അശ്വിനിയുടെ കാറ് നാനൂറ്റിരണ്ടാം ഹൈവേയില്‍ നിന്നും ഇറങ്ങി വാംക്ലിഫ് റോഡിലേക്ക് തിരിയുമ്പോഴാണ് ഫോണടിച്ചത്.  ഓഫീസ് ഫോണിലെ പേരുവിവരങ്ങള്‍ കാറിന്റെ ഡയറക്ടറിയില്‍ ഇല്ലാത്തതുകൊണ്ട് അവള്‍ക്ക് നമ്പര്‍ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. ആരാണെന്നറിയാതെ അഷ്വിനീ റാം എന്ന് ഗൗരവത്തില്‍ പറഞ്ഞ് ഫോണ്‍ കണക്ടു ചെയ്യുമ്പോള്‍ അവളുടെ ശ്രദ്ധ റോഡിലെ പോട്ട്‌ഹോള്‍സ് ഒഴിവാക്കുന്നതിലായിരുന്നു. മരവിപ്പിക്കുന്ന തണുപ്പ് കുറഞ്ഞതോടെ റോഡുകളില്‍ വിള്ളലും കുഴികളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. പോട്ട്‌ഹോള്‍സ് കാറിനെ നശിപ്പിക്കാതെ സൂക്ഷിച്ചു വേണം തണുപ്പുകുറയുന്ന സമയത്തെ ഡ്രൈവിങ്. അതുകൊണ്ട് ഇത് ഡോക്ടര്‍ ഗാര്‍നെറ്റിന്റെ ഓഫീസില്‍നിന്നും മെലിസ എന്ന അഭിവാദ്യം കാറിന്റെ സ്പീക്കറിലൂടെ കേട്ടപ്പോള്‍ ഞെട്ടാനും അപായസൂചന ഉള്‍ക്കൊള്ളാനും  അശ്വിനിക്ക് സമയം കിട്ടിയില്ല.        

മാമോഗ്രാം റിസള്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ഡോക്ടര്‍ ജബ്ബാറിന് അശ്വിനിയെ കാണണം.  റെഡ് അലേര്‍ട്ട്! കാറ് അരികിലേക്ക് ചേര്‍ത്തു നിര്‍ത്തി പുതിയ ഡോക്ടറിന്റെ പേരും സമയവും അഡ്രസ്സും ഫോണ്‍ നമ്പറും കുറിച്ചെടുക്കുമ്പോള്‍ സംയമനം പാലിക്കാന്‍ അശ്വിനി പ്രത്യേകം ശ്രദ്ധിച്ചു. മാര്‍ച്ച് അവസാനത്തെ ആഴ്ചയാണ് കൂടിക്കാഴ്ച. എന്താണിത്ര ചര്‍ച്ചചെയ്യാന്‍ എന്ന് ചോദിക്കാനുള്ള സാവകാശം കിട്ടുന്നതിനു മുന്‍പേ മെലിസ വിടപറഞ്ഞ് ഫോണ്‍വെച്ചിരുന്നു. 

അശ്വിനിയിപ്പോള്‍ ഫയര്‍പ്ലേസില്‍ അടുക്കിവെച്ചിരിക്കുന്ന വിറകുകൊള്ളികളില്‍ ഒന്നാണ്.  അവളുടെ ഹൃദയം ഒറ്റയടിക്ക് ഇരുനൂറു ലിറ്റര്‍ ചോര തലയിലേക്ക് പമ്പുചെയ്തുവിട്ടു. ചെവിയുടെ തുമ്പുകള്‍ ചുട്ടുപൊള്ളി ചുവന്ന നിറമായി. കവിളത്ത് ചോളത്തിനെ പൊരിയാക്കിയെടുക്കാം,  മാഷ്‌മെല്ലോ മൊരിച്ചെടുക്കാം.  ചോരയായ ചോരയെല്ലാം വാര്‍ന്നുപോയ അശ്വിനിയുടെ ശരീരം മൈനസ് പതിനേഴു ഡിഗ്രിതണുപ്പുള്ള  ഒരു ഐസുകട്ടയായി  പരിണമിച്ചു.  ഒരൊറ്റക്കട്ട! അതിനെ വെള്ളമായി ഒഴുകിയൊലിച്ചു പോവാതെ അടക്കിവെക്കുന്നതെങ്ങനെയാണ്.  തുണ്ടുതുണ്ടായി ഛിന്നഭിന്നമാക്കാതെ എങ്ങനെയാണ് കാറില്‍ നിന്നും പുറത്തേക്കിറക്കുന്നത്? കത്തുന്ന വിറകുതലയും ഐസുകട്ടശരീരവുമായി അശ്വിനി ഡ്രൈവര്‍ സീറ്റില്‍ ഇരുന്നു.         

സീറ്റില്‍ ചരിഞ്ഞിരുന്ന ഫോണ്‍ ചെറിയ ശബ്ദത്തോടെ വിറച്ച് സീറ്റിലേക്ക് ലംബമായി വീണു.  പതിനൊന്നു മണിക്ക് തുടങ്ങുന്ന ഹ്യുമന്‍ റിസോഴ്‌സസ് മീറ്റിങ്ങിന്റെ മുന്നറിയിപ്പായിരുന്നു അത്. കമ്പനിയിലെ എല്ലാ ജോലിക്കാരെയുമുള്‍പ്പെടുത്തി വരാന്‍ പോകുന്ന ചില ഭരണവ്യത്യാസങ്ങള്‍ വിശദമാക്കാനുള്ള മീറ്റിങ്ങാണ്.  ഉള്ളടക്കം വി.പി.കളും ഡയറക്ടര്‍മാരും അടങ്ങിയ മീറ്റിങ്ങില്‍നിന്നും അശ്വിനി അറിഞ്ഞതാണ്. എന്നാലും അശ്വിനിയുടെ വിഭാഗത്തിലെ ജോലിക്കാര്‍ക്ക് അവള്‍ മാതൃകയാവണം. വൈകാതെ എത്തണം.      

അശ്വിനി നഗരസഭയിലെ കൂടിക്കാഴ്ച കഴിഞ്ഞു വരുന്ന വഴിയായിരുന്നു. പേനയും പേപ്പറും ബാഗില്‍വെച്ച് അശ്വിനി പുറത്തേക്ക് നോക്കി. റോഡിന്റെ വലതുവശത്തായി മഞ്ഞ് സമൃദ്ധമായി വിളഞ്ഞുകിടക്കുന്ന പാടങ്ങളാണ്. അതിന് അതിരുനില്‍ക്കുന്ന കറുത്ത മരക്കോലങ്ങളുടെ ഇലയില്ലാ ചില്ലകളെ ഉലച്ചു പരിഹസിക്കുന്ന ദുഷ്ടക്കാറ്റ്.  വസന്തത്തില്‍ ഏതു വിത്തായിരിക്കും ഇവിടെ വിതയ്ക്കുന്നത്. വര്‍ഷങ്ങളായി അശ്വിനി ഈ വഴി കാറോടിച്ചു പോവുന്നതാണ്. വിതയും നനയ്ക്കലും വിളവെടുപ്പും കാണാറുള്ളതാണ്. ഒരിക്കലും ശ്രദ്ധിച്ചിട്ടില്ല.  മഞ്ഞുകൃഷിയും കാറ്റും ഉപേക്ഷിച്ചു മഞ്ഞുകട്ട വിറയലോടെ വണ്ടിയെടുത്തു. 

കോണ്‍ഫറന്‍സ് ഹാളില്‍ അശ്വിനി മിഴിച്ചിരുന്നു. തേച്ചു പിടിപ്പിച്ച ചിരിയുമായി ആദ്യം മാഡിസണ്‍ സംസാരിച്ചു. വെള്ളബ്ലൗസ്, കറുത്ത പാന്റ്‌സ്, സ്വര്‍ണ ബട്ടണുകള്‍ പിടിപ്പിച്ച ചുവന്ന ജാക്കറ്റ്, കഴുത്തില്‍ കറുപ്പും ചുവപ്പും കലര്‍ന്ന നേര്‍ത്ത സ്‌കാര്‍ഫ് അറ്റം കെട്ടി മാലപോലെ തൂക്കിയിട്ടിരുന്നു. ജാക്കറ്റില്‍ ഒരു ബ്രൂച്ച് കുത്തിയിട്ടുണ്ട്. സ്വര്‍ണവും ചുവപ്പും ഇടകലര്‍ന്നത്.  ആകെക്കൂടി ഫാഷന്‍ ലോകം ഇരുപതുവര്‍ഷം പിന്നോട്ടു പോയതു പോലെ. പിന്നെ ഹ്യൂമന്‍ റിസോഴ്‌സിന്റെ വൈസ് പ്രസിഡന്റ് ഹേലിയുടെ ഊഴമായിരുന്നു. ഹേലിയുടെ ശരീരം കറുത്ത പാന്റും കറുത്ത ടോപ്പും ഇരുണ്ട പച്ച നിറമുള്ള ജാക്കറ്റിനും പുറത്തേക്കൊഴുകി. ഓരോ നിസ്സാരകാര്യവും കടുപ്പമുള്ള വാക്കുകളില്‍ നീളന്‍ വാചകമായി ഹേലി ചവച്ചു തുപ്പി. അവര്‍ ആത്മവിശ്വാസത്തോടെ,   അധിപ എന്നൊരു മുദ്രയോടെയായിരുന്നു സംസാരിച്ചത്. മാഡിസന്റെ മുഖത്ത് ആശങ്ക മുന്നിട്ടുനിന്നു. വന്നുപോയേക്കാവുന്ന തെറ്റുകളെക്കുറിച്ച്, തന്റെ ആശയങ്ങള്‍ കേള്‍വിക്കാര്‍ തെറ്റിദ്ധരിക്കുമോ എന്നതിനെക്കുറിച്ച്, കേള്‍വിക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാതെ വരുമോ എന്നൊക്കെയുള്ള വേവലാതി അശ്വിനി വായിച്ചെടുത്തു.   

അശ്വിനി തറയിലേക്ക് നോക്കി. തറയിലെ കമ്പളത്തില്‍ ഇരുപതു കാലുകളുള്ള ഒരു ജീവിയുടെ പടം ക്രമത്തില്‍ കാണാം. പെട്ടെന്നുണര്‍ന്നു ഇരുപതുകാലുകളും തുഴഞ്ഞു നേരെ വന്നു വിഷം ചീറ്റുന്ന ഓര്‍മ്മയില്‍ അശ്വിനി കണ്‍മുന്നിലെ അവതരണം  ഉപേക്ഷിച്ചു.  
മീറ്റിങ് കഴിഞ്ഞയുടനെ റയന്‍ ചോദ്യങ്ങളുമായി അശ്വിനിയുടെ ഓഫീസിലെത്തി. റയനെ കാണുന്നതെ അശ്വിനിക്കിഷ്ടമല്ലാതായിട്ടുണ്ട്. പക്ഷേ അയാളാണ് അവളുടെ പ്രൊജക്ട് മാനേജര്‍. ഇഷ്ടക്കേട് കാണിക്കാന്‍ പാടില്ല. റയന്‍ കരുതലോടെ അശ്വിനിക്ക് സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ടായിരുന്നു. പ്രൊജക്ട് കഴിയുമ്പോള്‍ ഓരോരുത്തരുടെയും കഴിവുകള്‍ വിലയിരുത്തേണ്ടത് അശ്വിനിയാണ്. അതുകൊണ്ടാവും. എഴുതിക്കൊണ്ടുവന്നിരുന്ന നോട്ടുനോക്കി പ്രൊജക്ട് പ്ലാനില്‍ വിട്ടുപോയ ചില കാര്യങ്ങളെപ്പറ്റി അശ്വിനി അന്വേഷിച്ചു.
ഓ, ചേര്‍ക്കാം...ചേര്‍ക്കാം..

പത്തുവര്‍ഷം പ്രവര്‍ത്തിപരിചയം ഉള്ളയാള്‍ എങ്ങനെ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങള്‍ മറക്കുന്നു എന്ന ചോദ്യം അശ്വിനിക്ക് സ്വയം ചോദിക്കാനേ പറ്റൂ. ആദ്യമായല്ല റയന്‍ ഇത്തരം തെറ്റുകള്‍ വരുത്തുന്നത്.  എത്രയൊക്കെ ശ്രമിച്ചിട്ടും മനസ്സ് പ്രൊജക്ടിലും ഓഫീസിലും നില്‍ക്കാതായപ്പോഴാണ് അശ്വിനി മോഹനെ വിളിച്ചത്. 'മോഹന്‍ ഒന്നു വരുമോ?' 
'ഇപ്പോള്‍ ഇവിടെ പ്രശ്‌നത്തിലാണല്ലോ'
'ഇവിടെയും പ്രശ്‌നമാണ്.'
'എന്താ....എന്താ കാര്യം പറയൂ.'
'വരൂ...ഞാന്‍ പീസ പ്ലാസയിലുണ്ടാവും. '

women

ബ്രില്യന്റ് എഞ്ചിനീയര്‍ കരയുന്നതെന്തിന്?  ഛെ, നാണക്കേട്!  മോഹനും പറഞ്ഞത് അത് തന്നെ. ഇത്ര നിസ്സാര കാര്യത്തിനാണോ? എനിക്കവിടെ നൂറു പ്രശ്‌നങ്ങളുണ്ട്.നിസ്സാരകാര്യമോ? കുഴപ്പം എന്തെങ്കിലും ഉണ്ടെങ്കിലോ? കുഴപ്പം. അവരു വിളിച്ചപ്പഴേക്കും വെറുതെ നെനച്ചുണ്ടാക്കാക്കി മെലോഡ്രമാറ്റിക്ക് ആവേണ്ട ആവശ്യം ഇല്ല.  

അശ്വിനിയുടെ കണ്ണിലെ നീരൊക്കെ അഗ്‌നിയില്‍ ആവിയായിപ്പോയി. സഹതപിച്ചില്ലെങ്കിലും അധിക്ഷേപിക്കരുത്. മോഹന്‍ വാച്ചിലേക്കും ഫോണിലേക്കും നോക്കുന്നതുകണ്ട് അശ്വിനി ചോദിച്ചു. 'എന്താ ഫോണിലെ ക്ലോക്ക് വര്‍ക്ക് ചെയ്യുന്നില്ലേ?' 

അശ്വിനിക്ക് മൊട്ടുസൂചികൊണ്ടെങ്കിലും കുത്തിവേദനിപ്പിക്കണം. പീസ തിന്നുതീരുന്നതിനു മുമ്പ് ബില്ലുകൊടുക്കാന്‍ മോഹന്‍ ധൃതിപ്പെടുമ്പോള്‍ അശ്വിനി ബാഗെടുത്ത് പുറത്തേക്കിറങ്ങി. ട്രേയില്‍ ബാക്കിയിരിക്കുന്ന പീസയെനോക്കി മോഹന്‍ പരിഭ്രമിച്ചു.  
'ഞാന്‍..ഞാന്‍ കൊണ്ടുവിടണോ?'
അതിന് ചെവി കൊടുക്കാതെ അശ്വിനി കാര്‍ പിന്നോട്ടെടുത്ത് പാഞ്ഞു പൊയ്ക്കളഞ്ഞു.  
(തുടരും)

നോവലിന്റെ മുന്‍ലക്കങ്ങള്‍ വായിക്കാം

Content Highlights: Novel Manjil Oruval By Nirmala