Too good to be true!  
 
കൃത്യം മുപ്പത്തിയെട്ട് കിലോ നൂഡില്‍സ് തിന്നുകഴിഞ്ഞപ്പോള്‍ അശ്വിനിക്ക് ആശ്വാസം തോന്നി. അപ്പോഴാണ് അശ്വിനിയുടെ വയര്‍ നിറഞ്ഞുവെന്നു സമ്മതിച്ചുകൊടുത്തത്.  ഞായറാഴ്ച കീര്‍ത്തനക്ക് കൊടുത്തയക്കാന്‍ ഉണ്ടാക്കിയ നൂഡിലിന്റെ ശേഷിപ്പാണ് അശ്വിനി തട്ടിവിട്ടത്.  
''മമ്മൂസ് എനിക്കൊന്നും വേണ്ട.  മമ്മുക്കുട്ടി take rest.' 
കീമോതെറാപ്പി തുടങ്ങുന്നതുവരെ ആരോഗ്യംനോക്കല്‍ മാത്രം മതിയെന്നു കീര്‍ത്തന ഉത്തരവിട്ടു.  ഇല്ലാത്ത സമയമുണ്ടാക്കി വന്നതായിരുന്നു കീര്‍ത്തന.    
''കീമോ ഓഗസ്റ്റ് അവസാനായിട്ടേ ഉള്ളൂ രന്നാ. അതുവരെ വെറുതെയിരുന്നാല്‍ എനിക്ക് ബോറടിക്കില്ലേ!'' 
അതു പറഞ്ഞു അശ്വിനി നൂഡില്‍സ് ഉണ്ടാക്കി. കുറെ അവള്‍ക്കു വേണ്ടിയും.  അതെല്ലാം തിന്നു തീര്‍ന്നു കഴിഞ്ഞിട്ടും തിങ്കളാഴ്ച അശ്വിനിക്കു മുന്നില്‍ ചത്തു മരവിച്ചു കിടന്നു!  
ആ നേരത്തു കാറ്റ് ചോളച്ചെടികള്‍ക്കു മേലെ പിയാനോ പ്രാക്ടീസ് ചെയ്യുകയായിരുന്നു.  കണ്ടഭാവമില്ല, അറിഞ്ഞ മട്ടില്ല. തികഞ്ഞ ഏകാഗ്രത,  
കാത്തിരിന്നു...കാത്തിരുന്നു...കാത്തിരുന്നു.... 
 ഇരുന്ന്...ഇരുന്ന്...ഇരുന്ന്...
രുന്ന്...രുന്നു....രുന്നു... 
ന്നു..ന്നു...ന്നു..ന്നു...  
കാറ്റിനോടു പ്രതിക്ഷേധിച്ച് അശ്വിനി സ്‌കൈലര്‍ക്ക് ഇമെയിലയച്ചു. അതിഭീകരമായ ബോറടികൊണ്ടു ചിലപ്പോള്‍ ഞാനൊരു വിശുദ്ധയാവാന്‍  സാധ്യതയുണ്ട്.  മിനിട്ടുകള്‍ക്കകം അശ്വിനിക്കു  സ്‌കൈലറുടെ  മറുപടി വന്നു. വന്നു.   
''നീ വിശുദ്ധയാവുകയോ - ഓക്‌സീമോറോന്‍!  എന്തുണ്ടു വിശേഷം? നിനക്ക് സമയം അധികമുണ്ടെങ്കില്‍ നമുക്ക് ഷോപ്പിംഗിനു പോവാം. അല്ലെങ്കില്‍ ഒരു വൈകുന്നേരം ഡിന്നറിനു കൂടാം.''   
സ്‌കൈലറുടെ കൂടെ ഷോപ്പിംഗിനു പോവാന്‍ അശ്വിനി സര്‍വ്വാത്മനാ സമ്മതിച്ചു.  കീര്‍ത്തനയെ കൂട്ടി പോകണമെന്നു അവള്‍ക്കു ആഗ്രഹമുണ്ടായിരുന്നു.  പക്ഷേ കഷ്ടിച്ച് ഒരു ദിവസത്തേക്കു വന്നു കെട്ടിപ്പിടിച്ചിരിക്കുന്ന തിരക്കുകാരിയെ ഷോപ്പിംഗിനു വിളിച്ചിറക്കി കൊണ്ടുപോകുന്നത് അശ്വിനി വേണ്ടെന്നുവെച്ചു.   
അശ്വിനി മിത്രയെ വിളിച്ചില്ല,  മെറിനോടു പറഞ്ഞില്ല.  ശാന്തിയോടു ചോദിച്ചില്ല. വിദ്യയെ അറിയിക്കണോഎന്ന് സംശയിച്ചില്ല. പ്രഭ പരാതിപ്പെടുമെന്നു വെറിപിടിച്ചില്ല. അവള്‍ക്ക് പെണ്‍കൂട്ടത്തെ കാണേണ്ട. അഭ്യുദയകാംക്ഷികളുടെ ഉപദേശം വേണ്ട.  ഓരോന്നും വിശദീകരിക്കാന്‍ വയ്യ.  സത്യസന്ധത അവര്‍ ഉള്ളിലാക്കിക്കളയും.  യോഗ്യതയുള്ള വാക്കുകളില്‍  സഹതാപം മുഖത്തുവെച്ച് നയപരമായി കണു കുണു... കുണു കണു പറഞ്ഞു സങ്കടത്തെ ഉള്ളില്‍നിന്നു കുത്തിയിളക്കി ട്രേയില്‍ വെയ്ക്കാന്‍ അശ്വിനി നിര്‍ബ്ബന്ധിതയാവും. 
ഷോപ്പിംങ് മാളിന് മുന്നില്‍ കണ്ടു മുട്ടിയപ്പോള്‍ സ്‌കൈലര്‍ അശ്വിനിയെ കെട്ടിപ്പിടിച്ചു.  
''ഒരു സോക്‌സ് ചുരുട്ടി ബ്രാക്കകത്ത് വെച്ചാപ്പോരെ?  ഡ്രയര്‍ തിന്നുപോയ ഒറ്റ സോക്‌സുകള്‍ക്ക് ഉപയോഗവുമാവും.'' 
സ്‌കൈലര്‍ മടിയില്ലാതെ നാഗരികത കളഞ്ഞു ചോദിച്ചു. അവര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് റാണയെ പുറത്തു നിര്‍ത്തി കടയിലേക്ക് കയറിപ്പോയി.  
പുഷ്അപ്പ്, സീംലെസ്, അടിയില്‍ കമ്പികെട്ടിയത് - സമ്പൂര്‍ണ്ണ മുലകള്‍ക്കുള്ള അവകാശങ്ങളൊക്കെ വികലാംഗപ്പെട്ടതിനുമുണ്ട്.  
''Look, there is no racism here?'   
അശ്വിനി സ്‌കൈലറോട് വിശദീകരിച്ചു. ചിരിച്ചുകൊണ്ടു സ്‌കൈലര്‍ ലിസ്റ്റു നോക്കി വായിച്ചു. 
Equalizers and Enhancers, Post-Reconstructive/Surgical Bras, Post-Surgical Camiosles, Post-Mastectomy Bras
'So many choices my dear!' 
കടയിലെ വിലപ്പനക്കാരിക്ക് ഒരു ഇരുന്നൂറു ഇല്ലെങ്കില്‍ ഉറപ്പായിട്ടും ഒരു നൂറ്റി എഴുപത്തിയാറു വയസ്സുണ്ടാവുമെന്നു അശ്വിനി കണക്കുകൂട്ടി. ബ്രായുടെ കടലില്‍ അശ്വിനി മുങ്ങിച്ചാവാതെയിരിക്കാന്‍ സ്‌കൈലര്‍ അവരോടു ഏറ്റുപറഞ്ഞു.
''ഇത് ഞങ്ങളുടെ ആദ്യാനുഭവമാണ്! സഹായിക്കണേ!'   
അമ്മൂമ്മക്ക് സന്തോഷമായി.  മുലയില്ലായമ മറക്കാനുക്കാനുള്ള പലതരം ചെറുകുന്നുകള്‍ അവര്‍ നിരത്തിവെച്ചു. 
''Have you checked these Triangular Shape Breast Prosthetics?' 
ത്രികോണാകൃതിക്കു നടുവില്‍ മുലക്കണ്ണ് എഴുന്നു നില്‍ക്കുന്നതുണ്ട്. സിലിക്കയില്‍ പൊതിഞ്ഞതും, ജെല്‍നിറച്ചതുമെല്ലാം അശ്വിനി തൊട്ടുനോക്കി.  ആശുപത്രിയില്‍ നിന്നും കൊടുത്ത കോട്ടണ്‍ വെയ്പ്പുമുല കല്യാണിയാവാന്‍ വിസമ്മതിച്ചു അശ്വിനിയുടെ നെഞ്ചില്‍ നിന്നും തെന്നിമാറിയാണ് നില്‍ക്കുന്നത്. പ്രതിക്ഷേധം അധികമാവുമ്പോള്‍ ബ്രായുടെ കപ്പിനുള്ളില്‍നിന്നും ഇറങ്ങിപ്പോവുകയും ചെയ്യും.  
''And here is the teardrop one with silicone. Silicone is bit more expensive.' 
ഇളം പിങ്കു നിറത്തിലുള്ള മുലത്തുമ്പുകള്‍ നോക്കി സ്‌കൈലര്‍ പറഞ്ഞു.
''The colours don't match.  These come only in one colour?'
ഹാ, മുലത്തുമ്പു വില്‍ക്കുന്ന ഒരു ഏഷ്യന്‍ അല്ലെങ്കില്‍ ഈസ്റ്റ് ഇന്ത്യന്‍ കട നമുക്ക് തുടങ്ങിയാലോ?  ഛെ, അങ്ങെനെ പറയരുത്.  ബ്രാ സ്റ്റോര്‍! സ്വയം ശാസിച്ചു അശ്വിനി തിരച്ചില്‍ തുടര്‍ന്നു.  
ക്ലീവേജ് മറയ്ക്കാനുള്ള ലേസ് അമ്മൂമ്മ അവര്‍ക്കു മുന്നില്‍ എടുത്തിട്ടു.  ബ്രായില്‍ ചേര്‍ത്തുവെച്ചാല്‍ അബദ്ധത്തില്‍ കുനിയുമ്പോള്‍ പോലും ആരും കാണില്ല. ഇതിലൊന്ന് തട്ടിപ്പാണെന്ന് ലോകം അറിയില്ല.  ലോകം അറിയാതിരുന്നാല്‍ മതിയില്ലേ?
 
കാനഡയില്‍ സര്‍ക്കാരിന്റെ വക മുല റേഷനുമുണ്ട്. അംഗഭംഗം വന്നവര്‍ക്ക് കിട്ടുന്ന സൗജന്യം.  ഒന്റാറിയോ ഗവണ്മെന്റ് നഷ്ടപ്പെട്ടു പോയ ഒരു മൂലക്ക് രണ്ടു വർഷം കൂടുമ്പോള്‍  നൂറ്റി എണ്‍പത് ഡോളര്‍ വരെ കൊടുക്കും..  മാനിറ്റൊബയില്‍ നൂറ്റി അമ്പതു ഡോളര്‍ വീതമേയുള്ളൂ.  നൂറ്റി എഴുപത്തിയാറു വയസ്സുള്ള കടക്കാരി അവരോടു വിശദീകരിച്ചു.   
''ഒന്റാറിയോ മുലകള്‍ വിലപ്പെട്ടതാണ്.''  
പ്രോസ്‌തെസിസ് സാധനങ്ങളുടെ  വിലവിവരപ്പട്ടിക അശ്വിനി വീണ്ടും വീണ്ടും നോക്കി. സിലിക്കോണ്‍ ഇല്ലാത്തതിന് വില കുറവാണ്.  പാമില ആന്‍ഡേഴ്‌സണ്‍ ആകര്‍ഷണം വാങ്ങണോ എന്നറിയാതെ അശ്വിനി കടയില്‍ ചുറ്റിത്തിരിഞ്ഞു.  
''ജെല്ലിന്റെ ഫാള്‍സിയാണ് പൊതുവേ ആളുകള്‍ ഇഷ്ടപ്പെടുന്നത്. അത് നമ്മുടെ ശരീരത്തിനോട് ചേര്‍ന്നിരിക്കും, ശരീരത്തിന്റെ ചൂട് അത് ഉള്‍കൊള്ളുകയും ചെയ്യും. കൂടുതല്‍ സ്വാഭാവികത തോന്നും.''
false... falsies... തട്ടിപ്പു ...   
അശ്വിനി അമ്മൂമ്മയുടെ അഭിപ്രായത്തെമാനിച്ച് ജെല്ലില്‍ പൊതിഞ്ഞ രണ്ടു ഫാള്‌സികള്‍ വാങ്ങിച്ചു. അവളതിനെ തട്ടിപ്പു കല്യാണി എന്നതിനു പകരം വെപ്പുകല്യാണിയെന്നു വിളിച്ചു.   
 
ഒരു വര്‍ഷത്തേക്കു മതി വെപ്പുകല്യാണികള്‍.  അതു കഴിഞ്ഞാല്‍ ഒരു ഡോക്ടര്‍ വെട്ടിമാറ്റിയ മുലയെ മറ്റൊരു ഡോക്ടര്‍ പുനര്‍നിര്‍മ്മാണം ചെയ്തുകൊടുക്കും.  സര്‍ജറി കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ അശ്വിനിയോടു വിശദീകരിച്ചിരുന്നു.  ഒന്നുകില്‍ വയറില്‍ നിന്നും ടിഷ്യു എടുത്ത് വെയ്ക്കാം.  ഇരുപത്തി രണ്ടുമണിക്കൂര്‍ നീളമുള്ള മേജര്‍ ഓപ്പറേഷനാണത്. വയറിന്റെ മുറിവുണങ്ങാനും സമയമെടുക്കും.  വേദനയും ഉണ്ടാവും.  അല്ലെങ്കില്‍ ജെല്ലുവെയ്ക്കാം.  പ്ലാസ്റ്റിക് സര്‍ജനാണ് ഈ അലങ്കാരപ്പണികളൊക്കെ ചെയ്യുന്നത്.   അശ്വിനി ഇടയില്‍ കയറി ചോദിച്ചു.
''Do I have to pay for the plasti surgery?' 
-രണ്ടു മുലകളെയും ഒരേ നിരപ്പിലാക്കിയെടുക്കുന്നതും ഗ്രൂപ്പ് ഇന്‍ഷൂറന്‍സില്‍ പെടുന്നതാണ്. 1998-ല്‍ Women's Health and Cancer Rights Act  കൊണ്ടു വന്ന നിയമമാണത്.  മുല നീക്കംചെയ്യുന്ന  സര്‍ജറിയുടെ തന്നെ ഭാഗമായിട്ടാണ് ഇതിനെയും കരുതുന്നത് 
ഡോക്ടര്‍ ക്ഷമയോടെ വിശദീകരിച്ചു.  
''ഇത് അപ്പ്ലിഫ്റ്റ്നുള്ള ഒരു നല്ല ചാന്‍സ് ആയി കരുതണം ആഷ്. ' 
മുലകളെ പഴയതിലും മെച്ചപ്പെട്ടതാക്കാനും പറ്റും.  ഇടിഞ്ഞു തൂങ്ങാനോങ്ങി നില്‍ക്കുന്ന കളവാണിയെപ്പോലെ ഒന്ന് വലത്തു വശത്തു പണിയുമ്പോള്‍ ചിലപ്പോള്‍ സന്തുലിതാവസ്ഥ വരാന്‍ സാധിക്കില്ല. അതിനു പകരം ഒരു ജോഡി അംഗപ്പൊരുത്തത്തില്‍ ഉണ്ടാക്കുക എളുപ്പമാണ്. അതുകൊണ്ട് സര്‍ജറി ചെയ്യാത്ത മുലയെയും മാച്ച് ചെയ്യാന്‍ രൂപപ്പെടുത്തിയെടുക്കും. 
 
ഒരു മുലയുടെ വിയോഗത്തില്‍ കരഞ്ഞു തീര്‍ക്കാനുള്ളതല്ല ജീവിതം.  ക്യാന്‍സറിന്റെ ആനുകൂല്യങ്ങളില്‍ ഒന്നാണിത് അശ്വിനി.  മധ്യവയസ്സില്‍ നിനക്ക് കിട്ടാന്‍ പോകുന്ന മദാലസ മാറിടം! പക്ഷെ,  അത് കല്യാണിയോ കളവാണിയോ ആയിരിക്കില്ല. 
റോബര്‍ട്ട് മഞ്ചിന്റെ കഥ പോലെ, കീര്‍ത്തനയുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ് റോബര്‍ട്ട് മഞ്ച്.  ഒരു ക്രിസ്തുമസിനു അയാളെ നേരില്‍ കണ്ടു കീര്‍ത്തനയുടെ പുസ്തകത്തില്‍ ഒരു ഒപ്പുവാങ്ങാന്‍  രണ്ടു  മണിക്കൂര്‍ അശ്വിനിയും കീര്‍ത്തനയും ക്യൂവില്‍ നിന്നിട്ടുണ്ട് 
പെര്‍പ്പിള്‍, ഗ്രീന്‍ ആന്‍ഡ് യെല്ലോ എന്ന കഥയിലെ ബ്രിജിഡിനു ഒരു പെട്ടി ചായപ്പെന്‍സിലുകള്‍ കിട്ടി. ആ ചായപ്പെന്‍സിലുകള്‍കൊണ്ട് ബ്രിജിഡ് നാരങ്ങയെക്കാള്‍ മഞ്ഞ നിറമുള്ള നാരങ്ങ വരച്ചു.  റോസപ്പൂവിനേക്കാള്‍ ചുവന്ന റോസപ്പൂവുകള്‍ വരച്ചു.  ഓറഞ്ചിനേക്കാള്‍ ഓറഞ്ചു നിറമുള്ള ഓറഞ്ചുകള്‍ വരച്ചു.  
 
അതു മടുത്തപ്പോള്‍ ബ്രിജിഡ് മണമുള്ള ചായപ്പെന്‍സിലുകള്‍ വേണമെന്നു ആവശ്യപ്പെട്ടു. ബ്രിജിഡിന്റെ അമ്മ മണമുള്ള അഞ്ഞൂറു ചായപ്പെന്‍സിലുകള്‍ വാങ്ങിക്കൊടുത്തു. അതുകൊണ്ട് അവള്‍ നാരങ്ങയുടെ മണമുള്ള നാരങ്ങയും, റോസപ്പൂമണമുള്ള റോസാപ്പൂവും, ഓറഞ്ചു മണക്കുന്ന ഓറഞ്ചും, ചാണകമണമുള്ള ചാണകവും വരച്ചു.  
അതും മടുത്തപ്പോള്‍ അവള്‍ തേച്ചാലും ഉരച്ചാലും കഴുകിയാലും ചത്താലും അതു കഴിഞ്ഞാലും കഴുകിയാല്‍  പോവാത്ത, super-indelible- never-come-off-till-you're-dead-and-maybe-even-later, ചായപ്പെന്‍സിലുകള്‍വേണമെന്നു പറഞ്ഞു. അതുകൊണ്ട് ബ്രിജിഡ്  നാരങ്ങയെക്കാള്‍ ഭംഗിയുള്ള നാരങ്ങ വരച്ചു.  റോസാപ്പൂവിനെക്കാള്‍ ഭംഗിയുള്ള റോസപ്പൂവുകള്‍ വരച്ചു.  ഓറഞ്ചിനേക്കാള്‍ മൊഞ്ചുള്ള ഓറഞ്ചു വരച്ചു.  സൂര്യാസ്തമയത്തേക്കാള്‍ ഭംഗിയുള്ള സൂര്യാസ്തമയം വരച്ചു. 
 
അതെല്ലാം കഴിഞ്ഞു ബോറടിച്ചപ്പോള്‍ ബ്രിജിഡ ചായപ്പെന്‍സില്‍കൊണ്ട് മേലെല്ലാം കുത്തിവരച്ചു.  ബ്രിജിഡിന്റെ ശരീരത്തിലെ ചായമിളക്കി കളയാന്‍ വയ്യാതെ വന്നപ്പോള്‍ അവളെ അമ്മ ഡോക്ടറുടെ അടുത്തുകൊണ്ടുപോയി.  ഡോക്ടര്‍  അവള്‍ക്കൊരു ഗുളിക കൊടുത്തു.  അതു കഴിച്ച് ബാത്ത് ടബ്ബില്‍ കുളിച്ചിറങ്ങിയപ്പോള്‍ ചായം മാത്രമല്ല  ബ്രിജിഡിന്റെ ശരീരവും അപ്രത്യക്ഷമായി.   
-അങ്ങനെയൊരു കുടുക്കുണ്ട് ഈ ഭംഗിപിടിപ്പിക്കലില്‍!
 
ബ്രിജിഡ് സ്വന്തം നിറമുള്ള ചായംകൊണ്ട് മേലും കാലും കൈയും മുഖവും വരച്ച് ജീവിക്കാനാണ് തീരുമാനിച്ചത്.  ഇൻഫാക്റ്റ്,  ചായമടിച്ച അവള്‍ മുന്‍പത്തേക്കാള്‍ സുന്ദരിയായിരുന്നു. സുന്ദരിയേക്കാള്‍ സൗന്ദര്യമുള്ള സുന്ദരി. അതുപോലെ, കല്യാണിയേക്കാള്‍ ഭംഗിയുള്ള കല്യാണി, കളവാണിയേക്കാള്‍ ഭംഗിയുള്ള കളവാണി!  അശ്വിനിയെക്കാള്‍ സുന്ദരിയായ, മദാലസയായ ഒരു അശ്വിനി മധ്യവയസ്സില്‍ ഇറങ്ങി വരും! സ്‌കൈലറിന്റെകൂടെ ഡിന്നര്‍ കഴിക്കുമ്പോള്‍ അശ്വിനി യൂക്ക പ്രൊജക്ടിനെപ്പറ്റി അന്വേഷിച്ചു.  സ്‌കൈലറിനു പ്രൊജക്ടിന്റെ വിശദാംശങ്ങള്‍ അറിയില്ല. പ്ലാനുകളില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ റയന്‍ ആവശ്യപ്പെട്ടിരുന്നു എന്നവള്‍ പറഞ്ഞത് അശ്വിനിയെ അസ്വസ്ഥയാക്കി. സ്‌കൈലറിന്റെ തമാശകളില്‍ ശ്രദ്ധിക്കാന്‍ അശ്വിനി വല്ലാതെ ശ്രമപ്പെട്ടു.  
 
അന്നു രാത്രി തന്നെ അശ്വിനി റാണയുടെ മുന്നില്‍ പരാതി സമര്‍പ്പിച്ചു. ''ഒരിക്കല്‍ അംഗീകരിച്ചുകഴിഞ്ഞ പ്ലാനുകള്‍ പിന്നെ മാറ്റാന്‍ പാടില്ലാത്തതാണ്.  അല്ലെങ്കില്‍ പിന്നെയും അപ്രൂവലും ഒപ്പുവെക്കലും കാര്യകാരണങ്ങള്‍ വിശദമാക്കലുമെല്ലാമായി സമയവും പണവും നഷ്ടമാവും. എന്തു കുറ്റമാവും റയന്‍ അതില്‍ കണ്ടുപിടിച്ചിട്ടുണ്ടാവുക?''''വളരെ ഒബ്‌സേര്‍വന്റ് ആണല്ലോ! സ്‌കൈലറിന്റെ ഒരു വാചകത്തില്‍ നിന്നും അത്രയും പിടിച്ചെടുത്തു?'' റാണയുടെ പ്രതികരണത്തില്‍ അശ്വിനി അത്ഭുതപ്പെട്ടു.  ഈ അഭിപ്രായം അശ്വിനി പഴയൊരു മാനേജ്‌മെന്റ് ട്രെയിനിംഗിലും കേട്ടതാണത്.  ക്ലാസ് തുടങ്ങിയത് എന്തെങ്കിലുമൊരു സ്വഭാവ വിശേഷം പറയാനാവശ്യപ്പെട്ടുകൊണ്ടാണ്. പ്രിയ വിഷയം സയന്‍സാണ്, നന്നായി പെയിന്റ് ചെയ്യും തുടങ്ങിയതൊന്നുമല്ല.  അവാര്‍ഡുകളും വേണ്ട.  നിങ്ങളെപ്പറ്റി ചിലപ്പോള്‍ മറ്റാരെങ്കിലും പറഞ്ഞിട്ടുള്ള ഒരു കാര്യമാവാം.  ആദ്യത്തെ ചോദ്യം അശ്വിനിയോടായിരുന്നു.
''പറയൂ ആഷ്, നിങ്ങളുടെ ഒരു പ്രത്യേകത.  അതെന്തെങ്കിലും ആയിക്കൊള്ളട്ടെ. നല്ലതാവണമെന്നില്ല. മടിക്കാതെ പറഞ്ഞോളൂ. ഗുണനിര്‍ണയത്തിനല്ല. ഒരു ഉദാഹരണം മാത്രം.'' ആദ്യം ഒന്നു പതറിയെങ്കിലും മനസ്സില്‍ വന്നത് അശ്വിനിപറഞ്ഞു.
''എന്റെ സുഹൃത്തുക്കള്‍ പറയും ഞാന്‍ അപ്രധാന കാര്യങ്ങള്‍ ഓര്‍ത്തിരിക്കുമെന്നു.  ഒരു ക്രിസ്തുമസിനു ഒരു ഫ്രണ്ട് കേക്ക് കൊണ്ടുവന്നത് മഞ്ഞ ട്രേയില്‍ ആയിരുന്നു. അവളുടെ ഔട്ട് ഫിറ്റും മഞ്ഞ ആയിരുന്നു. കോര്‍ഡിനേറ്റഡായതുകൊണ്ട് ഞാന്‍ ഓര്‍ത്തിരുന്നു. പക്ഷേ ആ കേക്ക് കൊണ്ടുവന്ന ആള്‍ക്ക് പോലും പിന്നെ അത് ഓര്‍മ്മയുണ്ടായിരുന്നില്ല.''  ആരൊക്കെയോ ചിരിച്ചു. എന്തെങ്കിലും പറഞ്ഞു ഒപ്പിക്കാന്‍ സാധിച്ചതിന്റെ സമാധാനത്തില്‍ അശ്വിനിയിരുന്നു. ട്രെയിനര്‍ക്കും സമാധാനം.   പണിയായുധവും റോമെറ്റെരിയലും കിട്ടിയതില്‍. അവര്‍ പറഞ്ഞു തുടങ്ങി.
 
നീ വളരെ ഒബ്‌സേര്‍വന്റ്‌റ് ആണ്.  മറ്റുള്ളവര്‍ കാണുന്നതിലേറെ ഡീറ്റെയില്‍സ് നിന്റെ കണ്ണു പിടിച്ചെടുക്കും. അത് രണ്ടു വസ്തുക്കളെ തമ്മില്‍ ബന്ധിപ്പിച്ച് തലച്ചോറില്‍ സൂക്ഷിച്ചു വെക്കും.  അവിടെ ഇരുന്നവരെല്ലാം രണ്ടു മഞ്ഞയും കണ്ടെങ്കിലും അവരുടെ മസ്തിഷ്‌കം അതിനെ യോജിപ്പിച്ചില്ല.  അതുകൊണ്ടുതന്നെ അത് തലച്ചോറില്‍ തങ്ങി നിന്നുമില്ല.  പിന്നെ അവരതിന്റെ ഗുണത്തെപ്പറ്റി, എങ്ങനെ ഉപയോഗപ്പെടുത്താം എന്നൊക്കെ വിശദീകരിച്ചു. 
''instead of keeping useless information in your head, use your talent for your own benefit. '
നിങ്ങള്‍ക്ക് നിങ്ങളുടെ ബോസിനെ പഠിക്കാം.  അയാളെന്താണ് പറയാന്‍ പോകുന്നത്, എന്താവും ചിന്തിക്കുന്നത് എന്നൊക്കെ ചില ചേഷ്ടകളില്‍ നിന്നും അനുമാനിക്കാം. ആ ക്ലാസ് കുറച്ചൊന്നുമല്ല അശ്വിനിയെ സഹായിച്ചത്.  പിന്നീടുള്ള വിജയത്തിലെല്ലാം ആ അറിവുണ്ടായിരുന്നു എന്ന് അശ്വിനിക്ക് തോന്നാറുണ്ട്.    ഒരു അറിവും അനാവശ്യമല്ല.  വൈസ് പ്രസിഡന്റെ ബ്രെന്‍ഡനോടു സംസാരിക്കുന്നതിനു മുന്‍പേ കള്ളാ കാട്ടുകള്ളാ എന്നൊരു മുഖവുര അശ്വിനിയുടെ മനസ്സിലുണ്ട്.  നിന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ ബന്ധമൊന്നും ഇല്ലല്ലോ എന്ന് മനസ്സില്‍ നിരൂപിച്ച് അടുത്ത ചോദ്യം ചോദിക്കാനും ആവശ്യമുള്ള കാര്യങ്ങള്‍ നേടിയെടുക്കാനും അശ്വിനി ശീലിച്ചെടുത്തു.   
 
സന്ദര്‍ഭത്തിനനുസരിച്ചു വസ്ത്രം ധരിക്കാന്‍, പെരുമാറാന്‍, ഉരുളക്കുപ്പേരി മറുപടിപറയാനുമതവളെ സഹായിക്കുന്നുണ്ട്.   കാര്യശേഷിയുള്ളവരേയും  മാന്യതയുള്ളവരേയും അശ്വിനി പഠിക്കാന്‍ തുടങ്ങി.  എന്താണവരെ മാന്യതയുള്ളവരാക്കുന്നത് എന്നവള്‍ ശ്രദ്ധിച്ചു.  വസ്ത്രം മുടി, ഷൂസ്... മുടിക്കും ഷൂസിനും ഒരാളില്‍ വരുത്താന്‍ കഴിയുന്ന വ്യത്യാസത്തില്‍ അശ്വിനി അത്ഭുതപ്പെട്ടു. പോട്ടിപ്പോകുന്നതുവരെ ഒരു ജോഡി ചെരിപ്പെന്ന ശീലം പഴയത്. വിലയുള്ള തുണികള്‍, പാവാടക്കും പാന്റിനും യോജിച്ച ഷൂസുകളും ബാഗും. നിറം മങ്ങിയ തുണികള്‍ മടിയില്ലാതെ അശ്വിനി ധര്‍മ്മസ്ഥാപനങ്ങള്‍ക്ക് ദാനം ചെയ്യാന്‍ തുടങ്ങി. റോമില്‍ മാന്യമായി ജീവിക്കണമെങ്കില്‍ റോമക്കാരനായെ പറ്റൂ എന്നവള്‍ മനസ്സിലാക്കി.  കീറുന്നത് വരെ ഉപയോഗിക്കുക എന്നത് പഴയ കേരള മോഡല്‍ അശ്വിനി ഉപേക്ഷിച്ചു. സമയത്തിനു വെട്ടാത്ത പാറിപ്പറന്നു കിടക്കുന്ന മുടിയാണ് ഇന്ത്യക്കാരുടെ ഏറ്റവും വലിയ ഒറ്റുകാരന്‍ എന്ന് അശ്വിനി കണ്ടു പിടിച്ചു. ഇഷ്ടമില്ലാത്തതും ചിലപ്പോള്‍ നല്ലതാണെന്ന് പറയേണ്ടി വരും എന്നവള്‍ അറിഞ്ഞു.  അമിതമായ സത്യസന്ധത അപകടകരമാണെന്ന ചാണക്യവാക്യം എത്ര സത്യമാണന്നവള്‍ തിരിച്ചറിഞ്ഞു. നേരെ വളരുന്ന മരങ്ങളാണ് ആദ്യം വെട്ടപ്പെടുന്നത്.  ഇഷ്ടപ്പെടാത്തതും ചിലനേരത്ത് നല്ലതെന്ന് പറയേണ്ടിവരും.   
 
*  Purple, Green and Yellow by Robert Munsch 
 
(തുടരും)
 
 
Content Highlights: Novel Manjil Oruval by Nirmala Part Twenty