Sari is the sexiest dress
 
കുളിമുറിയുടെ ഒരു ഭിത്തിമുഴുവന്‍ കണ്ണാടി നിറഞ്ഞു നില്‍ക്കുകയാണ്.  മുറിയുടെ വലിപ്പം ഇരട്ടിയാക്കി കാണിച്ചുകൊണ്ട്. അതിനു മുന്നില്‍ വച്ചിരുന്ന പച്ചനിറമുള്ള പൂപ്പാത്രം അശ്വിനി ഒരരികിലേക്ക് മാറ്റി.  അതില്‍ മൂന്നുതണ്ട് വെളുത്ത ഓര്‍ക്കിഡ് പൂവുകളുണ്ട്.  താഴെ രണ്ടു ചെറിയ ഇലകളും. വലിയ കുപ്പിയുടെ ആകൃതിയിലുള്ള പൂപ്പാത്രത്തിന്റെ നടുവിലൊരു ദ്വാരമുണ്ട്.  പാഷന്‍ ഫോര്‍ ലിവിംഗ് എന്നു പേരുള്ള കടയില്‍ അശ്വിനി സമയംകൊല്ലാന്‍ കയറിയതായിരുന്നു. ഒറ്റനോട്ടത്തില്‍ പൂപ്പാത്രം അശ്വിനിയുടെ കൂടെയിറങ്ങിപ്പോന്നു.  
കുളിമുറിയുടെ മൂലയില്‍ വെച്ചിരുന്ന വിഴുപ്പ്കൊട്ട നിറയാറായിരുന്നു.  മോഹന്‍ കുളിച്ചു തുവര്‍ത്തിയ ടവ്വല്‍ ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്നതും കണ്ണാടിയില്‍ കാണാം. ഒന്നും ഒളിക്കാന്‍ പറ്റാത്ത കണ്ണാടി!       
 
അശ്വിനി വളരെ സാവധാനത്തില്‍ വസ്ത്രം മാറി.  മറ്റൊരാളുടെ ശരീരം കാണുന്നതു പോലെ അശ്വിനി അവളുടെ ശരീരത്തിനെ കണ്ടു.  കരഞ്ഞു വീര്‍ത്തുകെട്ടി മോറു ചുവപ്പിച്ചു നില്‍ക്കുന്ന മുലയില്ലായ്മയോട് അശ്വിനി കയര്‍ത്തു. 
''എന്താ ഇത്രക്ക് മൂക്കു ചീറ്റാന്‍!'' 
മുറിവിനു താഴെ വിങ്ങല്‍ മാറാന്‍ ഒന്നുകൂടി ചുറ്റിക്കെട്ടി വെച്ച് അശ്വിനി പുടവചുറ്റി. ഇനി എന്തു ചെയ്യണം എന്നാലോചിച്ചു പിന്നെ അവള്‍ സോഫയില്‍ ചാരിയിരുന്നു.  
''കാന്‍സര്‍ വര്‍ത്തമാനം മടുത്തല്ലോ റാണ. ആര്‍ക്കും എന്നോട് പറയാനും ചോദിക്കാനും വേറൊന്നുമില്ല.''
അശ്വിനി എവിടെ മുഖം കാണിച്ചാലും അവിടം കാന്‍സര്‍ കൊണ്ടങ്ങു നിറഞ്ഞു തുളുമ്പും. പരിചയത്തിലുള്ള ക്യാന്‍സര്‍ രോഗികളെക്കൊണ്ട് മുറി നിറയും. 
എന്റെ ഫ്രണ്ടിനു വന്ന കാന്‍സര്‍...
എന്റെ കൂട്ടത്തില്‍ ജോലി ചെയ്യുന്ന ആള്‍ടെ ഭാര്യക്ക് വന്ന കാന്‍സര്‍.....
ബോസിന്റെ പെങ്ങള്‍ടെ ഭര്‍ത്താവിനു വന്ന കാന്‍സര്‍....  
''ഞാനാകപ്പാടെ ഒരു ബഗണ്ടന്‍ കാന്‍സര്‍ ഗോളമായിപ്പോയില്ലേ റാണ! '  
'കാന്‍സര്‍ വന്നയാളോട് കാന്‍സറിനെപ്പറ്റിയല്ലേ പറയേണ്ടത് എന്നാവും അവരുടെ വിചാരം. '  വേണ്ടല്ലോ, അശ്വിനിക്ക് മതിയായല്ലോ!   
കാന്‍സര്‍ കഥകള്‍ തീര്‍ന്നു കഴിഞ്ഞാല്‍ പിരിമുറുക്കം തീര്‍ക്കാന്‍ കാലാവസ്ഥ, റോഡിലെ ട്രാഫിക് എന്നങ്ങനെ വേദനിപ്പിക്കാത്ത, മൃദുല വികാരങ്ങളെ മാന്തിപ്പറിക്കാത്ത പഞ്ഞിക്കട്ടകള്‍ പുറത്തു വരും.  മുറിവ് വേദനിക്കാതെ തലോടിയെടുക്കല്‍. ചിലതൊക്കെ സ്പിരിറ്റില്‍ മുക്കിയതും ആവും!  
 
ശരിയായിട്ടുള്ള വിശേഷങ്ങളൊക്കെ അവര്‍ പേഴ്‌സില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.  അശ്വിനിയുടെ ലോകം വിട്ടുകഴിയുമ്പോള്‍ യഥാര്‍ത്ഥ ജീവിതം പൊഴിയും. അവര്‍ക്കിടയില്‍ മാത്രം കൊച്ചുവര്‍ത്തമാനങ്ങള്‍ അടര്‍ന്നു വീഴും. ബ്രാ സൈസുകള്‍, സൗന്ദര്യം കൂട്ടുന്ന നുറുങ്ങു വിദ്യകള്‍, സ്ത്രീ പുരുഷ ബന്ധത്തിലെ മിന്നാമിന്നി കടങ്കഥകള്‍, ചീസ്‌കേക്ക് ബേക്കറിയിലെ ചെക്കന്റെ കിന്നാരം, ലിപ്സ്റ്റിക്കില്‍ പുതിയത്, ചെരിപ്പിന്റെ സെയില്‍, ഗോസിപ്പുകള്‍, വാര്‍ത്തകള്‍, അഭിപ്രായങ്ങള്‍, വിശേഷങ്ങള്‍ ങ്ങള്‍...ങ്ങള്‍...ള്‍...ള്‍...ള്‍! 
അശ്വിനി ഇ-മെയില്‍ മെസേജുകള്‍ വീണ്ടും നോക്കി.  ഓഫീസില്‍ നിന്നും ഒന്നുമില്ല.  കുറച്ചു നേരം ഫേസ്ബുക്കില്‍ കറങ്ങി നോക്കി. പുതിയ പോസ്റ്റുകള്‍ എന്തെങ്കിലുമുണ്ടെങ്കിലോ? 
 
അശ്വിനിയുടെ ഭിത്തിയില്‍ അവിനാഷ് ലൈക്‌സ് അശ്വിനി എന്ന് കണ്ടു. 
''ഛെ വൃത്തികെട്ട ഫേസ്ബുക്ക്. മൂത്രപ്പുരയുടെ ചുവരിലെപ്പോലെയാണല്ലോ!''     
അതിനിടയിലേക്ക് സ്വയംപ്രഭ ചോദ്യവുമായി വന്നു.  
''എന്താണ് പരിപാടി. നിനക്ക് എന്നെ വിളിച്ചു കൂടെ? ' 
ഔട്ട് ഓഫ് ഓഫീസ് നോട്ടിസ് കിട്ടിയാലും സ്വയംപ്രഭ ചോദ്യം ചെയ്യും.  
''ഉവ്വവ്വ... കോഴ്‌സാണോ അതോ ഒളിച്ചു താമസം ആണോ?''
ഫോണെടുത്ത് എറിയാന്‍ ആയുമ്പോള്‍ റാണ തടയുന്നു.
''സ്വയംപ്രഭയോട് ആണയിട്ട് ഞാന്‍ ക്ഷീണിച്ചിരിക്കുന്നു റാണ.''    
''ആകുട്ടി എപ്പോഴും നുണ പറയുന്നുണ്ട്. അതുകൊണ്ടാണ് നീ പറയുന്നതൊക്കെ വിശ്വസിക്കാന്‍ വിഷമം. സംശയം പിറക്കുന്നത് സ്വന്തം കള്ളത്തരങ്ങളില്‍ നിന്നാണ്.  അവിശ്വാസികളെ വിശ്വസിക്കരുത്!''
''തല നേരെ പിടിക്കാന്‍ ബുദ്ധിമുട്ടുള്ളപ്പോള്‍ എന്തു ചെയ്യും റാണാ?''  
''ഓടു...ഇട്ടിട്ട് ഓടിക്കോ... അതാണ് ജീവിതത്തിനു നല്ലത്. നമ്മളെ വിശ്വാസം ഇല്ലാത്തവരെ അപ്പോഴേ ഉപേക്ഷിക്കണം.  ഇല്ലെങ്കില്‍ അവരുടെ സംശയക്കയത്തില്‍ മുക്കികൊന്നുകളയും. ' 
'വിശ്വാസം അതല്ലേ എല്ലാം! '
ഇത് ജീവിതമാണ്, ജ്വല്ലറിയുടെ പരസ്യമല്ല എന്നൊക്കെപ്പറഞ്ഞ് അശ്വിനിയുടെ ഉത്തരവാദിത്തമില്ലായ്മയില്‍ റാണ പ്രതിക്ഷേധിച്ചു.   
ഓരോരുത്തരുടേയും കാലിലേക്ക് നൂലു നൂറ്റു കൂച്ചിക്കെട്ടി നൂറ്റുചിലന്തി കാത്തിരിക്കുന്നു.  നേരമ്പോക്കിന്.  പാവക്കൂത്താണ് നൂറ്റുചിലന്തിയുടെ നേരമ്പോക്ക്. അരങ്ങു ഒരുക്കി നൂലില്‍ ചുറ്റി വലിക്കുന്നു. വരൂ...വരൂ... കാലിട്ടിളക്കി...കൈയിട്ടടിച്ച് എന്റെ താളത്തിനു ചുവടു വയ്ക്ക്. എന്നെ സല്‍ക്കരിക്കുക! 
''ഇപ്പൊ മനസ്സില്ല! '
 
സ്വയംപ്രഭയുടെ ചോദ്യങ്ങളേയും സംശയങ്ങളേയും ഉപേക്ഷിച്ചു, ലഞ്ച് എന്നപ്രശ്‌നമാണ് അതിലും നല്ലതെന്നു നിനച്ച് അശ്വിനി എഴുന്നേറ്റു. പ്രഷര്‍കുക്കറാന്റിയുടെ ഇഡ്ഡലി-സാമ്പാര്‍, മെറിന്റെ കപ്പയിറച്ചി, ശാന്തിയുടെ ബിരിയാണി, മിത്രയുടെ അവിയലും ഉപ്പേരിയും -  ഒക്കെക്കൂടി മോഹനു പെരുന്നാളായിരുന്നു. എല്ലാം തീര്‍ന്നിരിക്കുന്നു. രാത്രി എട്ടു മണിക്ക് വീട്ടിലെത്തുന്ന മോഹനെ അടുക്കള ഇപ്പോള്‍ പ്രലോഭിപ്പിക്കുന്നില്ല.  അശ്വിനിയുടെ വായിലെ രുചികളെല്ലാം പോയി. കാശിക്കുപോയി. സുഖങ്ങളൊക്കെ വെടിഞ്ഞ് കാശി രാമേശ്വരത്തെക്ക്.  കല്യാണിയും കളവാണിയും ഇല്ലാതായാല്‍ അശ്വിനിയും ഇല്ലാതാവുമോ എന്ന ആശങ്കയില്‍ അവള്‍ കുറച്ചു ദിവസം ഉണ്ണാതെയും ഉറങ്ങാതെയും ഇരുന്നു നോക്കിയതാണ്.  
 
പക്ഷെ ഒരു ദിവസം എല്ലാം കൂടി ഭ്രാന്തെടുത്ത് മടങ്ങി വന്നു. വിശപ്പല്ല, പക്ഷേ എന്തെങ്കിലും തിന്നേ പറ്റൂ.  അല്ലെങ്കില്‍ ഭ്രാന്തു പിടിക്കും.
തിന്നണം.. തിന്നണം... 
ചവക്കണം...ചവക്കണം...
തിന്നണം..ചവക്കണം...
ചവക്കണം...തിന്നണം...
ണം...ണം..ണം..ണം!  
അശ്വിനിക്ക് കടല്‍ പായലില്‍ പൊതിഞ്ഞ, ചോറു ചേര്‍ത്ത സൂഷി, വസാബി ചേര്‍ത്തു കഴിക്കണം.  മൂക്കിലേക്ക് അണ്ണാക്കിലേക്ക് തുളച്ചു കയറുന്ന പച്ച നിറത്തിലുള്ള വസാബി. സൈനസ് ക്യാവിറ്റിയിലൂടെ നൂണ്ടിറങ്ങി കണ്ണില്‍ വെള്ളം നിറക്കുന്ന വസാബി.  അശ്വിനി പാതാളക്കൊതിയില്‍ തലകുത്തി മറിഞ്ഞു. അശ്വിനി വീണ്ടും ഫ്രിഡ്ജു തുറന്നു നോക്കി. വഴുതനങ്ങ, പടവലങ്ങ, മത്തങ്ങ, കോവയ്ക്ക, വെണ്ടയ്ക്ക ''ങ..ങ്ങ..ക..ഖ....''  
അശ്വിനി പച്ചക്കറികളെ പ്രാകി.  
 
ബ്രെഡ് ടോസ്റ്റാക്കുന്ന പാചകത്തിനോട് അശ്വിനിക്ക് തീരെയും ഇഷ്ടം തോന്നിയില്ല. ദോശയും ചമ്മന്തിയും തിന്നാനുള്ള ആഗ്രഹത്തില്‍ അവള്‍ നന്ദാസ് കിച്ചണിലേക്ക്‌ ഫോണ്‍ചെയ്തു. പതിനൊന്നു മണിക്കേ തുറക്കൂ എന്ന റെക്കൊഡിംഗ് കേട്ടതോടെ അശ്വിനി ഫോണ്‍ തിരികെവച്ച്  കൊടീന്‍ ചേര്‍ത്ത മൂന്നാം നമ്പര്‍ ടൈലനോള്‍ തിന്നുവിശപ്പുമാറ്റി.   
''ഈ ദിവസം ഉറക്കത്തിനു ഉഴിഞ്ഞിടാം!''     
അശ്വിനി ഒന്നാം ഉറക്കമെഴുന്നേറ്റു വരുമ്പോള്‍ കാറ്റ് തൊപ്പിയും സണ്‍ സ്‌ക്രീനുമായി പൊരിഞ്ഞ ചിരി ചിരിക്കാന്‍ തുടങ്ങിയിരുന്നു. ജൂണ്‍ചൂടിന്റെ ലഹരിയില്‍ ആഴ്ചയിലൊരിക്കല്‍ കിട്ടുന്ന പരസ്യക്കടലാസുകെട്ടുമായി  അശ്വിനി മുന്‍വരാന്തയിലിരുന്നു.    
പരസ്യങ്ങളില്‍ ചൂടുകാലം പാവാടക്കാലമായി മാറിയിരുന്നു. ഇറക്കം കുറഞ്ഞതും ഇടുങ്ങിയതുമായി പാവാടകള്‍ ചൂടില്‍ ഉലയുകയാണ്. പരസ്യപ്പത്രത്തിലെ പടങ്ങള്‍ പ്രലോഭിപ്പിക്കുന്നു. വാങ്ങൂ... അണിയൂ... സുന്ദരിയാവൂ... വിലക്കുറവ്... ലാഭം! 
 
ചുരുക്കും നീളവും കൂടിയ അലുത്ത ഏഷ്യന്‍ പാവാടകളിലേക്ക് ഫാഷന്‍ പടര്‍ന്നിട്ടുണ്ട്.  ചാരിത്ര്യശുദ്ധി കാത്തു സൂക്ഷിക്കുന്ന മുട്ടു മറഞ്ഞു കിടക്കുന്ന പാവാടകള്‍ ഇന്ത്യക്കാര്‍ക്കും സ്വീകാര്യമാണ്.  ആഭരണങ്ങളുടെ ഫാഷന്‍, ലോഹത്തില്‍ നിന്നും പ്ലാസിറ്റിക്കിലേക്കും, പ്ലാസ്റ്റിക്കില്‍ നിന്ന് മുത്തുകളിലേക്കും പിന്നെയും ലോഹത്തിലേക്കും  മാറി മറയുന്നു. പടങ്ങള്‍ കണ്ടങ്ങനെ മതിമറന്നിരുന്നപ്പോഴാണ് ഒരു കാറ് സാവധാനത്തില്‍ അശ്വിനിയുടെ ഡ്രൈവ്-വേയിലേക്ക് കയറിവന്നത്. കാറില്‍ നിന്നും വെയിലിന്റെ അതേ വോള്‍ട്ടേജിലുള്ള ചിരിയും കത്തിച്ചുപിടിച്ചു വിദ്യ ഇറങ്ങി വന്നു. തിടുക്കത്തില്‍ എഴുന്നേറ്റ് വീടിനുള്ളിലേക്ക് വിദ്യയെ സ്വീകരിക്കാന്‍ ഒരുങ്ങിയ അശ്വിനിയെ തടഞ്ഞ് വിദ്യ പടിയില്‍ അശ്വിനിക്കൊപ്പം ഇരുന്നു.  
''ഇദ് കഴിക്ക്!''
 
ബാഗിലെ പൊതി തുറന്ന് വിദ്യ ക്ഷണിച്ചു. പൊതിയില്‍ പൈനാപ്പിള്‍പ്പായസം, കിണ്ണത്തപ്പം, ചെമ്മീന്‍ വട.  
അശ്വിനി അമ്പരന്നു.  വിളിക്കാതെ, അപ്പോയിന്റെമെന്റ് എടുക്കാതെ ഒരാള്‍ വീട്ടില്‍ വരുന്ന പതിവ് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഇല്ലാത്തതാണ്. വിദ്യയെ അറിയും, ഇടയ്‌ക്കൊക്കെ കുശലം പറഞ്ഞിട്ടുണ്ട്. പക്ഷേ, അതിക്രമിച്ചു കടന്ന് ഭക്ഷണം കഴിപ്പിക്കാന്‍ മാത്രം അടുപ്പമില്ല. എന്തൊരു മര്യാദകേടാണത്! വല്ല കൂടോത്രവും ആയിരിക്കുമോ? കിണ്ണത്തപ്പത്തിന്റെ മധുരത്തില്‍ അശ്വിനി കൂടോത്ര ഭയം മറന്നു. 
''ഉം... നല്ല ടേസ്റ്റ്.'' 
അശ്വിനിയുടെ സ്വാദുമുകുളങ്ങള്‍ ഉന്മാദത്തിലായി. വിദ്യ പാചക വിദഗ്ദ്ധയാണെന്ന് അശ്വിനിക്ക് അറിയില്ലായിരുന്നു. 
''വിദ്യക്കെങ്ങനെ അറിയാം എനിക്ക് വിശന്നൂന്ന്? ' 
'വയ്യാണ്ടാവുമ്പോ നമുക്ക് ആരും വെച്ചു തരാനുണ്ടാവില്ല. ഞാന്‍ കുറെ പട്ടിണി കിടന്നിട്ടുണ്ട്.  എനിക്ക് രണ്ടും സിസേറിയന്‍ ആയിരുന്നു അശ്വിനി. ഒരാളിണ്ടായില്ല സഹായത്തിനു. '  
'വിദ്യയ്ക്ക് ഫ്രണ്ട്‌സ് ആരും പരിചയം ആയിരുന്നില്ലേ. '
'ഉം..ഫ്രെണ്ട്‌സ് വന്ന് കുട്ടിനെ കണ്ടു, ചായ കുടിച്ചു അവരടെ വീട്ടില് പോയി.  അവര്‍ക്കും അറിയില്ലായിരിക്കും. അവര്‍ക്കൊക്കെ അമ്മേം അമ്മായമ്മേം ക്കേണ്ടാരുന്നു പ്രസവത്തിന്റെ നേരത്ത്.  എനിക്കു മാത്രേ ആരും ഇല്ലാണ്ടിരുന്നുള്ളൂ.  അന്നേ തീരുമാനിച്ചതാണ്, വയ്യാണ്ടെ വരുന്നോര്‍ക്ക് ഭക്ഷണം കൊടുക്കണോന്ന്. '
'എന്തൊരു സ്വാദാണ് മറ്റാരെങ്കിലും തരുന്ന ഭക്ഷണത്തിന്. '  
'ശരീരത്തിനെക്കാളും ശ്രദ്ധിക്കേണ്ടത് മനസ്സിനെയാണ്.  പക്ഷേ, ശരീരം ശ്രദ്ധിക്കാതിരുന്നാ മനസ്സും ക്ഷീണിക്കും. '    
വിദ്യ കാന്‍സറിനെപ്പറ്റി ഒന്നും ചോദിച്ചില്ല.  നല്ല സ്വാദുള്ള ഭക്ഷണം കഴിക്കണം. ഡയറ്റൊന്നും അത്രക്കങ്ങു ശ്രദ്ധിക്കേണ്ട എന്നങ്ങനെ കുറച്ചു വിദ്യോപദേശങ്ങള്‍ കൊടുത്തു അശ്വിനിക്ക്. 
''എന്തെങ്കിലും കഴിക്കാന്‍ തോന്നുമ്പോ പറഞ്ഞാല്‍ മതി. ഞാന്‍ കൊണ്ടൊന്നു തരാം. '  
 
വിദ്യ യാത്ര പറയാന്‍ ഒരുമ്പട്ടപ്പോള്‍ അശ്വിനിക്ക് ഒരു വോട്ട് ഓഫ് താങ്ക്‌സ് പ്രസംഗം തിങ്ങിവന്നു. പക്ഷെ  വാക്കുകളൊക്കെ പള്ളക്കകത്ത് കിണ്ണത്തപ്പത്തിനു  അടിയിലായിപ്പോയി. അതിനെ എങ്ങനെ വലിച്ചു പുറത്തിടും! ഒടുക്കം വാക്കുകളോട് തോറ്റ് അശ്വിനിയുടെ കൈകള്‍ വിദ്യക്കു നേരെ നീണ്ടു. 
ചേര്‍ത്ത് കെട്ടിപ്പിടിക്കുമ്പോള്‍ അശ്വിനിയുടെ  ശ്വാസത്തിനു നൂറ്റിപ്പത്തു ഡിഗ്രി ഫാരന്‍ഹൈറ്റില്‍ കുറയാത്ത ചൂടുണ്ടായിരുന്നു.  
''എന്താ പറെണ്ടെന്നറിയില്ല വിദ്യ''  
അവസാനം അശ്വിനി ചെറിയൊരു തൊണ്ട വിറയലോടെ പറഞ്ഞു. 
''ഒന്നും പറയേണ്ട അശ്വിനി. അന്ന് സിനിമക്കു കണ്ടപ്പോ തോന്നി കൊറെ സങ്കടം ഉള്ളില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന്. '  
ഇപ്പോള്‍ വാക്കുകള്‍ അശ്വിനിയുടെ തൊണ്ടയില്‍ ശ്വാസനാളിക്കു പുറത്ത് കുത്തിയിരിക്കുകയാണ്. ശ്വാസം കടക്കാന്‍ സമ്മതം കൊടുക്കാതെ. എഴുന്നേറ്റു മാറാന്‍ പറഞ്ഞിട്ടു അനുസരിക്കാതെ.    
''ഉള്ളിലൊരുപാടു സങ്കടമുള്ളവരാണ് ദേഷ്യപ്പെടണത്. അത് ദേഷ്യപ്പെടണവരോട് തന്നെ ആയിരിക്കണമെന്നില്ല. '  
 
വിദ്യയുടെ വയലറ്റു പൂക്കളുള്ള കുര്‍ത്തിയില്‍ നോക്കി അശ്വിനി മിണ്ടാതെയിരുന്നു. മുറ്റത്തെ ലൈലാക്കിന്റെ അതേ നിറം.  
''വന്നു കാണണംന്ന് അന്നേരം മുതല്‍ വിചാരിക്കുന്നതാണ്.  ഇന്ന് ഈ ഭക്ഷണം പൊതികെട്ടി മൂന്ന് പ്രാവശ്യം ഈ വീടിന്റെ ഉമ്മറത്തൂടിപ്പോയി. വണ്ടി നിര്‍ത്തി കേറാന്‍ മട്യായിരുന്നു. പെട്ടെന്നൊരു ദിവസം ഇടിച്ചു കേറാനുള്ള മട്യേ. ' 
വയലറ്റു ദുപ്പട്ടകൊണ്ടു വിദ്യ ചിരിക്കുന്ന വായപൊത്തി.
''മൂന്നാമത്തെ തവണ അശ്വിനി പുറത്തിരിക്കുന്നത് കണ്ടപ്പോ എന്റെ വെപ്രാളം കണ്ടു ദൈവം കൊണ്ടിരുത്തീതാണെന്ന് തോന്നി. അല്ലെങ്കില്‍ ഈ നാട്ടിലാരെങ്കിലും പുറത്തെ പടിയിലിരുന്നു സെയില്‍ പേപ്പറ് നോക്ക്വോ? ' 
വിദ്യയുടെ വാക്കുകളപ്പോള്‍ അശ്വിനിയുടെ കണ്ണില്‍ വിരലിട്ടു കുത്തി.  ജീവിതത്തിന്റെ നടുവില്‍ ഒറ്റപ്പെട്ടുപോയവളാണ് വിദ്യ.  വിധിയാണോ, എല്ലാമറിയുന്ന ദൈവത്തിന്റെ ക്രൂരതയോ?  പ്രദീപിന്റെ അപകടം കഴിഞ്ഞ് അശ്വിനി വിദ്യയെ വിളിച്ചിട്ടില്ല.  കണക്കുകള്‍ സൂക്ഷിക്കാത്ത വിദ്യക്ക് അതു പ്രധാനമല്ല. 
 
ജീവിതത്തില്‍ ഓരോ നാല്‍ക്കവലയിലെത്തുമ്പോഴും കൂടെയുണ്ടായിരുന്ന കുറച്ചുപേര്‍ വേറെ വഴിതിരിഞ്ഞു പോവും. അപ്പോള്‍ പോയവരെ മാത്രം ഓര്‍ത്ത് നമ്മള്‍ ഇച്ഛാഭംഗപ്പെടും. തലതാഴ്ത്തി നടക്കും. ആ കവലയില്‍ വച്ചു തന്നെ കുറച്ചു പേര്‍ നമ്മുടെ വഴിയിലേക്ക് ഒപ്പം തിരിഞ്ഞകാര്യം നമ്മള്‍ ശ്രദ്ധിക്കാറില്ല. അവര്‍ തോളില്‍ തൊട്ട് അവരുടെ സാന്നിധ്യം അറിയിക്കുന്നത് വരെ. എല്ലാവരും  നഷ്ടങ്ങള്‍മാത്രം കണക്കുകൂട്ടി തലതാഴ്ത്തി നടന്നാല്‍ ചിലവഴികള്‍ ഒറ്റപ്പെട്ടവരുടെ കൂട്ടമായിമാറും. ഒരേസമയം വിചിത്രവും പരിചിതവുമായ ജീവിതയാത്ര. 
 
റാണ പറഞ്ഞത് അശ്വിനി അത്രക്കങ്ങു വിശ്വസിച്ചില്ല.  ഭക്ഷണം കഴിച്ച ക്ഷീണത്തില്‍ അവള്‍ ബാക്കിയുറക്കത്തിലേക്കു പോയി.  ഉറക്കം തീരുന്നതിനുമുന്‍പേ മുറിവു നോക്കാന്‍ മരിയ വന്നു. 
''How are you feeling dear'
'Sleepy.... very sleepy' അശ്വിനി പരിപൂര്‍ണ സത്യസന്ധയാവാന്‍ ശ്രമിച്ചുനോക്കി. 
അരയില്‍ തൂക്കിയിട്ടിരിക്കുന്ന ദ്രാവകസംഭരണി പഴയതുപോലെ പെട്ടെന്ന് നിറയുന്നില്ല.  
''ശുഭ ലക്ഷണം! മുറിവ് ഉണങ്ങാന്‍ തുടങ്ങിയതിന്റെ ലക്ഷണമാണത്.''
മരിയ ശബ്ദമുയര്‍ത്തി ചിരിച്ചു.  മുന്തിരിച്ചാറു മാറി ദ്രാവകത്തിനു ചെളി നിറമായിട്ടുണ്ട്. അതുനോക്കി മരിയ പ്രവചിച്ചു.   
''അത് ഇനിയും തെളിയാനുണ്ട്. രണ്ടു ദിവസംകൊണ്ട് നല്ല വ്യത്യാസമാവും. '
 
മരിയ പോയിക്കഴിഞ്ഞു സമയം വെറുതെ കെട്ടിക്കിടന്നപ്പോള്‍ അശ്വിനി മലയാളം ചാനലിലൂടെ ചുറ്റിക്കറങ്ങി. ഒരു ചാനലില്‍ കാതില്‍ കുടക്കമ്മലും നെറ്റിയില്‍ പല നിലകളില്‍ പൊട്ടുമായി പൂരം പോലെയൊരു പെണ്‍കുട്ടി ചറുപിറ വര്‍ത്തമാനം പറഞ്ഞു തന്നത്താന്‍ ചിരിക്കുന്നു. സ്‌നേഹം കുത്തിയൊലിക്കുന്ന പ്രണയ ഗാനങ്ങളാണ് മറ്റൊരു ചാനലില്‍.  ന്യൂസ് എന്നു പറയപ്പെടുന്ന ചാനലില്‍ ഒരു ചെക്കന്‍ തൊണ്ടകീറി പറഞ്ഞത് തന്നെ പിന്നെയും പിന്നെയും പറയുന്നു.  
''നെഞ്ചത്ത് കുടുക്കിയിട്ടിരിക്കുന്ന മൈക്രോഫോണിന്റെ ഉപയോഗം ഈ കുട്ടിക്ക് അറിഞ്ഞു കൂടായിരിക്കുമോ?'' 
 
മടുപ്പു മാറ്റാന്‍ അശ്വിനി മലയാളത്തില്‍ നിന്നും ഇംഗ്ലീഷ് ചാനലുകളിലേക്ക് ചാടിനോക്കി.  അശ്വിനിയുടെ കണ്ണുകള്‍ പക്ഷേ ആരുടേയും മുഖത്തുറയ്ക്കുന്നില്ല. അവളുടെ കണ്ണുകള്‍ സ്ത്രീകളുടെ നെഞ്ചിലേക്ക് വഴുതിപ്പോകുന്നു.   അശ്വിനിയുടെ പേരില്‍ നിങ്ങള്‍ക്ക് കേസെടുക്കാം. അശ്വിനിയൊരു തുറിച്ചു നോട്ടക്കാരിയാണ്.  ലെസ്ബിയന്‍ അല്ലെങ്കിലും അവളുടെ നോട്ടം പെണ്ണുങ്ങളുടെ മുലയിലേക്കു തന്നെയാണ്. രോഗമില്ലാത്ത മുലകള്‍, പാല്‍ച്ചിരി ചിരിച്ചു ബ്രായില്‍ തൊട്ടിലാടി.  ഭംഗിയും കൊഴുപ്പുമുള്ളവ, ആരോഗ്യമുള്ള. മുലകളെ അസൂയയും വിദ്വേഷവും കുത്തിനിറച്ചവള്‍ തിരികെ നോക്കി.
''ആരുടെയൊക്കെ മുലകളാണ് വെയ്പ്പുമുലകള്‍?''
 
വെന്‍ഡി മെസ്ലിയുടെ മുലകളും ക്യാന്‍സര്‍ എടുത്തു പോയതാണ്.  കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (CBC) ടെലിവിഷനില്‍ വെന്‍ഡിയും പീറ്റര്‍ മാന്‍സ്ബ്രിഡ്ജും നേരിട്ടു സംസാരിക്കുമ്പോള്‍ അശ്വിനിക്കു പണ്ടേ കൌതുകമായിരുന്നു.  കുറച്ചുകാലം ദമ്പതികളായി കഴിഞ്ഞു പിരിഞ്ഞവരാണ് സി.ബി.സി.യുടെ ഉയര്‍ന്ന റേറ്റുള്ള വാര്‍ത്തക്കാരാണ് വെന്‍ഡി മെസ് ലിയും പീറ്റര്‍ മാന്‍സ്ബ്രിഡ്ജും. പരിഭവങ്ങള്‍ പുറത്തു കാണിക്കാതെ തമ്മില്‍ കൊല്ലാനായാതെ എത്ര മര്യാദയോടെയാണ് അവര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത് എന്ന് അശ്വിനി വിമര്‍ശനക്കണ്ണ്‌കൊണ്ടു നോക്കാറുണ്ടായിരുന്നതാണ്. 
 
ഈയിടെയായി അശ്വിനി ശ്രദ്ധിക്കുന്നത് വെന്‍ഡി മെസ് ലിയുടെ വെച്ചു പിടിപ്പിച്ച മര്യാദയേക്കാള്‍ വെന്‍ഡിയുടെ വെപ്പുമുലകളിലാണ്.  അശ്വിനി വാര്‍ത്ത കേള്‍ക്കുന്നില്ല. ബ്ലൌസിനിടയിലൂടെ കുറച്ചെങ്കിലും കാണാന്‍ പറ്റുന്നുണ്ടോ,  ഇടത്തേതും വലത്തേതും തുലനത്തിലാണോ എന്ന് ചാഞ്ഞും ചരിഞ്ഞുമിരുന്നു അശ്വിനി നോക്കുന്നു. 
ഞരമ്പുരോഗി! ടി.വി.സ്‌ക്രീനിലെ മാത്രമല്ല, വഴിയില്‍ കാണുന്ന പെണ്ണുങ്ങളുടെയെല്ലാം മുലകളിലേക്ക് അശ്വിനി  തുറിച്ചുനോക്കുന്നുണ്ട്. സ്റ്റെയര്‍ മാസ്റ്റര്‍ - വായ്നോട്ടക്കാരെ വിശേഷിപ്പിക്കാന്‍ അശ്വിനിയും മോഹനും ജിംനേഷ്യത്തില്‍ നിന്നും കുത്തിയെടുത്ത ചെല്ലപ്പേരിപ്പോള്‍ അശ്വിനിക്ക് നന്നായി ചേരും!  
 
റീ-കണ്‌സ്ട്രക്ഷന്‍ സര്‍ജറിയെപ്പറ്റി ഡോക്ടര്‍ പറഞ്ഞത് അശ്വിനി ശ്രദ്ധിച്ചിരുന്നില്ല. ബോറന്‍ അറിവുകള്‍ എന്നു പറഞ്ഞവളുടെ ചെവി സീലുവെച്ചു. എല്ലാം അശ്വിനിയെ ബോറടിപ്പിക്കുകയാണ്. അശ്വിനി കാറ്റിനോട് ആജ്ഞാപിച്ചു. ''ശരി നാടകം കഴിഞ്ഞു.  ഇനി ജീവിതത്തിലേക്ക് മടങ്ങാം. ഇതൊക്ക മാറ്റിവെക്കു. ഈ റോള്‍ ബോറടിച്ചു തുടങ്ങിയിരിക്കുന്നു.'' അശ്വിനിക്കിപ്പോള്‍ പഴയ കോസ്റ്റ്യൂമിലേക്ക് മടങ്ങണം.  കീര്‍ത്തനയുടെ കൂടെ ഷോപ്പിംഗ്മാളുകളില്‍ കറങ്ങിനടക്കണം,  ഊണ് കൂട്ടത്തിനു സാരിചുറ്റി മുഖംമിനുക്കി പോവണം.  
 
മലയാളികൂട്ടുമാണ്. ചന്തത്തില്‍ ഒരുങ്ങണം. കീര്‍ത്തനയെ ഉടുപ്പിടുവിച്ചു, മുടികെട്ടി വെച്ചു, ഓമനക്കുട്ടിയാക്കി ടി.വി.ക്കു മുന്‍പിലിരുത്തി.   
അശ്വിനി സാരിയുടുക്കുന്നു. അടിപ്പാവാട പുക്കിളിനു താഴെ.  യോനിമേഖല ഒരേ വലിപ്പമുള്ള ഞൊറികള്‍ നിരത്തിയലങ്കരിച്ചു. ശിഷ്ടം അരക്കെട്ടിനെ മൃദുവായി തഴുകി ഒതുങ്ങിയ ഇടുപ്പിലൂടെ പൂവള്ളിയായി ചുറ്റിപ്പടര്‍ന്നു മുലകളെ പൊതിഞ്ഞു തോളിലേക്ക് ചായുന്നു.
കയ്യിനു ഭംഗി, വയറിനു ഭംഗി, കഴുത്തിനു ഭംഗി.
ഭംഗി..ഭംഗി... അതിഭംഗി! മോഹന്‍ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു കളിച്ചു. 
''അശ്ശേ.. വിടു..വിട്.'' 
ചിരി..ചിരി... 
''തിരിച്ചു വരുമ്പോ പിടിച്ചോളാം ഞാന്‍!'' 
മോഹന്റെ ഭീഷണി. 
ചിരി..ചിരി... 
കൂട്ടം, ആള്‍ക്കൂട്ടം. ചിരി.  
ആഹാരം.  
ആര്‍ത്തി 
ആഹാരം. 
സംസാരം.. 
ചിരി..ചിരി..
കൂട്ടച്ചിരി.. വെപ്പു ചിരി.. വെറുപ്പു ചിരി... വ്യാജച്ചിരി.. നാട്യച്ചിരി... സൂത്രച്ചിരി.. കാമ്പില്ലാച്ചിരി കൃത്രിമച്ചിരി... മടുപ്പു ചിരി... തലയാട്ടി യാത്രച്ചിരി എല്ലാം തീര്‍ത്തു വീടെത്തുമ്പോള്‍ തലയ്ക്കു പിടിച്ച ക്ഷീണം, അതിക്ഷീണം. ഉറക്കം..ക്കം..
മോഹനൊഴികെ. കീര്‍ത്തനക്കു പൈജാമ ഇട്ടുകൊടുത്ത് ഉറക്കാന്‍ കിടത്തിയിട്ട് മോഹന്‍ അശ്വിനിയുടെ സാരിത്തുമ്പില്‍ തൂങ്ങി. 
''ചെയ്ഞ്ചു ചെയ്യണ്ട, എനിക്കു സാരിയുടുത്തു വേണം.'' അശ്വിനി അങ്ങത്ഭുതപ്പെട്ടു. ചിരിച്ചുകൊണ്ടങ്ങത്ഭുതപ്പെട്ടു.
വീണ്ടും പുഞ്ചിരിച്ചത്ഭുതപ്പെട്ട് മോഹനോടു ചേര്‍ന്നിരുന്നു ടി.വി. കണ്ടു.
സാരിയുടുത്ത്... ചേര്‍ന്നിരുന്നു... ടി.വി. 
ടി.വി. പക്ഷെ വെറും ശബ്ദം. സ്‌ക്രീനില്‍ സാരിയുടുത്ത രതിദേവതകള്‍ തെക്കോട്ടും വടക്കോട്ടും നടക്കുന്നു. ഇടയൊതുങ്ങി, ഞൊറിവുകള്‍ നിരന്ന് തോളിലൂടൊഴുകി സാരി. ഒടുക്കം കീര്‍ത്തന ഉറക്കമായെന്നു ഉറപ്പാക്കി, അയാള്‍ സാരിക്കാരിയെ അരുമയോടെ കിടക്കയില്‍ വെച്ചു. പ്രണയം വഴിയുന്ന സാരി അടര്‍ത്തിയെടുത്തു. 
 
അശ്വിനി സാരിയലമാരയില്‍ വെറുതെ തിരഞ്ഞു.  സാരിക്കെന്തൊരു രതിയാണ്. കാമാസുന്ദരമാണത്.  സളു..സുള് സാരികളില്‍ വിരലോടിച്ചു അശ്വിനി കെഞ്ചി.  
''എനിക്ക് കോസ്റ്റ്യൂം മാറ്റണം.''  
എന്റെ റോള്‍ കഴിഞ്ഞിട്ടില്ലെന്ന് ക്യാന്‍സു തര്‍ക്കുത്തരം പറഞ്ഞു.  
''മാറ്റി വെക്കാന്‍ കഴിയാത്തൊരു ജീവിതമായി ഞാന്‍ നിന്റെ ഉള്ളിലല്ലേ?''  
വേരോടെ പിഴുതെടുക്കണം.  മുളച്ചയിടം കരിച്ചു കളയണം. വിത്തു പൊട്ടാതെ, വേരില്‍ നിന്നും മുളപൊട്ടാതെ. കുത്തിക്കുഴിച്ചു കരിച്ചു പുകച്ച മുലബാക്കി നിനക്കെടുക്കാം.  അതുമായി ജീവിതത്തിന്റെ നീളംകൂട്ടിപ്പിടിക്കാം. റാണാ പ്രതാപ് സിംഗ് മധ്യസ്ഥത പറഞ്ഞു.
 
(തുടരും)
 
 
Content Highlights: Novel Manjil Oruval By Nirmala, Grihalakshmi