Thank God It's Friday!

ഫീസ് ജോലിക്കാരെല്ലാം ജീവിക്കുന്നത് വെള്ളിയാഴ്ച വൈകുന്നേരത്തിനു വേണ്ടിയാണ്. ആഴ്ചമുഴവന്‍ കണക്ക് കൂട്ടിക്കൂട്ടിയിരിക്കും ഇനി നാലു ദിവസം...രണ്ടു ദിവസം...ഫെബ്രുവരിയിലെ മൂന്നാംതിങ്കളാഴ്ച കാനഡയുടെ ഫാമിലിഡേ അവധിയാണ്. കീര്‍ത്തന വീട്ടില്‍ വരുന്ന വെള്ളിയാ
ഴ്ചയോളം സുന്ദരമായി അശ്വിനിക്കൊന്നുമില്ല. മതിയാവോളം ഉറങ്ങാനും ഉണ്ണാനും സ്‌നേഹിക്കാനുമായി മൂന്നു ദിവസങ്ങള്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു.       
രാത്രി എട്ടുമണിക്കാണ് കീര്‍ത്തനയുടെ ട്രെയിന്‍ എത്തിയത്. കെട്ടിപ്പിടിച്ച് ഞെക്കിയമര്‍ത്തി കീര്‍ത്തനയെ അശ്വിനി ഉമ്മവെച്ചു.  
'മമ്മൂസ്, പെരുമ്പാമ്പേ, എന്നെ കൊല്ലല്ലേ!'
'എന്താരെന്നാ ഇത്രക്കും സാധനങ്ങള്? നിനക്ക് വീക്കെന്‍ഡും റിലാക്‌സ് ചെയ്യാന്‍ പറ്റില്ലേ?'
'ഒരു അസൈന്‍മെന്റ് ട്യൂസ്‌ഡേ ഡ്യൂ ആണമ്മ. എന്നെ ഷോപ്പിങ്ങിന് വിളിച്ചേക്കല്ലേ!
ആ മുന്നറിയിപ്പ് അശ്വിനിക്ക് ഇഷ്ടമായില്ല. വിസ്തരിച്ച ഊണും വര്‍ത്തമാനവും കഴിഞ്ഞു പോയ കീര്‍ത്തനയുടെ മുറിയിലെ ലൈറ്റ് പാതിരാത്രി കഴിഞ്ഞിട്ടും ഓഫായിരുന്നില്ല.  അതുകൊണ്ട് കാലത്തെ അവളെ ഉണര്‍ത്താന്‍ അശ്വിനി ശ്രമിച്ചില്ല. 
പ്രണയദിനെത്തയും കുടുംബദിനെത്തയും മൈനസ് ഇരുപത്തിനാല് ഡിഗ്രി തണുപ്പിലേക്ക് തള്ളിയിട്ടിരിക്കുകയായിരുന്നു.  പുറത്തെ തണുപ്പ് വീടിനുള്ളിലും അറിയാം. അടുക്കള സാധനങ്ങള്‍ക്ക് പ്രത്യേകമായുള്ള കടയില്‍ നിന്നും വാങ്ങിയ ഹൃദയാകൃതിയിലുള്ള അച്ച്‌കൊണ്ട് ഒറ്റക്കുട്ടിക്കുവേണ്ടി അശ്വിനി പാന്‍കേക്കുകള്‍ ചുട്ടു. അശ്വിനിക്ക് വീടു നിറയെ കുട്ടികള്‍ വേണമെന്നുണ്ടായിരുന്നു. അഞ്ചു കുട്ടികള്‍. കീര്‍ത്തനയെ കിട്ടിക്കഴിഞ്ഞപ്പോള്‍ അശ്വിനിക്ക് തൈറോയ്ഡും കിട്ടി. ഗുളികകള്‍, രക്തപരിശോധന, പിന്നെയും ഗുളികകള്‍...ബാക്കി നാലു കുട്ടികളെയും മരുന്നുകള്‍ നിഷേധിച്ചുകളഞ്ഞു. 
ഹൃദയാകൃതിയിലുള്ള പാന്‍കേക്കുകള്‍ നിരത്തിവെച്ച് അതിനിടയ്ക്ക് സ്‌ട്രോബറികൊണ്ട് അലങ്കരിച്ച് അറ്റത്ത് ചോക്ലേറ്റുമായി സുമുഖന്‍ പ്രാതല്‍ മേശപ്പുറത്തു കണ്ട് വൈകി ഉണര്‍ന്നുവന്ന കീര്‍ത്തനയ്ക്ക് അമ്മസ്‌നേഹം വന്നു. 
മമ്മൂസ് ഹാപ്പി വാലന്റൈന്‍സ് ഡേ!
ഉവ്വ, ഈ പാന്‍ കേക്ക് കണ്ടിട്ടല്ലേ നീ ഓര്‍ത്തത്. ഇല്ലെങ്കില്‍ യൂണിവേഴ്‌സിറ്റിയില്‍ ചെന്ന് വല്ല ചെക്കന്മാരേം കാണുമ്പഴേ അവള്‍ ഓര്‍ക്കൂ!
മോഹന്‍ ഏറ്റെടുത്തു അങ്കം. 
ഉവ്വ, എന്നിട്ട് അച്ഛ, എന്താ നിന്റെ ലവ്വിനു കൊടുത്തത്?  
മോഹന്‍ ഗരാജിലേക്ക് പോയി. ചുവപ്പും പിങ്കും റോസപ്പൂവുകള്‍ നിറഞ്ഞ പൂക്കൂടയുമായി തിരികെ വന്നു.  
Happy Valentine's Day to my sweet girls! ഉറക്കെ വായിച്ചിട്ട് കീര്‍ത്തന കാര്‍ഡ് മേശപ്പുറത്തു നടുവിലായി വെച്ചു. 
നീ ഒന്നും കഴിക്കുന്നില്ലേ കീര്‍ത്തന, മെലിഞ്ഞു. നോക്ക് മൊഖൊക്കെ കരുവാളിച്ചിരിക്കുന്നു. 
കീര്‍ത്തനയെ ചേര്‍ത്തുപിടിച്ച് അശ്വിനി കണക്കെടുപ്പ് നടത്തിയത് അവള്‍ക്കിഷ്ടപ്പെട്ടില്ല. 
പ്ലീസ് അമ്മാ! 
നിനക്കെന്താ വേണ്ടേ? സാമ്പാറും കൊണ്ടാട്ടവും ഉണ്ട്. ഒരു ട്രേ ബിരിയാണിയും ഉണ്ടാക്കാം. വേറെ എന്തെങ്കിലും വേണോ കൊണ്ടോവാന്‍.
ഹും. എന്തായാലും മതി. 
കൈ വിടുവിച്ച് കീര്‍ത്തന മുകളിലേക്ക് പോകാനൊരുങ്ങി. 
അമ്മാ, എന്റെ പുരികം ശരിയാക്കണം. നമുക്ക് ദീപികയുടെ സലോണില്‍ പോവാം.  തിങ്കളാഴ്ചയാവട്ടെ കീര്‍ത്തന. നിനക്ക് കൊണ്ടോവാന്‍ എന്തെങ്കിലുമൊക്കെ കുക്ക് ചെയ്യേണ്ടെ? ഇന്നേ പോളിഷ് ഇട്ടാല്‍ എന്റെ നഖം മുഴുവന്‍ നാശമാകും.
ഒക്കെ, മിസ് ഓര്‍ഗനൈസര്‍!
കാപ്പിയും പത്രവുമായി ടിവിക്കു മുന്നിലിരുന്ന് മോഹന്‍ അറിയിച്ചു. 'അടുത്ത സ്റ്റോം വെസ്റ്റ്ന്നു പുറപ്പെട്ടിട്ടുണ്ട്. ഇന്നു വൈകുന്നേരം സ്‌നോ തുടങ്ങും. എട്ടു സെന്റിമീറ്റര്‍ സ്‌നോയാണ് പ്രെഡിക്റ്റ് ചെയ്തിരിക്കണേ.'
ഇനിയും എട്ടു സെന്റീമീറ്ററും കൂടിയോ? 
'വിന്റര്‍ സോള്‍ട്ട് തീര്‍ന്നുപോയി. ഞാന്‍ വാങ്ങീട്ടുവരാം. വേറെ ഗ്രോസറി എന്തെങ്കിലും വേണോ?' മോഹന്‍ അടുത്ത കൊടുങ്കാറ്റിനു തയ്യാറെടുക്കാന്‍ തുടങ്ങിക്കഴിഞ്ഞു.  
മഞ്ഞുകാലമായാല്‍ കല്ലുപ്പിന്റെ ചാക്ക് ഒഴിയാതെ വേണം. ഐസ്മഴ
എപ്പോള്‍ വേണമെങ്കിലും വീഴാം. സ്വന്തം ഡ്രൈവ്‌വേയും മുന്നിലെ നടവഴിയും മഞ്ഞുമാറ്റി നടക്കാന്‍ പാ
കത്തിലാക്കി ഇടേണ്ടത് വീട്ടുടമയുടെ ഉത്തരവാദിത്തമാണ്. വീട്ടുവളപ്പിലോ മുന്നിലെ വഴിയിലോ ആരെങ്കിലും തെന്നി വീണാല്‍ കേസും പുകിലുമാവും.   
ഉപ്പു വാങ്ങാന്‍ പോയ മോഹന്‍ സിനിമയുടെ സി.ഡി.യും പിന്നെ അശ്വിനിയുടെ പലചരക്കുപട്ടികയില്‍ ഇല്ലാത്ത കുറെയേറെ സാധനങ്ങളുമായിട്ടാണ് മടങ്ങി വന്നത്.
'ദേ, കീര്‍ത്തന, അച്ഛയ്ക്ക് സ്റ്റോം ബാധ കേറീട്ടൊ!'  
മോഹന് മഞ്ഞുകാലം ഇഷ്ടമാണ്. അപ്പോഴാണ് മോഹന്‍ നല്ലൊരു പാചകക്കാരനാവുന്നത്.     
'കീര്‍ത്തന, നിനക്ക് ചിക്കന്‍ വിംഗ്‌സ് എക്‌സ്ട്ര സ്‌പൈസി വേണോ?'
'യേസ്....യേസ്...സ്‌പൈസി ആയിക്കോട്ടെ. ഉം...ഗാര്‍ലിക് ബ്രെഡ് ആന്‍ഡ് ചിക്കന്‍ വിംഗ്‌സ്. നല്ല ചോയ്‌സ് അച്ചുസ്.' 
മോഹനെ അടുക്കളയിലെ ആഭിചാരത്തിനു വിട്ടിട്ട് അശ്വിനി കിടപ്പ് മുറിയിലേക്കു പോയി. രാത്രി ഒന്‍പതരയായിട്ടുണ്ട്. ശനിയാഴ്ച രാത്രി അശ്വിനിയുടെ വിളി വന്നില്ലെങ്കില്‍ അമ്മയ്ക്ക് ഉറക്കം കിട്ടില്ലെന്ന് അവള്‍ക്കറിയാം. 
'നീയെന്താ വിളിക്കാന്‍ വൈകിയേ അച്ചൂ?'
'അതിവിടെ നല്ല മഞ്ഞാണമ്മേ. മോഹന്‍ പുറത്തൊക്കെ പോയി വന്നിട്ടു സമാധാനമായിട്ടൊന്നു വിളിക്കാന്‍ കാത്തിരുന്നതാ. അമ്മയ്ക്ക് ഒറക്കം വരുന്നുണ്ടോ?'
എവിടെ? എനിക്ക് പാതിര ആയാലും ഒറക്കം ഇല്ലെടീ. ഒമ്പതര കഴിഞ്ഞ് ഫോണടിക്കുന്നത് കേട്ടാ പപ്പക്ക് ദേഷ്യം വരൂന്ന് നിനക്കറിയില്ലേ.
ഉവ്വുവ്വ്. ജഡ്ജി ഒറങ്ങിയോ? 
ഓ, കൃത്യം ഒന്‍പതരയ്ക്ക് തന്നെ. അമ്മയുടെ ചിരി ഫോണില്‍ കേള്‍ക്കാന്‍ അശ്വിനിക്കിഷ്ടമാണ്. 
അമ്മൂമ്മയോ?
അമ്മയ്ക്ക് നല്ല വലിവുണ്ട്. അതോണ്ട് ഒന്നു മയങ്ങും പിന്നെ ഉണരും. പാവത്തിനു നല്ല ഒറക്കം കിട്ടുന്നില്ല. 
കാവലിരിക്കുന്ന അമ്മയ്ക്ക് അത്രയും കൂടി ഒറക്കമില്ലല്ലോ.
അതൊന്നും കാര്യല്ല. എല്ലാരേം നോക്കാനുള്ള ആരോഗ്യംണ്ടായാ മതി. പിന്നെ കെടക്കാതെ പോ
ണം. അത്രേള്ളൂ. 
'അക്കു ഈയാഴ്ച വന്നില്ലമ്മേ' അശ്വിനി വിഷയം മാറ്റി.
അവള് തിരുവനന്തപുരത്തിനു പോയിരിക്കാ. അപ്പൂന്റെ കുട്ടീടെ അഡ്മിഷന്‍ കാര്യത്തിനെന്തോ. 
പാവം ആ പെണ്ണിനിരിക്കാന്‍ നേരോല്ല. ചേട്ടന് വരാന്‍ പറ്റില്ലേ?
അവനങ്ങനെ ഗള്‍ഫ്ന്ന് എപ്പഴും ഓടി വരാന്‍ പറ്റ്വോ? അഡ്മിഷന്‍ ആവുമ്പോഴക്കും അവനും കാര്‍ത്തികേം എത്തും. 
അമ്മയുടെ ന്യൂസ് അപ്‌ഡേറ്റ് കഴിഞ്ഞ് അശ്വിനി ഇമെയിലുകള്‍ക്ക് മറുപടി അയക്കാനിരുന്നു, ഫേസ്ബുക്ക് പോസ്റ്റു നോക്കണം എന്ന സ്വയംപ്രഭയുടെ മെസേജില്‍ നിന്നും അശ്വിനി ഫേസ്ബുക്കിലേക്ക് പോയി. നോക്കണമെന്നു പ്രഭ ആവശ്യപ്പെട്ടാല്‍ അതിനര്‍ത്ഥം നല്ലതു പറയണമെന്നാണ്. ലൈക്ക് കൊടുക്കണം, നല്ല പളപളാന്നുള്ള അഭി
പ്രായം ചുവട്ടിലെഴുതുകയും വേണം. ആരൊക്കെ ആര്‍ക്കൊക്കെ ലൈക്ക് ഇട്ടു. എന്റെ പോസ്റ്റിനെ അവന്‍ അവഗണിച്ചു, അവളുടെതിനു കമന്റും ഇട്ടു. മറ്റവള്‍ ഇവനെ അവന്റെ പോസ്റ്റില്‍ പരിഹസിച്ചു...സ്വയംപ്രഭയുടെ പരാതികളില്‍ പകുതിയും അശ്വിനിയുടെ ചെവിക്കു പുറത്തേക്ക് ഒഴുകിപ്പോവും. വഴുക്കലുള്ള സ്വഭാവമാണ് സ്വയംപ്രഭയുടെത്. എപ്പോഴാണ് വഴുതിപ്പോവുക എന്നറിയില്ല. ഇപ്പോള്‍ അവളുടെ ശരിപ്പേരുതന്നെ മറന്നിരിക്കുന്നു. രാമഭക്തയായിട്ടല്ല, അവളെ അശ്വിനി സ്വയംപ്രഭയെന്നു വിളിക്കുന്നത്, പെരുമാറ്റം കണ്ടപ്പോള്‍ വന്നുപോയ പേരാണ്.
ഒരു പോസ്റ്റില്‍ നിന്നും മറ്റൊന്നിലേക്ക് ചാടിച്ചാടി ഫേസ്ബുക്കിലിരുന്നാല്‍ സമയം പോകുന്നത് അറിയില്ല. ആരെങ്കിലും ആവശ്യപ്പെട്ടാലേ അശ്വിനി ആ വഴി പോകാറുള്ളൂ. ഉച്ചവരെ സമയം കളഞ്ഞല്ലോയെന്നു സ്വയംപ്രഭയെ പഴിച്ച് അശ്വിനി ലാപ്‌ടോപ് അടച്ചുവെച്ചു.     
മോഹന്റെ സൂപ്പില്‍ എത്തിനോക്കി അശ്വിനി ചോദിച്ചു. 
'വിച്ചസ് ബ്രൂ റെഡിയായോ? '

manjil oruval novel


അശ്വനിയുടെ അരയില്‍ കൈചുറ്റി തോളത്ത് മൂക്ക്‌കൊണ്ട് ഉരസി മോഹന്‍ പറഞ്ഞു.
'ഉവ്വല്ലോ, വിച്ചുകള്‍ രണ്ടും വന്നാല്‍ മതി! കുട്ടിരാക്ഷസിടെ ഹോംവര്‍ക്ക് എവിടെ എത്തിയോ!  '
അശ്വിനി കര്‍ട്ടന്‍ മാറ്റി കുറച്ചുസമയം വീടിന്റെ പുറകുവശം കണ്ടുനിന്നു.  പറമ്പും, പടിയും വേലിയുമെല്ലാം മഞ്ഞിന്റെ ഉടുപ്പിട്ടു നില്‍ക്കുന്നു. ഉജാലപ്പരസ്യം പോലുള്ള വെണ്മ. അന്തരീക്ഷം പക്ഷേ നരച്ചു മുഷിഞ്ഞിരുന്നു. മഞ്ഞിന്റെ പെയ്ത്ത് എപ്പോള്‍ വേണമെങ്കിലും തുടങ്ങാം. താഴേക്കു വീഴാനുള്ള മഞ്ഞ് കാറ്റിന്റെ വിസിലുകാത്ത് ഭൂമിക്കും ആകാശത്തിനുമിടയ്ക്ക് വീര്‍പ്പടക്കിപ്പിടിച്ചു 
നില്‍ക്കുകയാണ്.  കാറ്റ് മുന്നറിയിപ്പുകൊടുക്കാതെ ഒളിച്ചിരിക്കുന്നു.      
 ധ്ട് പിട്ന്നു ശബ്ദംവെച്ച് കോണിയിറങ്ങി കീര്‍ത്തന വന്നു. കീര്‍ത്തന വീട്ടിലുള്ളപ്പോഴേ ഭക്ഷണമേശ പൂര്‍ത്തിയാവൂ.  
ഉം... നല്ല ഹോട്ട് സൂപ്പ്! 
ഷെഫിന്റെ അഭിമാനം കണ്ണുകളില്‍ തെളിയുന്നത് അശ്വിനി കണ്ടു.
മമ്മയ്ക്കും മോള്‍ക്കും എരിവല്ലേ വേണ്ടത്! തണുപ്പിന് ഇതാണ് ഏറ്റവും നല്ലത്. ഭക്ഷണം കഴിഞ്ഞതും കീര്‍ത്തന മുറിയിലേക്ക് തന്നെ പോയി. 
പിന്നെയവള്‍ അത്താഴത്തിനെ താഴേക്കു വന്നുള്ളൂ.      
You old people enjoy the wine and movie.  I have work to finish. 
അത്താഴം കഴിഞ്ഞതും പഠിപ്പിസ്റ്റ് പിരിഞ്ഞു പോയി. മോഹന്‍ ഒഴിച്ചുവെച്ച വൈന്‍ കൈയിലെടുത്ത് അശ്വിനി സോഫയിലിരുന്നു.  മഞ്ഞുവീഴാന്‍ തുടങ്ങിയിട്ട് കുറെ നേരമായിരുന്നു. നിലാവുപോലെ മഞ്ഞ് ഭൂമിയെ ഭോഗിക്കുന്ന രാത്രിയാണത്. മോഹനോടു ചേര്‍ന്നിരുന്ന് സിനിമ കാണുമ്പോള്‍ അശ്വിനി അഖിലയെ ഓര്‍ത്തു. തിരുവനന്തപുരത്തെ ഏതൊക്കെയോ ഓഫീസുകള്‍ കയറിയിറങ്ങി ക്ഷീണിച്ചു നടക്കുകയാവും പാവം അഖില.   
വൈകി ഉറങ്ങുക, വൈകി ഉണരുക, അവധിദിവസത്തിന്റെ സുഖാലസ്യത്തിലും കീര്‍ത്തന മടങ്ങിപ്പോകുമല്ലോ എന്നൊരു സങ്കടം അശ്വിനിയെ ചുറ്റിനിന്നു. ദീപികയുടെ സാലോണിലേക്കുള്ള വഴിമുഴുവന്‍ അശ്വിനി  കീര്‍ത്തനയോട് വിശേഷങ്ങള്‍ പറഞ്ഞു നോക്കി. ഇടക്കൊക്കെ മൂളി ഫോണിന്റെ സ്‌ക്രീനില്‍ ശ്രദ്ധിച്ചിരിക്കുന്ന കേള്‍വിക്കാരിയോട് അരിമണി രഹസ്യം മാത്രം അശ്വിനി പറഞ്ഞില്ല.  
ഇളം ചൂടുള്ള വാക്‌സ് പുരികത്തിനു ചുറ്റും പുരട്ടി ദീപിക സംസാരം തുടങ്ങി.  അവളുടെ ചുവന്ന സ്വെറ്ററിന്റെ ബട്ടന്‍സ് ഒരെണ്ണം പോയിരിക്കുന്നു.  അവിടെ ഒരു പിന്നു കുത്തിവെച്ചിട്ടുണ്ട്.  അമേരിക്കയില്‍ കാണാത്ത കാഴ്ചയാണത്.  ബട്ടന്‍സ് പോയാല്‍ പിന്നെ ആ സ്വെറ്റര്‍ കളയുകയാണ് അമേരിക്കന്‍ രീതി. ദീപികയുടെ കൈയിലെ കടുത്ത മൈലാഞ്ചി ചിത്രങ്ങള്‍ കണ്ട് അശ്വിനി ചോദിച്ചു.    
'എന്തായിരുന്നു വിശേഷം?  നീ ഹെന്നയിട്ട് മൊഞ്ചത്തി ആയിട്ടുണ്ടല്ലോ.  '
നുണക്കുഴി കാട്ടി ചിരിച്ച് ദീപിക പറഞ്ഞു. അനിയത്തിയുടെ വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞ ശനിയാഴ്ച. ഞാന്‍ സലോണ്‍ പൂട്ടി. എത്ര പേരാണെന്നോ വിളിച്ചു പരാതി പറഞ്ഞത്.
ദീപികയുടെ സലോണ്‍ ദേശികളുടെ ഇടയില്‍ പ്രസിദ്ധമാണ്.  വെയിറ്റിംഗ് മുറിയിലെ പലഭാഷകള്‍ക്കിടയില്‍ ദീപിക അശ്വിനിയോടു ഇംഗ്ലീഷില്‍ വിവാഹനിശ്ചയത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞു.  നിരയായിരിക്കുന്ന നെയില്‍ പോളിഷില്‍ നിന്നും വയലറ്റ് സൂട്ടിനു ചേരുന്ന നിറം അശ്വിനി തിരഞ്ഞെടുത്തു. നഖം ഇളം ചൂടുവെള്ളത്തില്‍ മുങ്ങി ചത്തകോശങ്ങളെ മാറ്റി നീലയില്‍ മുങ്ങി വന്നിരിക്കുന്നു.  അപ്പോഴും കീര്‍ത്തന ഫോണില്‍ കുമ്പിട്ടിരിക്കുകയായിരുന്നു. അശ്വിനി വീണ്ടും അവളെ ചേര്‍ത്തു പിടിക്കാന്‍ ശ്രമിച്ചു.    
ഉച്ചയൂണ് കഴിഞ്ഞയുടന്‍ കീര്‍ത്തന മടങ്ങിപ്പോവാന്‍ തയ്യാറായി.  തിരികെ യൂണിവേഴ്‌സിറ്റിയില്‍ എത്തിയാലേ ബാക്കി പണി തീര്‍ക്കാന്‍ പറ്റൂ. മഞ്ഞുവീഴാന്‍ തുടങ്ങിയാല്‍പ്പിന്നെ വൈകും. കാലാവസ്ഥയാണ് ഭഗവാന്‍.  ഭാവി നിശ്ചയിക്കുന്നത് കാറ്റും മഞ്ഞുമാണ്. മുപ്പതു മിനിറ്റെടുക്കും റെയില്‍വേ സ്റ്റേഷനിലെത്താന്‍.  അശ്വിനിയുടെ നാവില്‍ ചോദ്യങ്ങളും സ്‌നേഹങ്ങളും ഉപദേശങ്ങളും നിറഞ്ഞു കവിഞ്ഞു. കീര്‍ത്തന പൂര്‍ണ്ണമായും ഫോണിലാണ്. 
തണുപ്പ് അധികമില്ല. ഒരു കൊടുങ്കാറ്റ് കഴിഞ്ഞതിന്റെ ശാന്തത വായുവിലുണ്ട്.  ചൂടില്ലാത്ത വെറും വെളിച്ചമായി സൂര്യന്‍ ജ്വലിച്ചു നില്‍ക്കുന്നു. കള്ളത്തരം പിടിച്ച പൊള്ളവെയില്‍ പു
റംകാഴ്ചയെ കബളിപ്പിക്കുന്നുണ്ട്.  മഞ്ഞില്‍ത്തട്ടി തിളങ്ങുന്ന വെളിച്ചത്തെ ചെറുക്കാന്‍ കൂളിങ്ങ് ഗ്ലാസ് വെച്ച് കീര്‍ത്തനയുടെ ചെവിയിലെ ഹെഡ്‌ഫോണില്‍ നോക്കി അശ്വിനിയിരുന്നു. കീര്‍ത്തനയെ വിഴുങ്ങിയിരിക്കുന്ന ഫോണിനുള്ളില്‍ ആരായിരിക്കും എന്നചോദ്യത്തെ അമര്‍ത്തി, അശ്വിനി നാവിനെയും മനസ്സിനെയും അടക്കിവെച്ചു.   
യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്താണ് അശ്വിനി മോഹനെ പരിചയപ്പെടുന്നത്.  അശ്വിനി മോഹനോട് അച്ചടക്കമില്ലാതെ ആദ്യം സംസാരിച്ചത് ഇടിച്ചാണ്ടിയുടെ വീട്ടിലെ ഒരു വിരുന്നിലായിരുന്നു.  ലിവിംഗ് റൂമിലെ മടുപ്പില്‍ നിന്നും മെല്ലെ എഴുന്നേറ്റ് ഉൗണുമുറി കടന്ന് താഴേക്ക് പോകാന്‍ തുടങ്ങിയതായിരുന്നു അശ്വിനി.  കോണിക്ക് മുന്നിലെ വരാന്തയില്‍ നിന്ന് മോഹന്‍ സൗഹൃദത്തില്‍ പുഞ്ചിരിച്ചു.  മോഹന്റെ ചിരിയില്‍ വെറും കുശലത്തില്‍ കവിഞ്ഞ സൗഹൃദത്തിന്റെ ആത്മാര്‍ത്ഥത തോന്നി. 'എന്തൊക്കെ വിശേഷം അശ്വിനി?' 
ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപെടാനൊരു വഴി.  കിട്ടിയ തുരുമ്പില്‍ പി
ടിച്ച് അങ്ങോട്ടു നടന്നു.  'പ്രത്യേകിച്ചൊന്നൂല്ല. '
'എന്താ അവിടുത്തെ ഡല്‍ഹിബഡായി കേട്ടു മടുത്തോ?  '
പരിഹാസച്ചിരിയുടെ രഹസ്യത്തില്‍ അശ്വിനി ആശ്വാസത്തോടെ പങ്കുപറ്റി. 'ഹോ, ഞാനോര്‍ത്തു എനിക്കു മാത്രമേ അങ്ങനെ തോന്നിയുള്ളൂന്ന്.' എത്ര നേരാ ഒരാളിങ്ങനെ ആത്മപ്രശംസ നടത്തുന്നത് കേട്ടുകൊണ്ടിരിക്കാ? ' 
'ആളു വളരെ ഇന്‍സെക്യൂറാണ്. അതുകൊണ്ടാണ് എല്ലാവരുടേയും മുന്നില്‍ ഞാന്‍ മിടുക്കനാണേ മിടുക്കനാണേന്നു വിളിച്ചു കൂവിക്കൊണ്ട് നടക്കുന്നത്.  'അശ്വിനി അങ്ങനെ ചിന്തിച്ചിട്ടില്ല.   
അഹങ്കാരം തലയില്‍ കയറിയിട്ടാണെന്നാ ഞാനെപ്പോഴും വിചാരിച്ചിരുന്നത്. നമ്മളാരും പിച്ചക്കാരുടെ മുന്‍പില്‍ ചെന്നുനിന്ന് നല്ല ഉടുപ്പും കാറുമൊന്നും ഷോ ഓഫ് ചെയ്യാറില്ലല്ലോ. നമ്മളേക്കാള്‍ കൂടുതലുള്ളവരുടെ അടുത്ത് പോകുമ്പോഴല്ലേ കൂടുതല്‍ എടുത്തു കാണിക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ സെല്‍ഫ് കോണ്‍ഫിഡന്‍സ് ഉള്ളവര്‍ക്ക് അതിന്റെ ആവശ്യമില്ല.  പട്ടുസാരികള്‍ക്കിടയില്‍ കോട്ടന്‍ ചുരിദാറിന്റെ ആവശ്യമേയുള്ളുവെന്ന് അവര്‍ക്കറിയാം.
'മോഹന്‍ വിചാരിച്ചതിലും ഒബ്‌സര്‍വെന്റ് ആണല്ലോ. പ്രൊഫഷന്‍ മാറ്റണം. സൈക്യാട്രിസ്റ്റുകള്‍ക്ക് ഇപ്പോള്‍ നല്ല മാര്‍ക്കറ്റ് അല്ലേ?' അയാള്‍ ഉറക്കെ ചിരിച്ചു. മുഴുക്കിറുക്കന്‍ എങ്ങനെയാ അരക്കിറുക്കന്മാരെ ചികിത്സിക്കുന്നത്?
ചിരിക്ക് ശബ്ദം കൂടിപ്പോയോ? സ്വീകരണ മുറിയില്‍ നിന്നും പട്ടുസാരിച്ചെവികള്‍ നീണ്ടു നീണ്ടു വരുന്നത് അശ്വിനിയറിഞ്ഞു.  'ശരി കാണാം.' അതു പറഞ്ഞ് അവള്‍ കുട്ടികള്‍ കളിക്കുന്ന താഴത്തെ നിലയിലേക്ക് പോയി. ഷാള്‍ നേരെയിട്ടുകൊണ്ട് അവള്‍ മനസ്സില്‍ പറഞ്ഞു. 
പട്ടുസാരികള്‍ക്കിടയിലെ കോട്ടന്‍ ചുരിദാര്‍? ഹമ്പട!
അന്നത്തെ അത്താഴ വിരുന്ന് തീരുന്നതുവരെ മോഹനില്‍ നിന്നും കഴിയുന്നത്ര അകലമിടാനുള്ള വ്യാജമര്യാദ അശ്വിനിഎന്ന മലയാളി പെണ്‍കുട്ടി പ്രത്യേകം പാലിച്ചു.  
മനഃപൂര്‍വ്വം മോഹന്‍ അടുത്തു വന്നതുമില്ല. അതില്‍ ആശ്വാസമാണോ നിരാശയാണോ എന്നവള്‍ സ്വയം ചോദിച്ചു.  അങ്ങനെ അയാള്‍ വന്നിരുന്നെങ്കില്‍ ആ നിമിഷം അയാളോടുള്ള ബഹുമാനം തീര്‍ന്നേനെ എന്നവള്‍ തിരിച്ചറിഞ്ഞു.  
മനഃശാസ്ത്രജ്ഞന് എന്റെ മനസ്സ് അത്രയ്ക്കു നന്നായിട്ടറിയുമോ? 
മടക്കത്തില്‍ രമണിയുടെ കമന്റുകള്‍ ഒന്നും അവളെ ആലോസരപ്പെടുത്തിയില്ല. പാതിയും അവള്‍ കേട്ടില്ല എന്നതാണ് സത്യം.  ഉറങ്ങാന്‍ കിടന്നപ്പോള്‍ അശ്വിനി മോഹനെപ്പറ്റിയോര്‍ത്തു.
 അയാളുടെ ചിരിയിലെ സൗഹൃദത്തിനു മറ്റൊരു അര്‍ത്ഥം ഉണ്ടായിരിക്കുമോ? അത് തനിക്കിഷ്ടമാണോ ഇഷ്ടക്കേടാണോ എന്നൊക്കെയാലോചിച്ച് അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.  
മോഹന്‍ മറ്റ് മലയാളികളില്‍ നിന്നും വ്യത്യസ്തനാണ്. സത്യം തിരിച്ചറിയാന്‍ കഴിവുള്ളവനാണ്.  അതോ തന്റെ മുഖത്തെ മടുപ്പ് കണ്ട് ആലോചിച്ചുറപ്പിച്ചു പറഞ്ഞതായിരിക്കുമോ? കുറ്റപത്രവും വിചാരണയും സാക്ഷിപറച്ചിലും അശ്വിനിയുടെ കട്ടിലിനെ ചുറ്റിയടിച്ചു.    
മോഹന്റെ പൊട്ടിച്ചിരി, സംസാരം, അതിനു പ്രത്യേകത ഉണ്ടോ, ഇനി പ്രത്യേകത ഉണ്ടാക്കിയെടുക്കണോ എന്നൊക്കെ അശ്വിനിയും  ഉറക്കവും തമ്മില്‍ത്തല്ലിലായി.   
അശ്വിനി കാനഡയില്‍ പഠിക്കാന്‍ വന്നപ്പോള്‍ അമ്മ ഏല്‍പ്പിച്ച രക്ഷകര്‍ത്താക്കളാണ് സോമ
നും രമണിയും. അകന്ന ബന്ധുക്കളാണ്. പഠിക്കാന്‍ വന്ന കുട്ടിയാണ്, ഒരു ശ്രദ്ധയുണ്ടാവണം എന്ന് അശ്വിനിയുടെ അമ്മ അവരെ പറഞ്ഞേല്‍പിച്ചു.  ഇടക്കൊരു അവധി ദിവസം അശ്വിനി അവരുടെ വീട്ടില്‍ പോയതായിരുന്നു.    
അന്ന്! മോഹനെയും ഉറക്കം വിചാരണ ചെയ്തിരുന്നു. ചുരിദാറിനെപ്പറ്റി പറഞ്ഞ കമന്റ് അധികമായിപ്പോയോ? അത്രയ്ക്ക് പരിചയമൊന്നും ഇല്ലാത്തൊരാളോട് അങ്ങനെ പറയാമായിരുന്നോ? ഇഷ്ടപ്പെടാഞ്ഞിട്ടാവുമോ വേഗം താഴേക്ക് പൊയ്ക്കളഞ്ഞത്? 
അലവലാതി, കൊളമാക്കി! 
എന്തു ചെയ്യാന്‍, കമന്റ് കണക്കുകൂട്ടി പറഞ്ഞതൊന്നുമല്ല.  വന്നുപോയി. മാപ്പാക്കണം!  
അശ്വിനിയെ ചേര്‍ത്ത് പിടിച്ച് പഴങ്കാല കഥകള്‍ പറയുമ്പോള്‍ മോഹന്റെ കണ്ണിനുചുറ്റും നേര്‍ത്ത വരകള്‍ വിരിയും. ചിരിയോ കുസൃതിയോ എന്ന് അശ്വിനിക്ക് ചികഞ്ഞെടുക്കാനുള്ള ചാലുകള്‍. ഇരുപതു മഞ്ഞുകാലങ്ങള്‍ എത്രയേറെ തണുപ്പും മരവിപ്പും അതിനുമുകളില്‍ ചൊരിഞ്ഞിട്ടുണ്ട്. 

(തുടരും)

നോവലിന്റെ മുന്‍ലക്കങ്ങള്‍ വായിക്കാം

Content highlights : Novel Manjil Oruval By Nirmala