Then I let it go again!
 
ഡോക്ടര്‍ അശ്വിനിയോടു ചോദിച്ചു
''നെഞ്ചുവേദനയുണ്ടോ?''  
''ഉം... അങ്ങനെ വേദനാന്നു പറയാനില്ല.  ചെലപ്പോ ഒരു വിമ്മിഷ്ടം തോന്നും.  ഇടത്തെ ബ്രെസ്റ്റ്‌ന്റെ സിമ്പതി പെയിന്‍ ആയിരിക്കും.''   
അത്രയും വലിയ തമാശ പറഞ്ഞതില്‍ ചിരിക്കാത്ത ഡോക്ടറെ അശ്വിനിക്കിഷ്ടമായില്ല. ജബ്ബാര്‍ ഡോക്ടറെപ്പോലെ വയറുകുലുക്കി ചിരിക്കുന്ന ഡോക്ടറെയാണ് അശ്വിനിക്കിഷ്ടം. ഡോക്ടറുടെ കണ്ണ് എക്‌സറേയുടെ നിഴലുകളില്‍ മാത്രമേ ശ്രദ്ധിച്ചുള്ളൂ. ഡോക്ടര്‍ കൈപ്പത്തി അശ്വിനിയുടെ പുറത്ത് പരത്തി വെച്ചു ചെറുതായികൊട്ടി നോക്കി. എക്‌സറേ കാലാവസ്ഥയുടെ സാറ്റലൈറ്റ് ഇമേജിലേതു പോലെ മഴയോ മഞ്ഞോ ഇടിമിന്നലോ എന്നായാസപ്പെടാതെ അശ്വിനിയിരുന്നു.
 
ഡോക്ടറുടെ അടുത്ത് നിന്നും വീട്ടിലെത്തിയ  അശ്വിനി ലിവിങ് റൂമില്‍ തെക്കും വടക്കും നടന്നു.  അവസാനം അശ്വിനി കീര്‍ത്തനയോടു സ്‌കൈപ്പില്‍ വരാന്‍ പറ്റിയ സമയമാണൊന്നു ചോദിച്ചു.   
''മമ്മൂനു രന്നേനെ ആഴ്ചയില്‍ ഒരിക്കലെങ്കിലും കണ്ടേ തീരൂ.'' 
വാരാന്ത്യങ്ങളില്‍ വീട്ടില്‍ വരാന്‍ സമയം കിട്ടാത്ത കീര്‍ത്തനയെ അശ്വിനി പറഞ്ഞേല്‍പ്പിച്ചതനുസരിച്ച് ക്ലാസുകളുടെ ഇടവേളയില്‍ കീര്‍ത്തന സ്‌കൈപ്പില്‍ വരാറുള്ളതാണ്.  അശ്വിനിയുടെ മെസേജ് കിട്ടി അധികം കഴിയുന്നതിനു മുന്‍പേ കീര്‍ത്തന സ്‌കൈപ്പിന്റ ജനലില്‍ കൂടി തലയിട്ടു പറഞ്ഞു.  
'മമ്മൂസ് വിഗ് വെക്കാത്തതാണ് ഭംഗി. You look bold and beautiful with an artist look!'  
അശ്വിനി അതിനു മറുപടി പറഞ്ഞില്ല.  അവള്‍  കുറച്ചിട ഒന്നും പറഞ്ഞില്ല.   കീര്‍ത്തനയുടെ കാതില്‍ പിങ്കുറിബ്ബണ്‍ ചേര്‍ത്ത വളയങ്ങള്‍ കമ്മലായി ആടുന്നതു അശ്വിനി കണ്ടു.   
''നിന്റെ ഇയര്‍ റിംഗ്സ്  പുതിതാണോ കീര്‍ത്തന?''
''യെസ്, ഇന്നു വാങ്ങീതാ മമ്മൂ. University store got a rack full of breast canser merchandise' 
അശ്വിനി നിലവിട്ടു ശബ്ദമെടുത്തു ചോദിച്ചു .
''ഇത് കാതില് തൂക്കിട്ടു നടന്ന് ഡാം സിമ്പതി എരന്നു വാങ്ങാനാ?''
''ഇത് റിസേര്‍ച്ചിനു വേണ്ടിയുള്ള ഫണ്ട് റെയിസിംഗ് ആണമ്മ.  The money goes to cancer research. '
'റിസേര്‍ച്ച്‌നു ഹെല്‍പ്പ് ചെയ്യണോങ്കി നേരിട്ടു പണം കൊടുത്താ പോരെ? പറ്റിക്കാന്‍ ഓരോ പരിപാടികള്!'' 
''Mom, you and your immigrant views!  ആരേയും ഒന്നിനേയും വിശ്വസിക്കില്ല. എല്ലാരും നമ്മളെ പറ്റിക്കാന്‍ന്ന് വിചാരം!''  
''ഇതില് ഒരു ഇമിഗ്രേന്റെ സെന്റിമെന്റ്‌സും ഇല്ല. പിങ്ക് റിബ്ബണ്‍... പിങ്ക് റിബ്ബണ്‍... പിങ്ക് റിബ്ബണ്‍ എന്റെ കഴുത്തിച്ചുറ്റി ശ്വാസം മുട്ടിച്ചു കൊല്ല്!'' 
''You are impossible to please!' 
ധും!  
സംവേദനത്തിന്റെ ജനാല കൊട്ടിയടച്ച് കീര്‍ത്തന പോയി. 
ധും! ധും! 
കൊട്ടിയടക്കപ്പെടുന്ന വാതിലുകള്‍ അശ്വിനിയെ ഭയപ്പെടുത്തി.    
ധും! 
കാറിന്റെ വാതില്‍ വലിച്ചടച്ച് ചുട്ടുപഴുത്ത അശ്വിനിയും പുറത്തു ചുറ്റാന്‍ പോയി. നഗരത്തിനു പുറത്തു മൂടല്‍മഞ്ഞ് കട്ടിപിടിച്ചു നിന്നിരുന്നു. അതിലൂടെ കാറുപായുന്നതില്‍ ഉത്തേജിതയായി, അധിക ദൂരം മുന്നില്‍ക്കാണാതെ പോകുന്നതിലെ കോരിത്തരിപ്പില്‍ അശ്വിനി വണ്ടിയോടിച്ചു.  ആസ്വദിക്കൂ. മതിമറന്നോളൂ.  അടുത്തത് എന്താണെന്നറിയില്ല. അശ്വിനി അശ്വിനിക്ക് അനുവാദം കൊടുത്തു. റിട്ടയര്‍മെന്റ് പദ്ധതിപോലെ ചെറിയ സന്തോഷങ്ങള്‍ ബാങ്കില്‍ നിക്ഷേപിച്ച് ഇല്ലാത്ത കാലത്ത് ഉപയോഗിക്കാന്‍ സാധിക്കില്ല.  
വഴിയരികിലെ ഒരു വീട്ടില്‍നിന്നും പുക ചുറ്റും നിറയുന്നത് പെട്ടെന്നു അശ്വിനിയുടെ കണ്ണില്‍ പെട്ടു. തീപിടുത്തമാണോ, ഫയര്‍ ട്രക്ക് കാണാനില്ലല്ലോ എന്ന് പരിഭ്രമത്തില്‍ അശ്വിനി കാറിന്റെ വേഗത കുറച്ചു. വീടിനു ചുറ്റും പുകയല്ല, മരങ്ങളില്‍ ഒട്ടി നില്‍ക്കുന്ന പുകമഞ്ഞാണന്ന് അടുത്തെത്തിയപ്പോള്‍ അവള്‍ക്കു   മനസ്സിലായി. എന്തുകൊണ്ടു ചുറ്റപ്പെടുന്നുവോ അതായി മാറുന്ന പ്രതിഭാസം, വെറും കണ്‍കെട്ടുകളിയാണ് ഈ ദുഃഖവും സുഖവും ലഹരിയുമെന്നു മൂടല്‍ മഞ്ഞു അശ്വിനിക്കു ക്ലാസെടുത്തു.  
 
മറ്റൊരിടത്തും പോകാനില്ലാത്ത അശ്വിനി തിരികെ വീട്ടിലേക്കുതന്നെ പോയി.  ഫോണ്‍ മുറുകെപ്പിടിച്ച് അശ്വിനി പുറത്തേക്കു നോക്കി. മൂടല്‍മഞ്ഞു മാറി സൂര്യന്‍ തെളിഞ്ഞിരുന്നു അപ്പോള്‍.   കാറ്റ്  റോഡിലേക്ക് ചുഴറ്റിവിട്ട കരിയിലക്കൂട്ടത്തെ കണ്ട് അവളിരുന്നു. ഇലകള്‍ റോഡിനു നടുക്ക് വട്ടത്തില്‍ കറങ്ങി റിങ് എറൗണ്ട് ദ റോസി  കളിക്കാന്‍ തുടങ്ങി.   
Ring around the rosy
Pocket full of posies
Ashes, ashes
We all fall down
കിലുകിലെ ചിരിച്ചു റോഡിനു നടുവിലേക്ക് ഇലക്കൂട്ടം ചിതറിവീണു. 
പാഞ്ഞുവന്നു ചതച്ചരക്കുന്ന വണ്ടിച്ചക്രങ്ങളെക്കുറിച്ചോര്‍ക്കാതെ കാറ്റും കരിയിലയും  കളിച്ചുകൊണ്ടിരുന്നു.  റോഡിനു നടുവില്‍ത്തന്നെ.
Ring around the rosy
Pocket full of posies    
മരം നിറുകയില്‍നിന്നും ഭൂമിയിലേക്ക് കൊഴിച്ചിട്ടാല്‍ പിന്നെ ഇലക്ക് ഒന്നിനെയും പേടിയില്ല. അതിലും വലിയ ചതി എന്താണ്? കരിയിലയായിക്കഴിഞ്ഞാല്‍ പിന്നെ എന്തപകടത്തെയാണ് പേടിക്കേണ്ടത്? 
ആരെയാണു വിളിച്ചു വിശേഷം പറഞ്ഞറിയിക്കേണ്ടതെന്നു ഉറപ്പില്ലാതെ അശ്വിനി ഫോണ്‍ തിരികെവെച്ചു.   വിപത്തുകളുടെ    
നടുറോഡില്‍ റിംഗ് എറൌണ്ട് ദി റോസി കളിക്കാന്‍ ആരും കൂട്ടില്ലാത്ത അശ്വിനി ആയാസപ്പെട്ടു  നടക്കാനിറങ്ങി. 
 
കീര്‍ത്തനയുടെ പുതിയ ജീന്‍സ്‌പോലെ ആകാശത്തിനു  നരച്ചു പഴകിയ നിറമായിരുന്നു.  അതിനു താഴെ ഇലകളില്‍ നിന്നും രക്ഷപെടാന്‍  പിടഞ്ഞുകൊണ്ടു മരങ്ങള്‍  അതിന്റെ എല്ലാ സത്യസന്ധതയോടുംകൂടി നഗ്‌നമായി നിന്നു. അനാച്ഛാദിതമായ ശിഖരങ്ങള്‍ക്കിടയില്‍ കാറ്റ് ആഭാസച്ചിരിയോടെ ഉരുമ്മി നടന്നു.    തോരണങ്ങളും വെച്ചുകെട്ടുകളും അലങ്കാരങ്ങളും കൊഴിച്ചു കളഞ്ഞ്, ഇതാ ഞാന്‍ എന്ന് ശൂന്യതയിലേക്ക് കൈവിരിച്ച് വൃക്ഷങ്ങള്‍  കാറ്റിന്റെ ചൂളമടിയെ പരിഹസിച്ചു. ഇലകളും പൂക്കളും മരത്തില്‍ വിരുന്നുകാരായിരുന്നു.  ഇനി അടുത്ത സീസണില്‍ അടുത്ത കൂട്ടര്‍ വരും. കെട്ടുകാഴ്ചകളും കൊട്ടും കുരവയുമായി. പക്ഷികളും അണ്ണാറാക്കണ്ണന്മാരും കൂടുകള്‍ പണിയും.  മരം ഇതൊന്നുമല്ല,  ഉള്ളിന്റെയുള്ളിലെ ജീവനാണ് മരത്തിന്റെ സ്വത്വം. ഒരു കാറ്റിനും മഞ്ഞിനും അതില്‍ തൊടാനാവില്ല. ആ തീയിനെ സ്പര്‍ശിക്കാനുള്ള കരുത്തു ഒന്നിനുമില്ല.  വളഞ്ഞു പോകുന്ന വഴി കയറ്റമായപ്പോള്‍ അശ്വിനിക്ക് ചുമ വന്നു. ശ്വാസകോശം തണുത്ത വായുവില്‍ പ്രതിക്ഷേധിച്ചുണ്ടായ ശ്വാസം കിട്ടാത്ത ചുമ. നടത്തം മതിയാക്കി അശ്വിനി വീട്ടിലേക്ക് മടങ്ങി.    
 
ഓഫീസില്‍നിന്നും ടോപ്പിംഗ് ഔട്ട് സെറിമണിയുടെ ക്ഷണം വന്നപ്പോള്‍ അശ്വിനിക്ക് ആരോട് സങ്കടം പറയണം എന്നറിയാതെയായി. അശ്വിനിയുടെ പ്രോജക്ടിന്റെ അവസാനത്തെ നിലയും പൂര്‍ത്തിയായിരുന്നു. പാരമ്പര്യമനുസരിച്ച് മേല്‍ക്കൂരയുടെ മുകളില്‍ അവസാനത്തെ തടിയും അടിച്ചുകഴിയുമ്പോഴാണ് ടോപ്പിംഗ്-ഔട്ട് ആഘോഷം. പണി നടക്കുന്ന സൈറ്റില്‍ അശ്വിനി ഇടയ്ക്കു പോകാറുണ്ട്,  അത് ആവശ്യമല്ലെങ്കില്‍കൂടി. പണിക്കാരില്‍ പലരെയും നേരിട്ടു പരിചയപ്പെടും. ചില ദിവസം ചെല്ലുമ്പോള്‍ പീസയും ഡോണറ്റും വാങ്ങിക്കൊണ്ടു പോവും. അങ്ങനെ ഒരിക്കല്‍ സൈറ്റില്‍ ചെന്നപ്പോഴാണ് ടോപ്പിംഗ് ഔട്ടിന്റെ ഉത്ഭവം അവര്‍ അശ്വിനിക്കു പറഞ്ഞു കൊടുത്തത്.  പഴയൊരു സ്‌കാന്‍ഡിനേവിയന്‍ ആചാരമാണത്.  കെട്ടിടത്തിനുവേണ്ടി ബലികഴിച്ച മരങ്ങളുടെ ആത്മാക്കളെ പ്രസാദിപ്പിക്കുവാനായി ഒരു മരച്ചില്ല കെട്ടിടത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് വെയ്ക്കും.  
''ഒരു മരം കൂടി കുരുതിയായി.'' പീസ തിന്നുകൊണ്ട് അവര്‍ അശ്വിനിയോടു തമാശ പറയും. അശ്വിനി അവരോടു കേരളത്തിലെ ആചാരങ്ങളെപ്പറ്റി പറയാറുണ്ടായിരുന്നു.   വീടുവെയ്ക്കുന്നതിനു മുന്‍പ് സ്ഥാനം കാണുന്നത്, കട്ടിള വെയ്പ്പിനും ഉത്തരം വെയ്പ്പിനുമുള്ള പൂജയും ടീ പാര്‍ട്ടിയുമെല്ലാം അശ്വിനി വിസ്തരിക്കും.   
''പണിസ്ഥലത്തു വീണ വിയര്‍പ്പിനെ മാനിക്കുകയാണത്.'' 
ബഞ്ചമിന്‍ അഭിപ്രായം പറഞ്ഞതതാണ്  പറഞ്ഞു.  പ്രായം കൂടിയ കണ്‍സ്ട്രക്ഷന്‍ മാനേജരാണ് ബഞ്ചമിന്‍. അശ്വിനിയോടു അയാള്‍ വാസ്തുശാസ്ത്രത്തെപ്പറ്റി ധാരാളം ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്.      
 
അശ്വിനിക്ക് കിട്ടിയ ക്ഷണക്കത്തിന്റെ തലക്കെട്ടു Topping out Ceremony എന്നായിരുന്നെങ്കിലും അത് ഒരു പാര്‍ട്ടിയായിരുന്നു. ആ പാര്‍ട്ടിയില്‍ കെട്ടിടംപണിക്കാരുണ്ടായിരുന്നില്ല.  കൊണ്ട്രാക്ടര്‍മാരും ഓഫീസിലെ മാനേജ്‌മെന്റ് നിരയിലുള്ളവരും ക്ലയന്റിനൊപ്പം ആധുനിക ഹോട്ടലില്‍ വച്ചു നടത്തുന്ന ഒരു ആഘോഷമായിരുന്നു അത്. പ്രൊജക്ട് പൂര്‍ണമായിക്കഴിയുമ്പോള്‍ നടത്തുന്ന പരമ്പരാഗതമായ ആഘോഷത്തിനു താക്കോല് കൈമാറി മൂന്നു മാസം കഴിയണം. ഇത് റയന്റെ ഭരണ പരിഷ്‌കാരമായിരിക്കുമെന്നു അശ്വിനി ഉറപ്പിച്ചു. കോണ്‍ട്രാക്ടില്‍ ജോലി ചെയ്ത പണിക്കാരെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ലാഭമൊന്നുമില്ല. നഷ്ടമേയുള്ളൂ. 
ക്ഷണം സ്വീകരിക്കണോ നിരാകരിക്കണോ എന്നുറക്കപ്പിക്കാന്‍ കഴിയാതെ ആര്‍. എസ്.വി.പ്പി.യില്‍ മൗസ് വെച്ച് അശ്വിനി കുറച്ചു നേരമിരുന്നു.  
 
അശ്വിനി തലയില്‍ തടവി നോക്കി. മുടിക്ക് ഒരിഞ്ചു നീളം വെച്ചിട്ടുണ്ടായിരുന്നു.  ആര്‍ട്ടിസ്റ്റു മുടിയുമായി റയന്റെ ആഘോഷത്തില്‍ പ്രത്യക്ഷപ്പെടണോ എന്നവള്‍ സംശയിച്ചു. നീളം വെയ്ക്കുമ്പോഴേക്കും വളയാന്‍ തുടങ്ങുന്ന മുടിത്തുമ്പ് അശ്വിനി വലിച്ചു നീട്ടി നോക്കി. എത്ര വലിച്ചിട്ടും നീട്ടിയിട്ടും പുതിയ മുടി അനുസരണമില്ലാതെ തിരിഞ്ഞും മറിഞ്ഞും കളിച്ചു. വളവൊന്നുമില്ലാതെ നീണ്ടുനിവര്‍ന്നു കിടക്കുന്ന മുടിയായിരുന്നു കുറച്ചുകാലമായി ഫാഷന്‍.  ദിവസം മുഴുവന്‍ മുടി  വളയാതെ പുളയാതെ പാറിപ്പറന്നു   ഭംഗികെട്ടുപോവാതെ സൂക്ഷിക്കാന്‍ അശ്വിനി ദിവസവും കുറെ സമയം ചിലവാക്കിയിട്ടുണ്ട്.  ജോലിക്കു പോകുന്നതിനു മുന്‍പ് കുളികഴിഞ്ഞ് നീണ്ട മുടി ഹെയര്‍ ഡ്രൈയറുകൊണ്ട് ഉണക്കി, കുറച്ചു വീതമെടുത്ത് ഫ്‌ലാറ്റ് അയണില്‍ നിവര്‍ത്തിയെടുക്കുന്നതിന്റ ബുദ്ധിമുട്ടില്‍ അശ്വിനി പരാതിപ്പെട്ടിട്ടുണ്ട്.  
''അതിനുള്ള ശിക്ഷയാവും റാണാ.''  
''അതെയതെ, ദൈവം അടുത്ത് പതുങ്ങി ഒളിച്ചു നില്‍പ്പുണ്ട്. തന്റെ പ്രജകള്‍ പറയുന്നതോരോന്നും ഡയറിയില്‍ എഴുതിയെടുത്ത് കൊണ്ട്.  മുടി ഈരുന്നത് ബുദ്ധിമുട്ടാണെന്നു പറഞ്ഞാല്‍ ഉടന്‍ അവള്‍ക്ക് ക്യാന്‍സര്‍ വരുത്തി മുടിയില്ലാതാക്കും.'' 
''അത് തന്നെ. ഫിഡിലര്‍ ഓണ്‍ ദ റുഫില്‍ പറയുന്നതു പോലെ,  മാലാഖക്കിളികളുടെ കൂടെ വെള്ളമടിച്ചങ്ങനെ ഇരിക്കുമ്പോ ദൈവത്തിനു വമ്പു പറയാന്‍ എന്തെങ്കിലുമൊക്കെ വേണ്ടേ? ' 
'ഹോ അവന്‍ ചിരിക്കുന്നു. കണ്ടില്ലേ?  അവന്റെ ചിരി ഞാന്‍ മാറ്റി കൊടുത്തു! മാലാഖമാരോട് ദൈവം വീമ്പടിക്കുന്നു.... എന്നങ്ങനെയാണോ?'' 
''അതേ, മുടി നേരെയാക്കിയെടുക്കാന്‍ കുറേസമയം എടുക്കുന്നൂന്നു പറഞ്ഞ അവിടെ  ഒരുത്തിക്കിട്ടു  ഞാന്‍ പണികൊടുത്തിട്ടുണ്ട്! ആറുമാസം കഴിയുമ്പോ അവള്‍ടെ തലയിലല്ല ഒരിടത്തും മുടി കാണില്ല. ഹ..ഹ...ഹ..'' 
മാലാഖച്ചിരി... 
ഇക്കിളിചിരി. 
കുണുങ്ങിച്ചിരി
''അശ്വിനി ദൈവം മലയാളിയല്ല. കുറ്റങ്ങള്‍ ഓര്‍ത്തുവെച്ചു ആശയറ്റിരിക്കുന്ന സമയത്ത് ഓര്‍മ്മപ്പെടുത്തി ശിക്ഷിക്കാന്‍.''  
റാണ പറഞ്ഞു നിര്‍ത്തി. 
 
മുടിയുഴിഞ്ഞിരുന്ന അശ്വിനിയോടു ലാപ്‌ടോപ്പിലെ സ്‌ക്രീന്‍ പിന്നെയും  ചോദിച്ചു, Répondez s'il vous plait - ദയവായി മറുപടി പറയൂ.  
ഉത്തരം പറയൂ
മറുപടി പറയൂ.. 
മറുപടി.. പടി മറു 
മറു..മറു..മറു... 
പടി...പടി...പടി
 
ഇമെയിലിലെ ഇന്‍-ബോക്‌സിലേക്കു നോക്കി അശ്വിനി വെറുതെയിരുന്നു. റയന്റെ മെസേജിനു താഴെകണ്ട രാമാനുജത്തിന്റെ മെസേജ് എന്തിനായിരുന്നു എന്നു ഓര്‍ത്തെടുക്കാന്‍ അശ്വിനി ശ്രമിച്ചു നോക്കി. കീമോയിക്കു പോകുമ്പോള്‍ അശ്വിനി പരിചയപ്പെട്ടതാണ് രാമനുജത്തിനെ. ജീവനുണ്ടോ ചൂടുണ്ടോ ചോരയ്ക്കു ബലമുണ്ടോ എന്നൊക്കെയുള്ള പരീക്ഷണഫലങ്ങള്‍ക്ക് കാത്തു കാത്തിരുന്ന സമയത്ത് അശ്വിനി ആശുപത്രിയുടെ കാഫിറ്റെറിയയില്‍ പോയപ്പോള്‍ അയാള്‍ സ്വയം പരിചയപ്പെടുത്തിയതാണ്.
''ഞാന്‍ ഡോക്ടര്‍ രാമാനുജന്‍. ഇവിടെ റിസേര്‍ച്ച്  ചെയ്യുന്നു.''    
പിന്നെ ഓരോ തവണ ഫോണ്‍ വിളിക്കുമ്പോഴും അയാള്‍ സംസാരം തുടങ്ങിയത് ഇത് ഡോക്ടര്‍ രാമാനുജനെന്നായിരുന്നു.   ഇമെയിലിന്റെ ഒടുക്കം പേരു വെച്ചിരിക്കുന്നതും ഡോക്ടര്‍ രാമാനുജന്‍ എന്ന്തന്നെ. സ്വന്തം ഡിഗ്രിയില്‍ അയാള്‍ക്ക് തന്നെ ഉറപ്പു പോരാത്തത് പോലെ തോന്നി അശ്വിനിക്ക്. രാമാനുജന്‍ ഒരിക്കല്‍ അശ്വിനിയോടു പറഞ്ഞിരുന്നു. 
''You are very brave and independent to come to the chemo alone.' 
കൂടെനില്‍ക്കാന്‍ ആരും ഇല്ലാതാവുമ്പോള്‍ എല്ലാം ഒറ്റക്ക് ചെയ്യാനുള്ള കരുത്തു വരും. അത് ധൈര്യമല്ല, പേടി ഇല്ലെന്നും അല്ല, പേടിയുടെ മുതുകില്‍ ചവുട്ടുമ്പോഴുള്ള സുഖം.  ഒറ്റപ്പെടുത്തിയവര്‍ക്കു നേരെ നടുവിരല്‍ കാണിക്കുന്ന അഹംഭാവം!  അത്രേയുള്ളു.  ആ ഉത്തരം അശ്വിനി രാമാനുജനോടു പറഞ്ഞില്ല.  പകരം അവള്‍ മറ്റൊരു സത്യം അയാളോടുപറഞ്ഞു.  
''I don't think too much about it. There is no point in over analyzing anything.  That is really boring.'   
രാമാനുജന്റെ ഇമെയില്‍ വെറുതെയൊരു കുശലാന്വേഷണ മായിരുന്നില്ല.  ആശുപത്രിയുടെ ക്യാന്‍സര്‍ റിസേര്‍ച്ച് ഡേയില്‍ അനുഭവസാക്ഷ്യം പറയാന്‍ അശ്വിനിക്കുള്ള  ക്ഷണമായിരുന്നു അത്. ലൈഫ് ആഫ്റ്റര്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ എന്നവിഷയമാണ് അശ്വിനിക്കു കൊടുത്തിരുന്നത്.  
 
ജീവിതം ഈ ഒരു രോഗത്തോടെ തീര്‍ന്നു പോകുന്നില്ല. എന്ന് അശ്വിനി അനുഭവത്തിലൂടെ ഉത്ബോധിപ്പിക്കണം. 
അതിനും ആര്‍. എസ്.വി.പ്പി.യുണ്ടായിരുന്നു. 
''ക്യാന്‍സൂ, നിന്നെപ്പറ്റി ഞാനെന്താണ് അവരോട് പറയേണ്ടത്?  നീ എന്നെയല്ല, ഞാന്‍ നിന്നെയാണ് പിടിച്ചത് എന്നോ?  എന്റെ  ചങ്കിലും മത്തങ്ങയിലും നിന്നെ ഞാന്‍ കുടിപാര്‍പ്പിച്ച കഥയോ? എന്റെ ഗര്‍വ്വിന്റെ കൊമ്പുകൊണ്ട്, എന്റെ അന്ധവിശ്വാസങ്ങള്‍ കൊണ്ട്, എന്റെ അജ്ഞതയും ദിവസങ്ങളുടെ നിരര്‍ത്ഥകതയും കൊണ്ട് ഞാന്‍  തച്ചുടക്കുന്ന  ജീവിതങ്ങളെപ്പറ്റിയോ?''
പ്രഖ്യാപിക്കാനും പ്രചോദിപ്പിക്കാനും സദ്വാര്‍ത്തകളൊന്നും ഇല്ലെന്നു പരസ്യം ചെയ്യേണ്ടന്ന് അശ്വിനി തീരുമാനിച്ചു. രാമാനുജത്തിന്റ ക്ഷണത്തിനും അശ്വിനി മറുപടി അയച്ചില്ല.    
 
മുറിക്കകത്തെ വായുവും ശ്വാസംമുട്ടിച്ചപ്പോള്‍ അശ്വിനി വീടിനു പിന്നിലെ വരാന്തയില്‍ കുറച്ചിരിക്കാമെന്നു വെച്ചു. അയല്‍പക്കങ്ങളിലെ കരിയിലകളെ ആട്ടിത്തെളിച്ച്, മരങ്ങളില്‍ നിന്നും പഴങ്ങളെ ഉതിര്ത്തിട്ടൊരു പ്രതിക്ഷേധക്കാറ്റ് വീടിനുപിന്നില്‍ ചുറ്റിക്കറങ്ങി ക്കൊണ്ടിരുന്നു.  പുല്ലില്‍  വീണുകിടന്നിരുന്ന ആപ്പിളും പെയറും നോക്കി നനവുള്ള തണുപ്പില്‍ അശ്വിനിയിരുന്നു.    ചീയാന്‍ തുടങ്ങിയ പഴങ്ങളില്‍ നിന്നും ചെറു ഈച്ചകള്‍ പറക്കുന്നത് അവള്‍ കണ്ടു.  പഴങ്ങളില്‍ മുട്ടിയിട്ടു വിരിഞ്ഞു പെരുകുന്ന ഈച്ചകള്‍ വീടിനകത്തേക്കു കടക്കുന്നതോര്‍ത്തു   അശ്വിനി കൈയില്‍ ഗ്ലൗസിട്ടൂ ഒരു പ്ലാസ്റ്റിക് സഞ്ചിയുമായി നിലത്തുവീണു കിടന്ന പഴങ്ങള്‍ പെറുക്കിയെടുത്തു. ശരത്ക്കാലത്തിനോടു പോരാടി ക്ഷീണിച്ച മരം ഫൂഫ്ശൂന്നു മോങ്ങിക്കൊണ്ട് പിടയുന്ന ചില്ലയെ ചേര്‍ത്തു പിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. വീണുപോയ പഴങ്ങളെല്ലാം സഞ്ചിയിലാക്കി അശ്വിനി ചവിറ്റുകൊട്ടയില്‍ ഇട്ടപ്പോഴേക്കും ചുമ കയറിവന്നു.ചരണങ്ങളില്‍ കോലരക്കെഴുതി, ശ്വാസത്തിനു മുകളില്‍ രുദ്രനൃത്തം ചെയ്യുന്ന ചുമയില്‍ അശ്വിനി നിലത്തിരുന്നു.
 
ഛ്ഉം...ഛ്ഉം...ഛ്ഉം...ചുമ
ഘര...ഘര...ഘര...ശ്വാസം
ഗര്‍... ഗര്‍... ഗര്‍... ശ്വസനം  
വ്വീ...വ്വീ...വ്വീ....വീസിംഗ്
 
ചുക ചുക ചുക പൂച്ചുമ!   
 
Content Highlights: women manjil Oruval novel by Nirmala Part Thirty two