Once Upon a Time
ശുക്രദശ വരാന്‍ പോകുന്നുണ്ടെന്നു അമ്മ അശ്വിനിയോടു പറഞ്ഞു.
''വിഷമിക്കേണ്ട മോളൂ, ഈ സങ്കടങ്ങളെല്ലാം മാറും''
പ്രേമകുമാരി ശഠിച്ചപ്പോള്‍ അശ്വിനി ആകാശത്തേക്ക് നോക്കി. ശുക്രന്‍ ശൂന്യാകാശത്തിലുണ്ടാവുമോ? ശൂന്യാകാശത്തില്‍ വട്ടം കറങ്ങാന്‍ ശുക്രനെങ്ങനെ സാധിക്കുന്നു. അനന്ത സാദ്ധ്യതകളുള്ള ആ ചോദ്യത്തില്‍ വട്ടം കറങ്ങുമ്പോള്‍ ആകാശത്തില്‍ മറ്റാരൊക്കെ കറങ്ങുന്നുണ്ടാവും എന്നവള്‍ കണക്കുകൂട്ടി. ജിന്നുകള്‍... സാത്താന്‍....
''വിദ്യ, സാത്താനും ഞാനും ഉറ്റ സുഹൃത്തുക്കളായിരുന്നു.''
''അതെങ്ങനെ സാധിച്ചു?''
''ഞങ്ങള്‍ രണ്ടും ഒരേ കാത്തലിക് സ്‌കൂളിലാണ് പോയിരുന്നത്. സാത്താന്‍ എന്ന വാക്ക് ആദ്യം കേട്ടത് അവിടെ വെച്ചാണ്. അപ്പോഴേ എനിക്കാ പേരിഷ്ടമായകാരണം ആളെ ഞാനങ്ങെടുത്തു. അതൊന്നും അമ്മക്കറിയില്ല. കന്യാസ്ത്രീകള്‍ക്ക് എന്നെ ഇഷ്ടായിരുന്നില്ല. കാരണം ഞാന്‍ തറുതല പറയും.''
''ഹ..ഹ... എനിക്ക് സങ്കല്‍പിക്കാന്‍ പറ്റുന്നുണ്ട്. അശ്വിനി നല്ല ഫോമില് അവരോടു തര്‍ക്കിക്കുന്നത്. ഒരു വഴക്ക് പറയൂ.''
വിദ്യ തൊട്ടുകൂട്ടാന്‍ സ്വാദന്വേഷിച്ചു.
''എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ ഞങ്ങളെ ഗ്രൂപ്പ് തിരിച്ചു. നേതാക്കന്മാരുടെ പേരുകളായിരുന്നു ഗ്രൂപ്പിന് ഇടേണ്ടത്. മുന്നില്‍ത്തെ ബെഞ്ചിന്നു സാറാമ്മ പോള്‍ ഗാന്ധിന്നു പറഞ്ഞത് സിസ്റ്റര്‍ക്ക് ഇഷ്ടായി. പിന്നെ സെക്കന്‍ഡ് ബെഞ്ചീന്നു അമല വര്‍ഗീസ് നെഹ്‌റൂന്നു പറഞ്ഞു. അപ്പൊ ഞാനവിടെയിരുന്നു മുറുമുറുത്തു. പെണ്ണുങ്ങളാരും ഇല്ലേ നേതാക്കന്മാരായിട്ടെന്നു. ഒടനെ അടുത്ത ഗ്രൂപ്പുകാരി ബിജി പറഞ്ഞു പ്രിയദര്‍ശിനിന്ന്. വെരി ഗുഡ്ന്നാണ് സിസ്റ്റര്‍ പറഞ്ഞത്.''
''ഹോ, ഈ മണിയടിക്കാരികളെ എനിക്ക് കണ്ണിന് കണ്ടൂടാ..''
''അതു കഴിഞ്ഞു ഞങ്ങള്‍ടെ ഗ്രൂപ്പിന്റെ പേരു ചോദിച്ചപ്പോ ഞാന്‍ ലെനിന്‍ന്നു വിളിച്ചു പറഞ്ഞു. പറ്റൂല്ലാന്ന് സിസ്റ്റര്‍, എന്തുകൊണ്ടു പറ്റൂല്ലാന്ന് ഞാന്‍.''
''ന്നിട്ട് ന്താ ണ്ടായേ?''
''അഭിപ്രായ സ്വാതന്ത്ര്യം വേണ്ടെന്നു ചോദിച്ചത് സിസ്റ്റര്‍ക്ക് മൂക്കിനിടികിട്ടിയ പോലെയായി. പിന്നെ വോട്ടെടുക്കലായി.''
''എന്നിട്ട് ലെനിനു വോട്ടു കിട്ടിയോ?''
''എവിടെ! എന്റെ ഗ്രൂപ്പത്തികള്‍ക്ക് ലെനിന്‍ ആരാന്നു തന്നെ അറിയൂന്ന് തോന്നുന്നില്ല. അവരെല്ലാം കൂടി ഏതോ ഒരു കോണ്‍ഗ്രസുകാരന്റെ പേരിട്ടു ഗ്രൂപ്പിന്.''
റെഡ് വൈന്‍ ഒരിറക്കു കൂടി കുടിച്ചിട്ടു അശ്വിനി കഥയുടെ ബാക്കി പറഞ്ഞു.
''അവിടെ തുടങ്ങിയതാണ്. സാത്താന്റെ കളികള്‍ എന്നില്‍ നിന്നു പോവാന്‍ പ്രാര്‍ഥിക്കാന്‍ പറഞ്ഞു സിസ്റ്റര്‍. പിന്നെയൊരിക്കല്‍ മതകര്‍മ്മള്‍ക്ക് പ്രാധാന്യം കൊടുത്ത് ജീവിതം ഇല്ലാതാക്കുന്നവര്‍ എന്ന എന്റെ കോമ്പോസിഷ്യന്‍ വാചകത്തില്‍ പിടിച്ചായി യുദ്ധം.''
''അയ്യയ്യോ,എന്നിട്ടോ?''
''എന്നിട്ടെന്താ പപ്പയെ വിളിപ്പിച്ചു. പപ്പ പറഞ്ഞു അവള്‍ ഹിന്ദു സന്യാസിമാരെയാവും ഉദ്ദേശിച്ചതെന്ന്.''
വിദ്യ ചിരിച്ചു ശ്വാസംമുട്ടുന്നത് കണ്ടപ്പോള്‍ അശ്വിനിക്കും ചിരിക്കാതിരിക്കാന്‍ സാധിച്ചില്ല.
''അതിനവര്‍ എന്ത് ഉത്തരമാണ് പറഞ്ഞത്?''
''മദര്‍സുപ്പീരിയറാണ് പപ്പയോട് സംസാരിച്ചത്. മദര്‍ പുതിയ സ്‌കൂള്‍ ബസിനു ഡോണേഷന്‍ ചോദിച്ചു. പപ്പ എറ്റോണ്ടു പോന്നു. അല്ലാണ്ടെന്താ!''
''അയ്യേ!''
വിദ്യയുടെ മുഖം നിരാശകൊണ്ടു മൂടിപ്പോയി.
''ജഡ്ജീടെ മോളാന്നും കരുതി എന്തും ആവാന്‍ പറ്റില്ലാന്നു സിസ്റ്റര്‍ മദര്‍സുപ്പീരിയറിനോട് പറയുന്നത് ഞാന്‍ പുറത്തു നിന്നു കേട്ടു.''
''പപ്പ അശ്വിനിയെ ഉപദേശിച്ചോ?''
''ഹേയ്. പപ്പ ആ ടൈപ്പല്ല. അമ്മോട് പറഞ്ഞു അവളോട് റാങ്കു വാങ്ങാന്‍. അത്രതന്നെ.''
അശ്വിനിക്ക് പഴങ്കഥകള്‍ ബോറടിച്ചു തുടങ്ങി. വിദ്യക്ക് കഥകേള്‍ക്കാന്‍ ഇഷ്ടമാണ്. കഴിഞ്ഞകാലത്തില്‍ ചുറ്റിയടിച്ചു നടക്കാനാണ് വിദ്യക്കിഷ്ടം. ഒരു ലൂപ്പിലൂടെ നൂറുതവണ കറങ്ങിയിറങ്ങാന്‍ വിദ്യക്ക് മടിയില്ല.
ഏറ്റവും ഏളുപ്പമുള്ള ലൂപ്പാണ് ഫോര്‍ ലൂപ്പ്. ട്രെയിനിയെ ഐ.ടി.ക്കാരന്‍ പഠിപ്പിക്കുന്നു.
initialize count to zero
for count = 1 to 100
print story
അത്രയും മതി. Count -ന്റെ വില ആദ്യം പൂജ്യമാക്കി മാറ്റുന്നു. പിന്നെ count-ന്റെ വില ഒന്നാവും. ചോദ്യങ്ങള്‍ ചോദിക്കാതെ ലൂപ്പ് നൂറുതവണ കഥപറയും. കൗണ്ട് എന്ന വേരിയബിള്‍ ഒന്നുമുതല്‍ നൂറു വരെ തന്നത്താന്‍ എണ്ണി തീര്‍ക്കുന്നതു വരെ പറഞ്ഞതു തന്നെ പിന്നെയും പിന്നെയും പറയും. കഥമാറണമെങ്കില്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ എഴുതിചേര്‍ക്കണം.
for count = 1 to 100
print story(count)
എന്നു മാറ്റുമ്പോള്‍ കഥ(1), കഥ(2) എന്നങ്ങനെ കൌണ്ട് വേരിയബിളിന്റെ വില മാറുന്നതനുസരിച്ച് കമ്പ്യൂട്ടര്‍ കഥകളും മാറും. പക്ഷെ നൂറില്‍ കുറയാത്ത കഥകളുടെ വ്യൂഹം കമ്പ്യൂട്ടറിന്റെ ഓര്‍മ്മയില്‍ സൂക്ഷിച്ചിട്ടുണ്ടായിരിക്കണം.
Array of stories, array of memories, array of experiences! കഥകളുടെ, ഓര്‍മകളുടെ, അനുഭവങ്ങളുടെ വ്യൂഹത്തിനു നടുവില്‍ ഒറ്റപ്പെട്ടുകറങ്ങുന്ന മനസ്സിനെ വിടുവിച്ചെടുക്കുന്നത് എങ്ങനെയാണെന്ന് അശ്വിനി വേവലാതിപ്പെട്ടു. ഇന്നു ഇന്നാണു, ഇന്നലെകളേക്കാള്‍ പ്രധാനം. ഇന്നലകളുടെ അനന്തമായ കുടുക്കില്‍ നിന്നു പുറത്തു കടന്നാലേ ഒരാള്‍ക്ക് ഇന്നിനെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയൂ.
മോഹന്‍ ഹാലിഫാക്‌സിലേക്കു യാത്ര പോകാനൊരുങ്ങുന്നതു കണ്ടു അശ്വിനിയിരുന്നു. കാനഡയുടെ കിഴക്കു കിഴക്കേ ഉപദ്വീപായ നോവ സ്‌ക്കോഷിയയുടെ തലസ്ഥാനമാണ് ഹാലിഫാക്‌സ്. ഐ.ടി. ആപ്ലിക്കേഷനുകള്‍ വില്‍ക്കുന്ന കമ്പനികളിലെ ജോലിക്കാരുടെ കോണ്‍ഫറന്‍സാണ്. ഡാറ്റ സെക്യൂരിറ്റിയെപ്പറ്റിയുള്ള പ്രധാന പ്രസംഗം നടത്തുന്നത് മോഹനാണ്. കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ സുരക്ഷിതത്വത്തെപ്പറ്റിയും ഇന്റര്‍ നെറ്റിലെ തട്ടിപ്പുകളെപ്പറ്റിയും അശ്വിനിയെ പരിഹസിക്കാന്‍ മോഹനെന്നും ഇഷ്ടമായിരുന്നു. കഥ കുറെ പഴയതാണ്, അതിങ്ങനെ പോകുന്നു;
'നിങ്ങളുടെ ഇ-മെയില്‍ ലിസ്റ്റിലുള്ള എല്ലാവര്‍ക്കും ഇത് അയക്കുക: അമേരിക്കയില്‍ ഈയിടെയായി അടുത്തടുത്തു സംഭവിച്ച ആകസ്മികവും, അകാലവും, അപ്രതീക്ഷിതവുമായ മരണങ്ങളുടെ ചുരുളഴിയുന്നു. ദി ജേര്‍ണല്‍ ഓഫ് ദി യുണെറ്റഡ് മെഡിക്കല്‍ അസോസിയേഷനില്‍, ഡോക്ടര്‍ ബെവേര്‍ലി ക്ലാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിലാണ് ഇതിന്റെ വിശദാംശങ്ങള്‍ ഉള്ളത്. ഇതിനോടകം നിങ്ങള്‍ ഇത് വാര്‍ത്തകളില്‍ കണ്ടിരിക്കാം. ഇല്ലെങ്കില്‍ ഇതാണ് സംഭവങ്ങളുടെ ചുരുക്കം. അഞ്ചു ദിവസത്തിനുള്ളില്‍ മൂന്നു സ്ത്രീകളാണ് ഷിക്കാഗോയിലെ വിവിധ ആശുപത്രികളിലായി ഒരേതരം രോഗലക്ഷണങ്ങളുമായി എത്തിയത്. കടുത്ത പനി, കുളിര്, ഛര്‍ദ്ദി എന്നിവയുമായി തുടങ്ങുകയും പിന്നെ പേശീക്ഷയവും പക്ഷാഘാതവുമായി ഒടുവില്‍ മരണപ്പെടുകയും ചെയ്തു. ഈ സ്ത്രീകള്‍ പരിചയക്കാരോ ഇവര്‍ക്കു ഏതെങ്കിലും തരത്തിലുള്ള സമാനതകളോ ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ല.
കൂടുതല്‍ അന്വേഷണത്തില്‍ നിന്നും മരിക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ക്കു മുന്പ് ഇവരെല്ലാവരും ബ്ലെയര്‍ എയര്‍പോര്‍ട്ടിലെ ബിഗ് ചാപ്പീസ് റെസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചതായി കണ്ടെത്തി. ആരോഗ്യവകുപ്പ് ഉടന്‍ തന്നെയെത്തി ഭക്ഷണശാല അടച്ചു പൂട്ടുകയും അവിടുത്തെ ഭക്ഷണം, വെള്ളം തുടങ്ങി എയര്‍ കണ്ടീഷണര്‍വരെ സമഗ്രമായി പരിശോധിക്കുകയും ചെയ്തു. എന്നാല്‍ ആരോഗ്യത്തിനു ഹാനികരമായ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ആ റെസ്റ്റോറന്റിലെതന്നെ ഒരു ജോലിക്കാരിയെ ഇതേ രോഗലക്ഷണങ്ങളുമായി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. താന്‍ അവധിയിലായിരുന്നെന്നും ശമ്പളം വാങ്ങാന്‍ വേണ്ടി മാത്രമാണ് റെസ്റ്റോറന്റില്‍ പോയതെന്നും അവര്‍ ഡോക്ടര്‍മാരോട് വെളിപ്പെടുത്തി. അവര്‍ അവിടെനിന്നും ഒന്നും കഴിക്കുകയും കുടിക്കുകയും ചെയ്തില്ല. പക്ഷെ അവിടുത്തെ ശുചിമുറി ഉപയോഗിച്ചു. ഉടനെ തന്നെ ആശുപത്രിയിലെ വിഷചികിത്സാ വിദഗ്ദ്ധന്‍ റെസ്റ്റോറന്റില്‍ പോയി അവിടുത്തെ കക്കൂസിന്റെ സീറ്റുകള്‍ ഉയര്‍ത്തി നോക്കി. സീറ്റിനടിയിലായി പെട്ടെന്നു കാണാന്‍ പറ്റാത്ത വിധത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ ചിലന്തിയെ കണ്ടെത്തി.
ഈ ചിലന്തിയെ ലബോറട്ടറിയില്‍ കൊണ്ടുവന്ന് പരിശോധിച്ചതില്‍നിന്നും ഇത് ദക്ഷിണമേരിക്കന്‍ ബ്ലഷ് ചിലന്തി (arachnius gluteus), ആണെന്നു തെളിഞ്ഞു. അതിന്റെ ശരീരത്തിന്റെ ചുവന്ന നിറത്തില്‍ നിന്നും ലഭ്യമായ പേരാണിത്. ഗുരുതരമായ വിഷശക്തിയുള്ള ഇതിന്റെ വിഷം ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞ് കുറച്ചു ദിവസള്‍ക്ക് ശേഷമേ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമാവൂ. ഇരുട്ടും തണുപ്പും ഇര്‍പ്പവും ചേര്‍ന്ന ഇടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. കക്കൂസിന്റെ അരികുകള്‍ ഇതിനു പറ്റിയ താവളമാണ്. കുറെ ദിവസങ്ങള്‍ക്കു ശേഷം ലോസ് ആഞ്ചലസിലെ ഒരു ആശുപത്രിയില്‍ ഒരു ഡോക്ടറും ഇതേ രോഗ ലക്ഷണങ്ങളുമായി എത്തി. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് യാത്ര ചെയ്തിരുന്ന കാര്യം മരിക്കുന്നതിനു മുന്പ് അയാള്‍ ഡോക്ടര്‍മാരോടു പറഞ്ഞു. ന്യൂയോര്‍ക്കില്‍ നിന്നും ഷിക്കാഗോയില്‍ വന്ന് പ്ലെയിന്‍ മാറിയാണ് അയാള്‍ ലോസ് ആഞ്ചലസില്‍ എത്തിയത്. പക്ഷേ അയാള്‍ ബിഗ് ചാപ്പീസ് റെസ്റ്റോറന്റില്‍ പോയിരുന്നില്ല. മറ്റു രോഗികളെപ്പോലെ തന്നെ ഇയാളുടെ വലത്തെ ചന്തിയിലും കുത്തിയ പാടുണ്ടായിരുന്നു. പരിശോധനയില്‍ ഇയാള്‍ കയറിയ വിമാനം ദക്ഷിണ അമേരിക്കയില്‍ നിന്നും വന്നതാണെന്നു തെളിഞ്ഞു. ഉടന്‍ തന്നെ, ദക്ഷിണ അമേരിക്കയില്‍ നിന്നുമുള്ള എല്ലാ വിമാനങ്ങളുടേയും ടോയിലറ്റുകള്‍ പരിശോധിക്കാന്‍ The Civilian Aeronautics Board (CAB) ഉത്തരവിട്ടു. പരിശോധനയില്‍ നാലു പ്ലെയിനുകളില്‍ ബ്ലഷ് ചിലന്തിയുടെ കൂടുകള്‍ ഉള്ളതായി കണ്ടെത്തി. ഈ ചിലന്തികള്‍ ഇപ്പോള്‍ അമേരിക്കയുടെ ഏതു കോണിലും ഉണ്ടായിരിക്കാം എന്ന് കരുതപ്പെടുന്നു. അതുകൊണ്ട് ദയവായി പൊതു ശുചിമുറികള്‍ ഉപയോഗിക്കുന്നതിനു മുന്പ് ടോയിലറ്റ് സീറ്റ് ഉയര്‍ത്തി ശ്രദ്ധയോടെ പരിശോധിച്ചതിനുശേഷം മാത്രം ഉപയോഗിക്കുക. ഇ-മെയില്‍ ഇല്ലാത്ത നിങ്ങളുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും എത്രയും വേഗം ഇതറിയിക്കുക.''
സത്യത്തില്‍ അശ്വിനിക്ക് ചെറിയ പേടി തോന്നി. അറിയാതെ ചന്തിക്കൊരു കുത്തുകിട്ടിയാല്‍? മോഹന്‍ തലയറഞ്ഞു ചിരിച്ചു.
''ഉവ്വുവ്വ്, മക്‌ഡോണല്‌സിലെ പ്ലേ ഏറിയയില്‍ നിന്നും ഡ്രഗ് നീഡില്‍ കണ്ടെത്തിയ പാര്‍ട്ടി തന്നെ ആവും ഇതും കണ്ടുപിടിച്ചത്.''
''വെറുതെ ആളുകളില്‍ ഭയം ഉണ്ടാക്കുന്നത് ചിലര്‍ക്ക് ഒരു ഹരമാണ്. വിശ്വസീയതക്ക് വേണ്ടി യഥാര്‍ത്ഥ എജന്‍സികളുടെയും ബിസിനസ്സുകളുടെയും പേരുകള്‍ ചേര്‍ക്കും. ഒരു കുടുസ്സു മുറിയിലിരുന്നു പടച്ചു വിട്ട ഒരു സങ്കല്പകഥ അങ്ങനെ നാടും രാജ്യവും കടന്നു പ്രചരിക്കുമ്പോള്‍ അത് തുടങ്ങിവെച്ച ആള്‍ക്ക് ഒരു തരം അധീശതയും അധികാരബോധവും തോന്നും.''മോഹന്‍ അതിന്റെ ഉത്ഭവവും അതിനു പിന്നിലെ മനഃശാസ്ത്രവും അശ്വിനിക്കു മനസ്സിലാക്കി കൊടുത്തു. ഇമെയിലിനെ എങ്ങനെ ദുരുപയോഗപ്പെടുത്താം എന്ന വിഷയത്തില്‍ മോഹന്‍ ധാരാളം ക്ലാസുകളും ചിത്രാവതരണങ്ങളും നടത്തിയിട്ടുണ്ട്. ആ ചിലന്തി ഇമെയില്‍ വന്നു കഴിഞ്ഞു പുറത്തു പോകുമ്പോഴും അല്ലാത്തപ്പോഴും മോഹന്‍ പരിഹസിച്ചു കൊണ്ടിരുന്നു.
''യ്യോ ദേ, ഒരു സൗത്ത് അമേരിക്കന്‍ പാറ്റ കടിക്കാന്‍ വരുന്നു. ഓടിക്കോട്ടോ കീര്‍ത്തന.''''കുണ്ടിക്കു കടിച്ചാല്‍ നാണക്കേടല്ലേ, നിങ്ങള്‍ പെണ്ണുങ്ങള്‍ കൈയ് കാണിച്ചു കൊടുക്കണേ.''
കോണ്‍ഫറന്‍സുകളില്‍ സംസാരിക്കാന്‍ മോഹനിപ്പോള്‍ പലയിടത്തുനിന്നും ക്ഷണം കിട്ടുന്നുണ്ട്. മോഹന്റെ പ്രസംഗങ്ങള്‍ തമാശയിലാണ് തുടങ്ങുന്നത്. ആ നാടിനെപ്പറ്റി അല്ലെങ്കില്‍ ബിസിനസ്സിനെപ്പറ്റിയുള്ള തമാശയായിരിക്കും. സംസാരത്തിലുടനീളം ആ തമാശ തുടര്‍ന്നുകൊണ്ടു പോവുകയും ചെയ്യും. കേള്‍വിക്കാരുടെ ശ്രദ്ധ ഒരുമാത്രപോലും വിട്ടുപോകാതെ സൂക്ഷിക്കാന്‍ മോഹന്‍ പ്രത്യേകം ശ്രദ്ധിക്കും. അശ്വിനിയുടെ മുന്‍പിലായിരുന്നു മോഹന്‍ പ്രാക്ടീസ് ചെയ്യാറുണ്ടായിരുന്നത്. തിരുത്തലുകളും അശ്വിനിയുടെ അഭിപ്രായവും മോഹന് മതിപ്പായിരുന്നു, അത്യാവശ്യമായിരുന്നു. ഈ കോണ്‍ഫ്രന്‍സിന്റെ വിശദാംശങ്ങളൊന്നും അശ്വിനിക്കറിയില്ല.
മോഹന്‍ ഫോണില്‍ കീര്‍ത്തനയെ അനുനയിപ്പിക്കുന്നത് രസിച്ച് അശ്വിനിയിരുന്നു.
''വീട്ടില് ആരെങ്കിലും ഉണ്ടാവൂലോ.''
................
''ഇല്ല പ്രശ്‌നമൊന്നും ഉണ്ടായിട്ടല്ലഡാ. ഒറ്റക്കാവാണ്ടേ.''
.................
''നിന്റെ കോ-ഓപ്പ് ക്വിറ്റ് ചെയ്യാനല്ല ഞാന്‍ പറഞ്ഞത്.''
................
കീര്‍ത്തനക്ക് അവധിയെടുക്കാന്‍ പറ്റില്ലെന്ന് അശ്വിനിക്കറിയാം. പഠിത്തത്തിനിടയിലെ പരിശീലനമാണ്. കോ-ഓപ്പ് ട്രെയിനിംഗ് കാലത്ത് അവധിയില്ല, ഒരവസരം കിട്ടിയത് തന്നെ ഭാഗ്യമായി കരുതണം. മോഹന്‍ ഇവിടെ ഉണ്ടായിട്ടും എന്തു പ്രയോജനം എന്ന് ചോദിക്കാന്‍ അശ്വനിയുടെ മര്യാദ അനുവദിച്ചില്ല.
''എന്റെയീ ഒടുക്കത്തെ അച്ചടക്കമാണ് പ്രശ്‌നം ക്യാന്‍സൂ!''
അശ്വിനി പരാതിപ്പെട്ടു.
''മമ്മൂസ്, enjoy your single days!'
കീര്‍ത്തന ഫോണില്‍ അശ്വിനിയോടു കുസൃതി പറഞ്ഞു. അശ്വിനിയുടെ ആരോഗ്യത്തെപ്പറ്റി കീര്‍ത്തനക്ക് അറിയാം. അശ്വിനിയെക്കാള്‍ നന്നായി.
(തുടരും)
Content Highlights; Novel Manjil Oruval by Nirmala part twenty two part one