Is there life after the C?
പുറത്ത് നേരിയ തണുപ്പുണ്ടായിരുന്നു. ചുറ്റും ഉയര്‍ന്നു നില്ക്കുന്ന ഭിത്തികള്‍ ചുരുങ്ങിച്ചുരുങ്ങി വന്നു അശ്വിനിയെ ശ്വാസം മുട്ടിക്കാന്‍ തുടങ്ങി. അതില്‍ നിന്നും രക്ഷപെടാന്‍ അവള് ഹാങ്ങറില്‍ തൂങ്ങിക്കിടന്ന ചുവന്ന കൈനീളമുള്ള ബ്ലൗസ് കൈയിലെടുത്തു.
അശ്വിനി തലയിലൂടെ ഇട്ട ബ്ലൗസ് തോള് കടന്നു പോകാന്‍ വിസമ്മതിച്ചു നിന്നു. കുറച്ചൊന്നു ചരിഞ്ഞും നിവര്‍ന്നും അറ്റങ്ങളില്‍ വലിച്ചും അശ്വിനി ബ്ലൗസിട്ടു.
കണ്ണാടികാണിച്ച പ്രതിരൂപത്തെ അവള് തുറിച്ചു നോക്കി. ശരീരത്തിനെ ഇറുക്കികെട്ടിപ്പിടിച്ച ബ്ലൗസ് മേദസ്സിനെ പലയിടത്തായി ഉരുട്ടിവെച്ചിരുന്നു. തണ്ണിമത്തങ്ങപോലെ വയര്‍ പുറത്തേക്ക് മുഴച്ചു നിന്നു. ബ്ലൗസിനു അടിയില്‍ കൂടി കാണുന്ന മത്തങ്ങയെ അശ്വിനി കുറച്ചുനേരം മിഴിച്ചു നോക്കി.
''ഊഹ!''
ഇട്ടതിലും അധികം ശ്രമപ്പെടേണ്ടി വന്നു അശ്വിനിക്ക് ബ്ലൗസൊന്നു തിരിച്ചൂരിയെടുക്കാന്‍.
അവള് കിതപ്പോടെ കിടക്കയില്‍ കുറച്ചിട ഇരുന്നു. കിതപ്പടങ്ങിയപ്പോള്‍ അശ്വിനി വീണ്ടും ഉടുപ്പലമാര തിരഞ്ഞു നോക്കി. വെള്ളയില്‍ നേര്‍ത്ത പച്ച വരകളുള്ള പരുത്തി ഷര്‍ട്ടിന്റെ താഴെയുള്ള ബട്ടണുകള്‍ ഇടാന്‍ സാധിച്ചില്ല.
''ഇതെപ്പോഴാണ് ഈ വയര്‍ ഇങ്ങനെ വലുതായത്? മുറിച്ചെടുത്ത മുലയുടെ വിത്ത് ഡോക്ടര്‍ വയറിന്റെ ഉള്ളില്‍ നട്ടുവെച്ചോ? ക്യാന്‍സൂ നീ എന്നെ ഞാനല്ലാതാക്കിയോ?''
ഒടുവില്‍ അശ്വിനി ഇടാതെ മാറ്റി വെച്ചിരുന്ന പഴയ ഡെനിം ഷര്‍ട്ട് പുറത്തെടുത്തു. അതവള്‍ക്ക് കൃത്യം പാകമായിരുന്നു. ഒരാളെക്കൂടി ഒളിപ്പിക്കാന്‍ സ്ഥലമുണ്ടെന്നു പറഞ്ഞു ഉപയോഗിക്കാതെ അശ്വിനി മാറ്റി വെച്ചിരുന്നതാണ്!
നീല ബിസിനസ്സ് സൂട്ട് പുറത്തെടുത്ത് അശ്വിനി മേത്തു ചേര്‍ത്തു വെച്ചു നോക്കി. പിന്നെ ജാക്കറ്റ് ഷര്‍ട്ടിനു പുറത്തിടാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. സൈസ് ഏഴില്‍ ഒതുങ്ങാത്ത ഒരു ശരീരം കണ്ണാടിയില്‍ മുഴച്ചു നിന്നു. അവള് പഴയ ജീന്‍സുകള്‍, പാവടകള്‍ ഓരോന്നായി പുറത്തെടുത്ത് ഇട്ടു നോക്കി. വീട്ടില്‍ അയഞ്ഞ ഹൌസ്കോട്ടും പൈജാമയും ആശുപത്രിയില്‍ പോകുമ്പോള്‍ പുതിയതായി വാങ്ങിയ മുന്‍ഭാഗം തുറക്കാനെളുപ്പമുള്ള അയഞ്ഞ ഉടുപ്പുകളും ടോപ്പുകളുമായിരുന്നു കുറെക്കാലമായി അശ്വിനിയുടെ വേഷം. അതിനിടയില്‍ സ്വന്തം ശരീരം കൈവിട്ടു പോയതെപ്പോഴാണെന്നു അവള്‍ക്കു മനസ്സിലായില്ല.
വലിയൊരു കറുത്ത ചവറുബാഗ് അശ്വിനി കാര്‍ഷെഡില്‍ നിന്നും തിരഞ്ഞു പിടിച്ചു കൊണ്ടുവന്നു. അവള് ഇട്ടുനോക്കി പാകമാവില്ലെന്നു ഉറപ്പാക്കിയ തുണികള്‍ കിടക്കയില്‍ ഒരു കൂമ്പാരമായി കിടന്നിരുന്നു. അശ്വിനി അതിനെ ഓരോന്നായി മടക്കി ചവറു ബാഗിലേക്ക് എറിഞ്ഞു. പാന്റുകള്‍, ജീന്‍സുകള്‍, പാവാടകള്‍, ബ്ലൗസുകള്‍, സ്വറ്ററുകള്‍, ജാക്കറ്റുകള്‍.... വലിയ ബാഗ് പെട്ടെന്നു തന്നെ നിറഞ്ഞു.
അശ്വിനി ബാഗിന്റെ വായ നന്നായിക്കെട്ടി വലിച്ചിഴച്ച് കോണിയോളം എത്തിച്ചു. ഭാരമുള്ള ബാഗ് പൊക്കിയെടുത്തു താഴെയെത്തിക്കാന്‍ പറ്റില്ലെന്നു മനസ്സിലാക്കി അശ്വിനി നിറഞ്ഞ ബാഗിനെ ശക്തിയായി തൊഴിച്ചു. അത് ഒരൊറ്റ തൊഴിയില്‍ വീണില്ല. വീണ്ടും അവള് ഊക്കോടെ തൊഴിച്ചപ്പോള്‍ ബാഗ് കോണിപ്പടികളില്‍ തട്ടിത്തട്ടി ശക്തിയില്‍ നിലത്തു വീണു. തട്ടിയാലും മുട്ടിയാലും പൊട്ടിപ്പോകാത്തതെന്ന ബാഗിന്റെ പരസ്യം ശരിയാണെന്നു ഉറപ്പാക്കി അശ്വിനി ചുമയെ അടക്കിപ്പിടിച്ചു കോണിപ്പടിയിലുരുന്നു ക്ഷീണം മാറ്റി. പിന്നെ അവള് ആ ചാക്കിനെ അവിടെനിന്നും വലിച്ചെടുത്ത് കാറിന്റെ പിന്നിലിട്ടു.
മക്നാബ് റോഡിലെ ഒഴിഞ്ഞ കാറിടത്തില് അശ്വിനി കാറ് നിര്‍ത്തി. കാറിടത്തിന്റെ കോണില്‍ തുണികള്‍, ചെരിപ്പുകള്‍, മറ്റിനങ്ങള്‍ എന്നെഴുതിയ ചാരിറ്റിയുടെ പച്ചനിറമുള്ള മൂന്നു വലിയ ഇരുമ്പു പെട്ടികള്‍ നിരന്നു നിന്നിരുന്നു. 'തുണികള്‍' എന്നെഴുതിയ പെട്ടിയുടെ തുറന്ന ഭാഗത്തേക്ക് ബാഗ് ഉയര്‍ത്താന്‍ അശ്വിനിക്ക് ആയാസപ്പെടെണ്ടി വന്നു. അത്രയും വലിയ ബാഗ് തുറന്നിരിക്കുന്ന വിടവിലൂടെ കടത്താന്‍ സാധിക്കില്ല എന്നറിഞ്ഞു അവള് കിതപ്പോടെ ബാഗ് താഴെയിട്ടു. കിതപ്പടങ്ങിയപ്പോള്‍ ബാഗ് തുറന്ന് അവള് കുറച്ചു വീതം തുണികള്‍ പച്ചപ്പെട്ടിക്കകത്തേക്കിട്ടു. കാറ്റ് ചീറിച്ചീറി അശ്വിനിയെച്ചുറ്റി നിന്നു.
കാലിയാക്കിയ ബാഗ് കാറിന്റെ പിന്നിലിട്ടു അശ്വിനി മടങ്ങിപ്പോകാന്‍ തയ്യാറായി. റോഡില്‍ അപ്പോള്‍ നല്ല തിരക്കുണ്ടായിരുന്നു. കാറിടത്തിനെ വട്ടം ചുറ്റി റോഡിലേക്കിറങ്ങാന്‍ ഒരു പഴുത് കാത്തു അശ്വിനിയുടെ കാറുകിടന്നു. ട്രാഫിക് ഒതുങ്ങിയിട്ട് വലത്തേക്ക് തിരിയാന്‍ കാത്തു കിടന്നപ്പോഴാണ് റെയര്‍ വ്യൂ മിററില്‍ എന്തോ അനങ്ങിയത് പോലെ അശ്വിനിക്ക് തോന്നിയത്. തലതിരിക്കാതെ കണ്ണാടിയില്‍ക്കൂടി അവള് അവരെ കണ്ടു. കറുത്ത പാന്റും മങ്ങിയ തവിട്ടു നിറമുള്ള സ്വെറ്ററുമിട്ട ഒരു സ്ത്രീ അശ്വിനി കൊണ്ടിട്ട തുണികള്‍ പച്ചപ്പെട്ടിയുടെ കിളിവാതിലില്‍ കൂടി എടുക്കാന്‍ ശ്രമിക്കുന്നു. അശ്വിനിയുടെ ചങ്ക് ഡണ്ടക്കം... പിണ്ടക്കംന്ന് മിടിപ്പിന്റെ സ്വരലയം മാറ്റിവെച്ചു.
തിരികെ പോയി അവരോട് എന്താണ് നോക്കുന്നത് എന്ന് ചോദിക്കണോ, അത് അവരെ അപമാനിക്കലാവുമോ എന്നവള്‍ സംശയിച്ചു. അശ്വിനിയുടെ കുഴച്ചില്‍ കൂട്ടാനായി ഒരു ഡ്രൈവര്‍ കാറ് നിര്‍ത്തിയിട്ട് അവളോട് പൊയ്ക്കൊള്ളാന്‍ കൈകൊണ്ടു ആഗ്യം കാണിച്ചു. അശ്വിനിക്കുവേണ്ടി നിര്‍ത്തിയ കാറിനു പിന്നില്‍ മറ്റു കാറുകള്‍ വന്നുകൂടിക്കൊണ്ടിരുന്നു. ആലോചിച്ചു നില്ക്കുകയല്ല, കിട്ടിയ പഴുതിനു കൈകൊണ്ടു നന്ദി കാണിച്ചു പോവുകയാണ് മര്യാദ, അതാണ് നാട്ടു നടപ്പ്. അതു തന്നെയാണ് അശ്വിനി ചെയ്തതും. തിരികെ ഓടിച്ചു പോരുമ്പോഴും അശ്വിനിയുടെ ചങ്ക് ഡണ്ടക്കം... പിണ്ടക്കംന്ന് പറഞ്ഞു അവളെ ശല്യപ്പെടുത്തി.
''എന്നാലും ആ സ്ത്രീ എന്തായിരിക്കും അന്വേഷിക്കുന്നത്? നല്ല ബ്ലൗസ്? അതോ തണുപ്പു കൂടുന്നതിനു മുന്‍പ് ഒരു കോട്ടോ സ്വറ്ററോ? തിരിച്ചു പോകേണ്ടതായിരുന്നു.''
അശ്വിനിയുടെ ചങ്കു യുധിഷ്ഠിരാവതാരത്തില് ബഹളം വെച്ചുകൊണ്ടിരുന്നു. ആ ബഹളം സഹിക്കാന്‍ വയ്യാതായപ്പോള്‍ അശ്വിനി ആ സ്ത്രീയെ അന്വേഷിച്ചു തിരികെ പോയി. അവിടെ പക്ഷേ ആരും ഉണ്ടായിരുന്നില്ല. തരിമ്പും ചൂടില്ലാത്ത വെയിലല്ലാതെ. പഴുത്തിലകള്‍ പറന്നു പോയ്ക്കോട്ടെന്നു പിറുപിറുക്കുന്ന ഒരു സങ്കടക്കാറ്റല്ലാതെ. പച്ചനിറമുള്ള പെട്ടികള്‍ നിസ്സംഗതയോടെ നിന്നു.
''അവരെ കണ്ടു കിട്ടിയിരുന്നെങ്കില്തന്നെ എന്തു ചെയ്യുമായിരുന്നു. ഷോപ്പിംഗിനു കൊണ്ടു പോവുമോ? അവരെ കാറില്‍ കയറ്റുമോ?''
അശ്വിനിയുടെ ആ ചോദ്യത്തില്‍ യുധിഷ്ഠിരന് വായപൂട്ടിയിരുന്നു. തിരികെ വന്നു വിഗ്ഗ് ഊരിമാറ്റി അശ്വിനി തലയില്‍ തടവി നോക്കി. മിനുത്തിരുന്ന തലയോട്ടിയില്‍ മുടി മുളക്കാന്‍ തുടങ്ങിയിരുന്നു.
''പീച്ച് പഴത്തിന്റെ പുറം പോലെയുണ്ട് തല. കുറച്ചു നേര്‍ത്ത രോമങ്ങള്‍ വന്നിട്ടുണ്ട്.''
അശ്വിനി വിദ്യയോട് ഘോഷിച്ചു.
''ഉവ്വോ, രണ്ടു അല്ലെങ്കില്‍ മൂന്നാഴ്ചയാവുമ്പോ മുടി വരേണ്ടതാണല്ലോന്ന് ഇന്നും കൂടി ഞാന്‍ ഓര്‍ത്തതേയുള്ളൂ.''
''കണക്കൊന്നും തെറ്റിച്ചിട്ടില്ല വിദ്യ.''
''രണ്ടാഴ്ചേം കൂടി കഴിഞ്ഞ ശരിക്കുള്ള മുടി വരാന്‍ തുടങ്ങും അശ്വിനി.''
''വിദ്യടെ ഭക്ഷണം കഴിച്ച് എനിക്ക് നന്നായിട്ട് തടി വെച്ചിട്ടുണ്ട്!''
''അത് കീമോടെ സൈഡ് ഇഫ്ക്ടാന്. ആറു മാസം കഴിഞ്ഞിട്ടു നമുക്ക് ഡയറ്റോക്കെ ആലോചിച്ചാല്‍ മതിട്ടോ.''
''എല്ലാം സൈഡ് ഇഫക്റ്റ് സ്റ്റിക് വുമണ്ന്നു കീര്‍ത്തന വിളിച്ചിരുന്ന ഞാന്‍ മന്തിയായി.''
''അശ്വിനി ഭക്ഷണം കുറക്കല്ലേ ട്ടോ. നടക്കാന്‍ പോണില്ലേ?''
''ഉം. അതൊന്നും മതിയാവില്ലാന്നു തോന്നണെ!''
''തിരിച്ചു ജോലിക്ക് പോകാമോന്നു നോക്ക്. വെറുതെ ഇരുന്നു ബോറടിക്കാതെ. ഡോക്ടറോട് ചോദിച്ചു നോക്കൂ.''
''ശരിയാണ്. നാളെ അപ്പോയിന്റ്മെന്റ് ഉണ്ട്, അപ്പൊ ചോദിക്കാം. ശരിക്കും ഇവിടെയിരുന്നു മടുത്തു. മൊട്ടത്തലയും കൊണ്ട് സഹതാപം കൊയ്യാന്‍ പോണതോര്ക്കുമ്പോഴാ...''
''അങ്ങനെ വിചാരിക്കേണ്ട, നല്ല കോണ്‍ഫിഡന്റായി. എനിക്കൊരു കുഴപ്പവുമില്ല. നിങ്ങള്‍ക്കാര്‍ക്കെങ്കിലും കുഴപ്പമുണ്ടോ എന്നൊരു ലുക്കില്‍ പോയാ മതി.''
ഡോക്ടറുടെ മുറി എഴുപത്തിയഞ്ചാമത്തെ നിലയിലായിരുന്നു. എലിവേറ്ററില്‍ ഇരുനൂറ്റിപ്പതിനാറു ആളുകള്‍ അശ്വിനിക്കു ചുറ്റുമായി ഞരുങ്ങി നിന്നു. എന്റെ കല്യാണി വെയ്പ്പല്ല, നിങ്ങളുടെത് ആരുടേതൊക്കെ എന്നൊരു പുച്ഛത്തില്‍, വിഗ്ഗുതല ഉയര്‍ത്തിപ്പിടിച്ച് അശ്വിനി ഡോക്ടറുടെ മുറിയിലേക്കു പോയി. ആഡ്ജുവന്റ് തെറാപ്പി എന്നാണു ഡോക്ടര്‍ റേഡിയെഷനെ വിശേഷിപ്പിച്ചത്.
''ട്യൂമര്‍ നെഞ്ചിന് കൂടിലെ പേശികളോടു ചേര്‍ന്നായിരുന്നു. കീമോയില്‍ പെടാതെപോയ ക്യാന്‍സര്‍ കോശങ്ങള്‍ എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ റേഡിയേഷന് അതില്ലാതാക്കും. തന്നെയല്ല, ക്യാന്‍സര്‍ വീണ്ടും വരാതെയിരിക്കാനും ഇത് നല്ലതാണ്.''
''ശരി. എനിക്കിപ്പോള്‍ നല്ല ഉന്മേഷമുണ്ട് ഡോക്ടര്‍. സത്യത്തില്‍ വീട്ടിലിരുന്നിട്ട് സമയം പോകുന്നില്ല.''
അശ്വിനി ജോലിയിലേക്ക് തിരികെപ്പോകുന്ന കാര്യം അവതരിപ്പിച്ചു.
''കുറച്ചു മണിക്കൂറുകള്‍ വീതമായി ജോലി തുടങ്ങു. ആദ്യത്തെ ആഴ്ച രണ്ടു ദിവസം, കുറച്ചു മണിക്കൂറുകള്‍ വീതം പോവുക. ശരീരത്തിനു ക്ഷീണം വരുന്നതിനു മുന്‍പേ വീട്ടില്‍ തിരിച്ചെത്താം. ഒരാഴ്ച്ച കഴിഞ്ഞ് വേണമെങ്കില്‍ ദിവസം ഒന്നോ രണ്ടോ മണിക്കൂറുകള്‍ കൂടുതല്‍ ജോലി ചെയ്യാം.''
''ശരി, ഇതിനായി ഞാന്‍ ഫാമിലി ഡോക്ടറിനെ കാണേണ്ട ആവശ്യമുണ്ടോ?''
''വേണമെന്നില്ല. ഡോക്ടര്‍ ജബ്ബാറിനും ഡോക്ടര്‍ ഗാര്നെറ്റ്നും ഇതിന്റെ കോപ്പി പോവും. റെഡിയേഷന് തെറാപ്പിയോട് നിന്റെ ശരീരം എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നറിഞ്ഞിട്ടു ഫുള്‍ടൈം ആയി ജോലിതുടങ്ങാം. ഹ്യൂമന്‍ റിസോഴ്സസിനു ഞാനൊരു എഴുത്തു തരാം. ആദ്യം അവരെ പോയി കാണുകയോ വിളിച്ചു ചോദിക്കുകയോ ചെയ്യൂ.''
''തീര്‍ച്ചയായും. നന്ദി ഡോക്ടര്‍.''
''ഡോക്ടര്‍ ജബ്ബാറിന്റെ നോട്ടുണ്ട്, ചുമയും ശ്വാസംമുട്ടലും റിപ്പോര്‍ട്ട്ചെയ്തത്. എന്തായാലും നമുക്ക് ഒരു ചെസ്റ്റ് എക്സറേ എടുത്തു നോക്കാം. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ എന്നെ വന്നു കാണാന്‍ മടിക്കരുത്.''
വീടെത്തിയ ഉടനെ അശ്വിനി ട്രാവിസിനെ ഫോണില്‍ വിളിച്ചു. ട്രാവിസ് ഓഫീസിലില്ല, കാര്യമെന്താനെന്നുവെച്ചാല് പറഞ്ഞിട്ടു ഫോണ്‍ വെക്കാന്‍ ഫോണിലെ വോയിസ്മെയില്‍ അവളോട് ആവശ്യപ്പെട്ടു.
''ട്രാവിസ്, ഇത് ഞാനാണ് ആഷ് റാം. നീയവിടെ യൂക്ക പ്രോജക്റ്റില്‍ മുങ്ങിച്ചത്തില്ലെന്നു കരുതുന്നു. എന്റെ കീമോ കഴിഞ്ഞു. വളരെ ഭേദമുണ്ട്. എപ്പോഴാവും ലഞ്ചിനു നമുക്കൊന്ന് കാണാന്‍ പറ്റുക? ജോലിയിലേക്ക് തിരികെ വരുന്നതിനെപ്പറ്റി സംസാരിക്കണമെന്നുണ്ട്. സമയം പോലെ തിരികെ വിളിക്കൂ.''
ഫോണ്‍ വെച്ചു കഴിഞ്ഞപ്പോള്‍ കിതക്കുന്ന അശ്വിനിയെ ക്യാന്സു പരിഹസിച്ചു.
''ഹോ എന്തൊരു നെടുങ്കന്‍ സന്ദേശമായിരുന്നു അത്''
ഒരു മണിക്കൂര്‍ കഴിയുന്നതിനു മുന്‍പേ അശ്വിനിയുടെ ഫോണടിച്ചു. ട്രാവിസിന്റെ നമ്പറു കണ്ട് കുതിച്ചുചാടിയാണ് അവള് ഫോണെടുത്തത്. ഷാംപെയ്ന്‍ ഗ്ലാസിലെ കുമിളകള്‍ പോലെ പൊട്ടിത്തരിച്ച് അശ്വിനി റാണയോട് പറഞ്ഞു.
''നാളെ ലഞ്ചാണെടെയ്!''
പെരുകി വീര്‍ത്ത ശരീരത്തിനെ ഏതുടുപ്പില് കയറ്റുമെന്നോര്ത്തു അശ്വിനി അലമാര തുറന്ന് കുറച്ചു നേരം തുറിച്ചുനോക്കി നിന്നു. പാവാട, ബ്ലൗസ്, ശരത്ക്കാലത്തിന്റെ തണുപ്പന്‍ കാറ്റിനെ നിഷേധിക്കാന്‍ നേര്‍ത്ത ഒരു സ്വെറ്ററും മതിയാവുമെന്നവള് കണക്കുകൂട്ടി.
ഒന്ന്, രണ്ട്, മൂന്ന്, നാല്... കട്ടിലില്‍ തുണികള്‍ ഒന്നൊന്നായി പെരുകിവന്നു. നുരപ്പും കുമിളകളും പൊലിഞ്ഞു ഷാംപെയ്ന്‍ നേര്‍രേഖയില്‍ നിന്നപ്പോള്‍ അശ്വിനി ഷോപ്പിംഗിനു പോകാന്‍ തന്നെ തീരുമാനിച്ചു.
''ജോലി തുടങ്ങുകയാണെങ്കില്‍ എന്തായാലും പുതിയ വാര്‍ഡ്രോബ്സ് വേണ്ടേ വിദ്യേ. ഇപ്പൊ പോയി നാളത്തെക്ക് എന്തെങ്കിലും കിട്ടോന്ന് നോക്കട്ടെ.''
''അയ്യോ ഇന്നിവിടെ പൈപ്പ് മാറ്റിവെയ്ക്കാന്‍ ആള് വന്നിട്ടുണ്ട്. എനിക്കു വരാന്‍ പറ്റില്ലല്ലോ.''
''സാരില്ല, ദേ, ഇവിടുത്തെ മേരീസില്‍ എന്തെങ്കിലും കിട്ടോന്ന് നോക്കാം.''
''ഉം, ഞാന്‍ നാളെ വരാം. വിഗ് നന്നായി ബ്രഷ് ചെയ്തു, ഫിറ്റുചെയ്തു വേണം പോവാന്‍. വിഗ്ഗാന്ന് തോന്നാത്തമാരെ ആക്കിത്തരാം.''
''ഉവ്വ, ആ വെല്ലിപ്പന് ട്രാവിസിനെ കാണാന്‍ ഞാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോവാം. ഒന്നു പോയേ വിദ്യേ!''
''അല്ലെടോ, ആരടേം സഹതാപംകോപ്പു നമുക്ക് വേണ്ട. നല്ല ചുള്ളത്തിയായിട്ടു പോയാ മതി. ഞാന്‍ പത്തു മണിക്കെത്തും. ദേ, ഡോര്‍ ബെല്ലടിക്കുന്നു. ഞാന്‍ പോട്ടെ.''
''ശരി, നാളെ കാണാം വിദ്യ.''
പാവാട, ബ്ലൌസ്, സ്വെറ്റര്‍ - എല്ലാം പരിശോധിച്ച് വിദ്യ അശ്വിനിക്കു നിര്‍ദ്ദേശം കൊടുത്തു.
''ഇനീം കോളറുള്ളത് വാങ്ങണ്ടാട്ട.''
''അതെന്താ?''
''എന്തൊക്കെയോ ഒളിപ്പിച്ചിട്ടുണ്ടെന്നൊരു തോന്നല്‍ വരും അപ്പൊ. വി-നെക്ക് ബ്ലൌസോ സ്വെറ്ററോ ഇട്ടിട്ട്, ഷോര്‍ട്ട് മാലയും നീളന്‍ കമ്മലും ഇട്ടാ നന്നായിരിക്കും അശ്വിനിക്ക്.''
കണ്ണാടിയില്‍ വിദ്യയുടെ പ്രതിബിംബം ചിരിക്കുന്നത് നോക്കി അശ്വിനി ഇരുന്നു കൊടുത്തു.
''എടയ്ക്ക് വെറുതെ മുടിയില്‍ തൊടണ്ടാട്ടാ. വിഗ് ഉണ്ടെന്ന് വിചാരിക്കേണ്ട. സ്വന്തം മുടിതന്നെയാണെന്ന് കരുതിക്കോ. ഞാന്‍ നന്നായിട്ട് ഉറപ്പിച്ചു''
വിദ്യ കൊണ്ടുവന്ന രസവടയുടെ എരിവില്‍ സ്ശ്സ്സ് എന്ന് ആസ്വദിച്ച് അശ്വിനി ചോദിച്ചു.
''വിദ്യെടെ മുടീടെ റൂട്ട്സ് കാണാറായിട്ടുണ്ട്. ഡൈ ചെയ്യേണ്ടേ?''
''റൂട്ട്സ് അല്ല, ബ്രാഞ്ചുവരെ കാണാം. സമയം കിട്ടീട്ട് വേണ്ടേ!''
വിദ്യയുടെ സത്യസന്ധത അറിയാതെ പുറത്തു ചാടിപ്പോയത് ശ്രദ്ധിക്കാത്ത മട്ടില്‍ അശ്വിനിയിരുന്നു.
ട്രാവിസ് നേരത്തെ എത്തിയിരുന്നു. അശ്വിനി ഭക്ഷണശാലയുടെ വാതില്‍ കടന്നതും ട്രാവിസ് കസേരയില്‍ നിന്നും എഴുന്നേറ്റ് തിടുക്കത്തില്‍ നടന്നടുത്തു ചെന്നു. കൈനീട്ടി കുലുക്കി പിന്നെ കെട്ടിപ്പിടിച്ച് അയാള്‍ അശ്വിനിയോടു പറഞ്ഞു.
''So good to see you! You look great Ash'
'Thank you, I feel great too'
ഓഫീസ് വിശേഷങ്ങള്‍ അശ്വിനി ആകാംഷയോടെ ചോദിച്ചറിഞ്ഞു. പ്രോജക്റ്റ് നന്നായി പോകുന്നുണ്ടെന്നും, ക്ലയന്റ് വളരെ സന്തോഷത്തിലാണെന്നും, അവര്‍ കഴിഞ്ഞ മൈല്‍സ്റ്റോണ്‍ നേരത്തെ തീര്‍ത്തതിനു ചോക്ലേറ്റ് അയച്ചെന്നും ചോദ്യങ്ങള്‍ക്കുത്തരമായി ട്രാവിസ് അശ്വിനിയോടു വിശദീകരിച്ചു. അശ്വിനിയുടെ പ്രൊജക്ട് റയന്‍ തൊപ്പിയിലെ തൂവലായി മാറിയിരിക്കുന്നെന്നു അശ്വിനിയറിഞ്ഞു.
ഉടനെ തന്നെ ജോലിക്കു വരാന്‍ തയ്യാറാണെന്ന് അശ്വിനി പറയുന്നതിനു മുന്‍പേ ട്രാവിസ് ചോദിച്ചു.
''നിനക്ക് ഇനി റേഡിയേഷന് ഉണ്ടെന്നല്ലേ പറഞ്ഞത്? ഈ വര്‍ഷം മുഴുവന്‍ വേണമെങ്കില്‍ അവധി നീട്ടി എടുത്തോളൂ.''
''അത്രയും വേണമെന്നില്ല.''
ഇളം ചൂടുള്ള ബ്രെഡിന്റെ ഒരു കഷണം അടര്‍ത്തിയെടുത്തത് കൈയില്‍ തന്നെ പിടിച്ച് അശ്വിനി പറഞ്ഞു.
''കുറച്ചു മണിക്കൂറുകള്‍ വീതം വന്നു തുടങ്ങാം. പിന്നെ റേഡിയേഷന് കുറച്ചു ടൈം-ഓഫ് വേണ്ടി വരും.''
''തിരക്കു പിടിക്കേണ്ട ആഷ്. ഇനി അടുത്ത പ്രോജക്റ്റ് തുടങ്ങാറാവുമ്പോഴേക്ക് ഫുള്‍ടൈം ആയി വന്നാല്‍ മതി. നിനക്കറിഞ്ഞു കൂടെ നമ്മുടെ പ്രോജക്ടുകളുടെ പ്രത്രേ്യകത. അങ്ങനെ വെട്ടിയും മുറിച്ചും ചെയ്യാന്‍ പറ്റില്ലല്ലോ.''
നടുവേ കീറിയ ബ്രെഡില്‍ മൃദുവായ ബട്ടര്‍ സമൃദ്ധമായി പുരട്ടിക്കൊണ്ടു ട്രാവിസ് പറഞ്ഞു.
''നീ നന്നായി വിശ്രമിച്ച് ഫുള്ഫോഴ്സില് വരൂ. എന്തിനാണ് വെറുതെ തിരക്കു പിടിക്കുന്നത്. ആരോഗ്യമല്ലേ പ്രധാനം.''
ട്രാവിസിന്റെ പിന്നിലെ ജനലിനു പുറത്ത് പിന്-ചെറി കാറ്റില്‍ ആയാസപ്പെടുന്നത് കണ്ട് അശ്വിനിയിരുന്നു. കാറ്റ് മരത്തിനെ ചുഴറ്റി തണ്ടില്‍ പിടിച്ചു വലിച്ചു. മഞ്ഞിനെ ഒരിലപോലും കാണിക്കില്ല, ചുവന്ന കായ ഒന്നുപോലു ബാക്കി വെയ്ക്കില്ലെന്ന വാശിയില്‍ നിഷേധിക്കാറ്റ് ശിഖരങ്ങള്‍ക്കിടയില്‍ കൈയെത്തി എല്ലാം പറിച്ചെറിഞ്ഞുകൊണ്ടിരുന്നു.
കാറിന്റെ താക്കോല്‍ ട്രേയിലേക്ക് എറിഞ്ഞ്, ഷൂസ് ഊരാതെ തന്നെ അശ്വിനി സ്വീകരണ മുറിയിലെ സോഫയില്‍ മലര്‍ന്നു കിടന്നു. അവള് വലിച്ചൂരി എറിഞ്ഞ വിഗ് ചത്ത കടവാതില് പോലെ നിലത്തു എങ്കോണിച്ചു കിടന്നു. കാറിനു പിന്നാലെ കിതച്ചോടിവന്ന കാറ്റ് ശക്തിയില്‍ കൊട്ടിയടച്ച വാതലിനു പുറത്തു നിന്നു നിലവിളിച്ചു.
വിദ്യയുടെ ഫോണാണ് അവളെ ഉണര്‍ത്തിയത്.
''എങ്ങനെയുണ്ടായിരുന്നു?''
''വിദ്യ, ഖബൂംന്ന് ഒരു ഒച്ച കേട്ടിരുന്നോ?''
''ങേ, എന്തേ?''
''അതെന്റെ ചങ്കും മത്തങ്ങേം നെലത്ത് വീണതാ!''
വിദ്യ നെടുവീര്‍പ്പിട്ടു. വിദ്യയെ പരോളില്‍ വിട്ടിട്ടു അശ്വിനി റാണയിലേക്ക് തിരിഞ്ഞു.
''റയന്‍ പ്രൊജക്ടിന്റെ പേരില്‍ യൂറോപ്പിനു പോവുന്നു!''
കരയുന്ന അശ്വിനിയേയും അവളുടെ എരിപൊരി പ്രതിക്ഷേധത്തേയും രജപുത്രന്‍ അംഗീകരിച്ചു.
എത്ര കഴിവുണ്ടായിട്ടും എത്ര ആത്മാര്‍ത്ഥമായി ജോലി ചെയ്തിട്ടും കാര്യമില്ല. എത്ര തിടുക്കത്തിലോടിയാലും മുന്നിലെത്തണമെന്നില്ല, എത്ര സാവധാനത്തിലാണെങ്കിലും ചിലപ്പോള്‍ മുന്‍പന്തിയിലെത്തും. അതാണ് ജീവിതം!
ആമയും മുയലും,
മുയലും ആമയും,
ആയമ്മയും മുലയും!
പുതിയ വര്‍ഷത്തില്‍ പുതിയ പ്രോജക്ടിലേക്ക് നീളംവെച്ചു തുടങ്ങുന്ന മുടിയുമായി പ്രത്യക്ഷപ്പെട്ടാല്‍ മതിയെന്നു അശ്വിനിക്ക് തീരുമാനിച്ചു. റേഡിയേഷന് തെറാപ്പിയെ താലോലിച്ചു കുറച്ചു ആഴ്ചകള്‍കൂടി കടത്തിവിടാന്‍ അശ്വിനിക്കു സാധിക്കും. റയന്റെ യൂറോപ്പ് യാത്രയുടെ വിശേഷങ്ങള്‍ താങ്ങാനുള്ള കരുത്ത് ശതാവരിമുള്ളുകള് കുത്തിക്കയറിയ ഹൃദയത്തിനില്ലെന്നു അശ്വിനിക്കറിയാമായിരുന്നു. ക്രിസ്തുമസ് കഴിഞ്ഞ്, ന്യൂയിറും കഴിഞ്ഞേ തിരികെ ജോലിക്ക് വരുന്നുള്ളൂ എന്ന് അശ്വിനി ട്രാവിസിനെ അറിയിച്ചു. ഡോക്ടര്‍ എന്തെങ്കിലും പറയട്ടെ! പ്രത്യുത്തരം പറയേണ്ടത് രോഗിയാണ്, തൊഴിലാളിയാണ്!
ഉറങ്ങാന്‍ കിടന്ന അശ്വിനിയുടെ കൂടെ ദുശാഠ്യക്കാരനായ ചുമയും കയറിക്കിടന്നു. ഉറങ്ങിയ അശ്വിനിയോടു ഉറങ്ങാത്ത ചുമ, ഉറങ്ങിയോ, വെള്ളം കുടിക്കണ്ടേ, കുറച്ചു ജീരകം തരൂ, എന്നൊക്കെ കുത്തിക്കുത്തി ചോദിച്ചുകൊണ്ടിരുന്നു. ചുമയെ ശപിച്ച് അശ്വിനി രാത്രിമേശപ്പുറത്തു നിന്നും ഹാള്‍സിന്റെ പാക്കറ്റെടുത്തു.
(തുടരും)