Whole nine yards
അവസാന തുള്ളി ഉര്‍ജവും ഛര്‍ദ്ദിക്ക് കൊടുത്ത് ഉണക്കത്തൊണ്ടായി അശ്വിനി കിടക്കയില്‍ വളഞ്ഞു കിടന്നു. കയ്യുകള്‍ കിടക്കയ്ക്കു ലംബമായി നീട്ടിപ്പിടിച്ചു നിശ്ചലമായി നില്‍ക്കുന്ന ഫാന്‍ നിര്‍വ്വികാരതയോടെ അശ്വിനിയെ നോക്കി. ഫാനിന്റെ തണ്ടില്‍ കുറച്ച് എട്ടുകാലി വല ഒളിച്ചിരിച്ചിരിക്കുന്നത് അവള്‍ കണ്ടു. വൃത്തിയാക്കുമ്പോള്‍ വിട്ടു പോയതാണോ പുതിയതായി കൂടുകേട്ടിയതാവുമോഎന്നു അശ്വിനിക്കറിയില്ല.
മച്ചിന് ഉള്ളിലൂടെ പോകുന്ന കഴുക്കോലുകളെ അശ്വിനിക്ക് അറിയാം. വീടു പണിത തടിയുടെ ചട്ടക്കൂട്, തണുപ്പും ചൂടും അകത്തേക്കും പുറത്തേക്കും പോകാതെ അതില്‍ തിരുകിയിരിക്കുന്ന ഫൈബര്‍ഗ്ലാസിന്റെ ആവരണം. തല പുറത്തു കാണാതെ തറച്ചിരിക്കുന്ന ആയിരം ആണികള്‍, മേല്‍ക്കൂരയ്ക്കു മുകളിലെ ഓട്, ഭിത്തികള്‍ക്ക് പുറത്ത് ഭംഗിയില്‍ ഒട്ടിച്ചിരിക്കുന്ന ഇഷ്ടികകള്‍. വീടിനെ വീടായിട്ടല്ലാതെ ഒരു പ്രോജക്ടായിട്ടു മാത്രമേ അശ്വിനിക്ക് കാണാന്‍ കഴിയുന്നുള്ളൂ.
യൂക്ക പ്രോഗ്രാമിലെ ആദ്യപ്രോജക്ട് എന്തായിട്ടുണ്ടാവുമെന്ന് പെട്ടെന്നവള്‍ക്ക് പരിഭ്രമംതോന്നി. ട്രാവിസിനു അശ്വിനി ഇടക്കൊക്കെ മെസേജ് അയക്കുന്നുണ്ട്. സുഖമാണോ, നിന്നെ ഞങ്ങള്‍ മിസ് ചെയ്യുന്നുണ്ട്, യൂക്ക-വണ്‍പ്രോജക്ട് കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു. എന്നൊക്കെയുള്ള മറുപടികള്‍ അശ്വിനിയെ തൃപ്തിപ്പെടുത്തിയില്ല.
അശ്വിനിയുടെ തൊണ്ട രാവിലെച്ചായക്കു കൊതിച്ചു. കിടപ്പുമുറിയില്‍ നിന്നും കോണിയിറങ്ങി അടുക്കളയില്‍ എത്തിയാലേ ഒരു ചായ കുടിക്കാന്‍ പറ്റൂ. അശ്വിനി ചരിഞ്ഞു കിടന്ന് മോഹനെ വിളിച്ചു. അവളുടെ ശബ്ദം ഒഴിഞ്ഞ മുറിയില്‍ പ്രതിധ്വനിച്ചു. മോഹന്റെ പല്ലുതേപ്പ്, ഷേവിംഗ്, കുളിയെല്ലാം അതിഥിക്കുളിമുറിയിലേക്ക് മാറിയിരുന്നു. അശ്വിനിയുടെ രാവും പകലും തെറ്റിയുള്ള ഉറക്കത്തിനിടയില്‍ എപ്പോഴോ മോഹന്‍ ഓഫീസിലേക്ക് പോയിക്കഴിഞ്ഞിരുന്നു.
അപ്പോഴാണ് അനുവാദം ചോദിക്കാതെ ഛര്‍ദ്ദി പിന്നെയും വന്നത്. കുടലിലുള്ളത് മുഴുവന്‍ തീര്‍ന്നു പോയീന്നു കരുതി കിടക്കയില്‍ തിരികെ വന്നു കിടന്ന അശ്വിനിയുടെ വയറിന്റെ ആഴത്തില്‍ നിന്നുമാണ് ഓക്കാനം കയറി വന്നത്. അശ്വിനി തിരക്കിട്ട് കുളിമുറിയിലേക്ക് തിരികെയോടി. കിടക്ക മുതല്‍ ടോയ്‌ലറ്റ് വരെ പത്തുകിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു. ടോയ്ലറ്റില്‍ എത്തുന്നതിനു മുന്‍പേ പിത്തവെള്ളം നിലത്തേക്ക് ചീറ്റി. ഛര്‍ദ്ദി തുടങ്ങിയാല്‍ പിന്നെ അന്തമില്ല. രണ്ടായിരത്തിരണ്ടില്‍ കഴിച്ച ചോറും ഇഡലിയുംവരെ നേരത്തെ പുറത്തുപോയി ക്കഴിഞ്ഞതാണ്.
അശ്വിനിക്ക് തൊണ്ട വേദനിച്ചു. ശരീരം ചുട്ടുപൊള്ളി, വിറയലോടെ അവള്‍ നിലത്തിരുന്നു. നിര്‍ത്താത്ത ഓക്കാനം. കൈയില്‍, കാലില്‍, പൈജാമായില്‍. വൃത്തികെട്ട നാറുന്ന ഛര്‍ദ്ദി വെള്ളത്തില്‍ അവള്‍ ചങ്ങാടംപോലെയൊഴുകി. ചങ്ങാടത്തില്‍ ആലോലം കളിച്ച് രസിച്ചു ചിരിക്കുന്ന ക്യാന്‍സു. അശ്വിനിയുടെ കണ്ണുകള്‍ അടഞ്ഞു പോയി. ഉണര്‍പ്പോള്‍ വൃത്തികെട്ട നാറ്റത്തില്‍ അശ്വിനിക്ക് വീണ്ടും ഛര്‍ദ്ദിക്കണമെന്നു തോന്നി. വയറിനെ അമര്‍ത്തിപ്പിടിച്ച് പതിയെ എഴുന്നേറ്റ് കിതപ്പോടെ അശ്വിനി ടബ്ബിന്റെ അരികിലിരുന്നു. ടബ്ബില്‍ കൈകുത്തി സാവധാനത്തില്‍ എഴുന്നേറ്റാല്‍ തലചുറ്റില്ലെന്ന് അവള്‍ പഠിച്ചെടുത്തിരുന്നു.
ബാത്ത്ടബ്ബില്‍ ചാരിയിരുന്നു അശ്വിനി കണക്കുകൂട്ടി. നിലം തുടച്ച്, ഛര്‍ദ്ദിയില്‍ മുങ്ങിയ തുണികള്‍ മിഷീനിലിട്ടു കഴുകി, പിന്നെ ഡ്രയറിലിട്ട് ഉണക്കി എടുക്കണം. അതിനു കോണിയിറങ്ങി താഴത്തെ നിലയില്‍ പോവണം. താഴത്തെ നിലവരെയെത്താന്‍ മുപ്പത്തിയാറായിരത്തിഎണ്ണൂറ്റിയമ്പത് ജൂള്‍സ് ഊര്‍ജ്ജമാണ് ശരീരം ചോദിക്കുന്നത്. അശ്വിനി ഒരാഴ്ചകൊണ്ട് പിടിച്ചുവെച്ച ഊര്‍ജ്ജം മുപ്പത് ജൂള്‍സാണ്!
തട്ടിയും തടഞ്ഞും കിതച്ചും അശ്വിനി തുണികള്‍ രണ്ടു തവണ കഴുകി ഉണക്കിയെടുത്തു. കീമോമരുന്നുകളുടെ അംശംപോലും ഒന്നിലും വേണ്ട, കീര്‍ത്തന വരുന്നുണ്ട്. ഓരോ കയറ്റയിറക്കത്തിലും അശ്വിനി കിതച്ചു. തുണി നിറച്ച കൊട്ടയുമായി അവള്‍ കോണിയുടെ ആദ്യത്തെ പടിയിലിരുന്നു. കഴുകിയ തുണിനിറഞ്ഞ കൊട്ടയുംകൊണ്ടു മുകളിലത്തെ മുറിവരെ എത്തുമ്പുഴേക്കും ഒരുമാസത്തെ ക്ഷീണം കൂടെവരുന്നത് ശരിയായ കണക്കല്ലെന്നു അവള്‍ തിരിച്ചറിഞ്ഞു.
''രാത്രി പതിനൊന്നു മണിക്കു മോഹന്‍ എത്തുന്നതുവരെ തുണി കാത്തിരിക്കണോ?''
അശ്വിനി ക്യാന്‍സുവിനെ ചോദ്യം ചെയ്തിട്ടു തുണിക്കൊട്ട സ്വീകരണമുറിയിലെ സോഫയില്‍വെച്ച് ഓരോന്നായി മടക്കിയെടുത്തു. കുറച്ചുവീതം കൊട്ടയിലാക്കി പല തവണയായി മുകളില്‍ കൊണ്ടു പോയി.
വീണുപോകുന്ന ക്ഷീണം അശ്വിനിയെ കുളിക്കാനും അനുവദിക്കുന്നില്ല. ഷവറില്‍ തലചുറ്റിവീഴുമെന്നു അവള്‍ക്കു തോന്നി. ചങ്കില്‍ തറച്ചിരിക്കുന്ന പോര്‍ട്ടില്‍ വെള്ളം കയറാതിരിക്കാന്‍ ടബ്ബിലെ കിടന്നു കുളിയാവും നല്ലതെന്ന് വിദ്യ അശ്വനിക്കു പറഞ്ഞുകൊടുത്തു.
കുളികഴിഞ്ഞു നീരുവറ്റിയ വള്ളിപോലെ അശ്വിനി സോഫയില്‍ ചാഞ്ഞു കിടന്നു. കിടന്നാലും തീരാത്ത ക്ഷീണം. ക്ഷീണം പിടിച്ച ജീവിതം ഒന്നിനും കൊള്ളില്ല. ഈ ലോകത്തിനും കൂടെയുള്ളവര്‍ക്കും ഓഹരി കൊടുക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥ ഭീകരമാണ്. അശ്വിനി വൃദ്ധയായിക്കഴിഞ്ഞിരിക്കുന്നു.
Growing old together - അശ്വിനിക്ക് മോഹനോടോന്നിച്ച് വാര്‍ദ്ധക്യമുണ്ടാവുമോ? ഭൂഗോളപ്പാതി താണ്ടി വന്ന അമ്മയുടെ ഫോണ്‍ശബ്ദത്തില്‍ അശ്വിനി ഉണര്‍ന്നു.
''മോളേ, നിയ്യ് നല്ലോണം വല്ലോം കഴിക്കുന്നുണ്ടോ?''
''ഉം..എന്തു കഴിച്ചാലും ഛര്‍ദ്ദിക്കും. അതുകൊണ്ട് സൂപ്പാണ് കൂടുതലും.''
''ഇത്തിരി ആട്ടിന്‍ സൂപ്പ് വെച്ചു കഴിക്കു മോളെ.''
''അതൊന്നും ഇവിടെ നടപ്പില്ലമ്മേ.''
''അവിടെ ആട്ടെറച്ചി കിട്ടില്ലേ? എല്ലൊള്ള കഷണം ഇട്ട് നാല്പത് ദിവസം ആട്ടിന്‍ സൂപ്പു കുടിച്ചാ നിന്റെ ക്ഷീണോക്കെ മാറും''
''ആട്ടെറച്ചി വാങ്ങാന്‍ ഞാന്‍ ഇരുപതു കിലോമീറ്റര്‍ ഡ്രൈവ് ചെയ്തു പോണം. പിന്നെ അത് കഴുകിവൃത്തിയാക്കി പച്ചക്കറികളും പലവ്യഞ്ജനോം ചേര്‍ത്തു സൂപ്പാക്കുമ്പേക്കും ഞാന്‍ സൂപ്പാവും.''
''അവിടെ ഒരു കൈ സഹായത്തിന് ആരേം കിട്ടില്ലാല്ലേ!''
''പട്ടിണി കിടന്നു മരിച്ച മനുഷ്യന്റെ ശവത്തിനു ചുറ്റും വിതറാന്‍ അരി ചോദിച്ച കഥ അമ്മയല്ലേ പറഞ്ഞു തന്നത്. ഒരു മണി അരി ആ വീട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ ആ മനുഷ്യന്‍ മരിക്കുമായിരുന്നില്ല എന്ന്.''
''അതൊരു പദ്യമാണ്, കഥയല്ല. പൊട്ടിപ്പെണ്ണ്.''
''നാല്പതുദിവസം ഇത്രേം വെച്ചുണ്ടാക്കാനുള്ള ആരോഗ്യം എനിക്കുണ്ടായിരുന്നെങ്കി സൂപ്പുണ്ടാക്കേണ്ടി വരില്ലായിരുന്നു.''
''നീയൊന്നു അന്വേഷിച്ചു നോക്കെടി എന്നെ പഠിപ്പിക്കാന്‍ വരാതെ.''
''ഉം നോക്കാംമ്മേ''
സമ്മതിച്ചുകൊടുത്തില്ലെങ്കില്‍ പ്രേമാവതി അതോര്‍ത്ത് ഉരുകിക്കൊണ്ടിരിക്കുമെന്ന് അശ്വിനിക്കറിയാം.
''ക്ഷീണം പോവാന്‍ അപ്പൊ നീ എന്താ ചെയ്യുന്നത് ആച്ചു?''
''യോഗ ചെയ്യുന്നുണ്ട്. വലിയ എക്‌സര്‍സൈസ് ഒന്നുമില്ല.''
''അതിനു മോള്‌ക്കെങ്ങനെ യോഗ അറിയുന്നത്?''
''അതൊക്കെ ഇവിടുത്തെ ടി.വി.ലുണ്ടമ്മേ. എല്ലാ ആസനങ്ങളും അറിയുന്ന നല്ല മണിമണി പോലത്തെ മദാമ്മമാര്''
''നീ പോടീ, എന്നെ കളിയാക്കാതെ!''
പ്രേമാവതി അവിശ്വാസിയാണല്ലോ റാണ!
അശ്വിനി വീണ്ടും ടിവിയിലേക്ക് തന്നെ പോയി. ടി.വി.യിലെ ആളുകളുടെ ചിരിയും ആരോഗ്യവും ഉത്സാഹവും കണ്ട് അശ്വിനി വെറുതെ കിടന്നു. ''റാണാ ദിവസങ്ങള്‍ക്കും സമയത്തിനും ക്രമാതീതമായ വിലയിടിവു സംഭവിച്ചിരിക്കുന്നു. ലോകത്തിന്റെ സങ്കടങ്ങള്‍ മുഴവന്‍ എന്നിലേക്ക് വരുന്നു. ലോകത്തിന്റെ സന്തോഷങ്ങള്‍ മുഴുവന്‍ എന്നെ അസൂയപ്പെടുത്തുന്നു.'' അതിനുത്തരമായി റാണാ പ്രതാപ്‌സിംഗ് ഒരു പാട്ടു പാടിക്കൊടുത്തു. അശ്വിനി പാട്ടില്‍ ഒഴുകിപ്പോയി.
''മമ്മൂ. എങ്ങനെയുണ്ട്? '
അശ്വിനിയുടെ കാലില്‍ മെല്ലെപിടിച്ച് കീര്‍ത്തന ചോദിച്ചു. രണ്ടാമത്തെ കീമോ തെറാപ്പിക്കു മുന്‍പായി ആദ്യത്തെ തെറാപ്പി മരുന്നുകളുടെ അംശം വീട്ടില്‍നിന്നും പോയിട്ടുണ്ടാവും എന്ന ഉറപ്പിലാണ് അശ്വിനി കീര്‍ത്തനയെ വീട്ടിലേക്കു വരാന്‍ അനുവദിച്ചത്. കീര്‍ത്തനയുടെ നാലുമാസ ജോലികഴിഞ്ഞിരിക്കുന്നു. സെപ്റ്റംബറില്‍ ക്ലാസ്തുടങ്ങുന്നതിനു മുന്‍പുള്ള അഞ്ചു ദിവസത്തെ അവധിയില്‍ കീര്‍ത്തന പറന്നുവന്നതായിരുന്നു. അശ്വിനിയുടെ കാലില്‍ വെറുതെ ഉഴിഞ്ഞുകൊണ്ട് കൂടുതലൊന്നും പറയാതെ അവള്‍ സോഫയിലിരുന്നു.
''എനിക്ക് സുഖാടി, ഇങ്ങനെ ടി.വി. കണ്ടു കിടന്നുറങ്ങിയാല്‍ മതീലോ!''
അശ്വിനി ചിരിയോടെ പറഞ്ഞു. കീര്‍ത്തനയുടെ മുഖത്ത് ചിരി അത്രവേഗത്തില്‍ തെളിയാത്തത് അശ്വിനി ശ്രദ്ധിച്ചു.
കീര്‍ത്തനയെ കൂട്ടുകാരികള്‍ ഡാന്‍സുകളിക്കാന്‍ വിളിച്ചിരിക്കുന്നു. ഇതള്‍ മലയാളി സംഘടന തിരുവോണത്തിനും രണ്ടാഴ്ച മുന്‍പേ ഓണം ആഘോഷിക്കുകയാണ്. ശനിയാഴ്ച പരിപാടിക്ക് കീര്‍ത്തനയുടേയും കൂട്ടരുടേയും ഭരതനാട്യമുണ്ട്. യൂണിവേഴ്‌സിറ്റി തുറക്കുന്നതിനു മുന്പ് ഓര്‍മ്മപുതുക്കല്‍ പോലെ പഴയ കൂട്ടുകാരികള്‍ക്ക് ഗ്രൂപ്പ്ഡാന്‍സ് കളിക്കണം.
''എനിക്ക് കുഴപ്പമൊന്നും ഇല്ല. മോള് ധൈര്യായിട്ടു പൊയ്‌ക്കോളൂ.''
പരിപാടി തുടങ്ങുന്നത് ആറുമണിക്കാണെങ്കിലും ഡാന്‍സുകാരികള്‍ക്ക് രണ്ടുമണിക്ക് അവിടെ എത്തണം. എല്ലാവരുടെയും മുടി കെട്ടണം. മേക്കപ്പിടണം, വേഷം മാറണം, നെറ്റിയില്‍ സൂര്യനെയും മുടിയില്‍ ചന്ദ്രനെയും, നക്ഷത്രങ്ങളെയും അണിയിച്ചു വെയ്ക്കണം. രണ്ടു മണിയില്‍ ഒട്ടും വൈകരുതെന്ന് ഡാന്‍സ് ടീച്ചര്‍ പ്രത്യേകം പറഞ്ഞേല്‍പ്പിച്ചിട്ടുണ്ടായിരുന്നു. പരിപാടികഴിയുമ്പോള്‍ രാത്രി പത്തുമണിയെങ്കിലും ആവും. അശ്വിനിക്ക് അത്രയും നേരം ഇരിക്കാന്‍ വയ്യ. ഇടക്ക് കുറച്ചൊന്നു കിടക്കണം.
''മമ്മു വാവോ വച്ചോളൂ. രന്ന പോയി പെര്‍ഫോം ചെയ്ത് ഓടി വരാം.''
കെട്ടിപ്പിടിച്ച് ഉമ്മവെച്ച് അമ്മയെ ഉണ്ണിയാക്കി കീര്‍ത്തന കൂട്ടുകാരികളുടെ ഒപ്പം ഓണം ആഘോഷിക്കാന്‍ പൊയ്ക്കളഞ്ഞു. അന്നേവരെ കീര്‍ത്തനയുടെ ഒരു പരിപാടിയും അശ്വിനിയില്ലാതെ നടന്നിട്ടില്ല. ഒഡ്യാണം കെട്ടി, ഉറപ്പു പരിശോധിച്ചു, ചരടു ധാവണിക്കു പിന്നിലേക്ക് നീക്കി പൈജാമക്കുള്ളിലേക്ക് അശ്വിനി തിരികി വെക്കുന്നതാണ് ഒരുക്കത്തിന്റെ അവസാനത്തെ കര്‍മ്മം. അശ്വിനിയില്ലാതെ കീര്‍ത്തനക്ക് ഡാന്‍സ് ചെയ്യാന്‍ പറ്റുമെന്നത് തന്നെ അവള്‍ക്ക് പുതിയ അറിവായിരുന്നു! ഡാന്‍സ് ക്ലാസിന്റെ ഓരത്ത് റിപ്പോര്‍ട്ടുകള്‍ മറിച്ചുനോക്കി അശ്വിനി കാവലിരിക്കും. കീര്‍ത്തനയെ അലാരിപ്പ് തെറ്റില്ലാതെ ചെയ്പ്പിക്കാന്‍ നോക്കുകയാണ് വൃന്ദ ടീച്ചര്‍. കൂപ്പിയ കൈ തലയ്ക്കു മുകളില്‍ പിടച്ച കീര്‍ത്തന കഴുത്തിളക്കുമ്പോള്‍ കൈകളും ആ വഴി നീളുന്നു
''പതാക കുട്ടീ, പതാക.''
വൃന്ദ സ്വന്തം വിരലുകള്‍ ചേര്‍ത്തു പിടിച്ച് പതാകമുദ്ര കാണിച്ചു കൊടുത്തു. എന്തൊരു ക്ഷമയാണ് വൃന്ദക്ക്, ടീച്ചറാവാന്‍ അപാര ക്ഷമവേണം. അശ്വിനിക്ക് ഇല്ലാത്തതും അതാണ്.
''ഇത് ഈശ്വരന്, ഇത് ഗുരുവിനു, ഇത് കാഴ്ചക്കാര്‍ക്ക്.''
കൈകള്‍ നെറ്റിയിലെക്കും പിന്നെ നെഞ്ചിനു നേരെയും ചേര്‍ത്ത് വൃന്ദ വിശദീകരിക്കുമ്പോള്‍ അശ്വിനി വീണ്ടും റിപ്പോര്‍ട്ടിലേക്ക് തിരിയും.
''എപ്പോഴും ഉള്ളില്‍ ഓര്‍മ്മ വേണോട്ടോ.''
ഓരോ സ്റ്റേജ് പെര്‍ഫോമന്‍സിലും കുട്ടികള്‍ ഗുരു വൃന്ദയെ ഓര്‍ക്കുന്നുണ്ടാവുമോ എന്നു അശ്വിനിക്കു സംശയം തോന്നി.
മോഹനു ഓണത്തിനു പോവാന്‍ ഇഷ്ടമില്ല.
''വെറുതെ സമയം കളയുന്ന പരിപാടി! അവള്‍ വലിയ പെണ്ണായില്ലേ. മടിയില്‍ വെച്ചിരിക്കാന്‍ പറ്റോ? ഇന്റിപെന്‍ഡന്റ ആവട്ടെ. ഗുഡ്.''
അശ്വിനിയുടെ ചിണുങ്ങലിനെ മോഹന്‍ സിക്‌സറടിച്ചു തോല്‍പ്പിച്ചു. ഉറക്കത്തിനും ഉണര്‍വ്വിനും ഇടയില്‍ അശ്വിനി കീര്‍ത്തനയിപ്പോള്‍ ഒരുങ്ങുകയാവും, കീര്‍ത്തനയിപ്പോള്‍ സ്റ്റേജിലാവും എന്നൊക്കെ കണക്കുകൂട്ടിക്കൂട്ടിക്കിടന്നു. ഓണപ്പരിപാടികഴിഞ്ഞു രോഗിയെ കണ്ടുപോവാന്‍ ഗേള്‍പവ്വറുകാരികള്‍ മുന്നറിയിപ്പില്ലാതെ വന്നുകയറി. സോഫയില്‍ ചാരിയിരുന്നു അശ്വിനി വിശേഷങ്ങള്‍ കേട്ടു. മലയാളികളുടെ പരിപാടികളില്‍ ഹിജാബു ധരിച്ചവരുടെ എണ്ണം കൂടിവരുന്നതായി ചര്‍ച്ച.
''എനിക്കു മനസ്സിലാവണില്ല, എന്തിനാ ഈ മുസ്ലീം പെണ്ണുങ്ങള്‍ പര്‍ദ്ദ ഇടാന്‍ സമ്മതിക്കണേന്ന്. അവര്‍ക്ക് ചോദിച്ചൂടെ, ഇക്ക ഇടാത്ത പര്‍ദ്ദ എന്തിനാണ് എനിക്കെന്ന്?''
''അത് കള്‍ച്ചറിന്റെ ഒരു ഭാഗമാവുമ്പോ, നമ്മുടെ ബന്ധുക്കളും വേണ്ടപ്പെട്ടവരും അതാണ് ശരി എന്ന് തീര്‍ത്തു പറയുമ്പോ എതിര്‍ക്കാന്‍ ബുദ്ധിമുട്ടാണ്. അത് ശരിയാണെന്ന് തോന്നുകയും ചെയ്യും.''
അശ്വിനിയുടെ പ്രസ്താവന ആര്‍ക്കും ഇഷ്ടമായില്ല.
''ദേ ഈ ചുനിക്ക് എന്തിന്റെ കേടാണ്? പൊറത്ത് എറങ്ങാതിരുന്നു ബോധം പോയോ? ഈ പഠിപ്പുള്ള കുട്ടികള്‍ക്ക് ലോകം അറിയുന്നവര്‍ക്ക് പ്രതിക്ഷേധിച്ചൂടെ?''
''എന്നാ നിനക്ക് തലയിലു തുണി ഇടാതെ പള്ളീല്‍ പോവാമോ? നിങ്ങള്‌ടെ പള്ളിയില്‍ ആണുങ്ങള്‍ തലമറക്കുന്നില്ലല്ലോ. അച്ചായനിടാത്ത തലേത്തുണി എന്തിനാണ് എനിക്കെന്ന് എന്തുകൊണ്ടാണ് ക്രിസ്ത്യാനി പെണ്ണുങ്ങള്‍ പ്രതിക്ഷേധിക്കാത്തത്?''
മെറിന്റെ മുഖംമാത്രമല്ല ശരീരം മുഴുവന്‍ ചുവന്നുവെന്ന് അശ്വിനിക്കു തോന്നി. ആരും എതിരു പറഞ്ഞില്ല. എത്ര മണിക്കൂര്‍ വാദിക്കേണ്ട വിഷയമാണ്! ഏതു വിഷയവും മണിക്കൂറുകള്‍ വിസ്തരിച്ച് വാദപ്രതിവാദം നടത്താമായിരുന്നു. ആര്‍ക്കും ആരെയും എതിര്‍ത്തു സംസാരിക്കാന്‍ അനുവാദമുള്ള ഗ്രൂപ്പായിരുന്നു. ഇപ്പോള്‍ ആരും അശ്വിനിയുടെ വാദത്തെ പിളര്‍ക്കാന്‍ ശ്രമിക്കുന്നില്ല.
ക്യാന്‍സര്‍ ദാനം കൊടുത്ത സ്വാതന്ത്ര്യമാണത്. മടുപ്പിക്കുന്ന സഹതാപം അശ്വിനിക്കും ബഹുമാനം ക്യാന്‌സറിനുമായി വീതം വെച്ചിരിക്കുന്നെന്ന് അവള്‍ കണക്കുകൂട്ടി.
ആ വര്‍ഷം അശ്വിനിയുടെ ഓണംമാത്രമല്ല മാറിയത്. അശ്വിനിയില്ലാതെ ആദ്യമായി കീര്‍ത്തന യൂണിവേഴ്‌സിറ്റിയിലെ പുതിയ താമസസ്ഥലത്തേക്കു മാറി. അശ്വിനിക്ക് വീടുവിട്ടു ദൂരെ എവിടെയെങ്കിലും പോകണമെന്നു തോന്നി.
''കീമോ കഴിയട്ടെ. ഉഷ്ണമേഖലയിലെ ഒരു റിസോര്‍ട്ടില്‍ വെക്കേഷനു പോവാം.''
റാണ അശ്വിനിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
''വേണ്ട, നാട്ടില്‍ പോയാല്‍ മതി. പ്രേമാവതിക്ക് കൂട്ടിരിക്കാന്‍.''
നീണ്ടു നീണ്ടു പോകുന്ന മടുപ്പന്‍ ദിവസങ്ങളില്‍ അശ്വിനിയതു സങ്കല്പിച്ചു നോക്കി. പകല്‍ക്കിനാവും പാതിരാ കിനാവും കെട്ടിമറിഞ്ഞ് ഇഴപിരിഞ്ഞു അശ്വിനിയില്‍ തലകുത്തിമറിഞ്ഞു.
ആഴ്ച്ചതോറും വരുന്ന പരസ്യ പത്രങ്ങളുടെ കൂടു തുറന്ന് അതിലെ പടങ്ങള്‍ കണ്ടിരുന്നു അശ്വിനി. എല്ലാ കടകളും വാങ്ങൂ... വാങ്ങൂ എന്ന് ആഹ്വാനം ചെയ്തു കൊണ്ടിരുന്നു. രണ്ടു വറചട്ടികള്‍ ഒന്നിന്റെ വിലക്ക്. അഞ്ചു അളവു കപ്പുകളുടെ ഒരു സെറ്റ്. മൂന്നു മഞ്ഞു കോരികകളുടെ ഒരു സെറ്റ്. സംഭരിച്ചു വെക്കാനുള്ള നാല്പത് പാത്രങ്ങള്‍ പത്തു ഡോളറിന്... കൂട്ടിക്കൂട്ടി വെക്കുക. സൂക്ഷിച്ചു വെക്കുക. പരസ്യങ്ങള്‍ ആര്‍പ്പുവിളിക്കുന്നതാണ്. അശ്വിനി പരസ്യത്തിലെ കുട്ടിയെ ശ്രദ്ധിച്ചു. ഒരു ചാണ്‍ നീളത്തില്‍ വളഞ്ഞു പുളഞ്ഞു കിടക്കുന്ന സ്വര്‍ണമുടിക്ക് 96.4 കാരറ്റിന്റെ പ്രകാശമുണ്ടായിരുന്നു. ഉരുക്കിയാല്‍ ഒരു കല്യാണത്തിനുള്ള ഉരുപ്പടി ഉണ്ടാക്കാം. എന്തൊരു ചന്തമാണ് ആ മുഖത്തിനും ചുണ്ടിനും. അത് പ്രായത്തിന്റേതാണ്. പ്രായമാവുംതോറും മുഖം വൃത്തി കേടാവുന്നു. അശ്വിനി കണ്ണാടി നോക്കി. ചത്ത കണ്ണ്, കൂട്ടു പുരികം. മേല്‍മീശ. വരണ്ടു പൊട്ടിയ ചുണ്ട്. ഛെ മുഖം മാറ്റിവെക്കു പെണ്ണെ!
പ്രായമായ എല്ലാവരേയും വെടിവെച്ചു കൊല്ലണം! അശ്വിനി കണ്ണാടിയോടു അതു കല്പിച്ചപ്പോഴാണ് വിദ്യ എത്തിയത്. വിദ്യയുടെ കൈയില്‍ അരിമുറുക്കിന്റെ പൊതിയുണ്ടായിരുന്നു. സമ്മര്‍ ആയതുകൊണ്ട് വിരുന്നുകാരുടെ ബഹളമായിരുന്നു, ഊണുവെച്ചു വിളമ്പി മറ്റൊന്നിനും സമയം കിട്ടുന്നില്ലെന്നു വിദ്യ അശ്വിനിയോടു പരാതി പറഞ്ഞു. അശ്വിനി വിദ്യയെ മര്യാദകളുടെ നേരും നെറിയും പഠിപ്പിക്കാന്‍ ശ്രമിച്ചു നോക്കി.
''വാതിലു കടന്നു വരുന്നവര്‍ക്കെല്ലാം ഊണു കൊടുക്കണമെന്ന് നിര്ബ്ബന്ധീക്കണത് എന്തിനാണ്? അവര് പട്ടിണി കെടന്ന് സഹിക്കാമ്പറ്റാഞ്ഞിട്ടാ മ്മടെ വീട്ടി കേറി വരണത്? '
'എന്നല്ല, മര്യാദ.''
''എന്തുട മര്യാദ? അദൊന്നും മര്യാദേല്ല, വെര്‍തെ, ഷോ ഓഫ്''
''പിന്നെ ആളുകള് വരുമ്പോ ഞങ്ങള് ഷോ ഓഫല്ല അതോണ്ട് ചോറില്ല എന്നു പറയോ?''
''അങ്ങനെ ഒന്നും പറേണ്ട. നല്ല കിണ്ണം കാച്ചിയ ഒരു ചിരി ചിരിക്കാ. എന്നിട്ട് ചായേം പലാരോം കൊടുക്കണം. പോകാനെഴുന്നെല്‍ക്കുമ്പോ ആദ്യത്തേലും മെച്ചായിട്ടുള്ള ഒരു ചിരീം കൂടി പാസാക്ക. അത്രേം അധികാ!''
''വീട്ടിലു വരുന്നോരെ ഊട്ടാതെ വിടരുതെന്ന് അമ്മ പറയും.''
''വിദ്യെടെ അമ്മ ജോലി ചെയ്തിരുന്നില്ലേ?''
''എന്റെ അമ്മ പാട്ടു ടീച്ചറായിരുന്നു. അഞ്ജന അമ്മേടടുത്ത് പാട്ടു പഠിച്ചതാണ്. ഇന്നലെയും അവള്‍ടെ ഇന്റര്‍വ്യൂ ടിവിയില്‍ കണ്ടു. കാണുമ്പോക്കെ എനിക്കു കലിയും സങ്കടവും വരും. ആശിച്ചതൊന്നും ദൈവം എനിക്കു തന്നിട്ടില്ല അശ്വിനി.'' അശ്വിനിക്ക് കടിച്ച മുറുക്ക് തൊണ്ടയില്‍ കുരുങ്ങി.
'നമുക്ക് ദൈവത്തിന്റെ പേരില്‍ വിശ്വാസ വഞ്ചനക്കു കേസെടുക്കാം വിദ്യേ.
വല്ലായ്മ മറക്കാന്‍ അശ്വിനി കോമാളിയാവാന്‍ ശ്രമിച്ചുനോക്കി.
''എനിക്ക് പത്തു വയസ്സുള്ളപ്പൊ അച്ഛന്‍ മരിച്ചാണ്. എന്നെ കലാതിലകം ആക്കാനുള്ള പൈസയൊന്നും അമ്മേടടുത്ത് ഇല്ലായിരുന്നു. ജീവിതത്തില്‍ ആകെ ആഗ്രഹം പാട്ടുപാടണമെന്ന് മാത്രമായിരുന്നു''
വിദ്യയുടെ ഫ്യൂഷ നിറമുള്ള വി-നെക്ക് സ്വെറ്ററിന്റെ കഴുത്തിനടുത്ത് ഒരു നൂലു പൊങ്ങി നില്‍പ്പു ണ്ടായിരുന്നു. അത് കൈനീട്ടി എടുത്തു കളയാന്‍ അശ്വിനി മടിച്ചു. അവളുടെ മുന്നിലെ മുടിയില്‍ വെളുപ്പ് പടര്‍ന്നു കയറുന്നത് അശ്വിനി ശ്രദ്ധിച്ചു. അരുത്. ഇത് സംസാരിക്കാനുള്ള സമയമല്ല. കേള്‍ക്കാനുള്ള സമയമാണ്.
''അച്ഛന്‍ മരിച്ചതോടെ അമ്മ ഇല്ലാണ്ടെ ആയി. വര്‍ഷങ്ങള് കഴിഞ്ഞിട്ടും അമ്മ ഒളിച്ചിരുന്നു കരയുന്നത് എത്ര പ്രാവശ്യം ഞാന്‍ കണ്ടിട്ടുണ്ടെന്നോ. ഞങ്ങളെ സങ്കടപ്പെടുത്തെണ്ടാന്നു കരുതീട്ടാവും. But why the heck am I not missing him?'
അഭിനയിക്കാന്‍ അറിയാത്ത നടന്‍ സ്റ്റേജില്‍ നിന്നും ചോദിക്കുന്ന ചോദ്യം പോലെയാണത് അശ്വിനിക്ക് തോന്നിയത്. ഒരു പക്ഷേ, ഉച്ചത്തില്‍ ഒരു പ്രസ്താവന പോലെ വിദ്യയുടെതല്ലാത്ത ശബ്ദത്തില്‍ കേട്ടതുകൊണ്ടാവും.
''Unconditional love ഒരു സങ്കലപം മാത്രമാണെടോ. ഒരാളെ മിസ്സ് ചെയ്യണമെങ്കില്‍ നമ്മള്‍ അയാളെ എന്തിനെങ്കിലുമൊക്കെ ആശ്രയിക്കുന്നുണ്ടാവണം. Physically or emotionally.'
വിദ്യ ഉറക്കത്തില്‍ നിന്നും പെട്ടെന്നുണര്‍ന്ന നടുക്കത്തോടെയാണ് അശ്വിനിയെ നോക്കിയത്.
'എനിക്ക് ജീവിതത്തില്‍ ഏറ്റവും ലോണ്‍ലിയായി തോന്നിയിട്ടുള്ളത് പ്രദീപിന്റെ ഒപ്പം എവിടെയെങ്കിലും പോകുമ്പോഴോ പ്രദീപ് വീട്ടിലുള്ളപ്പോഴോ ആയിരുന്നു അശ്വിനി!''
വിദ്യയുടെ അമ്മയുടെ ജീവിതത്തില്‍ ഭര്‍ത്താവ് മാറ്റി നിര്‍ത്താനാവാത്ത ഒരു ആവശ്യമായിരുന്നു. എല്ലാത്തിനും മേലെ വൈകാരികബന്ധം. പരസ്പം ആശ്രയിച്ചായിരുന്നിരിക്കും അവര്‍ ജീവിച്ചിരുന്നത്.
''പ്രദീപ് മരിച്ചു രണ്ടു മാസം കഴിഞ്ഞാണ് ഞാന്‍ ജോലിക്കു തിരിച്ചു പോയത്. അന്നു ഞാന്‍ സമയമെടുത്ത് ഒരുങ്ങി. അന്നാണ് ഐബ്രോ പൌഡര്‍ എന്താണെന്ന് തന്നെ അറിഞ്ഞത്. ദീപികയുടെ അപ്പാര്‍ട്ടുമെന്റിലെ ചീപ്പ് സര്‍വ്വീസ് വേണ്ടെന്നുവെച്ച് ഞാന്‍ ജോസഫിനില്‍ പോയി''
ജോസഫിന്‍ സ്റ്റുഡിയോയില്‍ ഷെല്ലിയാണ് പുരികം വാക്‌സു ചെയ്യുന്നത്. മേക്കപ്പിട്ട്, കൈയില്ലാ ഉടുപ്പിട്ട് ഹൈ ഹീല്‍ ചെരുപ്പിട്ട് സെക്‌സിയായ ഷെല്ലി ഭംഗിയായി സംസാരിച്ചുകൊണ്ട് പുരികത്തിനെ ക്രമപ്പെടുത്തും. പാശ്ചാത്തലത്തില്‍ പോപ്സംഗീതം ഉണ്ടാവും. മുന്നില്‍വച്ചു കീറിയെടുത്ത കടലാസ് പുതച്ച സുന്ദരന്‍ കിടക്കയിലാണ് കസ്റ്റമര്‍ കിടക്കുന്നത്. ഷെല്ലിയുടെ ഇളം ചൂടുള്ള വാക്‌സും മൃദുലമായ പെര്‍ഫ്യും മണക്കുന്ന ശരീരവും നിറയുന്ന സ്റ്റുഡിയോ മറ്റൊരു ലോകമാണ്.
ദീപികയിടുന്നത് മഞ്ഞള്‍ പടര്‍ന്ന പഴകിയ ചുരിദാറാണ്. വായുവില്‍ ബസുമദിച്ചോറിന്റെയും മസാലയുടെയും മണമുണ്ടായിരിക്കും. ദീപിക നൂലിന്റെ തുമ്പ് വായില്‍ കടിച്ചു പിടിച്ച് രോമങ്ങള്‍ വേഗം വേഗം പിഴുതെടുക്കും. രണ്ടു കൈകൊണ്ടും ദീപികയുടെ പണി തടസ്സമാവാത്ത വിധത്തില്‍ പുരികം വലിച്ചും നീട്ടിയും പിടിച്ചുകൊടുക്കണം.
ജോസഫിനില്‍ വേണമെങ്കില്‍ ഒന്നു മയങ്ങാം. പണി കഴിയുമ്പോള്‍ ഷെല്ലി കുളിര്‍മയുള്ള ക്രീം പുരികത്തിനു ചുറ്റും പുരട്ടി ഉഴിയും. പിന്നെ ഐബ്രോ പൌഡര്‍ ഇട്ടു പുരികത്തിനെ പെരുപ്പിക്കും. രോമങ്ങളെ ജെല്‍ പുരട്ടി മിനുക്കി പുതു പുത്തനാക്കിയെടുക്കും. ദീപികക്കു കൊടുക്കുന്നതിന്റെ നാലിരട്ടി ചാര്‍ജുണ്ടു ഷെല്ലിയുടെ സര്‍വ്വീസിന്.
''എന്തിനാണ് അന്ന് അങ്ങനെയൊക്കെ കാട്ടിക്കൂട്ടിയതെന്നു എനിക്കറിയില്ല അശ്വിനീ.''
അശ്വിനിക്ക് കൃത്യമായി അറിയാം. പരാജയപ്പെട്ടിട്ടില്ലെന്നു പരിചയക്കാരോട് വിളിച്ചു പറയാന്‍ വേണ്ടിയാണ് അതൊക്കെ ചെയ്യുന്നത്.
''I'm not a loser! ഞാന്‍ സുന്ദരിയാണ്. എന്റെ ആത്മവിശ്വാസവും നഷ്ടമായിട്ടില്ല.'' രോഗവും ദുരിതങ്ങളും വ്യക്തിപരമായ പരാജയങ്ങളായി മനുഷ്യര്‍ കാണുന്നത് എന്തുകൊണ്ടാണെന്ന് അശ്വിനി അത്ഭുതപ്പെട്ടു.
(തുടരും)
മുന്‍ അധ്യായങ്ങള്‍ വായിക്കാം
Content Highlights: Women Novel Manjil Oruval By Nirmala part twenty five