Nest is filled with emptiness
ഡോക്ടര്‍ കാത്തലീന്‍ ഗാര്‍നെറ്റിന്റെ ക്ലിനിക്ക് അറുനൂറു വര്‍ഷം പ്രായം തോന്നിക്കുന്ന കെട്ടിടത്തിലാണ്. അതിന് മിനുക്കുപണികളെന്തെങ്കിലും ചെയ്തിട്ട് കാലങ്ങളായിരിക്കും. പുറത്ത് പെയിന്റ് അടര്‍ന്നുപോയ പാടുകളുണ്ട്. ടാറിട്ട പാര്‍ക്കിങ് ലോട്ടില്‍ കാറുകള്‍ കുറവായിരുന്നു.
തോളൊപ്പം എത്തുന്ന ഭിത്തിക്ക് അപ്പുറത്തിരിക്കുന്ന മെലിസ അശ്വിനിയുടെ ഹെല്‍ത്ത് കാര്‍ഡ് വാങ്ങി, മെഷീനിലുരച്ചിട്ട് തിരിച്ചുകൊടുത്തു. 'ഇരിക്കൂ മിസ്സിസ് റാം. ഡോക്ടര്‍ രണ്ടു മിനിറ്റിനുള്ളില്‍ ഫ്രീയാവും.'
മുറിയുടെ നടുവിലെ ചെറിയ മേശയില്‍ മാസികകള്‍ തലങ്ങനെയും വിലങ്ങനെയും കിടന്നു. TIME, People, Living, Better Homes and Gardens, Food and wine. ചിലതിന്റെ ആദ്യപേജുകള്‍ കീറിയത്. പുറത്തിറങ്ങുമ്പോള്‍ മിനുങ്ങിത്തിളങ്ങി വശീകരിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ കൂടുതലും പഴകിയും ചുളിഞ്ഞുമിരുന്നു. അശ്വിനി ഒന്നിലും തൊടാതെ, രോഗാണുക്കളുടെ സംഘത്തെ ഒഴിവാക്കി ഫോണില്‍ കണ്ണുറപ്പിച്ചിരുന്നു. നരച്ച കസേരയില്‍ കീര്‍ത്തനയെയും കെട്ടിപ്പിടിച്ചിരുന്ന നാളുകള്‍ കഴിഞ്ഞയാഴ്ചപോലെ തോന്നി അശ്വിനിക്ക്. ഇവിടെ വരുമ്പോഴെല്ലാം കീര്‍ത്തനയെ ഓര്‍ത്തുള്ള വെപ്രാളമായിരുന്നു. സ്വന്തം ആരോഗ്യത്തെപ്പറ്റി ഇന്ന് വരെ ആകാംക്ഷപ്പെട്ടിട്ടില്ലെന്ന് അശ്വിനിയോര്‍ത്തു.
ഡോക്ടര്‍ ഗാര്‍നെറ്റ് അശ്വിനിയുടെ അരിമണി അമര്‍ത്തി നോക്കി 'വേദനയുണ്ടോ' എന്ന് ചോദിച്ചു. 'ശരിയാണ് എന്തോ ഒന്ന് അവിടെയുണ്ട്. പ്രത്യേകിച്ചൊന്നും പറയാന്‍ പറ്റില്ല, നമുക്ക് മാമോഗ്രാം ചെയ്തു നോക്കാം.' ഫയല്‍ നോക്കി ഡോക്ടര്‍ വീണ്ടും പറഞ്ഞു.
നിനക്ക് ബ്രെസ്റ്റ് കാന്‍സര്‍ പാരമ്പര്യമില്ല. സാധ്യതകളൊന്നും കാണുന്നില്ല. എന്നാലും നമുക്കൊന്ന് ഉറപ്പാക്കിയേക്കാം. നാല്പത് കഴിഞ്ഞാല്‍ പലരും പതിവായി മാമോഗ്രാം ചെയ്യാറുണ്ട്.
സ്ത്രീകള്‍ക്ക് അന്‍പതാം പിറന്നാള്‍ എത്തുമ്പോള്‍ സ്തനാര്‍ബുദവും മാമോഗ്രാം ചെയ്യേണ്ടതിന്റെ ആവശ്യകതയും വിശദീകരിക്കുന്ന കത്ത് ആരോഗ്യവകുപ്പ് നേരിട്ടയക്കും. സ്തനാര്‍ബുദം നേരത്തെ കണ്ടുപിടിച്ചാല്‍ ചികിത്സയും അതിജീവനവും എളുപ്പമാവുമെന്ന നിഗമനത്തില്‍ നിന്നാണിത്. ഭാഗ്യവതിയായ അശ്വിനിക്ക് അതുവരെ കാത്തിരിക്കേണ്ടി വന്നില്ല!
ആശുപത്രിയില്‍ വിളിച്ച് മാമോഗ്രാം ഏര്‍പ്പാടാക്കാന്‍ ഡോക്ടര്‍, മെലിസയെ ഏല്‍പ്പിച്ചു. ഡോക്ടര്‍ കീര്‍ത്തനയുടെ കാര്യവും അന്വേഷിക്കാന്‍ മറന്നില്ല. ഡോക്ടറുടെ മുറിയില്‍ നിന്നും ഇറങ്ങുമ്പോള്‍ മെലിസ പിടിച്ചുനിര്‍ത്തി.
'മിസ്സിസ് റാം, ഏതു സമയമാണ് മാമോഗ്രാം അപ്പോയ്ന്റ്‌മെന്റിനു സൗകര്യം? കാലത്ത്, അല്ലെങ്കില്‍ ഉച്ചകഴിഞ്ഞോ?'
'കാലത്ത്, ആദ്യത്തെ അപ്പോയ്‌മെന്റ് തരൂ.' പറ്റുമെങ്കില്‍ അവധി എടുക്കാതെ കഴിക്കാന്‍വേണ്ടി അശ്വിനി പറഞ്ഞു.
'ശരി, ആശുപത്രിയില്‍ വിളിച്ച് സമയം എടുത്തിട്ട് ഞാന്‍ വിളിക്കാം. ഇതാ ഇതില്‍ മാമോഗ്രാമിനെപ്പറ്റി അത്യാവശ്യം വിവരങ്ങളുണ്ട്.' ഡോക്ടറുടെ സെക്രട്ടറി കൊടുത്ത ലഘുലേഖ അശ്വിനി ബാഗിന്റെ സിപ്പറുള്ള ഉള്ളറയിലേക്ക് വെച്ചു.
പതിനൊന്നു മണിയുടെ മീറ്റിങ്ങിനെത്താന്‍ അവള്‍ വൈകിയില്ല. പശയൊട്ടിച്ച ചിരിയുമായി അശ്വിനി ചുറ്റും നോക്കി. ബ്രൗണ്‍നിറമുള്ള ജനലുകളും വമ്പന്‍ കസേരകളുമുള്ള കോണ്‍ഫറന്‍സ് റൂം. ഗ്രേ കാര്‍പ്പറ്റ്, അതില്‍ ഛര്‍ദി പടര്‍ന്നതുപോലെ ഇളം മഞ്ഞ ഡിസൈന്‍. മഞ്ഞ ഭിത്തി. പ്രധാനപ്പെട്ടതൊക്കെ എത്ര പെട്ടെന്നാണ് അപ്രധാനമാകുന്നത്.
ഒരു ചുഴലി, അത് മറ്റാര്‍ക്കും കാണാനാവില്ല. കൈലാലിട്ടടിച്ച്, തന്നത്താനെടുത്തെറിഞ്ഞും വട്ടംചുറ്റിച്ചും പതയും നുരയും ഒലിപ്പിച്ച് അശ്വിനിയുടെ ഉള്ളില്‍ ചുഴലി തുള്ളുന്നു. ഒരാള്‍ തനിച്ച് എങ്ങനെയാണ് ഒരു ചുഴലിയെ ഉള്ളിലൊതുക്കുന്നത്?
മോഹനെ വിളിക്കാന്‍ അശ്വിനി ഫോണെടുത്തു. ആളെ കിട്ടാനില്ല. മോഹന്‍ ഒന്നു തിരിച്ചുവിളിക്കൂ എന്ന് മെസേജിട്ടു അശ്വിനി സമയം നോക്കി.
രണ്ടുമണി, മൂന്നുമണി, നാലുമണി, അഞ്ചുമണി...
ഒരു മണിക്കൂറിന്റെ ദൈര്‍ഘ്യം അഞ്ഞൂറ് മിനിറ്റാക്കി മാറ്റിയതാരാണ്? ഒടുക്കം കാറിന്റെ പിന്നില്‍ ഗമയോടെ കിടക്കുന്ന ജിംബാഗിനെ ഗൗനിക്കാതെ അശ്വിനി വീട്ടിലേക്ക് പോയി. ഗാരേജിന്റെ വാതില്‍ തുറന്ന് കാര്‍ അകത്തുകയറ്റിയിട്ടു, വീടിനുള്ളിലേക്കുള്ള വാതിലിന്റെ താക്കോല്‍ തിരയുമ്പോള്‍ അവള്‍ പല്ലുകടിച്ചു.
എത്ര വാതിലുകള്‍ കടക്കണം സ്വന്തം വീടിനുള്ളില്‍ കയറാന്‍! ഗാരേജില്‍ നിന്നും കയറിവരുന്ന ഇടനാഴിയിലെ പ്ലാസ്റ്റിക് ട്രേയില്‍ മോഹന്റെ ബൂട്ട്‌സ് വായപൊളിച്ച് ഇരകാത്തിരിക്കുന്നു. മോഹന്‍ ഒന്നും അങ്ങനെ ഇട്ടുപോവാറില്ല. ബൂട്ട്‌സില്‍ പറ്റിപ്പിടിച്ചിരുന്ന മഞ്ഞൊക്കെ ഉരുകി ഉണങ്ങിയിട്ടേ മാറ്റിവെയ്ക്കാന്‍ പറ്റൂ. അതുകൊണ്ടാവും അതവിടെ ഇരിക്കുന്നത്. അല്ലെങ്കില്‍ ഷൂസലമാരയിലെ ഷെല്‍ഫില്‍ അച്ചടക്കത്തോടെയിരിക്കും ബൂട്ട്‌സുകളും ഷൂസുകളും.
മുന്‍വശത്തെ ഇടനാഴിയിലാണ് അലങ്കോലപ്പെട്ടു കിടക്കുന്ന അശ്വിനിയുടെ കോട്ടലമാര. ഭിത്തിയോട് ചേര്‍ത്തിട്ടിരിക്കുന്ന നീളംകൂടി വീതികുറഞ്ഞ് ഉയരമുള്ള കറുത്തമേശയുടെ പുറത്തെ നടരാജനും പൂപ്പാത്രത്തിനും നടുവിലെ താലത്തില്‍ അശ്വിനി താക്കോല്‍കൂട്ടം വെച്ചു. മേശയ്ക്ക് തൊട്ടുമുകളിലായി തൂക്കിയിരുന്ന വീതികൂടിയ കറുത്ത ഫ്രെയിമുള്ള വട്ടക്കണ്ണാടി ഗാംഭീര്യത്തോടെ അശ്വിനിയുടെ മുഖം ദ്വിമാന ചിത്രമായി കാണിച്ചു.
മോഹനെ വീണ്ടും വിളിക്കാന്‍ മടിച്ച് അശിനി കീര്‍ത്തനയെ വിളിച്ചു.
'യെസ് മമ്മാ, എന്താണ് എമര്‍ജന്‍സി?'
'എമര്‍ജന്‍സി ആയിട്ടൊന്നില്ല. വെറുതെ നിന്നോടൊന്നു സംസാരിക്കണംന്ന് തോന്നി.'
'ഹോ, ടെക്സ്റ്റ് ചെയ്തൂടെ? ഞാനിപ്പോ ലൈബ്രറിയിലാണ്. അസൈന്‍മെന്റ് തീര്‍ക്കാന്‍ പാടുപെടുന്നു. ഞാനിന്നലെ ഇങ്ങോട്ട് വന്നിട്ടല്ലേ ഉള്ളൂ അമ്മാ!'
'ഓകെ..ഓകെ...നീ പൊയ്‌ക്കോ'
കീര്‍ത്തന അസ്വസ്ഥതയോടെ കൃഷ്ണമണികള്‍ മുകളിലേക്കുരുട്ടുന്നുണ്ടാവും.
കീര്‍ത്തനയ്ക്ക് അമ്മക്കൂട്ട് വേണ്ട, അമ്മപ്പലഹാരം വേണ്ട, അമ്മക്കൊഞ്ചല്‍ വേണ്ട. വാത്സല്യം, കരുതല്‍, കൂട്ടുകൂടല്‍, വെടിപറച്ചില്‍, പിന്തുണ...ഒന്നും വേണ്ട! ദേ, അമ്മാന്നു പറയുന്നതിപ്പോ ബോധോം വിവരോം ഇല്ലാത്ത ഒരു സ്ത്രീ. ചിലച്ച് സൈ്വര്യം കെടുത്തും, ലൈബ്രറിയിലിരിക്കുമ്പോള്‍ വിളിച്ചു മാനോം കളയും! എന്താ ചെയ്യാ, പാവം പാവം കീര്‍ത്തന!
സ്തനാര്‍ബുദനിര്‍ണയ പരിശോധനയ്ക്കുള്ള ലഘുലേഖ അശ്വിനി ആര്‍ത്തിപിടിച്ച് ആദ്യന്തം വായിച്ചു. സ്റ്റേറ്റ്‌മെന്റ് ഓഫ് വര്‍ക്കും സര്‍വീസ് ലെവല്‍ എഗ്രിമെന്റും ഇടപാടുകാരുമായുള്ള ഉടമ്പടിയും വായിക്കുന്ന ശ്രദ്ധയോടെ. മാമോഗ്രാമിന് പോവുമ്പോള്‍ ബ്ലൗസ് ഊരിമാറ്റണം. അതിന് എളുപ്പമായിട്ടുള്ള വസ്ത്രം ധരിക്കണം. ഒറ്റയുടുപ്പ്, ഓവറോള്‍ ഇതൊന്നുമല്ല വേണ്ടത്. ഡിയോഡറന്റ്, ആന്റീ പെര്‍സ്പിറന്റ്, ലോഷന്‍, ക്രീം, പൗഡര്‍ ഇതൊന്നും ഇടാന്‍ പാടില്ല. ഇതിലൊക്കെ ലോഹാംശം ഉള്ളത് ചിലപ്പോള്‍ എക്‌സ്‌റേ മെഷീന്‍ പിടിച്ചെടുക്കും. രോഗനിര്‍ണയത്തില്‍ കൈകടത്തും, തെറ്റിക്കും.
മോഹന്‍ വന്നയുടനെ സ്തനാര്‍ബുദനിര്‍ണയ പരിശോധനയ്ക്കുള്ള ലഘുലേഖ അശ്വിനി മോഹന്റെ മുന്‍പില്‍ വെച്ചു. പിങ്കില്‍ വെള്ള കുത്തുകളുള്ള ഒരു ബ്രാ ഹാങ്ങറില്‍ തൂങ്ങിക്കിടക്കുന്ന ചിത്രമാണ് ലഘുലേഖയുടെ പുറത്ത്.
'ഓ, ഇത് ലേറ്റായ വാലന്റൈന്‍ ഗിഫ്റ്റ് റിക്വസ്റ്റ് ആണോ പ്രിയതമേ? എംറ്റി നെസ്റ്റ് എന്‍ജോയ് ചെയ്യാനാണോ പരിപാടി?'
'അതേ, കാന്‍സറാണോ മോയുടെ ഗിഫ്റ്റ്?'
മോഹന്‍ വാക്കുകള്‍ക്ക് തപ്പുന്നു. ലഘുലേഖ തിരിച്ചും മറിച്ചും നോക്കുന്ന മോഹനെ അശ്വിനി കണ്ണീരില്‍ തോല്‍പ്പിച്ചു.
'ആരു പറഞ്ഞു? ഡോക്ടര്‍ പറഞ്ഞോ, ഉണ്ടെന്ന്?'
'ഉണ്ടെന്നല്ല, ടെസ്റ്റ് ചെയ്യാന്‍ പോകണം. അതിനുള്ള പ്രിപ്പറേഷനാണ്.'
'ഓ, ടെസ്റ്റ് ചെയ്യാന്‍ പോണേന് ഇത്രയ്ക്ക് സ്‌ട്രെസ്സടിക്കുന്നതെന്തിനാ? എന്തോ ചെറിയ കുരു വല്ലതും ആവും.'
'ഞാന്‍ മെസേജിട്ടിട്ട് എന്താണ് തിരിച്ചുവിളിക്കാതിരുന്നത്?'
'ഇന്ന് മുഴുവന്‍ മീറ്റിങ്ങില്‍ ആയിരുന്നു.'
മോഹന്‍ ലഘുലേഖ മേശപ്പുറത്ത് തിരികെവെച്ച് കിടപ്പുമുറിയിലേക്ക് പോ
യി. അശ്വിനി എന്തിനായിരിക്കും വിളിച്ചതെന്ന് മോഹന് അറിയേണ്ട. പേടിക്കേണ്ട എന്ന് പറയാന്‍ പോലും മോഹനറിയില്ല!
അറിയാവുന്ന കാര്യം മോഹന്‍ ചെയ്തു. ഭക്ഷണം കഴിച്ച് കംപ്യൂട്ടറിനു മുന്നില്‍ തപസ്സിരുന്നു. ഫോണിലെ മെസേജുകള്‍ക്ക് കൃത്യമായി മറുപടി അയച്ചു. പിന്നെ ടി.വിയിലെ വാര്‍ത്തകള്‍ കണ്ടു. പല ചാനലുകളിലായി.
എംപ്റ്റി നെസ്റ്റിനെ അശ്വിനി തിരിച്ചും മറിച്ചുമിട്ടു. കോളേജ് ഫീസൊന്നു തീര്‍ത്തുകൊടുത്താല്‍ കിളിക്കുഞ്ഞിന് പറന്നുപോകുന്നത് കാത്തിരിക്കുകയാണോ മോഹന്‍?
പോസിറ്റീവ് ആറ്റിറ്റിയൂഡ് വേണം, കുട്ടി വീട്ടിലില്ലാത്തതുകൊണ്ട് പാചകം കുറച്ചു ചെയ്താല്‍ മതിയല്ലോ എന്നര്‍മാദിക്കണം. വയസ്സിക്കിളികള്‍ക്ക് ഏകാന്തതയും സ്വാതന്ത്ര്യവും സമയവും ധാരാളമാവില്ലെ? ഒറ്റപ്പെടലിനെ പഴിക്കാതെ മിച്ചമുള്ള സമയവും പണവുംകൊണ്ടു കളിക്കാം, രസിക്കാം, യാത്രപോവാം. പക്ഷേ, കൂടിന്റെ ശൂന്യതയെ എന്തെടുത്താണ് അശ്വിനി നിറയ്‌ക്കേണ്ടത്? ടി.വി.യുടെ ശബ്ദമോ?
ആദ്യത്തെ യൂറോപ്യന്‍ പ്രൊജക്ട് അംഗീകരിച്ചതില്‍ ഓഫീസില്‍ ആഘോഷമായിരുന്നു. യൂക്ക എന്ന പുതിയ പ്രോഗ്രാമിലാണ് അശ്വിനിയുടെ പ്രൊജക്ടിനെ ഉള്‍പ്പെടുത്തിയത്. കൂടുതല്‍ പ്രൊജക്ടുകള്‍ യൂറോപ്പില്‍ നിന്നും വരുമെന്ന പ്രതീക്ഷയിലാണ് അപ്പര്‍ മാനേജ്‌മെന്റ്. കേക്ക് മുറിക്കാനും പ്രൊജക്ട് ഔപചാരികമായി ഉത്ഘാടനം ചെയ്യാനും കമ്പനിയുടെ പ്രസിഡന്റും സി.ഇ.ഒ.യും എത്തി. രണ്ടുപേരും അശ്വിനിയെ പ്രത്യേകം അഭിനന്ദിക്കാന്‍ മറന്നില്ല. -Octavian told me that you are very sharp, didn't miss even a tiny detail.
പ്രസിഡന്റ് അതുപറഞ്ഞപ്പോള്‍ അശ്വിനിക്ക് അഭിമാനം തോന്നി. അഭിനന്ദിക്കുന്നതിലും അര്‍ഹിക്കുന്ന അംഗീകാരം കൊടുക്കുന്നതിലും പിശുക്കനല്ല ട്രാവിസ്. എന്നാലും ക്ലയന്റ് നേരെ പ്രസിഡന്റിനോട് പറഞ്ഞത് അഭിമാനിക്കാനുള്ള വക തന്നെയാണ്.
തിരികെ ഓഫീസില്‍ വന്നിരിക്കുമ്പോള്‍ അശ്വിനിക്ക് മോഹനെ വിളിക്കാന്‍ തോന്നിയില്ല. ഇത്തരം അഭിനന്ദനങ്ങള്‍ കൂട്ടുകാരോട് പറയാന്‍ കൊള്ളില്ല. ഒരുതരം അഹങ്കാരമായി മാറുമത്. ഗേള്‍പവര്‍ ഗ്രൂപ്പില്‍ വിശേഷങ്ങള്‍ കുന്നുകൂടുന്നുണ്ട്.
ശാന്തിയുടെ മെസേജ്: ഔട്ട്‌ലെറ്റ് മാളില്‍ ഷോപ്പിങ്ങിന് എന്നാണ് പോകേണ്ടത്?
മിത്രയും മെറിയും ഉടനെ മറുപടി അയച്ചിട്ടുണ്ട്. 'വെള്ളിയാഴ്ച വൈകുന്നേരം അല്ലെങ്കില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞായാലോ?'
അശ്വിനിക്ക് ഉത്തരങ്ങളൊന്നും വരുന്നില്ല. എന്നിട്ടും ഒരുത്തരം അശ്വിനി അയച്ചു. 'ഓഫീസില്‍ പ്രൊജക്ടിന്റെ തിരക്കാണ്. ഈ ആഴ്ച പറ്റില്ല.'

അശ്വിനി വെറുതെ കുറച്ചു സമയത്തേക്ക് ഒരു ഡ്രൈവിനിറങ്ങി.
ചാഞ്ഞുനിന്ന മേപ്പിള്‍ മരത്തില്‍ തട്ടിത്തടഞ്ഞൊരു കാറ്റ് ഒന്റാരിയോ തടാകത്തിലേക്ക് പോയി. അശ്വിനിയും മോഹനും തടാകത്തിന്റെ തീരത്ത് കൈകോര്‍ത്ത് നില്‍ക്കുകയായിരുന്നു. കാറ്റില്‍ കുനുകുനെ വിറയ്ക്കുന്ന 45 കിലോ ഭാരമുള്ള അശ്വിനിയുടെ ശരീരം മോഹന്‍ ചേര്‍ത്തുപിടിച്ചു. ശരീരത്തില്‍നിന്നും ശരീരത്തിലേക്ക് വൈദ്യുതിച്ചൂട് പടര്‍ന്നു. അത് ഇരുപത്തിയഞ്ചു വര്‍ഷം മുമ്പായിരുന്നു. മറ്റാരോടും പറയാന്‍ കഴിയാതെ അശ്വിനിയെ വീര്‍പ്പുമുട്ടിച്ച ഒരു ചൊവ്വാഴ്ച വൈകുന്നേരം. ജോലികഴിഞ്ഞ് പോകുംവഴി തടാകം കാണാന്‍ വെറുതെ ഇറങ്ങിയ ഒരു വൈകുന്നേരം. കടലുപോലൊരു തടാകം! കനലുപോലെ പ്രണയം.
ഡോക്ടര്‍ ഗാര്‍നെറ്റിന്റെ ക്ലിനിക്കില്‍ നിന്നും വെള്ളിയാഴ്ചയാണ് മെലിസ അശ്വിനിയെ വിളിച്ചത്. രണ്ടാഴ്ച കഴിഞ്ഞാല്‍ കാലത്തെ എട്ടു മണിക്ക് ആശുപത്രിയിലെത്തണം. മാമോഗ്രാം ചെയ്യുന്ന ആശുപത്രിയുടെ അഡ്രസ്സും ഫോണ്‍നമ്പറും അശ്വിനി ശ്രദ്ധയോടെ എഴുതിയെടുത്തു.
ഒരു ചൊവാഴ്ച രാവിലെ അശ്വിനി കുറച്ചു വൈകി എത്തുന്നതില്‍ ട്രാവിസിനു പ്രശ്‌നമില്ല. എന്താണ് കാരണം എന്നു തന്നെ ചോദിച്ചില്ല. അത് അമേരിക്കന്‍ മര്യാദയാണ്. എവിടെപ്പോകുന്നു, എത്രമണിക്ക് പോവും, ആരാണ് കൂടെവരുന്നത് എന്നൊക്കെയുള്ള ഇന്ത്യന്‍ ഔത്സുക്യമില്ല.
'ഒരു പ്രശ്‌നവുമില്ല. അന്ന് ഞാനിവിടെ ഉള്ള ദിവസമാണ്. നിന്റെ ആവശ്യങ്ങള്‍ തീര്‍ത്തിട്ടു വന്നാല്‍ മതി.'സമയം കഴിഞ്ഞും അശ്വിനി ജോലി ചെയ്യുന്നത് ട്രാവിസിനു നന്നായറിയാം. അപ്പോള്‍ ഒരു ദിവസം ഒന്നോ രണ്ടോ മണിക്കൂറില്‍ അയാള്‍ പിശുക്ക് കാണിക്കില്ല.
ഡോക്ടറുടെ ഓഫീസില്‍ നിന്നും കിട്ടിയ ലഘുലേഖ അശ്വിനി പിന്നെയും വായിച്ചു. ഡിയോഡറന്റ് പാടില്ല. ക്രീം, ലോഷന്‍, പൗഡര്‍ ഒന്നും പാടില്ല.
-Wear two piece dress.
ലഘുലേഖ അശ്വിനിയെ ശാസിച്ചു. ഉറങ്ങാന്‍ കിടന്ന അശ്വിനിക്ക് മാമോഗ്രാം കണ്ണുപൂട്ടാതെ കാവലിരുന്നു. ഒന്നു കണ്ണടച്ചാല്‍ അപ്പോള്‍ തട്ടി വിളിക്കും. 'ഒണര്‍ന്നെ..മണി ഒന്നായി. നാളെ, നാളെ രാവിലെ പോവണ്ടേ? ദേ നോക്ക് നോക്ക്... മണി രണ്ടു പതിനേഴ്. ആ വഴിക്ക് ട്രാഫിക്ക് കാണുമോ?'
ഉറക്കത്തിനെ ഒന്നു പിടിച്ചുകെട്ടാന്‍ അശ്വിനി കാപ്പികുടിച്ചും എക്‌സര്‍സൈസ് ചെയ്തും നോക്കിയിട്ടുണ്ട്. ആ കാലത്തൊക്കെ ഉറക്കം അശ്വിനിയെ ഇറുകെ കെട്ടിപ്പിടിച്ചു.
മാമോഗ്രാം പിന്നെയും പറഞ്ഞു. 'കണ്ടോ, രണ്ടു മുപ്പത്തിയെട്ട് ആയിട്ടെ ഉള്ളൂ. ഇപ്പൊ രണ്ട് അന്‍പത്തിനാല്'.
അശ്വിനി ചെരിഞ്ഞുകിടന്ന് മോഹന്റെ പ്രൊഫൈല്‍ പഠിച്ചു. മോഹന്റെ ശ്വാസം എണ്ണിയാലോ? ഒരു മിനിറ്റില്‍ ഒരാള്‍ എത്ര ശ്വാസം വിടുന്നതാണ് നോര്‍മല്‍. ആലോചിക്കാനില്ല. മോഹന്‍ മിനിറ്റില്‍ എത്ര ശ്വാസമെടുക്കുന്നുവോ അതാണ് ശരി. അത് മാത്രമാണ് ശരി! സമയം നാലു പത്ത്. ഒടുക്കത്തെ ഒറക്കം, വേറെ എവിടെയോ ചുറ്റിക്കളിക്കയാണ്.
അശ്വിനി അമ്മയെ ഓര്‍ത്തു. ആനപ്പിണ്ടം മുലകള്‍ ബോഡീസില്‍ കെട്ടിമുറുക്കി നടന്നിരുന്ന അമ്മൂമ്മയെ ഓര്‍ത്തു. അമ്മയെ വിളിച്ചാലോ? അമ്മ സമയം കണക്കുകൂട്ടും. ഉറങ്ങാത്തതെന്താണെന്നു ചോദിക്കും. അമ്മയോട് കളവ് പറയാന്‍ പറ്റില്ല. ഒന്നും പറയാറായിട്ടില്ല. എന്നാലും അമ്മ മണത്തറിയും.
അലക്കാനിട്ട അമ്മയുടെ ബ്രാ എടുത്തിട്ട് വിലാസിനിയുടെ കൂടെ സര്‍ക്കസുകാരി കളിച്ചപ്പോള്‍ അമ്മ വഴക്ക് പറഞ്ഞില്ല. ചിരിച്ചുചിരിച്ച് കണ്ണില്‍ വെള്ളം നിറച്ച അമ്മ.
കിടന്നുകിടന്നു മടുത്തപ്പോള്‍ അശ്വിനി ഇന്റര്‍നെറ്റില്‍ കറങ്ങിനോക്കി. മാമോഗ്രാമിനെപ്പറ്റി ആകെ അന്‍പതു സൈറ്റുകളല്ലേ നോക്കിയുള്ളൂ, ഇനിയും വല്ലതും ഉണ്ടെങ്കിലോ?
അഡിക്ഷന്‍. അപ്പോയ്ന്റ്‌മെന്റ് ഉള്ള ദിവസമല്ലേ.
ഒറങ്ങാതെ ഈ ചീപ്പ് സാധനത്തിന്റെ മുമ്പിലിരിക്കണോ?
ഉറങ്ങാനും ഉറങ്ങാതിരിക്കാനും ഒരു മാമോഗ്രാം അവളെ അനുവദിക്കുന്നില്ല. അശ്വിനി പി
ന്നെയും കണ്ണടച്ചു കിടന്നു. അഞ്ച് പതിമൂന്ന്. ഛെ, പതിമൂന്നൊരു ചീത്ത നമ്പറാണ്. കണ്ണടക്ക്, ഇറുക്കിയടക്ക്. എണ്ണൂ: വണ്‍ മിസ്സിസ്സിപ്പി, ടൂ മിസ്സിസ്സിപ്പി, ത്രീ മിസ്സിസ്സിപ്പി
അത് സെക്കന്‍ഡുകള്‍ എണ്ണാനുള്ള തന്ത്രമാണ്. ഉറങ്ങാന്‍ ആടിനെ എണ്ണാനാണ് സെസമി സ്ട്രീറ്റ് കീര്‍ത്തനയെയും അശ്വിനിയെയും പഠിപ്പിച്ചത്. ആട്ടിന്‍കുട്ടികളെ എണ്ണിയെണ്ണി ബോറടിച്ചുറങ്ങാനുള്ള തന്ത്രം.
ഒന്ന്...രണ്ട്...മൂന്ന്...നാല്...അഞ്ച്...ആറ്...ഏഴ്... എട്ട്...ഒമ്പത്...പത്ത്...ആട്ടിന്‍കുട്ടികള്‍ കിടക്കയ്ക്കു ചുറ്റും നിന്ന് ബേ...ബേ...ന്നു കരഞ്ഞിട്ട് ഉറങ്ങാന്‍ പറ്റാത്ത സെസമി സ്ട്രീറ്റിലെ ഏണിയേയും ബേര്‍ട്ടിനേയും പോലെ അശ്വിനി തിരിഞ്ഞും മറിഞ്ഞും കിടന്നു. അതില്‍ രസിച്ച് താടിക്ക് കൈകൊടുത്ത് ഒരു മാമോഗ്രാം അവള്‍ക്ക് കാവലിരുന്നു.
(തുടരും)
നോവലിന്റെ മുന്‍ലക്കങ്ങള്‍ വായിക്കാം
Content Highlights: Novel Manjil Oruval By Nirmala, Women, Grihalakshmi