The day Vishu changed
 
യോപ്‌സിക്കു മുന്‍പ് അശ്വിനിക്ക് കീര്‍ത്തനയെ കാണണം. അത് മോഹന് തീരെയും മനസ്സിലായില്ല. സെമസ്റ്റര്‍ കഴിയുന്നതിന്റെ തിരക്കിലും വെപ്രാളത്തിലുമല്ലേ കീര്‍ത്തന. അസൈന്‍മെന്റുകളും വല്യപരീക്ഷയുടെ പരിഭ്രമവും കൂട്ടി ഏപ്രിലില്‍ വീട്ടിലേക്ക് വരുന്നില്ല, ഇനി പരീക്ഷ കഴിഞ്ഞിട്ടേ ഉള്ളൂന്ന്! അവള്‍ തീര്‍ത്തു പറഞ്ഞതാണ്. 
'അവളോട് പറഞ്ഞൂടെ?'
-'വേണ്ട, കുട്ടിടെ പരീക്ഷ കഴിയട്ടെ. അവള് ആകെ നെര്‍വസാണ്. ഇനി ഇതും കൂടി പറഞ്ഞു ടെന്‍ഷന്‍ അടിപ്പിക്കേണ്ട.' 
-'എങ്കിപ്പിന്നെ പോയി കാണണത് എന്തിനാണ്? പരീക്ഷ കഴിഞ്ഞ് അവള്‍ടെ സാധനങ്ങള്‍ എടുക്കാന്‍ പോവണ്ടേ?' 
-'എനിക്ക് അവളെ ഒന്നു കാണണം. ഇത് അവള്‍ക്ക് വേണ്ടിയല്ല, This is for me!'   
മര്യാദയ്ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ലെങ്കില്‍ മര്യാദവിട്ട് ആക്രോശിച്ചേ പറ്റൂ.
  
അശ്വിനി കീര്‍ത്തനയ്ക്ക് പലഹാരങ്ങള്‍ പൊതിഞ്ഞുകെട്ടി. യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന സമയത്തു കിട്ടിയ ലഘുലേഖയിലെ മാതാപി
താക്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അവള്‍ ഒന്നുകൂടി വായിച്ചുനോക്കി.  അതില്‍ കുട്ടികള്‍ക്ക് കെയര്‍ പാക്കുകള്‍ കൊടുക്കുന്നത് നല്ലതാണെന്ന് പറഞ്ഞിട്ടുണ്ട്.  ഇനി പൊതികെട്ടുന്നതിനു മോഹന്‍ പ്രതിഷേധിച്ചാല്‍ തെളിവും ഡാറ്റയും വേണം അശ്വിനിക്ക്.  
 
യൂണിവേഴ്‌സിറ്റിയിലേക്കുള്ള നീണ്ട ഡ്രൈവില്‍ ബോബ് മാര്‍ലിയും ആവ്ര ലവീനും മാത്രമേ കാറില്‍ ശബ്ദിച്ചുള്ളൂ. മോഹന് പറയാന്‍ ഒരു വാക്കു പോലും ഉണ്ടായിരുന്നില്ല. ഏപ്രില്‍ അപ്പോള്‍ തണുത്തു കൂഞ്ഞിയ മഴയായി മരത്തില്‍ പിണഞ്ഞുകിടന്നു മോങ്ങുകയായിരുന്നു. കൂടിക്കിടന്നിരുന്ന മഞ്ഞുമലകളെ മഴ കഴുകിക്കഴുകി ഇല്ലാതാക്കിക്കൊണ്ടിരുന്നു.  വഴിയരികില്‍ ചിലയിടത്ത് കുന്നായി കൂടിക്കിടന്നതിന്റെ ശേഷിപ്പ് കുറച്ചുണ്ടായിരുന്നു. ചുളിഞ്ഞ് പാതിയൊലിച്ചുപോയി ചുറ്റുമുള്ള മണ്ണും ചെളിയും പടര്‍ന്ന്, മരണം കാത്തു കിടക്കുന്ന രോഗിയെപ്പോലെ. 
 
ഒന്നും ഉറച്ചു നില്‍ക്കുന്നില്ല. നേരിയ തണുപ്പത്ത് നിറയെ മുകുളങ്ങള്‍ നിറഞ്ഞ ചില്ലകുലുക്കി മരങ്ങളേയും ചെടികളേയുംകൊണ്ട് കാറ്റ് അതു ശരിവെപ്പിച്ചു.  വേരുകള്‍ ആകാശത്തേക്കു പടര്‍ത്തി മരം കാത്തിരിക്കുന്നു.  വസന്തമേ വരൂ... ഇളം മുകുളം പൂവായി ഇലയായി ചെടിയായി കാടായി ഫോട്ടോകള്‍ക്ക്  പിന്നണിയായി.  അങ്ങനെ ചിലച്ചും ചാലിച്ചും വസന്തത്തിന്റെ പിന്നാലെ ചൂടുകാലം ചൂടറിയിക്കാതെ കടന്നുകളയും.  
 
ക്യാമ്പസിനു മുന്നില്‍ പോപ്ലാര്‍ മരങ്ങളുടെ നിര യോദ്ധാക്കളെപ്പോലെ അറ്റെന്‍ഷനായി അസംബ്ലി നില്‍ക്കുന്നന്നത് അശ്വിനി ശ്രദ്ധിച്ചു.  ഡണ്‍ഡേണ്‍ കാസിലിന്റെ ഗേറ്റിനടുത്ത് നെടുങ്കന്‍ പോപ്ലാര്‍ മരങ്ങളുണ്ട്. അതില്‍ ഉണങ്ങി ഇലകള്‍ തവിട്ടുനിറമായിപ്പോയ ഒന്നിനെ ചൂണ്ടിക്കാണിച്ച് കീര്‍ത്തന പറഞ്ഞതാണ്.  
 
''നോക്ക് മമ്മൂസ്,  ഒരു ജയന്റ് കോണ്‍ഡോഗ്.''
നാടന്‍ ഉത്സവങ്ങളില്‍ കിട്ടുന്ന കോണ്‍ഡോഗ് കൊതിച്ചിയാണ്  കീര്‍ത്തന. കമ്പില്‍ തറച്ച് ചോളപ്പൊടി മാവില്‍ മുക്കിപ്പൊരിച്ച ബഗണ്ടന്‍ ഹോട്ട്‌ഡോഗാണ് കോണ്‍ഡോഗ്.  ആരോഗ്യത്തിനു നന്നല്ലെന്നു പറഞ്ഞു ഉത്സവത്തിനു മാത്രം കിട്ടുന്ന സല്‍ക്കാരം. ക്യാമ്പസിനുമുന്നില്‍ ചില്ലകള്‍ അടക്കിപ്പിടിച്ചു നില്‍ക്കുന്ന ഈ കോണ്‍ഡോഗുകളെ ഭാവനക്കാരി കണ്ടിട്ടുണ്ടാവുമോ? അതോ ഭാവനകളെല്ലാം ബയോളജി ബ്രെയിനില്‍ മുങ്ങിച്ചത്തിരിക്കുമോ? 
 
അശ്വിനി കീര്‍ത്തനയ്‌ക്കൊരു പുതിയ ടീഷര്‍ട്ട് വാങ്ങിയിട്ടുണ്ട്. കടുംചുവപ്പ് ചെമ്പരത്തിപ്പൂവിതളുകള്‍ വിതറിയ ടീഷര്‍ട്ട് അശ്വിനി വിടര്‍ത്തിക്കാണിച്ചു. 
''സ്പ്രിംഗിന്റെ സ്‌പെഷ്യല്‍ ആണെടീ.'' കീര്‍ത്തന അമ്മയെ തുറിച്ചുനോക്കി.
''അമ്മ ഇവിടെ ഫാഷന്‍ പരേഡൊന്നും ല്ല, ലേറ്റസ്റ്റ് ഇറക്കാന്‍!''
കീര്‍ത്തനയുടെ കണ്ണുകള്‍ക്കു ചുറ്റും കറുത്ത വളയങ്ങള്‍ കാണാനുണ്ട്. മുഖത്തൊന്നു തലോടി അശ്വിനി പറഞ്ഞു. ''പേടിക്കേണ്ട രന്ന. നീ പരീക്ഷയൊക്കെ നന്നായി ചെയ്യും.'' 
''ഉവ്വ, അമ്മേം അച്ചേം ഇങ്ങനെ വന്ന് പുന്നാരം അടിച്ചോണ്ടിരിന്നാ അത് നടക്കൂന്ന് തോന്നണില്ല.'' 
 
ഭക്ഷണപ്പൊതികളില്‍ കീര്‍ത്തനയ്ക്ക് കൗതുകമില്ല. യാത്രപറയാന്‍ മുറുക്കെ കെട്ടിപ്പിടിക്കുമ്പോഴും പിടിവിട്ടുമാറാനുള്ള അവളുടെ തിടുക്കം അശ്വിനി അറിഞ്ഞു. അവസാനം 'ബൈ രന്നാ'ന്ന് പറയുമ്പോഴും അശ്വിനി ഭയത്തോടെ കീര്‍ത്തനയുടെ മുലകളിലേക്കാണ് നോക്കിയത്. ഡോര്‍മിറ്ററിയുടെ വരാന്തയില്‍  നിന്നും പുറത്ത് കടക്കുന്നതിനുമുന്‍പേ ധുംന്ന് കീര്‍ത്തനയുടെ വാതിലടഞ്ഞു. 
ക്യാമ്പസിന്റെ മുന്നിലെ കോണ്‍ഡോഗു മരങ്ങളുടെ കാര്യം അവളോട് പറഞ്ഞില്ലല്ലോ എന്ന് അശ്വിനിയോര്‍ത്തു.  പറഞ്ഞിട്ടും കാര്യമില്ല, അവള്‍ കണ്ണുരുട്ടും.  കീര്‍ത്തനയുടെ തലയില്‍ സയന്‍സ് മാത്രമേയുള്ളൂ.
 
തിരികെ വീട്ടിലേക്കുള്ള യാത്രയില്‍ മഞ്ഞുരുകിയ വയലുകള്‍ നിരുത്സാഹപ്പെട്ടു കിടന്നു. മഴമേഘങ്ങളെ ഊതിയൂതിയൊരു കാറ്റ് വസന്തകാലത്തിന്റെ നനവുമണവുമായി സൂര്യപ്രകാശമന്വേഷിച്ചു  അവിടെ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു.  റോഡിനരികിലെ ടെലിഫോണ്‍ വയറുകളില്‍ വെള്ളം ഇറ്റുനില്‍ക്കുന്നു.  അതിലൂടെ എത്രലക്ഷം സന്ദേശങ്ങളാണ് കടന്നുപോകുന്നത്. ഉറുമ്പുകളുടെ ജാഥപോലെ  ഫോണില്‍ തൂങ്ങി തൂവി പോകുന്ന രഹസ്യങ്ങള്‍. ഫോണ്‍വയറില്‍ കടിച്ചു തൂങ്ങി സഞ്ചരിക്കാത്ത പല രഹസ്യങ്ങളുമുണ്ട്.   
 
കാര്‍ റേഡിയോ ഈസ്റ്റര്‍ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു. Drive to grandma's cottage looks quiet great at this moment.   
ഈസ്റ്ററിനു എല്ലാവരും തിരക്കിലാവും. കഴിഞ്ഞവര്‍ഷം ഗേള്‍പവറുകാരികള്‍ കുടുംബസമേതം അശ്വിനിയുടെ വീട്ടിലായിരുന്നു ലഞ്ച് കഴിച്ചത്. ഈ വര്‍ഷം മെറിന്‍ അമ്മയുടെ അടുത്ത്, മിത്ര കസിന്റെ വീട്ടില്‍. ഒന്നിച്ചു കൂടാമെന്നു പറഞ്ഞപ്പോള്‍ അശ്വിനി തന്നെയാണ് തിരക്കാണെന്നു പറഞ്ഞുഴപ്പിയത്.   
 
തിരിച്ചെത്തി വീടിനുള്ളിലേക്ക് കയറുന്നതിനിടയില്‍ ഭൂമിക്കടിയില്‍ നിന്നും കൂമ്പി വരുന്ന ഉള്ളിച്ചെടികളെ അശ്വിനികണ്ടു. ചീഞ്ഞും അഴുകിയും കിടക്കുന്ന ഇലകള്‍ക്കും നിറംകെട്ട മരപ്പൂളുകള്‍ക്കുമിടയില്‍ പച്ചനിറത്തിനു എന്തൊരു സൗന്ദര്യമാണ്. ഉള്ളിയിലയുള്ള ഡാഫൊഡൈലും ടൂലിപ്പും അശ്വിനി തിരിച്ചറിഞ്ഞു.  പെട്ടെന്നു പൂത്ത് ഇലകരിഞ്ഞ് തീര്‍ന്നു പോകുന്ന ജീവിതമാണെങ്കിലും വസന്തത്തിനു ഉദ്ഘാടനം നടത്തുന്ന ചെടികളാണത്.  ഉള്ളിന്റെയുള്ളില്‍ കടുംനിറത്തിലുള്ള പൂക്കളെ ഒളിപ്പിച്ചുവെച്ച ഹരിതാഞ്ജലികളില്‍ അശ്വിനി വാത്സല്യത്തോടെ തലോടി.    
 
വീടിനുള്ളിലെ ആകാശത്തോളം പെരുകുന്ന മൗനം അവളെ ശ്വാസംമുട്ടിക്കുകയാണ്. മോഹനു ചോദിക്കാനൊന്നുമില്ല. അശ്വിനിക്കു പറയാന്‍ ധാരാളമുണ്ട്.  കീര്‍ത്തനയുടെ കരുവാളിച്ച മുഖം, കുഴിഞ്ഞ കണ്ണുകള്‍, വെട്ടാത്ത നഖം, മുലകളില്‍ ഒളിച്ചിരിക്കുന്ന ടൈംബോംബുകള്‍... പക്ഷേ കേള്‍ക്കാനിഷ്ടമില്ലാത്തവരോടു പറയുന്നതെങ്ങനെയാണ്? പിന്നാലെ നടന്ന് ഞാന്‍ പറയുന്നത് കേള്‍ക്കൂ, ഞാന്‍ പറയുന്നത് കേള്‍ക്കൂന്ന് കെഞ്ചാന്‍ അശ്വിനിയെ കിട്ടില്ല. ഇങ്ങോട്ട് തരാത്തതൊന്നും അശ്വിനി അങ്ങോട്ടും തരില്ല.... ഇല്ലാ...ഇല്ല.. ഇല്ല..
 
അശ്വിനി അടുക്കളയിലേക്ക് തിരിഞ്ഞു. പാത്രങ്ങള്‍ അവളോട് കിന്നാരം പറഞ്ഞില്ല. അരിയുന്ന പലകയില്‍ പാവക്കയും പടവലങ്ങയും വട്ടത്തില്‍ ചിരിച്ചു.  പപ്പ..പ്പകോവക്കയും മുരിങ്ങക്കയും നീളത്തില്‍ ചിരിച്ചു. ക..ക്ക...ക്ക..
ഉരുണ്ടു പെരുത്ത ക്യാബേജ്. കണ്ടം തുണ്ടമാക്കണം. പിശു പിശെന്നരിഞ്ഞു തകര്‍ക്കണം.  മൂര്‍ച്ച കുറഞ്ഞ കത്തിക്ക് വഴങ്ങാതെ ഉരുണ്ടു കളിക്കുന്ന ക്യാബേജു കണ്ട് അശ്വിനി അഞ്ചിരട്ടി അരിശപ്പെട്ടു.   
ക്ണ്ടം.. തുണ്ടം.... ആനപ്പിണ്ടം! 
ആനപ്പിണ്ടം പോലെ ഉരുണ്ടുരുണ്ട ക്യാബേജുകളെ അശ്വിനി വെറുത്തു.  ഉരുണ്ടു വെറുത്തു.
വെറുതെ വെറു വെറുത്തു.. മോഹനു നിര്‍ദ്ദേശങ്ങളുണ്ട്.  
എണ്ണയരുത്.... തേങ്ങയരുത്....അരുതരുത്. ആരോഗ്യം...രോഗ്യം...ഗ്യം!
നിറം പോകരുത്. വെന്തു പോകരുത്. ഗുണം പോകരുത്... അരുതരുത്..ത്.  
രുചിവേണം... വേണം...വേണം അതിരുചി...രുചി..ചി! 
അശ്വിനി ക്യബേജിനെ, നെടുകെയും കുറുകെയും വെട്ടി നുറുക്കി ഫുഡ്‌പ്രോസസറില്‍ ഇട്ടു. 
ടക്ക്..ടക്ക്..ടക്ക്.....ഫുഡ്‌പ്രോസസറിലെ ബ്ലേഡിന്റെ വായ്ത്തലയില്‍ ക്യാബേജ് കുനുകുനൂന്ന് മുറിഞ്ഞു വീണു. പിശുപിശെന്നരിഞ്ഞ സൗന്ദര്യം ഇല്ലാത്ത ക്യാബേജിലകള്‍ക്ക് എണ്ണയില്ലാത്ത പാത്രത്തില്‍ ബ്രൗണ്‍ നിറമായിപ്പോയി.  അതുകൂട്ടി ഊണുകഴിക്കുന്ന മോഹന്റെ മുഖത്തിന് ചുവന്നനിറമായി.  മുറിക്കാത്ത ക്യാബേജു പോലെ വീര്‍ത്ത് വട്ടത്തില്‍ ആനപ്പിണ്ടം മോറ്. 
 
അശ്വിനിക്ക് ആനപ്പിണ്ടം ക്യാബേജ് വേണ്ട, അശ്വിനിയുടെ നെഞ്ചില്‍ ഒരു സൂചി തറയ്ക്കുന്നുണ്ട്. നീഡില്‍ ബയോപ്‌സി. അതുമതി, കുത്തിത്തുറന്ന് വെച്ചുകെട്ടേണ്ട. ഡോക്ടര്‍ ജബ്ബാര്‍ കരുതലോടെ പറഞ്ഞിരുന്നു. നീഡില്‍ ബയോപ്‌സിയാണെങ്കില്‍ ആ ഇടം മാത്രം മരവിപ്പിച്ചിട്ട് വേഗം കഴിയും. സര്‍ജിക്കല്‍  ബയോപ്‌സിക്ക് ബോധം കെടുത്തും. ഒരു നീളന്‍ മുറിവും കുത്തിക്കെട്ടുമുണ്ടാവും. അതിന്റെ വടു ഉണ്ടാവും. കൈ പൊക്കുമ്പോള്‍ കുറച്ചു ദിവസത്തേക്ക് വേദനയും കാണും. ഒരാഴ്ചയോ അതില്‍ കൂടുതലോ എടുക്കും പൂര്‍ണമായും സുഖപ്പെടാന്‍.ബയോപ്‌സി ചെയ്യുന്നത് റേഡിയോളജിസ്റ്റും ഡോക്ടര്‍ ജബ്ബാറും കൂടിയാണ്.   
 
എന്തോ ഒന്ന് അവിടെ  ഉണ്ടെന്നറിയാം. തുറന്നു നോക്കിയാലെ കൂടുതല്‍ അറിയാന്‍ പറ്റൂ. എന്തു കൂടുതല്‍? ഏതു സ്റ്റേജ്? മറ്റെവിടെയെങ്കിലും പടര്‍ന്നിട്ടുണ്ടോ എന്നൊക്കെ.അപ്പോള്‍ എനിക്ക് ക്യാന്‍സറാണെന്ന് നിങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞോ?
അങ്ങനെയല്ല, നീയൊരു എഞ്ചിനീയറല്ലേ?  ഒരു ഹെയര്‍ലൈന്‍ ക്രാക്ക് കണ്ടാലും അത് കുഴപ്പമില്ലാത്തതാണെന്നും, അകത്ത് വേറെ പ്രശ്‌നങ്ങളുണ്ടോ എന്നും, അപകടമുണ്ടാവുമോ എന്നൊക്കെ ഉറപ്പാക്കാന്‍ സമയം ചിലവാക്കില്ലേ? അതുപോലെ
ഡോക്ടര്‍ ജബ്ബാറിന് കാര്യങ്ങള്‍ കാരണം പറഞ്ഞു വിശദീകരിക്കാനറിയാം.  
 
ബയോപ്‌സി കഴിയുമ്പോള്‍ ചിലപ്പോള്‍ വേദനയും അസ്വസ്ഥതയും ഉണ്ടാവും. അന്നത്തെ ദിവസം  വിശ്രമിക്കുന്നതായിരിക്കും നല്ലത്. 
ഡോക്ടറിന്റെ ഉപദേശത്തെ മാനിച്ച് അശ്വിനി അവധിയെടുത്തു. ഉച്ചയ്ക്ക് ശേഷം ഞാന്‍ വീട്ടിലുണ്ടാവും. എന്താവശ്യം ഉണ്ടെങ്കിലും വിളിച്ചോളൂ.
 
തലേന്നു അശ്വിനി വിഷുക്കണി ഒരുക്കിയില്ല,  കീര്‍ത്തനയെ ഫോണില്‍ വിളിച്ച് വിഷുവിനെപ്പറ്റി പ്രസംഗിച്ചില്ല.  മോഹന്റെ കാപ്പി മേശപ്പുറത്തു കാത്തു വെച്ചില്ല. മത്തങ്ങ പോലെ വീര്‍ത്ത മുഖം കണികാണട്ടെ! അതുമതി ഈ വര്‍ഷത്തെ ഐശ്വര്യത്തിന്.  
ആശുപത്രിയിലേക്ക് വണ്ടിയോടിക്കുമ്പോള്‍ അനുവാദവും മുന്നറിയിപ്പുമില്ലാതെ മഴ വന്നു. ആശുപത്രിക്കുഞ്ഞമ്മ പണ്ടു പറഞ്ഞ കഥകളെല്ലാം മറന്നു പോയിരിക്കുന്നു. വീണ്ടും ചോദ്യങ്ങളുടെ ഘോഷയാത്രയാണ്.  അലര്‍ജി എന്തെങ്കിലുമുണ്ടോ? പേസ് മേക്കറുണ്ടോ? ചങ്കിലെന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ? കഴിഞ്ഞ ഏഴു ദിവസത്തിനിടയില്‍ ആസ്പിരിന്‍ കഴിച്ചിട്ടുണ്ടോ?  ആസ്പിരിന്‍ രക്തം നേര്‍പ്പിക്കും, മുറിവുണ്ടായാല്‍ രക്തം കട്ടപിടിക്കാതെ വരാം.
 
നേഴ്‌സുകൊടുത്ത പിസ്റ്റഷിയൊ പച്ച നിറമുള്ള ഗൗണിട്ട് അശ്വിനി മച്ചുനോക്കി മലര്‍ന്നുകിടന്നു.  
ദേ, മരവിപ്പിക്കാന്‍ ചെറിയ സൂചികൊണ്ടു കുത്താന്‍ പോവ്വാണ്.
ഡോക്ടര്‍ ജബ്ബാര്‍ തമാശ പറയാന്‍ ശ്രമിച്ചു. മരവിപ്പു വന്നുകഴിഞ്ഞപ്പോള്‍ ചെറിയൊരു പൊട്ടിന്റെ വണ്ണമുള്ള കമ്പിസിറിഞ്ചാണ് ഡോക്ടര്‍ അശ്വിനിയുടെ ടാറ്റയിലേക്ക് കുത്തിയിറക്കിയത്. ബൂബ്‌സെന്നു മാത്രമല്ല മുലയ്ക്ക് ടാറ്റ എന്നും പുന്നാരപ്പേരുണ്ട്.   
ലൈറ്റിന്റെ കത്തുന്ന വെളിച്ചം കണ്ണിനെ ശല്യപ്പെടുത്തിയതുകൊണ്ട് അശ്വിനി കണ്ണടച്ചു.
 
കുറച്ച് പ്രഷര്‍ തോന്നും. വേദനയൊന്നും ഉണ്ടാവില്ല. സാമ്പിള്‍ ടിഷ്യു എടുക്കുകയാണ്. ഡോക്ടര്‍ ജബ്ബാറിന്റെ റണ്ണിംഗ് കമന്ററികേട്ട് അശ്വിനി കിടന്നു. അതിനു പശ്ചാത്തലമായി ഉപകരണങ്ങളുടെ ക്ലിക്ക് ക്ലാക്ക് ശബ്ദങ്ങള്‍, ഇരമ്പം മൂളക്കം. എല്ലാം കഴിഞ്ഞു. സാവധാനത്തില്‍ എഴുന്നേറ്റ് നിനക്ക് ഡ്രസ്സ്‌ചെയ്യാം. വാലറി സഹായിക്കും. അതു പറഞ്ഞു ഡോക്ടര്‍മാര്‍ രണ്ടുപേരും മുറിക്കു പുറത്തുപോയി. നേഴ്‌സ് വാലറി അശ്വിനിയുടെ കൈപിടിച്ച് എഴുന്നേല്ക്കാന്‍ സഹായിച്ചു.  വലത്തെ മുലയില്‍ ബാന്റേജ് ഒട്ടിച്ചു വെച്ചിരിക്കുകയാണ്. മുലയ്ക്ക് കൂട്ടിനു ഐസ്പാക്കും കൊടുത്തു വാലറി നേഴ്‌സ്. പാവം ഇടത്തെ മുല അവഗണിക്കപ്പെട്ട കുട്ടിയെപ്പോലെ മിണ്ടാതെയിരുന്നു. 
 

women

 
വേദനയുണ്ടെങ്കില്‍ ടൈലനോള്‍ കഴിക്കാം. ആസ്പിരിന്‍ ഒഴിവാക്കുക. ഇരുപത്തിനാലു മണിക്കൂര്‍ നേരത്തേക്ക് കഠിനമായിട്ടൊന്നും ചെയ്യേണ്ട. വ്യായാമം, ഭാരമുള്ള സാധനങ്ങള്‍ കൈകൊണ്ടു പൊക്കിയെടുക്കുക അങ്ങനെയൊക്കെ. ചിലപ്പോ കുറച്ചു നിറവ്യത്യാസം ഉണ്ടാവും. ചെറിയ ചതവ് ഉണ്ടാവാനും മതി. മൃദുവായ സ്ഥലമല്ലേ. ഇതൊക്കെ അല്ലാതെ എന്തെങ്കിലും അസ്വസ്ഥതയോ, രക്തസ്രാവമോ, പനിയോ, നീരോ ഉണ്ടായാല്‍ അറിയിക്കണം. ഈ നമ്പറില്‍ വിളിക്കണം. വാലറിയുടെ നിര്‍ദ്ദേശവലയില്‍ നിന്നൂരി പുറത്തുകടക്കാന്‍ ധൃതിപിടിച്ചു അശ്വിനി.  ഐസ്പാക്ക് അവളെ കിടുകിടെ തണുപ്പിച്ചു. 
 
വീട്ടിലെത്തി തുണിമാറിയുടുത്ത്  അശ്വിനി കിടക്കയിലേക്ക് വീണു.പ്രശ്‌നം എന്തെങ്കിലും ഉണ്ടോ? ഞാന്‍ നിക്കണോ? 
ഒരു പ്രശ്‌നവും ഇല്ല, വേഗം പൊയ്‌ക്കോളൂ... മോഹന്‍ തിരക്കുകള്‍ വിശദീകരിക്കുന്നതിനു മുന്‍പേ അശ്വിനി അയാള്‍ക്ക് പരോള്‍ അനുവദിച്ചു.  കീര്‍ത്തനയ്ക്ക് ഒരു മെസേജ് അയക്കണമെന്ന് അശ്വിനിക്ക് തോന്നി. വേണ്ട, അവളെ ശല്യപ്പെടുത്തേണ്ട. കീര്‍ത്തനയിപ്പോള്‍ ധും എന്നടഞ്ഞു പോയ ഒരു വാതിലാണ്.  
 
ധും! കാറിന്റെ വാതില്‍ വലിച്ചടച്ച് മോഹന്‍ പറക്കുന്നു.  പറ പറക്കുന്നു.  രോഗത്തില്‍ നിന്ന്, പ്രത്യേകിച്ച് രോഗിയില്‍ നിന്ന്!!
തലേരാത്രി ഉറങ്ങാത്ത ക്ഷീണത്തില്‍ അശ്വിനി സോഫയില്‍ തന്നെ ഉറങ്ങി. ഉണര്‍ന്നപ്പോള്‍ അവള്‍ ഇടത്തെ മുലയെ ആശ്വസിപ്പിച്ചു.
സാരോല്ലടാ!
 
ടി.വിയില്‍ എല്ലെന്‍ ദിജെനറസ് ജോര്‍ജ് ക്ലൂണിയോടു സംസാരിക്കുകയായിരുന്നു. എല്ലനെ ചിരിയില്ലാതെ കണ്ടിട്ടില്ല. അശ്വിനി സോഫയില്‍ കിടന്നു തന്നെ ഫോണില്‍ ഇമെയിലുകള്‍ നോക്കി. അന്‍പത്തി മൂന്ന് മെസേജുകള്‍ വന്നിട്ടുണ്ട്. ഉണര്‍ന്നുതീരുന്നതിനു മുന്‍പേ പിന്നെയും ഉറക്കത്തിലേക്ക് മറിഞ്ഞുപോയി. മൂന്നുമണിക്ക് സോഫയില്‍ നിന്നും അശ്വിനി എഴുന്നേറ്റു.  ഊണുമേശയില്‍ ലാപ്‌ടോപ് വെച്ചു ജോലിയിലേക്ക് തിരിഞ്ഞു. മൗസ് നീക്കുമ്പോള്‍ നെഞ്ചത്ത് നല്ല വേദനതോന്നി.   
 
ബോറടിച്ചു കറങ്ങിക്കറങ്ങി അശ്വിനി ഫേസ്ബുക്കില്‍ ചെന്നെത്തി. പിറന്നാളുകാര്‍ക്ക് ആശംസകള്‍. മോശം വാര്‍ത്തകള്‍ക്ക് താഴെ കരച്ചില്‍ മുഖം അങ്ങനെയൊക്കെ അവള്‍ ചുറ്റിക്കറങ്ങി.  സെലീനയുടെ പോസ്റ്റില്‍ യദു മറുത്ത് അഭിപ്രായം പറഞ്ഞത് പ്രശ്‌നമായിട്ടുണ്ട്. രണ്ടു പക്ഷവും ചേര്‍ന്ന ആളുകള്‍ കമന്റോടു കമന്റ്. കാടുകയറി തുടങ്ങിയ വിഷയം എന്താണെന്ന് തന്നെ ആളുകള്‍ മറന്നിരിക്കുന്നു. സെലീന എന്തു പോസ്റ്റിട്ടാലും ലൈക്ക്മഴ പെയ്യുന്നത് എന്താണെന്ന് തനിക്കറിയാം എന്നാണു യദുവിന്റെ ഒരു ആരാധകന്‍ വാദിക്കുന്നത്.  
ഈശ്വരാ, അതും സെലീനയുടെ പോസ്റ്റും തമ്മില്‍ എന്തു ബന്ധമാണാവോ!  
 
കുറച്ചു ഫ്രണ്ട് റിക്വസ്റ്റുകള്‍ വന്നു കിടന്നതിലൂടെ അശ്വിനി കണ്ണോടിച്ചു. സാധാരണ പരിചയമില്ലാത്ത ആരേയും അശ്വിനി ഫേസ്ബുക്ക് സുഹൃത്തുക്കളാക്കാറില്ല. മിത്രയുടെയും, മെറിന്റെയും, ശാന്തിയുടെയും... പേജുകള്‍ നോക്കി. മിത്ര നാട്ടില്‍ പോകുന്ന കാര്യം ലോകത്തോടു പറഞ്ഞിട്ടുണ്ട്. വീടു കൊള്ളയടിക്കാന്‍ എളുപ്പമായല്ലോ എന്ന് ഒരു അഭിപ്രായം ഇടാന്‍ അശ്വിനിക്ക് തോന്നി. ഇല്ല, അവള്‍ക്കെന്നല്ല, ആര്‍ക്കും ഇഷ്ടമാവില്ല അശ്വിനിയുടെ പിന്തിരിപ്പന്‍ തമാശ. 
 
കീര്‍ത്തന കൂപ്പറിനെ കെട്ടിപ്പിടിച്ചു നിലത്തിരിക്കുന്ന പടം അവള്‍ പോസ്റ്റു ചെയ്തു. പത്തു വര്‍ഷം പഴയതാണ്. പോസ്റ്റിട്ട് കൈയെടുക്കും മുന്‍പേ അതിനൊരു ലൈക്ക് വീണിരിക്കുന്നു. ഹോ, ആരാണ് ഫേസ്ബുക്കില്‍ അശ്വിനിയുടെ നീക്കങ്ങള്‍ നോക്കിയിരിക്കുന്നത്?  സ്വയംപ്രഭ തന്നെ! അശ്വിനി പടം ഒന്നു കൂടിനോക്കി. കീര്‍ത്തനയുടെ മുഖം നന്നായി കാണാന്‍ പറ്റില്ല. ങാ, കിടക്കട്ടെ.  
അശ്വിനി ഫേസ്ബുക്കിന്റെ ആരാധികയായിരുന്നില്ല. അത് ഒരുമാതിരി സീക്വിന്‍സ് വെച്ചുപിടിപ്പിച്ച ചുരിദാറു പോലെയെന്നാണ് അവള്‍ വിശേഷിപ്പിച്ചത്.  ഗില്‍റ്റും പളപളപ്പും കൂടുതലാണെങ്കിലും കാലത്തിനൊത്ത് കോലം കെട്ടണ്ടെ?  ഔട്ട് ഡേറ്റഡ് ആയിപ്പോവാതെ നോക്കണം.  
 
ഞാന്‍ വിളിച്ചപ്പോള്‍ നീ ഫോണെടുത്തില്ല. തിരക്കുകാരിക്ക് എഫ്.ബി.യില്‍ കറങ്ങാന്‍ സമയമുണ്ടല്ലേ! സ്വയംപ്രഭയുടെ പരാതി മെസ്സേജ് ബോക്‌സില്‍ വന്നു. ഒന്നു സൈ്വര്യം കിട്ടാന്‍ എങ്ങോട്ടു പോകണം?  ഒരു അപ്പോയിന്റ്‌മെന്റ് ഉണ്ടായിരുന്നു. 
 
പ്രഭ അതിനു മറുപടി അയച്ചില്ല. സ്വയംപ്രഭ വീണ്ടും പിണങ്ങിയിരിക്കുന്നു. അല്ല, ഈ കുട്ടി പിണങ്ങാതിരിക്കുമ്പോ സംശയിച്ചാല്‍ മതി, പ്രശ്‌നം എന്തോ ഉണ്ടല്ലോന്ന്.  അപ്പോള്‍ കണക്കാക്കാം, എന്തോ ആവശ്യം ഉണ്ടെന്ന്. അല്ലാത്തപ്പോഴൊക്കെ എന്തോ തെറ്റ് ദേ, അശ്വിനി ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കും. 
 
പ്രഭയുടെ കടയുടെ പ്ലാന്‍വരച്ചു കൊടുത്തത് അശ്വിനിയാണ്. സിറ്റിയില്‍ നിന്നും അനുമതികിട്ടാനുള്ള  അപേക്ഷക്കും അശ്വിനി  സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്നു. ആ കാലത്തു സ്വയംപ്രഭ ദാസീഭാവത്തില്‍ താണുവീണു, അശ്വിനിയെ സിംഹാസനത്തില്‍ പ്രതിഷ്ഠിച്ചു. അമിതാരാധനയില്‍ അശ്വിനിക്ക് അന്നേ അസ്വസ്ഥത തോന്നിയിരുന്നു.  ഇപ്പോള്‍ സ്വയംപ്രഭക്ക് പരാതികളെ ഉള്ളൂ. അവള്‍ വിളിക്കുമ്പോള്‍ വിളിപ്പുറത്തുണ്ടാവണം.  ഇല്ലെങ്കില്‍ അതിനര്‍ത്ഥം അശ്വിനി ദുഷ്ടയും സ്‌നേഹമില്ലാത്തവളും ആണെന്നാണ്.   
 
ഇന്‍ബോക്‌സില്‍ പിന്നെയും പ്രഭയുടെ മെസേജുകള്‍ വന്നുകൊണ്ടിരിന്നു. അശ്വിനി ഒന്നുകൂടി ഫോണ്‍ എടുക്കാത്തത് മനപൂര്‍വ്വമല്ല,  വീട്ടിലുണ്ടായിരുന്നില്ല എന്ന് സത്യം പറയാന്‍ ശ്രമിച്ചുനോക്കി.  വെറുതെ! നുണ. കല്ലുവെച്ച നുണ!!  ഇമോജികളുടെ പ്രളയം, തലയില്‍ പേന്‍ കയറിയ രാവണനെപ്പോലെ സ്വയംപ്രഭ പെരുകുകയാണ്. പത്തു തലയും, തല നിറയെ നാവും, നാവു നിറയെ കണക്കുകളും അശ്വിനിക്കെതിരായ തെളിവുകളും പതഞ്ഞു പരക്കുകയാണ്. ഫേസ്ബുക്കില്‍ നിന്നുപുറത്തു ചാടി, ലാപ്‌ടോപ് ശക്തിയിലൊന്നടച്ച് അശ്വിനി ആശ്വസിക്കാന്‍ ശ്രമിച്ചു.
(തുടരും)
 
 
Content Highlights: Novel Manjil Oruval By Nirmala