The Magic word

ടുക്കം വിരലുകളെ അനുനയിപ്പിച്ച് അശ്വിനി ട്രാവിസിനു മെസേജയച്ചു.
'നാളെ രാവിലെ എപ്പോഴാണ് കാണാന്‍ സൗകര്യപ്പെടുന്നത്. നീട്ടിവെക്കാനാവാത്ത ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്.'
പതിനഞ്ചു മിനിറ്റിനകം അശ്വിനിക്ക് ട്രാവിസിന്റെ മറുപടികിട്ടി. 'ഒന്‍പതു മണിക്കാണ് എന്റെ ആദ്യത്തെ മീറ്റിംഗ്. എട്ടുമണിക്ക് ഞാന്‍ ഓഫീസില്‍ എത്താം. നാല്‍പത്  നാല്‍പത്തിയഞ്ചു മിനിറ്റ് നമുക്ക് സംസാരിക്കാം. ശേഷമുള്ളത് അഞ്ചുമണി കഴിഞ്ഞു തീരുമാനിക്കാം.' 
അശ്വിനി ട്രാവിസിന്റെ വാചകങ്ങള്‍ വീണ്ടും വീണ്ടും പഠിച്ചു. സംയമനം വിടാത്ത പെരുമാറ്റമാണ് അയാളുടേത്. എന്താണ്, എന്തിനാണ്, വ്യക്തിപരമാണോ, സ്വീഡിഷ് പ്രൊജക്ടിനു പ്രശ്നമുണ്ടോ തുടങ്ങിയ ചോദ്യങ്ങളൊന്നും ഇല്ല. ശരി നാളെ കാണാം എന്നൊരു ഒഴുക്കന്‍ മറുപടിയുമല്ല. ഇത്തരം മീറ്റിംഗുകള്‍ അശ്വിനി അധികം ആവശ്യപ്പെടാറില്ലാത്തതാണ്.  അതുകൊണ്ട് ഗൗരവമുള്ള വിഷയമാണെന്ന് ട്രാവിസ് മനസ്സിലാക്കിയിട്ടുണ്ട്.  നാല്‍പത്  നാല്‍പത്തിയഞ്ചു മിനിറ്റ് സംസാരം. അതിനു ശേഷം അടുത്ത മീറ്റിംഗിലേക്ക് പോവുന്നതിനു മുമ്പ് പതിനഞ്ചു ഇരുപതു മിനിറ്റ് ഇടവേളയുണ്ടാവും.  വിഷയം ഉള്‍ക്കൊള്ളാനുള്ള  സമയമാണത്. അടുത്ത മീറ്റിംഗില്‍ എത്തുമ്പോള്‍ ട്രാവിസ് പൂര്‍ണമായും സമചിത്തനായിരിക്കും. പ്രശ്നങ്ങള്‍ അറിഞ്ഞിട്ടു പകല്‍ തിരക്കുകള്‍ക്കു ശേഷം വൈകുന്നേരം ശാന്തമായി ആലോചിച്ചു തീരുമാനിക്കാം എന്നാണെഴുതിയിരിക്കുന്നത്.  

പതിവില്ലാത്തപോലെ ഞായറാഴ്ച രാത്രി തന്നെ അശ്വിനി പിറ്റേന്നു ജോലിക്കു പോവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് ഒന്നുകൂടി  നോക്കി. ഇനിയെന്തെങ്കിലും ചെയ്യാനുണ്ടോ? പറയാനുള്ളതൊക്കെ അശ്വിനി ആവര്ത്തിച്ച് ഉരുവിട്ടു നോക്കി.  ഒരിക്കലും മതിയാകാതെ കൂടെ കെട്ടിപ്പിടിച്ചു നിന്നിരുന്ന ഉറക്കം, അശ്വിനിയെ ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞിരുന്നു.  
'റാണാ, help me'
'നിന്റെ മുറിയിലേക്ക് ജോലിക്കാരിലൊരാള്‍ വന്ന് ക്യാന്‍സറാണെന്നു പറയുമ്പോള്‍ എന്തൊക്കെയാവും നിന്റെ ചിന്ത?''

ജോലിയിലെ ദുര്‍ഘടസന്ദര്‍ഭങ്ങള്‍ നേരിടാനുള്ള പരിശീലനം എന്താണ് പഠിപ്പിച്ചിരിക്കുന്നത്? സാധ്യതകളെ പഠിക്കുക, അതിനെ നേരിടാന്‍ തയ്യാറാവുക. മറ്റൊരാള്‍ക്ക് ഈ അവസരത്തില്‍ നിങ്ങള്‍ എന്തുപദേശം കൊടുക്കും എന്നു ചിന്തിക്കുക. അത്, പ്രശ്നത്തെ പുറത്തു നിന്ന് കാണാന്‍ അവസരം നല്കും. ട്രാവിസിന്റെ പ്രതികരണം? അത് അശ്വിനിയുടെ പ്രശ്നമല്ല. അത് ട്രാവിസിന്റെ പ്രശ്നമാണ്. കാര്യങ്ങള്‍ പറയുക, കൃത്യമായി, അതു മാത്രമാണ് അശ്വിനിയുടെ ജോലി.  

സ്വീഡിഷ് പ്രോജക്ടിന്റെ വ്യക്തമായ രൂപരേഖ അശ്വിനി തയ്യാറാക്കിയിട്ടുണ്ട്. സൂക്ഷമമായ മേല്‍നോട്ടം ഉണ്ടായാല്‍ മതി. ശ്രദ്ധിക്കേണ്ട ഇടങ്ങള്‍, കൃത്യമായി അടയാളപ്പെടുത്താം. ചുമതല ഏറ്റെടുക്കുന്ന ആള്‍ക്ക് എളുപ്പമാവും.  

ഓഫീസിലേക്ക് പോകുന്ന വഴി അശ്വിനി രണ്ടു കാപ്പി വാങ്ങി. അമിത വികാരങ്ങളെ ഒളിപ്പിക്കാന്‍ കാപ്പി നല്ലൊരു കവചമായിരിക്കും. അശ്വിനിക്ക് മാത്രമല്ല, ട്രാവിസിനും. ട്രാവിസ് ഇരുകൈകളുടെയും ചൂണ്ടുവിരലുകള് നീട്ടി ചേര്‍ത്തു പിടിച്ചു മറ്റുവിരലുകളെല്ലാം മടക്കി തോക്കു പിടിക്കുന്നതു പോലെയിരുന്നാണ് കഥ കേട്ടത്. അയാളുടെ മുഖത്തെ രക്തം ഇല്ലാതായിപ്പോകുന്നത് കണ്ടപ്പോള്‍ കണ്ടപ്പോള്‍ അശ്വിനി അസ്വസ്ഥയായി.  
But I will make sure that the project won't suffer. പിന്നെ ഞാന്‍ കഴിയുന്നത്ര ഇവിടെ വന്നോ വീട്ടില്‍ നിന്നോ പുരോഗതി പരിശോധിക്കുകയും ചെയ്യാം...  
പറഞ്ഞു തീര്‍ക്കാന്‍ അനുവദിക്കാതെ ട്രാവിസ് ഡെസ്‌ക്കുചുറ്റി അശ്വിനിയുടെ അരികില്‍ വന്നു അവളെ കെട്ടിപ്പിടിച്ചു.  
'That is the last thing you should be concerned about at the moment!'

അശ്വിനി ഓര്‍ത്തു വെച്ച വാക്കുകളും വാചകങ്ങളും എങ്ങോട്ടാണ് മാര്‍ച്ച് ചെയ്തു പോയത്?  കവാത്തു മറക്കരുതെന്നു പറഞ്ഞു, മുഴുത്ത കടുത്ത വാചകങ്ങളായിരുന്നില്ലേ അശ്വിനി പ്രത്യേകമായി സ്വരുക്കൂട്ടി വെച്ചിരുന്നത്?! അതെല്ലാം എങ്ങോട്ടാണ് ഓടിക്കളഞ്ഞത്?
എന്താണ് പറയേണ്ടത് എന്നറിയില്ല എന്ന സത്യസന്ധതയോടെ ട്രാവിസ് പറഞ്ഞു. എത്ര സമയം വേണമെങ്കിലും അവധിയെടുക്കാം.  ഹ്യൂമന് റിസോഴ്സസ് ഡിപ്പാര്‍ട്ടുമെന്റില്‍ ട്രാവിസ് തന്നെ വിളിച്ചു പറഞ്ഞു എല്ലാം ക്രമീകരിക്കും.
-I will make sure that they will do it discreetly. ഓഫീസിലെ ജോലി ഓര്‍ത്ത് വിചാരപ്പെടെണ്ട.  ആരോഗ്യം വീണ്ടെടുക്കുക മാത്രമാണ് അശ്വിനിയുടെ ജോലി.  

നാല്‍പത്  നാല്‍പത്തിയഞ്ചു മിനിറ്റ് പറന്നുപോയി.  തണുത്തു മലച്ചിരുന്ന കാപ്പി ട്രാവിസിന്റെ വട്ടമേശയില്‍ ഉപേക്ഷിച്ച് അശ്വിനി സ്വന്തം ഓഫീസിലേക്ക് പോയി.  ജീവിതത്തില്‍ ആദ്യമായി ഇനിയെന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ അസിസ്റ്റന്റ് ഡയറക്ടര്‍ കൈയില്‍ മുഖം താങ്ങിയിരുന്നു. സ്‌ക്രീനില്‍ നിന്നും പ്രോജക്ട് ചാര്‍ട്ട്് അവളെ തുറിച്ചുനോക്കി.  പ്രോജക്ട് പ്ലാനില്  ഇല്ലാത്ത ടാസ്‌ക്കുകള്‍ അശ്വിനിയെ വെല്ലുവിളിച്ചു.

പ്രോജകട് ടീമിനോട് താന്‍ തന്നെ നേരിട്ടു പറയാം എന്ന് അശ്വിനി പറഞ്ഞിരുന്നു. കേട്ടുകേഴ്‌വിയും ഊഹാപോഹങ്ങളും ഒഴിവാക്കാം. ടീമിലെ അംഗങ്ങള്‍ക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ അശ്വിനി തന്നെ മറുപടിപറയുകയും ചെയ്യും. ഹ്യൂമന്‍ റിസോഴ്സില്‍ നിന്നും ഹേലി അശ്വിനിയെ സഹായിക്കാനെത്തി.  ചോദ്യങ്ങളെ എങ്ങനെ നേരിടാം, ടീമിലുള്ള ആരെങ്കിലും കരഞ്ഞാല്‍ എന്തു ചെയ്യണം എന്നൊക്കെയുള്ള തയാറെടുപ്പുകളിലൂടെ ഹേലി ക്ഷമയോടെ കടന്നുപോയി.    

സംയമനത്തോടെ അശ്വിനി ജോലിക്കാരെ അഭിമുഖീകരിച്ചു.ധൃതരാഷ്ട്രരുടെ കെട്ടിപ്പിടുത്തങ്ങളും, യൂദായുടെ ചുംബനങ്ങളും, ആശ്വാസവാക്കുകളും, നന്മാശംസകളുമായി മീറ്റിംഗ് അവസാനിച്ചു. അശ്വിനി ചിരിച്ചുകൊണ്ട് തന്നെ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.
''ശരി റാണ, ലഞ്ച് പുറത്തു തന്നെ!''

ഉച്ചയൊഴിവു കഴിഞ്ഞു അശ്വിനി വരുമ്പോള്‍ മേശപ്പുറത്ത് ഒരു കുട്ടപ്പൂവ് അവളെ കാത്തിരുപ്പുണ്ടായിരുന്നു. അതിനു മുകളില്‍ പൂമ്പാറ്റ പോലെ അരുമയോടെ ചരിഞ്ഞിരിക്കുന്ന കാര്‍ഡ് അശ്വിനി തുറന്നു. എഞ്ചനീയറിംഗ് ടെക്നോളജിസ്റ്റ് സ്‌കൈലറിന്റെ വടിവുള്ള അക്ഷരങ്ങള്‍, പെട്ടെന്നു തന്നെ രോഗം ഭേദമാവട്ടെ എന്ന് ആശംസിച്ചിരിക്കുന്നു. അടുത്ത വരിയില്‍ പതിവു കുസൃതിയുമുണ്ട്: ''നീ വീണ്ടും ഈ പുരുഷന്മാരെ തോല്‍പിച്ചിരിക്കുന്നു. അവന്മാര്‍ക്കു സാധിക്കാത്തതല്ലേ'  

മോഹന്‍ ഇതു കണ്ടാല്‍ വാദിക്കും, പുരുഷന്മാര്‍ക്കും സ്തനാര്‍ബുദം  വരുന്നുണ്ട്.  അതിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. പിന്നെ സ്ഥിതിവിവരശാസ്ത്രം, തെളിവുകള്‍, പഠനങ്ങള്‍, നിഗമനങ്ങള്‍ എല്ലാം നിരത്തി വിശദമാക്കും. ഒരാളുടെ ലളിതമായ നിര്‍ദേശത്തെയോ തമാശയെയോ മോഹന്‍ വെറുതെ വിടില്ല.  കീറിമുറിച്ച് തുണ്ടും തുണ്ടമാക്കി പുഴയിലെറിഞ്ഞു കളയുമ്പോള്‍ മോഹനൊരു പ്രത്യേക സുഖം കിട്ടുന്നുണ്ടാവും.  

നന്ദി പറയാന് സ്‌കൈലറിനെ വിളിക്കുന്നതിനു മുന്‍പ് മേശയുടെ മൂലയിലിരുന്ന ക്ലീനക്സ് ബോക്സ് അശ്വിനി അടുത്തേക്ക് നീക്കി വെച്ചു. മോനിറ്ററിനോട് ചേര്‍ന്ന്, കൈയെത്താവുന്ന ദൂരത്തില്‍.  സ്‌കൈലറിനോടു  സംസാരിക്കുമ്പോള്‍ അശ്വിനിയുടെ ചങ്ക് വാരിയെല്ലു തകര്‍ത്ത് ഉടനെ പുറത്തു ചാടുമെന്നു ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.  

വൈകുന്നേരം വീടിനു മുന്നില്‍ കാറ് പാര്‍ക്ക് ചെയ്തു,  ബാഗുകളും താക്കോലുമായി പുറത്തിറങ്ങുമ്പോള്‍ അശ്വിനി കണ്ണുയര്‍ത്തി മുറ്റത്തേക്ക് നോക്കി.  മഞ്ഞും തണുപ്പും വെറും ഓര്‍മ്മ മാത്രമായിരിക്കുന്നു.  ടൂലിപ്പ് പൂവുകള്‍ കൊഴിഞ്ഞും നിറംകെട്ടും നില്ക്കുന്നു. ആര്‍ത്തലച്ചു വരുന്നു പൂവുകള്‍ക്കെല്ലാം ആഴ്ചകളുടെ ആയുസേയുള്ളൂ.  പുല്ല് പച്ചപിടിച്ചു വരുന്നു.  നടപ്പാതയോട് ചേര്‍ന്നു നില്ക്കുന്ന മരത്തിനു ചുറ്റുമായി ഡേ ലില്ലിയും സീഡവും അതിരുവിട്ടു പടര്‍ന്നിട്ടുണ്ട്.    

നീളന് തൂണുകള്‍ കാവല്‍ നില്‍ക്കുന്ന പടികള്‍ കയറി, വാതില്‍ തുറന്ന് അകത്തേക്കു കാല്  വെക്കുന്നതായിരുന്നു അശ്വിനിയുടെ ദിവസത്തിലെ ഏറ്റവും ആഹ്ളാദകരമായ നിമിഷം.  ഹൈഹീല്‍ ഷൂസ് ഊരിമാറ്റുമ്പോള്‍ കാലുകള്‍ ഹാവൂന്ന് പറയുന്നത് അവള്‍ക്ക് കേള്‍ക്കാം. ടൈലിന്റെ തണുപ്പില്‍ പ്രണയപരവശമാകുന്ന പാദങ്ങള്‍ ഉച്ചത്തില്‍  ധൃതികൂട്ടി കോണികയറും.  ഒരു ദിവസത്തിന്റെ വിയര്‍പ്പും ക്ഷീണവും വിമുഖതകളും, സ്ട്രെസ്സും അഭിനന്ദനങ്ങളും, സൗഹൃദങ്ങളും പരിചയങ്ങളും, സംയമനവും ആവേശവും, മര്യാദകളും കുറുമ്പും, കുരുത്തക്കേടും വികൃതിയും, ദ്രോഹവും, ക്ഷതിയും, ശല്യങ്ങളും, കുഴപ്പങ്ങളും നന്മയും കണ്ടറിഞ്ഞ വസ്ത്രങ്ങളെ പൂര്‍ണമായും ഉപേക്ഷിച്ച് അയഞ്ഞ പൈജാമയിലേക്ക് മാറുമ്പോള്‍ അശ്വിനിയുടെ അടുത്ത അവതാരം ആട്ടം തുടങ്ങുകയായി.

'കീര്‍ത്തന നീ സ്‌കൂളീന്ന് വന്നിട്ട് എന്താ കഴിച്ചത്? ഫ്രൂട്ട്സ് എന്തെങ്കിലും കഴിച്ചോ?''
തണുപ്പു അധികമില്ലാത്ത ദിവസങ്ങളില് കീര്‍ത്തനക്കും മമ്മുവിനും മോഹനെത്തുന്നതു വരെ മുറ്റത്ത് കളിക്കാം. ചൂടുകാലത്ത് പുറത്തെ ഊഞ്ഞാല് സോഫയിലിരുന്ന് അശ്വിനി ചിലപ്പോള്‍് ജോലിയിലെ റിപ്പോര്‍ട്ടുകള്‍ നോക്കും.  അതൊന്നു തീരുന്നതിനു മുമ്പേ അത്താഴ സമയമാവും.അതെല്ലാം കാലഹരണപ്പെട്ട ശീലങ്ങള്‍!  

വീടിനകത്ത് കെട്ടിക്കിടക്കുന്ന വായുവില്‍ നിന്നും ഒരു ഗ്ലാസ് വൈനുമായി അശ്വിനി പുറത്തെ ചാരുകസേരയിലിരുന്നു. ലൈലാക്ക് നിറയെ വയലറ്റുപൂക്കളാണ്. പൂക്കുല ചാരുകസേരയില്‍ ചാഞ്ഞു തൊടുന്നുണ്ട്. പുത്തനിലകളില്‍ ഇക്കിളിയിട്ടുല്ലസിച്ച് കൂട്ടുകാരിക്കാറ്റു വന്നു. ലൈലാക്കിന്റെ മണം.... വസന്തത്തിന്റെ മണം...
അശ്വിനി സ്വെറ്റര്‍ ഒന്നുകൂടി ചേര്‍ത്തു പുതച്ചു. വൈന്‍ഗ്ലാസ് നിലത്ത് വെച്ചിട്ട് മര്യാദയില്ലാത്ത അശ്വിനി ശബ്ദംവെച്ചു.        
''നട്ടെല്ലില്ലാത്ത നാണം കേട്ട കാന്‍സര്‍!  ചടുപിടുന്നു പെരുകുന്ന നിനക്ക് അശ്വിനിയുടെ മുന്നില് വരാനുള്ള ധൈര്യമില്ല.  മോഹനെപ്പോലെ തന്നെ.  തൊലിക്കകത്ത്  പേശിക്കുള്ളില്‍ മുഖം പുറത്തു കാണിക്കാതെ പെറ്റുപെരുകാന്‍ നാണമില്ലാത്ത ചങ്കൂറ്റമില്ലാത്ത...!''  
''അതൊരു ഫെമിനിസ്റ്റിനു ചേര്‍ന്ന പ്രയോഗമല്ല.''
''ഫെമിനിസ്റ്റ് നിന്റെ അമ്മായമ്മ.  പോയേ റാണാ!''
''ടാസ്‌ക്ക് ലിസ്റ്റില്‍ ഒന്നു കഴിഞ്ഞു.  ഇനി കാന്‍സര്‍ സഹായികള്‍ തന്നുവിട്ട ലിസ്റ്റിലെ ബാക്കി കാര്യങ്ങള് കൂടി തീര്‍ക്കാനുണ്ട്.''  
റാണ വിഷയം മാറ്റാന് ശ്രമിച്ചു നോക്കി.
''നമുക്കൊരു സഹതാപാഘോഷം നടത്തിയാലോ റാണാ?  എല്ലാരേം വിളിച്ചു കൂട്ടി നെലോളീം നെഞ്ചത്തടിയും ഒക്യായിട്ടു.''  
''ഒരു ptiy patry  ആവശ്യമുണ്ടോ?''

മറച്ചും ഒളിച്ചും മതിയായിട്ടല്ല അശ്വിനിക്ക്.  എന്നാലും സര്‍ജറിക്കു മുമ്പ് കൂട്ടുകാരികളെ അറിയിക്കാതെ പറ്റില്ല എന്നവള്‍ക്കറിയാം.  പറയുന്നതെങ്ങിനെയാണ്? പറയാതിരിക്കുന്നതെങ്ങനെയാണ്.  ലാപ്ടോപ്പ് തുറന്നുവെച്ചിട്ടും  കുറെയേറെനേരം അശ്വിനിയുടെ വിരലുകള്‍ പരുങ്ങിനിന്നു. വിഷയത്തിന്റെ കോളത്തില്‍ എന്താണെഴുതെണ്ടത്? കാന്‍സര്‍ എന്നു  എന്തായാലും വേണ്ട.  എന്റെ പുതിയ സുഹൃത്ത് എന്നായാലോ? സുഹൃത്ത് എന്നു വിളിക്കുന്നത് ശരിയാവുമോ? ഒടുക്കം ന്യൂസ് അപ്പ്ഡേറ്റ് എന്ന ബോറന് തലക്കെട്ടാണ് അശ്വിനി തിരഞ്ഞെടുത്തത്.    
പ്രിയ സ്നേഹിതകളെ,
ഈയിടെയുള്ള പല കൂട്ടുചേരലിലും എനിക്കു വരാന്‍ പറ്റിയില്ല.  നിങ്ങള്‍ സംശയിക്കുന്നതു പോലെ എനിക്ക് പുതിയൊരാളെ കൂട്ടു കിട്ടിയതുകൊണ്ടുതന്നെ. പരിഭവിക്കേണ്ട, എന്റെ പുതിയ കൂട്ടാളിന്റെ പേര് കാന്‍സര്‍ എന്നാണു. വായടച്ചു പിടിക്ക്, ഇത് അന്താരാഷ്ട്ര ദുരന്തമൊന്നുമല്ല, വെറും ഒരു മുപ്പത്തിയാറു സി കപ്പിനുള്ളിലെ കൊടുങ്കാറ്റ്.  24-നു സര്‍ജറിയാണ്, പിന്നെ കീമോ തുടങ്ങിയ ശേഷാഘോഷങ്ങളുമുണ്ടാവും. എല്ലാവരേയും നേരിട്ടു വന്നു അറിയിക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു.
.........
അശ്വിനിയുടെ ഫോണ് നിര്‍ത്താതെ ബഹളം വെക്കാന്‍ തുടങ്ങി. ഒന്നു തീര്‍ത്ത് വെച്ചാലുടനെ ഫോണ്‍ പിന്നെയും നിലവിളിക്കും.
കൂട്ടുകാര്‍... സഹതാപം... താപം..പം.
സഹതാപക്കെട്ടുകള്‍ ഒഴുകിയൊഴുകി റിസീവറില്‍ പതച്ചു പൊങ്ങുന്നു.  

മോഹനുമാത്രം ഒന്നും പറയാനില്ല, ഒന്നും ചോദിക്കാനില്ല, ഒന്നു തൊടാന്‍ തന്നെ മനസ്സില്ല.  പിങ്കുനിറമുള്ള ഒരാന വീടിനകത്ത് കുടിപാര്‍ക്കുന്നത് അശ്വിനിയെ കൊല്ലുന്നു .  അത് വീര്‍ത്ത്  പെരുത്ത് ശ്വാസം മുട്ടിക്കുന്നു.  
''ആനവളര്‍ത്തല് കേന്ദ്രത്തില്‍ നിന്നും വന്നവര്‍ക്ക് ഫീല്‍ അറ്റ് ഹോം!'' അവള്‍ പിറുപിറുത്തു.  
വീണ്ടും ഫോണടിച്ചപ്പോള്‍ അതെടുക്കാതെ അശ്വിനി ഫ്രിഡ്ജില്‍ തല പൂഴ്ത്തി നോക്കി. മോഹന്‍ ഫോണില്‍ സംസാരിക്കുന്നത് അശ്വിനി ആര്‍ത്തിപിടിച്ചു കേട്ടു. പറയുന്നുണ്ടോ? എന്താണ് പറയുന്നത്?  എങ്ങനെയാണ് പറയുന്നത്.  
''ങാ..''
''അതേ...''
മോഹന്റെ ചത്തുമലച്ച ശബ്ദം. കൂടുതല് പറയാന് ഇഷ്ടമില്ലാത്ത വിമ്മിഷ്ടം. അശ്വിനി എല്ലാം ഒപ്പിയെടുക്കുന്നുണ്ട്. ഒന്നും വിട്ടുകളയുന്നില്ല.
സംസാരത്തിന്റെ മൂലം അശ്വിനിയും അശ്വിനിയുടെ മുലയുമായി മാറുന്നു.  മുല...ഛെ,  അതു പാടില്ലാത്ത വാക്കല്ലേ, അശ്ലീലം!   ബ്രെസ്റ്റ്! ബ്രെസ്റ്റ് എന്നാല് അപമാനപ്പെടെണ്ടതല്ലാത്ത ഒരു അവയവമായി മാറും.
അയ്യേ, എനിക്കു മുലയൊന്നുമില്ല, ങാ, ബ്രെസ്റ്റുണ്ട്. ഈ അശ്ലീലമൊക്കെ അശ്ലീലം പിടിച്ച സായ്പ്പിന്റെ പാഷേല് പറയാം. അവര്‍ക്കൊക്കെ എന്തും ആവാമല്ലോ!
മുലയെന്ന പേരുമാറ്റി പാല്‍സഞ്ചിക്കു കേടുവന്നൂന്നു പറഞ്ഞാലോ?
അമ്മിഞ്ഞക്കാന്‍സര്‍ എന്നായാലോ, കുറച്ചു സെന്റിയൊക്കെ തേച്ച്. കീര്‍ത്തനയുടെ ശബ്ദകോശത്തിലെ മമ്മൂസിന്റെ മമ്മിഞ്ഞ കാന്‍സര്‍.
''രന്നെടെ മമ്മിഞ്ഞ എന്നാ മമ്മൂ വലുതാകുന്നത്?''  
പൂവില്‍ നിന്നും തുടുത്ത പഴമായ ആപ്പിള്‍ മരത്തെ നോക്കി കീര്‍ത്തന വളരാന്‍ തിടുക്കം കൂട്ടുന്നു.
''കീര്‍ത്തന മമ്മൂന്റെത്രേം വണ്ണോം പൊണ്ണോം ആവട്ടെ.''
അശ്വിനി പറഞ്ഞപ്പോള്‍ കീര്‍ത്തന ഏറ്റു പറഞ്ഞു.
''ഓക്കെ, വന്നോം പൊന്നും ആവട്ടെ''
''പെണ്ണിന്റെ നോട്ടം പൊന്നിലാ!''
മോഹന് ഊറിച്ചിരിച്ചു രസിച്ചു.

മൂത്തു പഴുക്കാതെ നോക്കണം. അശ്വിനി നാലു തവണയായി ഡോക്ടറോടു ചോദിക്കുന്നു. രോഗം പരമ്പരാഗതമായി കിട്ടാനുള്ള സാധ്യതകളെപ്പറ്റി. എത്രയും നേരത്തെ പരിശോധിക്കുക എന്നാണു ഡോക്ടര്‍ പറഞ്ഞത്. ഗൂഗിളില്‍ വായിച്ചെത്തിക്കാന്‍ കഴിയുന്നതിലധികം വൃത്താന്തമുണ്ട്.  ആവേശത്തോടെ അശ്വിനി അവ ആദ്യന്തം വായിക്കാന്‍ ശ്രമിച്ചു.  ഓപ്പറേഷന് മുമ്പ് എന്തൊക്കെ പന്തികേടുകള്‍ ഉണ്ടാവാം എന്നു വീണ്ടും വീണ്ടും അന്വേഷിച്ചു. വെപ്രാളം പിടിച്ചാണ് ദൗര്‍ഭാഗ്യകഥകള്‍ വായിക്കുന്നത്.  ദുര്‍വാര്‍ത്തകളോട് എന്തൊരു അഭിനിവേശമാണ്.  

എല്ലാം ഇപ്പോള്‍ ശരിയായാല്‍ തന്നെ ക്യാന്‍സര്‍ ശരീരത്തിന്റെ പല സ്ഥലങ്ങളിലേക്കും പടരാം. ശ്വാസകോശത്തില്‍, നട്ടെല്ലില്‍, കരളില്‍, എല്ലുകളില്‍... മെറ്റാസ്റ്റേസസ് - അശ്വിനിയുടെ വൊക്കാബുലറി വലുതായി വലുതായി വരികയാണ്. കീര്‍ത്തനയോടു ചോദിച്ചാല്‍ കൂടുതല്‍ വിവരങ്ങളറിയാം. വേണ്ട, കുട്ടിയെ ഭയപ്പെടുത്തേണ്ട. റിപ്പോര്‍ട്ടുകളും ചാര്‍ട്ടുകളും ഗവേഷണവുമായി കീര്‍ത്തനയുടെ ജോലി പ്രാരാബ്ധം പിടിച്ചതാണ്.  അതിനിടയില്‍ അവള്‍ മെഡിസിന്റെ എന്‍ട്രന്‍സ് പരീക്ഷക്കു പഠിക്കുന്നു. ചിലയാഴ്ചകളില്‍ ശനിയും ഞായറും  ജോലിചെയ്യുന്നുണ്ട്.
''I miss universtiy. ഇവിടെ സ്ട്രെസും വര്‍ക്കും ഷെയര്‍ ചെയ്യാന്‍ കൂട്ടില്ല.''  
കീര്‍ത്ത ജോലി ചെയ്യുന്ന ഡിപ്പാര്‍ട്ടുമെന്റില്‍ എല്ലാം പ്രായമുള്ള ഗവേഷകരാണ്. അരസികര്‍.
''അവരടെ ലാംഗ്വേജ് തന്നെ വേറെയാണ്.  സോ ബോറിംഗ് മമ്മൂ!''  

പുറത്തൊരു കാറ്റ് വട്ടംചുറ്റി നിന്നു, തണുപ്പിനേയും ചൂടിനെയും ഉത്തേജിപ്പിക്കാതെ. പൂമ്പൊടി ആവാഹിച്ചു അലേര്‍ജിപടര്‍ത്തിയൊരു മിണ്ടാക്കാറ്റ്.  ആരും അതിനെ ശ്രദ്ധിച്ചില്ല, ആ കാറ്റ് വാര്‍ത്തയായില്ല. സഹതാപാഘോഷ ഫോണിനെ ഓഫാക്കി അശ്വിനി ഉറങ്ങാന്‍ കിടന്നു. വ്രണം പൊട്ടിയ മുല അവളുടെ ഉറക്കത്തില്‍ കൂട്ടു വന്നു. പഴുത്ത മുലകള്‍ ഈച്ചയാര്‍ക്കുന്ന മുലകള്‍... അവളെ ഉറക്കത്തില്‍ പേടിപ്പിച്ചു.  ഇന്‍ട്രാവീനസിലെ വെള്ളംകെട്ടി വീര്‍ത്തു മഞ്ഞ നിറത്തില്‍, ചിലയിടത്തൊക്കെ കുമിള വിരിഞ്ഞും അത് കറുപ്പും വയലറ്റും പാണ്ടായി പടര്‍ന്നു, ഇനിയൊരിക്കലും പൂക്കില്ലെന്നൊരു മുന്നറിയിപ്പുപോലെയൊരു ശരീരം ഐ.സി.യു.വില്‍ കിടന്നു.  മതിയുദ്ധം മടിങ്ങിക്കോളൂന്നു പറഞ്ഞുനോക്കി. എന്നിട്ടും തിരിഞ്ഞും മറിഞ്ഞും വിജയമെന്നോ പരാജയമെന്നോ അറിയാതെ പിന്നെയും ജീവിതത്തിലേക്കും മരണത്തിലേക്കും തകിടം മറിഞ്ഞൊരു രോഗി അവളുടെ കിടക്കയെ നനച്ചു.  

Content Highlights: women Manjil Oruval novel by Nirmala Part 13 part 2