True Colours
മഞ്ഞ റോസാപ്പൂവുകള്‍ പ്രസാദത്തോടെ അശ്വിനിയെ നോക്കി. തേജസ്സുള്ള ചെറിയ ബേബീസ് ബ്രെത്ത് പൂവുകളും വെളുപ്പില്‍ ഇളം വയലറ്റു കുത്തുകളുള്ള ലില്ലിപ്പൂക്കളും, ഇടയ്ക്ക് കുത്തിയിരിക്കുന്ന പച്ചയിലകളും കൂടി വേസിന്റെ ഗോളത്തിനു മുകളില്‍ പടര്‍ന്നുനിന്നു അശ്വിനിയെത്തന്നെ നോക്കുകയാണ്. ഇപ്പോള്‍ അശ്വിനിയെ അങ്ങനെ കണ്ണിമയ്ക്കാതെ നോക്കാന്‍ ഒരാളില്ല. പ്രായമെത്രയായാലും കണ്ടാല്‍ ചേലുണ്ടെന്നു പറയാനും കരളു നിറയെ സ്‌നേഹമുണ്ടെന്ന് ഭാവിക്കാനുമൊക്കെ ആരുമില്ലാതെ എങ്ങനെയാണ് അശ്വിനി ജീവിക്കുന്നത്? ഇടയ്ക്കിടെ ഹീലിയം നിറച്ച ബലൂണ്‍ പോലെ ഉയര്‍ന്നുപൊങ്ങി ഇളം കാറ്റില്‍ പറന്നു പറന്നങ്ങനെ പോവണം അശ്വിനിക്ക്.
''എന്റെ മേത്തൊക്കെ റാഷസ് വന്നിട്ടുണ്ട് വിദ്യ. കണ്ടിട്ടു എനിക്കു തന്നെ അറപ്പാകുന്നു.''
ഒരാഴ്ച മുന്‍പാണ് അശ്വിനി വിതുമ്പിപ്പൊട്ടിയത്. അതൊക്കെ കീമോയുടെ പാര്‍ശ്വഫലങ്ങളാണ്, മാറിക്കോളുമെന്നു ഡോക്ടറെപ്പോലെ തന്നെ വിദ്യയും അശ്വിനിയെ പറഞ്ഞാശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
കീമോ കഴിഞ്ഞ് കൃത്യം നാലാം ദിവസം പതിവുപോലെ വിദ്യ വന്നു. വിളിക്കാതെ, പൊതിക്കെട്ടുകളുടെ കൂടെ പൂക്കളുടെ ഒരു വമ്പന്‍ കെട്ടുമുണ്ടായിരുന്നു. പൂക്കളെ വെള്ളത്തിലിടാന്‍ പോയ വിദ്യ സിങ്കില്‍ മുങ്ങിക്കളിക്കുന്ന എച്ചില്‍പ്പാത്രങ്ങളെ കുളിപ്പിച്ചു തോര്‍ത്തി നിരത്തി വെച്ചു. രണ്ടാഴ്ച പഴക്കമായ കാര്‍നേഷനുകളെ എടുത്തു കളഞ്ഞതും വിദ്യയാണ്. കാര്‍നേഷന്‍ പൂവുകള്‍ ആഴ്ചകള്‍ വാടാതെ നില്‍ക്കും. അതുകൊണ്ടാണ് അശ്വിനി അവ വാങ്ങിയത്.
''റോസപ്പൂവ് എല്ലാ സങ്കടങ്ങളും മാറ്റും''
വിദ്യയുടെ വേദാന്തം കേട്ട് അശ്വിനി ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു.
''Roses are overrated!'
പൂക്കള്‍ക്ക് അപാര ഭംഗിയുണ്ടെന്ന് വിദ്യ പൊയ്ക്കഴിഞ്ഞപ്പോഴാണ് അശ്വിനി തിരിച്ചറിഞ്ഞത്. മഞ്ഞ പ്രതീക്ഷയുടെ നിറമാണ്. അതാവുമോ വിദ്യ ഉദ്ദേശിച്ചതെന്നു ആലോചിച്ചു അശ്വിനി തലയില്‍ തലോടി നോക്കി. വടിച്ചുമാറ്റിയ മുടിയുടെ കൂര്‍ത്ത അറ്റങ്ങള്‍ തലയോട്ടിയില്‍ അങ്ങിങ്ങായി അശ്വിനിയുടെ കയ്യില്‍ തടഞ്ഞു. തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റാത്തതു പോലെ അശ്വിനി മിനുപ്പന്‍ തല ഉഴിഞ്ഞു.
അശ്വിനിയുടെ ഓരോ മസിലിനുള്ളിലും വേദന വീടുവെച്ചു താമസമാക്കിയിരുന്നു. ഇറപ്ഷന്‍ ഓര്‍ ഇന്റെറെപ്ഷന്‍ ഓഫ് ബ്ലെഡ് ആണ് വേദന എന്ന് ഒരു ബയോളജി ക്ലാസില്‍ പറഞ്ഞത് ഏതോ പ്രൊഫസര്‍ അശ്വിനിയോര്‍ത്തു. ചോരയോടുന്നിടത്തെല്ലാം വേദനിക്കുന്നുണ്ടെന്ന് അശ്വിനിക്ക് തോന്നി.
''ഒരു ബോഡി മസാജ് ചെയ്തു നോക്കൂ. നിന്റെ ഇന്‍ഷൂറന്‍സ് കവര്‍ ചെയ്യും.''
വിദ്യ പറഞ്ഞതു ശരിയായിരുന്നു. ഒരു വര്‍ഷം അഞ്ഞൂറു ഡോളര്‍വരെ മസാജിനും, ഫിസിയോതെറാപ്പിക്കും അക്യുപങ്ചറിനുമായി ചിലവാക്കാമെന്നു ഇന്‍ഷൂറന്‌സിന്റെ കമ്പനിയില്‍ വിളിച്ചു അശ്വിനി ഉറപ്പു വരുത്തി. .
''ഈ റാഷസ് ഉള്ള ബോഡി എങ്ങനെ അവരെ കാണിക്കും വിദ്യ?''
''അവരു നിന്റെ ബോഡിടെ സൗന്ദര്യം കാണാനല്ല മസാജ് ചെയ്യുന്നത്. ആദ്യേ പറഞ്ഞാല്‍ മതി, കൈയും കാലും പുറവും മാത്രം മസാജ് ചെയ്താല്‍ മതീന്ന്. മറ്റു സ്ഥലങ്ങളൊന്നും അവര്‍ അണ്‍കവര്‍ ചെയ്യേ ഇല്ല!''
അശ്വിനി പൂക്കളിലേക്ക് നോക്കിക്കൊണ്ടു ചത്തു കിടന്ന ഫോണിനെ കൈയിലെടുത്തു മസാജ് തെറാപ്പി സെന്ററിലേക്ക് വിളിച്ചു.
''ഒരു മണിക്കൂറിനകം എത്താമെങ്കില്‍ ഇലെയ്‌ന് ഒരു ഒഴിവുണ്ട്!''
''ഒരു മണിക്കൂര്‍ അധികമല്ലേ! ദാ, വരുന്നൂന്ന്!''
ഇലെയ്‌നു മണക്കേണ്ടെന്നു കരുതി, അശ്വിനി കുളിക്കാനൊരുങ്ങി. കുളിമുറിയിലെ കണ്ണാടി ക്രൂരതയോടെ അശ്വിനിയുടെ നെഞ്ചിലെ ക്യാന്‍സര്‍ ഹൈവേ പ്രദര്‍ശിപ്പിച്ചു. കണ്ണാടി തല്ലിപ്പൊട്ടിച്ചു കളയണമെന്നു അശ്വിനിക്ക് തോന്നി.
കളവാണിയുടെ നോട്ടത്തില്‍ സങ്കടവും, വേദനയും, ദുഃഖവുമല്ല, വൈരാഗ്യവും വിദ്വേഷവുമാണ് അശ്വിനി കണ്ടത്.
''മിത്രദ്രോഹി''
ബാത്ത് ടവ്വല്‍ കുറുകെക്കെട്ടി അശ്വിനി ആ കാഴ്ച വേഗം മറച്ചു. മുടിയില്ലാത്തതുകൊണ്ടു കുളി വേഗം കഴിഞ്ഞു.
തിരുമ്മലിന് പോവുമ്പോള്‍ ഉടയാടകള്‍ അഴിച്ചു മാറ്റണമെന്നാണ് വിദ്യ പറഞ്ഞതോര്‍ത്തു വെപ്പുകല്യാണിയെ കൂടെ കൂട്ടണോ, വിഗ് വെയ്ക്കണോ എന്നൊക്കെ അശ്വിനി സംശയിച്ചു.
മസൂസിന്റെ കൈകള്‍ അവളുടെ നാഴികക്കുപ്പി വടിവുണ്ടായിരുന്ന ശരീരത്തിലൂടെ എണ്ണയില്‍ കുതിര്‍ന്നു പടര്‍ന്നു.
''ഹാവൂ''
ഇടക്ക് വേദനകൊണ്ട് അശ്വിനി പിടഞ്ഞു. ഇലെയ്ന്‍ അവളോട് മാപ്പു പറഞ്ഞ് അലിവോടെ വേദനയെ തിരുമ്മിയുടക്കാന്‍ ശ്രമിച്ചു. ഉഴിച്ചിലുകാരി പാദത്തില്‍ പിടിച്ച് അശ്വിനിയുടെ കാലു പുതപ്പിന് പുറത്തെടുത്തു. പിന്നെ പുതപ്പിന്റെയറ്റം അകത്തേക്ക് തിരുകിവേച്ച് കാലിനെ ശരീരത്തില്‍ നിന്നും വേര്‍പെടുത്തി.
''ഇപ്പോള്‍ അത് പേശികളും നാഡികളുമുള്ള ഒരു അവയവം മാത്രമാണ്. അതിനു അശ്വിനിയുടെ ശരീരവുമായി ബന്ധമില്ല.''
ക്യാന്‌സു പറഞ്ഞു. ക്യാന്‌സു മസ്സാജു തെറാപ്പിസ്റ്റിനൊപ്പം മുറിയില്‍ കയറിയത് അശ്വിനിഷ്ടമായിരുന്നില്ല. ഇലെയ്ന്‍ ശരിരത്തെ അവയവങ്ങളായി വേര്‍പെടുത്തി, അവളുടെ പേശികളെ ചപ്പാത്തിമാവ് പോലെ കുഴച്ചു പാകപ്പെടുത്തി. ശതാവരിവള്ളിയെ ഒഴിവാക്കി അപമാനത്തില്‍ നിന്നും വേദനയില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തി.
മന്ദതയോടെ കിടക്കുമ്പോള്‍ അശ്വിനി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
''എന്നായിരിക്കും അവസാനമായി ആരെങ്കിലും ഈ ശരീരത്തില്‍ തൊട്ടത്?''
കീമോതെറാപ്പി ചെയ്യുന്ന നേഴ്‌സ് ഗ്ലൗസ് ഇടാറുണ്ടായിരുന്നു. കഴിഞ്ഞ കണ്‍സള്‍ട്ടേഷന് ഡോക്ടര്‍ ജബ്ബാര്‍ അശ്വിനിയുടെ കൈയില്‍ വെറുതെ ഒന്നു പിടിച്ച് നാഡിപോലും നോക്കിയില്ല.
കീമോ തുടങ്ങിയപ്പോള്‍ അതിഥിമുറിയിലേക്ക് കിടപ്പ് മാറ്റിയ മോഹന്‍ ജീവിതവും അവിടേക്ക് മാറ്റി. മോഹന്റെ ഷര്‍ട്ടുകളും പാന്റുകളും ടൈ റാക്കും അതിഥിമുറിയിലേക്ക് കുടിയേറി.
''രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ രാവിലെ ജോലിക്കു പോവാന്‍ ബുദ്ധിമുട്ടാവും.''
അശ്വതിയില്ലാത്ത ലോകമാണ് തന്റെ സ്വാസ്ഥ്യം എന്നയാള്‍ പ്രഖ്യാപിച്ചു.
കാതിനരുകില്‍ ശ്രുംഗാര ഗിരി. അത് കയറിയിറങ്ങിയാല്‍ കഴുത്തില്‍ കാമക്കടല്‍. അത് നീന്തി താഴെയെത്തുമ്പോള്‍ ഷാമ്പെയിന്‍ നുരക്കുന്ന മുലകള്‍. ഷാമ്പെയിനില്‍ മദമിളകുമ്പോള്‍ അശ്വിനി മറ്റൊരുവളാകുന്നു. സുഖത്തിന്റെ വിദ്യുന്മാല പാഞ്ഞുപോയതിന്റെ ആലസ്യത്തില്‍ ചിരിയോടെ മയങ്ങുന്ന അശ്വിനിയെ മോഹന്‍ മറന്നു പോയിരിക്കുന്നു.
ആര്‍ത്തിയോടെ നോക്കിയിരുന്ന മോഹന്റെ കണ്ണുകളിലിപ്പോള്‍ അറപ്പാണോ എന്നു അശ്വിനി സംശയിക്കാറുണ്ട്. മുടിയും മുലയും ഇല്ലെങ്കില്‍ പിന്നെന്തു പെണ്ണ്? മോഹന്‍ മുഖം തിരിക്കുമ്പോള്‍ അശ്വിനിയുടെ നെഞ്ചത്തെ ശതാവരിവള്ളിയിലെ മുള്ളുകള്‍ ഉള്ളിലേക്ക് വലിയും. ഉള്ളിലേക്കും കത്തി കയറിയിട്ടുണ്ട്. അവിടെയും ചിലതൊക്കെ കുത്തിക്കീറി തുന്നിക്കെട്ടാതെ വിട്ടിട്ടുണ്ട്. പെണ്ണത്തം കത്തികൊണ്ടങ്ങു മുറിച്ചെടുത്ത ഡോക്ടര്‍ അശ്വിനിയോടു സപ്പോര്‍ട്ട് ഗ്രൂപ്പില്‍ പോകാനാണു നിര്‍ദ്ദേശിച്ചതു.
''വട്ടത്തില്‍ കൂടിയിരുന്ന് ഛര്‍ദ്ദിയെ താരതമ്യം ചെയ്യാം. ഛര്‍ദ്ദിക്കുന്നവര്‍ക്കേ ഛര്‍ദ്ദിയുടെ ഡീറ്റെയ്ല്‍സ് അറിയൂ. അപ്പുറത്തെ മുറിയില്‍ കിടന്നുറങ്ങുന്നയാളിന് അതറിയാന്‍ കഴിയില്ല. അത് വിശദീകരിക്കാനും പറ്റില്ല!
ക്യാന്‌സു പിന്താങ്ങി.
അതോണ്ട് അശ്വിനി, നീ പരിചയമില്ലാത്ത കുറേപ്പേരെ സ്വന്തക്കാരാക്കൂ. നിന്റെ സങ്കടങ്ങള്‍ അവര്‍ക്ക് മനസ്സിലാവും. രോഗവും സങ്കടവും തീര്‍ന്നു കഴിയുമ്പോള്‍ മാത്രം നീ നോര്‍മല്‍ ജീവത്തിലേക്ക് വരിക. അപ്പോള്‍ നിന്റെ നോര്‍മല്‍ ഭര്‍ത്താവും നോര്‍മല്‍ മകളും നോര്‍മല്‍ കൂട്ടുകാരും നോര്‍മല്‍ ജോലിയും നിന്നെ സ്വീകരിക്കും. ഇപ്പോള്‍ സപ്പോര്‍ട്ട് വേണമെങ്കില്‍ നോര്‍മലല്ലാത്തവരുടെ സപ്പോര്‍ട്ട് ഗ്രൂപ്പിലേക്ക് പോവുക.
''ന്റെ ക്യാന്‍സൂ, നിനക്കു ഞാന്‍ ആവശ്യത്തില്‍ കൂടുതല്‍ അറ്റെന്‍ഷന്‍ തന്നു. ഒരു മുല തന്നെ ബലിദാനം തന്നു. ഇനി അരമണിക്കൂര്‍ യാത്രചെയ്തു വട്ടം കൂടിയിരുന്ന് നിന്റെ വികൃതികള്‍ പറഞ്ഞു രസിക്കാന്‍ ഞാനില്ലാഡാ!''
''കുറച്ചു സമയം അങ്ങനെ പോയാലും ബാക്കിയുള്ള സമയം മുഴുവന്‍ ഈ ഭിത്തിക്കകത്തു നമ്മള്‍ കെട്ടിമറിയല്ലേ''
ക്യാന്‍സൂ അശ്വിനിയോടു കിന്നാരം പറഞ്ഞു.
മസിലു പിടിച്ചു നിന്ന ശനിയും ഞായറും ഒന്നയക്കാന്‍ വേണ്ടി അശ്വിനി മോഹനോടു പറഞ്ഞു.
''നമുക്ക് കീര്‍ത്തനേടെ മുറി പെയിന്റു ചെയ്താലോ? അഞ്ചാറു കൊല്ലായി പെയിന്റ് ചെയ്തിട്ട്.''
''അവളോട് ഞാന്‍ ചോദിച്ചു. നമുക്കിഷ്ടമുള്ള കളറു ചൂസ് ചെയ്‌തോളാന്‍ പറഞ്ഞു.''
മോഹന്‍ രാവിലെ തന്നെ പെയിന്റ വാങ്ങിക്കൊണ്ടു വന്നു, ബ്രഷും പെയിന്റ് ട്രേയുമായി കീര്‍ത്തനയുടെ മുറിയിലേക്ക് പോയി. പഴകിപ്പോയ ബെഡ്ഷീറ്റുമായി അശ്വിനി പിന്നാലെ കൂടി.
''കിടക്ക ദേ, ഈ ഷീറ്റിട്ടു കവര്‍ ചെയ്‌തോളൂ''
മോഹന്‍ കിടക്ക ഭിത്തിയില്‍ നിന്നും നടുവിലേക്ക് മാറ്റുകയായിരുന്നു.
''ഞാന്‍ പിടിക്കാം.''
അശ്വിനി പിടികൂടുന്നതിനു മുന്‍പേ കിടക്ക മുറിക്കു നടുവിലായി. ഉടപ്പലമാര ചെറുതായി നീക്കിയിട്ട് മോഹന്‍ അതിനു കൃത്യം പിന്നില്‍ നിന്ന് ഉന്തിയപ്പോള്‍ അതും കിടക്കയോട് ചേര്‍ന്നു നിന്നു. മൂലയിലിരുന്ന നീളമുള്ള കാല്‍ വിളക്കെടുത്ത് അശ്വിനി ചോദിച്ചു.
''ഈ pedestal lamp മറ്റേ മുറിയിലെ വയ്ക്കാം അല്ലേ!''
അശ്വിനി അത് അതിഥി മുറിയില്‍വെച്ചു വരുമ്പോള്‍ മോഹന്‍ ഭിത്തിയില്‍ തൂക്കിയിരുന്ന പടങ്ങള്‍ മാറ്റുകയായിരുന്നു. ഇളം റോസ് നിറമുള്ള നിറയെ ഫ്രില്ലു പിടിപ്പിച്ച കുട്ടിയുടുപ്പിട്ട കീര്‍ത്തന ടെബിയെ ഇറുക്കിപ്പിടിച്ചു നില്‍ക്കുന്ന ഫോട്ടോ മോഹന്‍ ഭിത്തിയില്‍ നിന്നും മാറ്റി. അടുത്തത് അരങ്ങേറ്റത്തിന്റെ ഫോട്ടോആയിരുന്നു. ശിഖര ഹസ്തം നോക്കി അശ്വിനി പുഞ്ചിരിച്ചു.
''അവള്‍ടെ തംപ്‌സ് അപ്പ്!''
കീര്‍ത്തനയും കൂട്ടുകാരികളും വൃന്ദ കേള്‍ക്കാതെ ശിഖര ഹസ്തത്തിനെ വിളിച്ചിരുന്നതങ്ങനെയാണ്.
''ഫോട്ടോസ് പുറത്ത് കൊണ്ടുപോവണോ?''
മോഹന്‍ ഫ്രെയിമുകളെ കിടക്കയില്‍ തലകുത്തിവെച്ചു. അവസാനത്തേത് കീര്‍ത്തനയുടെ ഹൈസ്‌കൂള്‍ ഗ്രാജുവേഷന്‍ സര്‍ട്ടിഫിക്കറ്റായിരുന്നു. മോഹന്‍ അതും കിടക്കയില്‍ വെച്ചു. അശ്വിനി Katy Perry പോസ്റ്റര്‍ അരികുകള്‍ കീറാതെ ശ്രദ്ധയോടെ ഭിത്തിയില്‍ നിന്നും അടര്‍ത്തിയെടുത്തു. പോസ്റ്ററിനെ ചുരുളാക്കികൊണ്ട് അശ്വിനി ചോദിച്ചു.
''ഇത് ബെഡ്ഡില്‍ വെച്ചാ ചുളുങ്ങി പോവ്വോ?''
അശ്വിനി പോസ്റ്റര്‍ ഇടനാഴിയില്‍ കോണിയുടെ കൈവരിയില്‍ ചാരിവെച്ചു കൊണ്ടു പറഞ്ഞു.
''ഡാമേജായാ പെണ്ണെന്നെ കൊന്നുകളയും!''
മോഹന്‍ കടയില്‍നിന്നും വാങ്ങിക്കൊണ്ടുവന്ന പ്ലാസ്റ്റിക് ഡ്രോപ്പ് ഷീറ്റുകൊണ്ടു നടുക്കേക്ക് നീക്കിവെച്ച കിടക്കയും അതിലെ സാധനങ്ങളും മൂടി.
പെട്ടെന്നാണ് മോണോലോഗുകളില്‍നിന്നും അശ്വിനിക്ക് വെളിപാടുണ്ടായത്. മോഹന്‍ പറയുന്നതല്ല, പറയാത്തതാണ് പ്രധാനമെന്ന്. ഡ്രോപ്-ഷീറ്റ് വാങ്ങിയ ആള്‍ക്ക്, കിടക്ക മൂടാന്‍ പഴയ കിടക്കവിരികള്‍ ആവശ്യമില്ല. അശ്വിനിയുടെ ഒരു സഹായവും മോഹനു ആവശ്യമില്ല.
മോഹന്റെ ശരീരത്തില്‍ നിന്നും വെറുപ്പ് പ്രസരിക്കുന്നത് അശ്വിനി കണ്ടു. മോഹന്റെ കണ്ണില്‍ കൈയില്‍ കാലില്‍ മീശയില്‍ മുടിയില്‍ തൊലിയില്‍ നിന്നൊക്കെയായി വെറുപ്പ് ഒലിച്ചിറങ്ങുകയായിരുന്നു. അശ്വിനിയോടുള്ള വെറുപ്പിനെ ആള്‍ രൂപമാക്കുമ്പോള്‍ കിട്ടുന്നതാണ് മോഹന്‍ എന്നവള്‍ തിരിച്ചറിഞ്ഞു.
കിടക്കവിരികളും, അഭിപ്രായങ്ങളും ആശയങ്ങളും നിര്‍ദ്ദേശങ്ങളും, ഓര്‍മ്മകളും, പഴഞ്ചന്‍ ശനിയാഴ്ചകളുടെ ശബ്ദകോലാഹലങ്ങളും നിലത്തേക്കിട്ട് അശ്വിനി പോയി. താഴത്തെ നിലയില്‍ ടെലിവിഷന്റെ വെറുപ്പില്ലാത്ത സ്‌ക്രീനിലേക്ക്, ശബ്ദത്തിലേക്ക് അവള്‍ ആണ്ടാണ്ടു പോയി. ഇടയ്ക്കു മോഹന്‍ കോണിയിറങ്ങി വരുന്ന ശബ്ദം കേട്ട് അശ്വിനി ഫോണ്‍ ചെവിയില്‍ വെച്ചു. കാതുമുഴുവന്‍ മോഹന്റെ കാലടിയൊച്ചയില്‍ നിക്ഷേപിച്ച് അവള്‍ ഫോണിനോട് സംസാരിച്ചു. മോഹന്‍ ഫ്രിഡ്ജില്‍ നിന്നും തണുത്ത ഒരു ബിയറെടുത്ത് ക്യാന്‍-ഓപ്പണര്‍ തിരഞ്ഞു. മൂന്നാമത്തെ ഡ്രോയില്‍ നിന്നും ഓപ്പണര്‍ എടുത്ത് ബിയറു കുപ്പി തുറന്ന് തൃപ്തനായി അയാള്‍ തിരിച്ചുപോയി.
അശ്വിനിയോടു സംസാരിക്കാന്‍ മോഹനു ദാഹമില്ല. അശ്വിനിയില്ലാത്ത ലോകത്തില്‍ മോഹന്‍ തൃപ്തനും പൂര്‍ണനുമാണ്. ഇടയ്‌ക്കൊരു ബിയറും ചെവിയില്‍ സംഗീതവുമായി. മുലപോയ അശ്വിനിയാണ് അപൂര്‍ണയെന്നവള്‍ മനസ്സിലാക്കി. ചില്ലറ കുടുംബ പദ്ധിതികള്‍ കൊണ്ടും ആസൂത്രണംകൊണ്ടും ആ കുറവ് മോഹന്‍ ക്ഷമിക്കില്ല. ഇല്ലെന്ന് നടിക്കില്ല. പഴമയിലേക്ക് തിരികെ നടക്കില്ല. ഇവിടെ ഇപ്പോഴാണ് മോഹന്‍. പഴങ്കഥകള്‍ ഓര്‍ത്തുവെച്ചു ഇന്നിനെ വിസ്തരിക്കാന്‍ അയാള്‍ക്കാവില്ല. ഇന്നലെയില്‍ അസ്ഥിവാരമിട്ടു പണിയുന്നതല്ല മോഹന്റെ ഇന്ന്.
വീടിനുള്ളിലെ വായുവെല്ലാം എങ്ങോട്ടു പോയെന്നു അശ്വിനി അമ്പരന്നു. മിനിറ്റില്‍ ഏഴെട്ട് ലിറ്റര്‍ വീതം അശ്വിനിക്കു വലിച്ചെടുക്കാന്‍ വീടിനകത്ത് വായു ഇല്ലാതായി. ഓക്‌സിജന്‍ പതിനാറു ശതമാനത്തില്‍ കുറഞ്ഞു നിന്നു. അത്രയൊക്കെയാണു ഒരു മനുഷ്യനു ജീവിക്കാനാവശ്യം. നൂറുശതമാനം ഓക്‌സിജനും കീര്‍ത്തനയുടെ മുറിയില്‍ കെട്ടിക്കിടന്നു. താഴത്തെ നിലയില്‍ ഒക്‌സിജനില്ലാത്ത നിബിഡവായു കൊഴുത്തു കിടന്നു. അശ്വിനി ശ്വാസംമുട്ടലോടെ പിടഞ്ഞെഴുന്നേറ്റു. കനം കുറഞ്ഞ സ്വെറ്ററിട്ട്, ഒരു കമ്പിളി സ്‌കാര്‍ഫ് കഴുത്തില്‍ ചുറ്റി, റണ്ണിംഗ് ഷൂസുമിട്ട്, തൊപ്പിയും വെച്ച് അശ്വിനി നടക്കാനിറങ്ങി. ഒക്ടോബറിന്റെ നനവുള്ള തണുപ്പില്‍ കാറ്റു നേര്‍മ്മയോടെ മുറുമുറുത്തുകൊണ്ടിരുന്നു. ചെടിത്തോട്ടത്തില്‍ ചത്ത് തവിട്ടു നിറമായികിടന്ന ഉള്ളിയിലകളെ അശ്വിനി ഗൗനിച്ചില്ല.
കുട്ടികളുടെ കളിക്കളത്തില്‍ നിന്നുമുള്ള ശനിയാഴ്ചയുടെ ഒച്ചയും ബഹളവും റോഡില്‍വെച്ചേ അശ്വിനി കേട്ടു. ചുവപ്പും മഞ്ഞയും കലര്‍ന്ന മെറി-ഗോ-റൌണ്ട് നിറയെ പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കൂട്ടം കൂവിയാര്‍ത്തു കളിക്കുന്നുണ്ടായിരുന്നു. കളിക്കളത്തിനു ചുറ്റുമുള്ള ബെഞ്ചുകളില്‍ കുട്ടികളെയും കൊണ്ടുവന്ന അഛനമ്മമാരും മുത്തഛന്മാരും കൂടിയിരുന്നു വെടിപറയുന്നതു അശ്വിനി കൗതുകത്തോടെ കണ്ടു. ആയത്തിലാടുന്ന ഊഞ്ഞാലിന്റെ നിരയില്‍ നിന്ന് ഒരു കുട്ടി അശ്വിനിയെ സൂക്ഷിച്ചു നോക്കി. അശ്വിനി അവനെനോക്കി മൃദുവായി ചിരിച്ചു.
കുട്ടികളെ കുറച്ചുനേരം കണ്ടു നിന്നിട്ട് അശ്വിനി നടപ്പാതയിലൂടെ പാര്‍ക്കിന്റെ പിന്നിലെ മരക്കൂട്ടങ്ങളിലെക്ക് പോയി. വളഞ്ഞ വഴിക്കു ചുറ്റും മരങ്ങള്‍ ഹോളി ആഘോഷിച്ചു നിന്നു. ഓറഞ്ചും മഞ്ഞയും ചുവപ്പും കപട നിറങ്ങളിലുള്ള കളി. കെട്ടതണുപ്പില്‍ നൂറ്റൊന്നാവര്‍ത്തിച്ച കളി. പച്ചയെന്ന ഒറ്റ നിറത്തില്‍ പെട്ടുപോയ പാവം മലയാള മരങ്ങള്‍ക്കു വിധിച്ചിട്ടില്ലാത്തൊരു വിനോദം.
''ഉം..ഉം.. ഈ ചുറ്റിക്കെട്ടുകള്‍ അടര്‍ത്തി മാറ്റി നിന്നെ നീയായി കാണും'
ഷുഗര്‍ മേപ്പിളിനെ ചുറ്റിക്കൊണ്ടൊരു കാമക്കാറ്റു പറഞ്ഞു. സിന്ദൂരച്ചുവപ്പില്‍ മേപ്പിള്‍ കൂത്താടി.
മിത്രയുടെ മകളുടെ പിറന്നാള്‍ ഒക്ടോബറിലാണ്. അവളുടെ അഞ്ചാം പിറന്നാളായിരുന്നു. കുട്ടികള്‍ക്കു മാത്രമായി പീസ-ഹട്ടില്‍ പാര്‍ട്ടി. അതുകഴിഞ്ഞ് മിത്രയുടെ വീട്ടില്‍ നില്‍ക്കണം കീര്‍ത്തനക്ക്. പാര്‍ട്ടിക്കു വരുന്ന പെണ്‍കുട്ടികളെല്ലാം after partyക്കു കൂടുന്നുണ്ട്. ആയിക്കോട്ടെ! അന്നു വൈകുന്നേരം അഞ്ചുമണിക്കാണ് ആതിരയുടെ വീടു കേറല്‍. ആതിരയുടെ വീട്ടിലേക്ക് കാറോടിക്കുമ്പോള്‍ അശ്വിനിയുടെ ചുരിദാറില്‍ തടവി മോഹന്‍ പറഞ്ഞു.
''ക്രിംസന്‍ റെഡ് - drives me crazy'
മുടിയില്‍ തലോടി മോഹന്‍ മൂളി.
''കല്യാണി കളവാണി ചൊല്ലമ്മിണി ചൊല്ല്
നീലത്താമര പൂത്തിറങ്ങിയതാണ്‍ പൂവോ''
അവള്‍ ചുവന്നു പോയി. കൈ തട്ടിമാറ്റിയ അവളുടെ കൈ പിടിച്ച് അയാള്‍ ചോദിച്ചു.
''താമരയിപ്പോള്‍ വെള്ളത്തിലാണോ?''
അശ്വിനിയുടെ ശ്വാസഗതി കൂടുന്നത് മോഹനറിഞ്ഞു. പ്രധാന റോഡില്‍നിന്നും കാറ് വലത്തേക്ക് തിരിഞ്ഞു. കടുത്ത വര്‍ണത്തില്‍ ജ്വലിക്കുന്ന മരങ്ങള്‍ ആഭാസച്ചിരിയോടെ നിരന്നു നിന്നു. നിലത്തു പരന്ന ഇലകളില്‍ മദകാന്തി വിളങ്ങി. പൂത്തു മത്തു പിടിച്ച ജമന്തികളുടെ നിരകടന്ന് കാറ് ചെറുവഴിക്കു പിന്നിലെ പാറകള്‍ക്കടുത്തേക്ക് ഒഴുകി പോയി. കരിമ്പാറ പോലെ മോഹന്റെ ശരീരം കാറിന്റെ പിന്‍ സീറ്റില്‍ താമര തേടിപ്പോയി.
അശ്വനി നാണം മറന്നു.
പരിസരം മറന്നു
നിമയം മറന്നു
മര്യാദകള്‍ മറന്നു
സ്വയം മറന്നു
മറയില്ലാതെ എല്ലാം മറന്നു.
ഭൂമിയില്‍ നിന്നങ്ങുയര്‍ന്നു പോയി.
ചുളിഞ്ഞ ചുരീദാറും പറന്ന മുടിയുമായി വൈകിയെത്തിയപ്പോള്‍ ആതിര ചൊടിച്ചു
''രണ്ടും കൂടി അടിയിട്ടിട്ടാ വരുന്നതെന്ന് തോന്നുന്നു കണ്ടിട്ട്.''
മോഹന്‍ നാണമില്ലാതെ പൊട്ടിച്ചിരിച്ചു.
''പിന്നേയ് ഭയങ്കര ഗുസ്തിയായിരുന്നു! എന്റെ ഭാര്യക്ക് ഒരു സെല്‍ഫ് കണ്ട്രോളും ഇല്ലന്നേ!''
പഴകിപ്പൊളിഞ്ഞ ഒക്ടോബര്‍!
മോഹനിപ്പോള്‍ ആരുടെ താമരക്കുളത്തിലാവും നീന്തുന്നതെന്നോര്‍ത്ത് അശ്വിനി ഒന്നു നിന്നു. മാംസത്തിന്റെ ഒരു അര്‍ദ്ധഗോളത്തിന് അവളുടെ ജീവിതത്തിലുള്ള സ്വാധീനം അശ്വിനിയെ അമ്പരപ്പിച്ചു. നടന്നു നടന്ന് പാര്‍ക്കിന്റെ അറ്റത്ത് എത്തിയെന്നു അവള്‍ പെട്ടെന്നു തിരിച്ചറിഞ്ഞു. നിറം പൂശിയ ഇലകള്‍ക്കു നടുവില്‍ നിറംകെട്ടു അശ്വിനി നിന്നു. വെപ്പുമുലവെച്ചു, വെപ്പുമുടിവെച്ച്, കണ്ണുകള്‍ക്ക് ചുറ്റും കറുപ്പു വരച്ച് പ്രേതം പോലെ അശ്വിനി. മുന്നറിയിപ്പില്ലാതെ വന്ന മഴയില്‍ അശ്വിനിക്കു ദിക്കു തെറ്റി. കാറ്റവളെ തിരികെ വീട്ടിലെത്തിച്ചു. പനിയവളെ ചേര്‍ത്തു പിടിച്ചു, തലക്കകത്തു കത്തുന്ന പനി, കണ്ണിന്റെ ഉള്ളില്‍ കുത്തുന്നു പേപിടിച്ച പനി.
''കീമോക്കാലത്തെ പനി സൂക്ഷിക്കണം! ഇമ്യൂണിറ്റി തീരെ കുറവാണ്.''
ഡോക്ടര്‍ ഉത്കണ്ഠയോടെ മോഹനോടാണ് പറഞ്ഞത്.
''രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ ചൂടു നോക്കണം. നൂറ്റിയൊന്നു ഡിഗ്രിയില്‍ കൂടിയാല്‍ ഉടനെ ടൈലനോള്‍ കഴിക്കണം. ആരെങ്കിലും വീട്ടില്‍ കൂടെ ഉണ്ടാവണം. പനി കൂടിയാല്‍ പെട്ടെന്ന് എമര്‍ജന്‍സിയിലേക്ക് കൊണ്ടുപോവണം.''
ഡോക്ടര്‍ നിര്‍ദ്ദേശപട്ടികയില്‍ മോഹനെ തളച്ചിട്ടു. മോഹന്റെ കോര്‍പ്പറേറ്റ് കോണിക്കു കോടാലി വെക്കാന്‍ അശ്വിനി അസുഖങ്ങളെ കൂട്ടു പിടിക്കുകയാണ്!
''വെള്ളവും ജൂസും ധാരാളം കുടിക്കണം.''
''കുടിക്കുന്നതൊന്നും വയറ്റില്‍ നില്‍ക്കുന്നില്ല ഡോക്ടര്‍'
അശ്വിനി പരാതിപ്പെട്ടപ്പോള്‍ ഇന്ട്രാവീനസ്ആയി വെള്ളവും പനിമരുന്നും രണ്ടു ദിവസത്തേക്ക് ഡോക്ടര്‍ വിധിച്ചു. നേഴ്‌സ് വീട്ടില്‍വന്നു ഐ.വി.വെച്ചു കൊടുക്കാനുള്ള സംവിധാനം ഡോക്ടര്‍ വിശദീകരിച്ചു. നാല്‍പ്പത്തിയെട്ടു മണിക്കൂറുകൊണ്ട് വ്യത്യാസം ഉണ്ടായില്ലെങ്കില്‍ ആശുപത്രിയില്‍ കിടന്നാല്‍ മതിയാവും. ആശുപത്രിയിലേക്ക് പോകാന്‍ അശ്വിനിക്കും ഇഷ്ടമുണ്ടായിരുന്നില്ല.
ഐ.വി. സ്റ്റാന്റ് വലിച്ചുകൊണ്ട് അശ്വിനി മുറികളില്‍ നിന്നും മുറികളിലേക്ക് നടന്നു. ഒപ്പം റാണയും. മോഹന്റെ ചാറ്റ് വിന്‍ഡോ അടക്കാന്‍ സമയം നല്‍കിക്കൊണ്ട്, മോഹന്റെ കള്ളത്തരങ്ങള്‍ക്കു മുന്നില്‍ പെടാതെയിരിക്കാന്‍ അശ്വിനി പ്രത്യേകം ശ്രദ്ധിച്ചു.
പഠിത്തമിട്ട് വരണോന്നു കീര്‍ത്തന ഫോണില്‍ ചോദിച്ചപ്പോള്‍ അശ്വിനി അവളെ തടഞ്ഞു.
''ഇദ് ഇപ്പൊ മാറിക്കോളും. നീയ് വേഗം ഡോക്ടറായി വന്നു എന്നെ നോക്ക്യാമതി രന്ന.''
''അമ്മാ, എംകാറ്റിനു(MCAT- Medical College Admission Test-കാനഡയുടെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ)
നല്ല സ്‌കോറില്ലാതെ ഒന്നും നടക്കില്ല. പ്ലീസ്, സ്റ്റോപ്പ് ദിസ് ഡോക്ടര്‍ തിംഗ്!''
ഡിഗ്രി ഒന്നാംവര്‍ഷം കഴിഞ്ഞപ്പോള്‍ കീര്‍ത്തന എന്‍ട്രന്‍സ് എഴുതിയതാണ്. മെഡിസിനു പ്രവേശനം കിട്ടാനുള്ള മാര്‍ക്കില്ലാതെ പോയി. ഇനിയും രണ്ടു തവണ കൂടിയേ പരീക്ഷ എഴുതാന്‍ പറ്റൂ. കീര്‍ത്തനയുടെ ഉള്ളില്‍ അഗ്‌നിപര്‍വ്വതം പുകയുന്നത് അശ്വിനിക്കറിയാം. ക്ലാസുകഴിഞ്ഞു വന്നാല്‍ വിശേഷങ്ങളുടെ ഭണ്ഡാരം തുറന്നിരുന്ന കീര്‍ത്തനക്ക് ഒന്നും പറയാനും കേള്‍ക്കാനും നേരമില്ലാതായിരിക്കുന്നു. ആ മൗനം അശ്വിനിയെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.
''ഉള്ളിലെ ചൂടും പുകയും ഇടക്ക് കുറച്ചു പുറത്തേക്കൊഴുകുന്നതല്ലേ നല്ലത്? എല്ലാം അടച്ചു പൂട്ടി സീല് വെച്ചിരിക്കണോ?''
Content highlights: Women Grihalakshmi Novel Manjil oruval part twenty eight by Nirmala