അതികാലത്തെ എഴുന്നേല്‍ക്കുക! ഈ എഴുന്നെള്ളിപ്പ് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. ഓരോരുത്തരുടെയും ശരീരഘടനയും ശരീരധര്‍മ്മവും വ്യത്യസ്തമല്ലേ? പിന്നെ എങ്ങനെ എല്ലാവരും അഞ്ചു മണിക്ക് എഴുന്നേല്‍ക്കുന്നതാണ് നല്ലത് എന്ന് പറയുന്നത്?
അശ്വിനി മോഹനോട് വാദിച്ചു വിസ്തരിച്ചിട്ടുള്ളതാണ് ഈ മോര്‍ണിംഗ് പേര്‍സണസ് ബഹിര്‍മ്മുഖരാണ്. Etxroverts, അവരങ്ങനെ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടിരിക്കും ഞാന്‍ ചെയ്യുന്നതാണ് ശരി. ഞാനാണ് ശരി... ബാക്കിയൊക്കെ തെറ്റെന്ന്.
ഹഫിംഗ്ടന്‍ പോസ്റ്റില്‍ പറയുന്നുണ്ട് നേരത്തെ എഴുന്നേല്‍പ്പുകാരുടെയും വൈകി ഉറക്കക്കാരുടേയും തലച്ചോറിന്റെ ഘടനയില്‍ വ്യത്യാസം ഉണ്ടെന്ന്! ശരീരമാണ് ഏറ്റവും വലിയ വൈദ്യന്‍ എന്നപോലെ ശരീരം ആവശ്യപ്പെടുന്നത് എന്താണെന്നു നമ്മള്‍ ശ്രദ്ധിക്കേണ്ടേ?
ആ തത്വങ്ങളും പ്രസംഗങ്ങളും മറന്നിട്ടാണ് അശ്വിനിയുടെ തലച്ചോര്‍ അഞ്ചുമണിക്ക് ലൈറ്റ് ഓണാക്കുന്നത്!
രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്ന് ഒരു പ്ലാന്‍ വരയ്ക്കാന്‍ അശ്വിനിക്ക് കഴിയും. ഒച്ചയും ബഹളവും ഇല്ലാത്ത ആ സമയത്താണ് അശ്വിനിയുടെ സര്‍ഗ്ഗാത്മകത ഉച്ചിയില്‍ എത്തുന്നത്. പണി പൂര്‍ത്തിയാക്കി മൂന്നു മണിക്ക് ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്തൊരു തൃപ്തിയാണ്. പത്തു മണി വരെ ചാരിതാര്‍ത്ഥ്യത്തോടെ ഉറങ്ങാം. പക്ഷേ അഞ്ചു മണിക്ക് ഉണരുന്ന ദിവസം മുഴുവന്‍ അശ്വിനി ശോച്യാവസ്ഥയിലായിരിക്കും. തീരാത്ത ക്ഷീണം, ഒന്നിലും ശ്രദ്ധിക്കാന്‍ തന്നെ കഴിയില്ല. എങ്ങനെയെങ്കിലും ദിവസം ഒന്നു തീര്‍ന്നുകിട്ടാന്‍ മനസ്സും ശരീരവും വെമ്പിക്കൊണ്ടിരിക്കും. പല പ്രാവശ്യം പല കാലാവധികളായി അവള്‍ ശ്രമിച്ചുനോക്കിയിട്ടുള്ളതാണ്.
ആദ്യം സ്‌കൂളില്‍ പഠിക്കുമ്പോള്‍. അഞ്ചു മണിക്ക് ഉണര്‍ന്ന്! രണ്ടു മണിക്കൂര്‍ പഠിച്ചു കഴിഞ്ഞ് കുളിയും ഒരുക്കവും ഒക്കെയായി അശ്വിനി ശ്രമിച്ചുനോക്കി. സ്‌കൂള്‍ ബസിലിരുന്ന് ഉറക്കം. ക്ലാസിലിരുന്ന് ഉറക്കം. സ്‌കൂള്‍ വിട്ടു വന്നിട്ട് ടി.വി.ക്ക് മുന്നിലും ട്യൂഷന്‍ ക്ലാസിലും ഉറക്കം. ട്യൂഷന്‍ ടീച്ചറാണ് പറഞ്ഞത് ഒടുക്കം അത് നിര്‍ത്താന്‍. അശ്വിനി കണക്കില്ലാതെ കണക്കുകള്‍ തെറ്റിക്കാന്‍ തുടങ്ങിയപ്പോള്‍ ടീച്ചര്‍ ക്ലാസ്‌കഴിഞ്ഞു നില്‍ക്കാന്‍ പറഞ്ഞു. പതിയെ കാര്യങ്ങള്‍ ചോദിച്ചു. ചോദിച്ചു ചോദിച്ച് രമാദേവിടീച്ചര്‍ കാരണം പുറത്തെടുത്തു. ഇനി മുതല്‍ നേരത്തെ എഴുന്നേല്‍ക്കണ്ട എന്ന് പറഞ്ഞതു കേട്ടപ്പോള്‍ ലോട്ടറിയടിച്ച ആഹ്ലാദമായിരുന്നു അശ്വിനിക്ക്. വീട്ടില്‍ വന്നു പറഞ്ഞപ്പോള്‍ അമ്മയും പറഞ്ഞു.
ഞാന്‍ പറയാനിരിക്കേരുന്നു. പെണ്ണു നിന്നോണ്ടും ഒറക്കമല്ലേ. പിന്നെ കാലത്തെണീക്കണേ ഐശ്വര്യമല്ലേ. എങ്ങനെ വേണ്ടാന്നു പറയുംന്നു കരുതി.
രാവിലെ എഴുന്നേല്‍ക്കാന്‍ കീര്‍ത്തനയ്ക്കും മടിയാണ്.
കീര്‍ത്തന....രന്നാ.... എണീക്ക്
കീര്‍ത്തനയുടെ ഒന്നാം അറിയിപ്പ്.
മോഹന്‍ അതികാലത്തെ എഴുന്നേറ്റ് ബേസ്‌മെന്റിലെ ജിമ്മില്‍ ഓട്ടവും വെയ്റ്റ് ലിഫിറ്റിംഗും കൃത്യമായി ചെയ്യും. പിന്നെ കുളിമുറിയില്‍ നിന്നും വെള്ളത്തിന്റെയും മോഹന്റെയും ചീറ്റലും പരിഭവിക്കലും പ്രതിഷേധങ്ങളും കേള്‍ക്കാം. മോഹന്‍ വരുമ്പോള്‍ ഒരു വിളിയേ ഉള്ളൂ...
ഡീ..... കീര്‍ത്തന... കീറുമുത്തി... എഴീക്ക്
കീര്‍ത്തന പിടഞ്ഞെഴുന്നേല്‍ക്കും. പിന്നെ തട് പിട് ധം ധാം യൈക്‌സ് ശബ്ദങ്ങള്‍ അകമ്പടിയില്‍ കുളിച്ചൊരുങ്ങി അടുക്കളയില്‍ പ്രസന്റാവും.
അശ്വിനിയുടെ വീട്ടിലെ ഇടനാഴി തണുത്തുറഞ്ഞ ഇരുട്ട് കെട്ടിക്കിടന്നു. ഹീറ്റര്‍വെച്ചിട്ടും ലൈറ്റ് ഇട്ടിട്ടും ഒഴിഞ്ഞുപോകാത്ത ഇരുട്ടും തണുപ്പും വീട് തടവിലാക്കിയിരുക്കുന്നു. ബള്‍ബിന് വോള്‍ട്ടേജ് പോരാ. ഹീറ്ററിന് ചൂടു തികയുന്നില്ല. വളുപ്പിനെ അഞ്ചുമണിക്ക് ഏതെങ്കിലും കളിയിലേക്ക് തിരിയാമെന്നു അശ്വിനി തീരുമാനിച്ചു. കാന്‍ഡി ക്രഷ് ബോറു കളിയാണ്. അശ്വിനിക്ക് ആങ്ക്രി ബേര്‍ഡ്‌സിനെ എയ്തു വീഴ്ത്തണം. കിളിക്കല്ല വേടനാണ് കലി. കലികയറി കളിക്കുന്ന വേടന് കാന്‍സര്‍ അമ്പ് എയ്തു വീഴ്ത്തണം.
പിന്നെ അശ്വിനി ടി.വി. കാണാന്‍ ശ്രമിച്ചുനോക്കി. മലയാളം ചാനലുകള്‍ അവളെ ബോറടിപ്പിച്ചു. മനസ്സുറച്ചു നില്‍ക്കുന്നില്ല. പാകിസ്ഥാനിലെ സ്ത്രീകളെപ്പറ്റി, താലിബാനെപ്പറ്റി, ചിലിയിലെ രക്ഷപ്പെട്ട ഖനിത്തൊഴിലാളികെളപ്പറ്റി ചൈനയില്‍ രക്ഷപ്പെടാതെപോയ ഖനിത്തൊഴിലാളികളെപ്പറ്റി ഒന്നും താന്‍ ഓര്‍ക്കുന്നതെയില്ലല്ലോ എന്നവള്‍ സങ്കടപ്പെട്ടു. അശ്വിനിക്ക് സ്വന്തമായി ഖനി ഇടിയലും വെടിവെയ്പ്പും ഭൂകമ്പവും ഉണ്ടല്ലോ, മറ്റാര്‍ക്കും വാര്‍ത്തയല്ലാത്ത വിശേഷങ്ങള്‍. ഭൂലോകത്ത് ആകെ ഒരാളെ ഉള്ളൂ, ഈ ഞാന്‍ മാത്രം!അശ്വിനിയുടെ പെര്‍ഫെക്ട് പെയര്‍ അവളെ ഒറ്റുകൊടുത്തിരിക്കുന്നു. അവളുടെ പൂര്‍ണത ഇല്ലാതായിരിക്കുന്നു.
എന്റെ ലോകത്ത് മുല മാത്രമേയുള്ളൂ. അറ്റുപോകുന്ന ഒരു മുല. ഒറ്റപ്പെട്ടുപോയ മറ്റൊരു മുല. ടൈംബോംബുപോലെ ഭയപ്പെടുത്തുന്ന കീര്‍ത്തനയുടെ മുലകള്‍!അന്നും ഉറക്കച്ചടവില്‍ അശ്വിനി ജോലിക്കുപോയി. യൂറോപ്പില്‍ നിന്നും ഒക്ടേവിയന്‍ വീണ്ടും വന്നിട്ടുണ്ടായിരുന്നു. അയാള്‍ മീറ്റിംഗ് ഹാളിലേക്ക് കയറിവന്നതും മാഡിസണ്‍ സൗഹൃദച്ചിരിയോടെ കസേര നീക്കിയിട്ടു. നമ്മളൊരു തണ്ടി എന്നമട്ടില്‍. അതു ഗൗനിക്കാതെ ഒക്ടേവിയന്‍ മറുവശത്തേക്ക് നടക്കുന്നത് കാണാത്തമട്ടില്‍ അശ്വിനിയിരുന്നു. എല്ലാവരും സ്വന്തം ലോകത്ത് രാജ്ഞിമാരും രാജാക്കന്മാരുമാണ്. എല്ലാവരേയും അങ്ങനെ അവരോധിക്കാന്‍ ഒക്ടേവിയന്നു പ്രത്യേക കഴിവുണ്ട്. മാഡിസണ്‍ അതിലേക്ക് വല്ലാതെ വീണുപോയിരിക്കുന്നു.
കുരങ്ങനെപ്പോലെ ചാടിക്കളിക്കുന്ന മനസ്സിനെ എങ്ങനെ അശ്വിനി ഓഫീസില്‍ കെട്ടിയിടും? യൂക്ക പ്രോഗ്രാം അശ്വിനിയുടെ തലയ്ക്കു ചുറ്റും കൈകോര്‍ത്തു കറങ്ങിക്കളിച്ചു.
The Merry-Go-Round goes round and round
The children laughed and laughed and laughed
So many were going round and round
That the Merry-Go-Round collapsed
അശ്വിനി പ്ലാനിംഗ്കാരി. അവളുടെ പ്ലാനിംഗില്‍ ഒരു മുല ഉണ്ടാവില്ല.
ഒരു കോപ്പ മാംസം അത്രയ്ക്കു പ്രധാനമാണോ?
പതിനൊന്നര ആയപ്പോഴേക്കും അശ്വിനി തീര്‍ന്നുപോയിരുന്നു. അവള്‍ ചുറ്റും നോക്കി. ഒരു പാതി സാന്റ്‌വിച്ച് കടിച്ച് കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ച് കന്യാമറിയത്തെപ്പോലെയിരിക്കുന്ന റയന്‍.ഓഫീസ് എങ്ങനെയാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായി മാറിപ്പോയത്? ഇതിലെ നിറങ്ങളൊക്കെ എവിടെ പോയി? ആരും ഒന്നും അനങ്ങാതെ അറ്റന്‍ഷനായി നില്‍ക്കുന്നതെന്താണ്? അഞ്ചു മണിക്കൂര്‍ കൂടി അശ്വിനിക്ക് ഡയറക്ടര്‍ കളിക്കാന്‍ വയ്യ. അശ്വിനിക്ക് കിടക്കണം. ഇറുകിയ പാന്റും ബ്രായുടെ വെച്ചുകെട്ടും അഴിച്ചുമാറ്റി മറ്റാരെങ്കിലുമായി അണ്‍റിയലിസ്റ്റിക് സോപ്പ് ഓപ്പറ കണ്ട് ഉറങ്ങണം.
Life is a computer program
മോഹന്‍ വീട്ടില്‍ മൗനാവകാശം പരിശീലിക്കുകയാണ്. ഇത് അമേരിക്കന്‍ ഭൂഖണ്ഡമാണ്, കാനഡയാണ്. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ട ആവശ്യമില്ല. മിറാന്‍ഡ അവകാശം എല്ലാ പൗരനുമുണ്ട്. ഒരാളെ അറസ്റ്റു ചെയ്യുമ്പോള്‍ നിര്‍ബന്ധിതമായി പറഞ്ഞു കേള്‍പ്പിക്കു
ന്നത്.
You have the right to remind silent. Anything you say can and will be used against you in a court of law.
അതിന്റെ വിശദീകരണംപോലും അവനെ സംരക്ഷിക്കാനുള്ളതാണ്. 'no man is bound to accuse himself', ഒരു പുരുഷനും സ്വയം കുറ്റാരോപണം കഴിക്കേണ്ട. വെറുതെ നടന്നങ്ങു പോയാല്‍ മതി, നിഷ്‌ക്രമിക്കുക.
മൗനാവകാശം എത്ര ദിവസത്തേക്ക് വേണമെങ്കിലും ആവാം. ഏതു നേരത്തും ആവാം. തിരക്കുണ്ട്, അല്ലെങ്കില്‍ എന്തോ വാങ്ങാനുണ്ട്, അതുമല്ലെങ്കില്‍ ടി.വിയില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഷോകളുണ്ട്'. നിശബ്ദതകൊണ്ട് മോഹന് ദിവസങ്ങളെ കുത്തിക്കീറാം. കുറ്റപ്പെടുത്താന്‍ അശ്വിനിക്ക് അവകാശമില്ല.
രോഗം വന്നുപെട്ട ഒരാളോട് നിങ്ങള്‍ സംസാരിക്കേണ്ട ആവശ്യമില്ല. ഹൃദയം കുത്തിയെടുത്ത് പാത്രത്തില്‍ വെച്ച് നോക്കൂന്ന്! പറയുമ്പോഴും മിറാന്‍ഡ അവകാശം നിങ്ങളെ രക്ഷിക്കും.You have the right to remain silent!
അശ്വിനിക്ക് സംസാരിക്കണം. ശബ്ദം വേണം, ചോദ്യങ്ങളും ഉത്തരങ്ങളും തര്‍ക്കുത്തരങ്ങളും വിശദീകരണങ്ങളും വേണം!
ഗേള്‍പവറില്‍ അറിയിക്കാന്‍ സമയമായിട്ടില്ലെന്ന് അവള്‍ ഉറപ്പിച്ചു. ബയോപ്‌സി കഴിഞ്ഞ് സര്‍ജറിയുടെ തീയതിയും അറിഞ്ഞിട്ടു മതിയെന്ന് അശ്വിനി തീരുമാനിച്ചു. അന്തമില്ലാത്ത, ഉത്തരമില്ലാച്ചോദ്യങ്ങള്‍കൊണ്ടു ലോകം മുഴുവന്‍ അവളെ കൊന്നുകളയും. അമ്മയും അഖിലയും ചേട്ടനും.....
എന്നിട്ടും അശ്വിനി അഖിലയെ വിളിച്ചു. ഫോണ്‍ വെച്ചുകഴിഞ്ഞ് ഈശ്വരാന്നു വിളിച്ചു കരഞ്ഞു.
ആ പാതിരാത്രിയിലാണ് ഉറക്കമില്ലാത്ത അശ്വിനിയോടു റാണ പ്രതാപ് സിങ് മറുചോദ്യം ചോദിച്ചത്.
എന്റെ ഈശ്വരാ എന്നു വിളിച്ചാല്‍ ഈശ്വരന്‍ നിന്റെതാണോ?
ആര്‍ക്കാണഡേയ് അറിയേണ്ടത്? ഭഗവാനോ?
രജപുത്രനായ റാണക്കവള്‍ ധീരമായ വിശദീകരണം കൊടുത്തു.
കെട്ടിയവന്മാര്‍ അഞ്ചുള്ളവള്‍ പോലും സാരിക്ക് നീളം കൂട്ടാന്‍ വിളിക്കുന്നത് കൃഷ്ണനെ. പതിനാറായിരത്തി ഒന്‍പതാമത്തെ സ്ഥാനം! ആര്‍ക്കുവേണമത്? So, you see Krish, I am not going to call you. Don't get offended man!
അല്ലെങ്കില്‍ത്തന്നെ അശ്വിനി നീയൊരു കേമത്തിയല്ലേ? വെറും കുടിയേറ്റക്കാരി എഞ്ചിനീയറില്‍ നിന്നും കെട്ടിടംപണിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന കൊമ്പിലേക്ക് ചാടിയ കേമത്തി. ഒരു രോഗം വരുമ്പോള്‍ സാധാരണക്കാരിയെപ്പോലെ കൃഷ്ണ...കൃഷ്ണ...മുകുന്ദാ... എന്നൊക്കെ വിളിച്ച് ആഘോഷിക്കുന്നതു മാനക്കേടല്ലേ മാന്‍പേടെ?
അശ്വിനി അപ്പോള്‍ത്തന്നെ റാണാപ്രതാപ് സിങ്ങിന്റെ നോണ്‍ഡിസ്‌ക്ലോഷര്‍* എഗ്രിമെന്റില്‍ ഒപ്പുവെച്ചു.
വേലിയില്‍ മഞ്ഞപ്പൂക്കള്‍ മാത്രമായി ഫോര്‍സൈത്യച്ചെടി പൂക്കാലത്തിന് ഉദ്ഘാടനം നടത്തിയിരുന്നത് അശ്വിനി കണ്ടുനിന്നു. പേക്കോലംപോലെ എല്ലാ ദിക്കിലേക്കും പല നീട്ടത്തില്‍ പോകുന്നുണ്ട് ചെടിയുടെ കൊമ്പുകള്‍. മഞ്ഞുകാലത്തിനു മുന്‍പ് ചില്ലകള്‍ കോതിഒതുക്കിയിരുന്നില്ല. ഫോര്‍സൈത്യക്കു പരാതിയില്ല, വളം ചോദിക്കുന്നില്ല. വന്ന മഴധാരാളം, ഈ വെയില്‍ മതിയെനിക്ക് എന്നങ്ങു പൂത്തു തിമിര്‍ക്കുന്ന പ്രസാദനം. വിഷുക്കണിക്കു വേണ്ടി അശ്വിനി വെച്ചു പിടിപ്പിച്ച ചെടിയാണ്. ഈ വര്‍ഷം ഫോര്‍സൈത്യ പൂക്കളില്‍ കണ്ണനെ പ്രസാദിപ്പിച്ചില്ല.
കീര്‍ത്തനയുടെ ടെക്സ്റ്റ് ഫോണില്‍ വന്നത് അശ്വിനി നോക്കി.
അമ്മ, പരീക്ഷ വിഷമമായിരുന്നു. തോറ്റു പോകുമോന്നറിയില്ല.
ഫൈനല്‍ പരീക്ഷയുടെ തിളപ്പിലാണ് കീര്‍ത്തന.
അയ്യോ മോളൂ, സമയം കിട്ടിയില്ലേ? അതോ അറിയാന്‍ പാടില്ലാത്ത ഭാഗങ്ങളായിരുന്നോ വന്നത്?
രണ്ടും കൂടി എന്നെ കൊന്നമ്മ. ചില ചോദ്യങ്ങള്‍ ക്ലിയര്‍ ആയിരുന്നില്ല. മനസ്സിലാക്കാന്‍ കുറച്ചു സമയമെടുത്തു.
ഉവ്വോടാ?
ഉം, പിന്നെ ആലോചിച്ചു പിടിച്ച് എഴുതി വന്നപ്പോഴേക്കും ഫിഫ്റ്റീന്‍ മിനിറ്റ് വാണിങ് വന്നു. പിന്നത്തൊക്കെ ചാടിപ്പിടിച്ച് എഴുതി വെച്ചു.
അത് കഷ്ടാണല്ലോ. വിഷമിക്കേണ്ട, നീ തോക്കില്ല.
ഉറപ്പില്ലമ്മ
എനിക്കുറപ്പുണ്ട്. കഴിഞ്ഞ എക്‌സാമിനു ഇനീപ്പോ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. You tried your best. അമ്മയല്ലെടാ പറയുന്നത്.
-thanks mamoos
നീ ധൈര്യമായി അടുത്തതിനു തയ്യാറായിക്കോളൂ.
മെസേജുകള്‍ പറന്നു കളിക്കുന്നു.
എന്റെ അവസാനത്തെ പരീക്ഷ കഴിഞ്ഞ് മൂന്നു ദിവസത്തിനകം ജോലിക്ക് ചേരണം. ഒന്നിനും നേരമുണ്ടാവില്ല.
ഒക്കെ ശരിയാവും രന്നാ. ഒരുസമയത്ത് ഒന്നില്‍ മാത്രം ശ്രദ്ധിക്ക് മോളൂ.
ബയോപ്‌സിക്ക് എത്തിയപ്പോള്‍ സര്‍ജന്റെ ഓഫീസില്‍ ആദ്യം അശ്വിനിയുടെ കണ്ണില്‍പ്പെട്ടത് ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന സര്‍ട്ടിഫിക്കറ്റാണ്. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിരണ്ടില്‍ ബിരുദമെടുത്തതാണ് ഡോക്ടര്‍. അന്നു നന്ദി പറഞ്ഞു ചിരിച്ചു പിരിയുന്ന രോഗികളെ മാത്രമായിരിക്കുമോ കുട്ടി ഡോക്ടര്‍ സ്വപ്‌നം കണ്ടിരുന്നത്. ഒരായിരം പേരുടെ ജീവിതം പിനിയാട്ട പോലെ അടിച്ചു തകര്‍ക്കാനുള്ള ശിക്ഷണവും സ്‌പെഷ്യലൈസിങ്ങിന്റെ ഭാഗമാണല്ലേ റാണാ?
ഈ ഡോക്ടറുടെ റെസ്യുമെ എത്ര ഗംഭീരമായിരിക്കും!
റാണാ അശ്വിനിയോടു പറഞ്ഞു.
ഇത്രയും വര്‍ഷത്തിനിടയ്ക്ക് എത്ര മുലയെടുത്തിട്ടുണ്ട് ഡോക്ടര്‍? ഒരു വര്‍ഷം മുന്നൂറ് സര്‍ജറികള്‍? ആയിരം മുലകള്‍ എത്തുമ്പോള്‍ ആഘോഷം ഉണ്ടാവുമോ? ഡോക്ടര്‍ക്ക് ഒരു ഫേസ്ബുക്ക് ആഘോഷം ആവാം. എന്റെ ആയിരാമത്തെ മുലവെട്ടലിലേക്ക് ലൈക്കുകള്‍ ക്ഷണിക്കുന്നു. പിന്നെ അതിനു താഴെ കമന്റു മഴയായിരിക്കും. നിങ്ങള്‍ മറ്റുള്ളവരുടെ മുലയല്ലേ എടുക്കുന്നത്, സ്വന്തമല്ലല്ലോ, ഞാന്‍ നടത്തുന്ന ആയിരാമത്തെ മുലനിര്‍മ്മാര്‍ജ്ജനം എന്നു വേണം എഴുതാന്‍, കാരണം നിങ്ങളുടെ ആയിരാമത്തെ മുലയല്ല. എന്തുകൊണ്ടു നിര്‍മ്മാര്‍ജ്ജനം, വെട്ട് എന്ന സാധാരണ മലയാളത്തിനെ ഒഴിവാക്കി കഠിന പദങ്ങള്‍ക്കു പിന്നാലെ പോകുന്ന മലയാളിയുടെ വരേണ്യാരാധന എന്നൊക്കെ കോലാഹലമായി നല്ല പെരുന്നാളാവും. മുലയാകൃതിയിലുള്ള ഇമോട്ടിക്കോണുകളുമായി ആഘോഷ ബഹളമായിരിക്കും ഫേസ്ബുക്കില്‍. ഷെയറുകള്‍ ലൈക്കുകള്‍. ഹോ അടിപൊളി കമന്റുകള്‍! ഫേസ്ബുക്കില്‍ ആരുമാവാം. ആരെങ്കിലുമായാല്‍ പിന്നെ എന്തുമാവാമല്ലോ!
ആശുപത്രിയും ബയോപ്‌സിയും അശ്വിനിക്കിപ്പോള്‍ പരിചിതമായിരിക്കുന്നു. ആഭരണങ്ങളെല്ലാം അഴിച്ചു വെച്ചിട്ടു വേണം പോവാന്‍. പെട്ടെന്ന്! ഊരുകയും ഇടുകയും ചെയ്യാവുന്ന വസ്ത്രങ്ങള്‍ വേണമിടാന്‍. ആശുപത്രിയിലെത്തിയാല്‍ പിസ്റ്റാഷ്യോ പച്ച നിറമുള്ള ആശുപത്രി ഗൗണ്‍ ഇടണം. മറവിക്കാരിയായ ആശുപത്രിക്കുഞ്ഞമ്മയുടെ പഴയ ചോദ്യങ്ങള്‍ക്ക് പിന്നെയും ഉത്തരം പറയണം. അഡ്രസ്, പ്രായം, ഫോണ്‍നമ്പര്‍, അലര്‍ജികള്‍, പേസ്‌മേക്കര്‍, ആസ്പിരിന്‍. അശ്വിനി കോട്ടുവായിട്ടു. പിന്നെ ആശുപത്രി ഗൗണിട്ട് കിടക്കയില്‍ പി
സ്റ്റാഷിയൊ ഐസ്‌ക്രീമായി കിടന്നു. -Scoop it up!
ഇത്തവണ ഡോക്ടര്‍ക്ക് കൂട്ടായി അള്‍ട്രാസൗണ്ട് ടെക്‌നീഷ്യനുമുണ്ട്. സ്‌ക്രീനിലെ നിഴലുനോക്കി ഡോക്ടര്‍ അങ്ങോട്ട് ഇങ്ങോട്ട് അവിടെത്തന്നെ ഇടത്ത് വലത്ത് എന്നൊക്കെ ആവശ്യപ്പെടുന്നതനുസരിച്ച് ടെക്‌നീഷ്യന്റെ ഉപകരണം നീങ്ങിക്കൊണ്ടിരുന്നു.
കുറഞ്ഞത് രണ്ടാഴ്ചയെടുക്കും റിസള്‍ട്ട് വരാന്‍. അതുകൊണ്ട് അശ്വിനി ഡോക്ടറെ ചോദ്യങ്ങള്‍ ചോദിച്ച് ബുധിമുട്ടിച്ചില്ല.
അശ്വിനിക്ക് കരയണം. പാടില്ല. അശ്വിനി കരയാന്‍ പാടില്ല. പക്ഷെ, ഇപ്പോള്‍ കരഞ്ഞേ പറ്റൂ. ഛെ, അതൊക്കെ പഴഞ്ചന്‍ പെര്‍ഫോര്‍മന്‍സ്. ഇത് പോസിറ്റീവ് ആറ്റിറ്റിയൂഡിന്റെ കാലമാണ്. ഇതൊന്നും പ്രശ്‌നമേയല്ല എന്നു നടിക്കണം. നടനം മാത്രം മതി. രോഗം മാറിക്കോളും. എല്ലാം, ഈ ആറ്റിറ്റിയൂഡില്‍ അഥവാ നടനത്തിലാണിരിക്കുന്നത്. കരഞ്ഞാല്‍ സത്യസന്ധമായി വികാരങ്ങളെ അംഗീകരിച്ചാല്‍ കഴിഞ്ഞു. പിന്നെ മരുന്നു പോലും ഫലിക്കില്ല അശ്വിനി.
പരീക്ഷകള്‍ എല്ലാം കഴിഞ്ഞ കീര്‍ത്തന പാഞ്ഞെത്തി. മമ്മൂസ്ന്നു വിളിച്ച് അമ്മയെ കെട്ടിപ്പിടിച്ചു.
ന്താ എന്നോട് നേരത്തെ പറയാതിരുന്നത്?
നിനക്ക് പരീക്ഷേടെ സ്‌ട്രെസ്സ് പോരെ. വെറുതെ ക്ലാസുകള്‍ കളയേണ്ട.
ഞാന്‍ ഒരു വര്‍ഷം ബ്രേക്ക് എടുക്കാം. A lot of kids do that.
-No way. Don't even think about it!
ബട്ട് മമ്മൂ...
കുട്ടി ചിണുങ്ങുന്നു. അമ്മയെ ചുറ്റിപ്പിടിച്ചു സങ്കടപ്പെട്ട് കീര്‍ത്തന കുട്ടിയാവുന്നത് അശ്വിനി ഇഷ്ടപ്പെടുന്നുണ്ടല്ലോ!
ഞാന്‍ സമ്മര്‍ ജോബ് വേണ്ടെന്നു വെയ്ക്കാം. I will be here with you Mamoos.
വെര്‍തെ ഇരിയ്ക്ക് പെണ്ണെ! നിനക്കു കിട്ടിയിരിക്കുന്ന സമ്മര്‍ ജോബ് കിട്ടാത്ത ഓപ്പര്‍ച്യൂണിറ്റിയല്ലേ! നീയ് പഠിത്തം വെറുതെ ഉഴപ്പാന്‍ നോക്കേ്ണ്ട.
അശ്വിനി കീര്‍ത്തനയെ തള്ളിപ്പറഞ്ഞു.
ന്നാലും മമ്മൂനു വയ്യാത്തപ്പോ. എനിക്ക് കോണ്‍സെന്‍ട്രേറ്റ് ചെയ്യാന്‍ പറ്റില്ല.
ഇതത്ര വല്യ വയ്യായ്യ ഒന്നുമല്ല. ബ്രെസ്റ്റ്ക്യാന്‍സറൊക്കെ ഇപ്പൊ സാധാരണ.
സാധാരണ മട്ടിലാണ് പറഞ്ഞതെങ്കിലും അശ്വിനി നടുങ്ങി. ആദ്യമായിട്ടാണ് അശ്വിനിയുടെ നാവില്‍ നിന്നും ബ്രെസ്റ്റ് ക്യാന്‍സര്‍ എന്നൊരു സാധനം ഉരുണ്ടുവീഴുന്നത്. അത് നൂറു കഷണങ്ങളായി നുറുങ്ങി ഛ്ല്‍.. ഛില്ലെന്നു തറയില്‍ വീണു. പല നിറത്തിലുള്ള സ്റ്റെയിന്‍ഡ് ഗ്ലാസ് ചിത്രങ്ങള്‍ നിലത്ത് പടര്‍ത്തിക്കൊണ്ട്. ഓരോരുത്തരുടെയും കണ്ണിന് ഇണങ്ങിയ രൂപത്തില്‍. കീര്‍ത്തന അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. അശ്വിനിയുടെ കണ്ണുകള്‍ ഇടയ്ക്കിടെ കീര്‍ത്തനയുടെ നെഞ്ചില്‍ തറഞ്ഞു പോയി. ഓരോ നോട്ടത്തിലും അശ്വിനിയുടെ നട്ടെല്ലിലൂടെ പഴുതാരകള്‍ പിടഞ്ഞോടുകയും ചെയ്യുന്നു.
ചുണ്ടില്‍ തേനൊലിപ്പിച്ചു രന്ന എന്നു തന്നെത്താന്‍ സംബോധന ചെയ്തിരുന്ന ഉണ്ണിയായി കീര്‍ത്തന അശ്വിനിയെ ചുറ്റിപ്പിടിച്ചു കിടന്നുറങ്ങി. കീര്‍ത്തനയെന്നു പേരു പഠിപ്പിക്കാന്‍ അശ്വിനിയും മോഹനും കുറെയേറെ പാടുപെട്ടതാണ്.
കീര്‍ത്തന
..രന്ന
തല മുന്‍പോട്ടാക്കി കീര്‍ത്തന ഏറ്റു പറഞ്ഞപ്പോള്‍ ആദ്യം അശ്വിനി ചിരിച്ചു. പിന്നെ കുട്ടിക്ക് സംസാരിക്കാന്‍ കഴിവില്ലായിരിക്കുമോ, കേള്‍വിക്കുറവുണ്ടോ, ബുദ്ധിമാന്ദ്യമുണ്ടോ എന്നൊക്കെ പരിഭ്രമിച്ചു ദിവസം മുഴുവന്‍ അവളെക്കൊണ്ട് കീര്‍ത്തന എന്നു പറയിപ്പിക്കാന്‍ അശ്വിനി ശ്രമിച്ചു നോക്കി.കീ..ര്‍.ത്ത.ന
ഉറക്കെ ഉഛസിച്ച്, തല മുന്‍പോട്ടാക്കി കീര്‍ത്തന ഏറ്റു പറഞ്ഞു.
ഹ..രന്ന
സ്ലോമോഷനില്‍ വീണ്ടും പയറ്റിനോക്കി അശ്വിനി.
കീ..ക്രീ...ര്‍..ര്‍..ട്ട്ര്‍.ര്‍.ര്‍ത്താധ...ന..ന്നാ..
ചുണ്ടില്‍ തുപ്പല്‍ പതപ്പിച്ച് ഓരോ അക്ഷരങ്ങളും കീര്‍ത്തന അവളുടെ രൂപത്തില്‍ തിരിച്ചു കൊടുത്തു. അശ്വിനി വീണ്ടും കൂട്ടിപ്പറഞ്ഞു നോക്കി. കീര്‍ത്തന
രന്നാ..
വിജയഭാവത്തില്‍ ചിരിക്കുന്ന കുട്ടിയെ കെട്ടിപ്പിടിച്ച് അശ്വിനി കരഞ്ഞും പിഴിഞ്ഞും കുറച്ചു ദിവസങ്ങള്‍ കൊണ്ടു നടന്നു. കീര്‍ത്തന കൃത്യമായി മറ്റു വാക്കുകള്‍ പറയാന്‍ തുടങ്ങിയിട്ടും അവള്‍ പേര് രന്ന എന്നു തന്നെ പറഞ്ഞു. അവളുടെ ചെല്ലപ്പേരു രന്നയായി തന്നെ നിന്നു.
കീര്‍ത്തനയെ ജോലിസ്ഥലത്ത് കൊണ്ടാക്കിവന്നു കഴിഞ്ഞ് അശ്വിനി പബ്ലിക് ലൈബ്രറിയില്‍ പോയി. ലൈബ്രറിയിലെ റിസേര്‍വ്വ് ചെയ്ത പുസ്തകങ്ങളുടെ അലമാരയില്‍ റാം എന്ന പേരിനുതാഴെ ഒരു സിനിമയുടെ സിഡിയും ഒരു പുസ്തകവും ക്യാന്‍സര്‍കാരിയെ കാത്തിരിപ്പുണ്ടായിരുന്നു. ലൈബ്രറി കാര്‍ഡും പുസ്തകങ്ങളും ഇലക്ട്രോണിക്കായി അടയാളപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നത്താന്‍ സ്‌കാന്‍ ചെയ്ത് സാധനങ്ങള്‍ ചെക്ക് ഔട്ട് ചെയ്യാം. ജോലിക്കാരുടെ സഹതാപം കാണേണ്ട. സ്‌കാനിങ് യന്ത്രം ചോദ്യങ്ങള്‍ ചോദിക്കില്ല. അയ്യോ പാവം എന്ന്! കണ്ണുകൊണ്ട് ഉഴിയില്ല. ഏതു സ്റ്റേജ് എന്ന്! ജിജ്ഞാസപ്പെടില്ല. ഉപദേശത്തിന്റെയും അനുഭവസാക്ഷ്യത്തിന്റെയും ബോറന്‍ കഥകള്‍ പുനഃപ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കില്ല.
അശ്വിനി ലൈബ്രറിയില്‍ നിന്നുമിറങ്ങി അഞ്ചുമിനിട്ടു കഴിഞ്ഞതും ഫോണടിച്ചു. ഫോണില്‍ സ്വയംപ്രഭ മാറത്തടിച്ചു നിലവിളിച്ചു.
നീയിതെവിടെയാണ്? എത്ര നേരമായി ഞാന്‍ വിളിക്കുന്നു.
ഞാന്‍ ഡ്രൈവ് ചെയ്യുന്നു.
വീട്ടില്‍ വിളിച്ചപ്പോ ആന്‍സറിങ് മിഷീന്‍ എടുത്തു. എന്റെ കോള്‍ ആയതോണ്ട് എടുക്കാത്തതാവും അല്ലെ?
ഉം, അതു പിന്നെ റോഡിലായിരിക്കുമ്പോ വീട്ടിലെ ഫോണെടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലേ?
അശ്വിനി കോമാളിയാകുന്നത് സ്വയംപ്രഭ കേട്ടഭാവമില്ല. അല്ലെങ്കില്‍ തന്നെ അവള്‍ക്ക് കേള്‍ക്കാനഭിരുചിയില്ല. പറയാനേ ശുഷ്‌കാന്തിയുള്ളൂ. എന്തൊക്കെയോ പറഞ്ഞു പറഞ്ഞ് സ്വയം ജ്വലിച്ചു പ്രകാശിക്കുന്നു.
നീയൊക്കെ വലിയ ഉദ്യോഗസ്ഥയല്ലേ, നമ്മളെയൊന്നും മൈന്‍ഡ് ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ!
നാടകരാജ്ഞിയുടെ മുഷിഞ്ഞു തുടങ്ങിയ നടനം തന്നെ! ചിലതൊക്കെ ഹൈ മേയിന്റനെന്‍സ് റിലേഷന്‍ഷിപ്പുകളാണെന്ന് അശ്വിനി സിങ്ങിനോടു പരാതി പറഞ്ഞു. വിശ്രമത്തിന് പഴുതു തരാത്ത സ്‌നേഹം. സ്‌നേഹംകൊണ്ടു കഴുത്തു ഞെരിക്കുന്ന സ്‌നേഹം! എന്റെ സ്‌നേഹാധിക്യംകൊണ്ട് ഞാന്‍ ആവശ്യപ്പെടുന്നതു പോലെയേ നീ പെരുമാറാവൂ എന്ന് ദുശാഠ്യമുള്ള സ്‌നേഹം.
നഗ്‌നമരങ്ങള്‍ക്കിടയിലൂടെ ചൂളമടിച്ചുരുമ്മുന്ന വഷളന്‍ കാറ്റു പറഞ്ഞു.
ചിലരങ്ങനെയാണ്. തടുത്താലും തോളില്‍ കയറി ഇരിപ്പുറപ്പിക്കും. കൈകൊണ്ടു കഴുത്തില്‍ കെട്ടിപ്പിടിക്കും. കാലുകള്‍ വാരിയെല്ലുകള്‍ക്കിടയിലൂടെയിട്ട് അമര്‍ത്തിപ്പിടിച്ചിരിക്കും. ഇരിപ്പ് സുരക്ഷിതമാണെന്ന് ഉറപ്പായി കഴിയുമ്പോള്‍ കൈ രണ്ടും കൊണ്ട് തലയിലും, അമര്‍ത്തിപ്പിടിച്ചിരിക്കുന്ന കാലുകള്‍കൊണ്ട് നെഞ്ചിലും താളം പിടിച്ചു, അടിയും തൊഴിയുമായി അവര്‍ക്കിഷ്ടമുള്ള വഴികളിലൂടെ നടത്തും. കലപ്പക്കാളയെപ്പോലെ അവരുടെ വയല്‍ ഉഴുതെടുപ്പിക്കും. അതാണ് സാമര്‍ത്ഥ്യം!!
ജീവിതത്തിനൊരു കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതി തരാമെന്ന് റാണ പ്രതാപ് സിങ് അവളോട് പറഞ്ഞു. പണ്ടുപണ്ട് അശ്വിനിയൊരു വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത്, അവധിക്കാല ജോലിചെയ്തിരുന്ന ഓഫീസിലെ ഒരു ഐ.ടി.ക്കാരന്‍ പഠിപ്പിച്ചുകൊടുത്ത കോഡിങ് അശ്വിനി ഓര്‍ത്തെടുത്തു. Define your variables first: ലക്ഷ്യത്തിലേക്ക് എത്താനുള്ള ഉപകരണങ്ങളാണ് ്മൃശമയഹല.െ
ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ജോലി... ആദ്യം ചെയ്യേണ്ടത്, അന്തിമമായി എന്താണ് വേണ്ടത് എന്നുറപ്പിക്കണം. ഏറ്റവും ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധ വേണം. കാരണം ആദ്യമേ വിചാരിച്ചാല്‍ നിസ്സാരമായി സാധിക്കുന്നതാവും ഒടുക്കം തലവേദന സൃഷ്ടിക്കുന്നത്.
അതുകൊണ്ട് ആലോചിച്ചു തീരുമാനിക്കുക.
പിന്നെ
If friend >= liability
Then old_friend = friend
എന്നെഴുതാനുള്ള കരുത്തു വേണം ജീവിത വിജയത്തിന്. സുഹൃത്തെന്ന പേരില്‍ ജീവിതത്തില്‍ കയറിപ്പറ്റിയിട്ടു ബാധ്യതയാവാനാണ് ശ്രമമെങ്കില്‍, അവരെ പഴയ സുഹൃത്ത് എന്ന കോളത്തിലേക്ക് മാറ്റിയെഴുതണം അശ്വിനി.
ആ അവധിക്കാലജോലിയില്‍ അശ്വിനി കുറെയേറെ ജീവിത പാഠങ്ങള്‍ പഠിച്ചെടുത്തു. വെള്ളക്കാരുടെയിടയില്‍ കൂട്ടംകൂടിയിരുന്ന് സംസാരിക്കുമ്പോള്‍ അശ്വിനിക്ക് വാക്കുകളില്ലാതെ പോയി. തെറ്റരുത്, ശരിയായിരിക്കണം. കുറിക്കു കൊള്ളണം. അങ്ങനെയങ്ങനെ ശരിയായ വാക്കുകള്‍, ശരിയായ വാചകങ്ങള്‍, ശരിയായ പ്രയോഗം തപ്പിത്തപ്പി അശ്വിനിയുടെ നാവ് സംസാരത്തിനിടയില്‍ തലച്ചോറിലൂടെ ചുറ്റിത്തിരിയും. അപ്പോഴേക്കും സംസാരം അടുത്ത രണ്ടു കിലോമീറ്റര്‍ കടന്നിട്ടുണ്ടാവും. അങ്ങനെയൊരു മിണ്ടാക്കുട്ടിയാവരുതെന്നു മോഹന്‍ അപ്രന്റിസിനെ പഠിപ്പിച്ചു. Culturally challenged ആവരുത്. പലപ്പോഴും ബുദ്ധിശൂന്യമായ ഒരുത്തരം പറയുന്നതാണ് മിണ്ടാതിരിക്കുന്നതിനേക്കാള്‍ നല്ലത്.
(തുടരും)
നോവലിന്റെ മുന്‍ലക്കങ്ങള്‍ വായിക്കാം
Content Highlights: Novel Manjil Oruval By Nirmala part 11