Shock Denial Anger Acceptance
അശ്വിനി നെഞ്ചില്‍ മെല്ലെ തടവിനോക്കി. കീര്‍ത്തന ആശ്വാസത്തോടെ ഉറങ്ങിയ നെഞ്ച്. ആര്‍ത്തിയോടെ ചപ്പിയ മുലകള്‍. റോക്കിംഗ് ചെയറില്‍ കീര്‍ത്തനയെ ചേര്‍ത്തുവെച്ച് ജനലിനടുത്തിരിക്കാന്‍ അശ്വിനിക്കു ഭയമായിരുന്നു. ഭദ്രമായി അടച്ചിരിക്കുന്ന ജനലിലൂടെ കൈയിട്ട് ആരെങ്കിലും കീര്‍ത്തനയെ എടുത്തു കൊണ്ടുപോകും എന്ന പേടി. കീര്‍ത്തന കുടിച്ചിരുന്ന മുലകള്‍ ആരെങ്കിലും മുറിച്ചുമാറ്റുമെന്ന് അവള്‍ ഒരിക്കലും ഓര്‍ത്തതില്ല.
അശ്വിനിയുടെ പേക്കിനാവുകള്‍ക്ക് ഇടയിലേക്കാണ് പ്രഭയുടെ ഫോണ്‍വിളി തുളച്ചു കയറിയത്. അവളെപ്പറ്റി ആരൊക്കെയോ അപഖ്യാതി പറഞ്ഞു പരത്താന്‍ ശ്രമിക്കുന്നു. കഴിഞ്ഞയാഴ്ച മിത്രയും മെറിയും പതിവില്ലാതെ വിളിച്ചിരുന്നു. അശ്വിനി എന്തെങ്കിലും കേട്ടോ? അവളുടെ ബിസിനസ്സിനു പാരവെക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നൊക്കെയുള്ള പതിവു പരാതികള്‍ അശ്വിനി ക്ഷമയോടെ കേട്ടു.
അതേയ് ഈ കുട്ടിക്ക് അഹമ്മതി ഇത്ര കൂടുതലല്ലേ റാണാ? അവര് അങ്ങനെ പറഞ്ഞത് എന്നെ ഉദ്ദേശിച്ചാണ്. ഇയാള്‍ ഇത് ചെയ്തത് എനിക്കെതിരെ വരാന്‍ വേണ്ടിയാണ് എന്നൊക്കെ ചിന്തിക്കാന്‍. ലോകം മുഴുവനും നല്ലതും ചീത്തയും ചെയ്യുന്നത് തനിക്കു വേണ്ടിയാണെന്നു നിനയ്ക്കാന്‍ പ്രഭ ആരാണ്? അമേരിക്കന്‍ പ്രസിഡന്റോ? അവനവന്റെ പഞ്ചായത്ത് പ്രസിഡന്റ് ആരാന്നറിയാന്‍ നേരോല്ലാത്തോരല്ലേ പ്രഭയുടെ വീട്ടില്‍ വിളിച്ച് ആളുണ്ടോ എന്നന്വേഷിക്കുന്നത്! ഇത്രയ്‌ക്കൊക്കെ ആത്മപ്രശംസ പാടുണ്ടോ സ്വയംപ്രഭേ? സ്വയംപ്രഭ ഫോണില്‍ കത്തി ജ്വലിച്ചുകൊണ്ടിരുന്നു.
'അല്ല അശ്വിനി, നിനക്ക് ഡയറക്ടര്‍ കളിച്ചിരുന്നാല്‍ പോരെ!'
അതേ ഈ ഡയറക്ടര്‍ എന്നൊക്കെ പറയുന്നത് ഒരുതരം കളിയല്ലേ. ഭാഗ്യവതിയായ അശ്വിനിക്ക് കളിക്കാന്‍ കിട്ടുന്നത്. അതൊക്കെ മാറ്റിവെച്ചിട്ടു സ്വയംപ്രഭയുടെ ആടിക്കളിക്കടോ ചാടിക്കളിക്കടോ താളത്തില്‍ കളിക്കാത്തത് അപരാധമല്ലേ?
എല്ലാ വിളിയിലും ഇതെല്ലാം തന്നെയാണ് പ്രഭ പറയാറുള്ളത്. നീയൊക്കെ വലിയ ഡയറക്ടറല്ലേ, വെറുതെ ഇരുന്നാല്‍പ്പോരെ. ഫോണ്‍ കട്ടുചെയ്യാനുള്ള മര്യാദകേടു തികയാതെ, പറയാനൊന്നും വരാതെ അശ്വിനിയിരിക്കും.
'ഞാന്‍ വിളിച്ചപ്പോള്‍ നീ എന്താണ് ഫോണ്‍ എടുക്കാതിരുന്നത്?'
'വീട്ടിലുണ്ടായാലല്ലേ ഫോണെടുക്കാന്‍ പറ്റൂ. '
'ങും, ഓഫീസില് വിളിച്ചപ്പോ ഔട്ട് ഓഫ് ഓഫീസ് മെസേജ് കിട്ടിയല്ലോ? '
ഓരോ ചലനവും പ്രഭയോട് അനുവാദം ചോദിച്ചിട്ടേ ആകാവൂ. പ്രഭയോട് വെറുതെ പറഞ്ഞാല്‍ പോര. ഓരോ ഇഞ്ചും സെന്റിമീറ്ററും അവള്‍ക്ക് അളവെടുക്കണം. എവിടെയാണ് പോകുന്നത്? ആരുടെ കൂടെയാണ്? എന്നു പോവും? എന്നു വരും? ആരാണ് വിളിച്ചത്? എന്തിനാണ് വിളിച്ചത്? എന്താണ് പറഞ്ഞത്? അതുകൊണ്ടുതന്നെ ഡൈ ടെസ്റ്റിനായിരുന്നു പോയതെന്ന് അവളോട് അശ്വിനി പറഞ്ഞില്ല. മുലക്കണ്ണിലേക്ക് കുത്തിയിറക്കുന്ന സൂചിയുടെ അതേവേദന സ്വയംപ്രഭയോടുള്ള സംസാരത്തിനുമുണ്ട്.
ലിംഫ്‌നോഡിലേക്ക് കാന്‍സര്‍ കുടിയേറിയിട്ടുണ്ടോന്നു നോക്കാനാണ് ഡോക്ടര്‍ കടുത്തനിറം കുത്തിവെക്കുന്നത്. മരവിപ്പിക്കാന്‍ പറ്റില്ല, അതോണ്ട് നല്ല വേദനയുണ്ടാവും. ക്ഷമാപണത്തോടെ ഡോക്ടര്‍ അശ്വിനിയുടെ കൈയില്‍ പിടിച്ചു. എനിക്കു മാത്രമെന്താണ് ഇങ്ങനെ കുത്തു കൊള്ളേണ്ടി വരുന്നതെന്ന് കല്യാണി സങ്കടപ്പെട്ടു. സൂചിയിലൂടെ നിറം അശ്വിനിയുടെ മുലയിലേക്ക് പ്രവഹിച്ചു. നിറംപോ
യ വഴിനോക്കി ഡോക്ടര്‍ ലിംഫ്‌നോഡുകള്‍ തിരയും. കുത്തിവെച്ച നിറം നോഡുകളില്‍ എത്താന്‍ രണ്ടുമണിക്കൂറാണെടുക്കുന്നത്.
'രണ്ടു മണിക്കൂര്‍ കഴിഞ്ഞു വരൂ. ഇവിടെയിരുന്നു മുഷിയണമെന്നില്ല.'
നിര്‍ദ്ദേശമനുസരിച്ച് അശ്വിനി സ്റ്റാര്‍ബക്‌സിലെ കാപ്പികുടിച്ച് ഉച്ചവെയില്‍ നോക്കിയിരുന്നു. ബസ് സ്‌റ്റോപ്പില്‍ കോട്ടും തൊപ്പിയും ഗ്ലൗസും ഇട്ട ആളുകള്‍ ഫോണിലേക്ക് തലകുനിച്ചു നിന്നു. തണുപ്പ് അധികമില്ലെങ്കിലും ബസ് യാത്രക്കാര്‍ തണുപ്പിനെ ചെറുക്കാന്‍ ഒരുങ്ങിയിരിക്കും. പാര്‍ക്കിംഗ് ലോട്ടിന്റെ വേലിക്കു താഴെ നിരയായി നട്ടിരിക്കുന്ന ടൂലിപ്പുകള്‍ കടുത്തനിറത്തില്‍ പൂത്തുതിമിര്‍ക്കുന്നുണ്ടായിരുന്നു. അതിനു ചുറ്റുമായി ഇളം വയലറ്റും മഞ്ഞയും ഡാഫഡൈല്‍ പൂവുകള്‍ വെയിലിനെ എത്തിച്ചു നോക്കി. കാറ്റാണെങ്കില്‍ ഓരോചെടിത്തലയും തിരിച്ചും മറിച്ചും നോക്കി ക്വാളിറ്റി കണ്ട്രോള്‍ നടത്തിക്കൊണ്ടിരുന്നു.
ഇ-മെയിലുകള്‍ക്കിടയില്‍ ഗേള്‍പവറിന്റെ വിശേഷക്കൂട്ടം അശ്വിനി വായിച്ചു.
ഡേയ്, ആഷ്, നീയിതെവിടെപ്പോയി.
ഹോയ് ആഷ്, എപ്പോഴാണ് താന്‍ ഫ്രീ ആവുന്നത്? നമുക്ക് സിനിമയ്ക്ക് പോവാം?
അതെ, ആദ്യം മറുപടി വരേണ്ടത് ആഷില്‍ നിന്നാണല്ലോ!
ഞാന്‍ ബിസിയാണല്ലോ ഈ ആഴ്ച, കുറച്ചധികം പണി തീര്‍ക്കാനുണ്ട്. നിങ്ങള്‍ പൊയ്‌ക്കോളൂ.
അശ്വിനിക്ക് മറുപടി അയച്ചു. അവള്‍ക്ക് ആരെയും കാണേണ്ട, വിശേഷങ്ങളും വര്‍ത്തമാനങ്ങളും കേള്‍ക്കേണ്ട!
ആശുപത്രിയില്‍ തിരികെ എത്തിയപ്പോള്‍ അശ്വിനിയെ നേഴ്‌സ് സ്‌കാനിംഗ് മെഷീനില്‍ കിടത്തി. കൈപൊക്കിയും തിരിഞ്ഞും മറിഞ്ഞും കല്യാണിയുടെ ഫോട്ടോ സെഷന്‍ ഗംഭീരമായി കഴിഞ്ഞു. കുത്തുകൊണ്ടെങ്കിലെന്താ, കളവാണിയ്ക്ക് ശരിക്കും അസൂയ വരുന്നുണ്ടാവും!
ഈ ഡൈ ശരീരത്തില്‍ നിന്നു പോവാന്‍ ധാരാളം വെള്ളം കുടിക്കണം. മൂത്രത്തിന്റെ നിറം ക്ലിയറാവുന്നത് വരെ. ടെക്‌നീഷ്യന്‍ അശ്വിനിയോട് പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ സര്‍ജറിയുടെ തീയതി തീരുമാനിക്കുമെന്നു ഡോക്ടര്‍ അശ്വിനിക്ക് ഉറപ്പുകൊടുത്തു. അതിനു മനസ്സിനെയും ശരീരത്തിനെയും തയ്യാറാക്കണം. കാന്‍സറും ആധുനിക ചികിത്സയുമെന്നൊരു സെമിനാര്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്നുണ്ട്. അതില്‍ പുതിയ പഠനങ്ങള്‍, ചികിത്സാ രീതിയിലെ വ്യത്യാസങ്ങള്‍ തുടങ്ങിയതൊക്കെ വിഷയങ്ങളാണ്. അശ്വിനിയും മോഹനും അതില്‍ സംബന്ധിക്കുന്നത് സഹായകരമാവും എന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.
അപ്പോഴാണ് കല്യാണിയും കളവാണിയും കൂടെ കാന്‍സുവും എന്ന് അശ്വിനി ഉറപ്പിച്ചത്. ഒളിച്ചു കളിയുടെ സമയം കഴിഞ്ഞിരിക്കുന്നു. ഇനി അംഗീകാരം കൊടുത്ത് സ്വീകരിക്കാം. കാന്‍സു ഡിയര്‍ നിന്നെ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ഇനി നമ്മള്‍ക്കൊന്നിച്ചു ചുറ്റിക്കറങ്ങാം.
മലയാളി സമൂഹത്തിലേക്കുള്ള ന്യൂസ് റിലീസ് ഓര്‍ത്ത് അശ്വിനി നടുങ്ങി. അഹങ്കാരീ.. അഹംഭാവംകുറെ കൂടുതലായിരുന്നു! ആള്‍ക്കൂട്ടം നിലവിളിക്കുകയാണ്. ഇതില്‍ പാപമില്ലാത്തവര്‍ ആരുമില്ലേ? ചോദിക്കാന്‍ അശ്വിനിയുടെ നാവ് പൊങ്ങുന്നില്ല. ചോദ്യം അവളുടെ തൊണ്ടയില്‍ തടഞ്ഞു നില്‍ക്കുന്നു. അശ്വിനിക്ക് അമ്മയെ വിളിക്കാന്‍ വയ്യ. അമ്മ മനസ്സിലോര്‍ക്കാന്‍ പോകുന്നത് താന്തോന്നിത്തരത്തിനു കിട്ടിയ സമ്മാനം എന്നായിരിക്കുമോ? അശ്വിനിയും അമ്മയുമായുള്ള ലഹളകള്‍ക്കവസാനം അമ്മ കരയും.
'എല്ലാ പിള്ളേരേപ്പോലേം നിനക്ക് ഇവിടെ പി.ജി.ക്കു പഠിച്ചൂടെ? കാനഡക്കു തന്നെ പോണോ? '
'ഇത്രയും നല്ല ചാന്‍സ് കിട്ടില്ല അമ്മേ. '
'ന്നാലും നിന്റെ കൂട്ടുകാരികളെല്ലാം ഇവിടെയല്ലേ പഠിക്കുന്നത്?'
'അമ്മയല്ലേ പറഞ്ഞത് എന്റെ കൂട്ടുകാരൊക്കെ പാലത്തേന്നു ചാടീന്നു പറഞ്ഞു ഞാനും ചാടരുതെന്ന്. അതുകൊണ്ട് അവരു പോണ സ്ഥലത്ത് എനിക്ക് പിജിക്കു പോവണ്ട. '
അപ്പഴാണ് അമ്മ കണ്ണീര്‍ ഗ്രന്ഥിയുടെ ടാപ്പു തുറക്കുന്നത്.
'എത്ര പ്രാര്‍ത്ഥന ഞാന്‍ കഴിച്ചതാണീശ്വരാ! എനിക്കെന്തിനാ ഈ ശിക്ഷ.'
'നൂറ്റാണ്ടു മുന്‍പെഴുതിയ സ്‌ക്രിപ്റ്റനുസരിച്ചു ജീവിക്കാന്‍ എന്നെ കിട്ടില്ല. പഠിക്കുക, നല്ല മാര്‍ക്കു വാങ്ങി പാസാവുക, കേരളത്തിലൊരു ജോലി കിട്ടുക, ചായേം പലഹാരോം കഴിക്കണത് ഒന്നു കൊഴുപ്പിക്കാന്‍ കാണാന്‍ നിന്ന് കൊടുക്കുക, കല്യാണം കഴിക്കുക, പിന്നെ ഭര്‍ത്താവിന്റെ വീടിനടുത്തേക്ക് സ്ഥലംമാറ്റം വാങ്ങുക, ആവീട്ടിലെ പണിയും കൂടി ചെയ്യാന്‍ സമയം തികയാതെ വരുമ്പോ ജോലി രാജിവെക്കുക. പ്രസവിക്കുക എടക്കെടക്ക് കരയുക, ചത്തു പോവുക! '
'ഉവ്വെടീ, എനിക്കിനി ചത്തു പോവാനും കൂട്യേ ബാക്കിയുള്ളൂ. ഏങ്ങനെയെങ്കിലും ചത്തുകിട്യാ മതിയായിരുന്നു! '
അമ്മ അങ്ങനെ പ്രാകും എന്നു കരുതിയില്ല. സത്യത്തില്‍ അമ്മയുടെ ജീവിതമല്ല റാണാ ഞാന്‍ പറഞ്ഞത്. ഈ പെണ്ണുങ്ങടെ കണ്ണീരു കാണുന്നതു തന്നെ എനിക്കു കലിയാണ് റാണാ.
അമ്മയെ വിളിക്കുന്നതിനു പകരം അശ്വിനി അഖിലയെ വിളിച്ചു. 'ചെറിയൊരു സംശയംന്ന്' നുണ പറഞ്ഞു.
'എന്റെ കൃഷ്ണാ...!'
അഖില നിലവിളിക്കുമെന്ന് അശ്വിനി ഭയപ്പെട്ടു.
'മിണ്ടാതിണ്ടരിക്കൂ അക്കൂ. ഇതൊന്നും ഇക്കാലത്ത് വല്യ കാര്യല്ല.'
'ചേച്ചീ, ഞാന്‍ വരട്ടെ?'
'ഇതാണ് തമാശ! നീയെങ്ങനെ വരും കുട്ടീ? നീയവിടെ രണ്ടു വീടു നോക്കുന്നത് പോരെ? അമ്മടെ കൂടെ നാനാ ദിക്കിലേക്കും ഓടാന്‍ പിന്നെ ആരുണ്ടാവും? പപ്പയെ ഹോസ്പിറ്റലില്‍ കൊണ്ടോവാനുംഅമ്മൂമ്മയ്ക്ക് മരുന്നു വാങ്ങാനുംഗ്യാസ് ഏര്‍പ്പാടാക്കാനുമൊക്കെ അവിടെ ആളുവേണ്ടേ? '
'ന്നാലും ചേച്ചി, ഞാന്‍ അപ്പുച്ചേട്ടനോട് വരാന്‍ പറയാം. ഒരു മാസത്തേക്ക്. '
'അതൊന്നും നടക്കില്ല. നിന്റെ വീട്ടിലെ കാര്യങ്ങളോ? നിന്റെ പ്ലസ്ടൂക്കാരിയെ ഇട്ടിട്ട് എങ്ങോട്ടും പോവണ്ട. എന്‍ട്രന്‍സ് ക്ലാസും മത്തങ്ങേം ആയിട്ട് നിങ്ങളൊരു ടൂറു പോയിട്ടുതന്നെ എത്രകാലായി?'
'ടൂറു പോലല്ലല്ലോ ഇത്. ചേച്ചീ...'
'നീയൊന്ന് അടങ്ങ് മോളെ, ആവശ്യണ്ടെങ്കി ഞാന്‍ പറയാം. തല്‍ക്കാലം നീയാ എന്‍ട്രന്‍സ്‌കാര്യേം അവള്‍ടെ അച്ഛനേം നോക്ക്.'
'അതൊന്നും ഒരു പ്രശ്‌നോംല്ല ചേച്ചി.'
അഖിലവക്കീല്‍ പിന്നെയും രേഖകളും വാദങ്ങളും നിരത്തിക്കൊണ്ടിരുന്നു. അഖിലയുടെ ഉറക്കം കളഞ്ഞ വിഷമത്തില്‍ അശ്വിനി ഉറങ്ങാന്‍ കിടന്നതാണ്.
നട്ടപ്പാതിരയ്ക്ക് അമ്മയുടെ ഫോണ്‍ വന്നു.
'മോളൂട്ടി ഒന്നോണ്ടും പേടിക്കേണ്ട. അമ്മ മലര്‍പ്പറ വെയ്ക്കുന്നുണ്ട്. ഒക്കെ ഭേദായിക്കോളും.'
ഉറക്കച്ചടവില്‍ കുറച്ചു സമയമെടുത്തു അശ്വിനിക്ക് അമ്മയെന്താണ് പറയുന്നതെന്നു തിരിച്ചറിയാന്‍.
'അക്കു പറഞ്ഞോ? ആ പെണ്ണിന് ഇതെന്തിന്റെ കേടാണ്?'
'പാവാണെടി, അവള് കരഞ്ഞോടി വന്നു ഇങ്ങോട്ടയ്ക്ക്. എനിക്ക് പോകാനും പറ്റൂല്ലല്ലോ മ്മേന്നും പറഞ്ഞു. അവള്‍ടെ നാത്തൂന് നടുവെട്ടിയിരിയ്ക്കാ. അതോ്ണ്ട ചന്ദ്രന്റെ അമ്മയിപ്പൊ അവിടേണ്.'
അഖില പണ്ടേ തൊട്ടാവാടിയാണ്. അവള്‍ക്ക് ആരുടേയും സങ്കടം കാണാന്‍ വയ്യ. അശ്വിനി പുറപ്പെട്ടുപോയ സങ്കടം തീര്‍ക്കാന്‍ അമ്മയ്ക്ക് ഇഷ്ടമുള്ളത് ഞാന്‍ പഠിച്ചോളാന്ന് ഏറ്റുപറഞ്ഞവളാണ്.
യൂണിവേഴ്‌സിറ്റിയിലെ സെമിനാറിന്റെ ഒരാളുടെ രോഗ പ്രതിരോധവ്യൂഹം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന തുടക്കം തന്നെ അശ്വിനിക്ക് ബോറടിച്ചു. ശരീരത്തിനു ഹാനികരമായവയില്‍ നിന്നും അതിനെ രക്ഷിക്കുന്ന പട്ടാളക്കാരായാണ് ഇമ്യൂണ്‍ കോശങ്ങളെ വിശേഷിപ്പിച്ചത്. ക്യാന്‍സര്‍ കോശങ്ങള്‍ തകൃതിയായി വിഭജിച്ചുകൊണ്ടിരിക്കും. ഒന്ന്!, രണ്ട് , നാല്, എട്ട്, പതിനാറ് പെരുകിപ്പെരുകി ഏകദേശം ഒരു സെന്റിമീറ്റര്‍ വലിപ്പം ആകുമ്പോഴേക്കും അതിനുള്ളില്‍ നൂറുകോടി കോശങ്ങളായിക്കഴിയും.
അശ്വിനി എങ്ങനെയൊരു കാന്‍സര്‍ കാന്‍ഡിഡേറ്റ്ആയി? കൃത്യമായി എക്‌സര്‍സൈസ് ചെയ്യും. ഭക്ഷണകാര്യത്തില്‍ വളരെ നി
ഷ്‌കര്‍ഷതയുണ്ട്. പഴങ്ങള്‍, പച്ചക്കറി, വിറ്റാമിനുകള്‍... കോളകള്‍ കുടിക്കാറില്ല. അശ്വിനി റിസേര്‍ച്ചിനോട് തര്‍ക്കിച്ചു നോക്കി. പിന്നെ അടുത്തയാള്‍ പ്രതിരോധമരുന്നുകളുടെ പേരുകള്‍ സ്‌ക്രീനില്‍ കാണിക്കുവാന്‍ തുടങ്ങി. ഇപ്പിലിമുമാബ്, നിവോ ലുമാബ്, ഐബ്രൂറ്റിനുബ്...... ഇതൊക്കെ എങ്ങനെ ഉച്ചരിക്കുമെന്ന് അശ്വിനി ആശങ്കപ്പെടുമ്പോള്‍ അടുത്തിരിക്കുന്ന ചിലര്‍ കുറിപ്പുകള്‍ എഴുതിയെടുക്കുന്നുണ്ടായിരുന്നു.
അശ്വിനി ഫോണില്‍ മെസേജുകള്‍ നോക്കി. മോഹന്‍ ചോദിച്ചു:
'ഇത് നോട്ട് ചെയ്തൂടെ? ഡോക്ടറോട് ചോദിക്കാലോ?'
'ഡോക്ടറുടെ ജോലിയാണ് ഈ മരുന്നിന്റെ ഡീടൈല്‍സും എന്റെ കാന്‍സറിന്റെ ഡീടൈല്‍സും നോക്കി ഇതു പറ്റുമോ ഇല്ലേന്നു തീരുമാനിക്കേണ്ടത്. അല്ലാതെ രോഗികളെല്ലാം ഫാര്‍മക്കോളജിയും, പതോളജിയും, അനാട്ടമിയും പഠിക്കാന്‍ പറ്റ്വോ?'
'അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ?'
'ഉം..ഹും... ഒട്ടും നല്ലതല്ല. അവനോന് ആവശ്യമുള്ളത് മാത്രം അറിയുന്നതാണ് നല്ലത്. ഒരു മനുഷ്യായുസ് കൊണ്ട് കിട്ടിയിരുന്ന അറിവ് ഇപ്പൊ ഒരു ദിവസംകൊണ്ട് ടിവിയും ഇന്റര്‍നെറ്റുമായി കിട്ടും. ഇന്‍ഫര്‍മേഷന്‍ ഒവര്‍ലോഡ് നല്ലതല്ല.'
മടങ്ങിപ്പോകുന്ന വഴി അശ്വിനി പുതിയ കാലത്തിന്റെ അദ്ധ്വാനവര്‍ദ്ധനവ് മോഹന് വിശദീകരിച്ചു കൊടുത്തു.
'പണ്ടൊക്കെ ഇവിടെ എല്ലാ ഗ്യാസ് സ്‌റ്റേഷനുകളിലും ഗ്യാസ് പമ്പുചെയ്യാന്‍ ആളുണ്ടായിരുന്നു. പിന്നെ നമ്മളു തന്നെ ഗ്യാസടിക്കുന്നത് ചീപ്പറാക്കി തന്നു. അങ്ങനെ നമ്മളെ ട്രെയിന്‍ ചെയ്യിച്ചു. ഇപ്പൊ സര്‍വ്വീസ് എന്നൊരു കാര്യം ഗ്യാസ് സ്റ്റേഷനു
കളില്‍ ഇല്ല. ബാങ്കിംഗ് മെഷീനില്‍ കൂടി ക്യാഷ്യറു പണിക്ക് നമ്മളെ ട്രെയിന്‍ ചെയ്യിച്ചു. ഇപ്പൊ കണ്ടിട്ടില്ലേ കടകളില്‍ സെല്‍ഫ് സെര്‍വ് ബൂത്തുകള്‍. നമ്മളെ കാഷ്യര്‍ പണി പഠിപ്പിച്ചെടുക്കുകയാണ്. പതിയെ ക്യാഷേഴ്‌സിന്റെ എണ്ണം കുറയും. ഇപ്പോള്‍ എല്ലാവരും എല്ലാജോലിയും ചെയ്ത് ആര്‍ക്കും ഒന്നിനും സമയമില്ലാതായിരിക്കുന്നു. അവനവന്റെ കാര്യങ്ങള്‍ ഭംഗിയായി ചെയ്താല്‍ പോരെ? അതോണ്ട് ഡോക്ടര്‍ ഡോക്ടര്‍ പണി നോക്കട്ടെ. അശ്വിനി കെട്ടിടം പണി നോക്കാം. വിള്ളലുകള്‍, ചോര്‍ച്ച, സങ്കലനം, എല്ലാം എന്‍ജിനീ
യര്‍ ഏറ്റെടുക്കാം.'
ആധുനിക ചികിത്സ സെമിനാറും ചെന്നുനിന്നത് പോസിറ്റീവ് തിങ്കിങ്ങിലായിരുന്നു. മോഹന്‍ അതിലേക്ക് കടക്കാന്‍ ശ്രമിച്ചു: 'ആവശ്യ
മില്ലാത്ത വിഷം മനസ്സില്‍ സൂക്ഷിക്കരുത്. അതും മരുന്നാണ്. മനസ്സിനെ പ്ലാസ്റ്റിക് കടലാസ്സുപോലെയാക്കണം. Don't take anything personal!'
'എല്ലാമനസ്സും പ്ലാസ്റ്റിക്ക് അല്ല, എത്രതരം മനസ്സുകളുണ്ട്? ചില മനസ്സുകള്‍ ബ്ലോട്ടിംഗ് പേപ്പറുപോലെ, മറ്റു ചിലത് ന്യൂസ് പേപ്പര്‍ പോലെ, ചിലത് ചൈനപേപ്പര്‍ പോലെ, എല്ലാത്തിനേം ഒരേനിരയില്‍ പെടുത്താന്‍ പറ്റില്ല. എല്ലാ മനസ്സുകളും കൂടി എടുത്ത് പ്ലാസ്റ്റിക്ആക്കാന്‍ പറഞ്ഞാല്‍ നടക്കില്ല! ഒക്കെ ഒരു ചെവിയില്‍ കൂടി കേട്ട് മറു ചെവിയില്‍ കൂടി കളയണം. എന്തു ചെയ്യാന്‍, ചിലര്‍ക്ക് കേള്‍ക്കുന്നതൊക്കെ രണ്ടു ചെവിയില്‍ കൂടിയും നേരെയിറങ്ങി ഹൃദയത്തില്‍ പറ്റിപ്പിടിച്ചങ്ങിരിക്കും.'ഓരോ നിര്‍ദ്ദേശങ്ങള്‍ക്കും അശ്വിനി മോഹനോടു തര്‍ക്കുത്തരം പറഞ്ഞുകൊണ്ടിരുന്നു.
അന്തമില്ലാത്ത ശുഭപ്രതീക്ഷയാണ് ജീവിതത്തിന്റെ വിജയരഹസ്യം. എത്രയേറെ പുസ്തകങ്ങളും വീഡിയോകളുമാണ് ഈ വിഷയത്തില്‍. Who moved my cheese? എന്ന പുസ്തകത്തിന്റെ ലക്ഷക്കണക്കിനു കോപ്പികളാണ് അമേരിക്കയില്‍ വിറ്റുപോയത്. ഒരു സ്ഥാപനത്തിലെ ജോലിക്കാരുടെ എണ്ണം കുറയ്ക്കാനുള്ള പ്രചാരണപ്രസ്ഥാനത്തോട് ഓഫീസ് ജോലിക്കാരെ അനുനയിപ്പിക്കാന്‍ പറ്റിയ പുസ്തകമാണ് 'ന്റെ പാലട ആരേ മാറ്റീത്?' എന്ന പുസ്തകം.
എന്നും പാലട തിന്നിരുന്ന രണ്ടു കൂട്ടുകാര്‍ ഒരുദിവസം കാലത്ത് അവരുടെ പാലട സങ്കേതത്തില്‍ എത്തുമ്പോള്‍ സ്ഥലം കാലി. പരിഭ്രമിച്ച് എന്താ ചെയ്യേണ്ടെന്നറിയാതെ അവര്‍ പ്രതിക്ഷേധിച്ച് തൊള്ളയിടുന്നതാണ് 'ന്റെ പാലട ആരേ മാറ്റീത്?' ന്ന്!. അവരങ്ങനെ കുറ്റപ്പെടുത്തിയും അന്യായമാണെന്നും പറഞ്ഞും സമയം കളയുമ്പോള്‍ അത്രക്കൊന്നും ബുദ്ധിയില്ലാത്ത എലികള്‍ തനിയെ പു
തിയ പാലട ശേഖരിപ്പു സ്ഥലം കണ്ടുപിടിച്ചു. അതുകണ്ടപ്പോ മനുഷ്യന്മാര്‍ക്കും ബുദ്ധിവെച്ചു, വെറുതെ പ്രതിഷേധിക്കാതെ പോസിറ്റീവ് ആറ്റിറ്റിയൂഡ് പുതച്ച് മുന്നോട്ട്..മുന്നോട്ട്..മുന്നോട്ടുപാഞ്ഞു ചെന്നാല്‍ ദേ കെടക്കണു മുമ്പത്തേക്കാളും മെച്ചപ്പെട്ട പാലട!
തൊഴിലാളികളെ മാനസാന്തരപ്പെടുത്താന്‍ ഈ പുസ്തകം എല്ലാ ഓഫീസുകളിലും വാരിക്കോരി കൊടുത്തിരുന്നു. നിങ്ങളുടെ ജോലി നഷ്ടപ്പെട്ടാല്‍ അടുത്ത ജോലി കണ്ടുപിടിക്കുകയാണ് നല്ലത്. വെറുതെ മാനേജ്‌മെന്റിനെ ചീത്ത പറഞ്ഞിട്ട് കാര്യമില്ല. ബുദ്ധിയില്ലാത്ത എലികളെ കണ്ടുപഠിക്കൂ! പോസിറ്റീവ് തിങ്കിംഗ് ആനപ്പിണ്ടം! അശ്വിനിക്കു കിട്ടിയിരിക്കുന്നത് മുഖമടച്ചൊരു ഇടിയാണ്. കണ്‍ക്ഷന്‍ അത് തലച്ചോറിനുള്ളിലാണ്, പുറത്ത് പാടുകളൊന്നും കാണാനില്ല. കാഴ്ച മങ്ങുന്നു, അല്ലെങ്കില്‍ ഇരട്ടക്കാഴ്ച ഡബിള്‍ വിഷന്‍! എല്ലാ കാഴ്ചകളും പെരുപ്പിച്ചു പെരുപ്പിച്ച് കണ്ണുനിറക്കുന്നു. അശ്വിനി അടുത്ത ദിവസം റാണയോട് തന്നെ പരാതി പറഞ്ഞു. പതുപതുത്ത ആ ചങ്കുണ്ടല്ലോ, പണ്ടു നമ്മള്‍ കാവലിരുന്നു കളിച്ചില്ലേ?
എന്താണ് വേണ്ടത്?
അമ്മൂമ്മേടെ ചങ്കും മത്തങ്ങേം!
അതു തന്നെ! അതിന്റെ മുകളിലൂടെ ഒരു ട്രെയിന്‍ കയറിയിറങ്ങിപ്പോയ ഒരു അനുഭൂതി. അടിച്ചുവാരി ഒരു കൊട്ടയിലാക്കി ഇപ്പൊ തലേല് വെച്ചോണ്ട് നടക്കാണേ. കണ്ടോ തലേടെ മോളില്‍ കൊട്ടക്കകത്ത് ചപ്ലം ചിപ്ലം ചങ്കുപീസ്?
മീറ്റിംഗ്, പ്രോജക്ട്, കെട്ടിടമുണ്ട്, കോണ്ട്രാക്റ്റ്, പെര്‍മിറ്റ്, ചാര്‍ട്ടര്‍, സ്‌കോപ്പ്, കീര്‍ത്തന...കീര്‍ത്തന.. കീര്‍ത്തന...
വീട്, വിരുന്നുകാര്‍, സിനിമ, ട്രിപ്പ്, വെക്കേഷന്‍, അമ്പലം, നാട്, അമ്മ, ജഡ്ജി അതിനിടക്ക് എവിടെയാണ് അശ്വിനി ക്യാന്‍സറിനെ തിരുകേണ്ടത്?
(തുടരും)
Content Highlights: Novel Manjil Oruval By Nirmala part 12