ പറ്റുമോ? ഒരു കവിയൂര്‍ പൊന്നമ്മ മോഡല്‍ കിട്ടാനുണ്ടാവുമോ?'' വലിയ തമാശയില്‍ അശ്വിനി ചിരിച്ചു. കൂടെ ചിരിക്കാതെ ഇന്റര്‍വ്യൂക്കാരനും എഴുത്തുകാരനും പോയിക്കഴിഞ്ഞിരുന്നു. മരുന്നുകളുടെ ശക്തിയില്‍ അശ്വിനി ഉറക്കത്തിനും ഉണര്‍ച്ചക്കും സ്വപ്നങ്ങള്‍ക്കും ഇടയിലൂടെ ഊളിയിട്ടു പോയി.       
 
അതിനിടയില്‍ വിദ്യയുടെ ഫോണ്‍ അശ്വിനിയെ ഉണര്‍ത്തി.
''അശ്വിനി അവരു പറഞ്ഞത്രയും വെള്ളം കുടിച്ചോ?'' 
''ഞാന്‍ രണ്ട്, അല്ല മൂന്നു ഗ്ലാസ് കുടിച്ചു. തികച്ചില്ല. മൂന്നാമത്തേത് അര ഗ്ലാസേ ഉണ്ടായിരുന്നുള്ളൂ.  പിന്നെ ലഞ്ചു കഴിച്ചപ്പോ കുറച്ചു വെള്ളം കുടിച്ചു.'' 
''അവരു പറഞ്ഞത്രയും വെള്ളം മെഷര്‍ ചെയ്തു രാവിലെ തന്നെ മേശപ്പുറത്തു വെയ്ക്കു. അപ്പൊ പിന്നെ അളവൊന്നും നോക്കാതെ അതീന്നു ഒഴിച്ചു കുടിച്ചാപ്പോരെ.''  
''ഓ, നിനക്ക് ഫയങ്കര ബുദ്ധിയാണ് വിദ്യേ.''
''ദേ അശ്വിനി തമാശ കളിക്കല്ലേ. ഇത് സീരിയസ് ആണ്. ഞാന്‍ അവധിയെടുത്ത് വരണോ?''
''യ്യോ ബീഷണി വേണ്ട. ഞാന്‍ വെള്ളമടിച്ചോളം. ഒരു സ്‌നേഹക്കാരി!''
അശ്വിനി അടിയറവു വെച്ചു.  
 
അശ്വിനി പുറത്തേക്ക് നോക്കി, കാറ്റില്‍ തലയിട്ടിളക്കുന്ന മരങ്ങളുടെ ഇലക്കൊഴുപ്പും ചെടികളിലെ നിറങ്ങളുടെ കോലാഹലവും കണ്ടുനിന്നു. ഒരില പോലുമില്ലാതെ ചുള്ളിക്കമ്പായി നിന്നകാലമെല്ലാം മരങ്ങളും ചെടികളും മറന്നിരുന്നു. പാറ്റിയോയിലേക്കുള്ള കണ്ണാടിവാതിലിനു പുറത്ത് ഒരു ഈച്ച പറ്റിപ്പിടിച്ചിരിക്കുന്നത് അശ്വിനി കണ്ടു.  അകത്തെ വിശേഷങ്ങള്‍ മുഴുവന്‍ കണ്ടും കേട്ടും ഇരിക്കുന്ന ഒരു ഈച്ച. കണ്ടു കേട്ട രഹസ്യങ്ങള്‍ പങ്കുവെക്കാന്‍ മറ്റൊരീച്ച  കൂട്ടില്ലാത്ത ഈച്ച. ചിറകിട്ടടിച്ചിട്ടും ആറു കാലുകള്‍കൊണ്ടും തൊഴിച്ചിട്ടും അകത്തുള്ളവര്‍ ഈച്ചയുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിച്ചതേയില്ല. 
പാവം ഈച്ച  കണ്ണാടിക്കിപ്പുറം നിന്ന് ചിറകിട്ടടിച്ചിട്ടും തൊഴിച്ചിട്ടും കാര്യമില്ല,  സ്വീകരിക്കാത്ത ലോകത്തെ സ്പര്‍ശിക്കാന്‍ ഒന്നിനും  ഒരിക്കലും കഴിയില്ല.  
 
(തുടരും)
 
 
Content Highlights: Women novel Manjil Oruval by Nirmala part twenty four