The ptiy patry
 
കീര്‍ത്തന സമ്മര്‍ ജോലിയില്‍ കുഴഞ്ഞുമറിയുകയായിരുന്നു. എന്നിട്ടും കാലത്തും വൈകുന്നേരവും അവള്‍ അശ്വിനിക്ക് മുടങ്ങാതെ മെസേജ് അയച്ചു. 
മമ്മൂസ് കഴിച്ചോ?
എന്താണ് കഴിച്ചത്? 
ഫ്രൂട്ട്‌സ് എത്രയെണ്ണം കഴിച്ചു?  
വെള്ളം കുടിക്കുന്നുണ്ടോ? 
ടൊമാറ്റോ സാലഡ് കഴിക്കൂ. ക്യാന്‍സര്‍ ഫൈറ്റ്‌ചെയ്യാന്‍ ബെസ്റ്റാണ്.  
കീര്‍ത്തനയുടെ അമ്മ റോള്‍ ആസ്വദിച്ച് അശ്വിനി ശാസിക്കും.  
നീയ് അവിടെ ഗവേഷണം ചെയ്താല്‍ മതി രന്ന. 
ഹും, അനുസരണക്കേട് കാണിച്ചാല്‍ ഞാന്‍ ജോലി നിര്‍ത്തി അങ്ങോട്ടു വരും.  
ആ ഭീഷണിയില്‍ അശ്വിനിയുടെ നാവ് അടിയറവുപറയും. കുട്ടിയുടെ ഏകാഗ്രത കളയേണ്ട. ലോങ്ങ് വീക്കെന്‍ഡിനു വരാന്‍ പറ്റാത്ത സങ്കടം കീര്‍ത്തനയുടെ മെസേജുകളില്‍ നിറഞ്ഞു.  
 
തിങ്കളാഴ്ച വിക്ടോറിയ തമ്പുരാട്ടിയുടെ പിറന്നാളവധിയാണ്. പടം വരക്കാരി വിക്ടോറിയ പതിനെട്ടാം വയസ്സില്‍ ഭരണം തുടങ്ങിയതാണ്, ഹമ്പടി!! ആള് അത്ര മിടുക്കി ആയോണ്ട് ആരും രാജ്ഞി ആക്കിയതൊന്നും അല്ല. അച്ഛന്‍ രാജാവ് സ്‌കൂട്ടായപ്പോള്‍ വരിയില്‍ മുന്നില്‍ നിന്ന വിക്കിക്ടാവിനു ഭരണം കിട്ടി. കാനഡക്ക് ഇന്നും ബ്രിട്ടനോട് കൂറുണ്ട്.  വിക്ടോറിയ തിരുന്നാള്‍ കാനഡ മുഴുവന്‍ അവധിയാഘോഷിക്കും. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമുള്ള ആഘോഷം.  അശ്വിനി റാണക്ക് കാനഡ വിശേഷങ്ങള്‍ പറഞ്ഞുകൊടുത്തു. 
 
ചെടികള്‍ പുറത്തു നടാന്‍ വിധിച്ചിരിക്കുന്ന ദിവസം വിക്ട്‌ടോറിയ ഡേ ആണ്. മെയ്മാസത്തെ മൂന്നാമത്തെ ആഴ്ചക്കുശേഷം തണുപ്പ് പൂജ്യത്തിനു താഴെ പോകാന്‍ പാടില്ല. ചെടികള്‍ ഐസുകട്ടയായി മാറില്ല.  വെള്ളിയാഴ്ചമുതലേ നല്ല ചുടുചൂടന്‍ ദിവസങ്ങളായിരുന്നു. വെയില്‍ പിശുക്കിപ്പിടിക്കാതെ ഭൂമിയിലേക്കൊഴുകിയിറങ്ങി. അശ്വിനി ചെല്ലുമ്പോള്‍ ലിക്വര്‍ കടയില്‍ നല്ല തിരക്കായിരുന്നു. വാരാന്ത്യത്തിനുള്ള തയ്യാറെടുപ്പിലാണ്  എല്ലാവരും.  അവധിക്കു മുന്‍പേ കലവറ കാലിയായി പോവാതെ അത്യാവശ്യ സാധനങ്ങള്‍ കരുതിവെക്കണം.   
 
ലാസ്യം... ലഹരി...  
ലഹ..ലഹ..ലഹരി...
ലഹരി...ഹരി..ഹരി..രി!
ശനിയാഴ്ച രാവിലെ അശ്വിനിയുടെ മുഖത്തേക്ക് നോക്കാതെ മോഹന്‍ മുന്നറിയിപ്പു കൊടുത്തു. 
കാഴ്ചക്കാര്‍ വരുന്നുണ്ട്.ഓപ്പറേഷന് മുന്‍പേ രോഗിയെ കാണാന്‍ പോവണം.  സഹതാപം പൊതിഞ്ഞു കെട്ടി. പ്രാര്ത്ഥിക്കാം എന്ന ആശ്വാസവാക്കുമായിട്ടാണ് പോവേണ്ടത്.  അത് നാട്ടുനടപ്പാണ്. ക്യാന്‍സര്‍ ആ വാക്ക് പെരുത്തു പെരുകി മുറി നിറഞ്ഞു.    
ക്യാ...സാര്‍
കോന്‍ സേര്‍
 
ഇത് വെറുമൊരു  രോഗമല്ല, ഒരു സംഭവമാണ്, ചരിത്ര സംഭവം! അതുള്ളവരെ അടയാളപ്പെടുത്തേണ്ടതുണ്ട്.  അറുത്തുകീറി മുറിച്ച് കണ്ടംതുണ്ടമാക്കി സൂക്ഷ്മനിരീക്ഷണം ചെയ്യേണ്ടതുണ്ട്. ഘോഷിക്കേണ്ടതുമുണ്ട്! ശവദാഹത്തിനു പോകുന്ന മുഖമായിരുന്നു കാഴ്ചകാണാന്‍ എത്തിയവര്‍ക്ക്. എന്തു പറയണം, എന്തു പറയാതിരിക്കണം എന്നു കുഴങ്ങുന്ന കുറെ മുഖങ്ങള്‍ക്കു മുന്‍പില്‍  അശ്വിനി ചിരിച്ചിരുന്നു. 
 
ഛെ, റാണ വല്ല വാലിലോ കാലിലോ വന്നാല്‍ മതിയായിരുന്നു ക്യാന്‍സര്‍. ന്നാലും നമ്മുടെ കൂട്ടരോട് ഇതെങ്ങനെ പറയും റാണ! കണ്ടില്ലേ, മോന്തക്കത്തെ ചമ്മലും പരിഭ്രവും. അശ്വിനിയും ഇങ്ങനെ കാഴ്ചകാണാന്‍ പോയിട്ടുണ്ട്. സഹതാപം ചവച്ചുതുപ്പിയിട്ടുണ്ട്. വാക്കുകള്‍ വഴിവിട്ടുപോവാതെ സൂക്ഷിച്ചിട്ടുണ്ട്. തിളങ്ങുന്ന കൃത്രിമത്വം, ചില്ലറ നുണകള്‍  അങ്ങനെയൊക്കെ അശ്വിനിയും അഭിനയിച്ചിട്ടുണ്ട് ഈ റോളുകളില്‍.  നാട്ടു ചികിത്സ...വീട്ടു ചികിത്സ... പലപല കിംവദന്തികള്‍. കാഴ്ചക്കാര്‍ക്ക് പ്രതിവിധികള്‍ പലതുണ്ടായിരുന്നു.   ഷിക്കാഗോയില്‍ ഒരാള്‍ക്ക്... കല്‍ക്കത്തയിലെ എന്റെ കസിന്....... ക്യാന്‍സറിന്റെ ഉടമ ക്ഷമയോടെ എല്ലാത്തിനും ചെവി കൊടുത്തേ പറ്റൂ. ക്യാന്‍സര്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നു എല്ലാവര്‍ക്കും അറിയുമായിരുന്നു. എണ്ണ വീണ്ടും വീണ്ടും തിളപ്പിച്ചു ഉപയോഗിക്കുന്നതുകൊണ്ട്. രാഗിണിയും കൂട്ടുകാരികളും പറഞ്ഞതതാണ്.  
 
അമ്മേം മോളും ഒരാത്മാവും രണ്ടു ശരീരവുമായിരുന്നില്ലേ. മോളു പോയേന്റെ സങ്കടമാവും. ശരിയാ, സ്‌ട്രെസ് ആണ് അസുഖങ്ങളുടെ എല്ലാം കാരണം. അത് ശരിക്കു മാനേജ് ചെയ്താല്‍ മതി.ഹാവൂ. സ്‌ട്രെസ്സിനെ കാലത്തെ മുതല്‍ വൈകുന്നേരംവരെ മാനേജ് ചെയ്തു ജീവിക്കുന്ന പ്രിയക്ക് ജീവിതത്തില്‍ ഇന്നേ വരെ അസുഖങ്ങളൊന്നും വന്നിട്ടില്ല, എന്നതിന്റെ പരസ്യപ്രസ്താവനയല്ലേ ഇത് റാണാ?  
 
ഈ ആന്റി പ്രെസ്പറന്റ ഒക്കെ ഉപയോഗിക്കുന്നേന്റെയാ! പിന്നെ പ്ലാസ്റ്റിക്ക് കപ്പുകള്‍, പേപ്പര്‍, പുതിയ പഞ്ചസാര, ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ക്യാന്‍സറിന്റെ പ്രതിയായി.  രമണ മഹര്‍ഷിക്ക് കുപ്പിവെള്ളം കുടിച്ചാവുമോ ക്യാന്‍സര്‍ വന്നു പെട്ടത്? ജീന്‍സിട്ടാലും ക്യാന്‍സര്‍ വരാന്‍ സാദ്ധ്യതയുണ്ടാവുമെന്നു വിജയന്റെ മകന്റെ പുതിയ ലീവായ് നോക്കി പറയാനൊരാഗ്രഹം അശ്വിനിക്കുണ്ടായി.  വിജയന്‍ നയിച്ച ചര്‍ച്ചയില്‍ മൈക്രോവേവ് ഓവനായിരുന്നു അപരാധി.   
 
ഈ എളുപ്പ വഴിയൊക്കെ പെണ്ണുങ്ങള് തുടങ്ങിയേപ്പിന്നാ ക്യാന്‍സറൊക്കെ വരാന്‍ തുടങ്ങിയത്. ശ്രീരാമ പരമ ഹംസര്‍ക്ക് ശാരദാദേവി മൈക്രോ വേവിലാണോ എഗ് മഫിന്‍ ഉണ്ടാക്കി കൊടുത്തിരുന്നത് വിജു? അശ്വിനി ചോദിക്കാന്‍ വന്നപ്പോള്‍ റാണാ പ്രതാപ് സിംഗ്  വായ പൊത്തിക്കളഞ്ഞു.  അക്ബറിനെ ചെറുക്കാമെങ്കിലാണോ റാണാ നിനക്കീ സദാ പടം പൊഴിക്കുന്ന മലയാളികൂട്ടങ്ങള്‍ എന്ന് അശ്വിനി അയാളെ കളിയാക്കി. 
 
'Breast cancer is the best cancer' സൂസന്നയുടെ ആശ്വസിപ്പിക്കല്‍ ഏറെ കേമമായി അശ്വിനിക്ക് തോന്നി. ഒക്‌സീമോറോനായിരിക്കും, എന്നാലും വരാവുന്നതില്‍ വച്ച ഏറ്റവും നല്ല ക്യാന്‍സര്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ ആണെടോ!ഓ, അതുവ്വോ?ആ മറുചോദ്യത്തിന്റെ തീക്ഷ്ണതയില്‍ ഒന്നയഞ്ഞു സൂസന്ന വിശദമാക്കി. പാന്‍ക്രിയാറ്റിക്ക് ക്യാന്‍സറൊക്കെ വന്നാല്‍ ഓപ്പറേഷന്‍ ചെയ്യാന്‍ പോലും പറ്റീന്നു വരില്ല.  വയറ്റിന്റെ ഉള്ളില് എല്ലാ ഓര്‍ഗന്‍സിന്റെ നടുക്കായിട്ടല്ലേ. കീമോ തന്നെ ഫലാവൂല്ല ചെലപ്പോ. survival rate കൂടുതല്‍ ബ്രെസ്റ്റ് കാന്‍സറിനു തന്നെയാണ്. 
 
സൂന്നയുടെ അനാറ്റമി ലക്ചറില്‍ അശ്വനിയുടെ തല തരിച്ചുപോയി. മനസ്സിലായത് അശ്വിനി റാണയോടു വിസ്തരിച്ചു.
അശ്വിനി ഭാഗ്യവതിയാണ്. സുഖപ്പെടുത്താന്‍ ഏറ്റവും എളുപ്പമുള്ള ക്യാന്‍സറാണ്  കിട്ടിയിരിക്കുന്നത്.  അശ്വിനിയുടെ ക്യാന്‍സര്‍ കോശങ്ങളെ, മര്‍മ്മപ്രധാനമായ അവയവങ്ങളില്‍ നിന്നും മാറ്റി കീറിമുറിക്കാന്‍ പാകത്തില്‍ ശരീരത്തിനു പുറത്തേക്ക് ഉന്തി നില്‍ക്കുന്ന ഒരു പീഠത്തില്‍ പ്രതിഷ്ഠിച്ചിരിക്കുകയല്ലേ! മറ്റു അവയവങ്ങള്‍ക്ക് ഇടയില്‍ തിരുകിക്കയറ്റിയിട്ടില്ല.  ശ്വാസകോശവും സ്പ്ലീനും കൊടല്‍മാലയും ഒന്നുമല്ലാതെ, പല്ലിവാലുപോലെ മുറിച്ചിട്ടാലും ശേഷം ശരീരത്തിനു ചേതം വരാത്ത അവയവമല്ലേ അടിസ്ഥാനം.  എടുത്തു മാറ്റാം, മുറിച്ചു കളയാം, കരിയ്ക്കാം, പൊരിയ്ക്കാം.  ഭാഗ്യവതി!  നന്ദിയുണ്ട് ക്യാന്‍സൂ, നന്ദി.   
 
മെറിന്‍ പള്ളിയില്‍ നിന്നും മടങ്ങുന്ന വഴിയാണു അശ്വിനിയെ കാണാന്‍ വന്നത്. അശ്വിനി അവളുടെ പുതിയ സാരിയെ കമന്റടിച്ചു.  മെറിന്‍  ചോദ്യങ്ങള്‍ കൊണ്ടു അശ്വിനിയെ ശല്യപ്പെടുത്തിയില്ല, പകരം പള്ളിയില്‍ നിന്നും സാരിക്കു കിട്ടിയ അഭിനന്ദനങ്ങളെപ്പറ്റി വിസ്തരിച്ചു.  അടുത്തു കേട്ട് നിന്നവരും അവള്‍ സുന്ദരിയാണെന്ന് വിചാരിച്ചിട്ടുണ്ടാവും എന്നു പറഞ്ഞു.  കേള്‍ക്കുന്നതെല്ലാം അതേപടി വിഴുങ്ങുന്ന പാവം മെറിന്‍.  
ഗ്ലും  ഗ്ലം ഗ്ലം
മധുരം!!! ...ധുരം രം....!!! 
 
സഹനം, ക്ഷമ, പ്രാര്‍ത്ഥന, സത് വിചാരങ്ങള്‍, എല്ലാം പാക്ക് ചെയ്ത് പല സൂട്ട്‌കേസുകള്‍ക്കകത്താക്കി കൊണ്ടുവന്നത് എല്ലാംകൂടി മുറയുടെ നടുക്ക് ഇറക്കിവെച്ചിട്ട് കാഴ്ചക്കാര്‍ പിരിഞ്ഞു പോയി.  വിശന്നിട്ടും പുളിച്ചുപോയ സഹതാപം കൂട്ടി ഭക്ഷണം കഴിക്കാന്‍ തോന്നാതെ അശ്വിനി പുറം കസേരയിലിരുന്നു.  ഒഫീസിലിരിക്കുന്നതാണ് സമയം പോവാന്‍ എളുപ്പമെന്നവള്‍ക്ക് മനസ്സിലായി.         
അസൂയക്കാറ്റ് ബാര്‍ബിക്യൂവിന്റെ കരിഞ്ഞ മണമെടുത്തു പട്ടംപറത്തിക്കളിച്ചു.  തൊട്ടടുത്ത് ഏതോ ഒരുവീട്ടില്‍ ആളുകള്‍ സ്‌നേഹത്തോടെ ഭക്ഷണം ചുട്ടെടുക്കുന്നു.  ബിയറും വൈനും മൊത്തി മൊത്തി വിശേഷങ്ങള്‍ പറഞ്ഞു ചിരിക്കുന്നു.  വയറു നിറഞ്ഞിട്ടും സ്‌നേഹനിര്‍ബ്ബന്ധംകൊണ്ടു അല്ലെങ്കില്‍ സ്വാദുകൊണ്ട് വീണ്ടും കഴിക്കുന്നു.  തിങ്കളാഴ്ചയെ വെറുക്കുന്നു. 
Happy families are all alike! *   
 
മോഹന്‍ വീടിനുള്ളില്‍ തന്നെ ചടഞ്ഞിരുന്നു.  പുല്ലില്‍ വളര്‍ന്നുനില്‍ക്കുന്ന ഡാന്റലൈനുകള്‍ അശ്വിനിയെ അസ്വസ്ഥയാക്കി. അശ്വിനി ആയുധങ്ങളുമായി പുറത്തിറങ്ങി. അത്തപ്പൂവിടാന്‍ പൂക്കള്‍ ചോദിച്ചാണ് വിദ്യ ആദ്യം അശ്വിനിയുടെ വീട്ടില്‍ വരുന്നത്.   
അശ്വിനിടെ മുറ്റം ഒരു ഉത്സവം പോലെയാണ്. പുല്ലിനകത്ത് ഒരു കളയില്ല. ചെടീല് ഒരു ഒണക്കെലയില്ല. പിക്ചര്‍ പെര്‍ഫെക്ട്! 
പിക്ചര്‍ പെര്‍ഫെക്ട് ആയില്ലെങ്കിലും മുറ്റത്തിനു ക്യാന്‍സര്‍ പിടിക്കാന്‍ പാടില്ല. കീര്‍ത്തനയുടെ സ്‌കൂളില്‍ നിന്നും വളവു തിരിഞ്ഞാല്‍ നാലാമത്തെ വീടാണ് സോയിയുടേത്.  സോയീടെ അമ്മക്ക് സുഖമില്ല, പിന്നെ കീമോ എന്നൊക്കെ കീര്‍ത്തന വാര്‍ത്തകള്‍ കൈമാറുമ്പോള്‍ സങ്കോചമില്ലാതെ ആ വീട്ടിലേക്ക് അശ്വിനി കിഴിച്ചുനോക്കിയിട്ടുണ്ട്.  ദിവസവും സ്‌കൂളിലേക്കും തിരികേയുമുള്ള യാത്രയിലും. വെട്ടാന്‍ നേരം കഴിഞ്ഞുപോയ പുല്ലു പല വലിപ്പത്തില്‍. ഇടയ്ക്കിടെ ഉണങ്ങിയ തവിട്ടു നിറത്തില്‍ നിന്നിരുന്നതു കണ്ടു അത് നന്നാക്കിയെടുക്കണമെന്നു അന്നു അശ്വിനിക്ക് തോന്നിയിരുന്നു.  പക്ഷെ, ഒരിക്കല്‍പ്പോലും ഒരു സഹായവും അവര്‍ക്ക് വാഗ്ദാനം ചെയ്തില്ല.   അതൊക്കെയോര്‍ത്ത് അശ്വിനി കാറ്റടിച്ചിട്ട കരിയിലകള്‍ ചെടികള്‍ക്കിടയില്‍ നിന്നും മാറ്റി. ടൂലിപ്പിന്റെ  വീണു തുടങ്ങിയ ഇലകള്‍ മുറിച്ചു കളഞ്ഞു.  ഫോര്‍സൈത്യയെ കോതി അച്ചടക്കത്തിലാക്കി. ആര്‍ത്തു വരുന്ന കളകള്‍ പറിച്ചു മാറ്റി. ഡേ ലില്ലിയുടെ കരിഞ്ഞ ഇലകളെല്ലാം പറിച്ചുമാറ്റി.
  
മോഹന്‍ പുറത്തിറങ്ങി കൈകള്‍ കണ്ണിനു മറപിടിച്ച് ചോദിച്ചു
ഇതാരെ ഇമ്പ്രസ്സ് ചെയ്യാന്‍ വേണ്ടീട്ടാ?  
മോഹനു ഇമ്പ്രസ്സ് ചെയ്യുന്നതില്‍ മാത്രമേ വിശ്വാസമുള്ളു!
എന്നെ.  എന്നെ ഇമ്പ്രസ്സ് ചെയ്യാന്‍ വേണ്ടീട്ട്.
ഹല്ലപിന്നെ!! എന്റെ ജീവിതത്തില്‍ എനിക്ക് പ്രസക്തിയില്ലേ? 
ഞായറാഴ്ച ഉച്ചപ്പടം വന്നിട്ടുണ്ട്. ഹിന്ദി സിനിമകള്‍ ഇടക്കൊക്കെയെ വരാറുള്ളൂ. അതു പറയാന്‍ വന്നതായിരുന്നു മോഹന്‍.  
നല്ല സിനിമേണെന്ന് ഫേസ്ബുക്കില്‍ കമന്റു കണ്ടു. പോവാം. മോഹന്‍ ഉത്സാഹിപ്പിച്ചു.  അത്രയും സമയം സ്‌ക്രീനില്‍ മനസ്സുറപ്പിക്കാം എന്ന ആശ്വാസത്തില്‍ അശ്വിനി പുറപ്പെട്ടൂ.   സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ മെറിനും ശാന്തിയും മിത്രയും വിദ്യയോടു സംസാരിച്ചു നില്‍ക്കുന്നത് കണ്ട് ആദ്യം കാണാത്ത മട്ടില്‍ പോവാന്‍ അശ്വിനി ഒരുമ്പെട്ടൂ.  
 
ഓ ആഷ്!
അശ്വിനി വരില്ലാന്ന് കരുതി.
ന്താ, ഞാനേത് സിനിമയാണ് വിട്ടിട്ടുള്ളത്?
അല്ല, വയ്യാണ്ടിരിക്കുമ്പോ. അതുകൊണ്ടാ ഞങ്ങള് വിളിക്കാതിരുന്നെ. 
ഉം, കിടപ്പായിപോയിട്ടില്ല. സര്‍ജറിവരെ ഞാന്‍ ഫ്രീയാണ്.
വാ, പോവ്വാം.
മോഹന്‍ അശ്വിനിയുടെ കൈമുട്ടില്‍ ബലമായി പിടിച്ചു പറഞ്ഞു.  തിയറ്ററിനു പുറത്തിറങ്ങി സംസാരിച്ചു നില്‍ക്കുന്നവരെ വകഞ്ഞുമാറ്റി മോഹന്‍ തിരക്കിട്ട് കാറിടത്തിലേക്ക് നടക്കുകയാണ്.   
എന്തു കോപ്പു സിനിമ! ഈ ചവറൊക്കെ നല്ലതാണെന്ന് പറഞ്ഞവരെ തല്ലണം!അശ്വിനി പല്ലുകടിച്ചു. 
വോള്യം ഇത്തിരി കുറച്ചു സംസാരിച്ചൂടെ?കാറിന്റെ വാതിലടച്ചതും മോഹന്റെ ചോദ്യവും ഒന്നിച്ചായിരുന്നു. 
ങേ, ഞാന്‍ ഒച്ചത്തിലാ സംസാരിച്ചത്?
ഇല്ലാ പിന്നെ! നാട്ടുകാര് മുഴുവന്‍ തല തിരിച്ചു നോക്കണ കണ്ടില്ലേ?  
കുറച്ചൊന്നു കഴിഞ്ഞ് അശ്വിനി പറഞ്ഞു.മെറിനും ശാന്തിയും മിത്രയും സിനിമക്ക് വരുന്ന കാര്യം എന്നോട് പറഞ്ഞില്ല.
ഉം
ഇന്നലെയും നമ്മള്‍ കണ്ടതല്ലേ അവരെ?  
അവര് ഇന്നായിരിക്കും തീരുമാനിച്ചത്.
 
ആ ഉത്തരം തെറ്റാണ്. അശ്വിനിക്ക് കുറ്റക്കാരനെ ബെഞ്ചില്‍ കയറ്റി നിര്‍ത്തി ചൂരലുകൊണ്ടടിക്കണമെന്നു തോന്നി. വിഷയത്തില്‍ ശ്രദ്ധയില്ലാത്ത കുട്ടി! വിശദാംശങ്ങള്‍ പഠിക്കാതെ ഉത്തരം പറയുന്നു!ഇന്നു തീരുമാനിച്ചതല്ല. അത് അശ്വിനിക്ക് കൃത്യമായി അറിയാം. ഇന്നാണ് തീരുമാനിച്ചതെങ്കില്‍ തന്നെ അവര്‍ക്ക് അശ്വിനിയെയും വിളിച്ചുകൂടെ? ചിലപ്പോള്‍ അവര്‍ ഉച്ചയൂണ് ഒന്നിച്ചു കഴിച്ചിട്ടായിരിക്കും വന്നിരിക്കുന്നത്. ഹോട്ട് ഗ്രില്‍ റെസ്റ്റോറന്റില്‍ നിന്നും ബിരിയാണിയും ലസ്സിയും  കഴിച്ചിട്ടുണ്ടാവും.  അല്ലെങ്കില്‍ സിനിമ കഴിഞ്ഞ് ഒന്നിച്ചു കൂടാനുള്ള പരിപാടിയിട്ടിട്ടുണ്ടാവും. പഴയതു പോലെ. എല്ലാം പഴയതുപോലെ, അശ്വിനിയുടെ ജീവിതം ഒഴികെ! അത് ക്യാന്‍സര്‍ പേപ്പറില്‍ പൊതിഞ്ഞു മാറ്റി സൂക്ഷിച്ചിരിക്കുന്നു.  ഇന്നത്തെ ചര്‍ച്ചാ വിഷയത്തില്‍ പ്രധാനം അശ്വിനിയും അവളുടെ മുലയും ആയിരിക്കും. 
 
അശ്വിനിയുടെ ചങ്ക് ക്രിക്കറ്റ് മൈതാനം പോലെ  കിടന്നു.  വാശിയും ആരവവും ഒഴിഞ്ഞ്, നിരപ്പായി. ചെറിയൊരു ഒച്ചയും പ്രതിധ്വനിപ്പിക്കുമെന്ന് ഭയപ്പെടുത്തിക്കൊണ്ട്.  വിലാസവതികളായ ചിയര്‍ ലീഡേഴ്‌സ് ഏതു കളത്തിലാണ്  ഇപ്പോള്‍ പ്രകടനം നടത്തുന്നത്?അശ്വിനി തിരിഞ്ഞിരുന്നു. മറിഞ്ഞിരുന്നു. തോല്‍പ്പിക്കപ്പെട്ടവളെപ്പോലെ.  മോഹന് ഒന്നും പറയാനില്ല, അറിയാനില്ല. മോഹന്‍ ജോലിത്തിരക്കിലാണ്.  ഞായറാഴ്ച വൈകുന്നേരത്തിനു ഇത്രക്ക് ദൈര്‍ഘ്യം വെച്ചത് എങ്ങനെയാണ്?   
 
മനസ്സിനെ മറ്റെവിടെയെങ്കിലും കെട്ടിയിടാന്‍ അശ്വിനി പണിപ്പെട്ടു.  ഒടുക്കം അവള്‍ ഗൂഗിളിനോടു ചോദിച്ചു, ഗൂഗിള്‍ പറഞ്ഞുകൊടുത്ത പ്രതിവിധി ഒരു പുതിയ ഹോബി തുടങ്ങാനാണ്. പെട്ടെന്നുഫലം കാണുന്ന എന്തെങ്കിലുമാണ് ഏറ്റവുംനല്ലത്. അവരുടെ ഉദാഹരണത്തിലെ പച്ചക്കറിത്തോട്ടം അശ്വിനിക്ക് ഇഷ്ടപ്പെട്ടു.  കാനഡയില്‍ മെയ്മാസത്തില്‍ നടുന്ന പച്ചക്കറികള്‍ കഷ്ടിച്ചു നാലുമാസംകൊണ്ടു വളര്‍ന്നു പൂത്തുകായ്ച്ചു ജീവിതം തീര്‍ക്കുന്നതു കാണ്മുന്നില്‍ കാണാന്‍ പറ്റും.  അങ്ങനെ ആ ഹോബിയില്‍ മനസ്സുവെക്കാന്‍ അശ്വിനി തീരുമാനിച്ചു.  അശ്വിനി എല്ലാവര്‍ഷവും തക്കാളി നടും.  ഇടയ്ക്ക് ബോറടിക്കാന്‍ സമയം കിട്ടിയാല്‍ അതിനു വെള്ളമൊഴിക്കും. തക്കാളിക്കായ പറിക്കും.
 
ഇടത്തേ കൈയില്‍ വൈന്‍ ഗ്ലാസും വലം കൈയില്‍ ഓസുമായി ചെടികള്‍ക്കു വെള്ളമൊഴിക്കുന്നതാണ് അശ്വിനിയുടെ വൈകുന്നേരത്തെ മള്‍ട്ടി ടാസ്‌ക്കിംഗ്.  പൂച്ചെടികളെല്ലാം കഴിഞ്ഞു സമയം അധികം വന്നാലേ പാവം തക്കാളിച്ചെടികള്‍ക്ക് വെള്ളം കിട്ടാറുള്ളൂ.  അധികം ചൂടു വരുന്ന വര്‍ഷങ്ങളില്‍ അതൊക്കെ ഉണങ്ങിപ്പോവും അല്ലെങ്കില്‍ ശുഷ്‌ക്കിച്ച കായകളുമായി വാടി നില്‍ക്കും. 
ഈ വര്‍ഷം കൂടുതല്‍ പച്ചക്കറിത്തെകള്‍ വാങ്ങണമെന്നു കരുതിയാണ് അശ്വിനി പുറപ്പെട്ടത്. കടയുടെ പുറത്തായി ഒരു കാടുണ്ടാക്കാനുള്ളത്രയും ചെടികള്‍ നിരത്തിവെച്ചിട്ടുണ്ടായിരുന്നു. പച്ചക്കറിച്ചെടികള്‍നിരന്നിരിക്കുന്ന ഷെല്‍ഫിലേക്ക് അശ്വിനി തിരിഞ്ഞു. പാവല്‍, വെള്ളരി, വെണ്ട, വഴുതന, തക്കാളി, മുളക്.... ഇതില്‍ ഏതൊക്കെ വാങ്ങണം?     
 
പെട്ടെന്നാണ് സൌദാമിനി മുന്നില്‍ വന്നു പെട്ടത്.  അശ്വിനി ഉപചാരപൂര്‍വ്വം ചിരിച്ചു.     
അശ്വിനി മോളെ എങ്ങനെയിരിക്കുന്നു.
സുഖമായിരിക്കുന്നു ചേച്ചീ. സൌദാമിനിയുടെ മുടിയില്‍ കാറ്റ് കുരുക്കിട്ടു രസിക്കുന്നത് നോക്കി അശ്വിനി പറഞ്ഞു.  
ചെടികളുടെ പേരും അതിന്റെ സംരക്ഷണക്രമങ്ങളും വായിച്ച് അശ്വിനി പിന്നെയും ചുറ്റി നടന്നു.  വെള്ളരിക്ക് പടര്‍ന്നു കയറാന്‍ ഇടം വേണം. മുളകുകള്‍ രണ്ടടി അകലത്തില്‍ നടണം. സൌദാമിനി വീണ്ടും കുറുകെ വന്നു.
നല്ലായിട്ട് വള്ളി വീശിയതെടുക്കണം. ദേ, ഈ സൈടി ഒണ്ട്. ഇന്നാ.
വെള്ളരിവള്ളികള്‍ അശ്വിനിക്ക് നേരെ കൈ നിട്ടി. എന്നെ എടുക്ക് എന്നാവശ്യപ്പെടുന്ന കുട്ടിയെപ്പോലെ. 
മോക്ക് സുഖമില്ലാരുന്നു അല്യോ. വൈകുന്നേരത്തെ സൂര്യന്റെ വെളിച്ചം അവരുടെ മുഖത്തിന്റെ വിളര്‍പ്പ് കൂട്ടിയിട്ടുണ്ടെന്നു അശ്വിനിക്കു തോന്നി.  കാറ്റില്‍ ചൂട് കുറയുന്നില്ല.  
ഉം 
മൂളലിനൊന്നു പുറത്തേക്കു വരാന്‍ എന്തൊരു ഗമയാണ്, 
ക്യാന്‍സറാന്നു കണ്‍ഫേം ചെയ്താരുന്നോ? 
ഉവ്വ.
തലയാട്ടണം, തലയാട്ടല്‍ മറക്കരുത്.
അവരുടെ മുഖത്തെ പെരിഫറല്‍ ക്യാപ്പില്ലറികളില്‍ രക്തം നിറയുന്നത് അശ്വിനിക്ക് അറിയാം. കണ്ണുകള്‍ കുറച്ചൊന്നു കൂമ്പുന്നു.
ഛെ, ഈ സൂര്യന് അസ്തമിച്ചു കൂടെ? പെട്രോമാക്‌സ് കത്തിച്ചു പിടിച്ച് നില്‍ക്കേണ്ട വല്ല ആവശ്യവുമുണ്ടോ? 
ഒന്നുകൂടി അടുത്തേക്ക് ചേര്‍ന്നു നിന്നു ശബ്ദം താഴ്ത്തി, വായ്‌നാറ്റം പക്ര്!ന്ന് സൌദാമിനി മന്ത്രിച്ചു
ബ്രെസ്റ്റിനാ അല്ലെ?
ങാ അതേ, 
ഏതാ ലെഫ്റ്റ് ആണോ, റൈറ്റ് ആണോ?
 
ഇവരുടെ കൈയില്‍ ഓരോന്നിനും പ്രത്യേക ഒറ്റമൂലികള്‍ ഉണ്ടാവുമോ? 
സര്‍ജറി ഉടനെ ഉണ്ടാവും.  ഞാന്‍ പോവട്ടെ. മോഹന്‍ പുറത്ത് കാത്തു നില്‍പ്പുണ്ട്.  
 
അശ്വിനി കാറില്‍ കയറി ഓടിച്ചു പോവുമ്പോള്‍ അവര്‍ നോക്കി നില്‍പ്പുണ്ടാവും എന്ന് വേവലാതിപ്പെട്ടില്ല.  പകരം അവള്‍ കാറിലെ റേഡിയോയെ, റോഡിലെ ചുവന്നു പോയ ട്രാഫിക് ലൈറ്റിനെ, കണ്ണിലേക്ക് അടിച്ച് കാഴ്ചമറക്കുന്ന സൂര്യനെ, പിന്നെ വഴിയില്‍ കണ്ടതിനെയൊക്കെ ഉച്ചത്തില്‍ വഴക്കു പറഞ്ഞു.   
അപ്പോഴാണ് അഷര്‍ പാട്ടു തുടങ്ങിയത്...  
I'm so, caught up
Got me feeling it, caught up  
ഊഹ!.... സ്പീക്കറിനെ തൊള്ള തുറക്കാന്‍ വിട്ടുകൊടുത്ത് അശ്വിനിയും കാറും നിഴല്‍ മരങ്ങള്‍ക്ക് നടുവിലൂടെ സരിഗമപധനി.സ..സ..സ..
 
 
Content Highlights: women Manjil Oruval novel by Nirmala Part 14