വ്യാഴാഴ്ച വൈകുന്നേരം കൃത്യമായി വീടിനു മുന്‍പില്‍ വന്നു വീഴുന്ന പരസ്യപ്പത്രങ്ങളുടെ ബാഗ് അശ്വിനി തുറന്നുനോക്കി. പരസ്യക്കുട്ടികളെ കാണാന്‍ എന്തു ചേലാണ്. പത്തുവയസ്സുകാരികളുടെ അമ്മമാര്‍ ഇപ്പോള്‍ ഒന്നും നോക്കാന്‍ നേരമില്ലാതെ നെട്ടോട്ടം ഓടുന്നുണ്ടാവും.
കീര്‍ത്തനയ്ക്ക് പത്തു വയസ്സായിരിക്കണം. അവള്‍ക്ക് നല്ലൊരു ഉടുപ്പ് വാങ്ങണം. കുഞ്ഞിപ്പാവാടയും ടൈറ്റ്‌സുമിട്ട്, മുടിയില്‍ മിന്നുന്ന പൂമ്പാറ്റ സ്ലൈഡ് കുത്തി, നല്ല ചുള്ളന്‍ ഷൂസിട്ട്. എനിക്കിപ്പോ പത്തുവയസ്സുകാരി മകളെ വേണമല്ലോ. അതിനി തിരിച്ചുവരില്ലെന്ന് എന്താണ് മുന്നറിയിപ്പ് തരാതിരുന്നത്? ആര്‍ക്കെതിരെയാണ് അശ്വിനി കേസുകൊടുക്കേണ്ടത്?
There were no warning signs or fences Your Honour!
മമ്മൂ ഡഗ് വിളിച്ചു. ഞാന്‍ കൂപ്പറിന് കൂട്ടു പൊയ്‌ക്കോട്ടെ?
ഡഗ്ലസ്, കൂപ്പറിനേയും കൂട്ടി നടക്കാന്‍ പോവുമ്പോള്‍ ഇടയ്ക്ക് കീര്‍ത്തനയെയും കൂട്ടും. കീര്‍ത്തനയ്ക്ക് പട്ടിയെ ഇഷ്ടമാണ്. ചിലപ്പോള്‍ അമ്മയെക്കാളും ഇഷ്ടം കൂപ്പറിനോടാവും.
പ്ലീസ്..അമ്മാ...പ്ലീസ് മമ്മൂ പ്ലീസ്..പ്രെറ്റിപ്ലീസ്!
പട്ടിപ്രേമി കാല്‍ നിലത്തുതൊടാതെ കൈയിളക്കി നൃത്തച്ചുവടുകളില്‍ കെഞ്ചും. ഏഴുവയസുകാരി കീര്‍ത്തനയുടെ കൊഞ്ചുന്ന ഡാന്‍സാണ് ലോകത്തിലേക്കും ക്രിയേറ്റീവായ കൈക്കൂലി.
ആദ്യം അശ്വിനിക്ക് പേടിയുണ്ടായിരുന്നു. ഈ ജര്‍മ്മന്‍കാരനെ വിശ്വസിക്കാമോ? അശ്വിനിയുടെ മോഹന്റെയും ചങ്കും മത്തങ്ങയുമാണ്. ഒരേ ഒരു കരളാണ്, ലങ്‌സാണ്, തലച്ചോറും ഹൃദയവുമാണ്, വൃക്കയും സ്പ്ലീനും പിറ്റിയൂട്ടറി ഗ്ലാന്‍ഡുമാണ്. കീര്‍ത്തന പോയാല്‍ മമ്മൂനെന്താ നഷ്ടം എന്ന് ചോദിക്കുന്ന കീര്‍ത്തനയോട് പറഞ്ഞിട്ടുള്ളതാണ് ഇതൊക്കെ. കീര്‍ത്തന ഡിക്ഷണറി തിരഞ്ഞ് ഓരോ അവയവവും കണ്ടുപിടിക്കും.
'അയ്യേ, രന്ന പോയാല്‍ മമ്മൂനും അച്ഛയ്ക്കും ശ്വാസം വിടാന്‍ പറ്റാണ്ട് വരും. ബ്ലഡ് ക്ലീന്‍ ആവാതെ പോവും. തലക്കകത്ത് ഒന്നൂണ്ടാവില്ല!'ഇരിപ്പുറക്കാത്ത അശ്വിനി അവര്‍ പാര്‍ക്കിലേക്ക് പോകുന്നത് നോക്കിനിന്നു. മുന്നില്‍ ഇടയ്ക്കിടെ നടപ്പാതയെ മണത്തുമണത്ത് കൂപ്പര്‍, പിന്നാലെ തൊട്ടു തൊട്ട് കീര്‍ത്തന, അവള്‍ക്കു പിന്നില്‍ ശ്രദ്ധയോടെ ഡഗ്ലസ്. വാത്സല്യജാഥനോക്കി ജനല്‍ക്കര്‍ട്ടന് പിന്നില്‍ ഡിറ്റക്ടീവ് അശ്വിനി.
അഞ്ചു മിനിറ്റ്, പത്തു മിനിറ്റ്, പതിനഞ്ചു മിനിറ്റ്... അശ്വിനിയുടെ നാഡിയടിപ്പ് കൊഴുത്തു മേളം...ചെണ്ടമേളം.. പാര്‍ക്കില്‍ മറ്റാരും ഇല്ലെങ്കിലോ? കീര്‍ത്തനയും ഡഗും മാത്രം. കീര്‍ത്തന ഉറക്കെ കരഞ്ഞാലും ആരും കേള്‍ക്കാനില്ല. ചിലപ്പോള്‍ അയാള്‍ അവളെ കരയാന്‍ സമ്മതിക്കില്ലായിരിക്കും. കരഞ്ഞാല്‍ കൊന്നുകളയും.ആരോടും മിണ്ടിപ്പോകരുത്. നിന്റെ അമ്മേടെ കഴുത്തറക്കും ഞാന്‍.
ഇത് നമ്മള്‍ടെ സീക്രട്ടാണ്. പുറത്തറിഞ്ഞാല്‍ നിന്റെ അപ്പന്‍ ഇരുപത്തിനാലു മണിക്കൂറിനകം മരിക്കും.
ഇതറിഞ്ഞാല്‍ നിന്റെ അപ്പനും അമ്മയ്ക്കും നിന്നോട് വെറുപ്പാകും. നീയൊരു ചീത്തകുട്ടിയാണെന്ന് അറിഞ്ഞാല്‍ അവര്‍ നിന്നെ ഉപേക്ഷിച്ചു പോവും.
ഡഗ്ഗിന്റെ കത്തിവേഷം അശ്വിനിയുടെ എമിഗ്ഡാലയില്‍ സോക്കര്‍ കളിച്ചു. കോട്ടിട്ട്, ബൂട്ട്‌സിട്ട്, തൊപ്പിവെച്ച്, കൈയുറയിട്ട്, വീടുപൂട്ടി, കറുത്ത കണ്ണട ചൂടി ചാരത്തി അശ്വിനി ജാഥപോയ വഴിയെ പോയി. കള്ളക്കണ്ണുകൊണ്ട് ചുറ്റും പരതിപ്പരതിയൊരു ചാരത്തി. പാര്‍ക്കില്‍ കുറച്ചു പേരുണ്ട് പട്ടികളുമായി. നടക്കാനിറങ്ങിയവര്‍.
ദൂരെ കീര്‍ത്തന കൂപ്പറിനെ കെട്ടിപ്പിടിക്കുന്നു. മഞ്ഞില്‍ കളിക്കുന്നു. മൂന്നടി അകലത്തില്‍ ഡഗ്ലസ്. തൊപ്പിവെച്ച് കറുത്ത കണ്ണട ചൂടിയ ചാരത്തി പാര്‍ക്കിന്റെ ഇങ്ങേ അറ്റത്ത്, അവര്‍ക്ക് കാണാത്ത ഇടത്തില്‍ കളികണ്ടുനിന്നു. കൂപ്പര്‍ മഞ്ഞില്‍ മൂക്കിട്ടിളക്കി മാന്തിക്കളിച്ചു കഴിഞ്ഞ് ശക്തിയില്‍ കുടഞ്ഞു. പെട്ടെന്ന് ഡഗ് കീര്‍ത്തനയെ അയാളുടെ പിന്നിലേക്ക് മാറ്റിനിര്‍ത്തി. കൂപ്പറിന്റെ രോമത്തില്‍ നിന്നും മഞ്ഞും ഐസും ശക്തിയില്‍ ചുറ്റും ചിതറി വീണു. അത് കീര്‍ത്തനയുടെ മുഖത്തു വീഴാതിരിക്കാനാണ് ഡഗ് അവളെ പിന്നിലേക്ക് മാറ്റിയത്. കുടയല്‍ കഴിഞ്ഞപ്പോള്‍ കീര്‍ത്തനയെ കൂപ്പറിനൊപ്പം കളിക്കാന്‍ ഡഗ് അനുവദിച്ചു.
വനില ഐസ്‌ക്രീംപോലെ മഞ്ഞ് അപ്പോഴും വീണുകൊണ്ടിരുന്നു. തണുപ്പ് അധികമില്ലാത്തതുകൊണ്ട് താഴെ വീഴുമ്പോള്‍ കുറച്ചൊന്നലിഞ്ഞു കോട്ടിലും തൊപ്പിയിലും പറ്റിപ്പിടിച്ചിരിക്കുന്ന നനവുള്ള ഐസ്‌ക്രീം മഞ്ഞ്. ഐസ്‌ക്രീമില്‍ തലോടി കീര്‍ത്തനയുടെ മുടിയില്‍ ഉമ്മവെച്ച് വാത്സല്യക്കാറ്റ് അവിടെ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. അവര്‍ മഞ്ഞില്‍ കളിക്കുന്നത് അശ്വിനി കണ്ടുനിന്നു.
ജഡ്ജിക്ക് ഇതൊന്നും വശണ്ടാവില്ല. ജഡ്ജിക്ക് പ്ലെയിനില്‍ കയറാന്‍ വയ്യ, പിന്നല്ലേ!
കളിനിര്‍ത്തി വാത്സല്യജാഥ തിരിച്ചു പുറപ്പെടുന്നതിനു മുന്‍പേ ചാരത്തി നല്ലൊരു സൂപ്പുണ്ടാക്കാന്‍ തീരുമാനിച്ച് വീട്ടിലേക്ക് മടങ്ങി.തൊപ്പിയിലും നീളന്‍ കോട്ടിലും മഞ്ഞു ചാര്‍ത്തിയ കീര്‍ത്തന ക്രിസ്തുമസ് കാര്‍ഡിലെ മഞ്ഞുപിടിച്ച സ്തൂപികാഗ്രവൃക്ഷം പോലെ ഹാള്‍വേയില്‍ അറ്റന്‍ഷനായി നിന്നു. കോട്ടിലും തൊപ്പിയിലും മഞ്ഞ് കുറെയുണ്ട് ഇന്ന്. അനങ്ങിയാല്‍ അത് നിലത്തേക്ക് ചിതറിവീണ് വെള്ളമായി ഒഴുകും. അവള്‍ക്കറിയാം. അച്ഛ വെടിപ്പുകാരനാണ്. മുറി താറുമാറായി കിടക്കുന്നത് ഇഷ്ടപ്പെടില്ല.
അവളെക്കണ്ട് അശ്വിനി മധുരമായി ചിരിച്ചു. കീര്‍ത്തനയ്ക്ക് സംശയമായി. ഇവിടുന്ന് അനങ്ങാവോ? തൊപ്പി ഉരുമ്പോള്‍ മഞ്ഞെല്ലാം ലിവിങ് റൂമിലെ കാര്‍പ്പെറ്റിലേക്ക് തെറിക്കോ? അശ്വിനി തൊപ്പിയൂരിക്കൊടുത്തു, ശ്രദ്ധയോടെ കോട്ട് മാറ്റിക്കൊടുത്തു. നിലത്തുവീണ വെള്ളം തുടച്ചു മാറ്റി. ഇതെല്ലാം തനിയെ ചെയ്യാന്‍ കീര്‍ത്തനയെ പഠിപ്പിച്ചിട്ടുണ്ട് അവളുടെ അച്ഛന്‍. അങ്ങനെ ചെയ്യണമെന്ന് നിര്‍ബ്ബന്ധവുമുണ്ട്.
ലാളിച്ചു വഷളാക്കരുത് കുട്ടികളെ. മോഹന്‍ കണ്ടിട്ടുണ്ട് ലാളിച്ചു വഷളായിപ്പോയ വിദ്യാര്‍ഥികളെ. മോഹന്റെ യൂണിവേഴ്‌സിറ്റിക്കാലത്ത് കാനഡയില്‍ ജനിച്ചുവളര്‍ന്ന ഇന്ത്യന്‍ കുട്ടികള്‍ക്ക് ഫീസും പോക്കറ്റ്മണിയും അച്ഛനും അമ്മയുമാണ് കൊടുത്തിരുന്നത്. ഭക്ഷണം കൊണ്ടുവന്നുകൊടുക്കും. ചിലര്‍ അവര്‍ താമസിക്കുന്ന അപ്പാര്‍ട്ടുമെന്റ് വൃത്തിയാക്കി കൊടുക്കും. തുണി അലക്കി തേച്ചു മടക്കി കൊണ്ടുവരും. ആ കുട്ടികള്‍ ഷൂസ് കയറിവരുന്നിടത്ത് വലിച്ചൂരിയിടും. എടുക്കുന്ന സാധനങ്ങളൊന്നും തിരികെ വെക്കില്ല. പേസ്റ്റിന്റെ ട്യൂബ് അടക്കില്ല. പേസ്റ്റ് മുഴുവന്‍ തീരുന്നതിനു മുന്‍പ് ചവറ്റുകുട്ടയിലിട്ടിട്ട് വീട്ടില്‍ നിന്നും കൊണ്ടുവന്ന അടുത്ത പാക്കറ്റ് തുറക്കും. പാത്രം കഴുകിവെക്കില്ല. ഒന്നിനും വിലയില്ല. ഒന്നിലും ശ്രദ്ധയില്ല. അച്ചടക്കമില്ല. ഒന്നല്ല രണ്ടു വിഷയത്തില്‍ തോറ്റാലും പ്രശ്‌നമില്ല.
മോഹനാണെങ്കില്‍ പഠിത്തം, പാര്‍ട് ടൈം ജോലി, ഭക്ഷണം, തുണിയലക്ക്, പഠിക്കാനെടുത്ത കടം ഇതിനൊക്കെ നടുവിലൂടെ ഒറ്റക്കാലോട്ടം.
കീര്‍ത്തന അങ്ങനെ മടിച്ചിയാവരുത്. അലസത നല്ലതല്ല. അവളുടെ കാര്യങ്ങള്‍ അവള്‍ തന്നെ ചെയ്യട്ടെ. മോഹന്‍ ശഠിച്ചു. മോഹന്‍ വീട്ടിലില്ലാതിരുന്ന സമയമായതുകൊണ്ട് അന്ന് കീര്‍ത്തന രക്ഷപെട്ടു. അശ്വിനി ചിക്കന്‍ നൂഡില്‍ സൂപ്പ് ഡഗ്ഗിന്റെ വീട്ടിലേക്ക് കീര്‍ത്തനയുടെ കൈയില്‍ കൊടുത്തു വിട്ടു. കീര്‍ത്തന മടങ്ങിവന്നതും ഫോണ്‍ ബെല്ലടിച്ചു. 'ഓ, നന്ദി എന്റെ കുട്ടീ.' മാര്‍ഷ പനിശബ്ദത്തില്‍ പറഞ്ഞു. 'ടോസ്റ്റ് തിന്ന് മടുത്തിരിക്കുകയായിരുന്നു, പനികാരണം ഒന്നിനും രുചിയില്ല.' ഇടയ്ക്ക് കയറി ഡഗ്ലസ് അന്വേഷിക്കുന്നു.
കുട്ടി വീട്ടില്‍ തിരിച്ചെത്തിയോ? അവള്‍ ഇവിടെ നിന്നും ഇറങ്ങി. എത്തിയിട്ടില്ലെങ്കില്‍ നായയോടൊപ്പം കളിച്ചിരിക്കുകയാണെന്ന് തെറ്റിദ്ധരിക്കരുത്. കുട്ടികളല്ലേ, എപ്പോഴും ശ്രദ്ധവേണം. പഴങ്കഥകളില്‍ മുങ്ങാങ്കുഴിയിട്ട് പുറത്തിറങ്ങാന്‍ മടിപിടിച്ച് അശ്വിനിയിരുന്നു. തിങ്കളാഴ്ചയ്ക്ക് വേണ്ടി നഖത്തില്‍ ചായമിട്ടിട്ടില്ല. മുടി കറുപ്പിച്ചിട്ടില്ല. അശ്വിനി വെറുമൊരു കുടിയേറ്റക്കാരി വല്യമ്മയായി പരിണമിക്കുകയാണ്. മദാമ്മപ്പെണ്ണിനു പുച്ഛം. സായിപ്പന്‍ കുട്ട്യോള്‍ക്ക് പുച്ഛം...പുച്ഛം..
അപ്പൊ പ്രൊജക്ടോ? ഒപ്പിടാനുള്ള ഡോക്യുമെന്റുകളൊ?
എല്ലാം കൂടി ഒരു കലത്തിലിട്ടു നിറച്ച് വെള്ളമൊഴിച്ച് അടുപ്പത്തുവച്ച് തീകൂട്ടാം. തിളക്കുമ്പോ കുറച്ച് ഉപ്പ് കൂടിയിട്ടിട്ട് നല്ല സൂപ്പുണ്ടാക്കാം.
പ്രൊജക്റ്റ് സൂപ്പ് ആര്‍ക്കാണ് വേണ്ടത്? ഓസ്‌ലനോ? റിക്കിനോ? അതോ സി.ഇ.ഒ.ക്ക് തന്നെ കൊടുത്താലോ?
എല്ലാരും വന്നോളി, കൈയിങ്ങാ നീട്ടിപ്പിടിച്ചോളീ... പ്രൊജക്ട് സൂപ്പും ബജറ്റ് ചമ്മന്തീം വയറു നെറച്ചങ്ങട് തിന്നോട്ടാ..
അശ്വിനി പിന്നെയും ദിവസങ്ങളുടെ കണക്കെടുത്തു തിങ്കള്‍ കഴിഞ്ഞാല്‍ Fat Tuesdayയാണ്. അതിനടുത്ത ദിവസമാണ് ക്രിസ്ത്യാനികള്‍ നൊയമ്പ് തുടങ്ങുന്നത്. തിന്നു കുടിച്ചാഘോഷമാക്കാന്‍ തുടങ്ങിയതാണ് മാര്‍ഡി ഗ്രാ ഉത്സവം എന്ന് ഓഗ പറഞ്ഞു. മര്‍ദ്ദി ഗ്രാസെന്നല്ല, മാര്‍ഡി ഗ്രാ എന്നാണ് ഉച്ഛരിക്കേണ്ടതെന്ന് പഠിപ്പിച്ചത് ഓഗയാണ്. ഓഗയെന്ന പേരിനെ ഓള്‍ഗ എന്നാണ് മലയാളത്തില്‍ എഴുതുന്നതെന്ന് പകരം അശ്വിനി പറഞ്ഞുകൊടുത്തു.
അശ്വിനി മാര്‍ഡി ഗ്രായിലെ പേള്‍ മാലകളുടെയും മാസ്‌കിന്റെയും ഭംഗി വര്‍ണിച്ചപ്പോള്‍ ഓഗ മാര്‍ഡി ഗ്രായില്‍ സ്ത്രീകള്‍ ബ്ലൗസുയര്‍ത്തി മാലകള്‍ മാറ്റി മാറുകാണിക്കുന്ന കഥ പറഞ്ഞത്. അത് നിന്നെപ്പോലൊരു പെണ്ണിനു പറ്റിയതല്ല. ക്ലീവേജ് കാണിക്കുന്ന ഒരു ബ്ലൗസുപോലുമിടാത്തവള്‍! അശ്വിനിക്ക് ഇനി മാര്‍ഡി ഗ്രാക്കു പോവാന്‍ പറ്റുമോ? Can Sir?
(തുടരും)
നോവലിന്റെ മുന്‍ലക്കങ്ങള്‍ വായിക്കാം
Content Highlights: Novel Manjil Oruval By Nirmala