മോഹന്‍, നീ എവിടെയാണെന്നെ കൊണ്ടുവിടാന്‍ ഉദ്ദേശിക്കുന്നത്? കേടുവന്ന സാധനങ്ങള്‍ ഉപേക്ഷിക്കുന്ന ചവറ്റുകൂനയിലോ? അതോ റീസൈക്ലിങ് തൊട്ടിയിലോ? നില്‍ക്ക്, അതുവരെ ആയിട്ടില്ല. ഇപ്പോഴും അശ്വിനി ഒരു ബ്രില്യന്റ് എഞ്ചിനീയറും ഗവേര്‍ണസും ആണ്. ചര്‍ച്ച ചെയ്യണമെന്നേ ഡോക്ടര്‍ പറഞ്ഞിട്ടുള്ളൂ. ചര്‍ച്ചയില്‍ അശ്വിനി സമര്‍ത്ഥയാണ്. മോഹനെപ്പോലെ സ്വന്തം അറിവും വിശ്വാസവും അടിച്ചേല്‍പ്പിക്കലല്ല ചര്‍ച്ച. രോഗമല്ല, അഭിനയമാണെന്ന മോഹന്റെ അടിച്ചേല്‍പ്പിക്കല്‍ അശ്വിനിക്കാവശ്യമില്ല. കുഴപ്പമാണോ അല്ലേന്ന് ഉറപ്പിക്കാന്‍ ക്ഷമവേണം. കാത്തിരിക്കണം. ഓരോന്നിനും അതിന്റെ സമയമുണ്ട്. കാത്തിരിപ്പാണ് അശ്വിനിക്ക് പിടിക്കാത്തത്. 
 
ഡോക്ടറെ കാണാന്‍ രണ്ടാഴ്ച കാത്തിരിപ്പ്. അതുകഴിഞ്ഞ് ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ടെസ്റ്റുകള്‍ ചെയ്യാന്‍ കാത്തിരിപ്പ്. പിന്നെ അതിന്റെ ഫലം വരാനുള്ള കാത്തിരിപ്പ്. ഫലം നോക്കി അടുത്തപടി അറിയാനുള്ള കാത്തിരിപ്പ്. ചികിത്സ തുടങ്ങാന്‍ കാത്തിരിപ്പ്. പിന്നെ അത് ഫലിച്ചോ ഇല്ലയോന്നറിയാനുള്ള കാത്തിരിപ്പ്. അശ്വിനിക്ക് കാത്തിരിക്കാന്‍ പറ്റില്ല!ഇന്നത്തെ കാര്യം ഇന്നലെ അറിയേണ്ട ആളാണ് അശ്വിനി. അപ്പോഴല്ലേ ഒടുക്കത്തെ കാത്തിരിപ്പുജാഥ! 
 
ഓഫീസിലെത്തിയ അശ്വിനി മറുപടി കാത്തുകിടക്കുന്ന ഇമെയിലുകളിലേക്ക് തിരിഞ്ഞു. ഗേള്‍പവര്‍ ഗ്രൂപ്പില്‍ മിത്രയുടെ മെസേജുണ്ട്. ഞാന്‍ നാട്ടില്‍ പോവുകയാണ്. അതിനു മുന്‍പ് നമുക്ക് കാണേണ്ടേ? എന്തെങ്കിലും കൊണ്ടു പോവാനുണ്ടോ? എന്താണ് കൊണ്ടുവരേണ്ടത്? ബ്ലൗസ് തുന്നാനുണ്ടെങ്കില്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി എഴുതി അളവുബ്ലൗസില്‍ പിന്ന് കുത്തിവെയ്ക്കാന്‍ മറക്കരുത്. അവിടെയെത്തി പെട്ടി തുറന്നു കഴിയുമ്പോ ഞാനെന്റെ ബ്ലൗസ് ഏതാണെന്ന് തന്നെ മറക്കും. അതിനു മറുപടികളും മറുപടികള്‍ക്ക് മറുപടികളും തമാശകളും പരിഹാസങ്ങളും വന്നിട്ടുണ്ട്. പ്രത്യേകിച്ചൊന്നും വേണ്ട, നല്ല യാത്ര, അര്‍മാദിക്കുക!       
 
കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കി അശ്വിനി ഒറ്റവാചകത്തില്‍ മറുപടി അയച്ചു. ആരേയും മുഖം കാണിക്കുന്നില്ല. അശ്വിനിക്ക് ഒളിച്ചു കളിക്കണം. അരിമണി എന്താവുമെന്നറിയുന്നതുവരെ അശ്വിനിക്ക് ചോദ്യങ്ങള്‍ വേണ്ട, ഉത്തരങ്ങള്‍ കൈവശമില്ല.  
 
കീര്‍ത്തന സെമസ്റ്റര്‍ കഴിയാറായതിന്റെ പീഡയിലായിരുന്നു. മാര്‍ച്ച് അവസാനത്തോടെ ക്ലാസുകള്‍ കഴിയും. ആകെ നാലുമാസമുള്ള സെമസ്റ്ററില്‍ മുഖ്യ പ്രോജക്ടുകള്‍, അസൈന്‍മെന്റുകള്‍, പേപ്പറുകള്‍ എല്ലാം പൂര്‍ത്തിയാക്കണം. ഏപ്രില്‍ വല്യപരീക്ഷയ്ക്കുള്ളതാണ്.  അതുകഴിഞ്ഞാലുടന്‍ കീര്‍ത്തനയ്ക്ക് അവധിക്കാല ജോലിയിലേക്ക് പോവണം. ആശിച്ചുകിട്ടിയ ജോലിയെപ്പറ്റി കീര്‍ത്തന വിശദമായി എഴുതിയിട്ടുണ്ടായിരുന്നു. മെയ് മുതല്‍ ആഗസ്റ്റ് അവസാനംവരെ റിസേര്‍ച്ച് അസിസ്റ്റന്റ് ആയി ടോറന്റൊ മെഡിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റി റ്റിയൂട്ടിലാണ് ജോലി.  
 
യൂണിവേഴ്‌സിറ്റിയിലെ നാലുമാസയവധി ജോലി ചെയ്യാനുള്ളതാണ്. പ്രവര്‍ത്തിപരിചയവും ഫീസിനുള്ള പണവും ഈ സമയംകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടുന്നത്. ചിലര്‍ക്കൊക്കെ ഒരു ചെക്കനേയും! കൂട്ടുകാരികള്‍ ആര്‍ത്തുചിരിക്കുന്നു. യൂണിവേഴ്‌സിറ്റിക്കാലം അശ്വിനിയെ മോഹിപ്പിച്ചു. മോഹന്റെ കമ്പനിയിലായിരുന്നു അശ്വിനിയുടെ രണ്ടാം
വര്‍ഷത്തെ സമ്മര്‍ജോലി. നാടെല്ലാം പൂത്തുലഞ്ഞ്, കായവിളഞ്ഞ് മൂക്കുന്ന നാലു ചൂടുമാസങ്ങള്‍. ഐ.ടി.ക്കാരന്‍ എഞ്ചിനീയറിംഗിലെ സ്റ്റുഡന്റിനെ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു.  
 
പ്രോഗ്രാമിങ് വളരെ എളുപ്പമാണ്. സാധാരണ ചോദ്യങ്ങള്‍ക്ക്  ലോജിക്കലായിട്ടുള്ള ഉത്തരം പറയുക. അത്രേയുള്ളൂ. ഇതാ, യൂണിവേഴ്‌സിറ്റിയിലെ മാര്‍ക്ക് നോക്കി, പാസായോ ഇല്ലേന്ന് സ്‌ക്രീനില്‍ കാണിക്കുന്നതിന്റെ ലോജിക് ഇതാണ്. 
Is final mark over or equal to 60? 
ഇതിന് അതെ എന്നോ അല്ല എന്നോ രണ്ടേ രണ്ട് ഉത്തരമേയുള്ളൂ.
അതെ എന്നാണെങ്കില്‍ പാസായി. അല്ല എന്നാണെങ്കില്‍ തോറ്റു.  
ഓ, ഇങ്ങനെ സിമ്പിളായി കംപ്യൂട്ടറിനോട് പറയാന്‍ പറ്റുമോ? 
ഹ..ഹ...കംപ്യൂട്ടറിനോട് പറയാന്‍ അതിന്റെ ഭാഷ പഠിക്കണം. പ്രോഗ്രാമിങ് ലാംഗ്വേജസ്. പക്ഷെ ബേസിക്കായിട്ടുള്ള ലോജിക് ഒന്നാണ്. സ്യൂഡോ കോഡ് ഇംഗ്ലീഷിലെഴുതാം.
If mark is greater than or equal to 60 
then display 'Passed'
Else   display 'Failed'. 
പുതിയ അറിവില്‍ കണ്ണുമിഴിപ്പിച്ചു നില്‍ക്കുന്ന വിദ്യാര്‍ത്ഥിനി അടുത്ത സ്യൂഡോകോഡില്‍ പൂത്തുലയുന്നു.  
If you are free this evening 
then we can have dinner at china-chalet, 
otherwise Mohan will eat alone. 
If Ashwini's evening programs = 0 
then Mohan's dinner = wonderful
Else  Mohan's dinner = dull 
പ്രണയത്തിന്റെ സ്യൂഡോ കോഡുകളില്‍ ചുട്ടുപഴുത്ത കാലം അശ്വിനിയെങ്ങനെ മറക്കും?
 
അരിമണി വെറും തോന്നലാണെന്ന് മോഹന് ഉറപ്പുണ്ടെങ്കിലും അശ്വിനിക്ക് അതില്ലല്ലോ. എന്തായിരിക്കും ഡോക്ടര്‍ ജബ്ബാറിന് അശ്വിനിയോട് ഇത്ര കാര്യമായി പറയാനുണ്ടാവുക? ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ അശ്വിനിയുടെ മുലയിലെ അരിമണി ഒരു അന്താരാഷ്ട്ര പ്രശ്‌നമാണോ? ഈ ഡോക്ടര്‍ ജബ്ബാറെന്ന് പറയുന്നവനെ വിശ്വസിക്കാമോ? ദേശികള്‍ അത്ര ശരിയല്ല. പ്രത്യേകിച്ചും ഒരു പെണ്ണുവന്ന് ബ്ലൗസ് ഊരി കാണിച്ചാല്‍ ജബ്ബാര്‍ എന്താവും കാണുക? എനിക്ക് ദേശിയെ വേണ്ട, യൂറോപ്യന്‍ സായിപ്പിനെ മതിയെന്ന് പറയാന്നു വെച്ചാല്‍, ആവാം. ആറുമാസം, ചിലപ്പോ അതിലും കൂടുതല്‍ കാത്തിരിക്കണം. ഡോക്ടര്‍ സ്മിത്തോ, മക്കോ, സിക്കിയോ കിട്ടും. പക്ഷെ അതുവരെ കാത്തിരിക്കുന്നത് ശരിയാണോ? എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിലല്ലേ, ഉണ്ടെങ്കിലോ? ഇല്ലെങ്കില്‍ വിളിക്കില്ലല്ലോ!!
അശ്വിനിയോട് തര്‍ക്കിച്ച് അശ്വിനി ക്ഷീണിച്ചുപോയിരുന്നു. അത്രയും പ്രസംഗിച്ചുകഴിഞ്ഞിട്ടും മണി രണ്ടില്‍ തന്നെ നില്‍ക്കുന്നതുകണ്ട് അശ്വിനിക്ക് നിരാശയായി. കുറുകാലും, മന്തന്‍ തലയും പെരുത്തുപോയ ശരീരവും താങ്ങി മടിയന്‍ സമയം തത്തോം തികതോം തത്തോം തികതോംന്ന് രണ്ടരവര്‍ഷത്തിന്റെ സമയമെടുത്താണ് അശ്വിനിക്ക് കാത്തിരിപ്പിന്റെ രണ്ടാഴ്ച തീര്‍ത്തുകൊടുത്തത്.   
ഡോക്ടറുടെ മുറിയിലെ രോഗിക്കായുള്ള പരിശോധനാമേശ അടഞ്ഞ പച്ചയും തവിട്ടും നിറങ്ങള്‍ കലര്‍ന്നതായിരുന്നു. അതിനു മുകളില്‍ ബസിന്റെ സീറ്റുപോലെ മെത്ത. മെത്തയ്ക്ക് പുറത്ത് നേര്‍ത്ത പേപ്പര്‍ വിരിച്ചിട്ടുണ്ട്. ഓരോ രോഗി പോയിക്കഴിയുമ്പോഴും പേപ്പര്‍ മാറ്റുന്നു. ഇത് പരിശോധനാമേശ ശുചിയായി സൂക്ഷിക്കും, ഒരു രോഗിയില്‍ നിന്നും മറ്റൊരു രോഗിയിലേക്ക് രോഗാണുക്കള്‍ പടരാതെ കാക്കും.
 
കടലാസുടുപ്പ്,  ചെറിയ കിടക്കയില്‍ കടലാസുവിരി, ഡോക്ടറുടെ ഓഫീസ് ഒരു കളിമുറിയാണ്. ഇതൊന്നും യഥാര്‍ത്ഥമല്ല. -Just a pretending game!  പാവാടയും ബ്ലൗസും ജാക്കറ്റും ഷൂസുമിട്ട് പുറത്തിറങ്ങിക്കഴിയുമ്പോള്‍ ഇതെല്ലാം മാഞ്ഞുപോവും, തടിപ്പും. ഡോക്ടര്‍ ജബ്ബാറിനു വേണ്ടി കാത്തിരിക്കുമ്പോള്‍ അശ്വിനി കണക്കുകൂട്ടി. ഡോക്ടറുടെ ടൈ അല്പം ചെരിഞ്ഞാണ് കിടന്നിരുന്നത്. അശ്വിനി അതിലെ ചിത്രങ്ങള്‍ നോക്കിയിരുന്നു. പച്ചയ്ക്ക് മുന്നില്‍ നീലയും വെള്ളയും നേര്‍ത്ത ഇലകള്‍ പരത്തിയ ചില്ലകള്‍. നീലാകാശത്തിന് മുന്നില്‍ പച്ചയിലകളും വെള്ളപ്പൂക്കളും പ്രതീക്ഷിക്കാം. പക്ഷെ അപ്രതീക്ഷിതത്തിലാണല്ലോ സൗന്ദര്യം.   
ചിരട്ടയില്‍ ചുട്ട മണ്ണപ്പത്തിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഡോക്ടര്‍ ജബ്ബാര്‍ അശ്വിനിയെ കാണിച്ചു. അതിലെ ഒരു അപ്പത്തില്‍ പ്രകാശം പരത്തുന്ന ഒരു ഭാഗം കാണാം. ക്ഷീരപഥത്തില്‍ ഉല്‍ക്കപോലെ. ക്ഷീരസഞ്ചിയിലൊരു ധൂമകേതു എന്ന് തിരുത്തിപ്പറയാമോ 
ഡോക്?
 
മാമോഗ്രാമില്‍ കാണുന്നത് അത്ര ശുഭകരമായ കാഴ്ചയല്ല. ഡോക്ടര്‍ ജബ്ബാര്‍ പറഞ്ഞതില്‍ അതുമാത്രമേ അശ്വിനിക്ക് മനസ്സിലായുള്ളൂ.
അശ്വിനിയുടെ വലത്തെ മുലക്കുള്ളില്‍ ഒരു വളര്‍ച്ച കാണാനുണ്ട്. അത് അപകടകാരിയാണോ അല്ലേ എന്ന് കുത്തിത്തുരന്ന് കുറച്ച് ടിഷ്യു എടുത്ത് പരിശോധിച്ചാലേ ബോധ്യമാവൂ.
Question of the day : Benign or mali-gnant?   
എനിക്ക് കരുണാമയനായ ബനായനെ മതിയെന്ന് പറയാന്‍ പറ്റ്വോ?
 
അശ്വിനി തിരികെ ഓഫീസിലേക്ക് തന്നെ പോയി.  ലിയോണിന്റെ ഓഫീസിന് മുന്‍പില്‍ നിന്നു റയന്‍ സംസാരിക്കുന്നത് അശ്വിനി അവഗണിച്ചു. റയന്‍ ഒരുകാല്‍ ചെറുതായി മടക്കി മറ്റേക്കാലിന് മുന്‍പില്‍ വച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ കീര്‍ത്തനയുടെ കൃഷ്ണനെ ഓര്‍മ്മവരും.  മയില്‍പ്പീലി ചൂടി, മഞ്ഞസാരി മടക്കിയുടുത്ത് കണ്ണനായി സ്റ്റേജില്‍ കീര്‍ത്തന. രാധയായി മെറിന്റെ മകള്‍ ആതിര.  അമ്മമാര്‍ ചിരിയോടെ ചങ്കിടിപ്പോടെ കര്‍ട്ടനുപിന്നില്‍.  കൈയ്യടി കഴിഞ്ഞ് കര്‍ട്ടന്‍ വീണു കഴിയുമ്പോള്‍ കെട്ടിപ്പിടിച്ച് 'ഹൗ വോസ് ഇറ്റ് മമ്മൂ'ന്നു ചോദിക്കുന്ന കീര്‍ത്തനയെക്കിട്ടാന്‍  അശ്വിനി കൊതിച്ചു.   
 
റയന്റെ സംസാരം കഴിഞ്ഞിട്ടില്ല. ലിയോണിനോട് തലയാട്ടിയും കൈയാംഗ്യം കാണിച്ചും റയന്‍ പറയുന്നത് പരാതിയാണെന്ന് കണ്ണാടി ചില്ലിലൂടെ അശ്വിനിക്ക് കണ്ടറിയാം. എന്റെ ദിവസം, എന്റെ ഐഡിയ, എന്റെ പണി. ഒന്നും ആരും വിലവെക്കുന്നില്ല എന്നാവും. When I did, I said, I changed, I demanded, I was the one.. I ഹോര്‍മോണ്‍ കൂടിയ കൂട്ടത്തിലാണ് റയനെ അശ്വിനി ഉള്‍പ്പെടുത്തിയിരുന്നത്.  
 
ഇല്ലാസംശയങ്ങളുമായി ഇടയ്ക്കിടെവന്ന റയന്‍, ചെറിയ കുട്ടികളെപ്പോലെ, അറ്റന്‍ഷന്‍ സീക്കിങ് ആണെന്നവള്‍ മനസ്സില്‍ ആക്ഷേപിച്ചു.  സൈറ്റ് കാണാന്‍ അശ്വിനി പോകുമ്പോള്‍ റയനും ഒപ്പമുണ്ടായിരുന്നു.  ഇയാള്‍ക്ക് എങ്ങനെയാവും എഞ്ചിനീയറിങ് കിട്ടിയതെന്ന് ഓരോ വിഡ്ഢി ചോദ്യത്തിലും അശ്വിനി അരിശമടക്കാന്‍ ബുദ്ധിമുട്ടി.  
 
ബയോപ്‌സിയെന്ന വാക്ക് പുളിച്ചു തികട്ടി അശ്വിനിയുടെ തൊണ്ടയില്‍ കുടുങ്ങിയിരുന്നു കളഞ്ഞു. കൂട്ടിന് ആമാശയവും തൊണ്ടക്കുഴിയില്‍ വളഞ്ഞു കിടന്നു.  ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ട്.  വയറ്റിനുള്ളില്‍ ശൂന്യതയുടെ ഭാരം നിറഞ്ഞുകവിയുന്നു.  ഭാരം കൂടിയപ്പോള്‍ അശ്വിനി ബാത്ത്‌റൂമിലേക്കോടി. താഴെ നിന്നും കുന്നു കയറുന്ന കമ്പിമണിയെ അമ്മൂമ്മ മുകളില്‍ നിന്നേ കണ്ടു. കാക്കി ഷര്‍ട്ടും പാന്റുമിട്ട് സൈക്കിളുന്തി വരുന്നയാള്‍ മുന്നിലെ വീട്ടിലന്വേഷിച്ചു. 'ജഡ്ജീടെ വീടേതാ?' 
 
അമ്മൂമ്മ തൊട്ടിയുമായി കിണറ്റുകരയിലേക്കോടി.  കഷ്ടിച്ചൊരു തൊട്ടി വെള്ളം കോരിയെടുത്ത്  കക്കൂസിലേക്കും.  അടിവയറ്റില്‍ നിന്നും പരിഭ്രമം വേദനയായി പുളഞ്ഞു.  അതിനിടയ്ക്ക് അമ്മൂമ്മ മുറ്റത്തെ വര്‍ത്തമാനം ശ്രദ്ധിക്കാന്‍ ശ്രമിച്ചു.  പക്ഷേ പേടി തൂറ്റലായി ശബ്ദംവെച്ചു പുറത്തുചാടുകയാണ്.  വേദന ഒന്നടങ്ങിയപ്പോള്‍ അമ്മൂമ്മ കക്കൂസില്‍ നിന്നും വിളിച്ചുചോദിച്ചു.
'ആരാടീ അത്?എന്തിനാടീ സൈക്കിളുകാരന്‍ വന്നത്?' മുറ്റത്തെ സംസാരത്തില്‍ ആരുമത് കേട്ടില്ല.  അമ്മൂമ്മ കൈകഴുകി തുടച്ചു വന്നപ്പോള്‍ കുട്ടികള്‍ ആര്‍ത്തു.'കുഞ്ഞമ്മാവന്‍ അടുത്തയാഴ്ച വരുമെന്ന്''ഹോ അതങ്ങു പറയായിരുന്നില്ലേ!'പിറുപിറുത്തുകൊണ്ട്  അമ്മൂമ്മ അടുക്കളയിലേക്ക് പോയി. അടുക്കളഭിത്തിയില്‍ ചാരിനിന്ന് കൈ തൊഴുത് പ്രാര്‍ത്ഥിച്ച് ഭഗവാന് നന്ദി പറഞ്ഞു. അമ്മൂമ്മയുടെ പേടിവേദനയും വയറിളക്കവുമാണ് അശ്വിനിക്ക് കിട്ടിയിരിക്കുന്നത്
 
മോഹന്‍ അതേവരെ വിളിച്ചില്ലല്ലോന്നു അപ്പോഴാണവള്‍ ഓര്‍ത്തത്.  അപ്പോയിന്റ്‌മെന്റിനു വരാന്‍ സമയംകിട്ടാത്തത് സമ്മതിച്ചു കൊടുത്താലും, ഫലം അറിയാന്‍ ഒരു ആകാംക്ഷയും ഇല്ലേ മോഹന്?  മോഹനോട് ഫോണില്‍ക്കൂടി പറയുന്നില്ലെന്ന് അശ്വിനി തീരുമാനിച്ചു.  
ഇത് അശ്വിനിയുടെ യുദ്ധമാണോ, അശ്വിനിയുടെ മാത്രം! ട്രാവിസിനോട് എന്താണ് പറയേണ്ടത്? ബയോപ്
സിക്കുവേണ്ടി രണ്ടു ദിവസമെങ്കിലും അവധിയെടുക്കാതെ പറ്റില്ല. വലത്തെ മുലയില്‍ നിന്നാണ് സാമ്പിള്‍ ചുരണ്ടിയെടുക്കുന്നത്. വലതു കൈകൊണ്ട് മൗസിനെ നീക്കാന്‍  ബുദ്ധിമുട്ടു വന്നേക്കും.   
പോസിറ്റീവ്? 
ബിനയന്‍? 
മലിഗ്നന്റ്?  
 
പുക തിങ്ങിയ തല കുടഞ്ഞ് അശ്വിനി പുറത്തേക്ക് നോക്കി. കുടുകുടെ സ്‌നോ ഫ്‌ളെയ്ക്കുകള്‍ വീണുകൊണ്ടിരുന്നു. മാര്‍ച്ച് മാസത്തിലെ കൊടുങ്കാറ്റിന്റെ വരവാണ്.  കുറെയേറെ മഞ്ഞ്പ്രതീക്ഷിക്കാം. ഇതാവും ഈ വര്‍ഷത്തെ അവസാനത്തെ മഞ്ഞുമഴ. ജോലി മതിയാക്കി അശ്വിനി പുറത്തിറങ്ങി. എയ്ഞ്ചല്‍ കേക്ക് മിക്‌സ് പോലെയുള്ള മഞ്ഞില്‍  തണുപ്പു കാറ്റ് ചൂളംകുത്തിമറിയുന്നുണ്ടായിരുന്നു. മരത്തിന്റെ ചില്ലകള്‍ ഐസിങ്ങില്‍ മുക്കിയത് വെളുത്തനിറത്തില്‍ കാണപ്പെട്ടു. 
 
'മമ്മാ ഈ പാര്‍ക്ക് ഒരു കേക്കാണ്.  ദേ, ഐസിങ് കൊണ്ട് ഡെക്കറേറ്റ് ചെയ്ത ട്രീ കണ്ടോ?'
 മൃദുവായ മഞ്ഞ് കൈകൊണ്ട് വാരിയെറിഞ്ഞ് കളിച്ചു കീര്‍ത്തന ഉപമിക്കുന്നു. കീര്‍ത്തനയുടെ രോമത്തൊപ്പിക്ക് മുയല്‍ച്ചെവികളുണ്ടായിരുന്നു.  ഡഗ്ലസും മാര്‍ത്തയും ക്രിസ്തുമസിന് കൊടുത്തതാണ് മുയല്‍ച്ചെവികളുള്ള തൊപ്പി. കുട്ടി ഓടുമ്പോള്‍ തലയ്ക്കിരുവശവും തുള്ളിക്കളിക്കുന്ന നീളന്‍ ചെവികള്‍.  
 
ഹൈവേയില്‍ ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്ന വണ്ടികളുടെ നിരയിലേക്ക് അശ്വിനിയുടെ കാറും ചേര്‍ന്നു. കുറെ മുന്നിലായി മഞ്ഞനിറമുള്ള വമ്പന്‍ മഞ്ഞുലോറി കാണാമായിരുന്നു.  ലോറിയുടെ മുന്‍പില്‍ റോഡിന്റെ പാതി വീതിയുള്ള മഞ്ഞുകലപ്പയുണ്ട്.  വലതു വശത്തേക്ക് ചരിഞ്ഞിരിക്കുന്ന വലിയ കോരിക ഹൈവേയിലെ മഞ്ഞിനെ വശത്തേക്ക് തട്ടിയിടുന്നതുനോക്കി അശ്വിനി ക്ഷമയോടെ ഇരുന്നു.  
അമ്മയെ വിളിച്ചിട്ടില്ല,  മൃദുലവികാരങ്ങളൊന്നുമില്ലാത്ത മനസ്സാക്ഷി അശ്വിനിയെ കുത്തിപ്പറിച്ചുകൊണ്ടിരുന്നു. നിങ്ങള്‍ക്ക് മറ്റൊരാളുടെ ദൈവമാകാന്‍ കഴിയും.  നിങ്ങളുടെ പ്രവര്‍ത്തി, സംസാരം ഇതൊക്കെ ഒരാളെ സന്തോഷിപ്പിക്കുവാനോ സങ്കടപ്പെടുത്തുവാനോ പറ്റുമെങ്കില്‍ നിങ്ങളും ദൈവമാണ്.

women

ശരിയാണ്,  അമ്മ അവിടെയിരുന്ന് ഭഗവാനെ എന്റെ മോള്‍ വിളിക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നു. അശ്വിനി മടി പിടിച്ച് ഇവിടെ ഇരിക്കുന്നു. ദൈവമെന്താ എന്റെ പ്രാര്‍ത്ഥന കേള്‍ക്കാത്തത് എന്ന് അമ്മ സങ്കടപ്പെടുന്നു.  അശ്വിനി വിളിക്കുമ്പോള്‍ അമ്മ ദേവിക്ക് വിളക്ക് വെക്കുന്നുണ്ടാവും.  എന്തിനാണ് ദൈവത്തെ പഴിക്കുന്നത്.  ജീവിതം ദുരിതമാക്കുന്നത് മനുഷ്യര്‍ തന്നെയല്ലേ?  
നീയെന്തിനാണ് അവധിയെടുത്തത്? എന്താണ് ജോലിക്കു പോവാത്തത്? നിന്റെ ജോലി പോയോ മോളേ?
അമ്മയ്ക്കു ചോദിക്കാന്‍ കുറെയേറെ സംശയങ്ങള്‍ ഉണ്ടാവും. സത്യവും നുണയും പറയാന്‍ പറ്റാതെ അശ്വിനി കുഴയും.   ഞാനിവിടെ അശ്വിനിയെ  ഉരുക്കിപ്പണിയാണമ്മേ. അശ്വിനിയുടെ പുനര്‍നിര്‍മാണം. വൈകുന്നേരം അശ്വിനി അമ്മയെ വിളിച്ചു.

(തുടരും)
 
 
Content Highlights: Novel Manjil Oruval By Nirmala