Ready, set, go

കുളിയൊരു ലഹരിയാണ്.  കാനഡയുടെ വായു തണുപ്പിന്റെ ഒരു പുതപ്പാണ്. അതില്‍ നിന്നും ഷവറിന്റെ ചൂടുവെള്ളത്തില്‍ സ്വയം മറന്നു നില്‍ക്കുമ്പോള്‍ അശ്വിനി കല്യാണിയെ ഒന്നുകൂടി അമര്‍ത്തി നോക്കി. കുളിച്ചു തോര്‍ത്തി  ബ്രായും സ്വെറ്ററുമിട്ടുകഴിഞ്ഞപ്പോള്‍  അവള്‍ക്ക്  പിരിഞ്ഞുപോകുന്ന മുലയോട് യാത്ര പറയണമെന്നു തോന്നി.  സ്വെറ്റര്‍ ഊരിമാറ്റി അവള്‍ കല്യാണിയെ വീണ്ടും തടവി.  
ഫോണ്‍ കളഞ്ഞു പോയാലോ? സെല്‍ഫി കമ്പ്യൂട്ടറിലേക്ക് മാറ്റാന്‍ സമയമില്ല. ഫോട്ടോകള്‍ ഇമെയില്‍ വഴി അയക്കുന്നത് അപകടമാണ്,  ഒന്നും രഹസ്യമല്ല.  മോഹന്‍ പറയന്നത്, പോസ്റ്റു കാര്‍ഡില്‍ എഴുതുന്ന എഴുത്തിന്റെ പ്രൈവസിയേ ഉള്ളൂ ഇമെയില്‍ മെസേജുകള്‍ക്കെന്നാണ്.  
കൈവിട്ടു പോയാല്‍?  
പോയാല്‍ കണ്ടവരുണ്ടോ കാണാത്തവരുണ്ടോ  എന്നൊരു പരസ്യം കൊടുക്കാം!  ഇനി കാണാന്‍ കിട്ടില്ലല്ലോ.
കളവാണി അശ്വിനിയെ ആശ്വസിപ്പിച്ചു.  അവള്‍ മുന്നില്‍ ബട്ടനുള്ള ബ്ലൌസ് ഇട്ടുതയ്യാറായി.
വെള്ളിയാഴ്ച കീര്‍ത്തന വരുമ്പോള്‍ മമ്മിഞ്ഞയില്‍ ഒന്നുണ്ടാവില്ല.  അരുത്...
നീരൊഴുക്ക് അരുത്! ഇത് നീയല്ല, നിന്റെ ശരീരമല്ല.  
If thought = unpleasatn. വേലി. Exit loop.
അമ്മയെപ്പോലെ ഇന്ഫിനിറ്റ് ലൂപ്പില്‍ കിടന്നു കറങ്ങാതെ കടക്ക് പുറത്ത്...
മാര്‍ച്ച്,   ലെഫ്റ്റ് ... റൈറ്റ്...ലെഫ്റ്റ് ... റൈറ്റ്...ലെഫ്റ്റ് ... റൈറ്റ്...ലെഫ്റ്റ്!  But right is not right sir!  

ആശുപത്രിയിലേക്കുള്ള യാത്രയിലും മോഹന്‍ മിറാന്‍ഡ അവകാശം മുറുകിപ്പിടിച്ചിരുന്നു. ഒരു വാക്കുതെറ്റിപ്പറഞ്ഞു ശിക്ഷവാങ്ങാന്‍ മോഹന്‍ തയ്യാറല്ല.  നേഴ്സ് അശ്വിനിയുടെ കൈത്തണ്ടയില്‍ ആശുപത്രിയുടെ അടയാളക്കെട്ട് അണിയിച്ചു.  അവളുടെ പേരും റെക്കോര്‍ഡ് നമ്പരും പ്ലാസ്റ്റിക്ക് ആവരണത്തിനുള്ളിലാക്കി ലോഹ കൊളുത്തില്‍ കുടുങ്ങിക്കിടക്കുന്നതു അശ്വിനി തിരിച്ചും മറിച്ചും നോക്കി. പിന്നെ നേഴ്സ് അവളെ ഉടുപ്പുമാറാന്‍ മുറിയിലേക്ക് ആനയിച്ചു.  ആശുപത്രിയുടുപ്പ്, പച്ചയുടുപ്പ്, പിന്‍വശംതുറന്ന പിസ്റ്റാ നിറമുള്ള  ഉടുപ്പിട്ട കുട്ടിയായി അശ്വിനി പുറത്തു വന്നു.  

ഡോക്ടര്‍ ജബ്ബാര്‍ മാറാത്ത ചിരിയോടെ അശ്വിനിയോടു കുശലം പറഞ്ഞു.  തീയറ്ററിലുള്ള എല്ലാവരെയും ഡോക്ടര്‍ പേരെടുത്ത് പരിചയപ്പെടുത്തി. അശ്വിനിയുടെ ചെവിയില്‍ രണ്ടു പേരുകള്‍  മാത്രം ചുറ്റിക്കറങ്ങി.  നേര്‍ത്ത ഉടുപ്പിനടിയില്‍ പാവം കല്യാണി.  സങ്കടപ്പെട്ട് കളവാണി.  നടുവില്‍ അശ്വിനി.  എല്ലാത്തിനും സാക്ഷിയായി ക്യാന്സുവും!  

ഡോക്ടര്‍ അശ്വിനിയുടെ കൈയില്‍ പിടിച്ചു അനുവാദം ചോദിച്ചു.
എന്നാല്‍ തുടങ്ങിക്കോട്ടെ?
ഓ പ്ലീസ്. എന്നിട്ട് വേഗം അവസാനിപ്പിക്കു.
രോഗിയുടെ പോസിറ്റീവ് ആറ്റിറ്റിയൂഡില്‍ ചിരിയുടെ അലകള്‍ തീരുന്നതിനു മുന്‍പേ ഉറക്കം അശ്വിനിയെ കടത്തിക്കളഞ്ഞു. ഉറക്കത്തിന്റെയൊപ്പം  പോകുന്നതിനു മുന്പ് അശ്വിനിയുടെ നാവില്‍ ഒരു പേര് ഒട്ടിനിന്നു. കീര്‍ത്തന, രന്ന.  
കുട്ടിയെ കാത്തോള്‍ണെ!
ആശുപത്രിയിലെ ഇടുങ്ങിയ മുറിയിലും അശ്വിനിയുടെ കാഴ്ചക്കാരും സ്നേഹക്കാരും നിറഞ്ഞു.  ഭിത്തിയില്‍ ചാരിനിന്ന്, കസേരയില്‍ ചരിഞ്ഞിരുന്ന് അവര്‍ വര്‍ത്തമാനം പറഞ്ഞു.  അശ്വിനി മോര്‍ഫിന്റെ ലഹരിയില്‍ എല്ലാം കണ്ടുകിടന്നു. മിത്രയും, മെറിനും ഭര്‍ത്തക്കന്മാരും ഒന്നിച്ചു വന്നപ്പോള്‍ മോഹന്‍ പറഞ്ഞു.
ഇന്ന് വേണോങ്കി പോകാന്നു ഡോക്ടര്‍ പറഞ്ഞു.
ഓ ഇത്ര വേഗോ?
ഉം, ഞാന്‍ പറഞ്ഞു രണ്ടൂസം കൂടി കഴിഞ്ഞിട്ടു മതീന്ന്.  ബ്ലീഡിംഗ് എന്തെങ്കിലും ഉണ്ടായാലോ?  
അതെയതെ, മോഹനു ശല്യാവും.
മുലപോയിട്ടും അശ്വിനിയുടെ മുറുമുറുപ്പ് മാറിയിട്ടില്ല!
നാളെ പോവും വീട്ടില്
ആരും ചോദിക്കാതെ തന്നെ അശ്വിനി ഉറപ്പിച്ചു പറഞ്ഞു.  

വൈകുന്നേരം കൃത്യം ആറുമണിക്ക് ഉയര്‍ത്തുകയും താഴത്തുകയും ചെയ്യാവുന്ന നീണ്ട മേശയില്‍ ഭക്ഷണത്തിന്റെ തട്ടം വെച്ചിട്ട് വോളണ്ടിയര്‍ പോയി.  കീര്‍ത്തനയും കുറേക്കാലം ചെയ്തിട്ടുണ്ട് ഈ വോളണ്ടിയര്‍ ജോലി. യൂണിഫോമിട്ട് ആശുപത്രിയുടെ അടുക്കളയില്‍ നിന്നും വാര്‍ഡ്അനുസരിച്ച് അടുക്കിയ ഭക്ഷണത്തട്ടങ്ങള്‍ വലിയ ട്രോളിയിലാണ് കൊണ്ടുപോകുന്നത്. മുറിയുടെയും കിടക്കയുടെയും നമ്പറുകള്‍ പ്ലാസ്റ്റിക് മൂടിയുള്ള  തട്ടത്തിനു പുറത്തുണ്ടാവും. അതു നോക്കി ഓരോ കിടക്കയ്ക്ക് അരികിലുമുള്ള മേശയില്‍ ഭക്ഷണം വെക്കുന്നതാണ് വോളന്റയറിന്റെ ജോലി.

മേശ അരികിലേക്ക് നീക്കിവെച്ച് അശ്വിനി മൂടി തുറന്നു നോക്കി. വിളറിയ കോഴിക്കാലും, ചെറിയൊരു റൊട്ടിയും, അതിലും ചെറിയ സാലഡും ആയിരുന്നു വിഭവങ്ങള്‍. പിന്നെ ചെറിയൊരു പാത്രത്തില്‍ ജെല്ലോയുണ്ട്.  അശ്വിനിക്ക് വിശപ്പ് തോന്നിയില്ല. കഴിച്ചോ എന്ന ചോദ്യത്തിനു ഉവ്വെന്നു ഉത്തരം പറയാന്‍ വേണ്ടി അവള്‍ ജെല്ലോയുടെ പാത്രം തുറന്നു. ചുവന്ന ജെല്ലോ അശ്വിനിയുടെ വായക്കുള്ളില്‍ ബ്ലിം ബ്ലോംന്ന് തകിടം മറിഞ്ഞു. ചെറിപ്പഴത്തിനെ അനുകരിച്ച വൃത്തികെട്ടൊരു കൃത്രിമസ്വാദില്‍ അശ്വിനിയുടെ സ്വാദുമുകുളങ്ങള്‍ പ്രതിക്ഷേധിച്ചു. അവള്‍ക്കത് തുപ്പിക്കളയണമെന്നു തോന്നി. വായിലിട്ടത് ഒരു വിധത്തില്‍ ഇറക്കി അശ്വിനി ജെല്ലോ തിരികെ വെച്ചു. ഭക്ഷണത്തട്ടം അടച്ച് മേശ നീക്കിവെച്ച് അവള്‍ കിടക്കയില്‍ ചാരിയിരുന്നു. ഒരു ചൂടു ചായ കിട്ടിയെങ്കില്‍.
ഉം...നല്ലൊരു ഏലക്കച്ചായ.
നാവ് ശരിവെച്ചു.  

അശ്വിനി ഉടനെതന്നെ വിവരം കീര്‍ത്തനയെ അറിയിച്ചു.
ഈ ഭക്ഷണം കൊടുക്കാനാണോ നീ വോളണ്ട്യര്‍ വര്‍ക്ക് എന്നു പറഞ്ഞു മണിക്കൂറുകള്‍ ആശുപത്രിലൂടെ നടന്നത് കീര്‍ത്തന! ഇതൊന്നും പുണ്യപ്രവര്‍ത്തിയല്ല പെണ്ണെ, മഹാപാപം!    
മമ്മൂസ് കൊതിച്ചി.  സര്‍ജറി കഴിഞ്ഞിരിക്കുന്നോര്‍ക്ക് ബിരിയാണി കിട്ടില്ലാട്ടോ.
ബിരിയാണിയൊന്നും വേണ്ട, ന്നാലും എഡിബിള്‍ ആയിട്ടുള്ള സാധങ്ങള് തന്നൂടെ?    

അശ്വിനിയുടെ വയറു പരാതി മൂളിപ്പറഞ്ഞുകൊണ്ടിരുന്നു. രാത്രി ഉറക്കത്തിനിടയില്‍ അവള്‍ക്ക് ദാഹിച്ചു. ഭക്ഷണ മേശയിലിരുന്ന സ്റ്റൈറഫോം കപ്പിന് എന്തോ മണമുള്ളത് പോലെ അശ്വിനിക്ക് തോന്നി. മൂക്കിനടുത്തെക്ക് വരുമ്പോള്‍ അവള്‍ക്ക് അറപ്പായി. മോഹന്‍ രാവിലെ വരുമ്പോള്‍ ഒരു കുപ്പിവെള്ളം കൊണ്ടുവരാന്‍ പറയാന്‍ അവള്‍  തലയണക്കടിയില്‍ ഫോണ്‍ തിരഞ്ഞു. അതിലെ ചാര്‍ജു തീര്‍ന്നിരുന്നു.

തൊണ്ടയുണങ്ങുന്ന ദാഹത്തില്‍, അശ്വിനി നേഴ്സിനോട് ഐസ് കട്ട ചോദിച്ചു. അതും അവര്‍ ഒരു  സ്റ്റൈറഫോം കപ്പില്‍ നിറയെ കൊണ്ടുക്കൊടുത്തു.  അശ്വിനി ദയനീയമായി ഐസ് കട്ടകളെ നോക്കി. പിന്നെ പ്ലാസ്റ്റിക് സ്പൂണ്‍ കൊണ്ട് ഒന്ന് കോരി വായിലിട്ടു.
ഹാവൂ.അശ്വിനിയുടെ തൊണ്ടയും, നാവും അണ്ണാക്കും നേഴ്സിനോടും, ഐസിനോടും, സ്പൂണിനോടും നന്ദി പറഞ്ഞു.

മുറിവില്‍ നിന്നും ഊറിവരുന്ന വെള്ളം കൂട്ടിവെയ്ക്കാനൊരു ട്യൂബ് അശ്വിനിയുടെ ശരീരത്തില്‍ പിടിപ്പിച്ചിട്ടുണ്ടായിരുന്നു.  നീണ്ട പ്ലാസ്റ്റിക് ട്യൂബിന്റെ അറ്റം ഗോളാകൃതിയിലുള്ള സംഭരണിയാലാണ് ചെന്നു നില്‍ക്കുന്നത്. അത് നിറയുന്നമ്പോള്‍ എടുത്തുമാറ്റി ഒഴിച്ചു കളയണം.  വീട്ടില്‍ പോയിക്കഴിയുമ്പോള്‍ രോഗി തനിയെ ചെയ്യാനുള്ള ജോലിയാണത്.  രാവിലെ വന്ന ഡ്യൂട്ടി നേഴ്സ് അശ്വിനിയെ പഠിപ്പിച്ചുകൊടുത്തു:  
സ്റ്റെപ്പ് ഒന്ന്(1),  കൈ സോപ്പിട്ടു കഴുകുക. മുറിവില്‍ അണുക്കള്‍ കയറി പഴുപ്പ് ഉണ്ടാവാതെയിരിക്കാന്‍.
സ്റ്റെപ്പ് രണ്ട്(2),  സംഭരണിയുടെ പ്ലഗ്ഗടപ്പ് ശ്രദ്ധയോടെ തുറക്കുക
സ്റ്റെപ്പ് മൂന്ന്(3),  സംഭരണിയിലെ ദ്രാവകം തന്നിരിക്കുന്ന അളവു കപ്പിലേക്ക് ഒഴിക്കുക. ദ്രാവകത്തിന്റെ അളവു ആശുപത്രിയില്‍ നിന്നും തന്നിരിക്കുന്ന കടലാസ്സില്‍ രേഖപ്പെടുത്തുക
രേഖാപത്രത്തില്‍ ഒന്നാം ദിവസം, ഒന്നാമത്തെത്, രണ്ടാമത്തെത്, സമയം, അളവ്  എന്നൊക്കെ നെടുകെയും കുറുകേയും കോളങ്ങളുണ്ട്.  
സ്റ്റെപ്പ് നാല്(4),  പ്ലാസ്റ്റിക് സംഭരണി  ഞെക്കിയമര്‍ത്തി അതിനുള്ളിലെ വായു മുഴുവന്‍ കളയണം.  എന്നാലെ പിന്നെയും അത് ദ്രവത്തെ വലിച്ചെടുക്കൂ.  പ്ലഗ്ഗടപ്പുകൊണ്ട് സംഭരണി അടയ്ക്കുക.  
സ്റ്റെപ്പ് അഞ്ച്(5):  അളവു ഗ്ലാസിലെ ദ്രാവകം കക്കൂസയില്‍ ഒഴിച്ച് ഫ്‌ളഷ് ചെയ്യുക.
സ്റ്റെപ്പ് ആറ്(6): കൈ സോപ്പിട്ട് കഴുകുക
നേഴ്സിന്റെ പണിയും പാവം രോഗിയെക്കൊണ്ടു ചെയ്യിക്കുന്ന പരിപാടിയാണിത്!  ഇതാണ് പുതിയ ട്രെന്‍ഡ്. ബാങ്കില്‍ ടെല്ലര്‍പണി, പെട്രോള്‍പമ്പുകളില്‍ ഗ്യാസലീന്‍ നിറയ്ക്കുന്ന ജോലി, കടകളില്‍ കാഷ്യര്‍ ജോലി - ഉപഭോക്താവിന്റെ ചുമതലകള്‍ കൂടിക്കൂടി വരികയാണ്.  
ഇങ്ങനെപോയാല്‍ കുറച്ചു കഴിയുമ്പോ കത്രികയും നൂലും കൈയില്‍ തന്നു വിടുമോ റാണാ? സര്‍ജറി വീട്ടിലിരുന്നു സൗകര്യംപോലെ ചെയ്യാന്‍ വേണ്ടി?  

സ്വയം ശുശ്രൂഷക്കുള്ള ക്ലാസുകഴിഞ്ഞതുകൊണ്ടു എട്ടു മണിക്ക് ഡോക്ടര്‍ വന്നാലുടന്‍ പോകാമെന്നു നേഴ്സ് അശ്വിനിയെ അറിയിച്ചു.  
അതിനു മുന്‍പ് ഭക്ഷണം കഴിക്കൂ. മുഷിഞ്ഞ നിറമുള്ള ഭക്ഷണത്തട്ടം തുറക്കാന്‍ അശ്വിനിക്ക് ഉത്സാഹം തോന്നിയില്ല. മേശ മെല്ലെ അരികിലേക്ക് മാറ്റിവെച്ച് അവള്‍ മൂടി തുറന്നു.  ബ്രൌണ്‍ ബ്രെഡ്കൊണ്ടുള്ള ടോസ്റ്റിന്റെ അരികുകള്‍ അവള്‍ കൈകൊണ്ടു പറിച്ചു മാറ്റിവെച്ചു. ചുവന്ന നിറമുള്ള റാസ്ബെറി ജാം അശ്വിനി തുറന്നുനോക്കി. കഴിഞ്ഞ ദിവസത്തെ ജെല്ലോയുടെ അതെ നിറമായിരുന്നു ജാമിനു.  അതു നീക്കിവെച്ച് അശ്വിനി ആകൃതിനഷ്ടപ്പെട്ട ബ്രെഡ്ല്‍ കുറച്ചു വെണ്ണ പുരട്ടി സാവധാനം കഴിക്കാന്‍ ശ്രമിച്ചു.  മഞ്ഞ നിറത്തില്‍ ചിതറിക്കിടന്ന മുട്ടയെ അവള്‍ പൂര്‍ണ്ണമായും അവഗണിച്ചു.  
ദോശയും ചമ്മന്തിയും കിട്ടാന്‍ വഴിയുണ്ടാവുമോ?

ഭക്ഷണത്തട്ടം അടച്ചുവെച്ച് അശ്വിനി കാപ്പിക്കപ്പു ഇടംകൈയിലെടുത്ത് കിടക്കയില്‍ ചാരിയിരുന്നു.  കാപ്പിമണം ആവോളം അവള്‍ ഉള്ളിലേക്ക് വലിച്ചു. കടുപ്പവും ചൂടുമില്ലാത്ത കാപ്പി പാതികുടിച്ച് കപ്പ് അവള്‍ മേശയില്‍ തിരികെവെച്ചു.  
മോഹന്‍ ജോലിക്കു പോകുംവഴി വരുമെന്നു കാത്തിരുന്ന അശ്വിനി ഒടുക്കം തന്നെത്താന്‍ തയ്യാറായി. പാന്റ്സ്, ഷര്‍ട്ട്, സോക്സ് എല്ലാം ഇട്ടു റെഡി. എട്ടുമണി കഴിഞ്ഞപ്പോള്‍  ഡോക്ടര്‍ വന്നു. പിന്നെ നേഴ്സ് വന്നു. ചാര്‍ട്ടു തയ്യാറായി നിന്നു.
മോഹന്‍ വന്നപ്പോള്‍ പതിനൊന്നു മണികഴിഞ്ഞു.  ജോലിയില്‍ അത്യാവശ്യ മീറ്റിംഗ്, ഫോണ്‍ അടിച്ചത് കേട്ടില്ല. പിന്നെ റോഡില്‍ ട്രാഫിക്.
നുണകള്‍ മോഹനെ ഒറ്റുകൊടുക്കുതറിഞ്ഞു പ്രതിക്ഷേധവും സന്ദേഹവും ചെവിയില്‍ തിരുകി അശ്വിനിയിരുന്നു.
ബാലി വന്നു സുഗ്രി വന്നു
പിന്നെ രണ്ടു കോലം വന്നു
നാലു പേരും കേറി നിന്നു
ശീലപൊക്കി ആട്ടമാടി  

ഹൌ ആര്‍ യൂ?
മോഹന്റെ ചോദ്യം
പെര്‍ഫെക്ട്!
സ്മാഷ് - അശ്വിനിക്ക് അടിച്ചു ഔട്ട് ആക്കണം.
എന്തൊരു മണ്ടന്‍ ചോദ്യമാണത്? മിടുക്കന്മാരായ ചോദ്യങ്ങളൊന്നും മോഹന്റെ തലയില്‍ കിളിര്‍ക്കുന്നില്ല.

മോഹന്‍ വാങ്ങിയ പൂവുകള്‍ മുറിക്കു പുറത്തെ ചവിറ്റു കൊട്ടയില്‍ തലകുത്തികിടന്നു. എട്ടുപത്തുപതിഞ്ചു തവണ തിരിച്ചും മറിച്ചും നോക്കി വാങ്ങിയ പൂവുകളാണ്.
പൂവ് മരിച്ചവര്‍ക്കല്ലേ?
പൂക്കളല്ലെങ്കില്‍ പിന്നെ എന്താണ് വാങ്ങേണ്ടത്?  
ആശുപത്രി ബാഗ് കൈയിലെടുത്ത് മോഹന്‍ മുന്നില്‍ നടന്നു. നേഴ്സിംഗ് സ്റ്റേഷനില്‍ ഒന്നു നിന്ന് ചിരിയോടെ നന്ദി പറയുന്ന മോഹനെ അശ്വിനി തുറിച്ചു നോക്കി. ചുളിയാത്ത പാന്‍സ്.  ഷര്‍ട്ടിന്റെ അറ്റം കോട്ടിനു പുറത്തു കാണാം. ബാഗു പിടിച്ചിരിക്കുന്ന കൈയിലെ ഞരമ്പുകള്‍ എഴുന്നേറ്റ് നിന്ന് സലാം വെക്കുന്നു. നേഴ്സിനോടു സംസാരിക്കുന്ന മോഹന്റെ കണ്ണിനുചുറ്റും വരക്കുന്ന സ്നേഹം സന്തോഷം. തിളങ്ങുന്ന പല്ലുകള്‍.
-Thank you so much for your all your help and support.
-Oh, you are very welcome! Take care my dear.  
-Okay, bye now!
-bye.. bye
Bye now എന്നോ? എന്താണതിന്റെ അര്‍ത്ഥം? വീണ്ടും കാണാം എന്നല്ലേ? അതാണോ മോഹന്റെ പ്രതീക്ഷ?  

അശ്വിനിയുടെ ചെവിക്കുള്ളില്‍ ചോദ്യാവലി അണിയായി കവാത്തു നടത്തുകയാണ്.  എലിവേറ്റര്‍ വരാനെടുത്ത നാല്‍പ്പതു സെന്ക്കന്റിനു അറുപത്തിരണ്ടു മണിക്കൂര്‍ നീളമുണ്ടായിരുന്നു. എലിവേറ്ററില്‍ നിന്നും ഇറങ്ങി കാര്‍ പാര്‍ക്കിംഗ് വാതിലിലേക്ക് തിരിയുന്നതിനു മുന്‍പ് മോഹന്‍ ചോദിച്ചു.
നടക്കാവോ? ഇരിക്കണോ?
എന്റെ കാല് ആരും മുറിച്ചു കളഞ്ഞിട്ടില്ല.
അണുനാശിനിയിട്ടു തുടച്ച ടൈലുകളിലേക്ക് ഉത്തരം ഐസുകട്ടകളായിട്ടാണ് വീണു തെറിക്കുന്നത്.  മോഹന്‍ ഐസുകട്ട വായില്‍ തിരുകി. ഏഴു മണിക്ക് വീട്ടില്‍ പോകാന്‍ തയ്യാറായിരുന്നയാളെ പതിനൊന്നുമണിവരെ ഇരുത്തിയതിനു ഐസ്‌കട്ട മതിയാവില്ല! ഐസ്പിക്ക് അടുത്തില്ലാതെയിരുന്നത് മോഹന്റെ ഭാഗ്യം!

ഈ കാറില്‍, ഈ സീറ്റിലിരുന്നാണ് അശ്വിനി ആശുപത്രിയിലേക്ക് പോയത്.  ഇപ്പോള്‍  മുലയില്ലാത്ത അശ്വിനി അതേ ഇരിപ്പിടത്തില്‍ ഇരിക്കുന്നു. അന്നും കാറോടിച്ചത് മോഹനായിരുന്നു. ഇന്നും കാറോടിക്കുന്നത് മോഹന്‍ തന്നെ. പക്ഷെ അയാള്‍ക്ക് ഒന്നും നഷ്ടമായിട്ടില്ല.  കുറവുകളില്ലാതെ പൂര്‍ണനായി മോഹന്‍.    

പാര്‍ക്കിംഗ് ഗരാജില്‍ നിന്നും സാവധാനത്തില്‍ ഇറങ്ങിയ കാറ് പുറത്തേക്കുള്ള ഗേറ്റില്‍ നിന്നു.  മോഹന്‍ പാര്‍ക്കിംഗ് ചീട്ട് യന്ത്രത്തിന്റെ വായില്‍ തിരുകി.  തുറന്ന ജനലില്‍കൂടി തണുത്ത കാറ്റ് അകത്തേക്ക് കടന്നു.  ജൂണ്‍ ആയിട്ടും ഈ വര്ഷം തണുപ്പു മാറിയിട്ടില്ല. പണമടച്ചത് ശരിയാണെന്ന് ഉറപ്പു വരുത്തി ഇലക്ട്രോണിക് ഉപകരണം ഓട്ടോമാറ്റിക്  ഗേറ്റ് തുറക്കാന്‍ കുറച്ചു സമയമെടുത്തു. കാറിനകത്തു കടന്ന കാറ്റ് അശ്വിനിയെ കിടുകിടെ വിറപ്പിച്ച് ക്രൂരമായി ചിരിച്ചു.  

റേഡിയോ വളരെ നേര്‍ത്ത ശബ്ദത്തില്‍ വാര്‍ത്ത പറഞ്ഞുകൊണ്ടിരുന്നു. റോഡില്‍തിരക്കു കുറവായിരുന്നു. പതിനൊന്നു മണിക്ക് എല്ലാവരും ഏതെങ്കിലും മുറികളില്‍ തിരക്കിലായിരിക്കുമെന്നു അശ്വിനിക്കറിയാം.  കാറ് വളരെ സാവധാനത്തിലാണ് പോകുന്നത്.  മഞ്ഞലൈറ്റില്‍ നിര്‍ത്തി. പച്ചയായി കഴിഞ്ഞ് പതുക്കെ നിരങ്ങി അധികം വേഗത എത്താതെ ഇഴഞ്ഞു വലിഞ്ഞു...വലിഞ്ഞ്.
റോഡിന്റെ ഇരുദിശയേയും ഭിന്നിപ്പിക്കുന്നത് കോണ്ക്രീറ്റില്‍  കെട്ടിയുണ്ടാക്കിയ ചെറു തുരുത്തുകളാണ്. അവിടെ ചെടികളും മരങ്ങളും ഇടവിട്ട് നില്‍ക്കുന്നു.  നഗരസഭയുടെ വണ്ടി വഴിയരികില്‍ കിടപ്പുണ്ട്. ജോലിക്കാരും വേനല്‍ക്കാല ജോലിചെയ്യുന്ന കുട്ടികളും റോഡിനു നടുവിലെ തുരുത്തില്‍ പണിയെടുക്കുന്നുണ്ടായിരുന്നു. ആ ഇടങ്ങള്‍ പൂക്കളും ഭംഗിയുള്ള ഇലകളുംകൊണ്ട് നിറയും.  
കടന്നു പോകുന്ന കാറില്‍ നിന്നും പാട്ടിന്റെ താളം കേള്‍ക്കാം.  ആര്‍ക്കും ഒന്നിനും മാറ്റമില്ല. ലോകം അങ്ങനെ തന്നെ. ഈ പട്ടണത്തിലെ എല്ലാവരുടേയും മുലകള്‍ മുറിച്ചു ദൂരെയെറിഞ്ഞിട്ടില്ല.  അശ്വിനിയുടെ മുല അവര്‍ എന്തു ചെയ്തിരിക്കും?  അത് ആസ്പത്രിയിലെ ഒരു ബക്കറ്റില്‍ ചോരയും വെള്ളവും കലര്‍ന്ന വൃത്തികേടില്‍ കിടന്നിരിക്കും.  ഗൂഗിളിന് അറിയാത്ത കാര്യങ്ങളില്ല, ചോദിച്ചു നോക്കാം. അശ്വിനി ഫോണില്‍ തിരക്കിട്ടു തിരഞ്ഞു. ഗൂഗിള്‍ പറഞ്ഞത് ദഹിപ്പിക്കുമെന്നാണ്. അശ്വിനിയുടെ കല്യാണിയെ നീറ്റുചൂളയിലിട്ടു ഭസ്മമാക്കി മാറ്റും.  

വീട്ടിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞപ്പോള്‍ അശ്വിനി തലതാഴ്ത്തിയിരുന്നു.  ഡഗ്ളസ് പട്ടിയേയും കൊണ്ട് നടക്കാനിറങ്ങുന്നത് എപ്പോഴാണെന്ന് പറയാന്‍ പറ്റില്ല. സാധാരണക്കാര്‍  കാലത്തും വൈകുന്നേരവുമാണ് പട്ടികളെ നടത്താന്‍ കൊണ്ടു പോവുന്നത്.  പക്ഷേ വീട്ടിലിരുന്നു ബോറടിക്കുമ്പോള്‍ ഡഗ്ലസ് കൊക്കൊയെ മാലയിട്ട് പുറത്തിറക്കും. പന്ത്രണ്ടു വയസ്സെത്തിയപ്പോള്‍ കൂപ്പര്‍  ചത്തുപോയി.  അതൊന്നു കീര്‍ത്തനയെ പറഞ്ഞു മനസ്സിലാക്കാന്‍ ഡഗും അശ്വിനിയും മോഹനും കുറെയേറെ പാടുപെട്ടു.  ഒരു മാസം കഴിഞ്ഞാണ് അവര്‍ കൊക്കോയെ വാങ്ങിയത്.  നോര്‍ഫോക്ക്  ഇനത്തില്‍പ്പെട്ട കുഞ്ഞി കൊക്കൊയെ കീര്‍ത്തന അംഗീകരിച്ചില്ല. അത് കൂപ്പറിനോടുള്ള വഞ്ചനയായി കീര്‍ത്തനക്ക് തോന്നി. ലോകത്തില്‍ ഒരേയൊരു പട്ടിയെ മാത്രമേ കീര്‍ത്തനക്ക് സ്നേഹിക്കാന്‍ പറ്റൂ.
ഡഗ്ലസിനു മുന്നില്‍ ചുറുചുറുക്കോടെ നടക്കുന്ന കൊക്കൊ ആരെകണ്ടാലും നില്‍ക്കും. അവള്‍ക്കറിയാം യജമാനന്‍ കുറഞ്ഞത് മൂന്നു മിറ്റെങ്കിലും ഓരോരുത്തരോടും സംസാരിക്കുമെന്ന്.  അശ്വിനിക്കിന്ന്  ഡഗ്ലസിനോട് മര്യാദക്കുശലം പറയാന്‍ വയ്യ. കൊക്കൊയുടെ നനഞ്ഞ മൂക്ക് കൈയില്‍ തൊടുന്നത് സഹിക്കാന്‍ പറ്റില്ല.  വേഗതയില്ലാത്ത കാറും ഡ്രൈവറും അശ്വിനിയെ ശ്വാസംമുട്ടിച്ചു.

ഒടുക്കം ആരേയും നേരിടാതെ വീടെത്തിയതില്‍ അവള്‍ക്ക് ആശ്വാസം തോന്നി.  അശ്വിനിയെ സ്വീകരിക്കാന്‍ ചെണ്ടമേളവും, മാലയും ബൊക്കെയും ഒന്നുമുണ്ടായിരുന്നില്ല. അവള്‍ സാവധാനത്തില്‍ അകത്തു കടന്നു. വീട് മാറിപ്പോയിരിക്കുന്നു.  
എത്രവര്‍ഷമായി ഞാന്‍ പോയിട്ട്!

മോഹന്റെ സെല്‍ഫോണ്‍ പെട്ടെന്ന് ശബ്ദിച്ചു. അശ്വിനി കുളിമുറി വാതില്‍ വലിച്ചടച്ചു. അവളുടെ കൈത്തണ്ടയില്‍ ആശുപത്രിക്കാര്‍ കെട്ടിയിട്ട പ്ലാസ്റ്റിക് കാപ്പ് പാമ്പിനെപ്പോലെ വളഞ്ഞു കിടന്നു. കത്രികകൊണ്ട് അശ്വിനി നിഷ്ഠൂരമായി അതിനെ നടുവെ മുറിച്ചു. കൈയാമം ഇല്ലാതായ കുറ്റവാളിയായി അശ്വിനിയെ കണ്ണാടി പ്രതിഫലിപ്പിച്ചു. ഇന്ന് മുങ്ങിക്കുളി പാടില്ല. ഷവര്‍ പാടില്ല.ആശുപത്രിയില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശമനുസരിച്ച് ശരീരം വെള്ളം മുക്കി തുടച്ച് വസ്ത്രം മാറിയപ്പോഴേക്കും അശ്വിനി ക്ഷീണിച്ചു പോയിരുന്നു.  
അത്യാവശ്യായി എനിക്കൊരു ക്ലയന്റിനെ കാണാന്‍ പോവണം.  അവരുടെ മീറ്റിംഗ് ഒരുമണിക്കാണ്. മാറ്റാന്‍ ശ്രമിച്ചിട്ടും പറ്റുന്നില്ല.
ആശുപത്രി ബാഗ് കിടപ്പുമുറിയില്‍ വെച്ച് മോഹന്‍  ക്ഷമാപണപ്പൊതി തുറക്കാന്‍ ശ്രമിച്ചു.
സമയം കളയാതെ വേഗം പൊയ്ക്കോളൂ.

മാറിയ തുണികളും ആശുപത്രി ബാഗില്‍ നിന്നെടുത്ത തുണികളും അലക്കാനിട്ടിട്ട് അശ്വിനി സൂക്ഷമതയോടെ ചുറ്റും നോക്കി.  വേറേതോ യുഗത്തില്‍ നിന്നും വന്നതുപോലെ അശ്വിനി ഓരോ മുറികളും പരിശോധിച്ചു.  സാധങ്ങളെല്ലാം അറിയാത്ത ഒരു പുതപ്പു പുതച്ചിട്ടുണ്ട്.  അടുക്കള പാത്രങ്ങള്‍ അസ്ഫുടമായി സംസാരിക്കുന്നു. നാശം എല്ലാത്തിനേയും ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നു!
അശ്വിനി എന്നും കാലത്ത് കാപ്പി കുടിക്കുന്ന പൊക്കം കൂടിയ മഞ്ഞക്കപ്പിനെ സിങ്കിലേക്കെറിഞ്ഞു. കപ്പ് ഉച്ചത്തില്‍ ഒരു തെറി വിളിച്ചിട്ട് ഇരുപത്തിയെട്ടു കഷണങ്ങളായി സിങ്കില്‍ വീണു കരഞ്ഞു. വിരുന്നുകാര്‍ക്ക് മാറ്റി വെച്ചിരിക്കുന്ന ചൈന കപ്പില്‍ കാപ്പിയുമായി അശ്വിനി സോഫയിലിരുന്നു പുറത്തേക്കു നോക്കി. പുറത്ത് ജൂണിന്റെ മഴപ്പച്ചയുണ്ട്.  റോഡ് ചത്തു മലച്ചു കിടക്കുന്നു. കാറ്റും പുറപ്പെട്ടു പോയിരിക്കുന്നു!  ഡഗ്ളസും കൊക്കോയും ഇന്ന് പുറത്തിറങ്ങുന്നുണ്ടാവില്ലേ?  

I am home.
അശ്വിനി ഒരു നുണുങ്ങു ടെക്സ്റ്റ് കീര്‍ത്തനക്കയച്ചു.  ജോലിക്കിടയില്‍ അവള്‍ ഫോണ്‍ നോക്കില്ലെന്നറിയാമായിരുന്നിട്ടും.  
വീടിന്റെ വാക്വത്തില്‍ അശ്വിനി ചുറ്റിക്കറങ്ങി.  സാധാരണ പോലെ കണ്ണാടി വാതിലില്‍ തട്ടിത്തട്ടി കാറ്റ് അശ്വിനിയെ വിളിച്ചില്ല.  
അശ്വിനി ഇമെയിലുകള്‍ വീണ്ടും നോക്കി.  ഓഫീസില്‍ നിന്നും മറുപടി വന്നിട്ടില്ല. വീട്ടിലെത്തിയ വിവരം അറിയിച്ചിട്ട് രണ്ടു മണിക്കൂറായിരിക്കുന്നു.  എന്തു മീറ്റിംഗില്‍ ആയിരിക്കും എല്ലാവരും?   എന്തെങ്കിലും പ്രധാന പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടാവുമോ?   മിത്രയുടെയും,  മെറിന്റെയും മറുപടി വന്നിട്ടില്ല. അല്ലെങ്കിലും ഓഫീസ് ജോലിക്കാരോട് പകല്‍ ഒന്നു മിണ്ടാന്‍ തന്നെ പറ്റില്ല!
ഓഫീസിലിപ്പോള്‍ റയന്‍ ഒരു കാല്‍ മറ്റേകാലിനു മുന്നില്‍ വെച്ച് കൃഷ്ണനെപ്പോലെ നിന്ന്! പരാതി പറയുകയാവും. അവന്റെ ദിവസം എത്ര മോശമാണെന്ന്!, അവന്റെ വമ്പന്‍ ആശയങ്ങളും നിര്‍ദ്ദേശങ്ങളും ആരും നടപ്പിലാക്കാത്തതിനെപ്പറ്റി. പെട്ടെന്ന് അശ്വിനിക്ക് മനസ്സിലായി ഡയറക്ടറുടെ ജോലി ചെയ്യുന്നത് അവന്‍ സ്വപ്നം കാണുന്നുണ്ടാവും. ചിലപ്പോള്‍ പ്രസിഡണ്ടിന്റെ തന്നെ ജോലി. ഒരു പക്ഷേ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എല്ലാവരും അവിടുത്തെ പ്രസിഡന്റാവുന്നത് സങ്കല്‍പ്പിക്കുന്നുണ്ടാവും. ഇല്ലെങ്കില്‍ ഇത്രയധികം പരാതിപ്പെടാനും, തന്റെ ആശയങ്ങള്‍ ആരും കേള്‍ക്കുന്നില്ല എന്ന് ആവലാതിപ്പെടാനും ആരും മിനക്കെടില്ല. സ്വന്തം പണിചെയ്തു തീര്‍ത്ത് സമാധാനത്തോടെ ജീവിക്കും.  ഓഫീസുകളില്‍ ജോലിയേക്കാള്‍ പരാതിയിലാണ് സമയം പോകുന്നത്.

ഓരോരുത്തരുടെ ഉള്ളിലും അവനവനേക്കാള്‍ വലിയ ഒരാളുണ്ട്. ചിത്രകാരന്‍ ഉള്ളില്‍ സ്വയമൊരു പിക്കാസോ ആയിരിക്കും. പാട്ടുകാരന്‍ ഒരു ചിന്ന യേശുദാസ്.  എല്ലാവരും ഉള്ളില്‍ ഒരു ഓസ്‌കാര്‍ അക്സപ്റ്റന്‍സ് സ്പീച്ച് അഭ്യാസം ചെയ്യുന്നുണ്ടാവും.
ഈ വിജയം, ഈ അംഗീകാരം ഞാന്‍ ഒട്ടുമേ പ്രതീക്ഷിച്ചതല്ല.  എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല.  ഞാന്‍ ആദ്യമായി..... (വിതുമ്പല്‍) നന്ദി എന്റെ അച്ഛനു, അമ്മക്ക്, അയല്‍ക്കാരിക്ക്, അവരുടെ വീട്ടിലെ പൂച്ചക്ക്, (ഗദ്ഗദം) ....  പിന്നെയെന്റെ പ്ലാവിന്, മാവിന്... (മൂക്കുചീറ്റല്‍..)  

മോഹന്‍ വരുമ്പോള്‍ അശ്വിനി സോഫയില്‍ ചരിഞ്ഞു കിടന്ന് ഉറക്കമായിരുന്നു.  അമ്മയുടെ വയറ്റില്‍ക്കിടക്കുന്ന കുഞ്ഞിനെപ്പോലെ  വളഞ്ഞ്, കൈവിരലുകള്‍ ചുരുട്ടിപ്പിടിച്ച്.  വേദനസംഹാരികളുടെ ലഹരിയില്‍ ഒന്നുമറിയാതെ മയങ്ങുന്ന നിഷ്‌കപടയായ രോഗി.

(തുടരും)

നോവലിന്റെ മുന്‍ അധ്യായങ്ങള്‍ വായിക്കാം

Content Highlights: women Manjil Oruval novel by Nirmala Part 15