Positive is negative

കൊടുങ്കാറ്റുകള്‍ കഴിഞ്ഞിട്ടില്ലെന്നു തെളിയിച്ചുകൊണ്ട് ഏപ്രിലില്‍ പിന്നെയും മഞ്ഞ് പെയ്തു.  പൊങ്ങിവന്ന ചെറുചെടികളുടെ കൂമ്പുകളിലേക്ക് തലകുത്തിവീണ് മഞ്ഞ് സര്‍ക്കസ് കളിച്ചു.  വയലറ്റുനിറമുള്ള ക്രോക്കസ് പൂക്കളുടെ ഇളംഇതളില്‍ നിന്നും  അശ്വിനി ഭാരമുള്ള നനഞ്ഞ മഞ്ഞ്  എടുത്തുമാറ്റി. ആറിതള്‍ കൈയും മഞ്ഞപ്പല്ലും കൊണ്ട് പൂവുകള്‍ അശ്വിനിയോട് നന്ദി പറഞ്ഞു.
മിത്ര അവധികഴിഞ്ഞ് ഇന്ത്യയില്‍ നിന്നും മടങ്ങിയെത്തിയതും ഗേള്‍പവര്‍ ഗ്രൂപ്പില്‍ മെസേജ് വന്നു

എല്ലാരും വായോ! 

മിത്രയെ കാണാന്‍ പോവുന്നത് കൂട്ടുകാരെല്ലാംകൂടി ഒന്നിച്ച് ആഘോഷമായിട്ടുവേണം. മഞ്ഞുവീഴ്ച നിന്നിരുന്നു.  പിന്നെ മഴ പെയ്യാന്‍ തുടങ്ങി. മഴ തുടങ്ങിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു.  ടെലിവിഷനിലെ വാര്‍ത്തയും മഴയില്‍ മുങ്ങി. നാനൂറ്റി ഒന്നാം  ഹൈവേയുടെ ചിലയിടങ്ങള്‍ വെള്ളത്തില്‍ മുങ്ങി ഗതാഗതം തടഞ്ഞിരിക്കുന്നു. മുഖ്യപാതയാണ് നാനൂറ്റി ഒന്ന്!  ഡോണ്‍വാലിയുടെ ചിലയിടങ്ങളും വെള്ളത്തിനടിയിലായി.  റോഡില്‍ വഴുക്കലുണ്ട്.

മോഹനും അശ്വിനിയും മിത്രയുടെ വീട്ടിലേക്ക് പുറപ്പെടുമ്പോള്‍ മഴയങ്ങനെ പെയ്യുകയായിരുന്നു.  തിടുക്കത്തില്‍.  നേരിയ നാരുകളായും ഇടയ്ക്കിടെ കനമുള്ള തുള്ളികളായും.  സാവധാനത്തില്‍ പോകുന്ന കാറുകളോട് മോഹന്‍ പല്ലുകടിച്ചു.  എന്തു പേടിച്ചിട്ടാ ഇങ്ങനെ പോണത്? ഒന്നു വേഗം പോയ്ക്കൂടെ ഇവര്‍ക്ക്?  ആരോടോ വാശി തീര്‍ക്കുന്നതുപോലെ മോഹന്‍ കാറിലെ റേഡിയോസ്റ്റേഷന്‍ മാറ്റിക്കൊണ്ടിരുന്നു.  വാര്‍ത്തവന്ന സ്റ്റേഷനില്‍ കുറച്ചുനേരത്തേക്ക് മോഹന്‍ ഉറച്ചു. കനേഡിയന്‍ ഡോളറിന്റെ വില വീണ്ടും കുറയുന്നു. അമേരിക്കന്‍ ഡോളറിനൊപ്പം എത്തിയിട്ട് കുറച്ചൊന്നു കൂടിയിട്ട് പിന്നെയും കുറയാന്‍ തുടങ്ങിയതാണ്.കുറച്ചായല്ലോ ഈ കളി തുടങ്ങിയിട്ട്.

അതും മോഹനെ ചൊടിപ്പിക്കുന്നുണ്ട്. രണ്ടുദിവസം മുന്‍പ്  ബ്ലാക്ക്‌ബെറി സര്‍വ്വീസ് ഇല്ലാതായിരുന്നതിലേക്ക് വാര്‍ത്ത തിരിഞ്ഞു. റിസേര്‍ച്ച് ഇന്‍ മോഷന്റെ വിശദീകരണം കേട്ടപ്പോള്‍ മോഹന്റെ അരിശം കൂടുതലായി. ഇവര്‍ ആരെയാണ് വിഡ്ഢിയാക്കാന്‍ ശ്രമിക്കുന്നത്.
തെറ്റുപറ്റി എന്ന് സമ്മതിക്കുന്നത് എന്നുമുതലാണ് തെറ്റായിമാറിയത്? 

മരങ്ങള്‍ക്കിടയിലൂടെ മഴനനഞ്ഞോടുന്ന കാറ്റിനോടാണ് അശ്വിനി അതു ചോദിച്ചത്.  ഏപ്രില്‍ മഴയല്ലേ, വെയില്‍ പിന്നാലെയുണ്ട്.
കാറ്റ് ഗണിച്ചുപറഞ്ഞു. മഞ്ഞുമുഴുവനും ഉരുകിയിരുന്നു. മരക്കൊമ്പുകളില്‍ മുകുളങ്ങള്‍ പൊട്ടാന്‍ തുടങ്ങിയത് കാണാറായി. റോഡിനരികിലെ കുറ്റിച്ചെടികളുടെ തണ്ടുകള്‍ ചുവന്നുനിന്നു. ചെടികളുടെയും മരങ്ങളുടെയും നരച്ച അവശിഷ്ടങ്ങളില്‍ നിന്നും ആഴ്ചകള്‍ക്കകം നിറങ്ങള്‍ ഉദിച്ചുവരും. നീയൊരു മരമായിരുന്നെങ്കില്‍ എന്തുതരം മരമാകുമായിരുന്നു? പഴയൊരു ഹ്യുമന്‍ റിസോഴ്‌സസ് ചോദ്യമോര്‍ത്ത് അശ്വിനിക്ക് ചിരിവന്നു.  മരമായിരുന്നെങ്കില്‍ മുലയുണ്ടാവുമായിരുന്നില്ല, ഭര്‍ത്താവും മകളും ഉണ്ടാവുമായിരുന്നില്ല. തടികൂടിപ്പോവും എന്ന് പേടിച്ച് ഓടിയും വളഞ്ഞും എക്‌സര്‍സൈസ് ചെയ്യേണ്ടിയിരുന്നില്ല. മടിപിടിച്ചങ്ങനെ ഒരു സ്ഥലത്തുതന്നെ നിന്നാല്‍ മതിയായിരുന്നു! പൂത്തും കായ്ച്ചും പിന്നെ അതെല്ലാം ഉപേക്ഷിച്ചു  ശീതകാലത്തുറങ്ങിയും, പിന്നെയും പൂത്തും കായ്ച്ചും ഉപേക്ഷിച്ചും, മഞ്ഞിലും വേനലിലും ഒരേമണ്ണില്‍ ഒരേ നില്‍പ്പ്! 
 
മിത്രയുടെ വീടിന്റെ പടികയറുമ്പോള്‍ അശ്വിനി മുഖത്തിന് പ്രത്യേക നിര്‍ദ്ദേശം കൊടുത്തു.ആശങ്കകള്‍ പുറത്തുകാണിക്കേണ്ട.  
ലിവിങ്‌റൂമിലെ സോഫയില്‍ വട്ടമിട്ടിരുന്ന് ചായകുടിക്കുമ്പോള്‍ മിത്രയും രമേശനും കല്യാണവിശേഷങ്ങള്‍ പറഞ്ഞു.
എന്തായാലും എല്ലാരടേം പ്രാര്‍ത്ഥന ഫലിച്ചു. കല്യാണദിവസം ബന്ദും ഹര്‍ത്താലും ഒന്നുണ്ടായില്ല. ഞങ്ങളു ലാന്‍ഡ് ചെയ്യുന്ന ദിവസോം പോരണ ദിവസോം ഒന്നുമുണ്ടായില്ല. ഭാഗ്യം. രമേശന്‍ ചിരിയോടെ പറഞ്ഞു. ഗുരുവായൂരപ്പന് ഈ വകയില്‍ ക്യാഷ് കൊറെ കിട്ടീട്ടുണ്ടാവും. എല്ലാവരും പ്രാര്‍ത്ഥനയോട് പ്രാര്‍ത്ഥനയായിരുന്നു. കല്യാണത്തിന് പലരും പൊറത്ത്ന്ന് വരുന്നതല്ലേ! രാഷ്ട്രീയക്കാരെക്കൊണ്ട് അദ്ദേഹത്തിനെങ്കിലും ഗുണണ്ടാവട്ടെ.    

കുട്ടികള്‍ക്ക് നല്ലൊരു ദാമ്പത്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിലും വേവലാതിയോടെയാണ് കല്യാണദിവസം രാഷ്ട്രീയക്കാര്‍ നശിപ്പിക്കാതിരിക്കാന്‍ കണ്ണീരോടെ ഭാഗവാനോടഭ്യര്‍ത്ഥിക്കുന്നത്. എട്ടു വലിയപെട്ടി നിറയെ സാധനങ്ങളാണ് നാലാള്‍ കുടുംബം കൊണ്ടുവന്നിരിക്കുന്നത്. മൂന്നു പെട്ടി നിറയെ മിത്രേടെ തുണികളാണ്. രമേശ് ആദ്യമേ പ്രഖ്യാപിച്ചു. അയ്യേ ഈ എട്ടു പെട്ടീണ്ടായിട്ടു വെറും മൂന്നു പെട്ടീലെള്ളു ഇവള്‍ടെ തുണി! രമേശേ, എവിടെപ്പോയാലും ഏതു കാലാവസ്ഥ ആയാലും നിങ്ങള്‍ക്ക് പാന്റ്‌സും ഷര്‍ട്ടും.  അതിനപ്പുറം ഒന്നും ഇല്ലല്ലോ? ഓണം വന്നാല്‍ ആ ജീന്‍സിന്റെ മുകളിലേക്ക് ഒരു ജുബ്ബ പിടിപ്പിക്കും.  കഴിഞ്ഞു ഔട്ട്ഫിറ്റ് വെറൈറ്റി. ഈ മിത്രയ്‌ക്കോ? ചുരിദാര്‍ വേണം സാരി വേണം, അത് തന്നെ കോട്ടണ്‍, പിന്നെ സില്‍ക്ക്, ഓണത്തിനു വേറെ കസവ്.  മെറിന്‍ തിരിച്ചടിച്ചു.

ഇതൊന്നും തിങ്കള്‍ വെള്ളി ജോലിയില്‍ പറ്റ്വേമില്ല.  അവിടേം പാവാട, പാന്റ്, ലോംഗ് സ്ലീവ്, സ്ലീവ്‌ലെസ് വേറെ കൊറേ വെറൈറ്റി? എത്രവിധം കോസ്റ്റ്യൂംസ് വേണമെന്നറിയുമോ ഞങ്ങള്‍ക്ക്! ശാന്തി ചക്കയുപ്പേരി കൊറിച്ചു കൊണ്ട് ബാക്കി പറഞ്ഞു.
ശാന്തീ, നീ കഴിക്കണതെന്താന്നു നിനക്കറിയോ? മൈന്‍ഡ് ഫുള്‍നെസ്സ് വേണോഡി. വെറുതെ തിന്നാതെ!

മിത്ര ആ ചക്കയുടെയും ഒരു പ്ലാവിന്റെയും കഥ പറഞ്ഞു.  അവള്‍ കുട്ടിയായിരുന്നപ്പോള്‍ നട്ട ഒരു കുരുവാണ് പ്ലാവായി ഇപ്പോള്‍ ചക്കയായിരിക്കുന്നത്. മൂന്ന് വയസ്സുകാരി ചക്കക്കുരു കുഴിച്ചിടുന്ന ഫോട്ടോ അവരുടെ വീട്ടിലുണ്ട്. ന്റെ ചക്കമരമെന്നു വിളിച്ചോമനിച്ചു വളര്‍ത്തിയ പ്ലാവിലുണ്ടാകുന്ന ചക്ക മുഴുവന്‍ തനിക്കവകാശപ്പെട്ടതാണെന്ന് മിത്ര വിശ്വസിക്കുന്നു.അതല്ലേ പറയുന്നത്, തിന്നുമ്പോ വെറുതേ വിഴുങ്ങാതെ പൂര്‍ണമായി ഉള്‍ക്കൊണ്ട് ആസ്വദിച്ചുചെയ്യണമെന്ന്!

കഴിക്കുമ്പോള്‍ ഓരോ ഭക്ഷണത്തിന്റെയും ജീവിതചക്രം ഓര്‍മിക്കണം. അത് വന്നവഴികള്‍, അതില്‍ അദ്ധ്വാനിച്ചവരുടെ ജീവിതങ്ങള്‍ ഒന്നും മറന്നുകളയരുത്.  ഒരു പ്ലാവിലെ ചക്കകള്‍ എത്ര കൈകളിലൂടെ എത്രയോ രാജ്യങ്ങളില്‍, എത്രയോ ശരീരങ്ങളില്‍ എത്തപ്പെടുന്നു. ഒരേ മണ്ണില്‍, ഒരേ വെയിലും ഒരേ മഴയും കൊണ്ടുനില്‍ക്കുന്ന പ്ലാവറിയുന്നോ ഈ ചക്കസഞ്ചാരങ്ങള്‍!
Mindfull of Chakka!
ഒരു ചക്കയില്‍ ആവറേജ് എത്ര കുരു ഉണ്ടാവും?
അതൊക്കെ ആരെങ്കിലും എണ്ണുന്നുണ്ടാവുമോ?
പിന്നില്ലേ, ചക്ക ഗവേഷണക്കാര്‍ക്ക് കൃത്യമായി അറിയുമായിരിക്കും.
ഈ ചക്ക അമേരിക്കന്‍ ഫ്രൂട്ട് ആയിരുന്നെങ്കില്‍ സായിപ്പ് ഇതിനെ കുരുവില്ലാത്തതും ചകിണിയില്ലാത്തതും ഒട്ടലില്ലാത്തതുമാക്കി പണ്ടേമാറ്റിയേനെ.അതേയതെ, പഴം വെറുതെ കമ്പില്‍ തൂങ്ങി കിടക്കും. ചുമ്മാ പറിച്ചു തിന്നാല്‍ മതി!

മിത്ര ചിരിക്കുമ്പോള്‍ അവളുടെ ചുരുണ്ട മുടിക്കഷണങ്ങള്‍ തുള്ളിക്കളിക്കും.  തക്കാളി പോലെയാണ് മുഖം.  അതിനു നടുക്ക് കള്ളച്ചുഴിയും. നുണക്കുഴിക്കാരി കണ്ണട വെച്ചാല്‍ ട്രിവാന്‍ഡ്രം ലോഡ്ജിലെ ഹണി റോസിനെപ്പോലെയാവുമെന്ന് അശ്വിനിക്ക് തോന്നി. ഹണി റോസിന് കുറച്ചു പ്രായമായതുപോലെ. അവള്‍ ഉറപ്പിച്ചു.ചിരിക്കും സല്ലാപത്തിനുമിടയിലേക്കാണ് അനുവാദം ചോദിക്കാതെ അശ്വിനിയുടെ മുല വാക്കുതര്‍ക്കത്തിനു പുറപ്പെട്ടത്.  

ഇവരോടെല്ലാം പറയേണ്ടേ?
എന്തിനാണ് ഇപ്പൊ പറയുന്നത്?
കുഴപ്പമാണെങ്കിലോ?
ആണെങ്കിലല്ലേ, അപ്പൊ ആലോചിക്കാം.
എന്നാലും എങ്ങനെ പറയും?
വഴിയുണ്ടാക്കാം.
ഇമെയിലോ അതോ നേരിട്ടു പറയ്വോ?
ഒന്നു മിണ്ടാണ്ടിരിക്കുന്നുണ്ടോ?
എത്ര ദിവസം കൂടി മിണ്ടാണ്ടിരിക്കാന്‍ പറ്റും?
ഓഫീസില്‍ പറയേണ്ടേ?
രണ്ടും ഒന്നിച്ചു പറയുന്നതാണോ നല്ലത്?

മുലപറിച്ചു നിലത്തടിച്ചീ ...  അശ്വിനി യൂത്ത് ഫെസ്റ്റിവലില്‍ കേട്ട കവിതാപാരായണം ഓര്‍ത്തെടുക്കാന്‍ നോക്കി. മിത്ര പുതിയ സാരി ബ്ലൗസുകള്‍ കൂട്ടുകാര്‍ക്ക് മുന്നിലവതരിപ്പിച്ചു. നെറ്റ് വെക്കുന്നതാണ് ലേറ്റസ്റ്റ്.  കഴുത്ത് മുതല്‍ താഴെവരെ നെറ്റ്. അതില്‍ പിങ്കുനിറമുള്ള കല്ലുകള്‍ കൊണ്ടൊരു പൂവ്. സാരിയിലെ പൂവിന്റെ പതിപ്പ്. നീളന്‍ കൈയും നെറ്റ്. കൈയുടെയും കഴുത്തിന്റെയും അറ്റത്ത് സാരിയുടെ അരികുവാളം.  ഇതാന്റെ ഫേവറിറ്റ്. മിത്ര മഞ്ഞനിറമുള്ള ബ്ലൗസ് കാട്ടിപ്പറഞ്ഞു. അതിന്റെ പിന്നിലെ അണ്ഡാകാരത്തിലുള്ള തുളയിലൂടെ മെറിന്‍ തലകടത്തിക്കാണിച്ചു. അതിന്റെ മുകളില്‍ പിടിപ്പിച്ചിരുന്ന കെട്ടിനെ തൊട്ടുകൊണ്ട് ശാന്തി പറഞ്ഞു;
ദേ, ഇതൊക്കെ ഇളക്കിക്കളയും നിന്റെ കൊട്ടത്തല. തുളയ്ക്ക് ചുറ്റും ചിത്രപ്പിന്നല്‍ക്കരയുണ്ട്.  മുട്ടിറങ്ങി നില്‍ക്കുന്ന കൈയില്‍ അലങ്കാരത്തുന്നലുണ്ട്.  തൊങ്ങലുകള്‍ പിടിപ്പിച്ച നീല ബ്ലൗസ് കൈയിലെടുത്ത് അശ്വിനിയോര്‍ത്തു. സാരിയുടുത്തിട്ട് കുറെക്കാലമായല്ലോ!

ഈ ചാരത്തിനെന്തുപറ്റി.  ഇപ്പൊ ഇവളെ കിട്ടാനേ ഇല്ല.
തിരക്കായിരുന്നു, പുതിയൊരു പ്രോജക്ട് തുടങ്ങിയിട്ടുണ്ട്.
വീക്കെന്‍ഡിലും ജോലിയുണ്ടോ? ഒരു ഇ-മെയില്‍ അയച്ചാല്‍ അര വരിയിലാണ് ഇപ്പൊ മറുപടി കിട്ടുന്നത്.
അതേ, ശരിക്കും! ഇവള്‍ടെ സര്‍ക്കാസ്മിക് മറുപടിക്ക് ഞാന്‍ നോക്കിയിരിക്കാറുണ്ടായിരുന്നു. ചിരിക്കാന്‍.
നീയെന്താ ഒളിച്ചുകളിക്കുന്നത് ആഷ്?
അഫയര്‍ വല്ലതും ഉണ്ടോടിയെ? ഹെല്‍പ്പ് വേണോങ്കി പറഞ്ഞോട്ടോ!  കൂട്ടച്ചിരിക്കിടയില്‍ അശ്വിനി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു.
അയ്യോ, പുതിയ പ്രോജക്ട്, യൂറോപ്പില്‍ നിന്നുമുള്ള ക്ലയന്റിന് വേണ്ടിയാണ്. കുറെ ഗവണ്മെന്റ് പെര്‍മിഷനുകളും ലോയറിന്റെ ഓഫീസും ഒക്കെയായി നല്ല തിരക്കായിരുന്നു.  എത്ര കാലം ഇവരുടെയിടയില്‍ തിരക്കിട്ട് കളിക്കും. എങ്ങനെ പുറത്തു വരാന്‍ പറ്റും.  
മുലച്ചില സഹിക്കാതെ അശ്വിനി പോകാനെഴുന്നേറ്റു.

ചൊവ്വാഴ്ച വൈകുന്നേരം എന്തുകൊണ്ടായിരിക്കും മോഹന്‍ നേരത്തെ ജോലിയില്‍ നിന്നും വന്നതെന്ന് അശ്വിനിക്ക് ആലോചിച്ചെടുക്കാന്‍ പറ്റുന്നില്ല.  ചായകുടിച്ച് മേശയ്ക്കരികില്‍ വെറുതെ ഇരിക്കുമ്പോഴായിരുന്നു ഫോണടിച്ചത്. ചായമൊത്തി എതിര്‍വശത്തിരിക്കുന്ന മോഹന്റെ മുഖം ഒഴിവാക്കാന്‍ അശ്വിനി ശ്രമിച്ചുനോക്കിയതാണ്.  ഒരു കൈകൊണ്ട് കണ്ണാടി മേശപ്പുറത്തു വ്യക്തമല്ലാതെ വരയ്ക്കുന്ന മോഹന്‍ മറ്റേ കൈവിരലുകൊണ്ട് ചായക്കപ്പില്‍ മെല്ലെ താളം പിടിച്ചാണിരുന്നത്.    
ആരാണ്? 
ഡോക്ടേഴ്‌സ് ഓഫീസിന്ന്. 
താളം പിടിക്കല്‍ നിര്‍ത്തി മോഹന്‍ ചോദിച്ചു. എന്താണ് വാര്‍ത്ത.
പോസിറ്റീവ്
ഓ, നല്ലകാര്യം എനിക്കറിയായിരുന്നു വെറുതെ വെപ്രാളം കാട്ടാണെന്ന്.

women

ഊണുമേശയ്ക്ക് നടുവിലിരിക്കുന്ന നാപ്കിന്‍ ഹോള്‍ഡര്‍ അടുത്തേക്ക് നീക്കിവെച്ച് അശ്വിനി അതിലെ പേപ്പര്‍ നാപ്കിനുകള്‍ നേരെയാക്കുന്നതില്‍ ശ്രദ്ധിച്ചു. ഒന്ന്...രണ്ട്...മൂന്ന്... പ്രതികരിക്കുന്നതിനുമുന്‍പ് മുപ്പത് സെക്കന്റ് എടുക്കണം.  കാന്‍സര്‍ ടെസ്റ്റ് പോസിറ്റീവ് ആണ്.  വാര്‍ത്ത നെഗറ്റീവും.  

മോഹന് അപ്പോള്‍ ഒന്നും പറയാനില്ലാതായി. അയ്യോ എന്നു പോലും വായില്‍നിന്നും വീഴാതെ സൂക്ഷിച്ചു, ചായ ഉപേക്ഷിച്ച് മോഹന്‍ മുകളിലെ നിലയിലേക്ക് പൊയ്ക്കളഞ്ഞു. കുളിമുറിയിലെ വെള്ളം വീഴുന്ന ശബ്ദം കേട്ട് അശ്വിനി കുറച്ചിരുന്നു. പിന്നെ മോഹന്റെ ചായക്കപ്പ് ശക്തിയായി സിങ്കിലേക്ക് എറിഞ്ഞ് അവള്‍ നിശബ്ദതയില്ലാതാക്കി.

മിസ്റ്റര്‍ പോസിറ്റീവ് ആറ്റിറ്റിയൂഡിന് എന്താണ് ഇപ്പോള്‍ പറയാനുള്ളത്? രോഗമില്ല, ഞാന്‍ പരിപൂര്‍ണ ആരോഗ്യവതിയാണെന്ന് കണ്ണുമടച്ച് വിശ്വസിച്ചു മാര്‍ച്ച് ചെയ്യാനല്ലേ പറഞ്ഞിരുന്നത്.  മാര്‍ച്ച് ചെയ്ത് വലിയ കുഴിയുടെ മുന്നിലെത്തുമ്പോള്‍ ഹേയ്, ഇതു കുഴിയല്ലെന്ന് കരുതി അടുത്ത കാല്‍ ഗര്‍ത്തത്തിലേക്ക് വച്ചോളൂ എന്നാണോ? മുന്‍പില്‍ കുഴി ഉണ്ടായേക്കാം. ഉണ്ടെങ്കില്‍ അതിലിറങ്ങിക്കയറാന്‍ ഒരു ഏണി എങ്ങനെ സംഘടിപ്പിക്കണം എന്നതല്ലേ പ്രാക്ടിക്കല്‍?

അശ്വിനി ആരോടാണ് തര്‍ക്കിക്കേണ്ടത്?
ഡോക്ടര്‍ ജബ്ബാര്‍ ഇതൊക്കെ സാധാരണമെന്ന മട്ടിലാണ്  അശ്വിനിയെ സാവധാനത്തില്‍ തിളച്ച വെള്ളത്തിലേക്ക് മുക്കുന്നത്.  
ഗുളും ഗുളു ഗുളു
ആവി, ചൂട്, പൊള്ളല്‍
ഡോക്ടര്‍ ഭിത്തിയില്‍ നിഴല്‍ നാടകം കാണിച്ചു.
ഇതാ, ഇത്  അശ്വിനിയുടെ മുലച്ചിത്രമാണ്.
കുറച്ചു വെളുപ്പ് പിന്നെ ചാരനിറം അതിനുമുകളില്‍ വരകള്‍. കടലില്‍നിന്നും കാറ്റടിച്ചുവരുന്ന മേഘങ്ങളെ വിസ്തരിക്കുന്ന കാലാവസ്ഥക്കാരനെപ്പോലെ ഡോക്ടര്‍ സംസാരിക്കുന്നു. ജീവിതം വിഴുങ്ങാന്‍ പുറപ്പെട്ട ഒരു ചുഴലിക്കാറ്റിന്റെ അറിയിപ്പാണിത്.   വരകളും പാടുകളും വടുക്കളും ഏതോ പുരാതനലിപിപോലെ അശ്വിനിയുടെ ഗ്രഹണശക്തിക്ക് വഴങ്ങാതെ കിടന്നു. സാധ്യതകളും സംഭവിക്കാവുന്നതും എണ്ണിപ്പെറുക്കാന്‍ ഡോക്ടര്‍ ജാഫര്‍ ശ്രമപ്പെട്ടു.
ഇത് ഉള്‍ക്കൊള്ളാന്‍ വിഷമമുണ്ട്ന്ന് അറിയാം.
പഠിച്ച പാഠങ്ങള്‍ ഉരുവിടുന്നത് പോലെ ഡോക്ടര്‍ പറഞ്ഞു.  

അശ്വിനിക്കറിയാം ഇത്തരം സംസാരത്തിനുള്ള ഒരുക്കങ്ങള്‍. ഹ്യൂമന്‍ റിസോഴ്‌സ് അതിനുള്ള ട്രെയിനിങ് അവള്‍ക്കും കൊടുത്തിട്ടുണ്ട്.  ഒരാളെ പിരിച്ചു വിടുമ്പോള്‍,  ജോലിക്കാര്‍ക്കെതിരെ നടപടികള്‍ എടുക്കേണ്ടിവരുമ്പോള്‍, ആരുടെയെ ങ്കിലും വീട്ടില്‍ മരണമോ അപകടമോ നടക്കുമ്പോള്‍, അശ്വിനിയും പരിശീലിച്ചിട്ടുള്ളതാണ് ഇതൊക്കെ. നിന്റെ വിഷമം എനിക്ക് മനസ്സിലാക്കാം, എന്നു പറയരുത്.  കാരണം അവര്‍ നടന്ന വഴിയെ നടന്നിട്ടില്ലാത്ത ഒരാള്‍ക്ക് ആ വിഷമം മനസ്സിലാക്കാന്‍ പറ്റില്ല.  അതുകൊണ്ട് കഴിയുന്നത്ര പിന്തുണ കൊടുക്കുക, എന്നാല്‍ ഉറച്ച നിലപാട് ഉണ്ടായിരിക്കണം.  വികാരങ്ങള്‍ പുറത്തുകാണിക്കരുത്.  സംസാരത്തിലും പെരുമാറ്റത്തിലും വികാരങ്ങളെ മാറ്റിനിര്‍ത്തി വിവേകത്തോടെ പെരുമാറണം.  ആ ഉപായങ്ങള്‍ അശ്വിനി ഡോക്ടറില്‍ കണ്ടെടുത്തു. ഇവിടെ അശ്വിനിയാണ് ഉപഭോക്താവ്.  ഒരു ബയോപ്‌സി കൂടി ചെയ്യണം.
ഓ...
ഇത് അള്‍ട്രാസൗണ്ട് ഉപയോഗിച്ചിട്ടാണ് ചെയ്യുന്നത്.  ഈ വളര്‍ച്ചയുടെ പല സ്ഥലത്തുനിന്നും സാമ്പിള്‍ ടിഷ്യു എടുക്കാന്‍ വേണ്ടിയാണ്.  
അതു കഴിഞ്ഞിട്ടോ?
രണ്ട് ബയോപ്‌സികൊണ്ട് ഇതിനെയങ്ങു കുത്തിയെടുത്തു കളയാമ്പാടില്ലേ ഡോക്?
അത് കഴിഞ്ഞാല്‍ സര്‍ജറിയുടെ വിശദാംശങ്ങള്‍ അറിയാം. പിന്നെ തുടര്‍ന്ന് എന്ത് ചികിത്സകളാണ് വേണ്ടതെന്നും.
സര്‍ജറി, തുടര്‍ന്നുള്ള ചികിത്സ... ഈ അന്യഭാഷ എങ്ങനെയാണ് അശ്വിനി പഠിച്ചെടുക്കുക?  
അടുത്ത ബയോപ്‌സിയുടെ തീയതി സ്‌കെഡ്യൂള്‍  നോക്കിയിട്ട് അറിയിക്കാം.
ക്ഷമയില്ലാത്ത രോഗിക്ക് പിന്നെയും കാത്തിരുപ്പു വിധിച്ച്  ഡോക്ടര്‍ പറഞ്ഞുനിര്‍ത്തി. ഇത് ഡോക്ടറുടെ തൊഴിലാണ്. അവിടെ സൗഹാര്‍ദ്ദവും  ആര്‍ദ്രതയുമല്ല പ്രധാനം. ശരീരതന്ത്രം, സയന്‍സ്, കണ്ടുപിടിത്തങ്ങള്‍, പഠനങ്ങള്‍, പഠനഫലങ്ങള്‍, കോശങ്ങള്‍, ചാര്‍ട്ടുകള്‍, സ്ഥിതിവിവരക്കണക്കുകള്‍. അതെല്ലാമാണ് സുഖപ്പെടുത്തുന്നത്, കൊച്ചുവര്‍ത്തമാനമല്ല.  
വീണ്ടും അവധി വേണമല്ലോ സര്‍. ഹോയ്, ഒന്നല്ല, കുറച്ചേറെ വേണം! കേട്ടില്ലേ ജബ്ബാര്‍ പറഞ്ഞത്. സര്‍ജറി, തുടര്‍ന്നുള്ള ചികിത്സ...
സര്‍ജറി
സര്‍, ജറി...
സര്‍, തുടരുന്ന ചികിത്സ
ചികി..ചികി... ചികിത്സ

ഇതൊരു സോപ്പ് ഓപ്രയാണ്,  അതേ, പല സീസണുകളിലായി നീളുന്ന സീരിയല്‍.  കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വെറുമൊരു നാടകം അശ്വിനി, റിലാക്‌സ്!ഓഫീസ് മേശപ്പുറത്തെ ചിത്രത്തിലേക്ക് അശ്വിനി നോക്കിയിരുന്നു.  കീര്‍ത്തന സ്‌നോ വുമണിന്റെയടുത്ത് നിറഞ്ഞു ചിരിച്ച് കൈയുയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന ഫോട്ടോ. ഐവറി 

പ്രോജക്ട് കൈവിട്ടു പോയ ദിവസമായിരുന്നു അത്.  കടുത്ത മഞ്ഞുമഴ വീണ ദിവസം പണിതുകൊണ്ടിരുന്ന കെട്ടിടത്തിന്റെ ഒരു വശം ഇടിഞ്ഞുപോയി. ജോലിക്കാര്‍ ഇല്ലാതിരുന്ന സമയത്തായിരുന്നതുകൊണ്ട് ആര്‍ക്കും ഹാനിയുണ്ടായില്ല. ആകസ്മിക സംഭവത്തിന്റെ പ്രഥമറിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അശ്വിനിക്ക് ശനിയും ഞായറും ഓഫീസില്‍ത്തന്നെ ഇരിക്കേണ്ടിവന്നു. അളവെടുക്കലുകള്‍,  പഴയ റിപ്പോര്‍ട്ടുകളും അനുമതിപ്പത്രങ്ങളും തിരയല്‍.  അന്വേഷണങ്ങള്‍... എന്തുകൊണ്ട് ഇത് സംഭവിച്ചു? മേലില്‍ ഇങ്ങനെയൊന്നു ഉണ്ടാവാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്? ചോദ്യങ്ങള്‍...ഉത്തരങ്ങള്‍... വിശദീകരണങ്ങള്‍... പ്രതിവിധി.. തടയാനുള്ള മാര്‍ഗങ്ങള്‍ ...മുന്നറിയിപ്പുകള്‍...   

കീര്‍ത്തനയ്‌ക്കൊപ്പം മഞ്ഞുകോലമുണ്ടാക്കി കളിക്കാനുള്ള വാരാന്ത്യമാണ് ഐവറി തട്ടിക്കൊണ്ടുപോയത്.  മഞ്ഞുമനുഷ്യരെ ഉണ്ടാക്കാന്‍ വെളുവെളുത്ത അല്പം നനവുള്ള മഞ്ഞ് ഉരുട്ടിയുരുട്ടി ഒരു വലിയ പന്താക്കണം. അതിനുമുകളില്‍ കുറച്ചുകൂടി ചെറിയ ഒരു മഞ്ഞ് പന്തുവെച്ച്, അതിനും മുകളില്‍ തലയുടെ വലിപ്പമുള്ള ഒരു മഞ്ഞുപന്തു കൂടി വെച്ച് സ്‌നോമാനെ ഉണ്ടാക്കുന്നത് എല്ലാവരും കൂടിയാണ്.  നനവുള്ള മഞ്ഞ് വലിയ പന്താക്കിക്കഴിയുമ്പോള്‍ നല്ല ഭാരമുണ്ടാവും. മഞ്ഞുകോലത്തിനെ അലങ്കരിക്കാന്‍ കീര്‍ത്തനയ്ക്ക് ആവേശമാണ്. കോലത്തിന്റെ കഴുത്തില്‍ കീര്‍ത്തന സ്‌കാര്‍ഫ് ചുറ്റും. കാരറ്റ് കൊണ്ട് മൂക്ക് പിടിപ്പിക്കും. കണ്ണിന്റെ സ്ഥാനത്ത് ഓക്കിന്‍കായകള്‍ കുത്തിവെയ്ക്കും. കീര്‍ത്തനയ്ക്ക് ഓക്കുകായകളുടെ ശേഖരമുണ്ട്.  ശരത്ക്കാലത്ത് അണ്ണാറക്കണ്ണന്റെ ഉത്സാഹമാണ് കീര്‍ത്തനയ്ക്ക് കായപെറുക്കി കൂട്ടാന്‍. ബട്ടര്‍കുക്കിയുടെ പാട്ടതുറന്ന് ശ്രദ്ധയോടെ തിരഞ്ഞ് കീര്‍ത്തന രണ്ടു കായകള്‍ അശ്വിനിക്ക് നീട്ടും.
മമ്മു കണ്ണുവെച്ചോളൂ. 

പിന്നെ ബട്ടനുകളുടെ സ്ഥാനത്ത് നിരനിരയായി ഓക്കുകായകള്‍ കീര്‍ത്തന കുത്തിവെയ്ക്കും. വെളുത്ത ഒരു കുടവയറനാണ് സാധാരണ മഞ്ഞു മനുഷ്യന്‍. കീര്‍ത്തനയ്ക്ക് മണിക്കൂറുകള്‍ മഞ്ഞുകോലത്തിനു ചുറ്റും കളിക്കാനിഷ്ടമാണ്. അന്നുപക്ഷേ, കുട്ടിക്കൊത്ത് കുട്ടിയാവാന്‍ അശ്വിനിക്ക് അനുവാദമില്ലാത്ത വാരാന്ത്യമായിരുന്നു. മോഹനും കീര്‍ത്തനയും മഞ്ഞില്‍ കളിച്ചു.  

നമുക്കേ സ്‌നോമാന്‍ വേണ്ട, സ്‌നോവുമണ്‍ മതി. കണ്ണും പിരികവും മുലയുമുള്ള ഒരു വലിയ മഞ്ഞുമനുഷത്തിയെ മോഹനും കീര്‍ത്തനയും ഉണ്ടാക്കി.  
മമ്മൂ എപ്പോ എത്തും?
അഞ്ചു മിനിറ്റ് ഇടവിട്ട് ഫോണില്‍ കീര്‍ത്തന കുത്തിമറിഞ്ഞു.  വൈകുന്നേരം അശ്വിനി വരുമ്പോള്‍ വീടിനുമുന്നില്‍ വര്‍ണാഭയായൊരു  മഞ്ഞുകോലം  കാത്തുനില്‍പ്പുണ്ടായിരുന്നു.  ചെവിക്കുമുകളില്‍ പ്ലാസ്റ്റിക്ക് ചെമ്പരത്തിപ്പൂവ് ചൂടിയ മഞ്ഞുപെണ്ണ്! കമ്പുകൊണ്ടുള്ള കൈയില്‍ വളകള്‍ക്കു പകരം ചുവന്ന റിബ്ബണ്‍ ചുറ്റിയിരിക്കുന്നു.  ഉയര്‍ന്നുനില്‍ക്കുന്ന മുലകള്‍ക്കു മുകളിലൂടെ ചുരിദാറിന്റെ ഷാളുകൊണ്ട് സാരിയുമുണ്ട്. മിസ്സിസ് പൊട്ടറ്റോ ഹെഡിന്റെ ചുവന്ന ചുണ്ട് പറിച്ചുചേര്‍ത്തു വെച്ചിട്ടുണ്ട്. അമ്മയെ കണ്ടപ്പോള്‍ കീര്‍ത്തനയുടെ ചിരി കുടംകുടമായിട്ടാണ് പൊട്ടി ഒഴുകിയത്. 
അന്നു രാത്രി മോഹന്‍ പറഞ്ഞു.
ഞാനൊരു ഫെമിനിസ്റ്റാണ് ഭാര്യേ.  ഒരു വര്‍ഷം ലക്ഷക്കണക്കിന് സ്‌നോമാന്മാരെ ഉണ്ടാക്കുന്ന രാജ്യത്ത് ഒരു സ്‌നോവുമണിനെ എങ്കിലും ഉണ്ടാക്കുന്നുണ്ടോ? 
അശ്വിനിയുടെ ചെവിയില്‍ ഉമ്മവെയ്ക്കുമ്പോള്‍ മോഹന്‍ അവകാശപ്പെട്ടു.
Best man feminist of the year award എനിക്ക് തരപ്പെടേണ്ടതാണ്. 
മഴപെയ്യുന്ന ഏപ്രിലില്‍ മഞ്ഞുപാടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുകയാണെന്ന് അശ്വിനിയറിഞ്ഞു. പ്രകൃതിമാറിപ്പോയ മഞ്ഞ് മനുഷ്യനും മനുഷ്യത്തിയും മുലയും ആവാതെ ആകൃതി നഷ്ടപ്പെട്ട് തളംകെട്ടിക്കിടക്കുന്നു. അതിലേക്ക് കാലുവെച്ചാല്‍ പാടങ്ങള്‍ പശ്ക്കം..പശ്..പ്ശ്ശ്‌സെന്ന് പിറുപിറുക്കും.

***  ***  ***

ഭാഗം- പതിനൊന്ന്‌

 What is in a name?

മുഴമാറ്റണോ? മുല മാറ്റണോ?  
സര്‍ജറിക്ക് ഒരു ഡോക്ടര്‍, മരുന്നിനു വേറൊരു ഡോക്ടര്‍, റേഡിയേഷന് മറ്റൊരു ഡോക്ടര്‍, പിന്നെ അശ്വിനിയെ മൊത്തമായി നോക്കാന്‍ ഫാമിലി ഡോക്ടര്‍. എന്നിട്ടും തീരുമാനിക്കേണ്ടത് രോഗിയാണത്രേ!  
കാന്‍സര്‍ കൂട്ടിപ്പിടിച്ചു വെച്ചിരിക്കുന്ന കോശങ്ങള്‍കൂടിയ മുഴ മാത്രം മാറ്റാം. മുഴ മാത്രമെന്നാല്‍ അതിനുചുറ്റുമുള്ള കുറച്ചു ടിഷ്യൂ കൂടി മാറ്റേണ്ടി വരും. ബാക്കി മുലയുടെ പകുതിയോ കാല്‍ഭാഗമോ ശേഷിക്കുകയുള്ളൂ. ആ ടിഷ്യൂകളില്‍ വീണ്ടും കാന്‍സര്‍ വരാനുള്ള സാധ്യതയുണ്ട്. ഉറപ്പ് പറയാന്‍ പറ്റില്ല. ചില കേസുകളില്‍ കണ്ടിട്ടുണ്ട്. 
'Mastectomy or lumpectomy? തീരുമാനം നിന്റെതാണ് അശ്വിനി!'  

അശ്വിനിക്ക് അരിശം വന്നു. 
'ഡോക്ടര്‍ നിങ്ങളല്ലേ അനാറ്റമിയും, സൈറ്റോളജിയും, ഫിസിയോളജിയും, ഫാര്‍മക്കോളജിയും പഠിച്ചയാള്‍. ഒരു പാലത്തിനു വിള്ളലോ പൊട്ടലോ ഉണ്ടാവുമ്പോള്‍ പാലത്തിനോട് ചോദിച്ചിട്ടല്ലല്ലോ പൊളിച്ചു പണിയണോ, അറ്റകുറ്റപ്പണി മതിയോന്ന് തീരുമാനിക്കുന്നത്?'    
'നിന്റെ ശരീരത്തിലാണ് ഞങ്ങള്‍ പണിയുന്നത്. ശരീരം നിന്റെതാണ്. അതുകൊണ്ട് അന്തിമതീരുമാനവും നിന്റെത് തന്നെ. എഴുപതുകളില്‍ ചോദ്യമോ അനുവാദം ചോദിക്കലോ ഉണ്ടായിരുന്നില്ല.' 
ഡോക്ടര്‍ വിശദമാക്കാന്‍ ശ്രമിച്ചു.  'ബയോപ്‌സി ചെയ്യാന്‍ തുറക്കുമ്പോള്‍ കാന്‍സറുണ്ടെന്നു കണ്ടാല്‍ മുലയും മുറിച്ചു മാറ്റും, അതായിരുന്നു അന്നത്തെ പതിവ്.'  
'അനസ്‌തേഷ്യ ലാഭം!' അശ്വിനി മുറുമുറുത്തു 
'സ്ത്രീ സംഘടനകള്‍തന്നെ ആവശ്യപ്പെട്ടതാണ്, തീരുമാനിക്കാനുള്ള അവകാശം രോഗിക്കു വിട്ടുകൊടുക്കണമെന്ന്. എല്ലാ രോഗത്തിലും  മുല മുഴുവനായും മാറ്റണമെന്നില്ല.  ചിലപ്പോള്‍ മുഴ മാത്രം മാറ്റിയാല്‍ മതിയാവും.  തീരുമാനത്തില്‍ രോഗിക്കും പങ്കുണ്ട് അല്ല, രോഗിക്ക് തീരുമാനിക്കാം. ഡോക്ടര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കികൊടുക്കാനുള്ള ചുമതലയുണ്ട്.'  

കാനഡയില്‍ സ്ത്രീകള്‍ക്ക് അന്‍പത് വയസ്സ് തികഞ്ഞാല്‍ കാന്‍സര്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളിന്റെ വൈസ് പ്രസിഡന്റ് കത്തയക്കും, വരൂ, വന്ന് മുലപരിശോധിക്കൂന്ന്.   നേരത്തെ കണ്ടുപിടിച്ചാല്‍ ചികിത്സയും രോഗമുക്തിയും വേഗത്തിലാവും.  അശ്വിനിക്ക് ആ കത്ത് കിട്ടാന്‍ കാത്തിരിക്കേണ്ടി വന്നില്ല. വൈസ്പ്രസിഡന്റിനെ തോല്പിച്ച് കാന്‍സര്‍ നേരിട്ടുവന്ന് അശ്വിനിയോടു പറഞ്ഞു. 
Good day, nice to meet you!

കീര്‍ത്തന വീട്ടില്‍ വരാതിരുന്ന ശനിയാഴ്ച്ച  എന്തു ചെയ്യണമെന്നറിയാതെ അശ്വിനി കുഴങ്ങി.  മഴ എന്തിനാണിത്ര ബഹളം വെക്കുന്നതെന്ന് അശ്വിനി പുറത്തേക്ക് നോക്കി. പെട്ടെന്നു വന്ന മഴയ്ക്ക് വാശിയും വൈരാഗ്യവുമുണ്ട്. ദേഷ്യം തീര്‍ക്കാന്‍ മഴ കണ്ണാടി വാതിലിലേക്ക് ശബ്ദത്തോടെ ചെരിഞ്ഞാണ് വീണിരുന്നത്. വീടിനു മുകളിലും മഴവീഴുന്ന ശബ്ദം അശ്വിനി കേട്ടു.    

ആലിപ്പഴം ചെറിയ ഐസ്‌കട്ടകളായി ഡെക്കിലേക്ക് വീണുകൊണ്ടിരിക്കുകയായിരുന്നു.  ഹീറ്ററിന്റെ ശബ്ദം. ഫ്രിഡ്ജിന്റെ ശബ്ദം. ഫാനിന്റെ ശബ്ദം. ഇടവിട്ടുള്ള ഈ ശബ്ദങ്ങള്‍ക്കു മുകളിലേക്കാണ് ആലിപ്പഴത്തിന്റെ കിലുകിലുപ്പ്. വേലിയില്‍ നനഞ്ഞിരിക്കുന്ന ചുവന്ന കര്‍ദ്ദിനാള്‍പ്പക്ഷിയെ നോക്കിയിരുന്നു അശ്വിനി.  കണ്ണാടി വാതിലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളത്തിനും നേര്‍ത്ത മൂടല്‍മഞ്ഞിനുമിടയില്‍ കൂടി ഒരു കറുത്ത അണ്ണാന്‍ വേലിയില്‍ കൂടി ഓടിപ്പോയി. 

ഈ മഴയത്ത് അത് എവിടെയായിരിക്കും പോവുന്നത്? നനഞ്ഞുകുതിര്‍ന്ന കാറ്റ് വെള്ളത്തിനെ തട്ടിത്തെറിപ്പിച്ച് തര്‍ക്കുത്തരം പറഞ്ഞു. 
അണ്ണാനും ജീവിതവേവലാതികളുണ്ട്. കഴിഞ്ഞ ശരത്ക്കാലത്ത് കൂട്ടിവെച്ചിരുന്ന കായ്കുരുവുകള്‍ തീര്‍ന്നു പോയിരിക്കും.  അടുത്ത ഭക്ഷണം ഫ്രിഡ്ജില്‍ നിന്നുമിറങ്ങി വരില്ല.  ആളുകള്‍ ആക്രമിക്കാത്ത ഒരു കൂട് അതിനു കെട്ടിവെയ്‌ക്കേണ്ടേ?    
മഴയുടെ വീര്യം കുറഞ്ഞുവന്നു.  എന്നിട്ടും വിട്ടുപോവാന്‍ തയ്യാറല്ലാതെ കുത്തുകളായി മഴയും കാറ്റും ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു. 
അന്തിമമായി നിന്റെ മുല നിന്റെ തീരുമാനമാണ് അശ്വിനി!   

അശ്വിനി വട്ടത്തില്‍ വട്ടത്തില്‍ നീളത്തില്‍ നീളത്തില്‍ ചോദ്യങ്ങള്‍ എറിഞ്ഞുകളിച്ചു. അശ്വിനിക്ക് വര്‍ത്തമാനം വേണം. വാക്കുകളും വാചകങ്ങളും വേണം. ചിരിയും തല്ലുപിടുത്തവും വേണം. കണ്ണില്‍ നിന്നും പൊട്ടിപ്പോകുന്ന ഉറവ അവള്‍ക്ക് വേണ്ടേ, വേണ്ട! 
കാപ്പികുടിച്ചിരിക്കുന്ന മോഹന്റെ വിമ്മിഷ്ടം മേശപ്പുറത്ത് താളം പിടിക്കുന്നതില്‍ നിന്നു വ്യക്തമായിരുന്നു.  കാന്‍സറിനെ നേരിടാനുള്ള കോപ്പൊന്നും മോഹനില്ല. അയാള്‍ക്ക് പറയാന്‍ വര്‍ത്തമാനമില്ല.  കടങ്കഥയും കള്ളക്കഥയുമില്ല.  നിശബ്ദനായിരിക്കാനുള്ള അവകാശം ഉപേക്ഷിച്ച് മോഹന്‍ പറഞ്ഞു. 
'വേണമെങ്കില്‍ മറ്റൊരു ഡോക്ടറിനെ കണ്ട് രണ്ടാമതൊരു അഭിപ്രായം ചോദിക്കാം.' 
'മൂന്നോ നാലോ പേരെ കണ്ട് അഭിപ്രായം ചോദിച്ചിട്ട് അവര്‍ വേറെ വേറെ അഭിപ്രായം പറഞ്ഞാല്‍ എന്തു ചെയ്യും?' 
മോഹന് ദേഷ്യം പൊടിക്കുന്നത് അശ്വിനിക്ക് ഇന്ധനമാണ്.  അതു തട്ടിക്കളിക്കുന്നതു മാത്രമാണ് അശ്വിനിയുടെ വിജയം. 
'ന്നാ നിനക്കിഷ്ടമുള്ളത് ചെയ്യ്!'  
'എനിക്കിഷ്ടം കാന്‍സര്‍ വരാതിരിക്കേരുന്നു.' 

മോഹന്റെ ചെയ്തികളൊക്കെ അശ്വിനി വാക്കുകള്‍കൊണ്ട് കണ്ടം തുണ്ടം മുറിച്ചു. സാമ്പാറുകഷണം പോലെ അയാള്‍ പരിപ്പിലും മുളകിലും വേവുന്നത് കണ്ട് അശ്വിനി ചിരിച്ചു കത്തി.  കടുകു തൂവി, ഉള്ളിയിട്ട് കറുമുറാ വറുത്തെടുത്തപ്പോള്‍ ചില വാക്കുകളും ശകാരങ്ങളും കരിഞ്ഞുപോയി. 

മോഹന്‍ എഴുന്നേറ്റ് പോയി. ഉത്തരം ആവശ്യമില്ലാത്ത ഒരു പ്രസ്താവന എന്ന വ്യംഗ്യത്തില്‍.  മോഹന്‍ ഇപ്പോള്‍ അഭയം കാണുന്നത് ടി.വി.യിലാണ്.  സ്‌ക്രീനില്‍ പടങ്ങള്‍ നിരക്കുമ്പോള്‍ വീട്ടിലുള്ളയാളെ അവഗണിക്കാം.  വീടിനകത്തൊരു നിഴലു മാത്രമുണ്ട്. ഉത്തരങ്ങളില്ലാതെ, ടി.വി. സ്‌ക്രീനില്‍ നിന്നും കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നിന്നും ഫോണ്‍ സ്‌ക്രീനില്‍ നിന്നും മാറി മാറിയൊഴുകുന്ന നിഴല്‍.
മോഹനൊരു വര്‍ത്തമാനക്കാരനായിരുന്നു. മോഹിപ്പിക്കുന്ന വര്‍ത്തമാനങ്ങളുടെ കഥ അശ്വിനി നാണമില്ലാതെ റാണാ പ്രതാപ് സിംഗിനെ പറഞ്ഞു കേള്‍പ്പിച്ചു.  

അന്ന് മിത്രയുടെ വീട്ടിലെ കൂട്ടയൂണ് കഴിഞ്ഞു വീടെത്തിയപ്പോള്‍ പാതിരയായി. അശ്വിനി സാരിമാറി നൈറ്റി തലയിലൂടെ ഇട്ടപ്പോള്‍ പൊട്ടൂര്‍ന്ന് മുലയില്‍ പറ്റിയിരുന്നത് അവളറിഞ്ഞിരുന്നില്ല. കിടക്കയില്‍ സ്‌നേഹിക്കാനൊരുമ്പെട്ട മോഹന്‍ മുലയിലേക്ക് നോക്കി  കുസൃതിയോടെ വിളിച്ചു.
ഹായ് കല്യാണി. 
അശ്വിനി അമ്പരപ്പോടെ നോക്കിയപ്പോള്‍ മോഹന്‍ തലയറഞ്ഞു ചിരിച്ചു. 
ദേ, നോക്ക്, പൊട്ടൊക്കെ തൊട്ട് സുന്ദരിയായിട്ടൊരാള്‍! 
വെയില്‍ കൊള്ളാതെ വെളുത്ത മുലയ്ക്ക് മുകളിലായൊരു ചുവന്ന വട്ടപ്പൊട്ട്. ശിങ്കാര്‍ പൊട്ട്.  
ചിരി..ചിരി..രി..രി...
നാണം ..നാണം.. ണം...ണം.
രി..രി..ണം..ണം... ചിണം.. നാരി...
നാരി ചിണു... ചിണു...
അപ്പൊ ഇത് കളവാണി. 
മോഹന്‍ ഇടത്തേ മുലയ്ക്കും പേരിട്ടു. അടിവയറിനെ കുഞ്ഞമ്മണിയെന്നു വിളിച്ചു. അശ്വിനി മദംകൊണ്ടു ചിരിച്ചു.  
പിന്നെ താമര, അംബ അംബാലിക.
ലാത്തിരി..പൂത്തിരി.. പുളകപ്പൂത്തിരി.
നാരി ചിണു... ചിണു... 
കഥ കഴിപ്പിച്ച് അശ്വിനി പരാതിപ്പെട്ടു. 
റാണാ പ്രതാപ്, ഇപ്പോള്‍ അശ്വിനിയുടെ മുല മോഹന്റെ പ്രശ്‌നമല്ല.  മോഹന്റെ മുല മോഹന്റെ പ്രശ്‌നമാവാം.  അശ്വിനിയുടെ മുല മോഹന്റെതെന്ന് അശ്വിനി തെറ്റിദ്ധരിക്കുന്നതില്‍ മോഹന്‍ കുറ്റക്കാരനല്ല.  കഥകേട്ട് വിവശനായ റാണാ പ്രതാപ് സിംഗ് അശ്വിനിയോടു ഉറങ്ങാന്‍ പറഞ്ഞു. തിരിഞ്ഞും മറിഞ്ഞും ഒരുവിധത്തില്‍ പിടിച്ചെടുത്ത ഉറക്കം കൃത്യം അഞ്ചുമണിക്ക് അശ്വിനിയുടെ പിടിവിട്ടോടിക്കളഞ്ഞു.   

(തുടരും)

നോവലിന്റെ മുന്‍ലക്കങ്ങള്‍ വായിക്കാം

Content Highlights:  Novel Manjil Oruval By Nirmala part 10