Save it, Store it!

കാപ്പിമേശയുടെ അടിയില്‍ അലക്ഷ്യമായി കിടന്നിരുന്ന പഴയ തടിയന്‍ ആല്‍ബം അശ്വിനി മറിച്ചു നോക്കി.  തൊപ്പിവെച്ച്, കൂളിംഗ് ഗ്ലാസ് വെച്ച്, കൈയില്‍ ഐസ്‌ക്രീമുമായി കീര്‍ത്തന മോഹന്റെ മടിയിലിരിക്കുന്ന പടം അവള്‍ കുറച്ചുനേരം നോക്കിയിരുന്നു. ജമേക്കയില്‍ വെക്കേഷന്‍ പോയപ്പോള്‍ എടുത്ത ഫോട്ടോ ആയിരുന്നു അത്.  
 
നീല നിറമുള്ള വെള്ളവും ആകാശവും,  ചെടികളും, ചെത്തിപ്പൂക്കുലകളും...... ജമേക്ക വെക്കേഷന്റെ നിറങ്ങളില്‍മുങ്ങി അശ്വിനിയിരുന്നു. ആ നാട്ടിലെ ചുട്ടുപൊള്ളുന്ന ജീവിതത്തെ വട്ടത്തൊപ്പിയില്‍ നിഴലാക്കിയും കറുത്ത കണ്ണടകൊണ്ട് പുറത്തെ യഥാര്‍ത്ഥ ജീവിതക്കാഴ്ചകള്‍ മറച്ചും തണുത്ത മധുരമുള്ള ലഹരിയില്‍മുങ്ങി ആനന്ദത്തിന്റെ ഹൈവെയില്‍ സ്പീഡ് ലിമിറ്റ് തകര്‍ക്കാന്‍ പെടാപ്പാട് പെട്ടിരുന്ന സുന്ദരന്‍ റിസോര്‍ട്ടു ജീവിതം. ആല്‍ബത്തിന്റെ കറുത്ത താളുകളില്‍ ജീവിതം നിറം പിടിച്ചു നില്‍ക്കുന്നു. അതിനിടയില്‍ മെലിഞ്ഞ ഒരു ജോലിക്കാരിയെ ആദ്യമായി അശ്വിനി കണ്ടു.  റിസോട്ടിലെ ജോലിക്കാര്‍ അച്ചടക്കത്തോടെയാണ് ജോലി ചെയ്യുന്നത്. അതിഥികളുടെ സുഖം മാത്രമാണ് അവരുടെ ജീവിത ലക്ഷ്യം എന്നമട്ടില്‍.  അവരുടെ സങ്കടങ്ങളോ സുഖാര്‍ത്തിയോ പുറത്തു കാണിക്കാതെ. കടലിനപ്പുറത്തെ ഹാമോക്കിലാടുന്ന ജീവിതത്തെപ്പറ്റി റിസോര്‍ട്ട് ജോലിക്കാര്‍ ഇടക്കെങ്കിലും സ്വപ്നം കാണുന്നുണ്ടാവുമോ?   
 
അശ്വിനി ആല്‍ബം തിരിച്ചു വെച്ചപ്പോള്‍ മേശക്കടിയില്‍ നിന്നും കുറെ കടലാസുകള്‍ പുറത്തേക്ക് ചാടി. പഴയ കത്തുകളും പത്രങ്ങളും കുഴഞ്ഞു മറിഞ്ഞു കിടക്കുന്നതായിരുന്നു അത്.  അവള്‍ വീടിനെ സൂഷ്മമായിട്ടൊന്നു നോക്കി. കെട്ടിക്കിടക്കുന്ന കടലാസ്സുകള്‍, ഭിത്തിയലമാരയില്‍ ഷൂസിന്റെ പെട്ടികള്‍, തൊപ്പികള്‍ സ്‌കാര്‍ഫുകള്‍, സഞ്ചികള്‍....   മോഹന്‍ അടുക്കലും പെറുക്കലും ഉപേക്ഷിച്ചത് എന്നാണ്? വീട് എപ്പോഴാണ് ഇങ്ങെനെ ചവറുകൂമ്പാരമായി മാറിയത്? 
 
പെട്ടെന്നാണു താറുമാറായിരിക്കുന്ന വീടിനെ തോല്‍പ്പിച്ചു  വിശപ്പു അശ്വിനിയെ ആക്രമിച്ചത്. കത്തിക്കാളുന്ന വിശപ്പായിരുന്നു അത്.   അവള്‍ക്കപ്പോള്‍ മറ്റാരെങ്കിലും വിളമ്പിക്കൊടുക്കുന്ന ഭക്ഷണം കഴിക്കണമെന്നു തോന്നി.  എട്ടു ആഴ്ചയായി കാത്തിരിക്കുന്ന കീമോതെറാപ്പി തുടങ്ങിയാല്‍ ഛര്‍ദ്ദിയുണ്ടാവും, പിന്നെ ഇമ്യൂണിറ്റി കുറയുന്നത് കൊണ്ട് പുറത്തു നിന്നും ഭക്ഷണം കഴിക്കാന്‍ പറ്റില്ല,  ലഘുലേഖകളില്‍ വായിച്ച മുന്നറിയിപ്പുകളോര്‍ത്തു അശ്വിനി ക്യാന്‍സുവിനോടു പറഞ്ഞു.   
''അതിനു മുന്പ് നമുക്ക് തിന്നു തിമിര്‍ക്കണം!'' 
വിദ്യക്ക് പകല്‍ ജോലിയുള്ള ആഴ്ചയാണ്, ആളെ നട്ടുച്ചക്ക് കിട്ടില്ലെന്ന് അശ്വിനി കണക്കുകൂട്ടി. അവള്‍ ഛടപടൂന്ന് എഴുന്നേറ്റ് ഗ്ലാസ് കഴുകി തുടച്ച് അലമാരയില്‍ ഇരുന്നിടത്തുവെച്ചു. ഗ്ലെന്‍ഫഡിക്കിന്റെ കുപ്പി അലമാരയുടെ പിന്നിലേക്ക് തള്ളിനീക്കി വെച്ചിട്ട് അതിനു മുന്നിലേക്ക് ക്ലബ് സോഡയുടെ കുപ്പി മാറ്റിവെച്ചു.  അശ്വിനി മുഖമൊന്നു കഴുകി, പിരികത്തില്‍ വളര്‍ന്നു വന്ന മൂന്നുനാലു രോമങ്ങളെ പിഴുതെടുത്തു കളഞ്ഞു. കണ്ണാടിനോക്കി. മുടിചീവി,  പൈജാമ ഊരിയെറിഞ്ഞു, സമ്മറിന്റെ സ്ലീവലെസ് ഉടുപ്പ് കൈയിലെടുത്തു. ബ്രായുടെ ഡ്രോയില്‍ തിരഞ്ഞു.  ഇളം പിങ്കു നിറമുള്ള പോസ്റ്റു സര്‍ജിക്കല്‍ ബ്രാ, സ്‌കൈലര്‍ തിരഞ്ഞെടുത്തു കൊടുത്തത് അവള്‍ കൈയിലെടുത്തു.  
''എല്ലാം ബോറിംഗ് വെള്ളയും കറുപ്പും ആവാതെ നേര്‍ത്ത നിറങ്ങള്‍ കൂടി എടുക്കൂ ആഷ്.''
''ഉവ്വ, കുന്നു തോണ്ടിയെടുത്ത കുഴിയെ പൊതിയാനല്ലേ, ശവക്കച്ച!''
സ്‌കൈലര്‍ തരിമ്പും സ്‌നേഹം കാണിക്കാതെ അശ്വിനിയെ നുള്ളി വേദനിപ്പിച്ചു. അത്രയും കഠിന ഹൃദയായി സ്‌കൈലറെ അശ്വിനി കണ്ടിട്ടില്ല. അവള്‍ ഒരിക്കല്‍ പോലും ക്ഷമ പറഞ്ഞില്ല. വേദനിച്ചോ എന്ന് അന്വേഷിച്ചില്ല. അത് അശ്വിനി അര്‍ഹിച്ചതുപോലെ.
''ഔച്ച്''
''Don't even think that way.  You are a beautiful woman. Do not let cancer define you'
സ്‌കൈലര്‍ ചെയ്യുന്നതൊന്നും ഉറപ്പില്ലാതെയല്ല. തിരുത്താന്‍ വേണ്ടിയുള്ള അസംബന്ധങ്ങളല്ല.  
 
പിങ്കു ബ്രായുടെ പൂമൊട്ടുകള്‍ ചേര്‍ത്തു തുന്നിയ വള്ളി വലത്തെ തോളില്‍ നിന്നും ഉയര്‍ത്തി കപ്പിനുള്ളിലേക്ക് അശ്വിനി വെപ്പുകല്യാണിയെ മെല്ലെ തിരികിക്കയറ്റി.  ഇതള്‍പോലെ മൃദുവായ കപ്പിനുള്ളില്‍ വെപ്പുകല്യാണി ശതാവരിവള്ളിയില്‍ പറ്റിച്ചേര്‍ന്നിരുന്നു. ജെല്‍-കുഷ്യന്‍ അശ്വിനിയുടെ ചൂട് ഒപ്പിയെടുത്തു ഞാന്‍ കല്യാണിതന്നെയെന്നു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഏതു ബ്ലൗസും സ്വെറ്ററും കുര്‍ത്തിയും ഇടാം. പഴയ പരുത്തിസാധനം പോലെ ഇടയ്ക്ക് എഴുന്നേറ്റു വന്നു ബ്ലൌസിന്റെ കഴുത്തിലൂടെ എത്തിനോക്കില്ല.  
''പരുത്തിക്കല്യാണിക്ക് മര്യാദയില്ല!''
ഉടുപ്പിട്ടിട്ടു അശ്വിനി ചരിഞ്ഞും തിരിഞ്ഞും നോക്കി കണ്ണാടിയോടു പറഞ്ഞു. 
''ഒരു പുതപ്പ് അല്ലെങ്കില്‍ സ്വെറ്റര്‍ വേണം. കൈയില്ലാത്ത ഉടുപ്പല്ലേ!'' 
കണ്ണാടി കമന്റടിച്ചു.          
നീളന്‍ സ്‌കാര്‍ഫ് കഴുത്തില്‍ ചുറ്റി അശ്വിനി അര്‍ബന്‍ റസ്റ്റോറന്റിലേക്ക് ക്യാന്‌സുവിന്റെ കൈപിടിച്ചങ്ങു പോയി.  റസ്റ്റോറന്റിന്റെ ബാറിനുള്ളിലെ തെളിച്ചംകെട്ട വിളക്കുകള്‍ അവരെ വശീകരിച്ചില്ല.     
'Would you like to sit on the patio mam?' 
'Yes please!'
 
ബാറിന്റെ പുറം തിണ്ണയില്‍ തിരക്കുണ്ടായിരുന്നു. ആറു വട്ടമേശകളും രണ്ടു നീണ്ട മേശകളുമാണ് പാറ്റിയോയില്‍ ഉണ്ടായിരുന്നത്. അവയില്‍ വെളുത്ത പ്ലാസ്റ്റിക് വിരികളും.  നടുക്കായി പച്ചയും വെള്ളയും കളങ്ങളുള്ള ഒരു ചതുരം ത്രികോണമായി ഇട്ടിരുന്നു.  
കൂട്ടമായിരുന്നു  ഉച്ചത്തില്‍ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയുംചെയ്യന്ന  സംഘങ്ങളെ ഒഴിവാക്കി അശ്വിനി അറ്റത്തുമാറി വിസ്താരമുള്ള പച്ച വേനല്‍ക്കുടയ്ക്ക് കീഴെ ഇരുന്നു.  അവിടെയിരുന്നാല്‍ ചോളപ്പാടങ്ങള്‍ക്ക് മുകളിലൂടെ ദൂരെയുള്ള റോഡുകാണാം. അതിലെ പാഞ്ഞു പോകുന്ന കാറുകളും ലോറികളും കാണാം.  അശ്വിനി കാറ്റത്തു കുഴഞ്ഞാടുന്ന ചോളച്ചെടികളെ നോക്കിയിരുന്നു. 
റോഡിന്റെ മറുവശത്ത് നീലയും ഗ്രേയും നിറത്തില്‍ പെയിന്റ് ചെയ്ത സെല്‍ഫ് സ്റ്റോറേജ് കെട്ടിടങ്ങളായിരുന്നു. പുറന്തള്ളിയിട്ടിരുന്ന നീലനിറം വീണ്ടും ഫാഷനിലേക്ക് വന്നിരിക്കുന്നു. സെല്‍ഫ് സ്റ്റോറേജിന്റെ ഷട്ടര്‍ തുറന്നാല്‍ അഞ്ചടി, പത്തടി, അല്ലെങ്കില്‍ ഇരുപതടി നീളത്തിലും വീതിയിലുമുള്ള മുറികളാണ്.  അവ വാടകയ്ക്ക് എടുക്കാം. വാഹനങ്ങള്‍ അതിന്റെ വാതിലോളം എത്തുന്നതു കൊണ്ട് സാധങ്ങള്‍ വെക്കാനും എടുക്കാനും എളുപ്പമാവുന്നു.  അല്പം കുറഞ്ഞ വിലക്ക് ഉള്ളിലുള്ള യൂണിറ്റുകള്‍ എടുക്കാം. ഒരു വരാന്തയ്ക്ക് ഇരുവശവും അല്ലെങ്കില്‍ എലിവേറ്റര്‍ കയറി മുകളിലുള്ള നിലകളിലായിരിക്കും ഉള്ളിലെ യൂണിറ്റുകള്‍. സെക്യൂരിറ്റി കോഡ് ഉപയോഗിച്ച് അലാറം നിയന്ത്രിക്കാം. ഈ സംവിധാനത്തിലൂടെ ആരെങ്കിലും നിങ്ങളുടെ സംഭരണ മുറിയില്‍ കയറിയാല്‍ ഉടന്‍ അറിയാനും പറ്റും.  ഇരുപത്തിനാലു മണിക്കൂറും പ്രവേശനം ആവാം.  
 
സ്വന്തമായി ഒരു പാണ്ടികശാല.  അധികമുള്ള വസ്തുക്കള്‍, വീട്ടില്‍ വെക്കാന്‍ സ്ഥലമില്ലാത്ത സാധനങ്ങള്‍ കൂട്ടി വെക്കാന്‍ ഒരു ഇടം.  കാനഡയില്‍ വീടുകള്‍ക്ക്, മുറികള്‍ക്ക്, ജനലുകള്‍ക്ക് എല്ലാത്തിനും വലിപ്പം കൂടിക്കൂടി വരികയാണ്.  അതിലൊന്നും കൊള്ളാത്തത്ര ജംഗമസ്വത്തുകളുമുണ്ട്. ടിവി വലുത്, ഫ്രിഡ്ജ് വലുത്. ഭക്ഷണം സൂക്ഷിച്ചുവെക്കാന്‍ ഫ്രീസറുകള്‍.  വീടുകളില്‍ ആളുകളുടെ എണ്ണം മാത്രമാണ് കുറഞ്ഞു വരുന്നത്. ഒരു വീടിനു മൂന്ന് അല്ലെങ്കില്‍ നാലു കുളിമുറികള്‍. അശ്വിനിയുടെ കുളിമുറിക്ക് ആദ്യം താമസിച്ചിരുന്ന ഫ്‌ളാറ്റിനേക്കാള്‍ വലിപ്പമുണ്ട്. വീടിനുള്ളില്‍ കുറഞ്ഞത് രണ്ടു വ്യായാമോപകരണങ്ങളുണ്ടാവും.  എന്നിട്ടും എല്ലാവരും ജിം മെമ്പര്‍ഷിപ്പ് എടുക്കുന്നു. ജിംനേഷ്യത്തില്‍ പോവുന്നു. പോവാന്‍ കഴിയാത്തതില്‍ കുറ്റബോധപ്പെട്ടു ജീവിക്കുന്നു. 
More... more... പിടിച്ചടക്കണം, കൂട്ടിവെയ്ക്കണം. ചെയ്തു തീര്‍ക്കണം. സ്വന്തമാക്കണം. അതാണു ഈ കാലത്തിന്റെ മുദ്രാവാക്യം
 
വീടിന്റ ഭാഗമായിട്ടുള്ള കാര്‍ഷെഡിനു രണ്ടു കിടപ്പുമുറികളുടെ വലിപ്പമുണ്ട്. അതിനുള്ളില്‍ മഞ്ഞു നീക്കാനുപയോഗിക്കുന്ന സ്‌നോ ബ്ലോവര്‍, ചൂടുകാലത്ത് പുല്ലുവെട്ടാനുള്ള ലോണ്‍ മോവര്‍ തുടങ്ങി തോട്ടപ്പണിയായുധങ്ങളും  അലമാരകളുമുണ്ട്. സാധനങ്ങള്‍ സൂക്ഷിക്കാനുള്ള വീടിനു പിന്നിലെ ഷെഡിനും വലിപ്പം കൂടിക്കൂടി വരുന്നു. അതിലും കവിയുന്ന സാധങ്ങള്‍. പുറത്തിരിക്കാന്‍ മടക്കു കസേരകള്‍ക്ക് പകരം ചൂടും വെയിലും മഴയും താങ്ങുന്ന സോഫകളായി മാറി  ഫാഷന്‍.  ഒരു റെസ്റ്റോറന്റിനനു ഉപയോഗിക്കാന്‍ വേണ്ടി വലിപ്പമുള്ള ബാര്‍ബിക്യൂ അടുപ്പുകള്‍. പാതകവും ബാര്‍യൂണിറ്റും കൂടിച്ചേര്‍ന്നത്. നാലു മാസത്തെ ചൂടുകാലം കഴിഞ്ഞാല്‍ മഞ്ഞില്‍ നശിച്ചുപോകാതെ, ഇതൊക്കെ എവിടെയാണ് സൂക്ഷിക്കുക.  
''Store it!'
പുതിയ സാധനങ്ങള്‍ മാര്‍ക്കറ്റില്‍ വരുന്നത് വാങ്ങുക. എല്ലാം കൂട്ടിക്കൂട്ടി വെയ്ക്കുക. രണ്ടാമത്തെ ബുക്കേഴ്‌സ്-നീറ്റ്‌നു*  ഓര്‍ഡര്‍ കൊടുക്കുമ്പോള്‍ അടുത്ത മേശയിലെ പെണ്ണുങ്ങളെ അശ്വിനി കള്ളക്കണ്ണുകൊണ്ടു നോക്കി.  അവര്‍ കൂട്ടത്തോടെ ചിരിക്കുന്നുണ്ട്.  മിഠായി നിറത്തിലുള്ള സമ്മര്‍ ഡ്രിങ്കുകള്‍ കുടിച്ചിരുന്ന അവരുടെ ഇടവിടാതെയുള്ള കൂട്ടച്ചിരി അശ്വിനിയെ അസ്വസ്ഥതപ്പെടുത്തി.      ഐസ്‌ക്രീമും വെള്ളവും, പേരിനു മദ്യവും ചേര്‍ന്ന കാണാന്‍ ചേലുള്ള അവരുടെ  മധുരപാനീയങ്ങളെ അശ്വിനി പുച്ഛത്തോടെ നോക്കി.     
 
കീമോ തയ്യാറെടുപ്പിന്റെ  ഉദ്ഘാടനമായി, മേശപ്പുറത്ത്  മടക്കി വെച്ചിരുന്ന നാപ്കിന്‍ ഒന്നു കുടഞ്ഞു നിവര്‍ത്തി മടിയിലിട്ടിട്ടു  അശ്വിനി സീസര്‍ സാലഡ് കഴിക്കാന്‍ തുടങ്ങി. ചീസിന്റെ തരുതരുപ്പും ലൈറ്റിസിന്റെയും സാലഡിനു മുകളില്‍ വിതറിയിരുന്ന ക്രൂട്ടണ്‍സിന്റെയും കറുമുറുപ്പും അവളുടെ രസമുകുളങ്ങളെ ആനന്ദിപ്പിച്ചു. സാലഡ് തീര്‍ന്നു ഒരിറക്ക് ബെര്‍ബന്‍ കുടിച്ചപ്പോഴേക്കും ലസാനിയയുടെ നീളന്‍ പാത്രം വെയിറ്റര്‍ അശ്വിനിക്കു മുന്നില്‍ വെച്ചു. 
'' പാത്രത്തിനു നല്ല ചൂടുണ്ട്, ഓവനില്‍ നിന്നും വന്നതാണ്. സൂക്ഷിക്കണേ!''
''കണ്ടിട്ടു തന്നെ നല്ല സ്വാദുണ്ട്.  നന്ദി.''  
അശ്വിനിയുടെ അഭിനന്ദനത്തില്‍ ചിരിച്ചുകൊണ്ടു വെയിറ്റര്‍ ചോദിച്ചു 
''ഒരു ഡ്രിങ്ക് കൂടി കൊണ്ടുവരട്ടെ?''
''ഓ തീര്‍ച്ചയായും!'' 
 
വെയിറ്ററിന്റെ മുന്നറിയിപ്പിനെ മാനിച്ചു ലസാനിയ പാത്രത്തില്‍ തൊടാതെ അശ്വിനി ഗാര്‍ലിക് ബ്രെഡിലേക്കു തിരിഞ്ഞു.  ചെറിയ ചൂടുള്ള റൊട്ടിയില്‍നിന്നും പരന്നൊഴുകിയ വെളുത്തുള്ളി കലര്ന്ന വെണ്ണ അശ്വിനിയുടെ വിരല്‍ തുമ്പിലായി.  അതു നാപ്കിന്‍ കൊണ്ടു തുടച്ചു മാറ്റിയിട്ട് അശ്വിനി ഗാര്‍ലിക് ബ്രെഡിന്റെ അടരുകള്‍ ശ്രദ്ധയോടെ കഴിച്ചു.    
''ബെര്‍ബന് ഗാര്‍ലിക് ബ്രെഡോളം നല്ലൊരു കൂട്ടില്ല ക്യാന്‍സൂ.''  
അശ്വിനിയുടെ കമന്ററി കേട്ടിട്ടു ക്യാന്‍സു മറുപടി പറഞ്ഞില്ല.  ചെറുതരിയായി നുറുക്കിയ ഇറച്ചി ചേര്‍ത്ത തക്കാളി സോസ്,  അതിനു മുകളില്‍ പാസ്റ്റയുടെ ഒരു അടുക്കു, പിന്നെയും തക്കാളി സോസ്,   പിന്നെ ചീസിന്റെ  മിശ്രതം,  അതിനു മുകളില്‍ വീണ്ടും  ഇറച്ചി ചേര്‍ത്ത തക്കാളി സോസ്, പാസ്റ്റ, ചീസ്... അടുക്കടുക്കായി പണിത ആറുനില ലസാനിയയുടെ മുകളില്‍ ചിതറിയ പാര്‍മസാന്‍  ചീസിലൂടെ നൂണ്ടിറങ്ങിവന്ന ചുവന്ന സോസ്  ചിലയിടങ്ങളില്‍  തവിട്ടുനിറമായിരുന്നു. ലസാനിയ തീര്‍ന്നു കഴിഞ്ഞപ്പോള്‍ വെയിറ്റര്‍ മധുരങ്ങളുടെ മെനു കൊണ്ടു അശ്വിനിക്കു കൊടുത്തു.   ഐസ്‌ക്രീമിനെ തള്ളി അവള്‍ ചീസ് കേക്ക് ഓര്‍ഡര്‍ ചെയ്തു.ഒരു സമ്പൂര്‍ണ ഇറ്റാലിയന്‍ ഭക്ഷണം കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍  അശ്വിനിയുടെ ശരീരം ഉറങ്ങണമെന്നു പറഞ്ഞു.  അവള്‍ വീടിനു പിന്നിലെ ഊഞ്ഞാലില്‍ മലര്‍ന്നുകിടന്നു.  അതുകണ്ട് ഒരു ഉപകാരിക്കാറ്റ് തുള്ളുന്ന പാന്‍സിപ്പൂവുകളില്‍ നിന്നും ഓടിവന്നു.  
രാ..രീ... രാ...രാ..രോ... രാരീരം..രാരീരം.. രാരാരോ.... 
 
റാണയാണ് അശ്വിനിയെ നാലുമണിക്ക് വിളിച്ചുണര്‍ത്തിയത്. 
''നാളത്തെക്ക് റെഡിയാണോ?'' 
''കീമോതെറാപ്പി, ഓ, അത് കുത്തിവെപ്പാണ്''
''കുത്തിവെപ്പല്ല.  ഇന്ട്രാവീനസ്.'' 
റാണയും അശ്വിനിക്ക് ക്ലാസെടുത്തു. തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റാതെ വിഭജിച്ചു വിഭജിച്ചു വലുതാവുന്ന കോശങ്ങളാണ് ക്യാന്‍സര്‍.  ഇങ്ങനെ പെരുകിക്കൊണ്ടിരിക്കുന്ന കോശങ്ങള്‍ക്ക് സഡന്‍ ബ്രേക്കിടാനുള്ള രാസവസ്തുക്കളുടെ ഒരു കോക്ടെയിലാണ് കീമോ മരുന്ന്. പക്ഷേ, ഈ ചുള്ളന്‍, ശരീരത്തിലെ വിഭജിച്ചുകൊണ്ടിരിക്കുന്ന എല്ലാ കോശങ്ങളെയും അടിച്ചു നിരപ്പാക്കി കളയും. രോമാകൂപങ്ങളെ നശിപ്പിക്കുമ്പോള്‍ എല്ലായിടത്തെയും രോമങ്ങള്‍ ഇല്ലാതാവും. കുടലിന്റെ ഉള്‍ഭാഗത്തെ കോശങ്ങളെ ബാധിക്കുമ്പോള്‍ ഛര്‍ദ്ദി വരും.  മജ്ജയെ ഇല്ലാതാക്കി കളയും.  അപ്പോള്‍ രോഗാണുക്കളെ ടിഷുംന്ന് ടിഷുംന്ന് ഇടിച്ചോടിക്കാനുള്ള പ്രതിരോധശക്തി ഇല്ലാതാവും.  റാണയുടെ ക്ലാസു കഴിഞ്ഞു അകത്തു കയറി വന്നു അശ്വിനി കാലത്തെ പുറത്തെടുത്ത ആല്‍ബവും കടലാസ്സുകളും ഫാമിലി മുറിയില്‍ ചിതറിക്കിടന്നത് കണ്ടു കയര്‍ത്തു.
''ഇതൊക്കെ ഞാന്‍ തിരിച്ചു വെച്ചിട്ടാണ് പോയത്! എനിക്ക് ഒറപ്പാ!''
''ആരാ...ആരാ... ക്യാന്‌സു ഇതൊക്കെ പിന്നെയും വലിച്ചിളക്കിയത്?''  
 
അന്നു രാത്രി ഉറങ്ങാന്‍ പറ്റാതെ  അശ്വിനി ലൈബ്രറിയില്‍ നിന്നുമെടുത്ത പുസ്തകങ്ങളും, ആശുപത്രിയില്‍ നിന്നു കിട്ടിയ ലഘുലേഖകളും, മുന്നറിയിപ്പുകളും, പോരാത്തതിന് ഗൂഗിള്‍ കൊടുത്ത ഒരുലക്ഷം പേജുകളും ഒന്നുകൂടി അരിച്ചുപെറുക്കി നോക്കി.  അതില്‍ കീമോ ബ്രെയിന്‍ എന്നൊരു പ്രശ്‌നം അശ്വിനിയെ പിടിച്ചു കുലുക്കി.  കീമോതെറാപ്പി ചിലപ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കും. സാവധാനം തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചു പോകാം! നെടും പാതിരക്ക് ഉറങ്ങുന്ന മോഹനെ അശ്വനിക്ക് തീരെയും ഇഷ്ടമായില്ല. അവള്‍ക്കപ്പോള്‍ കീമോ ബ്രെയിനും മെറ്റാസ്റ്റേസസും നാഡീക്ഷതവും ചര്‍ച്ച ചെയ്‌തേ മതിയാവൂ. 
മോഹന് കീമോയെപ്പറ്റി വേവലാതിയില്ല.  മോഹന്റെ ജോലിയെപ്പറ്റി മാത്രമേ ഇപ്പോള്‍ മോഹന് വേവലാതിയുള്ളൂ. കോര്‍പ്പറേറ്റ് കോണിക്ക് മുകളിലെ അറ്റത്ത് ഉറപ്പിക്കാന്‍ മോഹന്‍ തീരുമാനിച്ചിരിക്കുന്ന കസേരമാത്രമാണ് മോഹന്റെ വേവലാതി.  
  
കിടപ്പുമുറിയില്‍ നിന്നും പുറത്തു കടന്ന് അശ്വിനി റാണാ പ്രതാപ് സിംഗിനോട് പരിഭ്രമം പറഞ്ഞു. റാണ ക്ഷമയോടെ കേട്ടിട്ട് അശ്വിനിയെ പ്രോബബിലിറ്റി പഠിപ്പിക്കാന്‍ ശ്രമിച്ചു.  
''എത്ര കെട്ടിടങ്ങള്‍ ഇടിഞ്ഞു വീഴുന്നുണ്ട്? എത്ര പാലങ്ങള്‍ വെള്ളത്തിലേക്ക് വീണു പോവുന്നുണ്ട്?  എന്നു കരുതി പാലങ്ങളെല്ലാം ഒഴിവാക്കുന്നത് ലോജിക്കലാണോ?''
''ഓഹോ, എന്റെ പ്രൊഫഷനില്‍ പിടിച്ചാണല്ലേ പ്രതികാരം.'' 
''പ്രതികാരോന്നല്ല, റിയാലിറ്റി ചെക്ക് എന്ന് പറയാം.'' 
അശ്വിനി പിന്നെ ഫേസ്ബുക്കു പോസ്റ്റില്‍ നോക്കി.  ഉച്ചകഴിഞ്ഞിട്ടിരുന്ന സ്റ്റാറ്റസിനു തൊണ്ണൂറ്റിരണ്ടു ലൈക്കുകളെ വന്നിട്ടുള്ളൂ എന്നു കണക്കെടുത്തു. മൂവായിരം ഫേസ്ബുക്ക് സുഹൃത്തുക്കളില്‍ തൊണ്ണൂറ്റിരണ്ടു പേരെ ഇത് കണ്ടിട്ടുള്ളോ? കണ്ടിട്ടും ലൈക്ക് അടിക്കാതെ പോയത് ആരൊക്കെയാണ്? ആരെല്ലാം നാലുമണി കഴിഞ്ഞു പോസ്റ്റുകളിടുകയും മറ്റുള്ളവരെ പോസ്റ്റുകള്‍ക്ക് കമന്റിടുകയും ചെയ്തിട്ടുണ്ട്? അശ്വിനി കൃത്യതയോടെ എല്ലാം നോക്കി കണക്കു വെച്ചു.  
അശ്വിനി മിത്രയുടെയും, മെറിന്റെയും, ശാന്തിയുടെയും പേജുകള്‍ നോക്കി.  കുറച്ചു ദിവസമായി അപ്‌ഡേറ്റ്കള്‍ ഒന്നുമുണ്ടായിരുന്നില്ല.  അവരെല്ലാവരും കൂടി എവിടെയെങ്കിലും യാത്രപോയിരിക്കുമെന്നോര്‍ത്തു അശ്വിനിയുടെ ഉറക്കം പിന്നെയും പിണങ്ങിനിന്നു.     
(*Booker's bourbon - neat  )

(തുടരും)
 
 
Content Highlights: Novel Manjil Oruval by Nirmala part twenty three