Beginning of the end
 
കാപ്പിക്കപ്പില്‍ വിരല്‍ചുറ്റിപ്പിടിച്ച് അശ്വിനി മോഹനെ നോക്കി. സീരിയല്‍ കഴിക്കുന്ന മോഹന്റെ കണ്ണ് പ്രിന്റ് ചെയ്‌തെടുത്ത കടലാസുകളില്‍ തറഞ്ഞിരിക്കുകയാണ്.  
'പ്രസന്റേഷന്‍ കംപ്ലീറ്റ് ആയോ?'
'ഉം...എത്ര നേരമെടുത്തെന്നോ! ടെക്‌നിക്കല്‍ നോളജില്ലാത്ത ആളുകളെ ഹയര്‍ ചെയ്താല്‍ ഇതാണ് പ്രശ്‌നം.  ഒരാള്‍ക്ക് വിവരമില്ല! അപ്രൂവ് ചെയ്യാന്‍ തന്നത് ഡിച്ച് ചെയ്തിട്ടു ഞാന്‍ തന്നെ പുതിയതുണ്ടാക്കി.'  
'ഇതൊരു ഫൈവ് മിനിറ്റ് പ്രസന്റേഷന്‍ അല്ലേ?'
സീരിയല്‍ ഒരു സ്പൂണ്‍ കോരിയെടുത്ത് മോഹന്‍ അശ്വിനിയെ തറപ്പിച്ചു നോക്കി. 'അഞ്ച് മിനിറ്റായാലും അഞ്ച് മണിക്കൂറായാലും ആക്വറസി ഉണ്ടാവണം! ഇന്ററസ്റ്റിങ് ആയിരിക്കണം. വെറുതെ എന്തെങ്കിലും കാണിച്ചാല്‍ പോരാ!'       
സീരിയല്‍ പാത്രത്തിനടുത്ത് ചരിഞ്ഞിരിക്കുന്ന കടലാസുകളിലെ കാര്‍ട്ടൂണ്‍ചിത്രങ്ങളില്‍ നോക്കി അശ്വിനിയിരുന്നു. മോഹന്റെ പ്രസന്റേഷന്‍ തമാശയിലായിരിക്കും തുടങ്ങുന്നത്.  ആ തമാശ ഒരു തുടര്‍ക്കഥപോലെ കഴിയുന്നതുവരെ ഉണ്ടാവും.   
'ഞാനിറങ്ങുന്നു. ഇന്നലെ ക്യാന്‍സലായ മീറ്റിങ് ഇന്നുണ്ട്.' 
'ഉം...'
'സ്വീഡന്‍കാരുടെ ഫ്‌ളൈറ്റ് ഇന്നലെ ഉച്ചകഴിഞ്ഞാണ് വന്നത്.'  
അതിന് പ്രതികരിക്കാഞ്ഞ മോഹനെ അശ്വിനി ഒന്നുകൂടി നോക്കി, പിന്നെ കാപ്പിക്കപ്പ് കൈയിലെടുത്ത് യാത്രയായി.   
വെളുത്തനാടപോലെ കിടക്കുന്ന റോഡിലെ ഐസിലും മഞ്ഞിലും കാറിന്റെ ടയര്‍ കിരുകിരു ശബ്ദമുണ്ടാക്കി. ഇലയുപേക്ഷിച്ചുപോയ ശുഷ്‌കിച്ച മരക്കൊമ്പുകള്‍ക്ക് കൈകൊടുത്ത് കാറ്റ് ആടിയാടി നടന്നു.
ഒന്‍പതു മണിയുടെ മീറ്റിങ്ങിന് പതിവുപോലെ അശ്വിനി അഞ്ചുമിനിട്ട് മുന്‍പേ എത്തി. ട്രാവിസ് വിരുന്നുകാരെ പരിചയപ്പെടുത്തി.  സ്വര്‍ണ മുടിയും നീലക്കണ്ണുകളും ഉള്ള ഒക്ടേവിയന്‍ ആണ് നേതാവ്. ഒപ്പം വന്നിരിക്കുന്ന എഞ്ചിനീയറാണ് റിക്ക്. കറുത്തമുടി. മുഖത്ത് പാടുകള്‍. 
'അസിസ്റ്റന്റ് ഡയറക്ടര്‍ അഷ്വിനിറാം.  ആഷ് എന്നു അറിയപ്പെടുന്നു.'  
'ബ്യൂട്ടിഫുള്‍, നിങ്ങളുടെ ഇന്ത്യന്‍ സുന്ദരിയെപ്പോലെ.'  
ഓ, ഞങ്ങളുടെ ഇന്ത്യന്‍ സുന്ദരി! ഞാന്‍ മൊറോക്കക്കാരിയാണ്. വേണ്ട ആദ്യത്തെ പരിചയപ്പെടലാണ്. ഉള്ളിലെ കലമ്പലിനെ അടക്കി അശ്വിനി കൈ കൊടുത്തു.
-She is not just a pretty face. She is a brilliant engineer with excellent governing capabilities.   
ട്രാവിസിന്റെ മുന്നറിയിപ്പ്, don't jump into conclusions! കണ്ണുകെട്ടി കുളത്തിച്ചാടല്ലേന്ന്! സൗന്ദര്യത്തിന്റെയും ബുദ്ധിയുടെയും ഭരണശേഷിയുടെയും പരിമിതികളെപ്പറ്റി അശ്വിനിക്ക് കൃത്യമായി അറിയാം. അശ്വിനിയെ സുഖിപ്പിക്കാനല്ല. ഇതൊക്കെ അമേരിക്കന്‍ മര്യാദകളാണ്. 
 റിക്കിന്റെത് അയഞ്ഞ ഷെയ്ക്ക് ഹാന്‍ഡ് ആയിരുന്നു. മുഖത്തുനിന്നും കണ്ണുകള്‍ പെട്ടെന്ന് പിന്‍വലിച്ച് അയാള്‍ മുന്നിലെ നോട്ട്പാഡിലേക്ക് തിരിഞ്ഞു. കുറിച്ചുവെക്കാന്‍ മാത്രം ഒന്നും പറഞ്ഞില്ലല്ലോ റിക്ക്. അന്തര്‍മുഖരായിട്ടുള്ളവര്‍ പൊതുവെ സത്യസന്ധരായിരിക്കും. അവര്‍ക്ക് വാക്കുകള്‍ കൊണ്ട് കപടനാടകം കെട്ടാന്‍ ബുദ്ധിമുട്ടാണ്.  
അന്തര്‍മുഖനായ റിക്ക് ഭാവിയില്‍ ഉപകാരപ്പെടും, പ്രൊജക്ടില്‍ സഹായങ്ങള്‍ വേണമെങ്കില്‍ റിക്കിനെ സമീപിച്ചാല്‍ മതിയാവും. നേരിട്ടറിയാത്ത കാര്യങ്ങള്‍ റിക്കിലൂടെ അറിയാന്‍ കഴിയും. അശ്വിനി മനസ്സില്‍ അളവെടുത്തു.    
കോണ്‍ഫറന്‍സ് റൂമിലെ ഈട്ടിനിറമുള്ള മേശയ്ക്കരികില്‍ ഇരുന്ന് വിശദാംശങ്ങള്‍ നുള്ളിപ്പെറുക്കുമ്പോള്‍ അശ്വിനിയുടെ കാലിനുചുറ്റും ഒരു പൂച്ച പമ്മിപ്പതുങ്ങി നിന്നു. ഒരുമണിക്കൂര്‍ മീറ്റിങ്ങിനിടയ്ക്ക് മുപ്പതുപ്രാവശ്യം സമയം നോക്കുന്നത് ശരിയല്ലെന്ന് ഭിത്തിയിലെ ക്ലോക്ക് അശ്വിനിയെ ശാസിച്ചു.   
മീറ്റിങ് തീര്‍ന്നതും സാധാരണ പോലെ കുറച്ചൊന്നു സംസാരിച്ചു നില്‍ക്കാതെ അശ്വിനി അവളുടെ ഓഫീസിലേക്ക് പോയി. ഓഫീസിന്റെ വാതില്‍ അടച്ചിട്ടാണ് അശ്വിനി ഡോക്ടറുടെ ക്ലിനിക്കിലേക്ക് വിളിച്ചത്. ഒന്‍പത് മണിക്ക് തുറന്ന ക്ലിനിക്കില്‍ നല്ല തിരക്കായിരുന്നിരിക്കണം.  ഫോണിലെ ഫാര്‍മസ്യൂട്ടിക്കല്‍ പരസ്യങ്ങള്‍ കേട്ടുകാത്തിരുന്ന ആ അഞ്ചു മിനിട്ടിന് ഏകദേശം രണ്ടുമണിക്കൂര്‍ നീളമുണ്ടായിരുന്നെന്ന് അശ്വിനി കണക്കുകൂട്ടി.  ഒടുക്കം ഡോക്ടറുടെ സെക്രട്ടറി മലിസ ഫോണില്‍ വന്നു.   
'എന്തിനാണ് നിങ്ങള്‍ക്ക് അപ്പോയ്ന്‍മെന്റ് വേണ്ടത്?' വെറുതെ ഒരു രസത്തിന് ചോദിക്കുന്നതല്ല എന്നറിഞ്ഞിട്ടും ചോദ്യം അശ്വിനിക്ക് പിടിച്ചില്ല. കാരണമറിഞ്ഞിട്ടു വേണം സെക്രട്ടറിക്ക് ഡോക്ടറെ കാണാനുള്ള സമയത്തിന്റെ നീളം നിശ്ചയിക്കാന്‍.  
 'ബുധനും വെള്ളിയും ക്ലിനിക്ക് അവധിയാണ്.  വ്യാഴാഴ്ച പത്തുമണിക്ക് അല്ലെങ്കില്‍ അടുത്തയാഴ്ച വരൂ'. മലിസ പറഞ്ഞു.    
സ്വീഡിഷ് ക്ലയന്റ്‌സ്, ഒരാഴ്ചത്തേക്ക് വന്നിരിക്കുന്നതാണ്. വ്യാഴാഴ്ച അശ്വിനിക്ക് അവരുടെ കൂടെ സൈറ്റില്‍ പോകണം. നഗരസഭയുടെ പ്രതിനിധികളും,  വിദ്യുത്ഛക്തി വിഭാഗത്തിലെ എഞ്ചിനീയറും ഉണ്ടാവും. കെട്ടിടം പണിയാന്‍ നഗരസഭയില്‍ നിന്നും അനുവാദം വേണം. നേരത്തെ തീരുമാനിച്ച സമയമാണ്. അത് മാറ്റാന്‍ പറ്റില്ല.  അശ്വിനി ഫോണിലെ കലണ്ടര്‍ നോക്കി ചോദിച്ചു, 'അടുത്ത ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പറ്റുമോ?' 
പുറത്തുനിന്നും വന്നിരിക്കുന്ന ക്ലയന്റ്‌സിന്റെ ആവശ്യങ്ങള്‍ മുടങ്ങരുത്. തുടക്കത്തിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. അവരുടെ ആവശ്യങ്ങള്‍, കമ്പനിയുടെ നിബന്ധനകള്‍ എല്ലാം കൃത്യമായി ഉറപ്പിക്കണം. സൂക്ഷ്മമായി രേഖപ്പെടുത്തി പ്രമാണം തയ്യാറാക്കി വക്കീലോഫീസിലേക്ക് അയക്കണം. രണ്ടു കൂട്ടരുടേയും വക്കീലും പ്രമാണിമാരും ഒപ്പിട്ടു കഴിഞ്ഞാല്‍ പിന്നെ പ്രൊജക്ട് പണിക്കാര്‍ക്ക് കൈമാറാം. പക്ഷെ പ്രമാണം തയ്യാറാക്കുന്നതില്‍ പിഴവ് വന്നാല്‍ കോടികളുടെ നഷ്ടം ഉണ്ടാവാം. ഓഫീസ് പ്രമാണികള്‍ക്ക് ഓരോ വരിയും നിബന്ധനയും വായിച്ച് പതിരു തിരിക്കാന്‍ സാധിക്കില്ല. അവരുടെ കണ്ണും കാതും അറിവും ബുദ്ധിയുമായി അശ്വിനി പ്രവര്‍ത്തിക്കണം. അവിടെയാണ് വിജയം. 
 അശ്വിനി ഓരോ വരിയും ഓരോ വാക്കും അപഗ്രഥിക്കും. തിരിച്ചും മറിച്ചും ചോദ്യം ചെയ്യും. വിശദമായ നോട്ടുകള്‍ ഉണ്ടാക്കും. അതുകൊണ്ട് പ്രധാനപ്പെട്ട പ്രൊജക്ടുകളുടെ കരാര്‍ തയ്യാറാക്കാന്‍ ഡയറക്ടറും വൈസ് പ്രസിഡന്റും അശ്വിനിയെ വിളിക്കുന്നു.  സാധാരണ പ്രൊജക്ടുകള്‍ മാനേജര്‍മാര്‍ 
പൂര്‍ണമായും നിയന്ത്രിക്കും.   
 

manjil oruval

ഒക്ടേവിയനും റിക്കും വെള്ളിയാഴ്ച മടങ്ങിപ്പോകുന്നതിന് മുന്‍പ് അശ്വിനിക്ക് കുറെയേറെ കാര്യങ്ങള്‍ വിശദമാക്കാനുണ്ട്. ഒത്തുതീര്‍പ്പുകള്‍ മുഖാമുഖം ചെയ്യുന്നതാണ് നല്ലത്.  പഴുതുകള്‍ എല്ലാം അടച്ചുകഴിഞ്ഞാല്‍ പണി തുടങ്ങാം, പറഞ്ഞ സമയത്ത് താക്കോല്‍ കൈമാറാം. പണി പൂര്‍ത്തിയാക്കി ഒക്ടോബറില്‍ വമ്പന്‍ ഉദ്ഘാടനം നടത്താനാണ് സ്വീഡനില്‍ നിന്നുമുള്ള ബിസിനസ്സുകാരുടെ ആവശ്യം. മഞ്ഞുകാലത്തെ വിശ്വസിക്കാന്‍ പറ്റില്ല. എത്ര മഞ്ഞ് എത്ര തണുപ്പ് എന്നറിയാതെ പുറംപണികള്‍ നിശ്ചയിക്കാന്‍ പറ്റില്ല.   ഭിത്തികള്‍ പൊങ്ങിക്കഴിഞ്ഞാല്‍ കുറെ പണികള്‍ ഉള്ളില്‍ ചെയ്യാനാവും. കെട്ടിടത്തിന്റെ പ്ലാന്‍, പ്രൊജക്ടിന്റെ പ്ലാന്‍...
പ്ലാന്‍ ചെയ്യാത്ത ഒരരിമണി അശ്വിനിയെ തോല്‍പ്പിച്ച് ഇടയ്ക്കിടെ പ്ലാനുകള്‍ക്ക് പുറത്തേക്ക് ചാ
ടുന്നു!    
ഒക്ടേവിയന്‍ സ്വീഡിഷ് ഭാഷയില്‍ സംസാരിച്ചു. വാക്കുകള്‍ക്കിടയ്ക്ക് ഏ... എന്നു കൂട്ടിച്ചേര്‍ത്താണ് ഒക്ടേവിയന്‍ സംസാരിക്കുന്നത്.    
യൂ ക്യേന്‍ ഏ.. ബ്രിംഗ് ദ ഡ്രാഫ്റ്റ് ഏ..ഏ.. ഇന്‍ ദ ഏ..
അയാള്‍ കണ്‍ഫര്‍മേഷനെ കൊണ്‍ഫര്‍മേഷന്‍ എന്നു വിളിച്ചു.  
  -We need details of the entrance area.  
അശ്രദ്ധയല്ലെന്ന് കാണിക്കാന്‍ അശ്വിനി ചിലക്കുന്നു. ചത്തവാക്കുകള്‍ അന്തരീക്ഷത്തില്‍ അലിയാതെ നിന്നു. എല്ലാ കണ്ണുകളും അശ്വിനിയിലാണ്. ഓരോ ഇഷ്ടികയും കമ്പിയും ഡോളറും അവളുടെ രൂപരേഖ അനുസരിക്കണം.  
ഒക്ടേവിയന്‍ അശ്വിനിയുടെ കണ്ണിലേക്ക് സൂക്ഷിച്ചുനോക്കി. ചിരിക്കാത്ത പെണ്ണ്! കുഴയാത്ത പെണ്ണ്. 
ഇവളുടെ ബുദ്ധി ഒളിച്ചിരിക്കുന്നത് കണ്ണിലൂടെ കാണാന്‍ പറ്റുമോ? ഡയറക്ടര്‍ക്ക് തെറ്റിയതാവുമോ? വിശ്വസിക്കാന്‍ വിഷമമുണ്ട്. 
 നിര്‍ദ്ദേശങ്ങള്‍, ചര്‍ച്ചകള്‍, സന്ധിസംഭാഷണം, ചിട്ടപ്പെടുത്തല്‍, ഉറപ്പാക്കല്‍, സമ്മതിപ്പിക്കല്‍, ഒത്തു തീ
ര്‍പ്പുകള്‍...എല്ലാം സഹിച്ച് ഈട്ടിമേശ നാലു കാലില്‍ നിന്നു.  കേള്‍ക്കുന്ന രഹസ്യങ്ങള്‍ ഉള്ളില്‍ സൂക്ഷിച്ച്. മേശയ്ക്കടിയില്‍ അശ്വിനിയുടെ കാലിലുരുമ്മിയുരുമ്മി നില്‍ക്കുന്ന പൂച്ചയെ അശ്വിനി ശകാരിച്ചു മാറ്റാന്‍ ശ്രമിച്ചു. പൂച്ചകളെ എനിക്ക് പണ്ടേ ഇഷ്ടമല്ല!     
വൈകുന്നേരം അഞ്ചുമണിക്ക് തന്നെ അശ്വിനി ജോലിയില്‍നിന്നും ഇറങ്ങി. കീര്‍ത്തന യൂണിവേഴ്‌സിറ്റിയിലായതോടെ വീട്ടില്‍ കൃത്യസമയത്തെത്താന്‍ അവള്‍ക്ക് തിരക്കില്ല.      അഞ്ചു മണിക്കേ സൂര്യന്‍ അസ്തമിച്ചിരുന്നു. ഇരുട്ടില്‍ മഞ്ഞിന്റെ വെള്ളിത്തിളക്കത്തില്‍ കാറ്റ് തലകുത്തി മറിഞ്ഞു. തലകുത്തി തലകുത്തി തലകുത്തി...
വീടെത്തിയതും അശ്വിനി ഫ്രിഡ്ജില്‍ നിന്നും ഞായറാഴ്ച ബാക്കിവെച്ച ഷബ്‌ളീയുടെ കുപ്പി തുറന്നു. വൈറ്റ് വൈന്‍ മോഹന്റെ ഇഷ്ടമാണ്. റെഡ് വൈന്‍ മോഹന് തലവേദനയുണ്ടാക്കും. വാര്‍ത്തകളില്‍ നിന്നും വാര്‍ത്തകളിലേക്കും ഷബ്‌ളീസിലേക്കും വിരലുകള്‍ നീങ്ങുമ്പോള്‍ സ്വീഡിഷ് പ്രൊജക്ട് എങ്ങനെ ചെയ്യണമെന്ന്, പതിവുപോലെ അശ്വിനി ആലോചിച്ചില്ല. 
ഏഴുമണിയും കഴിഞ്ഞ് മോഹന്‍ വന്നപ്പോഴേക്കും അശ്വിനി ടി.വി.ക്കു മുന്നില്‍ സോഫയില്‍ ഉറക്കമായിരുന്നു.  
'എന്തേ ഇത്ര ക്ഷീണം?'
'ആവോ, മീറ്റിങ് തന്നെ മീറ്റിങ്. മടുത്തു!' 
കുശലം പറഞ്ഞു തീരുന്നതിനു മുന്‍പേ മോഹന്റെ ഫോണ്‍ ചിലച്ചു. ഫോണിലും ലാപ്‌ടോപ്പിനു മുന്നിലുമായി തീരുന്ന ഒരു ഐ.ടി.ക്കാരന്റെ വൈകുന്നേരത്തിലേക്ക് അശ്വിനി വലിഞ്ഞുകയറിയില്ല. ഉറങ്ങുന്നതിനു തൊട്ടുമുന്‍പ് മോഹന്‍ കിടക്കയില്‍ വന്നപ്പോള്‍ അറച്ചറച്ച് അശ്വിനി അടുത്തയാഴ്ചത്തെ അപ്പോയ്ന്‍മെന്റ് കാര്യം അവതരിപ്പിച്ചു. 
'Ok, checkit out. കൊഴപ്പോന്നും ഒണ്ടാവില്ല!'മോഹന്‍ അരിമണി കാണട്ടെയെന്ന് പറഞ്ഞില്ല. തൊട്ടുനോക്കിയില്ല! കുഴപ്പമൊന്നും ഇല്ലെന്ന്! കാണാപ്പാഠം രോഗനിര്‍ണയം നടത്തിയിരിക്കുന്നു ഡോക്ടര്‍ മോഹന്‍.      
സന്ധ്യയ്ക്കത്തെ ഉറക്കത്തില്‍ അശ്വിനിയുടെ ക്ഷീണം പോയിരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്ന്! ഉറങ്ങുന്ന മോഹനെ ശല്യപ്പെടുത്തുന്നതിനു പകരം അശ്വിനി കമ്പ്യൂട്ടറിനു മുമ്പിലിരുന്നു. ഗൂഗിള്‍ ഡോക്ടറോട് ചോദിക്കാം. അത്രയും അറിവും വിവരവും ജീവിച്ചിരിക്കുന്ന ഒരു ഡോക്ടര്‍ക്കും ഇല്ല.  
ഓഫീസിലെ കമ്പ്യൂട്ടറില്‍ തിരയുന്നതെല്ലാം ഐ.ടി. ക്കാര്‍ക്ക് അറിയാന്‍ പറ്റും. അശ്വിനിയുടെ ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ ഇന്റര്‍നെറ്റില്‍ കറങ്ങിയ സമയവും പോയവഴികളും തുറന്നവാതിലുകളും റിപ്പോര്‍ട്ടായി എത്താറുള്ളതാണ്.  അത് നോക്കിയാണ് അശ്വിനി ജോലിക്കാരുടെ വര്‍ക്ക് ലോഡ് അറിയുന്നതും തീരുമാനിക്കുന്നതും.  മോഹന്‍ അവളോട് പണ്ടേ പറഞ്ഞിട്ടുണ്ട്.  
ഗൂഗിളില്‍ മനസ്സിലുള്ളത് തിരയാം. I feel something on my b എന്നെഴുതിയപ്പോഴേ breast എന്ന് ഗൂഗിള്‍ അശ്വിനിക്ക് പൂര്‍ത്തിയാക്കിക്കൊടുത്തു. എന്റര്‍ കീയില്‍ കൈയമര്‍ത്തിയതും സ്‌ക്രീന്‍ ബ്രെസ്റ്റ് ക്യാന്‍സറിനെക്കുറിച്ചുള്ള സൈറ്റുകള്‍ കൊണ്ടുനിറഞ്ഞു! 
What does breast cancer feel like, 
Warning signs of breast cancer, 
What does breast cancer lump feel like? 
ഒരു സൈറ്റുപോലും നോക്കാന്‍ ധൈര്യപ്പെടാതെ അശ്വിനി ഊക്കില്‍ ലാപ്‌ടോപ് അടച്ചു. ഒരിക്കലും കണ്ടിട്ടില്ലാത്ത രാധിക്കുഞ്ഞമ്മയെ  അശ്വിനിയോര്‍ത്തു.    
കല്യാണദിവസം രാധിക്കുഞ്ഞമ്മയുടെ ഭര്‍ത്താവിനെ മോഹന്‍ കാണിച്ചുകൊടുത്തിരുന്നു. ഒരു വിശേഷ വസ്തുപോലെ. അയാളുടെ പുതിയ ഭാര്യ കല്യാണത്തിനു വന്നിരുന്നില്ല.  അല്ല, അങ്ങനെയല്ല, മോഹന്റമ്മ അശ്വിനിയോട് പറഞ്ഞത്.  
'അവനെന്തായാലും അവളെ കൊണ്ടോന്നില്ലല്ലോ. അത്രേം സമാധാനം.'  
മരിച്ചുപോയ ഭാര്യയുടെ വീട്ടിലെ കല്യാണത്തിനു നീ വരേണ്ട എന്ന് അയാള്‍ ഉത്തരവിട്ടതാവുമോ? അതോ എനിക്കു വരാന്‍ മൂഡില്ല, നിങ്ങള് പൊയ്‌ക്കോളൂന്ന് അവര്‍ അനുവദിച്ചതായിരിക്കുമോ എന്ന് അശ്വിനി ആലോചിച്ചു.         
 തടിച്ച് പൊക്കം കുറഞ്ഞ രാധിക്കുഞ്ഞമ്മയുടെ ആരാധകനായിരുന്നു മോഹന്‍.  നീണ്ടനീണ്ട മുടിയുള്ള വെളുവെളുത്ത തുളുമ്പുന്ന വയറുള്ള മത്തങ്ങ മുലകളുള്ള പാട്ടുപാടുന്ന രാധിക്കുഞ്ഞമ്മ.     
 മോഹനു പാട്ട് സ്‌നേഹം വന്നത് കുഞ്ഞമ്മയില്‍ നിന്നാണ്. മോഹന്റെ മുടിസ്‌നേഹം പോയതും രാധിക്കുഞ്ഞമ്മയുടെ നീണ്ട മുടി കൊഴിഞ്ഞുകൊഴിഞ്ഞ് മൊട്ടയായി മാറിയപ്പോഴാണ്. മോഹന്റെ കൗമാരം 
നിര്‍വ്വചിച്ചത് അമ്മയുടെ ഇളയ അനിയത്തി രാധികയാവും.   അത്രത്തോളം ആഴത്തിലേക്ക് പോവേണ്ട അശ്വിനി.
 
(തുടരും)
 
 
Content highlights : Novel Manjil Oruval By Nirmala