Looking forward to looking backward
 
'നിങ്ങടെയൊക്കെ സപ്പോര്‍ട്ടില്ലേലെങ്ങനാ? തീര്‍ച്ചയായിട്ടും വരണേ!'' 
സംഘാടകരുടെ ആത്മാര്‍ത്ഥത നിറഞ്ഞ ആ ക്ഷണത്തില്‍ മോഹന്‍ വീണുപോയിരുന്നു. പിരിവു കൊടുത്തതു പോരെ എന്നു ചോദിച്ച അശ്വിനിയോടു പരിപാടിക്കു പോവുകയും വേണമെന്നു മോഹന്‍ വാദിച്ചു.    
''അവരുടെ പടിപാടിക്കു പോവണം. പോയില്ലെങ്കില്‍ മോശമാണ്.''  
''വെറുതെ അടച്ചിരിക്കാതെ പുറത്തു പോകുന്നത് നല്ലതാണശ്വിനീ.''
വിദ്യയും അശ്വിനിയെ പ്രോത്സാഹിപ്പിച്ചു. 
''നഖമെല്ലാം ഫംഗസ് പിടിച്ചതു പോലെ.  മഹാ വൃത്തികേടാണ് വിദ്യ.'' 
''അതൊക്കെ കീമോടെ സൈഡ് ഇഫ്ക്ടാണ്, പൊയ്‌ക്കോളും.  തല്ക്കാലം ആ മോവ് നെയില്‍പോളീഷ് ഇട്. അത് അശ്വിനിക്ക് നന്നായി ചേരും.'' 
കൈവെള്ള അശ്വിനി പ്യൂമിംഗ് സ്റ്റോണ്‍കൊണ്ട് ഉരച്ചുരച്ചു കഴുകി. കരിമ്പനടിച്ച നഖങ്ങളില്‍ ഇളം വയലറ്റു ചായം പൂശി.  
''ഇനി കുളിക്കണം!''
കുളിമുറിയിലെ വലിയ കണ്ണാടിയില്‍ അപമാനപ്പെടുന്നതോര്‍ത്തു അശ്വിനി പുളഞ്ഞു. ഭിത്തി നിറയുന്ന കണ്ണാടി മാറ്റി മുഖം മാത്രം കാണുന്നൊരു കണ്ണാടി കുളിമുറിയില്‍ സ്ഥാപിക്കണമെന്നു അശ്വിനി എന്നുമാലോചിക്കും. മോഹനോടു അതു പറയാനോ, ഒരു കോണ്‍ട്രാക്ടറെ വിളിച്ചു അതു ചെയ്യിക്കാനോ അശ്വിനിക്കു സാധിക്കുന്നില്ല.    
 
ഒറ്റമുലയുടെ  തുറിച്ചു നോട്ടത്തില്‍ അസഹ്യപ്പെട്ടു അശ്വിനി ബ്രായും കുര്‍ത്തിയും ഷവറിലേക്ക് തോര്‍ത്തിനൊപ്പം കൊണ്ടു പോയി. ഷവറില്‍ ശതാവരി വള്ളിയെ അശ്വിനി മെല്ലെ മെല്ലെ തലോടി.  തടവിത്തടവി മുറിപ്പാടിന്റെ മുള്ളുകളെ മിനുസപ്പെടുത്താന്‍ ഇളം വയലറ്റു നിറമുള്ള വിരലുകള്‍ക്ക് മാത്രമേ കഴിവെന്നു അവള്‍ക്കറിയാമെന്നപോലെ.
 
കുളികഴിഞ്ഞു അശ്വിനി ബ്രായുടെ വലത്തെ കപ്പിനുള്ളില്‍ വെപ്പുകല്യാണിയെ ചേര്‍ത്തുവെച്ചു. ഇടക്ക് പൊങ്ങിവന്നു കുര്‍ത്തിയുടെ കഴുത്തിലൂടെ തലയിട്ടുനോക്കാന്‍ ഇടം കൊടുക്കാതെ.  മേക്കപ്പ് ഇടുമ്പോള്‍ ഇടത്തും വലത്തും  പുരികങ്ങള്‍ ഒരേപോലെ  വരച്ചുവെക്കാന്‍ അവള്‍  ശ്രമപ്പെട്ടു. പീലികളില്ലാത്ത കണ്‍പോളകള്‍ക്ക്  അശ്വിനി  ഐ-ലയിനര്‍കൊണ്ടു വീതിയില്‍ അതിര്‍ത്തി വരച്ചു.  മിനുസപ്പെട്ട തലയില്‍നിന്നും വിഗ്ഗ് ഊര്‍ന്നു പോവാതെ ആദ്യം വിഗ്ക്യാപ്പുവെച്ചു.  അതിനു മുകളിലായി വിഗ് വെച്ചു, മനംപുരട്ടലിനുള്ള മരുന്നും കഴിച്ച് അശ്വിനി പെരുന്നാളിനു തയ്യാറായി.       
 
നിത്യഹരിത നായകരാനായി അന്‍പതു കഴിഞ്ഞവര്‍ സ്റ്റേജിലും സ്ഥാനങ്ങളിലും പിടിച്ചിരുന്നു. മദ്ധ്യവയസ്സിലും കൌമാരം ഭാവിച്ച് കളിക്കുന്നവരെനോക്കി അശ്വിനി പിറുപിറുത്തു. 
''സ്വന്തം പ്രായം തിരിച്ചറിയാത്തരോഗം സിനിമാനടന്മാര്‍ക്ക്  മാത്രമല്ല, അവരെ കുറ്റം പറയുന്ന ആളുകള്‍ക്കും ഉണ്ട്. Act your age men!'
മോഹന്‍ അശ്വിനിയെ തുറിച്ചുനോക്കി. അതു കാണാത്തമട്ടില്‍ അശ്വിനി മുന്നിലെ കസേരയിലെ കുട്ടിയുടെ കാലിലെ കൊലുസ്‌നോക്കിയിരുന്നു. 
കീര്‍ത്തനക്കാലില്‍ ചെല്ലം പില്ലം കൊലുസ്
ചൊലു ചൊലു ചൊലുസ്. 
പക്ഷെ പെണ്ണതഴിച്ചു കളഞ്ഞു. 
''സോക്‌സിന്റെ നൂലില്‍ കുരുങ്ങുന്നു.''  
''ഷൂസില്‍ വേദനിക്കുന്നു.''
പരാതിക്കാരി! 
കൈയില്‍ കള...കള...വള
വളകള്‍ ക്ലാസില്‍ ചള പിള ബഹളം വെക്കുന്നു!
..ശ്ശ്..ശ്ശ്... 
''വള മമ്മു എടുത്തോളൂ.''  
വാളെടുക്കാന്‍ വയ്യാത്ത അമ്മ വളയും കൊലുസ്സും പെട്ടികളില്‍സൂക്ഷിച്ചു വെച്ചു. പെട്ടിയിലിരുന്നവ ചെല്ലം പില്ലം കള കള പഴങ്കഥകള്‍ പാടി മകളെ ബോറടിപ്പിച്ചു.     
 
അശ്വിനി സ്റ്റേജിലെ താളത്തിലേക്ക് മനസ്സിനെ തിരിച്ചുവിട്ടു.   പാട്ടിന്റെ താളം... ചിലങ്കയുടെ താളം.
ഇറുകിയ ബ്ലൌസിനുള്ളില്‍ ശ്വാസംമുട്ടി നില്‍ക്കുന്ന മുലകള്‍ക്കും താളം. അശ്വിനി ഡാന്‍സ്‌കാരിയുടെ മുലകളുടെ താളം മാത്രം കണ്ടിരുന്നു.മനംപുരട്ടലിനുള്ള മരുന്ന് അശ്വിനിയുടെ കണ്ണുകളെ തുന്നിക്കെട്ടാന്‍ തുടങ്ങി. എത്ര ശ്രമിച്ചിട്ടും അശ്വിനിയുടെ കണ്ണ് സ്റ്റേജിലെ പരിപാടികളില്‍ തുറന്നിരിക്കാന്‍ വിസമ്മതിച്ചു. അനുവാദം ചോദിക്കാതെ അവളുടെ തല വശങ്ങളിലേക്ക് വീണു വീണു പോയി. അടുത്തിരിക്കുന്നവര്‍ക്ക് ശല്യമാകുമെന്നു തോന്നി അശ്വിനി തല കസേരയുടെ പിന്നിലേക്ക് ചാരിവെച്ച് കൈകള്‍ ശരീരത്തിനോട് ചേര്‍ത്ത്വെച്ച്, ഇടത്തെ പാദം വലത്തെ കണങ്കാലിനു മുകളില്‍ കയറ്റിവെച്ചു ഒന്നുറങ്ങാന്‍ തീരുമാനിച്ചു. അശ്വിനിയുടെ മാനാപമാനങ്ങളുടെ മാനം രൂപാന്തരപ്പെട്ടു. പാട്ടും വാദ്യവും കൈയടിയും അലിഞ്ഞലിഞ്ഞില്ലാതായി.  
അഞ്ചു മിനിറ്റ്... പത്തു മിനിറ്റ്... അരമണിക്കൂര്‍...?  പുകമറക്കുള്ളില്‍ കണ്ണുതുറക്കുന്നതിനു മുന്‍പേ കാറ്റും മരയിലകളും തമ്മിലുള്ള ചര്ച്ചപോലെ അടക്കിപ്പിടിച്ച ശബ്ദം അശ്വിനിയുടെ കാതിനെ ഉണര്‍ത്തി.  
കുശ്... പിശ്.... കശ്...
പിശ്.... പിശ്.... പിശ്.... 
''ക്യാന്‍സറാണ്''
''അയ്യോ, എന്റെ ഈശ്വര! എവിടെയാണ്?''
കുശ്... പിശ്.... കശ്... 
പിശ്.... പിശ്.... പിശ്.... 
''അതെയോ, ശ്ശോ പാവം. വലത്തോ എടത്തോ?'' 
''അറീല്ല, ചോദിക്കാമ്പറ്റോ?'' 
''ഹോ, ഈ ഓവറിക്കും ബ്രെസ്റ്റിനുമൊക്കെ വന്നാ വെല്യ പാടാ! നാട്ടുകാരോടു പറയാന്‍തന്നെ വെഷമമാ!''   
 
കണ്ണു തുറക്കാതെ മര്‍മ്മരങ്ങളില്‍ കുറ്റവിചാരണ തുടരാന്‍ അശ്വിനി അനുവദിച്ചു കൊടുത്തു. ഭാഗ്യംകെട്ട അശ്വിനി നിനക്ക് മൂക്കിനോ കണ്ണിനോ ക്യാന്‍സര്‍ വരുത്തായിരുന്നില്ലേ? കയ്യോ കാലോ പോലെയല്ല, മുലയെന്നു പറയുന്ന അവയവം.  മുല ഒരു അവയവമാണോ?  അല്ലെ? അവയവത്തിന്റെ നിര്‍വ്വചനം എന്തായിരിക്കും? തലയ്ക്കു പിന്നില്‍ സഹതാപക്കണ്ണുകള്‍ കൊത്തിപ്പറിക്കുന്നത് അനുഭവിച്ചുകൊണ്ടു അശ്വിനി ആലോചിച്ചു. പരിപാടിക്കിടയില്‍ കാപ്പിക്കും കടിക്കുമുള്ള ഇടവേള വന്നപ്പോള്‍ മോഹന്‍ അശ്വിനിയെ തട്ടിവിളിച്ചു. 
'വരൂ. കാപ്പികുടിക്കാന്‍ പോവാം.'  
അശ്വിനി കണ്ണുതുറന്നു. മൂളക്കത്തോടെ എഴുന്നേറ്റ ആള്‍ക്കൂട്ടം വര്‍ത്തമാനം പറഞ്ഞു നടക്കുന്നതും നോക്കി അശ്വിനി അവളുടെ കസേരയില്‍ തന്നെയിരുന്നു.   
 
ക്യാന്‍സര്‍, അതിഗുരുവായ എണ്ണായിരത്തിഅറുനൂറ്റിഇരുപത് ടണ്‍ ഭാരമുള്ള വാക്കാണത്. ആ ഭാരവും ചുമന്നു ആള്‍ക്കൂട്ടത്തിലേക്ക് പോവാന്‍ അശ്വിനി ആയാസപ്പെട്ടു.   എല്ലായിടത്തിലും അശ്വിനിയുടെ മുലയാണ് ആദ്യം എത്തുന്നത്. നിറഞ്ഞു കവിയുന്നത്.  ആളുകളുടെ വാമൂടുന്നത്, മുഖം ചുവപ്പിക്കുന്നത്. വെറുമൊരു സൈസ് സി കപ്പില്‍ ഒതുങ്ങിയിരുന്ന മുല!
കാപ്പിമുക്കിലേക്ക് പോകുന്നില്ലെന്നു മോഹനോടു ശഠിച്ചു അശ്വിനി ഹാളിലെ കസേരയില്‍ തന്നെ ഇരുന്നു.  മോഹന്‍ ഭക്ഷണപ്പൊതി വാങ്ങി അശ്വിനിക്ക് കൊടുത്ത് വാര്‍ത്താവിനിമയത്തിലേക്കു മടങ്ങിപ്പോയി. തവിട്ടു നിറമുള്ള സ്‌നാക്ക് ബാഗില്‍ നിന്നും സമൂസ മാറ്റിവെച്ച് അവള്‍ വട തിന്നാനെടുത്തു.  അശ്വിനി വടയില്‍ ഒന്നു കടിച്ചതും  പത്മ അവളുടെ അടുത്തു വന്നിരുന്നു.  പത്മയുടെ കടുംപച്ചസാരിയുടെ തുമ്പ് അശ്വിനിയുടെ മുഖത്തുരഞ്ഞു.  ചന്ദന തൈലത്തിന്റെ കടുംവാസന വിതറി, അശ്വിനിയുടെ കൈപിടിച്ച്, വലിയ ഒരു തവി  സഹതാപം കോരി വിളമ്പി പത്മ ചോദിച്ചു.
''എങ്ങനെയുണ്ട് അശ്വിനിക്കുട്ടീ''
''വലിയ കുഴപ്പമില്ലാതെ പോകുന്നു.''
''അതെങ്ങനെ! മുഖം വല്ലാതെയിരിക്കുന്നല്ലോ? എന്തു സുന്ദരിക്കുട്ടി ആയിരുന്നാളാ. കീമോ എല്ലാം കഴഞ്ഞോ?''
''ഇല്ല, കഴിഞ്ഞിട്ടില്ല.'' 
''ഇനി എത്രഎണ്ണം കൂടെയുണ്ട്.'' 
''രണ്ടു കൂടി.''
''എന്നാലും ഈ കീമോന്നൊക്കെ പറയുന്നത് വിഷമല്ലേ! ശരീരത്തിലേക്ക് കേറ്റി വിടുന്നത്.''  
അബ്രാ..കടാബ്ര... ആലക്കസൂം...!  
ആളെ അപ്രത്യക്ഷമാക്കുന്ന മാന്ത്രികവടി കൊണ്ടുവരേണ്ട തായിരുന്നുവെന്ന് അപ്പോഴാണ് അശ്വിനി ഓര്‍ത്തത്. 
പത്മയുടെ fake-up ആയി മാറിയ makeup നോക്കി അശ്വിനി ഉത്തരങ്ങള്‍ക്കു തിരഞ്ഞുകൊണ്ടിരുന്നു.  അതിനിടയില്‍ പത്മയുടെ ചന്ദനതൈലാങ്കുലിത മൃദുലാംഗുലികളാല്‍  ചുറ്റപ്പെട്ടിരിക്കുന്ന വലതുകൈ തിരിച്ചു കിട്ടാതെ വട എങ്ങനെ തിന്നുമെന്നു അശ്വിനി സങ്കടപ്പെട്ടു! പണിപ്പെട്ട് ഉത്തരങ്ങള്‍ പണിതിറക്കുന്നതിനിടയില്‍ അശ്വിനിയുടെ ധര്‍മ്മസങ്കടം മാറ്റി അടുത്തയാള്‍ വന്നു.   
അതിനിടയില്‍ അശ്വിനി ശ്രമപ്പെട്ട് വടയില്‍ നിന്നും ഒരു കടി കൂടി എടുത്തു. അശ്വിനിയുടെ വായിലെ വടതീരുന്നതിനു മുന്‍പ് പിന്നത്തെയാള്‍ വന്നു. 
എത്ര മരുന്ന്?  
എത്ര കീമോ? 
എത്ര ദിവസം? 
എത്ര ഛര്‍ദ്ദി? 
എത്രയുറക്കം? 
എത്ര പൌണ്ട്?  
എത്ര ഏമ്പക്കം, 
എത്ര വളി..... 
പിന്നെ ഉപദേശങ്ങളുടെ ചാക്കുസഞ്ചി അശ്വിനിക്കുകൂടെ കൊണ്ടുപോവാന്‍ വന്നവരൊക്കെ നീക്കിവെച്ചു.     
''ഓ, ഇതാരോടും പറയാനൊന്നും പോകണ്ട. മോള്‍ക്ക് കല്യാണാലോചനയൊക്കെ വരുമ്പം ചെലരൊക്കെ കിഴിച്ചെന്നിരിക്കും.''  
 
പുതിയ അറിവുകള്‍  അശ്വിനിയില്‍ നിറഞ്ഞു തുളുമ്പി.  ക്യാന്‍സര്‍ വെറുമൊരു രോഗമല്ല. അത് ഒരു പാപമാണ്.  അപമാനമാണ്. ഒളിച്ചു വെയ്‌ക്കേണ്ട  ദൌര്ഭാഗ്യമാണ്. കല്യാണം മുടക്കിയാണ്! 
കാപ്പിയൊഴിവു കഴിഞ്ഞ് എല്ലാവരും ഹാളില്‍ കയറിയപ്പോള്‍ അശ്വിനി മോഹനോടു പറഞ്ഞു. 
''നമുക്ക് വീട്ടില്‍ പോവാം.''
''എന്തേ? പരിപാടി പാതി ആയിട്ടേയുള്ളൂ.''
''എനിക്ക് കിടക്കണം.'' 
തിരികെ കാറോടിക്കുമ്പോള്‍ മോഹന്‍ അശ്വിനിയോട് ഒന്നും ചോദിച്ചില്ല. ഒന്നും പറഞ്ഞില്ല. എന്താണ് മോഹന്‍ ചോദിക്കേണ്ടത്, എന്തിനാണ് കിടക്കുന്നത് എന്നോ? 
അശ്വിനി ചെവിയില്‍ നിന്നും നാവിലേക്കുള്ള തള്ളലിനെ ഒതുക്കി നിര്‍ത്താന്‍ പണിപ്പെട്ടു. ആളെ അപ്രത്യക്ഷമാക്കുന്ന മാന്ത്രികവടി പണിയിപ്പിച്ചിട്ടു ഇനി മലയാളിക്കൂട്ടത്തിലേക്കു പോയാല്‍ മതിയെന്ന് പറഞ്ഞാല്‍ മോഹന് മനസ്സിലാവില്ലെന്നു അശ്വിനിക്കറിയാം. പറയാതെ മറ്റേയാളുടെ മനസ്സറിയുന്ന ഒരു കാലമുണ്ടായിരുന്നു അവര്‍ക്കിടയില്‍.  പാര്‍ട്ടികളില്‍ പരസ്പരം ഒന്നു നോക്കിയാല്‍ മനസ്സിലാവും എന്താണു മറ്റെയാള്‍ ചിന്തിക്കുന്നതെന്നു.   ഇപ്പോള്‍ പരസ്പരം നോക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു.   പഴങ്കാലത്തില്‍ തടഞ്ഞു അശ്വിനിയുടെ മനസ്സുലഞ്ഞു.  
    
പിറ്റേന്നു അതിരാവിലെ വിദ്യ അശ്വിനിയെ വിളിച്ചു.    
''എന്തേ അശ്വിനി ഇന്നലെ പരിപാടിക്ക് പോയപ്പോ തലചുറ്റിയോ?''  
''ങേ? തല ചുറ്റലോ? ഇല്ലാ, എന്തേ?''
''പരിപാടി കഴിയണെന് മുന്‍പേ പോയി. മോഹന്‍ പിടിച്ചാണ് കാറില്‍ കയറ്റിയത് എന്നൊക്കെ കേട്ടു.''
സംഭവിച്ചിട്ടില്ലാത്തതും തനിക്കറിയാത്തതുമായ എന്തൊക്കെ സാക്ഷ്യങ്ങളും കഥകളുമായിരിക്കും തന്നെപ്പറ്റി മലയാളികള്‍ക്കിടയില്‍ പറന്നു കളിക്കുന്നതെന്നു അശ്വിനി അത്ഭുതപ്പെട്ടു. 
റാണ അശ്വിനിയെ ആശ്വസിപ്പിച്ചു.
''വിട്ടു കളയൂ. അസുഖമുള്ളയാളല്ലേ, എന്തെങ്കിലുമൊക്കെ മേമ്പോടിക്ക് വേണ്ടേ? ' 
'രസമുണ്ടല്ലോ റാണ! ഞാനൊരു കഥാനായികയാണിപ്പോള്‍. ഗോസിപ്പ് ഫാക്ടറിയില്‍ റോ മെറ്റീരിയല്‍സ് കൊടുക്കാന്‍ പറ്റുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.'' 
റാണ അടുത്ത മൈല്‍ക്കുറ്റിയുടെ ആഘോഷത്തിലേക്ക് അശിനിയെ പിടിച്ചു വലിച്ചുകൊണ്ടുപോയി.  
''അവസാനത്തെ കീമോതെറാപ്പിയാണ് വരുന്നത്. ആഘോഷിക്കേണ്ട മൈല്‍സ്റ്റോണ്‍ ആണ് അശ്വിനി.'' 
 
Chemo drips...
Drippidy...drip...drip...
Celebrate the last drip!  
കീമോയിലിരുന്നു മാസികകള്‍ മറിച്ചുനോക്കുന്ന അശ്വിനിയെ റാണാ വീണ്ടും  ഓര്‍മ്മപ്പെടുത്തി. 
''Celebrate. Live life to the fullest! '
ഒരു തരി ആഹ്ലാദം പോലും വിട്ടു കളയരുത്. ഒരു ആഘോഷംപോലും ഉപേക്ഷിക്കരുത്. അശ്വിനിയെക്കാള്‍ തിമിര്‍പ്പ് റാണക്കായിരുന്നു. 
''നാല്‍പ്പത്തിയെട്ടു മണിക്കൂര്‍ ഛര്‍ദ്ദി പീരിഡ് കഴിയട്ടെ! നമുക്ക് തകര്‍ക്കാം.'' 
അവള്‍ റാണക്ക് ഉറപ്പുകൊടുത്തു. ഛര്‍ദ്ദിയെ നിലയ്ക്ക് നിര്‍ത്താന്‍ ഡോക്ടര്‍ പഠിച്ചെടുത്തപ്പോഴേക്കും കീമോതെറാപ്പി പകുതി എത്തിക്കഴിഞ്ഞിരുന്നു. എന്നാലും മുന്നറിയിപ്പില്ലാതെ ഒരു മനം പുരട്ടല്‍ തിളച്ചുപൊന്തി വന്നേക്കാമെന്നു അശ്വിനിക്കറിയാം.  അതൊന്നു കഴിഞ്ഞിട്ട് വേണം അശ്വിനിക്ക് ഈ സുപ്രധാന നിമിഷത്തിനെ ഓര്‍മ്മയില്‍ നങ്കൂരമിട്ടു നിര്‍ത്താന്‍. അശ്വിനി അതിനു മടുപ്പോടെ കാത്തിരിക്കുമ്പോള്‍ ക്ലമാറ്റിസ് വള്ളികളില്‍ വിരല്‍ചുറ്റിയൊരു കാറ്റു വന്നു. വീണു പോകുന്ന ഇലകളെ നോക്കി മെല്ലെ മെല്ലെ വിതുമ്പുന്ന സങ്കടക്കാറ്റിനെ അശ്വിനി ചീത്ത പറഞ്ഞു. 
''നില്‍ക്കാനിഷ്ടമില്ലാത്തൊരു പോയ്‌ക്കോട്ടെ! വെറുതെ മോങ്ങണ്ട.''   
പുല്ലില്‍ വീണുകിടന്ന കരുവാളിച്ച ഇലകള്‍ ഇടക്കൊന്നിളക്കിയിട്ട് കാറ്റ് ഉന്മേഷമില്ലാതെ അവിടെത്തന്നെ കിടന്നു. നിറം മങ്ങിയ പുല്ലിനു പിന്നില്‍ കാവലായി വേലിയും തണുപ്പില്‍ മങ്ങിനിന്നു.      
 
സമയം കളയാന്‍ വേണ്ടി അശ്വിനി പഴയ ആല്‍ബം കൈയിലെടുത്തു. മുപ്പതു വയസ്സിനു എന്തു ചന്തമായിരുന്നു! ആല്‍ബത്തിലെ ഫോട്ടോ അശ്വിനിയെ അപമാനിച്ചു.  അമ്മ ചുന്ദരി എന്ന് പറഞ്ഞു കഴുത്തില്‍ കെട്ടിപ്പിടിക്കുന്ന കീര്‍ത്തനയെ കിട്ടാന്‍ അശ്വിനികൊതിച്ചു.  സമയരഥം പിന്നോട്ടോടിച്ചു  മൂന്നു വയസ്സുകാരി,  ആറുവയസ്സുകാരി, പത്ത് വയസ്സുകാരിയെ കീര്‍ത്തനയെ ഒന്നു തിരികെപ്പിടിക്കാന്‍ അശ്വിനിയുടെ നെഞ്ചു പിടഞ്ഞു.  
''അന്‍പത്! അതൊക്കെ മറ്റുള്ളവര്‍ക്ക് വരാനുള്ള അപകടമാണെന്നാണ് ഞാന്‍ വിചാരിച്ചത് റാണാ!'    
''വളരാന്‍, നാളെയെ കൊണ്ടുവരാന്‍ തിരക്കുപിടിക്കും കുറേക്കാലം.  കുതിക്കാനുള്ള ശക്തികുറയുമ്പോള്‍   ഇന്നലെ ഇന്നലെ എന്ന് പറഞ്ഞിരിക്കുന്ന മനുഷ്യര്‍!   നോക്ക് അശ്വിനീ, പത്തു വര്ഷം കഴിയുമ്പോള്‍ ഇന്നിനെ തിരിച്ചുകിട്ടാന്‍  കൈകാലിട്ടടിക്കും. അതോണ്ട് ഇപ്പൊ അര്‍മാദിക്ക്.'' 
റാണ  വിട്ടുകൊടുക്കാന്‍ തയ്യാറല്ലാതെ വാദിച്ചു കൊണ്ടിരുന്നു.
കഴിഞ്ഞ വര്ഷംവരെ അശ്വിനിക്ക് ഇരുപതു വയസ്സായിരുന്നു. മാസങ്ങള്‍ കൊണ്ട് അശ്വിനി ഇരുപതില്‍ നിന്നും അറുപതിലെക്കല്ലേ വളര്‍ന്നത്! 
''മതി...മതി... self-pity! നടക്കാന്‍ പോവൂ''
റാണാ ആജ്ഞാപിച്ചു.   
 
കാറ്റിനു ശക്തികൂടിയിരുന്നു, അശ്വിനി നടക്കാനിറങ്ങിയപ്പോള്‍ ചെറിയൊരു മഴയും കൂടെ നടന്നു. ചെറുമഴ പോലെയാണ് ഒറ്റപ്പെടലും.  ആദ്യത്തെ തുള്ളി കൈയില്‍ തെറിക്കുമ്പോള്‍ മഴയാണോ എന്ന്തന്നെ സംശയിക്കും. പിന്നെ നിറുകയില്‍ തോളില്‍ ഒക്കെയായി തെറിച്ച് വീണു മേലാകെ നനക്കും. ഒറ്റപ്പെടല്‍ നനഞ്ഞ ഉടുപ്പുപോലെ മേത്തോട്ടിപ്പിടിച്ചു കിടക്കും. പൂക്കളും ഇലകളുമായി അലങ്കാരമില്ലാതെ, ഇതാ ഇതാണ് ഞാന്‍ എന്ന് പ്രഖ്യാപിച്ച് മരങ്ങള്‍ പ്രകൃതിയേയും ശൈത്യത്തെയും വെല്ലുവിളിച്ചു നിന്നു.    
''ഞാനെന്ന എന്നെ തകര്‍ക്കാന്‍ ഈ മഞ്ഞിനോ കാറ്റിനോ തണുപ്പിനോ കഴിയില്ല.''
 
ഓരോ മരവും ഒരു സ്ത്രീയവതാരമാണ്. വസന്തം കെട്ടിയലങ്കാരങ്ങളുടെ വ്യാജമുഖമാണ്. തണുപ്പ് കാലമാണ് മരത്തിന്റെ മൗലികത പുറത്തു കൊണ്ടുവരുന്നത്.  തനതായ മരത്തിനെ ആര്‍ക്കാണ് ഇഷ്ടം?  അത് വെറും തടി.  തുമ്പത്തു പറ്റി നില്‍ക്കുന്ന പൂവ്, വര്‍ഷത്തിലൊരിക്കല്‍ മധുരിക്കുന്ന പഴം, തളിര്‍ക്കുകയും കൊഴിയുകയും ചെയ്യുന്ന ഇലകള്‍.  അതെല്ലാമാണ് ഓരോ മരത്തിന്റെയും വിശേഷങ്ങള്‍.  അതാണോ മരത്തിനെ അടയാളപ്പെടുത്തേണ്ടത്? അതെല്ലാം പിച്ചിക്കൊഴിഞ്ഞാലും നിലനില്‍ക്കുന്ന തടിയല്ലേ മരത്തിന്റെ സ്വത്വം? വെട്ടിമുറിച്ചാല്‍  മരപ്പണിക്കാരന് കൃത്യമായി അറിയാവുന്ന തടി. എന്നും കാണുന്ന പ്രിയമരങ്ങളെ തടി മാത്രമായി കാണിച്ചാല്‍ അതിനെ തിരിച്ചറിയാന്‍ ആളുകള്‍ക്ക് കഴിയുമോ?
 
കാറ്റ് അശ്വിനിയുടെ കുടയെ എതിര്‍വശത്തേക്ക് തിരിച്ചു കളഞ്ഞു.  കുട കുട്ടപോലെ മുകളില്‍ നിന്ന് വീഴുന്നതിനെ പിടിക്കാന്‍ പാകത്തിലായി നിന്നു. പൊടിമഴ നനഞ്ഞു തന്നെ അശ്വിനി ആ കുടയുടെ പടമെടുത്തു. ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുന്നതിനു മുന്‍പേ  അശ്വിനി അഖിലക്കും വിദ്യക്കും ആ ഫോട്ടൊ അയച്ചു കൊടുത്തു.  ''കാനഡയിലെ കുട പോലെയാണ് കെട്യോന്മാര്. ഒരു ചന്തത്തിനു കൊണ്ടുനടക്കാം. ശക്തിയായിട്ടൊരു മഴയോ കാറ്റോ വന്നാല്‍പിന്നെ സംരക്ഷണം എന്ന ഉപയോഗം ഇല്ലാതാവും.''  വിദ്യയുടെ മറുപടി ചിരിച്ചു കണ്ണില്‍ വെള്ളം നിറഞ്ഞ സ്‌മൈലിയായി ഉടനെ വന്നു. അഖിലയുടെ മറുപടി ചേച്ചീ എന്ന രക്ഷരങ്ങളും അത്ഭുതചിഹ്നവും പിന്നെ അനിഷ്ടത്തിന്റെ ഇമോജിയുമായി  കുലച്ചു നിന്നു.
 
കുട ചവറ്റു കുട്ടയിലുപേക്ഷിച്ചു, കുത്തിക്കുത്തി വരുന്ന ചുമ മാറാന്‍ അശ്വിനി ഒരു ചൂടുചായ കുടിക്കാനൊരുങ്ങി.  കെറ്റിലില്‍ ചായക്ക് വെള്ളം തിളപ്പിക്കാന്‍ വെച്ചു അവള്‍ ഫേസ്ബുക്കിലേക്ക് പോയി.  കെറ്റിലില്‍ നിന്നും ആവി ശക്തിയില്‍ പുറത്തേക്കു വരാന്‍ തുടങ്ങി. കബോടിന്റെ അടിഭാഗം നനച്ചു ജനലിന്റെ ഗ്ലാസില്‍ ആവി പറ്റിപ്പിടിക്കുന്നതു അശ്വിനി വെറുതെ കണ്ടിരുന്നു. തിളയ്ക്ക് ആവേശം കൂടും തോറും കെട്ടിലിലെ വെള്ളം ഇല്ലാതായി ക്കൊണ്ടിരിക്കുകയാണെന്ന് കെറ്റിലാണോ വെള്ളമാണോ തിരിച്ചറിയേണ്ടത് എന്നവള്‍ സംശയിച്ചു.   
 
ചായ ഒന്നു മൊത്തിയതും അശ്വിനിയെ വിയര്‍ക്കാന്‍ തുടങ്ങി.  കീമോതെറാപ്പി മുടി മാത്രമല്ല, അശ്വിനിയുടെ ആര്‍ത്തവവും കൊണ്ടുപോയിരുന്നു. അവളുടെ ശരീരം നിമിഷങ്ങള്‍ കൊണ്ടാണ് ഉഷ്ണമേഖലയിലാവുന്നത്. അശ്വിനി ഉടുത്തിരുന്നതൊക്കെ പറിച്ചെറിഞ്ഞു. എന്നിട്ടും വിയര്‍പ്പ് മുത്തുമുത്തായി താഴെക്കൊഴുകി.  ഡോക്ടര്‍ കുറെ തിയറികള്‍ അവളോടു പറഞ്ഞിരുന്നു. ഈസ്‌ട്രൊജന്‍ നിന്നുപോകുന്നു, തടയപ്പെടുന്നു....സെല്‍, ഹോര്‍മോണ്‍, ആന്റിബോഡി... അശ്വിനിയുടെ തലച്ചോര്‍ ചെവിപൊത്തി.  കണ്ണുപൂട്ടി. റെയിന്‍കോട്ടിനു പുറത്തു മഴപോലെ അറിവുകള്‍  ഒലിച്ചു പോയി.   അവള്‍ക്കു പുതിയ അറിവുകളൊന്നും വേണ്ട.  നീളം വീതി, ചതുരശ്രയടി, ഉത്തരത്തിന്റെ ഉയരം. വെയിലിന്റെ ചായ്വ്, അക്ഷാംശം, രേഖാംശം അശ്വിനിയുടെ തലച്ചോറിനു അതൊക്കെയെ ഉള്‍ക്കൊള്ളാന്‍ പറ്റൂ. അശ്വിനി ഇപ്പോള്‍ ആര്‍ത്തവ വിരാമം സംഭവിച്ച ഒരു വൃദ്ധയാണ്. 
 
(തുടരും)
 

Content Highlights: Women Novel Manjil Oruval by Nirmala part thirty