Mother Duck Said Quack-Quack, Quack-Quack
അശ്വിനിയുടെ ഭക്ഷണം ഛര്‍ദ്ദി കുറക്കാനായി സൂപ്പുമാത്രമായി ചുരുങ്ങി. രാവിലെ ഉറങ്ങിയെഴുന്നെറ്റാലുടന്‍ കാപ്പിക്കു പകരം ചുടു ചൂടന്‍ സൂപ്പു കുടിച്ചാലേ വയറു ശാന്തമാകൂ. സൂപ്പു കുടിച്ചു അശ്വിനി മടുത്തു പോയിരുന്നു. കപ്പ്-എ-സൂപ്പിന്റെ പാക്കറ്റു പൊട്ടിച്ചു തിളച്ചവെള്ളമൊഴിച്ചെടുത്തതില്‍ അശ്വിനി കുരുമുളകു പൊടി ചേര്‍ത്തു നോക്കി. കുരുമുളകിട്ടാലും ഇല്ലെങ്കിലും സൂപ്പിനു രുചി തീരെയില്ല. അത് തൊണ്ടയിലെത്തുമ്പോള്‍ അശ്വിനിക്ക് ഓക്കാനം വരും.
കഴിക്കാതെ തരമില്ലാത്തതുകൊണ്ട് സൂപ്പ് കഷ്ടപ്പെട്ടു അകത്താക്കി അശ്വിനി ഉറങ്ങാന്‍ കിടക്കും. ഉണരുമ്പോള്‍ അശ്വിനിയുടെ വിശക്കുന്ന വയറ് പാതാളക്കൊതി തുള്ളും!
ദോശ, ഇഡ്ഡലി, പറോട്ട, ബിരിയാണി
...ഉം..ഉം..ഉം...
വിശപ്പ്.. വിശപ്പ്...ശപ്പ്.. ശപ്പന്‍ വിശപ്പ്
കഞ്ഞിയും സൂപ്പും ഒഴികെ എന്തു കിട്ടിയാലും മതിയെന്നു അശ്വിനിയുടെ വായ ഓര്‍ഡര്‍ കൊടുത്തു. അടുക്കള കാണുമ്പോള്‍ അശ്വിനിക്ക് ഛര്‍ദ്ദി പൊട്ടും, അടുക്കള നിറയെ അടിവയറിനെ ഇളക്കിമറിക്കുന്ന മണങ്ങളായിരുന്നു.വീണ്ടും വീണ്ടും ഛര്‍ദ്ദി വന്നുകൊണ്ടിരുന്നു. കുടലിന്റെ അടിയില്‍നിന്നുമിത്തിരി വെള്ളം മാത്രമായി. ടോയ്ലറ്റില്‍ ഇറുകെപ്പിടിച്ച് അവള്‍ ഓക്കാനിച്ചു. മൂക്കിലും വായിലും കൂടി ഇളകി വരുന്ന വൃത്തികേട്. കണ്ണുകളിലൂടെ വരുന്നതും ചര്‍ദ്ദിവെള്ളം ആയിരിക്കുമോ? ടോയ്ലറ്റ് പേപ്പര്‍കൊണ്ട് കണ്ണു തുടച്ചു സിങ്കിലേക്ക് നിവരാന്‍ തുടങ്ങിയതും ചര്‍ദ്ദിയുടെ അടുത്ത തിരവന്നു. എവിടെയെങ്കിലും തെറിച്ചിട്ടുണ്ടാവുമോ എന്നു സംശയിച്ചു തളരുന്ന ശരീരത്തിനെ ഉയര്‍ത്തി നിര്‍ത്തി അശ്വിനി കുളിമുറി വീണ്ടും വൃത്തിയാക്കി. കുളിമുറിയില്‍ നിന്നും ശരീരത്തിനെ എങ്ങനെയെങ്കിലും കിടക്കയിലെത്തിക്കണം. പിന്നെ തളര്ച്ചക്കും മനംപുരട്ടലിനുമിടയില്‍ ഉറക്കത്തിലേക്ക് പതിയെ ചായണം. അതായിരുന്നു അശ്വിനിയുടെ ടാസ്‌ക് ലിസ്റ്റ്.
കിടക്കയില്‍ വീഴുന്നതിനു മുന്‍പ് മനംപിരട്ടല്‍ അശ്വിനിയെ കുളിമുറിയിലേക്ക് തിരികെ ഓടിച്ചു. ഭിത്തികളില്‍ പിടിച്ച് അശ്വിനി കുളിമുറിയിലെത്തിയതും കഴുകി ശുദ്ധമാക്കിയ നിലത്തും ടോയലറ്റിലുമായി മഞ്ഞ വെള്ളം ചിതറി വീണു. കുളിമുറിയുടെ തണുത്ത തറയോടില്‍ ഉണരുമ്പോള്‍ അശ്വിനിയുടെ ബ്ലൌസ് നനഞ്ഞു ശരീരത്തോട് ഒട്ടിപ്പിടിച്ചു കിടന്നിരുന്നു. അശ്വിനി അതിനെ പകയോടെ ഊരിയെറിഞ്ഞു. ശരീരം തുടച്ചു, വസ്ത്രം മാറ്റി, കുളിമുറി വൃത്തിയാക്കാന്‍ ബലമില്ലാതെ തളര്‍ന്നു പോയ ശരീരത്തെ അവള്‍ വാരിവലിച്ചു കിടക്കയിലേക്കിട്ടു. വ്യസനിച്ചുകൊണ്ട് കട്ടിലിനെ വലംവയ്ക്കുന്ന സീലിംഗ് ഫാനിന്റെ കാറ്റില്‍ കിടക്കവിരിയുടെ തുമ്പുകള്‍ വിറച്ചുതുള്ളി.
കീമോ മിശ്രിതത്തില്‍ ഛര്‍ദ്ദി കുറക്കാനുള്ള മരുന്ന് ഡോക്ടര്‍ കൂട്ടിയതനുസരിച്ചു അശ്വിനിയുടെ ക്ഷീണവും കൂടിക്കൊണ്ടിരുന്നു. ശരീരത്തിനെ എങ്ങനെയെങ്കിലും കിടക്കയിലിട്ടാല്‍ മതി, മരുന്നുകള്‍ ആശ്വസിപ്പിച്ചുറക്കും. സമയത്തിനെ ഉറക്കം തട്ടിയെടുത്തുകൊള്ളും. ബോധംകെട്ട ഉറക്കവുമല്ല. നനഞ്ഞ ടവ്വല്‍പോലെ രൂപംകെട്ടു ഒരിടത്തങ്ങിനെ കിടക്കുക. അതൊരു തരം അസഹ്യമായ കിടപ്പാണ്. മൂന്നു ദിവസങ്ങള്‍ കഴിയുമ്പോള്‍ ഭ്രമരം കുറഞ്ഞു അശ്വിനി അശ്വിനിയായി മാറും.
''You are turning in to a stickwoman. Eat something! '
വീട്ടില്‍ വന്നപ്പോഴൊക്കെ കീര്‍ത്തനയുടെ അമ്മസ്‌നേഹം അശ്വിനിയെ ശാസിച്ചു. കീര്‍ത്തനയാണ് ഇപ്പോള്‍ അശ്വിനിയുടെ ഗുരു. അവള്‍ തത്വശാസ്ത്രം വിളമ്പുന്നു, ജീവിതപാഠങ്ങള്‍ കാണിച്ചുകൊടുക്കുന്നു, അമ്മയെ മര്യാദ പഠിപ്പിക്കുന്നു. എല്ലാ തലമുറയും മുന്‍തലമുറയെ വിമര്‍ശിക്കുന്നു ശാസിക്കുന്നു, പഠിപ്പിക്കുന്നു, തെറ്റുകള്‍ ചൂണ്ടിച്ചൂണ്ടി ചൂളിപ്പിക്കുന്നു.
ഛര്‍ദ്ദിയും ക്ഷീണവും കുറച്ചൊന്നു മാറിയിട്ടു ഇനി അമ്മയെ വിളിച്ചാല്‍ മതിയെന്ന് അശ്വിനി തീരുമാനിച്ചു. അമ്മയില്ലാതെ ജഡ്ജിക്ക് ഒരുനേരം കടത്തി വിടാന്‍ പറ്റില്ല. അല്ലെങ്കില്‍ അമ്മ പറന്നു വന്നേനെ. അശ്വിനിയെ നോക്കാന്‍. കഞ്ഞിയും ചെറുപയറു കൂട്ടാനുംവെച്ച് കഴിയ്ക്ക് കഴിയ്ക്ക് എന്നു നിര്‍ബ്ബന്ധിക്കാന്‍. മുടി ഈരു പെണ്ണേന്ന് വഴക്കുപറയാന്‍. ഞാനൊരു നൈറ്റി തുന്നാടീന്നു പറഞ്ഞു ഇളകിമറിയാന്‍. ഫാബ്രിക് ലാന്‍ഡിലെ തുണികളും, ലേസും, ബട്ടനുകളും, പിന്നെ നൂറുതരം തുന്നല്‍ സാമഗ്രികളും കാണുമ്പോഴെല്ലാം അശ്വിനിക്ക് അമ്മയെ കാനഡയ്ക്ക് കൊണ്ടുവരാത്തതില്‍ സങ്കടം തോന്നും. ഇതെല്ലാം കണാമ്പോള്‍ പ്രേമാവതിയുടെ കണ്ണുകളില്‍ മിന്നല്‍പ്പിണര്‍ തെളിയുന്നത് അശ്വിനി സങ്കല്‍പ്പിക്കും. അശ്വിനിക്കും അഖിലയ്ക്കുംവേണ്ടി അമ്മ തയിച്ചു കൂട്ടിയ ഉടുപ്പുകളും, ചുരിദാറുകളും, വീടിന്റെ കര്‍ട്ടനുകളും, മേശവിരിപ്പുകളും അശ്വിനിയോര്‍ത്തു. അശ്വിനിയുടെ അമ്മയുടെ മാസ്റ്റേഴ്‌സ് ഇന്‍ കെമിസ്ട്രി മാത്രമേ ഉപയോഗപ്പെടാതെ കിടന്നുള്ളൂ.
കീമോ കഴിഞ്ഞു അഞ്ചാമത്തെ ദിവസം ആയപ്പോഴേക്കും അശ്വിനിയുടെ പകലുറക്കം മാറി. സമയം പിന്നെയും അവള്‍ക്കരികില്‍ വെറുതെ ചുറ്റിപ്പറ്റി നില്‍ക്കാന്‍ തുടങ്ങി. ഒരു മണിക്കൂര്‍ ഒരു മിനിറ്റ് വേഗത്തില്‍ ഓടിതീര്ത്തിരുന്ന സമയമാണ്!
വീടിനു എന്തൊരു നിശബ്ദതയാണ്. ആരും വരുന്നില്ല. ആരും വിളിക്കുന്നില്ല. സഹതാപത്തിനും സഹായത്തിനും സമയ പരിധിയുണ്ട് അശ്വിനീ. എത്രകാലമെന്ന് കരുതിയാണ് സുഹൃത്തുക്കള്‍ കാണാന്‍ വരിക? ഊട്ടിപ്പോറ്റുക? ഒരു പനിയോ മറ്റോ ആണെങ്കില്‍ അവര്‍ സഹിക്കും. പക്ഷെ ഇങ്ങനെ മാസങ്ങള്‍ നീളുന്ന സിമ്പതി കം ഹെല്‍പ് ഈസ് നോട്ട് പ്രാക്ടിക്കല്‍. രോഗം നിന്നെയൊരു ബാദ്ധ്യത ആക്കിയിരിക്കുന്നു അശ്വിനി.
''You are a liability'
ലയബിലിറ്റി.. ബിലിറ്റി..ലിറ്റി...ലിറ്റി...റ്റി!
ഇലകള്‍ വകഞ്ഞുമാറ്റി ചില്ലകള്‍ക്കിടയില്‍ സാറ്റു കളിച്ച് കിലുംകിലം ചിരിച്ച് ചങ്ങാതിക്കാറ്റു വിളിച്ചു.
''നടക്കാന്‍ പോവാം.''
ഉച്ചകഴിഞ്ഞു അശ്വിനി കാറ്റിനെ കൂട്ടുപിടിച്ചു പുറത്തു നടക്കാന്‍ തുടങ്ങി. വ്യായാമം അത്യാവശ്യമാണെന്നു പറഞ്ഞു ഡോക്ടറും വിദ്യയും അശ്വിനിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അശ്വിനിയുടെ വീട്ടില്‍ നിന്നുമിറങ്ങി വലത്തേക്ക് തിരിഞ്ഞു പത്തുമിനിട്ടു നടന്നാല്‍ പ്രധാന റോഡ് എത്തും. അത് മുറിച്ചു കടന്നാല്‍ അഞ്ചേക്കര്‍ വലിപ്പമുള്ള പാര്‍ക്കാണ്. മുന്നില്‍ കുട്ടികളുടെ കളിക്കളവും പിന്നിലായി വലിയ മരങ്ങളും അതിനിടയിലൂടെ നടവഴിയുമുള്ള പാര്‍ക്കിലായിരുന്നു അശ്വിനിയുടെ നടത്തം.
പാര്‍ക്കില്‍ പോവാനൊരുങ്ങി അശ്വിനി മുറ്റത്തേക്കിറങ്ങി. മുന്നിലെ പടിയിലിരുന്നു ഷൂസിന്റെ ലേസു കെട്ടുന്നതിനിടയില്‍ അവള്‍ ഹൈട്രാന്ജിയച്ചെടിയിലെ ഉണങ്ങി നിറംകെട്ട പൂക്കള്‍ ശ്രദ്ധിച്ചു. വേനല്‍ക്കാലം തീരാറായാതിന്റെ ലക്ഷണമായി സീഡത്തിന്റെ പൂക്കുല ചുവന്ന കുടപോലെ പന്തലിച്ചിരുന്നു. സീഡത്തിന്റെ കനത്ത കരിമ്പച്ചയിലകള്‍ അശ്വിനിക്കു ഇഷ്ടമായിരുന്നു. വെള്ളവും ശ്രദ്ധയും അധികം വേണ്ടാത്ത സീഡം അടുത്തു നിന്നിരുന്ന ചെറിയ ചെടികള്‍ക്കു മുകളിലേക്കു കവിഞ്ഞു നിന്നു. അതിനെല്ലാമിടയിലായി പല തരം കളകളും പൂവിട്ടു നില്‍ക്കുന്നുണ്ടായിരുന്നു.
നടക്കാന്‍ പോവെണ്ടെന്നു വെച്ച്, അശ്വിനി വെയില്‍ വകവെക്കാതെ തോട്ടത്തിന്റെ അരികില്‍ വെറും പുല്ലില്‍ അമര്‍ന്നിരുന്നു. ചെടികള്‍ക്കിടയില്‍ നിന്നും അവള്‍ കളകള്‍ പിഴുതു മാറ്റി. ഡേ-ലില്ലിയുടെ കൂട്ടം, കാടുപിടിച്ച് തവിട്ട് നിറത്തില്‍ മുങ്ങി നില്ക്കുകയായിരുന്നു. കരിഞ്ഞു തുടങ്ങിയ ഇലകള്‍ പച്ചിലകളേക്കാള്‍ കൂടുതലുണ്ടെന്ന് തോന്നിപ്പിച്ചു. പൂവുകൊഴിഞ്ഞ നീളന്‍ തണ്ടുകളും തവിട്ടു നിറത്തില്‍ ഇടയ്ക്കിടെ നീണ്ടു നിന്നിരുന്നു. ചെറിയ കത്രികകൊണ്ട് അശ്വിനി ലില്ലിച്ചെടിയുടെ പച്ചയിലകള്‍ വകഞ്ഞു മാറ്റി അടിയില്‍ നിന്നും ഉണങ്ങിയ പൂവുകളും ഇലകളും ഓരോന്നായി മുറിച്ചു മാറ്റി. ചുവപ്പും വെള്ളയും നിറത്തില്‍ തൊള്ളയിട്ടുനിന്ന ഡയാന്തസ് ചെടിയിലും കരിഞ്ഞ പൂവുകള്‍ നിറഞ്ഞു നിന്നിരുന്നു. ചെറിയ കുട്ട അടിയില്‍ പിടിച്ച് അശ്വിനി ഡയാന്തസിന്റെ കരിഞ്ഞ തലകള്‍ കത്രികകൊണ്ടു മുറിച്ചെടുത്തു. കുട്ട നിറയായപ്പോഴേക്കും ചെടി സുന്ദരിയായി.
പണി തീര്‍ത്ത് അകത്തേക്ക് കയറിപ്പോകുന്നതിനു മുന്‍പ് വാതില്‍ക്കല്‍ നിന്ന് അശ്വിനി തോട്ടത്തിനെ വീണ്ടും നോക്കി. തോട്ടത്തിന്റെ വൃദ്ധഭാവംമാറി യുവത്വം വന്നിരുന്നു. എല്ലാത്തിനും പരിപാലനം ആവശ്യമാണ്. ഇല്ലെങ്കില്‍ ഉണങ്ങിമങ്ങി നശിച്ചു പോവും.
''ഒരു ബിഫോര്‍ ആന്റ് ആഫ്റ്റര്‍ പടം എടുക്കേണ്ടതായിരുന്നു.''
അവള്‍ റാണയെ അന്നത്തെ അഡ്വഞ്ചര്‍ പറഞ്ഞു കേള്‍പ്പിച്ചു.
പറിച്ചുമാറ്റിയ കളകളും ഉണങ്ങിയ ചെടിക്കൊമ്പുകളും വാരിയെടുത്തു കാര്‍ ഷെഡിലെ വലിയ ചവിറ്റുകൊട്ടയില്‍ ഇട്ടപ്പോഴേക്കും അശ്വിനി വിയര്‍ത്തു നനഞ്ഞിരുന്നു. നടക്കാന്‍ പുറത്തേക്കിറങ്ങുമ്പോള്‍ തണുപ്പു തോന്നിയതാണ്. ക്ഷീണം അവഗണിച്ച് അശ്വിനി കുളിക്കാന്‍ തീരുമാനിച്ചു. തലകുമ്പിട്ടു നിന്ന് ഷാംബൂതേച്ചതാണ് അശ്വിനി. കൈനിറയെ മുടി ഊര്‍ന്നു പോന്നു. പ്രതീക്ഷിച്ചിരുന്നതാണെങ്കിലും അവള്‍ ഉച്ചത്തില്‍ കൂവിവിളിച്ചു. അടക്കാന്‍ പറ്റാതെ വന്ന അശ്വിനിയുടെ ഏങ്ങലടിയും കണ്ണീരും വെറുംവെള്ളത്തില്‍ ഒഴുകിയൊഴുകിപ്പോയി.
''നീളന്‍ മുടിയെ സൂക്ഷിച്ചു വെക്കണോ? കൂട്ടിവെച്ച് തിരുപ്പനുണ്ടാക്കാം!''
ക്യാന്‌സു അതിനു ഉത്തരം പറഞ്ഞുകൊടുത്തില്ല. രാത്രി ഒന്‍പതു മണിക്കു വന്ന മോഹന്‍ കളകള്‍ പോയി സുന്ദരിയായ പൂന്തോട്ടത്തെ കണ്ടില്ല. മുലപോയ പെണ്ണിന്റെ മുടിയും പോയതറിഞ്ഞില്ല. അവള്‍ കിടക്കയില്‍ ഒറ്റക്കു കിടന്ന് വെറുതെ ഏങ്ങലടിച്ചതും കേട്ടില്ല.
രാവിലെ മോഹന്‍ ആശ്വിനിയെ സൂക്ഷിച്ചു നോക്കി. വാക്കുകള്‍ ഒന്നു പോലും അയാളുടെ വായില്‍ നിന്നും പൊഴിഞ്ഞില്ല. അശ്വിനിക്കുവേണ്ടി അയാളുടെ കൈവശം വാക്കുകളില്ല. കഥകളില്ല. മുടിയില്ലാത്ത തലയെപ്പറ്റി ഒരു തമാശപോലും ഇല്ല. മിറാന്‍ഡ അവകാശം മോഹന്‍ ഇറുകെപ്പിടിച്ചിരിക്കുകയാണ്.
.... the right to remain silent..
കൂടുതല്‍ ഉത്തരവാദിത്തങ്ങളില്‍ നിന്നും വികാരാധീനനാകുന്നതില്‍ നിന്നും അതു മോഹനെ രക്ഷിക്കും. മോഹന്‍ രസക്കേടുള്ള വിഷയങ്ങളെ ഒഴിവാക്കി ഹൃദ്യമായതിലേക്കു രക്ഷപ്പെടുകയാണ്.
മോഹന്‍ ജോലിക്കു പോയ ഉടനെ അശ്വിനി വിദ്യയെ വിളിച്ചു.
''വിദ്യ വിനോദിനി, എനിക്കൊരു ഉപകാരം ചെയ്യാവോ?''
''ഉം, എന്തുപകാരം?''
''എന്റെ കൂടെ ഷോപ്പിംഗിനു വരുമോ?''
''ഷോപ്പിംഗ് ഉപകാരമൊന്നുമല്ല അശ്വിനി. ദയവായി പാസയം കുടിക്കാമോന്നു ചോദിക്കണ പോലെയല്ലേ. സമയം പറയ് ഞാന്‍ റെഡി.''
''ഇത്, വിഗ് വാങ്ങാനാണ്. നമുക്ക് പരിചയമില്ലാത്ത മേഘലയല്ലേ. ബോറായിരിക്കും.''
''ഓ, പോവാല്ലോ. ഓണ്‍ലൈന്‍ തപ്പിയോ? ഏത് സ്‌റ്റൈലാണ് നല്ലതെന്നു നോക്ക്. മുടീടെ സെയിം ലെങ്ങ്ത് ഉള്ളത് നോക്കാം.
''ശരിയാല്ലേ, എന്റെ ലുക്ക് വരണ്ടേ''
''തലേടെ മെഷര്‍മെന്റ്‌റ് കടയില്‍ പോയാല്‍ അവരെടുത്തോളും. പെറ്റിറ്റ് ആവറേജ് ആവുന്നാ എനിക്ക് തോന്നണെ.''
''അതെന്തു സൈസാണ് വിദ്യേ?''
''അത് തലേടെ ചുറ്റളവും നെറ്റിമുതല്‍ കഴുത്തിന്റെ പിന്‍ഭാഗം വരെയുള്ള നീളവും കൂട്ടിക്കുഴച്ച് കിട്ടുന്നതാണ്. ഞാന്‍ ദേ, ലിങ്ക് അയക്കാം.''
''ഞാന്‍ നോക്കട്ടെ...''
''ഇത്തിരി പൈസയാവും എന്നാലും മോണോഫിലമെന്റ്‌റ് വാങ്ങിയ മതീട്ടോ.''
''ഹോ, ഇതൊക്കെ നീ കാണാപ്പാഠമാക്കിയോ?''
''നീ മടിച്ചിയാണെന്ന് എനിക്കറിയാം. ആകെ കെട്ടിടം പണിയാനറിയാം. അവനോന്റെ കാര്യം നോക്കാനറിയില്ല.''
''ഓഹോ, ക്രിട്ടിക്ക് എപ്പോ എത്തും?''
''ഞാനേ, ഇപ്പൊ ദോശ സാമ്രാജ്യത്തിലാണു, ദി ഗ്രേറ്റ് വാര്‍ ഓഫ് ചമ്മന്തി കഴിഞ്ഞാലുടന്‍ വരാം. നമുക്ക് കഴിച്ചിട്ട് വിന്റര്‍ സ്ട്രീറ്റില്‍ പോവാം. അവിടെ അടുത്തടുത്തായി മൂന്നു കടകളുണ്ട്.''
വിദ്യ എപ്പോഴും ഒരു പടി മുന്‍പിലാണ്. പ്ലാന്‍ വരക്കാത്ത ടാസ്‌ക്കുകള്‍ നോക്കാത്ത പ്രൊജക്ടിന്റെ ഉടമ പരാജയപ്പെട്ടു നിന്നു.
ബെല്ലടിച്ചപ്പോള്‍ വിദ്യയാണെന്നു കരുതി വാതില്‍ തുറന്ന അശ്വിനിക്ക് പോസ്റ്റുമാന്‍ ഒരു പൊതികൊടുത്തു. വലിയ കവറിനു പുറത്തെ അഖിലയുടെ ഫ്രം അഡ്രസ്‌കണ്ടു അശ്വിനി തിടുക്കത്തില്‍ തുറന്നു നോക്കി. യോഗയുടെ രണ്ടു പുസ്തകങ്ങളായിരുന്നു എണ്ണൂറു രൂപ സ്റ്റാമ്പ് ചൂടി വാതില്‍ക്കല്‍ വന്നത്. വലതുകാല്‍ മടക്കി ഇടതു ഇടുപ്പിനു മുകളില്‍ വെച്ച് നീണ്ടു നിവര്‍ന്നു കിടക്കുക. വലതു കൈ നീട്ടി തലക്കു പിന്നിലേക്ക് വച്ചു അര്‍ദ്ധ താമരയായി വെള്ളത്തിനു പുറത്തെന്നപോലെ പൊങ്ങിക്കിടക്കുക.
ഫോണ്‍ വിളിച്ചിട്ട് താങ്ക്യൂന്നു പറയുന്നതിനു പകരം അശ്വിനി അമ്മയെ വഴക്ക് പറഞ്ഞു.
''യോഗ ചെയ്യുന്നുണ്ടെന്ന് കേള്‍ക്കാനിരിക്കുകയായിരുന്നോ പ്രേമാവതി! അമ്മ എന്തിനാ ഈ പാടിനോക്കെ പോണെ?''
''എന്തു പാട്? രണ്ടു പുസ്തകം വാങ്ങിക്കണ അത്രക്ക് പാടൊന്നും ല്ല ഈ നാട്ടില്!''
''ഉവ്വുവ്വ... ജഡ്ജീനേം ജഡ്ജീടെ അമ്മേനേം ഊട്ടി ഉറക്കികിടത്തിയിട്ടല്ലേ ഓട്ടം. കാപ്പിക്കു മുന്‍പേ തിരിച്ചെത്താന്‍!''
''അതൊന്നും അത്രവലിയ കാര്യല്ലെടീ. അവിടെ പുസ്തകോംണ്ടാന്നു വിളിച്ചു ചോയ്ച്ചിട്ടാ പോയേ.''
''ആ നേരത്ത് അമ്മക്കൊന്നു ഇരുന്നൂടെ? ആ പാവം അഖിലയെ ആവും പോസ്റ്റോഫീസ് ലിക്ക് ഓടിച്ചത്. ആ പെണ്ണ് എന്തിന്റെക്കെ പിന്നാലെ പോണം. അവള്‍ടെ ജോലീം കുട്ടീകളും പോരാത്തേന് അപ്പുച്ചേട്ടന്റെ മക്കള്‌ടെ അഡ്മിഷനും അവധീം കയറ്റി അയക്കലും ഇറക്കുമതിയും.
''നിനക്ക് വേണ്ടെങ്കി എടുത്ത് അടുപ്പിലിട്! എന്റെ ഒരു സമാധാനത്തിനു ഞാന്‍ വാങ്ങീതാ. ഇതൊക്കെ അല്ലേ മോളൂ, അമ്മയ്ക്ക് ഇവിടേരുന്നു ചെയ്യാമ്പറ്റൂ.''
''ഇന്നെന്താമ്മേ കൂട്ടാന്‍?''
ഇമോഷണല്‍ ആവണ്ടാന്നു വെച്ചാല്‍ത്തന്നെ പ്രേമാവതി സമ്മതിക്കില്ലല്ലൊന്നോര്‍ത്തു, ഒച്ചയിലെ മാറ്റം ഒതുക്കി കണ്ണ് ഇറുക്കിയടച്ചു അശ്വിനി കൂട്ടാന്‍ ചട്ടിയിലേക്ക് ചാടിനോക്കി.
''കൂര്‍ക്ക. വെണ്ടയ്ക്ക പച്ചടി. നീയ് നല്ലോണം വല്ലതും കഴിക്കണൊണ്ടോ മോളേ? ഇനി രണ്ടു കീമോതെറാപ്പീം കൂടിയല്ലേ ഉള്ളൂ. അതു കഴിഞ്ഞപ്പൊ ഇങ്ങു പോരെ അച്ചൂ. നമുക്ക് രാരൂനെക്കൊണ്ട് ആട്ടിന്‍ സൂപ്പുണ്ടാക്കിക്കാം. ബലം വെക്കും.''
''ഉം, നോക്കട്ടെ.''
''ന്താ ഇത്ര നോക്കാന്‍, ഇങ്ങോട്ട് പോരെ! നീ വന്നിട്ടു വേണം എനിക്ക് സമാധാനമായിട്ട് എന്തെങ്കിലും കഴിക്കാന്‍. ഇന്നും കൂര്‍ക്ക വെച്ചപ്പോ എന്റെ കണ്ണു നിറഞ്ഞെടീ. കൂര്‍ക്കയുപ്പേരി കയ്യിട്ടു വാരിതിന്നണെനു നിന്നെ വഴക്കു പറഞ്ഞതോര്‍ത്ത്ട്ട്.'
അശ്വിനി ഉറക്കെ ചിരിച്ചു.
''വഴുക്കു പറയാതിരുന്നെങ്കി അക്കൂം അപ്പുച്ചേട്ടനും കൂര്‍ക്കേടെ സ്വാദെന്താന്ന് തന്നെ അറിയാതെ വളര്‍ന്നെനെ!''
മേലില്‍ കൂട്ടാന്‍ വിശേഷങ്ങള്‍ പ്രേമാവതിയോടു ചോദിക്കരുതെന്ന് ഓര്‍മ്മിപ്പിക്കാന്‍ അശ്വിനി കീമോ ബ്രെയിനിനെ ശട്ടംകെട്ടി. അശ്വിനിയുടെ വിശപ്പ് അമ്മക്കവിടെയിരുന്നറിയാം.
''വിരലു തന്നാല്‍ കൈയും കൊണ്ടേ പോവൂ ല്ലേ ക്യാന്‍സൂ?''
മനസ്സിനെ പിടച്ചുകെട്ടിയിടാന്‍ അശ്വിനി പത്രം തുറന്നുവെച്ചു. ഇപ്പോള്‍ അശ്വിനിക്ക് അക്ഷരങ്ങള്‍ കാണാന്‍ ബുദ്ധിമുട്ടുണ്ട്. കണ്ണിന്റെ കൃഷ്ണമണിക്ക് മുകളില്‍ പാടപോലെ ഒരു മൂടല്‍ പടര്‍ന്നിരുന്നു. കീമോ കഴിഞ്ഞിട്ട് അത് നീക്കാമെന്നാണ് ഡോക്ടര്‍ അവളോടു പറഞ്ഞത്. വായിക്കാന്‍ ശ്രമിച്ചപ്പോള്‍ അവളുടെ കണ്ണില്‍ വെള്ളം നിറഞ്ഞു. പത്രം അടച്ചുവെച്ച് അവള്‍ മുന്‍പടിയില്‍ കുറച്ചിരുന്നു. വഴിയില്‍ ആരുമുണ്ടായിരുന്നില്ല. എല്ലാവരും ജോലി സ്ഥലത്ത് തിരക്കിട്ടു പണിയുകയാവും. അല്ലെങ്കില്‍ കിട്ടിയ അവധി ദിവസം ആസ്വദിച്ച് ഉറങ്ങുകയാവും. അതുമല്ലെങ്കില്‍ അവധി ആഘോഷിക്കാന്‍ എവിടെയെങ്കിലുമൊക്കെ പോയിരിക്കും. അശ്വിനി വെടുപ്പാക്കിയ ചെടികളില്‍ തഴുകിയൊരു കാരുണ്യക്കാറ്റ് വെറുതെ അവളെ ചുറ്റി നിന്നു. കൊഴിയാതെ ശേഷിച്ച മുടിയില്‍ കാറ്റു പതിയെപ്പതിയെ തട്ടിക്കളിച്ചു.
''ഈ വീടിനു ഈ റോഡിനു, ഈ ബ്ലോക്കിന് ഈ നഗരത്തിനു കാവല്‍ അശ്വിനി മാത്രം. ആശ്വിനിക്ക് കാവലായി ക്യാന്‌സുവും.''
എത്രയോപേര്‍ ഇപ്പോള്‍ വിമാനത്താവളത്തില്‍ നില്‍ക്കുന്നുണ്ടാവും. അശ്വിനിക്ക് ക്യാന്‌സുവിനും വീടിനും റോഡിനും കാവലിരിക്കേണ്ട. അശ്വിനിക്ക് ഇപ്പൊള്‍ വിമാനത്തില്‍ കയറാനുള്ള വരിയില്‍ നില്‍ക്കണം. ഇല്ലെങ്കില്‍ ഒരു വെക്കേഷന്‍ ദ്വീപില്‍ ബാറില്‍ തണുത്ത മദ്യക്കൂട്ടിനു കാത്തു നില്‍ക്കുകയാവണം. ഇല്ലെങ്കില്‍ അടുക്കളയില്‍ അമ്മയുടെ അടുത്ത്. അഖിലയുടെ അടുത്ത്.....
സങ്കടം പറഞ്ഞ അശ്വിനിയെ റാണ ടിവി കാണാന്‍ ക്ഷണിച്ചു. ടി.വി. നിറയെ മുടിക്കാരികളായിരുന്നു. ചുരുളന്‍ മുടിക്കാരികള്‍, നീണ്ട മുടിക്കാരികള്‍.... നീണ്ട മുടി ഫാഷനായത് തന്നെ ആശ്വിനിയെ പരിഹസിക്കാന്‍ വേണ്ടിയാണെന്നു അവള്‍ ഉറപ്പിച്ചു പറഞ്ഞു.
''മുടി മുഴുവനും കൊഴിഞ്ഞാല്‍പ്പിന്നെ കൈത്തണ്ടയില്‍ ഹിന്ദുക്കെട്ടു വേണ്ട.''
''അദാണ് പോസിറ്റീവ് ആറ്റിട്ട്യൂട്!''
റാണാ അശ്വിനിയെ പിന്താങ്ങി.
''മുലയൂട്ടാത്ത അമ്മമാര്‍ക്കെതിരെ വാളെടുക്കുന്ന സദാചാരികള്‍ മുലയില്ലാത്ത അമ്മക്കെതിരെ കേസുകൊടുക്കുമോ ആവോ?''
അശ്വിനി റാണാ പ്രതാപിനെ ചോദ്യംചെയ്തു.
റാണ പോയിക്കഴിഞ്ഞു സമയം കൊല്ലാന്‍ അശ്വിനി കീര്‍ത്തനയുടെ മുറിയില്‍ വെറുതെ ചുറ്റിക്കറങ്ങി. കുട്ടിക്കു പാകമാവാത്ത തുണികള്‍ ചാരിറ്റിക്ക് കൊടുക്കാന്‍ തിരഞ്ഞപ്പോള്‍ ഒരു സൈസ് എട്ടു ടീ ഷര്‍ട്ട് അവള്‍ക്ക് കിട്ടി.
''എട്ടു വയസ്സുള്ള കുട്ടിയെ ഒരുദിവസത്തേക്ക് ഒന്നു തരുമോ?''
അശ്വിനി ടീഷര്‍ട്ടു ചേര്‍ത്തു പിടിച്ചു മുറിയുടെ നടുവില്‍ നിലത്തിരുന്നു. പ്രണയത്തോടെ, ഭ്രൂണത്തോടെ സ്‌നേഹവും വാത്സല്യവും നിറയാന്‍ തുടങ്ങുന്നതാണ്. വര്‍ഷങ്ങളായി ചുരത്തി ചുരത്തി തിമിര്‍ത്തൊഴുകിയ പുഴയെ അണകെട്ടി തടുത്തു നിര്‍ത്തണം. സ്‌നേഹവാത്സല്യങ്ങളുടെ ഓര്‍ഡറുകളെല്ലാം ക്യാന്‍സല്‍ ചെയ്തു കസ്റ്റമേഴ്‌സ് പോയിരിക്കുന്നു. 24/7 ഓടിക്കൊണ്ടിരുന്ന പ്രോഡക്ഷന്‍ ലൈന്‍ സ്തംഭിപ്പിക്കണം. ഒരു ദിവസം കൊണ്ട് അത് സാധ്യമാകുന്നതെങ്ങനെയാണ്? റോ മേറ്റീരിയല്‌സ് കെട്ടിക്കിടക്കുകയാണ്. കെട്ടിക്കിടന്നു പഴുത്തു ചീര്‍ത്തു വേദനിക്കുന്നുണ്ട്.
''ഛെ, ഈ വേദന എന്നൊക്കെ പറയുന്നത് മാനസ്സിന്റെ വെറും അവസ്ഥയാണ്. വേദനിക്കുമ്പോള്‍ ചിരിക്കുന്നതാണ് ഫാഷന്‍. ഇതൊന്നും ആരോടും പറയേണ്ട ആവശ്യമില്ല അശ്വിനീ.'' വായിച്ച തത്വശാസ്ത്രങ്ങള്‍ അശ്വിനിയുടെ കണ്ണുനീരിനെ പരിഹസിച്ചു.
അശ്വിനി ജനല്‍പ്പടിയിലിരുന്ന കീര്‍ത്തനയുടെ കല്ലു കളക്ഷനില്‍ തിരഞ്ഞു. പല ആകൃതിയിലും വലിപ്പത്തിലുമുള്ള കല്ലുകള്‍ അശ്വിനി തിരിച്ചും മറിച്ചുംനോക്കി. പഴയ ബട്ടര്‍കുക്കിയുടെ പാട്ടയില്‍ പതിറ്റാണ്ടു പഴക്കമുള്ള ഏക്കോണുകള്‍ ഉണ്ടായിരുന്നു. ക്യാമ്പസിലെ ഓക്ക് മരത്തിനടിയിലൂടെ പോവുമ്പോള്‍ ഏക്കോണുകള്‍ കണ്ട് അവള്‍ നിന്നു പോവാറുണ്ടായിരിക്കുമോ എന്ന് അശ്വിനി അത്ഭുതപ്പെട്ടു.
കീര്‍ത്തനയുടെ മുറി പെയിന്റുചെയ്യണമെന്നു അശ്വിനി കണ്ടുപിടിച്ചു. കീര്‍ത്തനക്കു ഒന്നിനും നേരമില്ല. വീട്ടില്‍ വന്നാല്‍ത്തന്നെ പഠിത്തത്തിന്റെ തിരക്കാണ്. ജനല്‍പ്പടിയില്‍ നിന്നെഴുന്നേറ്റ അശ്വിനി ദൂരെ നിറങ്ങളില്‍ തിമിര്‍ക്കുന്ന ചെടികളെ കണ്ടു. മരങ്ങള്‍ പലതും ശരത്ക്കാലത്തിന്റെ ചിത്രകര്‍മ്മം തുടങ്ങിയിരുന്നു. മതിയായി ഇനിയൊട്ടും വേണ്ട , താങ്ങാന്‍ വയ്യിനിയീ വസന്തസുഖം എന്നൊരു മൂര്‍ഛയില്‍ മരങ്ങള്‍ തുടുത്തു നിന്നു.
(തുടരും)
നോവലിന്റെ മുന്‍അധ്യായങ്ങള്‍ വായിക്കാം
Content Highlights: Novel manjil Oruval by Nirmala part twenty seven