Anchor the moment
 
ടുവില്‍ അശ്വിനിയുടെ അരയില്‍ തൂങ്ങിക്കിടക്കുന്ന ദ്രാവക സംഭരണിനോക്കി മരിയ നഴ്‌സ് പ്രഖ്യാപിച്ചു.
''ഇതാ, സ്‌ട്രോബറി നിറമായിരിക്കുന്നു. ഇനി രണ്ടു ദിവസത്തിനകം ട്യൂബ് മാറ്റാം.''  
അശ്വനിക്ക് സ്‌ട്രോബറിപ്പഴത്തിനോട്  പെട്ടെന്നു അറപ്പുതോന്നി. കീര്‍ത്തനയുടെ പ്രിയപ്പെട്ട പഴമാണത്.  ഡോക്ടറായിക്കഴിയുമ്പോള്‍ കീര്‍ത്തനയും രക്തംകലര്‍ന്ന ശരീരദ്രവത്തിനെ സ്‌ട്രോബറിയോട് ഉപമിക്കുമോ?  
''ഇതൊരു മൈല്‍സ്റ്റോണ്‍ ആണ്. ആഘോഷിക്കണം!''   
റാണ അശ്വിനിയോടു നിര്‍ബ്ബന്ധമായിപ്പറഞ്ഞു.  
കല്യാണിക്കടിയിലൂടെ കുത്തിയിറക്കിയിരിക്കുന്ന ട്യൂബു മാറ്റാന്‍ ആശുപത്രിമുറിയില്‍ ശ്വാസമടക്കിപ്പിടിച്ച് ഇരുന്നു കൊടുത്തപ്പോള്‍ എങ്ങനെ ആഘോഷിക്കണം എന്നു മാത്രം അശ്വിനി ആലോചിച്ചു.  
ഘോഷം ഘോഷം... ആഘോഷം!   
ഒരു കൈകൊണ്ട്  മുറിവായില്‍ അമര്‍ത്തിപ്പിടിച്ച് മറ്റേ കൈകൊണ്ട് ഡോക്ടര്‍ ട്യൂബു വലിച്ചൂരുമ്പോള്‍ ഷട്ട്-അപ്പ്, ച്ചുപ് എന്നൊക്കെ ഉള്ളില്‍ മാറി മാറിപ്പറഞ്ഞുകൊണ്ടിരുന്നിട്ടും അശ്വിനി ആവൂന്ന് ഉറക്കെ ശബ്ദിച്ചു പോയി. 
''Sorry dear. All done!'
വേദനിച്ചതിന് ഡോക്ടര്‍ മാപ്പു പറഞ്ഞു. അരയടിയിലധികം നീളമുള്ള ചെറിയ  കുഴലാണ് ഉള്ളിലുണ്ടായിരുന്നത്.  മുറിവില്‍ പഞ്ഞിത്തുണി വെച്ച് ബാന്‍ഡേജ് ഒട്ടിച്ചു ഡോക്ടര്‍ പണി മതിയാക്കി.  
''ഡോക്ടര്‍ എനിക്ക് മദ്യം കഴിക്കാമോ?'' 
മുഖവുരയോന്നും ഇല്ലാത്ത ചോദ്യം കേട്ട് ഡോക്ടര്‍ പുഞ്ചിരിച്ചു.   
''ആന്റിബയോട്ടിക് തീര്‍ന്നാലുടന്‍ നിനക്ക് മദ്യം കഴിക്കാം. ആദ്യം ഒരു ഗ്ലാസ് വൈന്‍ അങ്ങനെ ലഘുവായി തുടങ്ങുക.''  
''നിന്റെ കീമോതെറാപ്പി എന്നാണു തുടങ്ങുന്നത്?'' 
''ഓഗസ്റ്റില്‍, അപ്പോഴേ സര്‍ജറി കഴിഞ്ഞു എട്ടു ആഴ്ച്ചയാവുള്ളൂ.''
''കീമോ തുടങ്ങുമ്പോള്‍ മദ്യം ഒഴിവാക്കുന്നതാണ് നല്ലത്.''          
അതുകൊണ്ട് ഇപ്പൊ കുടിച്ചു തകര്‍ക്കണോന്ന് റാണ!  
 
ട്യൂബ് മാറ്റിയപ്പോള്‍ സ്വാതന്ത്ര്യം വന്നതുപോലെയായി.  അശ്വിനിക്ക് കാറോടിക്കാനുള്ള ധൈര്യം വന്നു. കുറഞ്ഞത് ലിക്വര്‍ കടവരെ പോകാനുള്ള ആത്മവിശ്വാസം മതി.  ഈ ആഘോഷത്തിനു വീട്ടിലിരിക്കുന്ന വൈനൊന്നും പോരല്ലോ!   
ലിക്വര്‍ കടയില്‍ ഒരമ്മയും മകളും ഒന്നിച്ചു നടന്ന് കുപ്പികള്‍ തിരയുന്നുണ്ടായിരുന്നു. പത്തു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിക്ക് ലിക്വര്‍ കടയില്‍ എന്താണ് കാര്യം? സ്‌കൂളും പഠിത്തവുമില്ലേ ഈ കുട്ടിക്ക്?    
 കിലും.. കിലുകിലും... ഷോപ്പിംഗ് കാര്‍ട്ടില്‍ കുപ്പികള്‍ കൂട്ടി മുട്ടുന്ന ശബ്ദത്തിനു പോലും ലഹരിയുണ്ട്. കാര്‍ട്ടിനകത്ത് ഇരിക്കുന്ന കുപ്പികളാണ് തമ്മിലുരുമ്മി ആഭാസച്ചിരി ചിരിക്കുന്നത്. കുണുങ്ങി കൂത്താടി തമ്മിത്തല്ലായി പൊട്ടല്ലേ!  
വൈറ്റ് വൈനിന്റെ ഷാര്‍ഡിനെയില്‍ തുടങ്ങാമെന്നു അശ്വിനി തീരുമാനിച്ചു. ലഘുവാണ്. വൈനും ചിപ്പ്‌സും എടുത്ത് ആഘോഷിക്കാന്‍ തയ്യാറായി അശ്വിനി വീടിനു പിന്നിലേക്കിറങ്ങി. 
 
സൂര്യന്‍ നല്ല ഫോമിലായിരുന്നു. പഴയപൊള്ളച്ചിരിയല്ല. നല്ല പൊള്ളിക്കുന്ന ചിരി. അശ്വിനി വട്ടത്തിലുള്ള കണ്ണാടി മേശപ്പുറത്ത് ചിപ്‌സും വൈനും ഗ്ലാസുംവെച്ചു.  നിലത്തുള്ള ഇരുമ്പു പീഠത്തില്‍ ഉറപ്പിച്ചിരിക്കുന്ന കുട വെയിലിനെ മറയ്ക്കാന്‍ അല്പം ചരിച്ചുവെച്ചു, വൈന്‍ കൈയിലെടുത്തു അവള്‍ റാണയെ ആഘോഷത്തിലേക്ക് ആനയിച്ചു.     
''ചിയെഴ്‌സ് റാണാ!''
''Anchor the moment!'
റാണയുടെ ആപ്തവാക്യം അശ്വിനി കുടുകുടെ കുടിച്ചു.     
കാലുകള്‍ മറ്റൊരു കസേരയില്‍ കയറ്റിവെച്ച് പാറ്റിയോയിലെ ആനക്കുടക്കീഴിലിരുന്നു അശ്വിനി പ്രഖ്യാപിച്ചു. 
''ഈ സന്തോഷത്തിനെ, ഈ പകലിനെ, ഈ നിമിഷത്തിനെ ഞാന്‍ നങ്കൂരമിട്ടു നിര്‍ത്തുന്നു! സന്തോഷം മറക്കാനും മറയ്ക്കാനും അനുവദിക്കരുത്.''      
വെയില്‍ ലഹരി...
ചൂടുലഹരി....
ഗ്രീഷ്മ ലഹരി.....
ആനന്ദലഹരി.....
ലഹരി...ഹരി...രി..രീ..
വേലിയില്‍ കെട്ടിപ്പിടിച്ചു വളര്‍ന്ന ക്ലമാറ്റിസ് വള്ളികള്‍ വെളുത്ത പൂക്കള്‍ കൊണ്ട് മൂടിയിരുന്നു.  അതിനു താഴെ കടും വയലറ്റ് നിറത്തില്‍ ഐറിസ്പ്പൂവുകളാണു.  ഐറിസിന്റെ  ഉള്ളിയിലയും ശംഖുപുഷ്പ്പവും താലോലിച്ചു പൂമ്പൊടി പരത്തിയൊരു അനുരാഗക്കാറ്റ് പാറ്റിയോയിലേക്ക് വന്ന് അശ്വിനിയുടെ മുടിയില്‍ ചുറ്റിക്കളിച്ചു.  ഭൂമിയോടു ചേര്‍ന്നു നില്‍ക്കുന്ന പെറ്റൂണിയപ്പൂവുകള്‍ ആടിക്കുലുങ്ങി.  
I'm furious!* എന്നാണു പൂക്കളുടെ ഭാഷയില്‍ പെറ്റൂണിയ പറയുന്നത് എന്ന് മോഹന്‍ പണ്ടു അശ്വിനിയോടു പറഞ്ഞിട്ടുണ്ട്.  
''നിന്റെ കിന്നാരം പെറ്റൂണിയക്ക് ഇഷ്ടപ്പെടുന്നില്ല കാറ്റേ.''
വൈന്‍ ഗ്ലാസു നിറച്ചുകൊണ്ടു അശ്വിനി കളിപറഞ്ഞത് കാറ്റു വകവെച്ചില്ല.  
 
കണ്ണാടി മേശപ്പുറത്ത് കമഴ്ന്നു കിടന്ന ഫോണ്‍ കിണ് കിണ്ന്ന് ചിണുങ്ങി.  ഷാഡിനേയ്ക്കും ചിപ്‌സിനും വെയിലിനും അനുരാഗത്തിനുമിടയിലേക്ക് ആരാണ് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നത്? അശ്വിനി ഫോണ്‍ തിരിച്ചു നോക്കി.   
കാഴ്ചക്കാരും കുശലക്കാരും കുറഞ്ഞു വരുന്ന സമയമായിരുന്നു. വിശാലം വിമല എന്നാണ് സ്‌ക്രീന്‍ കാണിച്ചത്.  വിശാലമാന്റിയുടെ ഫോണിനു അശ്വിനി മര്യാദയോടെ ഉത്തരം പറയാന്‍ ശ്രമിച്ചു.   
വിശാലത്തിനു എല്ലാവരോടും സഹതാപമാണ്.  
''അയ്യോ ആ പാവം ജോമിയേ...'' 
എന്നങ്ങനെ തുടങ്ങും കഥ. ജോമിക്ക് ലോട്ടറി അടിച്ച കഥയാണെങ്കിലും വിശാലത്തിന്റെ വര്‍ത്തമാനത്തിന്റ ഉദ്ഘാടനം അയ്യോ പാവത്തിലാണ്. ഉപകാരം ചെയ്യാനാണെങ്കില്‍ അവര്‍ക്ക്  അതിരു കടന്ന ആവേശമാണ്. 
''അയ്യോ ഞാന്‍ വന്നു പാക്കു ചെയ്തു തരാം.''
ആ ഹൃദയത്തിന്റെ വിശാലത കണ്ടിട്ടാണ് അശ്വിനി വിമലയെ വിശാലം എന്നു നാമകരണം ചെയ്തത്.  
''എന്റെ അശ്വിനീ, മോളെന്നും കഴിക്കത്തില്യോ. എന്നതാ ഇങ്ങനെ ക്ഷീണിച്ചിരിക്കുന്നെ? '
എന്റെ എന്ന് കൂട്ടിയെ വിശാലം ആരേയും സംബോധന ചെയ്യൂ.  അശ്വിനി അത് ആദ്യം ശ്രദ്ധിച്ചത് അവര്‍ പ്രദീപിനോട് സംസാരിക്കുമ്പോഴായിരുന്നു.   
''എന്റെ പ്രദീപേ നാട്ടിലൊരു വീടങ്ങു മേടിക്കണം.'' 
വിശാലത്തിന്റെ തോളിലേക്ക് പ്രദീപ് തലചായ്ക്കും അപ്പോള്‍ എന്ന് തോന്നി അശ്വിനിക്ക്.  വലിയ ഒരു വീട്ടില്‍ വിശാലത്തിനോടു സല്ലപച്ചിരിക്കുന്ന പ്രദീപിനെ ഓര്‍ത്ത് അശ്വിനിയും മോഹനും ആര്‍ത്തു ചിരിച്ചിട്ടുണ്ട്. സ്വീകരണമുറിയില്‍ അതിഥികള്‍ക്കിരിക്കാന്‍ സോഫകളില്ലാതെ നടുക്കൊരു ആട്ടു കട്ടിലുമാത്രം.  വിശാലത്തിന്റെ മടിയില്‍ തലവെച്ചു കിടന്ന് രാരീരം ആടുന്ന പ്രദീപ്. 
 
പ്രദീപ്, വിദ്യയുടെ ഭര്‍ത്താവിനു നാട്ടില്‍ മടങ്ങിപ്പോയി വീടുവെച്ചു താമസിക്കാനായിരുന്നു ആഗ്രഹം. അവര്‍ അവധിക്ക് നാട്ടില്‍പ്പോയി വന്നിതിന്റെ പിന്നത്തെ ആഴ്ചയായിരുന്നു അപകടം. കാറോടിക്കുമ്പോള്‍ നേരം തെറ്റിയ ഉറക്കം ആദ്യം ചെറിയ ഓളങ്ങളായിട്ടാണ് വന്നത്. രാരീരം... രാരീരം. കണ്ണൊന്ന് അടഞ്ഞു തുറന്ന്. പിന്നെ കുറച്ചു നേരത്തേക്ക് മാറി നിന്ന് വീണ്ടും ഒന്ന് അടഞ്ഞു തുറന്ന്.  പെട്ടെന്നൊരു തിരവന്നു പ്രദീപിനെ എടുത്തുപൊക്കി രാരീരം പാടി കാറിനെ ട്രക്കിനു മുന്നിലേക്കിട്ടു.  
 
വിശാലാന്റിയോട് കുശലം പറഞ്ഞ മര്യാദയില്‍ അശ്വിനി ക്ഷീണിച്ചു പോയിരുന്നു.  വെയിലിനേയും കാറ്റിനേയും ഉപേക്ഷിച്ച് അവള്‍ അകത്ത് കയറി.  ചിപ്‌സ് കുറച്ചുബാക്കിയുണ്ട്.  അത് സൂക്ഷിച്ചുവക്കണോ കളയണോ എന്നു സംശയിച്ചിട്ടു അശ്വിനി ബാ​ഗൊന്നു മടക്കി അടുക്കള മേശപ്പുറത്തു വെച്ചു.  വൈന്‍ഗ്ലാസ് സിങ്കിലിട്ടു. ഷാഡിനെക്കുപ്പി ഫ്രിഡ്ജില്‍ വെച്ചിട്ട് ബാക്കിയുണ്ടായിരുന്ന പൈനാപ്പിള്‍പ്പായസമെടുത്ത് അശ്വിനി പിന്നെയും ടിവിയുടെ മുന്നിലേക്ക് പോയി. ടി.വിയിലെ പരസ്യങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ അശ്വിനിക്ക്  കാണാതെയറിയാം. ചെകിടു പൊട്ടിക്കുന്ന ശബ്ദത്തിലാണ് കടംകയറ്റാനുള്ള ക്ഷണം.  
'നിങ്ങളുടെ ലോണ്‍ അപേക്ഷ നിരസിച്ചിട്ടുണ്ടോ? നിങ്ങളുടെ ക്രെഡിറ്റ് കാർഡ് നിരാകരിച്ചിട്ടുണ്ടോ? എങ്കില്‍ ഞങ്ങളെ വന്നു കാണൂ  
നിങ്ങള്‍ക്ക് രണ്ടു ദിവസത്തിനകം ഞങ്ങള്‍ ക്രെഡിറ്റ് തരാം!' പത്ത് സെക്കന്റു കഴിയുമ്പോള്‍ നൂറ്റിനൂറ്റിഅറുപതു ഡെസിബല്‍ ശബ്ദത്തില്‍ പിന്നെയും വരുന്നു ചോദ്യങ്ങള്‍ 'നിങ്ങളുടെ ലോണ്‍ അപേക്ഷ നിരസിച്ചിട്ടുണ്ടോ? നിങ്ങളുടെ ക്രെഡിറ്റ് കാർഡ് നിരാകരിച്ചിട്ടുണ്ടോ?  
എങ്കില്‍ ഞങ്ങളെ വന്നു കാണൂ, നിങ്ങള്‍ക്ക് രണ്ടു ദിവസത്തിനകം ഞങ്ങള്‍ ക്രെഡിറ്റ് തരാം!'  
 
കേട്ടു മടുത്ത് അശ്വിനി തിരുത്തിപ്പറഞ്ഞു നോക്കി. 'നിങ്ങളുടെ ലോണ്‍ അപേക്ഷ നിരസിച്ചിട്ടുണ്ടോ? നിങ്ങളുടെ ക്രെഡിറ്റ് കാർഡ് നിരാകരിച്ചിട്ടുണ്ടോ? എങ്കില്‍ നിങ്ങള്‍ ടിവി ഓഫ് ചെയ്യൂ! ഒരു ജോലി കണ്ടുപിടിക്കൂ. കടം വീട്ടു!'
 
അശ്വിനി ചാനല്‍ മാറ്റി നോക്കി. എല്ലായിടത്തും സംതൃപ്ത കുടുംബങ്ങള്‍ മാത്രമുള്ള പരസ്യങ്ങള്‍ തന്നെയാണ്. പരസ്യത്തിലെല്ലാം ചിരിക്കുന്ന ആര്യോഗ്യമുള്ള മനുഷ്യരാണ്. സ്‌ക്രീനില്‍ നിറയുന്ന ചിരി ആരോഗ്യം സ്നേഹം! പരസ്യങ്ങള്‍ കഴിയുന്ന നേരംകൊണ്ട് അടുക്കള സിങ്കില്‍ കിടക്കുന്ന പാത്രങ്ങള്‍ ഡിഷ്വാഷറില്‍ വെയ്ക്കാമായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ ദിവസങ്ങള്‍ കണക്കു കൂട്ടാനറിയാത്ത കീര്‍ത്തന ചോദിക്കും. 
''How many more sleeps mamma?'  
 കീര്‍ത്തനയുടെ കണക്കു കൂട്ടല്‍ പോലെ അശ്വിനിക്ക് ടി.വി. സമയങ്ങളുടെ അളവ് കൃത്യമായി അറിയാം. ചമ്മന്തിക്ക് രണ്ടു പരസ്യ ബ്രേക്ക്. ദോശമാവ് അരച്ചെടുക്കാന്‍ ഒരു വാര്‍ത്തയുടെ സമയം വേണം. പൈനാപ്പിള്‍ പായസത്തില്‍ സ്പൂണ്‍ തിരിച്ച് അശ്വിനി സോഫക്കടുത്തുള്ള കുട്ടിമേശയില്‍ വായിച്ചു പാതിയാക്കിയ റോബിന്‍ ശര്‍മ്മയുടെ നീ മരിച്ചാല്‍ ആരു കരയും എന്ന പുസ്തകം വീണ്ടും മറിച്ചുനോക്കി.
''ഇതൊരു ഫോര്‍ഷാഡോ ആണോ റാണാ?''  
''ഹേയ് വെറും പോസിറ്റീവ് തിങ്കിംഗ്!''
''ഉവ്വ, ഞാന്‍ ചത്തുകഴിയുമ്പോ പതിനായിരം പേരു കരയും. ഞാന്‍ ജീവിതം മുഴുവന്‍ കരയുകയായിരുന്നെങ്കിലും പ്രശ്‌നമില്ല. ചാവുമ്പോള്‍ കരയാന്‍ ആളുണ്ടാവുമല്ലോ.'' 
ആദ്യത്തെ കൗതുകം പോയിക്കഴിഞ്ഞപ്പോള്‍ പോസിറ്റീവ് തിങ്കിംഗ് വെറും വിടുവാക്കായി തോന്നി അശ്വിനിക്ക്. പള്ളയ്ക്ക് കത്തി കയറുമ്പോഴും ഹാ, ഇതൊരു അവസരമാണ്, ഇതിനെ എങ്ങനെ ഉപയുക്തമാക്കാം എന്നു ചിന്തിക്കണം. 
അശ്വിനി വായിച്ചു നിര്‍ത്തിയിടത്തു നിന്നും വായന തുടങ്ങി. 
 
Stephen Hawking, one of the greatest physicists ever, is reported to have said that we live on a minor planet of a very average star located within the outer limits of one of a hundred thousand million galaxies. How's that for a shift in perspective? Given this information, are your troubles really that big? Are the problems you have experienced or the challenges you might currently be facing really as serious as you have made them out to be? We walk this planet for such a short time. In the overall scheme of things, our lives are mere blips on the canvas of eternity. So have the wisdom to enjoy the journey and savor the process.**
 
പ്ലാനറ്റ് എത്ര വലുതാണെങ്കിലും ഞാന്‍ അതിന്റെ ഉടമ അല്ലാത്തിടത്തോളം കാലം എന്റെ ലോകം തന്നെയാണ് എനിക്കു വലുത്. ലോകത്തില്‍ മൊത്തം ഉള്ള അരിയുടെ കണക്ക് വായിച്ചിട്ടു ഒരു കൊച്ചുറുമ്പിനോട് പട്ടിണി ഒരു പ്രശ്‌നമല്ല അതുകൊണ്ട് അരിതേടി വെയ്‌ക്കേണ്ട എന്ന് പറയുന്നതു പോലെയല്ലേ ശര്‍മ്മേ ഇത്? അണ്ഡകടാഹം ഉമ്മിണി ഗമണ്ടന്‍ ആയിരിക്കും. പക്ഷേ എനിക്ക് എന്റെ ലോകം മാത്രമേയുള്ളൂ.  അത് ബിഗ് സ്‌കീം ഓഫ് തിങ്ങ്‌സില്‍ എത്ര ചെറുതാണെങ്കിലും എനിക്കത് എല്ലാത്തിലും വലുതാണ്.  
പേജുകള്‍ മറുപടി പറയാതിരുന്നതുകൊണ്ട് അശ്വിനി റാണയോടു ചോദിച്ചു. 
''പോസിറ്റീവ് തിങ്കിംഗ്‌നെ യാഥാര്‍ത്ഥ്യബോധമില്ലായ്മ എന്നു വിളിക്കാമോ? '
നല്ലതു മാത്രം ചിന്തിക്കുക. നല്ലതേ വരൂ എന്ന് കരുതി പ്രയത്‌നിക്കുക.  നല്ലതു വരാതിരിക്കുമ്പോള്‍ അതിനെ എങ്ങനെ നേരിടണം എന്ന് ഈ പോസിറ്റീവുകാര്‍ പറയുന്നില്ല. ചിലപ്പോ സംശയരോഗികള്‍ക്ക് ഇത് ഫലിക്കില്ലായിരിക്കും. 
 
അശ്വിനി പിന്നെയും ചാനലുകള്‍ തിരിച്ചു നോക്കി. ടി.വി സിനിമയിലെ ഒരാള്‍ക്ക് ചിരട്ടപോലെ കഷണ്ടി.  ലിച്ചിപ്പഴം പോലെ തുറിച്ച കണ്ണ്.  ബസു കാത്തു നില്‍ക്കുന്ന ആളുകളുടെ വരിയില് മുന്നിലേക്കും പിന്നിലേക്കും നടന്ന്, ഈ ബസ് ന്യൂയോര്‍ക്കിനല്ലേ പോവുന്നത് എന്ന് ചോദിച്ച് ഉറപ്പാക്കുന്ന ഇന്ത്യക്കാരന് ജഡ്ജിയുടെ ഛായയുണ്ടെന്നു അശ്വിനിക്കു തോന്നി.     
കോടതിക്കു മുന്നില്‍ ജഡ്ജി വിയര്‍ത്തു നില്‍ക്കുന്നു. 
'അത്യാവശ്യമുണ്ട്, വീട്ടിലേക്ക് ഉടനെ വരണം.' 
അമ്മ ലോനപ്പനെ വിട്ട് വിളിപ്പിച്ചതാണ്.
ജഡ്ജി കയര്‍ക്കുന്നു.
''ഞാന്‍ കരുതി വല്ല അത്യാഹിതവും സംഭാവിച്ചെന്നു!''  
''പുന്നാര മോള്‍ക്ക് റാങ്കു കിട്ടുന്നത് പിന്നെ അത്യാഹിതമല്ലേ?''
അമ്മയുടെ ചിരി ചെവിമുതല്‍ ചെവിവരെ നീളുന്നു. അമ്മയിപ്പോള്‍ ചിരിക്കാതെ അമ്പലം ചുറ്റലിലാണല്ലോന്ന് അശ്വിനിയോര്‍ത്തു.   
''മോളേ, കൂടിപ്പോയ രണ്ടര വര്‍ഷംകൂടിയേ നിനക്കീ കഷ്ടപ്പാടൊക്കെ ഒണ്ടാവൂ.'' 
''രണ്ടര വര്‍ഷോ! എന്താ അമ്മയീപ്പറേണെ?'' 
''ഈ ശനിയൊന്നു മാറിക്കിട്ട്യാ മതി.  ഞാന്‍ ശാസ്താവിന്റെ അമ്പലത്തില് നെയ് വിളക്ക് നേര്‍ന്നിട്ടുണ്ട്.  നിന്റെ പെറന്നാളിനു അന്നദാനംണ്ട്.''  
മരിക്കാന്‍ വേണ്ടിയല്ലേ നമ്മളൊക്കെ ജീവിക്കുന്നത്? അശ്വിനിക്ക് അമ്മയോടു അതു  ചോദിക്കാന്‍ തോന്നിയില്ല.   
''മോളെ ധ്വന്വന്തരീമന്ത്രം ഔഷധ പ്രയോഗ ഫലപ്രാപ്തിണ്ടാക്കും. മരുന്നു കഴിക്കുമ്പോ ചൊല്ലണേ 
അച്യുത അനന്ത ഗോവിന്ദ 
വിഷ്‌ണോ നാരായണ അമൃത
രോഗാന്മേ നാശയാശേഷാന്‍ 
ആശു ധന്വന്തരെ ഹരേ
ഇത് ചൊല്ലി വേണം മരുന്ന് കഴിക്കാന്‍.  എല്ലാം ഭേദായിക്കൊള്ളും. എന്നും ചൊല്ലണേ.'' 
അമ്മ അശ്വിനിയെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. പറഞ്ഞതു തന്നെ ആവര്‍ത്തിക്കുന്നു.  പാവം അമ്മ! അവിടെ വൃദ്ധസദനം നടത്തിക്കൊണ്ടു പോകുന്നതിനിടയിലാണ്  മോളെപ്പറ്റിയുള്ള വേവലാതി. അമ്മൂമ്മയുടെ നടുവ് പണിമുടക്കിലാണ്.  എണീക്കാന്‍ വയ്യാതെ കിടക്കയില്‍ തന്നെ രാവും പകലും. സഹായിക്കാന്‍ ആളുണ്ടായാലും അമ്മയെ ഞാന്‍ കുളിപ്പിച്ചോളുംന്ന് മരുമകളുടെ കടുംപിടുത്തം. രണ്ടു ഭിത്തിക്കും വലിയ ജനലുകളുള്ള മുറിയിലാണ് അമ്മൂമ്മയെ കിടത്തിയിരിക്കുന്നത്.  
''അമ്മേടെ ലോകം ചെറുതായിപ്പോയെന്നു തോന്നേണ്ട.''  
 
ഓര്‍മ്മയില്ലാത്ത, കിടക്കുന്നത് എവിടെയാണെന്നു തന്നെ അറിയാത്ത അമ്മൂമ്മയുടെ ലോകത്തില്‍ കാറ്റും സൂര്യപ്രകാശോം പക്ഷിക്കരച്ചിലും അടിച്ചുകയറ്റി അമ്മ എന്താവും പടുക്കുന്നത്?  ജഡ്ജിക്കാണെങ്കില്‍ ഓര്‍മ്മയ്ക്ക് ഒരു കുഴപ്പവുമില്ല. കുറുമ്പിനും.  വീല്‍ചെയറിലാണെന്നുമാത്രം.    
''പ്രേമേ...''
''പ്രേം...'' 
''പ്രേമാ''   
പ്രേമാവതിയെ ഇടം വലം തിരിയാന്‍ വിടാതെ കിനാവള്ളിക്കൈകള്‍ കൊണ്ടു കെട്ടിയിടും അച്ഛന്‍. എല്ലാത്തിനും  സ്‌നേഹത്തിന്റെ സീലുവെച്ചിട്ടുണ്ട്. അപ്പോള്‍ പരാതിയും വിശ്രമവും ആവശ്യമില്ല. 
 
ഒരുമാസം അമ്മയുടെ ഒപ്പം പോയിനില്‍ക്കണമെന്നു അശ്വിനിക്കുതോന്നി.  ആകെയുള്ള നാലാഴ്ച അവധിയില്‍ അങ്ങനെയൊന്നും  ആലോചിക്കാന്‍ തന്നെ അവള്‍ക്ക് സമയം കിട്ടിയിരുന്നില്ല.  ടിവി സ്‌ക്രീനിലെ മനുഷ്യന്‍ ബസുകയറി പോയിരുന്നു. സ്‌ക്രീനില്‍ നിന്നും ഒരു കരച്ചില്‍ അശ്വിനിയുടെ തൊണ്ടയിലേക്കിറങ്ങി. പിന്നെയാ  കരച്ചില്‍ സുനാമിപോലെ അശ്വിനിയെ എടുത്തുപൊക്കി തേങ്ങലിന്റെ തിരകളില്‍ മുക്കിപ്പൊക്കിയെടുത്തു.  സമതുലനാവസ്ഥ നഷ്ടപ്പെട്ടു നീന്താനാവാതെ  അവള്‍ സുനാമിക്കു കീഴടങ്ങി.  എന്തിനാണു കരയുന്നതു എന്നു അറിയാതെ തന്നെ.
 
ഉച്ചത്തിലുള്ള ഹോണ്‍ കേട്ടാണ് അശ്വിനി ഞെട്ടി ഉണര്‍ന്നത്.  വീടിനു മുന്നിലെ റോഡിലൂടെ പോയ ഏതോ കാറാണ് ഹോണടിച്ചത്.  എപ്പോഴാണ് പുറത്തേക്ക് തിരിച്ചു പോയതെന്ന് എത്ര ആലോചിച്ചിട്ടും അശ്വിനിക്ക് മനസ്സിലായില്ല.  പുറത്തെ ഊഞ്ഞാലില്‍ കിടന്ന് അവള്‍ ഉറങ്ങിപ്പോയിരുന്നു. വിയര്‍ത്തിട്ടുണ്ട്. ടോപ്പ് മേത്ത് ഒട്ടിപ്പിടിച്ചു കിടന്നു. മുഖം കാണിക്കാതെ ഒളിച്ചിരിക്കുന്ന ദയയില്ലാകാറ്റിനെ അശ്വിനി ചീത്ത പറഞ്ഞു.       
 
''ഈ ഒരു കുപ്പി വൈന്‍ മുഴുവനും തന്ന് എന്നെ ഇവിടെ കൊണ്ടിരുത്തി ഉറക്കിയിട്ട് നീ എവിടെപ്പോയി insensitive കാറ്റേ?'' 
വെയിലു മാറി അന്തരീക്ഷം ആകെ മൂടിക്കെട്ടിനിന്നിരുന്നു.  മഴ പെയ്യണോ വേണ്ടയോ എന്ന് വേവലാതിപ്പെട്ട് കുറച്ചു കറുത്ത മേഘങ്ങളെ ചക്രവാളത്തില്‍ തൂക്കിയിട്ടിരിക്കുന്നത് നോക്കി അശ്വിനിയിരുന്നു. പുല്ല് മഞ്ഞയും തവിട്ടുമായി മാറുന്നുണ്ട്, മഴ നല്ലതാവുമെന്നു അശ്വിനിയോര്‍ത്തു.  മഴപോലെ വെള്ളം ചീറ്റുന്ന സ്പ്രിംഗ്‌ളറില്‍ പുല്ലു നനക്കാന്‍ വെക്കേണ്ടതാണ്. 
ചെടികള്‍ക്ക് ഇടയില്‍ കളകള്‍ പടര്‍ന്നു കയറിയിരുന്നു. കിളികളും അണ്ണാനും വരാറില്ലെ ഇപ്പോള്‍? നരച്ച പഴകിയ പറമ്പില്‍ അശ്വിനി നട്ടുവെച്ച പച്ചക്കറിചെടികള്‍ മുരടിച്ചു വാടി നിന്നു.  ഏതോ പുഴുതിന്നു വെണ്ടയുടെ ഇല അരിപ്പപോലെ ആയിരുന്നു.  വെള്ളം വരണ്ട ഇലകളുയുമായി പച്ചക്കറികള്‍  ചാഞ്ഞു നിന്നു.  
 
ഒഴിഞ്ഞ കുപ്പിയും പാത്രവുമായി അശ്വിനി അകത്തേക്ക് പോയി.  സമയം ഏഴര കഴിഞ്ഞിരുന്നു.  മോഹനിപ്പോള്‍ രാത്രി പതിനൊന്നുമണി കഴിയാതെ വീടെത്താറില്ല. വാര്‍ത്ത കണ്ടുകഴിഞ്ഞ്  ഉറക്കത്തിലേക്ക് പതിയെ വീണുകൊണ്ടിരിക്കുമ്പോള്‍ അല്ലെങ്കില്‍ അശ്വിനി ഉറക്കം പിടിച്ചു കഴിഞ്ഞാണ് മോഹന്റെ വരവ്. കൃത്യമായി നോക്കി അവള്‍ കിടന്നു എന്ന് ഉറപ്പാക്കിയിട്ടുള്ള വരവുപോലെ തോന്നും അശ്വിനിക്ക്.  മുലപോയ അശ്വിനിക്ക് മുഖം കൊടുക്കാതെയിരിക്കാനാവണം. തട്ടലും മുട്ടലും കുളിമുറിയിലെ ഒച്ചയും ബഹളവും അശ്വിനിയുടെ ഉറക്കത്തെ കൊത്തിയെടുത്ത് കൊണ്ടുപോകും.  അരമണിക്കൂറിനുള്ളില്‍ എല്ലാം കഴിഞ്ഞ് മോഹന്‍ ഉറക്കം പിടിക്കും. അശ്വിനിക്കു വാക്കുകള്‍ കൊണ്ടു മുറിവേല്‍പ്പിക്കാന്‍ ഇടം കൊടുക്കാതെ അയാള്‍ സുഖമായുറങ്ങും.   
 
പിറ്റേന്നു ഫ്രിഡ്ജില്‍ പ്രത്യക്ഷപ്പെട്ട ആനപ്പിണ്ടം ക്യാബേജിനെ അശ്വിനി തുറിച്ചുനോക്കി.  കൈപൊക്കി വെട്ടിക്കൂട്ടുന്നതാലോചിക്കാന്‍ മിനക്കെടാതെ അവള്‍ ഫ്രിഡ്ജ്  ടപംന്ന് അടച്ചു. കഴിക്കാന്‍ മടിച്ച് ഉപ്പുമാവിലെ കടുകുകള്‍ പെറുക്കിയെടുത്ത് അശ്വിനി പുറത്തേക്ക് നോക്കിയിരിക്കുന്നു. പഴത്തിന്റെ പാതിയില്‍ നിന്നും ഒരു കടിയെടുത്ത് അശ്വിനി സമയം നോക്കി. അഖിലയെ വിളിക്കാന്‍ പറ്റാത്ത സമയമാണ്. അവള്‍ക്ക് വെളു പ്പിനു അഞ്ചുമണിയായിട്ടുണ്ടാവും.ഉപ്പുമാവ് കളയുന്നതും ശരിയല്ലല്ലോ എന്നവിചാരത്തില്‍  അശ്വിനി ഉപ്പുമാവില്‍ വീണ്ടും കൈയിട്ടു നോക്കി. 
''ഇനിയും എത്ര കടുകിനെ എണ്ണിപ്പെറുക്കുവാന്‍ പറ്റും? '
ചില്ലുവാതിലിലൂടെ കടന്നു വന്ന കാറ്റു അവളെ പരിഹസിച്ചു. ചോറുണ്ണാന്‍ ഇഷ്ടം തോന്നാഞ്ഞതുകൊണ്ട് അശ്വനി ഉപ്പുമാവുണ്ടാക്കിയതാണ്. ഇടം കൈകൊണ്ട് ഇളക്കിയുണ്ടാക്കിയ ഉപ്പുമാവ് വെറും റവയും കടുകുമായി പ്ലേറ്റില്‍ കിടന്നു.
(തുടരും)
(*in the language of flowers, the petunia symbolizes 'I'm furious!'
** from the book Who will cry when you die by Robin Sharma)
 
Content Highlights: Novel Manjil Oruval by Nirmala part 18