In Wonderland 
 
'കുളിക്കുന്നില്ലേ?''  
മോഹന്റെ കുശലം അശ്വനിക്ക് ഇഷ്ടപ്പെടുന്നില്ല.  
''ഉം''
''ഇന്നലേം കുളിച്ചില്ലല്ലോ!''
മോഹന്റെ വായ മൂടാന്‍ അശ്വിനി കുളിമുറിയില്‍ കയറി വാതിലടച്ചു. വെറുതെ ഷവര്‍ ഓണാക്കിയിട്ടു നിന്നു.  
മടിയോടെ അശ്വിനി ഉടുപ്പുകള്‍ ഊരിമാറ്റി. വലതു വശത്ത് നെഞ്ചിനു കുറുകെ പടര്‍ന്നിരിക്കുന്ന ശതാവരിവള്ളിയില്‍  അശ്വിനി തൊട്ടുനോക്കി.  അത് വലതുവശത്തെ ഹൃദയത്തിനു മുകളിലൂടെ കക്ഷത്തിലേക്ക് പടര്‍ന്നിട്ടുണ്ട്.   
''നീയെന്റെ ചങ്കല്ലേ രന്നാ''
അശ്വിനി കീര്‍ത്തനോയോടു കൊഞ്ചുന്നു.  
''അപ്പൊ അച്ഛയോ?''  
''അച്ചെം ചങ്കാണ്''
''മമ്മൂനു ടു ഹാര്‍ട്ടുസ് ണ്ടോ?''
ലോജിക്കുകാരി കീര്‍ത്തനയോടു അശ്വിനി തീരെയും ലോജിക്കില്ലാത്ത കാര്യങ്ങളാണ് പറഞ്ഞിരുന്നത്.  
''ഉം, ഉണ്ടന്നെ. ഒന്ന് റൈറ്റ് സൈഡ് ലു, മറ്റേതു ലെഫ്റ്റ് സൈഡ് ലു''
അതിലൊരു ചങ്കിന്റെ മുകളിലൂടെയാണ് മുള്ളുവള്ളി കയറിപ്പോയിരിക്കുന്നത്.  മുല തുരന്നെടുത്ത  മുറിവിനു ചുറ്റും കുറെ തൊലിയും മാംസവും ഉരുണ്ടു കൂടി കക്ഷത്തില്‍ എന്തോ വെച്ചു നടക്കുന്നത് പോലെയാണ് അശ്വിനിക്ക് തോന്നുന്നത്. 
ഡോക്ടര്‍ പറഞ്ഞത് ശരീരം മെനഞ്ഞെടുക്കുന്ന കൊഴുപ്പാണ്, സാരമില്ലെന്നാണ്. 
''സാരമില്ലെന്നു പറഞ്ഞാല്‍ ഡോക്ടര്‍, നിങ്ങളുടെ കക്ഷത്തില്‍ കുറച്ചു തുണി ചുരുട്ടി വെച്ചു തരട്ടേ?  ഒരാഴ്ച അതും കൊണ്ടു നടന്നു നോക്കു.'' 
അശ്വിനി റാണാ പ്രാതാപിനോട് കയര്‍ത്തു. 
ജബ്ബാര്‍ ഡോക്ടറുടെ ക്ഷമ ഡോക്ടര്‍ പാറ്റെഴ്‌സണ് ഇല്ല. പിന്നെ, ഈ ഡോക്ടറെന്നൊക്കെ പറയുന്നത് ഒരു രോഗിയെ സംബന്ധിച്ചടത്തോളം കാണപ്പെട്ട ദൈവമല്ലേ. ചോദ്യം ചെയ്യാന്‍ പാടില്ല. കിട്ടുന്ന ഔദാര്യത്തെ വണങ്ങി സ്വീകരിക്കുകയെ ആകാവൂ. ആജ്ഞകള്‍ നിശബ്ദം അനുസരിക്കാനേ പാടുള്ളൂ. 
 
നോക്ക്, വേദനയില്‍ പിടയുന്ന നിങ്ങള്‍ക്കു വേണ്ടിയല്ലേ അവരുടെ ജോലി സമയം മാറ്റി വെച്ചിരിക്കുന്നത്.  നിങ്ങളൊരു കല്‍പ്പണിക്കാരനോ ഇഞ്ചിനിയറോ ആണെങ്കില്‍ നിങ്ങളുടെ ജോലി അത്രക്കൊന്നും പ്രധാനമല്ല. ശമ്പളം വാങ്ങുന്നതിനു പകരം ചെയ്യുന്നൊരു പണി. കാരണം കല്ലിന്റെയും മണ്ണിന്റെയും കമ്പ്യൂട്ടറിന്റെയും ഭാവിയാണ് നിങ്ങളുടെ കൈകളിലൂടെ പോകുന്നത്.  ഒരു പാലം സുരക്ഷിതമായി പണിയുന്നത് അത്രക്കങ്ങു ബഹുമാനം അര്‍ഹിക്കുന്ന കാര്യമൊന്നുമല്ല ഇഞ്ചിനീയർ. എന്നാല്‍ നിങ്ങളുടെ ജീവനെ എന്തുവേണമെങ്കിലും ചെയ്യാം എന്നൊരു ദൈവികത ഒരു ഡോക്ടര്‍ക്കുണ്ട്.  അത് മറന്നു പെരുമാറരുത്.  
കാന്‍സര്‍ കൊണ്ട് മരിച്ചില്ലെങ്കില്‍ റാണയുടെ പ്രസംഗം കേട്ടു ബോറടിച്ചു മരിക്കുമെന്ന് അശ്വിനി പരാതി സമര്‍പ്പിച്ചു.  അന്ന് മുഴുവന്‍ പിന്നെ റാണാ പ്രതാപ് സിംഗ് മിണ്ടിയതേയില്ല. ഭിത്തികളുടെ കാവല്‍ പൊളിച്ച് ആരോടും ചോദിക്കാതെ അശ്വിനി വെറുതെ ഒരു ഡ്രൈവിനു പുറത്തേക്ക് ഇറങ്ങിയതായിരുന്നു. ലൈബ്രറിയിലേക്ക് പതിനഞ്ചു മിനിറ്റകലമേയുള്ളൂ.  
 
വലത്തോട്ടുള്ള സിഗ്‌നല്‍ ഇട്ടുകിടക്കുമ്പോള്‍ എതിര്‍ വശത്തെ ചെടിക്കൂട്ടത്ത്തില്‍ നിന്നും ഒരു മുയല്‍ സാവധാനം ഇറങ്ങിപ്പോകുന്നത് കണ്ടു. പേടിയില്ല, ധൃതിയുമില്ല. 
''ദേ, ആമ പാതിവഴി എത്തിയിട്ടുണ്ടാവും''
അശ്വിനിയുടെ കമന്റ് കാറിന്റെ അടഞ്ഞ ജനാലകടന്നു  പുറത്തിറങ്ങിയില്ല.  പക്ഷേ പിന്നിലെ കാറിന്റെ ഹോണ്‍ കണ്ണാടിയെഭേദിച്ച് ഉള്ളില്‍ക്കടന്നു  അശ്വിനിയെ ഞെട്ടിച്ചു. ഓ, ലൈറ്റ് പച്ചയായിരുന്നു. മുയലിനു പ്രചോദന പ്രസംഗം കൊടുത്തപ്പോള്‍ അശ്വിനി സ്വന്തം കര്‍ത്തവ്യങ്ങള്‍ മറന്നു. ജീവിതവും അങ്ങനെയൊക്കെ തന്നെ! ഹോണിന്റെ ശബ്ദത്തില്‍ ഞെട്ടിയ അശ്വിനി വേഗത്തില്‍ സ്റ്റിയറിംഗ് തിരിച്ചു. കക്ഷത്തില്‍ നിന്നും നെഞ്ചിലേക്ക് പെട്ടെന്ന് പടര്‍ന്ന വേദനയില്‍ ശ്വാസം നിലച്ചു പോവുമെന്ന് അവള്‍ക്ക് തോന്നി.  അടുത്ത ട്രാഫിക് ലൈറ്റ് കഴിഞ്ഞുള്ള കടകളുടെ കൂട്ടത്തിലേക്ക് അശ്വിനി കാറ് കയറ്റി. വീണ്ടും വലത്തേക്ക് തിരിക്കുമ്പോള്‍ വേദന കൂടി വരുന്നു. ഒഴിഞ്ഞ കാറിടത്തില്‍ നിര്‍ത്തിയിട്ട് കണ്ണടച്ച് ദീര്‍ഘമായി ശ്വസിച്ചു. ശ്വാസം പൂര്‍ണമായി ഉള്ളിലേക്കെടുക്കുക... 
ഒന്ന്..രണ്ട്... മൂന്ന്...  
 
കാറിന്റെ ജനല്‍ക്കണ്ണാടിയില്‍ മുട്ടു കേട്ട് അവള്‍ കണ്ണുതുറന്നു. കറുത്ത പാന്റ്സും നീല ഷര്‍ട്ടും ധരിച്ച, കറുത്ത വീതിയുള്ള ഫ്രെയിമുള്ള കണ്ണടവെച്ച ഒരാള്‍ കൈയില്‍ കാപ്പിയുമായി പുറത്ത് നില്‍ക്കുന്നു.  കണ്ണാടി സാവധാനം താഴേക്കുമാറ്റി അവള്‍ അയാളെ നോക്കി.
''Yes?'
എന്തു കുന്തമാണ് തനിക്കു വേണ്ടത്? 
''നിങ്ങള്‍ എന്റെ കാറിനോട് വളരെ ചേര്‍ത്താണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. നോക്കൂ എനിക്ക് വാതില്‍ തുറക്കാന്‍ പറ്റുന്നില്ല.''
ജനല്‍ക്കണ്ണാടി മുഴുവനായി തുറന്ന് എങ്കോണിച്ചു കിടക്കുന്ന കാറിനെ നോക്കി ചമ്മലോടെ അശ്വിനി ക്ഷമ പറഞ്ഞു.  
''ഓ, സോറി.''
''മാം, ചോദിക്കുന്നതില്‍ പരിഭവമില്ലെങ്കില്‍, നിങ്ങള്‍ കരയുന്നുണ്ടല്ലോ. എന്തോ പ്രശ്‌നമുണ്ടല്ലേ. എനിക്ക് എന്തെങ്കിലും ചെയ്തു തരാന്‍ പറ്റുമോ?'' 
''ഇല്ല കുഴപ്പമില്ല. എന്റെ കൈയിലൊരു മുറിവുണ്ട് അത് പെട്ടെന്നു വല്ലാതെ വേദനിച്ചു.  ക്ഷമിക്കണം, കാര്‍ കോണായിട്ടാണ് പാര്‍ക്ക് ചെയ്തത് എന്ന് ഞാനറിഞ്ഞില്ല.  മാപ്പ്!''
''ഹേയ്, മാപ്പ് പറയേണ്ട ആവശ്യമൊന്നും ഇല്ല. ഞാന്‍ വേണമെങ്കില്‍ കാറ് നേരെയാക്കാം. നിങ്ങളുടെ മുറിവ് വേദനിപ്പിക്കേണ്ട.'' 
''ഹം.. ഇല്ല സാരമില്ല. ഞാന്‍ തന്നെ ചെയ്‌തോളാം. ഒരു മിനിറ്റ്''
''നില്‍ക്കൂ, ധൃതി പിടിക്കേണ്ട ആവശ്യമില്ല. എനിക്ക് ഓഫീസിലെത്താന്‍ ധാരാളം സമയമുണ്ട്.'' 
ചങ്കില്‍ ധാരാളാമായുള്ള സഹാനുഭൂതി സായിപ്പ് വീണ്ടും ചൊരിഞ്ഞു. 
''ഓ, നന്ദി.''    
''വേണമെങ്കില്‍ നിങ്ങളെ ഞാന്‍ വീട്ടില്‍ കൊണ്ടാക്കാം. പിന്നെ മറ്റാരുടെയെങ്കിലും കൂടെ വന്നു കാറ് വീട്ടില്‍ കൊണ്ടുപോയാല്‍ മതി.'' 
ഞാന്‍ വീട്ടില്‍ നിന്നും ഓടിപ്പോവുകയാണെന്നു അശ്വിനി ആ ഔദാര്യാത്മാവിനോട് പറഞ്ഞില്ല. 
''ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ല.  നിങ്ങളുടെ സന്മനസ്സിനു വളരെ നന്ദി.''  
അങ്ങനെ പുറത്തു കേള്‍ക്കാന്‍ സുഖമുള്ള വാക്കുകള്‍ പറഞ്ഞിട്ട് അശ്വിനി കാറ് റോഡിലേക്കിറക്കി. ഇത്രയൊക്കെ കരുതല്‍ വീട്ടില്‍ ഭാര്യയോടും ഉണ്ടാവുമോ അതോ വഴിയാത്രക്കാരിക്കുള്ള വിശിഷ്ടസേവനമാണോ എന്നു അവള്‍ റാണയോട് വിമര്‍ശിച്ചു.   
 
തിരിച്ച് വീട്ടിലേക്ക് തന്നെ പോകണം, പോവാന്‍ മറ്റൊരിടമില്ലാത്ത അശ്വിനിയുടെ കാര്‍ വളവുകളും ലൈറ്റുകളും സാവധാനത്തില്‍ ശ്രദ്ധയോടെ തിരിഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയ അശ്വിനി  ചൂടൊന്നു കുറക്കാന്‍  ഒരു തണുത്ത ബിയര്‍ ഫ്രിഡ്ജില്‍ നിന്നുമെടുത്ത് ഇടംകൈകൊണ്ടു തുറന്നു.  ബിയര്‍ ഓപ്പണര്‍ തിരികെ ഡ്രോയില്‍ വെച്ചില്ലെങ്കില്‍ ഇന്ന് മോഹന്‍ വരുമ്പോള്‍ അതിനാവും വിസ്താരം!
''ഒരു കെയ്‌സ് ബിയര്‍ തീര്‍ത്തോ ഇന്ന്?''
''മോഹന്റെ ബിയര്‍ ഞാന്‍ തീര്‍ത്തിട്ടില്ല, ഞാന്‍ തന്നെ വാങ്ങിയതാണ്!''
മോഹന്റെ തുറിച്ചുനോട്ടത്തെ അശ്വിനിക്കിപ്പോള്‍ പേടിയില്ല. 
''ഇത് എന്തു ഭാവിച്ചാണ്?'' 
മോഹന്റെ ആ ചോദ്യത്തിന് കണ്ണു ചിമ്മാതെ അശ്വിനി ഉത്തരം പറയും.
''ചൂടുള്ളപ്പോ ബിയറു കുടിക്കുന്നത് ഞാന്‍ മാത്രമല്ല. അതില്‍  പ്രത്യേക ഭാവനയൊന്നുമില്ല!''   
ബിയറുകുപ്പികള്‍ റീസൈക്കളിംഗിന്റെ നീലപ്പെട്ടിയിലിടുന്നതിനു പകരം അശ്വിനി അവ ബിയറിന്റെ തന്നെ കാര്‍ഡ്‌ബോര്‍ഡ് കെയ്‌സില്‍ തിരികെവെച്ചു. മോഹന് എണ്ണം എടുക്കാന്‍ അവസരം കൊടുക്കാതെ സമയംപോലെ പകല്‍സമയത്ത് അശ്വിനിക്കുതന്നെ കടയില്‍ തിരികെ കൊണ്ടുപോയി കൊടുക്കാം.   
 
വിശപ്പു വന്നല്ലോ.... ബിയറിനു കൂട്ടായി അശ്വിനി ചോറു വിളമ്പി,  പയറുപ്പേരി മാത്രമേ ഉണ്ടായിരുന്നുളളൂ കറിയായി. മൈക്രോ വേവില്‍ വെച്ച് ചൂടാക്കിയ ചോറില്‍ കുറച്ച് തൈരൊഴിച്ചു. ഇനി അച്ചാറും കൂടിയാല്‍ ഊണു സുഖം. അശ്വിനി Lemon-May എന്നെഴുതിയ കുപ്പി കൈയിലെടുത്തു. സീമച്ചേച്ചി അശ്വിനിക്ക് സഹതാപത്തിന്റെ കൂടെ കൊണ്ടുവന്നു കൊടുത്ത അച്ചാറാണ്.  അവര്‍ അച്ചാറുകള്‍ കുറെയേറെ ഉണ്ടാക്കി വെയ്ക്കും. പേരും തീയതിയും എഴുതി വെച്ചില്ലെങ്കില്‍ തെറ്റിപ്പോവും.  
''ഓരോരുത്തരുടെ പ്രശ്‌നങ്ങള്‍ ക്യാന്‍സൂ!'' 
അച്ചാറുകുപ്പിയുടെ അടപ്പില്‍ ബലത്തില്‍ പിടിക്കുമ്പോള്‍ കക്ഷത്തിലും നെഞ്ചത്തും വേദനയുണ്ട്. ഒന്നു നിര്‍ത്തി അശ്വിനി വീണ്ടും ശ്രമിച്ചു നോക്കി. ഒന്നു കൂടി... ബലത്തില്‍.... 
ശതാവരിവള്ളികള്‍ ഉള്ളിലേക്ക് വലിഞ്ഞു മുള്ളുകള്‍ കോര്‍ത്തു വലിച്ചു. അശ്വിനി കുറച്ചു സമയം കസേരയില്‍ നിശ്ചേഷ്ടമായി ഇരുന്നു.  കണ്ണിനു ചുറ്റും നക്ഷത്രങ്ങള്‍ നൃത്തം വെയ്ക്കുന്നത് കണ്ണടച്ചാലും കാണാം. വേദന കുറെ അടങ്ങിയപ്പോള്‍ അവള്‍ ഇടം കൈ കൊണ്ട് കുപ്പി തുറക്കാന്‍ വീണ്ടും ശ്രമിച്ചു നോക്കി. പൂപ്പലും കാറ്റും കയറാതെ സുരക്ഷിതമായി അടച്ചകുപ്പി വെറുമൊരു ഇടംകൈയ്ക്ക് തോറ്റുകൊടുക്കില്ലെന്നു വാശിപിടിച്ചു.  അച്ചാറും കുപ്പിയും ഊക്കില്‍ നിലത്തെറിയാനുനള്ള ഒരുദേഷ്യം അശ്വിനിയുടെ കാലിന്റെ പെരുവിരലില്‍ നിന്നും വലിഞ്ഞുകയറിവന്നു.   
''ഒക്കെ നമ്മളു തന്നെ ക്ലീനാക്കേണ്ടി വരും ക്യാന്‍സൂ.'' 
 
അച്ചാറുകുപ്പി തിരികെ ഫ്രിഡ്ജില്‍ വെച്ച് അതിന്റെ സ്വാദു മാത്രമോര്‍ത്ത് അശ്വിനി ചോറുണ്ടു.  ഇനി മോഹന്റെ കാലു പിടിക്കണം അച്ചാറുകുപ്പി തുറന്നു കിട്ടാന്‍. എത്ര പ്രാവശ്യം പറഞ്ഞാല്‍ സമയവും കാലവും ഒത്തു വരുമെന്നറിയില്ല മോഹന്.  ഇപ്പോള്‍ എല്ലാം പ്രശ്‌നമാണ് മോഹന്.  പ്രശ്‌നങ്ങള്‍ ഒന്നുമേയില്ലാതെ അശ്വിനിയുണ്ട് വീടു നിറയെ. അശ്വിനിയില്‍ നിറയെ വീടും. അവര്‍ക്കിടയില്‍ തിക്കിത്തിരിഞ്ഞു ക്യാന്‍സറു നനച്ചു വളര്‍ത്തിയ ഒരു മുലയും. എന്തൊരു വലിപ്പമാണ് ഒരു മുലക്ക്! അത് നിറഞ്ഞു തിങ്ങി സ്ഥലം മുഴുവന്‍ എടുക്കുന്നു. ശ്വാസം കിട്ടാന്‍ തന്നെ ബുദ്ധിമുട്ടിച്ചുകൊണ്ട്.
 
അശ്വിനി ഒന്നുകൂടി ഇ-മെയില്‍ നോക്കി.  ഓഫീസില്‍നിന്നും ചോദ്യങ്ങളും വിശേഷങ്ങളും ഒന്നുമില്ല.  യൂക്ക പ്രൊജെക്റ്റ് എവിടെയെത്തിയിട്ടുണ്ടാവും?  അശ്വിനി തീര്‍ത്തു കൊടുത്ത പ്രോജക്ട് പ്ലാന്‍ അനുസരിച്ച് ജൂലൈയില്‍ ഭിത്തി പൊങ്ങണ്ടതാണ്.  സ്‌കൈലറിനെ വിളിച്ചാല്‍ അവള്‍ക്ക് അതൊന്നും അറിയില്ല. ഞാനിപ്പോ ട്രെവറിനോട് അന്വേഷിച്ചിട്ടു പറയാം എന്നു പറയും.  വേണ്ട, ജോലിയോര്ത്തു വ്യഥപ്പെടാന്‍ മാത്രം അശ്വിനി ബോറടിച്ചകാര്യം ട്രെവറിനെ അറിയിക്കേണ്ട.  
 
കീര്‍ത്തന വന്നപ്പോള്‍ അവള്‍ മാറിപ്പോയത് പോലെ അശ്വിനിക്കുതോന്നി.  കീര്‍ത്തനയുടെ ചൊല്ലുമാറുന്നുണ്ട്.. ആസക്തികള്‍ തിരിയുകയും മറിയുകയും ചെയ്യുന്നുണ്ട്.  അന്തക്ഷോഭങ്ങള്‍ വാറ്റുന്നതില്‍ തലച്ചോറും ഹൃദയവും മത്സരിക്കുന്ന കൗമാരക്കാലത്തിന്റേതാവും. പുളിച്ചു തികട്ടുന്ന പ്രതിഷേധം അമ്മയുടെ രോഗമോര്‍ത്ത് അടക്കി വെയ്ക്കുന്നത് അശ്വിനിക്ക് വായിക്കാന്‍ കഴിയുന്നുണ്ട്.  കീര്‍ത്തന സ്ത്രീയാണ്. അശ്വിനിയുടെ കുട്ടിയല്ല. സ്‌നഫിയുടെ കണ്ണ് അമ്മപൊട്ടിച്ചു എന്ന് പറയുന്ന കുട്ടിയല്ല. മടിയില്‍ വെച്ചു ഉമ്മുമ്മ... ഉമ്മ എന്ന് പറഞ്ഞാല്‍ തീരുന്ന സങ്കടങ്ങളല്ല അവളുടേത്.  
 
നാലു ദിവസത്തെ അവധിയില്‍ വന്ന കീര്‍ത്തന കീമോ തുടങ്ങുന്നതിനു മുന്‍പേ ഡെന്റിസ്റ്റിനെ കാണണമെന്നു അശ്വിനിയെ നിര്‍ബ്ബന്ധിച്ചു. ആറുമാസം കൂടുമ്പോഴാണ് ഡെന്റിസ്റ്റിന്റെയടുത്ത് പോകാറുള്ളത്. അവര്‍ പല്ലും മോണയും വൃത്തിയാക്കും.  ദന്തക്ഷയമോ മറ്റെന്തിങ്കിലും പ്രശ്‌നങ്ങളോ ഉണ്ടോന്ന് നോക്കും. രോഗം വരാന്‍ കാത്തിരിക്കാതെ രോഗത്തെ ഒഴിവാക്കാനാണ് പുതിയകാലത്തെ ശ്രമം. അശ്വിനിയുടെ അടുത്തകൂടിക്കാഴ്ച ഇനി മൂന്നു മാസംകൂടി കഴിഞ്ഞിട്ടേയുള്ളൂ. പക്ഷെ കീമോതെറാപ്പി തുടങ്ങുന്നതിനു മുന്‍പ് ഒരു ചെക്കപ്പു നടത്തണമെന്നു കീര്‍ത്തന തീരുമാനിച്ചു.   
 
ഡെന്റിസ്റ്റിന്റെ ഓഫീസില്‍ എതിര്‍ വശത്തെ കസേരയിലിരിക്കുന്ന കീര്‍ത്തനയെ അശ്വിനി അടിമുടി നോക്കി. കുട്ടിത്തം പോയിരിക്കുന്നു. മുതിര്‍ന്നവര്‍ ഇരിക്കുന്നതു പോലെയാണു ഇരിപ്പും നടത്തവും. അടുത്തിരിക്കുന്ന ഒരുത്തന്‍ അവളോട് കരുമുരാ വര്‍ത്തമാനം പറയുന്നുണ്ട്. അവള്‍ അയാളോട്  സംസാരിക്കുന്നതില്‍ ഒരു പെണ്ണുണ്ട്.  വ്യക്തിയും വ്യക്തിയും തമ്മിലുള്ള സംഭാഷണമല്ല അതെന്ന് അമ്മക്കണ്ണുകള്‍ക്ക് അറിയാം. കണ്ണില്‍ പറക്കുന്ന തേജസ്സ്,  കവിളത്ത് ജ്വലിക്കുന്ന ദീപ്തി. കൈകള്‍ മെല്ലെ കാതിലേക്ക് നീങ്ങുന്നത്. ഒതുക്കി വെക്കുന്ന മുടി.  ഹോര്‍മോണുകള്‍ എരിപൊരികൊള്ളുന്ന പ്രായമാണ്. അശ്വിനിയും കടന്നു വന്ന പ്രായം. 
 
കീര്‍ത്തന കണ്ണുകൊണ്ട് അശ്വിനിയുടെ നെഞ്ചില്‍ തോണ്ടി. അശ്വിനി തിടുക്കപ്പെട്ടു കുനിഞ്ഞു നോക്കി. മുലയില്ലായമ മറക്കാന്‍ ആശുപത്രിയില്‍ നിന്നും കൊടുത്ത കോട്ടണ്‍ വെപ്പുകല്യാണി ബ്രായുടെ കപ്പിനുമുകളിലേക്ക് കയറിവന്നിരിക്കുന്നു.  കാഴ്ചകാണാന്‍ ബ്ലൌസിന്റെ കഴുത്തിലൂടെ എത്തിവലിഞ്ഞു നോക്കുകയാണ് ഒരു ശങ്കയുമില്ലാതെ!  അശ്വിനി പരിഭ്രമത്തില്‍ അതിനെ ഉള്ളിലേക്ക് തിരികിവെച്ചു.  മുലയുള്ളപ്പോള്‍ മുലയുടെ വിലയറിയില്ല!   
 
ഡെന്റിസ്റ്റിന്റെ കസേരയില്‍ ചാഞ്ഞിരുന്നു അശ്വിനി തൊണ്ടയൊന്നു ശുദ്ധമാക്കി. ഭിത്തിയിലെ വലിയ പോസ്റ്ററില്‍ ചികിത്സക്കു മുന്‍പും പിന്‍പുമുള്ള പല്ലിന്റെ ചിത്രങ്ങളാണ്. കോന്ത്രപ്പല്ലു വേലികെട്ടി നേരെയാക്കിയത്. ദന്തക്ഷയത്തിനു പണ്ടു ചെയ്തിരുന്ന വെള്ളിചേര്‍ത്ത അടപ്പു മാറ്റി പല്ലിന്റെ നിറത്തിനു യോജിച്ച പുതിയതരം പ്ലാസ്റ്റിക്കൂട്ട് ചേര്‍ത്ത് മിനുക്കിയെടുത്തത്.  അതു കണ്ടാല്‍ പല്ലില്‍ എന്തെങ്കിലും പണി ചെയ്തിട്ടുണ്ടെന്നു തന്നെ അറിയില്ല.  തികച്ചും നൈസര്‍ഗ്ഗികം. പൊട്ടിപ്പോയ പല്ലിനെ അറ്റകുറ്റപ്പണിചെയ്തു നേരെയാക്കിയത്.  പല്ലിന്റെ വിടവുകള്‍ ഇല്ലാതാക്കി പൂര്‍ണമായ ദന്തനിര.  
 
അതിലേക്ക് തുറിച്ചുനോക്കിയിരിക്കുമ്പോള്‍ അശ്വിനി മറ്റൊരു പോസ്റ്റര്‍ ഉണ്ടാക്കുന്നത് ആലോചിച്ചു. അശ്വിനിയുടെ മാറിടം ക്യാന്‍സുവിനു മുന്‍പും പിന്‍പും. അവളുടെ ഭാവനയെ തടഞ്ഞുകൊണ്ട് ഡെന്റിസ്റ്റ് കയറിവന്നു. ക്രമപ്രകാരമുള്ള സുഖാന്വേഷണത്തില്‍ തുടങ്ങി. 
''Hello Ash, how are you?' 
സ്വയമറിയാതെ അശ്വിനിയും ക്രമപ്രകാരമുള്ള മറുപടി പറഞ്ഞു. 
''I am fine thank you. How are you doc?' 
'I am doing well.  Thank you for asking.' 
ക്രമപ്രകാരമുള്ള അടുത്ത മറുപടിയും വന്നു കഴിഞ്ഞപ്പോള്‍ അശ്വിനി വീണ്ടും തൊണ്ട ശുദ്ധമാക്കി. പിന്നെ ജീവിതം അത്രയ്ക്ക്  ഉത്കൃഷ്ടമല്ല എന്നു വിക്കി വിക്കിപ്പറഞ്ഞു. അഞ്ചു വാചകത്തില്‍ നീളാത്ത കഥാസംഗ്രഹം കേട്ടുകഴിഞ്ഞപ്പോള്‍ ഡോക്ടര്‍ സഹതാപത്തോടെ പറഞ്ഞു.  
''oh..oh... dear! Very sorry to hear that.'   
 
മോണരോഗങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കാന്‍ ശ്രമിക്കാമെന്നു ഡോക്ടര്‍ പറഞ്ഞു. പിന്നെ കരുണയോടെ തന്നെ കീമോയ്ക്കു മുന്‍പ്, കീമോ എടുക്കുമ്പോള്‍, അതു കഴിഞ്ഞും പല്ലിനെയും മോണയേയും സംരക്ഷിക്കേണ്ട `വിധങ്ങള്‍ അക്കമിട്ടു പേപ്പറില്‍ എഴുതി വിശദമാക്കി അശ്വിനിക്ക് കൊടുത്തു.  വീടെത്തിയതും അശ്വിനി അത് ക്യാന്‍സര്‍ ഇന്‍ഫോര്‍മേഷന്‍ സംഭരണിയില്‍ നിക്ഷേപിച്ചു.  ആശുപത്രിയില്‍ നിന്നും അശ്വിനിക്ക് ഒരു ബാഗുനിറയെ സാധനങ്ങള്‍ കിട്ടിയിരുന്നു.  ചികിത്സയെക്കുറിച്ചും രോഗത്തെപ്പറ്റിയും സഹായസംഘടനകളെപ്പറ്റിയുമുള്ള ലഘുലേഖകള്‍. 
 
കീര്‍ത്തന മടങ്ങിപ്പോയിക്കഴിഞ്ഞു അശ്വിനി കീമോ തയ്യാറെടുപ്പിനുള്ള പുസ്തകം ഇന്‍ഫോര്‍മേഷന്‍ ഭരണിയില്‍ നിന്നും പുറത്തെടുത്തു. എന്താണ് ആദ്യത്തെ കീമോതെറാപ്പി ദിവസം സംഭവിക്കുന്നത്, എന്തെല്ലാം കൊണ്ടുവരണം, പാര്‍ശ്വഫലങ്ങള്‍ അങ്ങേനെയൊക്കെ അവള്‍ പേജുകള്‍ മറിച്ചു മറിച്ചു നോക്കി. മോഹന് ചോദ്യങ്ങളും ഉത്തരങ്ങളുമില്ല. ഒന്നുമറിയാന്‍ ആകാംഷയില്ല, സമയമില്ല, ആഗ്രഹമില്ല.  ഈ നാടകം നിര്‍ത്താം എന്നു മോഹനോടു പറയാന്‍ രാവിലെ അശ്വിനി ഒരുമ്പെടും, വൈകിട്ട ഇങ്ങോട്ടു വരണമെന്നില്ല.  അവിടെ ഒരു അപ്പാര്‍ട്ട്‌മെന്റ് അല്ലെങ്കില്‍ കൊണ്ടോ എടുത്ത് അവിടെത്തന്നെ കൂടിക്കോളൂ. വൈകിട്ടും അശ്വിനി ശബ്ദമില്ലാതെ ചിലക്കും.
 
''മിണ്ടാതെ നോക്കാതെ ചിരിക്കാതെ റൂംമേറ്റ്‌സ് ആയിട്ടുള്ള ഈ തട്ടിപ്പ് ജീവിതം എനിക്ക് വേണ്ട!'   
എന്നിട്ട് അവള്‍ കാപ്പി കപ്പ് മേശപ്പുറത്തു വെക്കും. അവളെ കാണുന്നില്ലെന്നുറപ്പിച്ചു മോഹന്‍ കാപ്പികുടിക്കും, അവള്‍ വെച്ച ചോറുകഴിക്കും. ലാഭങ്ങള്‍ മാത്രമുള്ള ഒരു ശരീരത്തിനെ പ്രാപിക്കാനെ മോഹനറിയൂ. ആഭ്യന്തരകലഹ കാലത്തെ പ്രണയം ബോറനായ മോഹനു വശമില്ല.
 
അശ്വിനിക്കപ്പോള്‍ പാഞ്ചാലിയാവണം.  സൗഗന്ധികപ്പൂവ് എത്തിച്ചുകൊടുക്കാന്‍ ഒരു ഭീമന്‍ വേണം. സങ്കടം വരുമ്പോള്‍ യുധിഷ്ഠിരന്‍ വേണം. അര്‍ജുനന്റെ കൂടെ വെക്കേഷനു പോവണം. ഷോപ്പിംഗിനു ചുറ്റി നടക്കാന്‍ നകുലന്‍ വേണം. സിനിമ കാണാന്‍ സഹദേവനെ കിട്ടണം. ഒരാളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാത്രം നോക്കി, ഒരേയൊരു ഭ്രമണപഥത്തില്‍ കറങ്ങുന്നത് എന്തൊരു ബോറാണ്!   
 
ഉറപ്പ് ഒരു കാര്യത്തിലെ ഉള്ളൂ മരിച്ചു പോകുമെന്ന കാര്യത്തില്‍, ക്യാന്‍സര്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും. എന്നിട്ടും ഈ ജന്മത്ത് മരിക്കാന്‍ തീരുമാനിച്ചിട്ടില്ലാത്ത മട്ടിലല്ലേ എല്ലാവരും ജീവിക്കുന്നത്. കൂട്ടി വെയ്ക്കുന്നത്, സൂക്ഷിച്ചു വെയ്ക്കുന്നത്, പെരുപ്പിക്കാന്‍ ശ്രമിക്കുന്നത്, ഇല്ലാത്ത മേനി നടിക്കുന്നത്.  അശ്വിനി പരാതികള്‍ മുഴുവനും റാണയോടു പറഞ്ഞു.
 
ക്രീം പുരട്ടി മിനുക്കിവെച്ചിരിക്കുന്ന തൊലിയിലൂടെ പുഴുക്കള്‍ അരിച്ചു കയറും, അല്ലെങ്കില്‍ നിമിഷങ്ങള്‍ കൊണ്ട് ചാരമാവും.  കൂട്ടി വെച്ചിരുന്നതൊക്കെ ഒരു നിമിഷംകൊണ്ട്  മരിച്ചുപോയാളുടെ, പണ്ടിവിടെ ഉണ്ടായിരുന്ന ഒരാളുടെ ചവറുകൂനയാവും. കത്തിച്ചു കളയാനുള്ള വസ്തുക്കളായി തീരും.   
 
എല്ലാം തീയിട്ടു കഴിഞ്ഞാല്‍ പിന്നെ എന്താണ് സംഭവിക്കുന്നത്.  മോഹന് അശ്വിനിയെക്കൊണ്ടു  ആവശ്യമില്ലാതായിക്കഴിഞ്ഞിരിക്കുന്നു.  കീര്‍ത്തന ഒറ്റക്ക് നാട്ടില്‍ പോവുമോ?  കുഞ്ഞമ്മയും മാമനും കസിന്‍സും എത്രകാലം കൂടി കീര്‍ത്തനയുടെ ഫോണിലെ മേല്വിലാസപ്പട്ടികയില്‍ ഉണ്ടാവും?  പത്തോ ഇരുപതോ വര്‍ഷം കഴിഞ്ഞാല്‍ കീര്‍ത്തനയെ അഖിലയോ അഖിലയെ കീര്‍ത്തനയോ അറിയുമോ?   അശ്വിനിയും അഖിലയും ഒട്ടിപ്പിടിച്ചുറങ്ങിയിരുന്ന കാലവും വിശേഷങ്ങളും ഓര്‍മ്മകളാണ്, ഓര്‍മ്മകള്‍ മാത്രമാണ്.   മരണത്തോടെ അല്ലെങ്കില്‍ ഓര്‍മ്മക്കെടോടെ നിന്നുപോകുന്ന വെറും ഓര്‍മ്മകള്‍.  എന്തിനും അര്‍ത്ഥവും പ്രാധാന്യവും കുറച്ചു കാലത്തേക്കെ ഉള്ളൂ.  ഒന്നും സൂക്ഷിച്ചു വെയ്ക്കരുത്. ഓര്‍മ്മകളും അനുവഭവങ്ങളും സൂക്ഷിച്ചു വെയ്ക്കരുത്.  വെറുതെ ചുമന്നു നടക്കുന്ന ഭാരം മാത്രമാണതൊക്കെ.  മോഹനെപ്പോലെ എല്ലാം അപ്പപ്പോള്‍ കൊഴിച്ചുകളഞ്ഞ് മുന്‍പോട്ട് മുന്‍പോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ് ജീവിത വിജയത്തിനു ആവശ്യം. റെയില്‍വേയുടെ പരസ്യം അശ്വിനിയോര്‍ത്തു.  
 
Less luggage comfortable journey.   
 
ഒടുക്കം ചെന്നെത്തുന്നത് ഏതോ ഒരു ഓള്‍ഡ് ഏജ് ഹോമില്‍ ആയിരിക്കും. അവിടെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ വരാന്‍ ബുദ്ധിമുട്ടുന്ന കീര്‍ത്തനയെ കാത്തിരിക്കാം! ആ ലക്ഷ്യത്തിലെക്കാണ് ഓടിക്കൊണ്ടിരിക്കുന്നത്.  അതിനു വേണ്ടിയാണ് ജീവിക്കുന്നത്. ഇത് കീര്‍ത്തനയുടെ ജീവിതമല്ല. അശ്വിനിയുടെ ജീവിതമാണ്.  ക്യാന്‍സര്‍ കടിച്ചെടുത്തുകൊണ്ടുപോയത് അശ്വിനിയുടെ മുലയാണ്.   ഈ വ്യസനത്തിന് കുത്തിക്കൊല്ലുന്ന വേദനയുണ്ട്.  *ആലീസിനോടു അത്ഭുതലോകത്തെ രാജ്ഞി പറയുന്നത് നിങ്ങളുടെ പിന്നോട്ടു പിന്നോട്ടുമാത്രം പോകുന്ന ഈ ഓര്‍മ്മ എന്തൊരു ബോറാണെന്നാണ്! *''It's a poor sort of memory that only works backwards,'  
നാളെ മറിച്ചുനോക്കാനിരിക്കുന്ന ഫോട്ടോയല്ലേ ഇന്ന്?  അശ്വിനിയുടെ ആല്‍ബം ബോറാവരുത്. അവള്‍ക്ക് അതിനെ പറ്റുന്നത്രയും അലങ്കരിക്കണം.
 
(*Alice in Wonderland)  
 
 
Content Highlights: women Novel manjil Oruval by Nirmala part 19