Control your amygdala woman 
  
ഡിയോഡറന്റ് പാടില്ല. ക്രീം, ലോഷന്‍, പൗഡര്‍  ഒന്നും പാടില്ല.  
Wear two piece dress!  ഉറങ്ങാത്ത അശ്വിനി ക്രീം പുരട്ടാതെ, രണ്ട് പീസ് ഡ്രസ്സ് തിരയുന്നു. പാന്റ്? പാവാട? ഷര്‍ട്ട്? സ്വെറ്റര്‍?  രാത്രി മുഴുവന്‍ ഉറങ്ങാതെ കിടന്നപ്പോള്‍ ഇതൊന്ന് തീരുമാനിക്കായിരുന്നില്ലേ? ലോജിക്ക് അതികാലത്തെ അശ്വിനിയോട് ചോദ്യം ചോദിക്കുന്നു. അത് മോഹന്റെ ലോജിക്കാണ്.
 
സ്വെറ്റര്‍ തലയിലൂടെ ഊരുകയും ഇടുകയും ചെയ്യുമ്പോള്‍ മുടിയുടെ അച്ചടക്കം പോവും. അശ്വിനിയുടെ നീളം കുറഞ്ഞ മുടിയിഴകള്‍  സ്വെറ്ററിലുരസി സ്റ്റാറ്റിക്ക് ഇലക്ട്രിസിറ്റിയില്‍ ആവേശംകൊണ്ട് കൈ പൊക്കി എഴുന്നേറ്റുനില്‍ക്കും. ഷര്‍ട്ടാണെങ്കില്‍ ഏളുപ്പമാവും. അതിനുമുകളില്‍ മുന്‍വശം തുറന്ന സ്വെറ്ററിട്ട് അശ്വിനി തയ്യാറായി. 
    
ആശുപത്രിക്കു മുന്നിലൊരു നെടുങ്കന്‍ ദേവദാരുമരം ഇലചേര്‍ത്തുപിടിച്ച് മേത്തേക്ക് വീണ മഞ്ഞിനെ തട്ടിമാറ്റാതെ അചഞ്ചലയായി നിന്നിരുന്നു. മുള്ളുവീണാല്‍ മുറിപ്പെടാത്ത ദേവദാരുവിന്റെ ഇലകള്‍ക്ക് ശരത്തിലും വേനലിലും ശൈത്യത്തിലും വ്യത്യാസമില്ല. മഞ്ഞുമേടയ്ക്ക് മുകളില്‍ മലര്‍ന്നു കിടന്ന് വെയില്‍ ചതിയന്‍ചിരി ചിരിച്ചു. കണ്ടാല്‍ ചുട്ടുപൊള്ളിക്കും എന്ന് തോന്നിപ്പിക്കും. അതില്‍ മയങ്ങി പുറത്തിറങ്ങിയാല്‍ തണുത്തുറഞ്ഞുപോവും. തണുപ്പിന്റെ നിശ്ചലതയില്‍ അന്തരീക്ഷം വായുവില്ലാത്തതുപോലെ നിന്നു. ഒരില അനങ്ങിയില്ല. കാറ്റ് എവിടെപ്പോയി? ഭൂമിക്കടിയില്‍ ഒളിച്ചിരിക്കുമോ? ആകാശത്തേക്ക് പറന്നുപോയോ?
 
ആശുപത്രിയിലെ ഓരോ മുറിക്കും ഓരോ ഫോറം വീതമുണ്ട്. പേര്, വീട്ടുപേര്, വയസ്സ്, പൊക്കം, തൂക്കം, ഹെല്‍ത്ത് കാര്‍ഡ് നമ്പര്‍.  
'നിങ്ങളിപ്പോഴും ആ വീട്ടില്‍ തന്നെയല്ലേ?' ഡെസ്‌ക്കിനു പിന്നിലെ കുഞ്ഞമ്മ അശ്വിനിയോടു അന്വേഷിച്ചു. സൗജന്യചികിത്സാ സംവിധാനത്തിന്റെ മറുവശമാണിത്. സൗജന്യം കാനഡയുടെ പൗരന്മാര്‍ക്കുള്ളതാണ്. വിനോദയാത്രക്കാര്‍ക്കും അതിക്രമിച്ചു കടന്നിട്ടുള്ളവര്‍ക്കും ചികിത്സ സൗജന്യമല്ല. എന്നിട്ടും അവരൊക്കെ ചികിത്സാപദ്ധതിയിലേക്ക് നൂഴ്ന്നു കടക്കുന്നു, കാനഡ സര്‍ക്കാരിനെ മുടിപ്പിക്കുന്നു. അതുകൊണ്ട് ആശുപത്രിയിലെ ഓരോ മുറിക്കും ഓരോ ഫോറം വീതം കൊടുത്തിരിക്കുന്നു. അതു ശരിയാണോന്നു നോക്കാന്‍ ഓരോ കുഞ്ഞമ്മമാര് വീതം. അതുമാത്രമല്ല, ആളു തെറ്റിപ്പോവരുത്, ശസ്ത്രക്രിയയില്‍ കാല് കൈ ആയി മാറരുത്. 
  
കാര്യങ്ങള്‍ മാറ്റിപ്പറയുന്നുണ്ടോ? നാലാം നിലയിലെ രണ്ടാമത്തെ മുറിയിലെ ഫോറത്തില്‍ കുടുംബത്താര്‍ക്കും കാന്‍സര്‍ വന്നിട്ടില്ല എന്നെഴുതി. എന്നിട്ട് ആറാം നിലയിലെ ഒന്‍പതാം മുറിയിലെ ഫോമില്‍ ഗ്രാന്‍ഡ്ഫാദറിനു കൊളസ്‌ട്രോള്‍ ഉണ്ടായിരുന്നു എന്നെഴുതിയിരിക്കുന്നു. കുഞ്ഞമ്മമാര്‍ വട്ടമിട്ടിരുന്ന് ഫോമുകള്‍ ചേര്‍ത്തു വായിച്ചുനോക്കുന്നു. പൊരുത്തക്കേടുകള്‍ ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തുന്നു! 
 
ശമ്പളത്തില്‍നിന്നും പിടിക്കുന്ന നാല്‍പ്പത് ശതമാനം നികുതിയുടെ ഒരു പങ്ക് ഇങ്ങനെയാണ് പോകുന്നത്. സൗജന്യ ചികിത്സ ഒരു വരമാണ്. അതിനെ ചോദ്യം ചെയ്യരുത്. ഇ-ഹെല്‍ത്ത് വരുന്നുണ്ട്. എല്ലാം ഇലക്ട്രോണിക് ആവുന്ന കാലം ആസന്നമാവുന്നതേയുള്ളൂ. ധൃതി കൂട്ടരുത്, അതുവരെ കടലാസ്, മഷി, എഴുത്ത്, ചേര്‍ത്തുവായന.  അശ്വിനിയുടെ ഓഫീസിലെപ്പോലെ ഏതു പ്രവര്‍ത്തിയും കാര്യക്ഷമമാക്കാന്‍ ഇത് പ്രൈവറ്റ് കമ്പനിയല്ല. സമയനഷ്ടവും പണനഷ്ടവും ആരും കൃത്യതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നില്ല. 
 
കാത്തിരുപ്പുമുറിയില്‍ ഫോണിലെ ഇമെയിലുകള്‍ വായിച്ചുകൊണ്ടിരുന്ന അശ്വിനിയെ നേഴ്‌സ് വിളിച്ചു. അകത്തെ ചെറിയ ഒരു മുറിയിലേക്കാണ് നേഴ്‌സ് അശ്വിനിയെ കൊണ്ടുപോയത്. മുറിയുടെ ഭിത്തിയിലെ ഹുക്കില്‍ ആശുപത്രി ഗൗണ്‍ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. കോട്ടും സ്വെറ്ററും ഷര്‍ട്ടും മാറ്റി ഗൗണിട്ട് വരാന്‍ നിര്‍ദ്ദേശിച്ചു വാതില്‍ പിന്നില്‍ നിന്നുമടച്ചിട്ട് നേഴ്‌സ് പോയി.
 
പിന്‍വശം തുറന്ന ഗൗണിട്ടപ്പോള്‍ അശ്വിനിക്ക് തണുത്തു. മുറിയില്‍ നിന്നും പുറത്തിറങ്ങിയ അശ്വിനിയെ റേഡിയോളജിസ്റ്റ് മാമോഗ്രാം മെഷീനുകളുള്ള അടുത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. വലതുകൈ വലതുതോളില്‍ വെച്ച് അവര്‍ അശ്വിനിയുടെ വലതുമുല തണുത്ത പ്രതലത്തിലേക്ക് ചേര്‍ത്തുവെച്ചു. മുകളില്‍ നിന്നും മറ്റൊരു പ്രതലം താണുവന്ന് ആരും വേദനിപ്പിച്ചിട്ടില്ലാത്ത കോശങ്ങളെ ഞെരിച്ചമര്‍ത്തി.
 
ഇനി ഇടത്തേത്. മാമോഗ്രാം മെഷീനിന്റെ തണുപ്പില്‍ അശ്വിനിയുടെ മുലകള്‍ ചേര്‍ന്നിരുന്നു. ആരൊക്കെയോ കട്ടുനോക്കിയ മുലകള്‍, പലരേയും കൊതിപ്പിച്ച മുലകള്‍. തണുപ്പില്‍ ചതയുമ്പോള്‍ അശ്വിനിക്ക് വേദന തോന്നി. തണുത്ത ലോഹത്തിനിടയില്‍ ചതയുന്ന മാംസം. വെറും മാംസം. 
 
'ഇല്ല, ചതവൊന്നും പറ്റില്ല. വളരെ കുറച്ചു സമയത്തേക്ക് ഒരു അസ്വസ്ഥത. അത്രതന്നെ.' റേഡിയോളജിസ്റ്റ് അശ്വിനിയെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പിന്നെ അവര്‍ ഓരോ മുലയും ഇരുവശത്തും ചേര്‍ത്തു വെച്ച് എക്‌സ്‌റെ എടുത്തു. അന്യവസ്തു പോലെ മുലകള്‍ അശ്വിനിയുടെ ശരീരത്തില്‍ നിന്നും വേര്‍പെട്ടുനിന്നു. വെറും മാംസം! 
 
തണുപ്പും വേദനയും കൂടിച്ചേര്‍ന്നിട്ട് അശ്വിനിയുടെ ശരീരം വിറയ്ക്കാന്‍ തുടങ്ങി. എത്രയും പെട്ടെന്ന് സ്വന്തം വസ്ത്രത്തിലേക്ക് മാറാന്‍ അവള്‍ തിടുക്കത്തോടെ ചെറിയ മുറിയിലേക്ക് നടന്നു. ബ്രായിടുന്നതിനു മുമ്പ് അവള്‍ മുലകളിലേക്കുനോക്കി. വലത്തേത് ഉള്ളിലൊരു ബോംബ് ഒളിപ്പിച്ചുവെച്ചിട്ടുണ്ടോ? കണ്ണില്‍നിന്നും അടര്‍ന്നു വീഴുന്ന പാഴ്‌വെള്ളത്തെ തട്ടിക്കളഞ്ഞു, അവള്‍ ബാഗില്‍ നിന്നും ഡിയോഡറന്റ് പുറത്തെടുത്ത് കക്ഷങ്ങളില്‍ പുരട്ടി ചിരിയോടെ പുറത്തിറങ്ങി. 
 
നന്ദിപറയണം, യാത്ര പറയണം. കാനഡയുടെ മര്യാദയാണത്. വിടപറയാതെ ഒരിടത്തു നിന്നും യാത്രയാകരുത്. ബസ്സില്‍നിന്നും ഇറങ്ങുമ്പോള്‍ പോലും ഡ്രൈവറോട് നന്ദിയും യാത്രയും പറയണം. 'താങ്ക് യൂ ബൈ ബൈ.'  മേശയ്ക്ക് പിന്നിലെ ചാര്‍ട്ടുകാരി കുഞ്ഞമ്മയോടു ഉപചാരയാത്ര പറഞ്ഞു അശ്വിനി. 'ഹാവ് എ നൈസ് ഡേ, ഡിയര്‍.'  
'താങ്ക് യൂ' അതിസുന്ദരമായ ഒരു ദിവസത്തിന്റെ ബാക്കിക്ക് അശ്വിനി അവര്‍ക്ക് നന്ദി പറഞ്ഞു. 
   
ഓഫീസിലെത്തിയപ്പോഴാണ് അശ്വിനി തിരിച്ചറിഞ്ഞത്, മനസ്സ് മാമോഗ്രാം മെഷീനടുത്ത് വെച്ചു മറന്നുപോയെന്ന്!  ആശുപത്രിമുതല്‍ ഓഫീസുവരെ എങ്ങനെയെത്തിയെന്ന് ഓര്‍മ്മ കിട്ടുന്നില്ല, ഏതു വഴിയാണ് കാറോടിച്ചത്? ഏതെങ്കിലും ട്രാഫിക് ലൈറ്റില്‍ നിര്‍ത്തിയിരുന്നോ? അശ്വിനിക്ക് യൂക്ക പ്രൊജക്ടിലേക്ക് മുങ്ങാനും കഴിയുന്നില്ല.  ശരിക്കൊന്ന് ശ്വാസംവിടാന്‍ തന്നെ മനസ്സിന്റെ അനുവാദം ആവശ്യമുണ്ടെന്ന് അന്നാണ് അശ്വിനി അറിഞ്ഞത്.
         
ദിവസത്തിന് പെട്ടെന്ന് നീളം വെച്ചുപോയി. അന്ന് മൂന്നുമണിയാവാന്‍ എണ്‍പത് മണിക്കൂര്‍ എടുത്തു. മണിക്കൂറുകള്‍ എണ്ണിയിട്ടും കാര്യമില്ല. ആഴ്ചകള്‍ കഴിഞ്ഞാലെ ഒരു ഉത്തരം കിട്ടൂ എന്നു അശ്വിനിക്കറിയാം.  ഈ ആഴ്ചകളില്‍ ദിവസങ്ങള്‍ക്ക് നീളം ഇരുനൂറ്റി അന്‍പത്തിയെട്ടു മണിക്കൂര്‍ വീതമുണ്ടാവും. ഓടിയോടിപ്പോയിരുന്ന സമയമെന്തിനാണ് ഇങ്ങനെ നിരങ്ങി നീങ്ങുന്നത്?
  
'എന്താ, എന്താണ് പ്രശ്‌നം ആശ?'മോഹന്‍ ചോദിക്കുന്നു.  
'പ്രത്യേകിച്ചൊന്നുമില്ല, ഇവിടെ ഇരുന്നിട്ട് സമയം പോകുന്നില്ല. രണ്ടാഴ്ച എങ്ങനെ കടത്തിവിടും മോഹന്‍?  കാന്‍സര്‍ എങ്ങാനും ആണെങ്കില്‍.'
'ഒന്ന് നിര്‍ത്തുന്നുണ്ടോ? വെറുതെ ഇല്ലാത്തത് നെനച്ചുണ്ടാക്കി സമയം കളയാതെ.  നിനക്കവിടെ പണിയൊന്നും ഇല്ലാത്തോണ്ടാണ്. എനിക്ക് ശ്വാസംവിടാന്‍ സമയമില്ലാത്ത നേരമാണ്.' മോഹന്റെ കണ്ണ് കോര്‍പ്പറേറ്റ് കോണിക്ക് മുകളില്‍ തറഞ്ഞിരിക്കുകയാണ്. ഏകാഗ്രത ഇല്ലാതാക്കുന്നതൊന്നും മോഹന് കേള്‍ക്കുകയേ വേണ്ട. പ്രത്യേകിച്ച് ഇല്ലാത്ത രോഗത്തെ പറ്റി. അശ്വിനി പറഞ്ഞുണ്ടാക്കുന്ന അശ്വിനിക്ക് ഇല്ലാത്ത രോഗത്തെ പറ്റി! 
   
മോഹന്‍ അശ്വിനിയെ ആശാന്നു വിളിച്ചിട്ട് പറഞ്ഞത്. 'നീയെന്റെ ആശയാണ്. പ്രതീക്ഷയാണ്.'
ഛെ, മോഹന്‍ വെറുമൊരു കാമുകനായിരുന്നു.    
അശ്വിനിയുടെ കഴുത്തിന് തൊട്ടു താഴെ നെഞ്ചില്‍ നടുനടുക്കായി കിടന്നാവാക്ക് കബഡി കളിച്ചു.  
കാന്‍സര്‍, ഖാന്‍സര്‍, കാന്‍...സാര്‍,  ഗാന്‍സോര്‍, ക്യാനസോര്‍, ക്യാ...സാര്‍?, കോന്‍ സേര്‍? 
വിഴുങ്ങാന്‍ വയ്യ. തുപ്പാന്‍ വയ്യ...എന്തു ചെയ്യും...എന്തു ചെയ്യും  ഞാനെന്റെ ഈശ്വരാ...!  ആരോടു പറയും... ആരോടു പറയും... കേള്‍ക്കാന്‍ പോലും ആരുമില്ലല്ലോ. പണി തീരാത്ത പകലുകളും ഉറക്കം തീരാത്ത രാത്രികളും കടന്ന് സങ്കടങ്ങള്‍ ഉറഞ്ഞു നിന്നു.
-Control your amygdala woman! കീര്‍ത്തന അശ്വിനിക്ക് വിശദീകരിച്ചുകൊടുത്തതാണ്. ഭയം ഉണ്ടാവുന്നത് തലച്ചോറിലെ അമിഗ്ഡലയിലാണ്.  
സ്‌കൂളില്‍ പഠിച്ച ബയോളജി വെള്ളം കൂട്ടാതെ കീര്‍ത്തന വീട്ടില്‍ പ്രയോഗിക്കും. കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഭക്ഷണം വിക്കിയ ചുമ അടക്കി, മാറിയ ശബ്ദത്തില്‍ കീര്‍ത്തന പറഞ്ഞു. 'എന്റെ എപ്പിഗ്ലോട്ടിസ് മാല്‍ഫങ്ഷന്‍ ചെയ്തു.' മോഹന്‍ എല്ലാ ഉത്സാഹത്തോടെയും കീര്‍ത്തനയുടെ ബയോളജി സ്‌നേഹത്തില്‍ എണ്ണയൊഴിച്ച് തീകൂട്ടിക്കൊടുത്തു. ഒരു അനാറ്റമി പോസ്റ്ററാണ് എപ്പിഗ്ലോട്ടിസുകാരിക്ക് മോഹന്‍ സമ്മാനം കൊടുത്തത്. പേശികളും എല്ലുകളും അക്കമിട്ട് അടയാളപ്പെടുത്തിയ പോസ്റ്റര്‍. പെട്ടെന്നാണ് കീര്‍ത്തന പേശികളുടെയും എല്ലുകളുടെയും പേരുകള്‍  പഠിച്ചെടുത്തത്. കീര്‍ത്തനയുടെ  സയന്‍സ് ഫെയറുകളില്‍ മോഹന്‍ അതിരുവിട്ടു സഹായിക്കുന്നുവെന്ന് അശ്വിനി പരാതിപ്പെട്ടു. നിരാശ്രയനായി വളര്‍ന്ന ഒരു കുട്ടിയുടെ പിടച്ചില്‍, മോഹന്റെ അത്യുത്സാഹം കൂടിയ പിന്തുണയില്‍ അശ്വിനി കണ്ടെടുക്കാന്‍ ശ്രമിച്ചു.
 
കീര്‍ത്തനയ്ക്ക് ഡോക്ടറാവണം. ഡോക്ടറാവാന്‍ ഹെല്‍ത്ത് സയന്‍സില്‍ ഡിഗ്രി എടുക്കുന്നത് സഹായിക്കും. അതിന് അഡ്മിഷന്‍ കിട്ടാന്‍ റാങ്കുകാരി മാര്‍ക്ക് വേണം. മാര്‍ക്കുമാത്രം പോരാ.  സേവനസന്നദ്ധത പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് വേണം ഹൈസ്‌കൂള്‍ കടക്കാന്‍. സമൂഹത്തിന് പ്രയോജനമുള്ള പൗരരായി വളരാനുള്ള അടിത്തറയാണത്. അച്ഛനും അമ്മയും അധ്വാനിച്ച പണം ചെലവാക്കുകയല്ല വിദ്യാഭ്യാസം എന്നറിഞ്ഞു വേണം കുട്ടികള്‍ വളരാന്‍. അതുകൊണ്ട് ഹൈസ്‌കൂള്‍ കുട്ടികള്‍ വോളണ്ടറി ജോലി ചെയ്യുന്നു.
 
പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് ഹെല്‍ത്ത് സയന്‍സ് എടുക്കാന്‍ വേണ്ടി പഠിത്തക്കാരി കീര്‍ത്തന തലകുത്തിമറിഞ്ഞു. കീര്‍ത്തന ആഴ്ചയില്‍ മൂന്നു ദിവസം വോളണ്ടറി ജോലി ചെയ്തു. തിങ്കളും ചൊവ്വയും ആശുപത്രിയില്‍ രോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന പണി. വ്യാഴാഴ്ച ലൈബ്രറിയില്‍ കുട്ടികള്‍ക്ക് ഗൃഹപാഠം ചെയ്യാന്‍ സഹായിക്കും. നഗരത്തിന്റെ പരാധീനതപ്പെട്ട ഇടങ്ങളില്‍നിന്നുള്ള സ്‌കൂള്‍കുട്ടികളാണ് അധികവും അവിടെ വരുന്നത്. അവര്‍ക്ക് കണക്കും സയന്‍സും  ഫ്രഞ്ചും പറഞ്ഞുകൊടുക്കുന്നത് കീര്‍ത്തനയ്ക്ക് ഇഷ്ടമുള്ള കാര്യമാണ്. സമൃദ്ധി കുറഞ്ഞ ജീവിതങ്ങള്‍ നേരിട്ടുകാണുന്നത് കുട്ടികളുടെ വ്യക്തിത്വവികസനത്തിനെ സഹായിക്കുകയും ചെയ്യും.
  സ്‌കൂളിലെ സോക്കര്‍ ടീമിനെ കീര്‍ത്തന ഉപേക്ഷിച്ചു. വൈകുന്നേരങ്ങളെ പ്രാക്ടീസും ശനി,ഞായറുകളെ മത്സരങ്ങളും കൈയടക്കാന്‍ തുടങ്ങിയപ്പോള്‍ പഠിപ്പിസ്റ്റ് തന്നെയാണ് അതുവേണ്ടെന്ന് പറഞ്ഞ് ഭരതനാട്യത്തിലേക്ക് തിരിഞ്ഞത്.  
ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ഭരതനാട്യത്തിന്റെ ക്ലാസ്. കീര്‍ത്തനയ്ക്ക് ഡാന്‍സ് ഇഷ്ടമാണ്. പഠിത്തത്തിനിടയില്‍ അവള്‍ സമയം കിട്ടുന്നതുപോലെ പ്രാക്ടീസ് ചെയ്തു. പക്ഷേ സ്റ്റേജ് പ്രോഗ്രാമുകള്‍ വരുമ്പോള്‍ പതിവായി പ്രാക്ടീസിന് പോവണം. 
സ്‌കൂള്‍വിഷയങ്ങള്‍ക്ക് മാര്‍ക്ക് തൊണ്ണൂറ്റഞ്ചു ശതമാനത്തില്‍ കുറയാന്‍ പാടില്ല. കീര്‍ത്തനയ്ക്ക് കഴിക്കാന്‍ സമയമില്ല.  ഉറങ്ങാന്‍ നേരമില്ല. കുളിക്കാന്‍ കൂടി സമയം കിട്ടാതെയായി. ടി.വി. കാണുന്നത് അങ്ങേയറ്റം കുറ്റബോധത്തോടെയായി. സോക്കര്‍ ക്ലീറ്റ്‌സ് ഊരിമാറ്റി ചിലങ്കകെട്ടുന്നതിനെ അശ്വിനി എങ്ങനെ എതിര്‍ക്കും?
     
'എന്തിനാണ് കുട്ടീ, ഈ പാടുപെടുന്നത്. പഠിത്തം കഴിഞ്ഞ് ജോലികിട്ട്യാലും ഈ സ്‌ട്രെസ്സ് തന്നെയല്ലേ! നിനക്ക് ടീച്ചിംഗ് ചെയ്തൂടെ? നീ ആ കുട്ടികളെ ഹെല്‍പ്പ് ചെയ്യുന്നത് നന്നായി എന്‍ജോയ് ചെയ്യുന്നുണ്ടല്ലോ. പിന്നെ എന്തോരം അവധിയുണ്ട്.' 
'അയ്യേ, അത് മമ്മു ചെയ്‌തോട്ടോ.'
  
അങ്ങനെയാണ് കീര്‍ത്തന ഹെല്‍ത്ത് സയന്‍സിന് അഡ്മിഷന്‍ നേടിയെടുത്തത്.  ഇപ്പോഴും യൂണിവേഴ്‌സിറ്റി വിഷയങ്ങളും എന്‍ട്രന്‍സിന് പഠിത്തവുമായി കീര്‍ത്തന സമയവുമായി മത്സരിച്ചോടുന്നു.  ശനിയാഴ്ച വീട്ടില്‍ വരാന്‍ സമയമില്ല.  വെറുതെ വിളിച്ചു വിശേഷമൊന്നും ഇല്ലെന്നു പറഞ്ഞുതുടങ്ങി അരമണിക്കൂര്‍ നിര്‍ത്താതെ സംസാരിക്കുന്നത്  കീര്‍ത്തനയുടെ ലോകത്ത് മഹാപാപമാണ്.  
അശ്വിനിക്കു മാത്രമേ ഇപ്പോള്‍ സമയം അധികമുള്ളൂ. അവള്‍ക്കിപ്പോള്‍  ഒളിമ്പിക്‌സ് സ്റ്റേഡിയം പണിയാനുള്ള സമയം ഉണ്ട്. സമയം വില്‍ക്കാനുണ്ട്. ആര്‍ക്കെങ്കിലും കുറച്ചു സമയം വേണോ? ആകാംക്ഷയില്‍ പൊതിഞ്ഞ കുറച്ച് ഷോപ്പിംഗ് സമയം! ഒരു അരിമണി മുലയില്‍ പൊതിഞ്ഞ സമയം. നല്ല വാത്സല്യമുണ്ടാവും. കുറച്ചു അശ്ലീലമാവാനും മതി. 
 
(തുടരും)
 
 
Content Highlights: Novel Manjil Oruval By Nirmala