The Attitude Game
 
ശ്വിനിക്ക് വെറും സാദാ, സര്‍വ്വ സാധാരണ  ക്യാന്‍സറാണ്.  പാല്‍കുഴലുകളില്‍ തുടങ്ങി പുറത്തേക്ക് നുഴഞ്ഞു കടന്നത് -  ഇന്വേസീവ് ക്യാന്‍സര്‍ എന്നു ഡോക്ടര്‍ വിശദമാക്കി.   
അശ്വിനി മുഖം പൊത്തിയിരുന്നു. കണ്ണുനീര്‍ ഇറ്റുവീഴുന്നതു കണ്ടപ്പോള്‍ ഡോക്ടര്‍ അവളുടെ ചുമലില്‍ കൈവെച്ചു. അശ്വിനിക്കിഷ്ടപ്പെട്ടത് ഡോക്ടര്‍ ജബ്ബാറിന്റെ കുടവയറന്‍ ശരീരമാണ്. പപ്പയെപ്പോലെ കുടവര്‍ കുലുക്കിയാണയാള്‍ ചിരിക്കുന്നത്.  ഡോക്ടര്‍ ജബ്ബാറിനു രണ്ടു പെണ്മക്കളാണ്.  മരക്കൊമ്പിലിരുന്ന് കൊഞ്ഞനം കുത്തുന്ന കുസൃതികളുടെ ഫോട്ടോ അലമാരക്കു മുകളില്‍ കണ്ടു അശ്വിനി ആഭിജാത്യം വെടിഞ്ഞു ചോദിച്ചിട്ടുണ്ട് മക്കളെപ്പറ്റി. 
-അറ്റെന്‍ഷനായി നില്‍ക്കുന്ന ഫോട്ടോക്ക് എന്തു രസം.  ഇതാണ് അവരുടെ തനിനിറം.
ഡോക്ടര്‍ വാത്സല്യത്തോടെ വിശദീകരിച്ചു.  ഫോട്ടോ ഫ്രെയ്മില്‍ ഒതുങ്ങാതെ അവരുടെ ചിരി അലമാരിപ്പുറത്തേക്ക് ചിതറുന്നത് അശ്വിനി നോക്കിയിരിക്കാറുണ്ട്. ഒരാള്‍ക്ക് അടക്കമില്ലാത്ത ചുരുളന്‍ മുടി, സ്വഭാവം പോലെ unruly!.  ഇളയകുട്ടിക്ക് കോലന്‍ മുടിയാണ്, പക്ഷെ കണ്ണിലും കവിളിലുമെല്ലാം കുസൃതി കുത്തിതിരികിയിരിക്കുന്നത് കാണാം.  ഡോക്ടര്‍ ഇടക്കൊക്കെ തന്റെ പുന്നാര മക്കളെപ്പറ്റി അശ്വിനിയോടു പറയുകയുംചയ്തു.   
സ്തനാര്‍ബുദത്തെ അഭിമുഖീകരിക്കേണ്ടത് എങ്ങനെയെന്ന വിഷയത്തില്‍ ഒരു സെമിനാര്‍ ആശുപത്രിയുടെ താഴത്തെ നിലയില്‍ നടക്കുന്നുണ്ടായിരുന്നു. ഡോക്ടര്‍ ജബ്ബാര്‍ അശ്വിനിയെ അതിനു പറഞ്ഞയച്ചു. 
സെമിനാര്‍ ഹാളിനുമുന്നിലെ വരാന്തയില്‍ പിങ്കു റിബ്ബണുകളുടെ ആഘോഷമായിരുന്നു.  പിങ്ക് പെണ്‍കുട്ടികള്‍ക്കായി പണ്ടുപണ്ടേ നീക്കിവെച്ചിരുന്ന നിറമാണ്.  ബ്രെസ്റ്റ് ക്യാന്‍സറിന്റെ അടയാളം പിങ്കു റിബ്ബണാണു. പ്രാസ്റ്റേറ്റ് ഗ്രന്ഥിക്കുണ്ടാകുന്ന ക്യാന്‍സറിന്റെത് നീല റിബ്ബണാണു.  
''പ്രൊസ്റ്റേറ്റ് ക്യാന്‍സറിന്റെ സിംബല്‍ ബ്ലൂ ടൈ ആക്കാത്തതെന്താണ്?  പുരുഷന്മാര്‍ക്കെന്താ റിബണ്‍?'' 
അശ്വിനി ചോദിക്കുന്നതിനു മോഹന്‍ ഉത്തരം പറയുന്നില്ല. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ മഹാബോറാണെന്നു അശ്വിനി ഇതിനു മുന്‍പും പരാതി ബോധിപ്പിച്ചിട്ടുള്ളതാണ്.   
വരാന്തയില്‍ പലയിടത്തായി കാന്‍സറിനെ പിങ്കു റിബ്ബണില്‍ പൊതിഞ്ഞലങ്കരിച്ചു വ്യാപാരം ചെയ്യുന്നുണ്ടായിരുന്നു. പിങ്കു റിബ്ബണ്‍ കഴുത്തില്‍ കെട്ടിയ കരടി.  റോസ് നിറത്തിലുള്ള കല്ലുപതിച്ച മാലാഖ പിന്നുകള്‍, വരാനിരിക്കുന്ന പണപ്പിരിവിനുള്ള ആഹ്വാനം, പോയ വര്‍ഷങ്ങളിലെ നടപ്പുത്സവങ്ങളുടെ ഫോട്ടോകള്‍,  അറിയിപ്പുകള്‍, വിവരണങ്ങള്‍, സഹായസങ്കേതങ്ങള്‍...  
അശ്വിനി കേട്ടും വായിച്ചും അറിഞ്ഞ കാര്യങ്ങള്‍ പിന്നെയും കേട്ടു. ക്യാന്‍സര്‍ തുടങ്ങുന്നത് മുലയ്ക്കകത്തെ വഴിതെറ്റിപ്പോയ സൂക്ഷ്മമായ ഒരൊറ്റ കോശത്തിലാണ്.  പാരമ്പര്യമാണോ,  ചുറ്റുപാടുകളാണോ രണ്ടും കൂടി കൂടിട്ടാണോന്നു ഉറപ്പിച്ചങ്ങു പറയാന്‍ പറ്റില്ല ഈ വിപ്ലവത്തിനു കാരണം. വഴിപിഴച്ച കോശം രണ്ടാവും, അത് നാലാവും, എട്ടാവും.... ഒരു അരിമണി വലിപ്പത്തിനുള്ളില്‍ കോടിക്കണക്കിനു ഈ കോശങ്ങളുണ്ടാവും.   
ഓര്‍മ്മയില്ലേ നമ്മുടെ പഴയ കഥ, ചതുരംഗപ്പലകയുടെ  ഒന്നാമത്തെ കളത്തില്‍ ഒരു മണി അരി, അടുത്ത കളത്തില്‍ രണ്ടു മണി അരി, അടുത്തതില്‍ അതിന്റെ ഇരട്ടി. അടുത്തതില്‍ അതിന്റെയും  ഇരട്ടി. അങ്ങനെയങ്ങനെ എല്ലാ കളങ്ങളും നിറക്കാനാവശ്യപ്പെട്ട കൗശലം. നിസ്സാരംന്ന് കരുതിയ രാജാവിന്റെ കലവറ ഒരു ചതുരംഗപ്പലകയില്‍ അരിവെച്ചു കാലിയായിപ്പോയി.   അറുപത്തിനാല് കളങ്ങള്‍ നിറക്കാന്‍ അരി തികയാതെ രാജാവ് പരാജയപ്പെട്ടു!  
വെള്ളക്കോട്ടുകാരുടെ നിരകണ്ട് കീര്‍ത്തനയോട് ഐകമത്യം പ്രഖ്യാപിച്ചു അശ്വിനി ഒരു ബൂത്തില്‍ കയറി. Lymphocytes represent your cancer fighting army എന്നാണു അവിടുത്തെ ബോര്‍ഡ്. അതിനു ചുവട്ടില വിശദാംശങ്ങള്‍ അശ്വിനി വായിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചുനോക്കി.  ചില ഇമ്യൂണ്‍ കോശങ്ങള്‍ മുളയിലെ ക്യാന്‍സറിനെ കൂട്ടുകയും ചയ്യും.  കോശങ്ങളിലുമുണ്ട് കൂട്ടിക്കൊടുപ്പുകരും ചേരിമാറ്റക്കാരും.  വിശ്വാസവഞ്ചന, ചതി, ഒറ്റുകൊടുപ്പ്! 
Look good, Feel better! 
മറ്റൊരു ബൂത്തിലെ ബാനര്‍ വിളിച്ചു കൂവി.  നിരത്തിയിട്ടിരുന്ന സ്‌കാര്‍ഫുകള്‍, വിഗ്ഗിന്റെ സാമ്പിളുകള്‍, അലോവേര അടങ്ങിയ ക്രീമുകള്‍ എന്നിവയില്‍ തൊട്ടു തലോടി അശ്വിനി നടന്നു. അവിടെ എല്ലാവര്‍ക്കും നിറഞ്ഞ ചിരിയുണ്ടായിരുന്നത് അശ്വിനി ശ്രദ്ധിച്ചു. ആരുടെയും  മുഖത്തു നിരാശയോ സങ്കടമോ വിദ്വേഷമോ കണ്ടില്ല. സ്തനാര്‍ബുദത്തെ ഒരു അത്യാഹിതമായി കാണരുത്, അത് ജീവിതത്തിലെ ഒരു സംഭവം മാത്രമാണ്. അതിനെ ആഘോഷിക്കുക!  ജീവിതം ആത്മതാപത്തില്‍ ചുട്ടുകളയാനുള്ളതല്ല!   
അവിടെയും പോസിറ്റീവ് ആറ്റിറ്റിയൂഡ് മൊത്തമായും ചില്ലറയായും വില്‍ക്കാന്‍ വെച്ചതുകണ്ടു അശ്വിനി നിന്നു.   
-നമ്മുടെ മനോഭാവമാണ് പ്രധാനം, ചിലപ്പോള്‍ ചികിത്സയേക്കാള്‍.  
ദേഷ്യം, ശുണ്ഠി, പേടി, സംശയം, ഉല്‍ക്കണ്ഠ തുടങ്ങിയ സ്വാഭാവിക വികാരങ്ങള്‍ തികച്ചും തെറ്റാണ്! അതിനെയെല്ലാം അടക്കിവെച്ചു അതിനു മുകളില്‍ ചിരിയുടെ സന്തോഷത്തിന്റെ തൃപ്തിയുടെ ചമയങ്ങളിട്ടൊരു പൊയ്മുഖംവെച്ചാല്‍ രോഗം പമ്പയല്ല ഗംഗയും കടക്കും.    
രോഗം ഭേദമാവും, എനിക്ക് ഒരു കുഴപ്പവും ഇല്ല എന്ന് ഉറച്ചു വിശ്വസിക്കുക.  നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും.  വിശ്വാസം മാത്രം മതി. അപ്പോള്‍ രോഗം ഭേദമാവാതെ മരിക്കുന്നവര്‍ക്ക് വിശ്വാസം കുറവാണെന്നാണോ നയം?  അശ്വിനി നിന്റെ രോഗം ഭേദമാവുന്നില്ലെങ്കില്‍ അത് നിന്റെ മനോഭാവത്തിലുള്ള ദോഷമാണ്.  ഡോക്ടര്‍മാര്‍ക്കും വൈദ്യശാസ്ത്രത്തിനും രോഗത്തിനും അതില്‍ പങ്കൊന്നുമില്ല.  
''ശ്ശോ മനസ്സിനു കുറെ സ്‌ട്രെസ്സ് കൊടുക്കുന്ന പരിപാടിയാണല്ലോ ഇത്! ഇതെങ്ങാനും ഭേദമായില്ലെങ്കില്‍ എന്റെ ആറ്റിറ്റിയൂഡ് നന്നാവാത്തോണ്ടാന്നു പറഞ്ഞു എന്നെ പൊരിക്കുമല്ലോ ക്യാന്‍സൂ ഈ കൂട്ടര്‍''  
ഉള്ളിലെ ദുരവസ്ഥ തികച്ചും രഹസ്യമാക്കി വെക്കണം.  അത് തികച്ചും ശരിയാണോ? നമ്മുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പൂര്‍ണമായും അടക്കി വെക്കുന്നത് ആരോഗ്യകരമാണോ?  നീരാവി കുറച്ചൊക്കെ പുറത്തേക്കു വിടുന്നതല്ലേ നല്ലത്?
ചീഞ്ഞ മീന്‍കൂട്ടത്തിന്റെ മുകളിലിരുന്ന് റോസാപ്പൂവാണ് ചുറ്റുമെന്ന് നടിച്ചാല്‍ നാറ്റത്തെ ഇഷ്ടപ്പെടാനോ ഇല്ലാതാക്കാനോ പറ്റുമോ?  ഒരാള്‍ക്ക് താങ്ങാവുന്നതിലധികം ഭാരം തലയില്‍ കയറ്റി വെച്ചിട്ട് ഹേയ് തലയില്‍ ഒന്നുമില്ലെന്ന് കരുതിയങ്ങ് നടന്നാല്‍ മതി എന്നു പറഞ്ഞാല്‍ അയാള്‍ക്ക് നടക്കാന്‍ പറ്റുമോ?  മനസ്സിന്റെ ശക്തിക്ക് പരിമിതികളില്ലേ? അത് പലരിലും പലതരത്തിലാവില്ലേ? പ്രായോഗികതയും യാഥാര്‍ത്ഥ്യവും തികച്ചും ഒഴിവാക്കുന്നത് ശരിയാവുമോ?  നല്ലതാണോ?  
ഞാന്‍ ആളത്ര ശരിയല്ലാത്തോണ്ടണ് ഇങ്ങനെയൊക്കെ തോന്നുന്നത് എന്നല്ലേ വരുത്തി തീര്‍ക്കുന്നത്.  ഒരു വ്യക്തിയുടെ സങ്കടം, പേടി, ദേഷ്യം, പരിഭ്രമം ഒക്കെ സ്വാഭാവികമാണെന്ന് അംഗീകരിച്ചു കൊടുക്കുന്നത് ന്യായമല്ലേ?
ഈ വികാരങ്ങള്‍ എനിക്ക് അവകാശപ്പെട്ടതല്ല എന്ന് പറയാമോ? സ്വയമേ വരുന്ന ഇവയൊക്കെയാണ് എന്നെ കൊല്ലാന്‍ പോവുന്നത് എന്ന് പറയുന്നത് ശരിയാണോ?  റാണ പ്രതാപ് സിംഗിനോട് പ്രസംഗിച്ചു ക്ഷീണിച്ച അശ്വിനി ഒടുവില്‍ ഉപസംഹരിച്ചു.
''ഈ പോസിറ്റീവ് ആറ്റിറ്റിയൂഡിന്റെ നിഷ്ഠുരവാഴ്ച എന്നെ ഭയപ്പെടുത്തുന്നു റാണാ! എഴുന്നൂറ്റിമുപ്പത്തിയാറു കിലോ പോസിറ്റീവ് ആറ്റി ഉടന്‍ വേണം!''
ഗൂഗിളിലും സ്തനാര്‍ബുദത്തേക്കാള്‍ കൂടുതല്‍ സൈറ്റുകള്‍ പോസിറ്റീവ് ആറ്റിറ്റിയൂഡിനുണ്ടായിരുന്നു. ആറ്റിറ്റിയൂഡ് ശരിയല്ലാത്തവരെ ജീവിതത്തില്‍ നിന്നും ഒഴിവാക്കുക.  നിങ്ങളുടെ ബോസ്, കുടുംബത്തിലുള്ളവര്‍ തുടങ്ങി ഒഴിവാക്കാന്‍ പറ്റാത്തവരാണെങ്കില്‍, അവരുമായുള്ള സംസര്‍ഗ്ഗം കഴിയുന്നത്ര കുറയ്ക്കുക.  നമുക്ക് ലാഭമില്ലാത്തവരില്‍ നിന്നും വിട്ടു നടക്കാനാണ് പോസിറ്റീവ് ആറ്റി ഉപദേശിച്ചത്!  
ക്യാന്‍സര്‍ വന്നത് ഭാഗ്യമായി കരുതുന്നവരുടെ അനുഭവ കഥകള്‍ അശ്വിനി ആകാംഷയോടെ വായിച്ചു.  
''ഞാന്‍ പുതിയൊരു വ്യക്തിയായി.  എന്റെ ജീവിത വീക്ഷണം പാടേ മാറിപ്പോയി.''   
അശ്വിനിക്ക് പുതിയ വ്യക്തി ആവേണ്ട, ജീവിത വീക്ഷണം ഒള്ളതൊക്കെ മതി. അത്തരം അത്യാഗ്രഹങ്ങള്‍ ഇല്ലാത്തതുകൊണ്ട്  ക്യാന്‍സര്‍ തിരിച്ചെടുക്കാമോ?   
ധീരരായിരിക്കുക.  ചെയ്ത കാര്യങ്ങളോര്‍ത്തല്ല, ചെയ്യാതെ വിട്ട കാര്യങ്ങളോര്‍ത്താവും മരണക്കിടക്കയില്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നത്.  ശുഭാപ്തിവിശ്വാസം വിളമ്പുന്ന പുസ്തകങ്ങള്‍ അശ്വിനിയോട് ആണയിട്ടു പറഞ്ഞു.    
ലോകത്തുനിന്നും പോകുന്നതിനു മുന്പ് ചെയ്തു തീര്‍ക്കേണ്ടത് എന്താണ്? ചുമ്മാ, വെറുതെ, തമാശക്ക്.  ജീവിതം തീരാന്‍ ക്യാന്‍സര്‍ വേണമെന്നില്ല. ഇപ്പോള്‍ വേണമെങ്കില്‍ ബസ്സിടിച്ചു മരിക്കാം. ഇടിവെട്ടി മരിക്കാം. എന്താവും അശ്വിനിയുടെ ബക്കറ്റ് ലിസ്റ്റ്?     
Kick the bucket! ആത്മഹത്യ ചെയ്യാന്‍ കഴുത്തില്‍ കുരുക്കിട്ട് തൊട്ടിയില്‍ കയറിനില്‍ക്കുന്ന ഭാഗ്യവാന്‍ അതിനെ തൊഴിച്ചു മാറ്റുന്നതോടെ ജീവിതക്ലേശങ്ങള്‍ തീര്‍ന്നു പോകുന്നു. അങ്ങനെ വന്നതാവാം മരണത്തിനു കിക്ക് ദി ബക്കറ്റ് എന്ന പര്യായം. ആപ്രയോഗത്തിന്റെ ഉത്ഭവത്തെപ്പറ്റി പല നിഗമനങ്ങളും വ്യാഖ്യാനങ്ങളും അശ്വിനി ഇന്റര്‍നെറ്റില്‍ വായിച്ചെടുത്തു.  വിക്കിപീഡിയയില്‍ മരണം സൂചിപ്പിക്കുന്ന പ്രയോഗങ്ങള്‍ നൂറോളമുണ്ടായിരുന്നു.    
തൊട്ടി തൊഴിച്ചിടുന്നതിനു മുന്‍പ് എന്തൊക്കെ ചെയ്തു തീര്‍ക്കണം അശ്വിനിക്ക്? അര്‍ത്ഥസമ്പുഷ്ടമായ ജീവിതം ഹ! എന്ന് മരിക്കുന്നതിനു തൊട്ടുമുന്‍പ് നിര്‍വൃതിയടയാന്‍ എന്തൊക്കെയാണ് ബാക്കിയിരിക്കുന്നത്? ഹിമാലയം കയറണോ? പാരീസില്‍ പോവണോ? നൈലില്‍ കുളിക്കണോ?  തെംസ്പുഴയുടെ തീരത്തുകൂടിയുള്ള മുന്നൂറു കിലോമീറ്റര്‍ നടപ്പാത നടന്നെത്തിക്കണോ?
അമേരിക്കന്‍ പ്രസിഡന്റിനോട് സംസാരിച്ചാലോ?  കീര്‍ത്തനയുടെ കല്യാണം കാണണം, അമ്മയെ രാമേശ്വരത്തു കൊണ്ടുപോകണം എന്നൊക്കെയുള്ള നാടന്‍ ആശകള്‍ അഭിലാഷത്തൊട്ടിയില്‍ ചേര്‍ക്കണോ? ചേര്‍ക്കാന്‍ പാടുണ്ടോ?  അതേയതെ, ഇതൊക്കെ ഫേസ്ബുക്കില്‍ ഇടാനുള്ളതാണ്.  കാഴ്ചക്കാര്‍ക്ക്, ഹ..ആഹ! എന്ന് അഭിനന്ദിക്കാനുള്ളതാണ്. ചുമ്മാ കനുകുനാ ഇഷ്ടങ്ങളും ആഗ്രഹങ്ങളും കുത്തിവരക്കാനുള്ളതല്ല ബക്കറ്റ് ലിസ്റ്റ്. അഭിലാഷങ്ങള്‍ക്ക് ഗുരുത്വം വേണം, ആര്‍ഭാടം വേണം. മാഹാത്മ്യം വേണം. കൈയ്യടി കിട്ടണം. ലൈക്ക് കിട്ടണം. ലവ്വും ഹഗ്ഗും കിസ്സും വിതറണം. ഇല്ലേ റാണാ?
''നിന്റെ ജീവിതം നിനക്കിഷ്ടമുള്ളത് ചെയ്യാനല്ലേ?''
അശ്വിനി റാണ പ്രതാപ് സിംഗിനോട് തര്‍ക്കിച്ചുകൊണ്ട് ലക്ഷ്യമില്ലാതെ കാറോടിച്ചു പോയി.   അശ്വിനിക്ക് ജോലിയില്‍ കൃത്യനേരത്ത് എത്തണമെന്ന വേവലാതിയില്ല. വീട്ടില്‍ ആരും കാത്തിരുന്നു മുഷിയുന്നില്ല.  മമ്മൂസ് എന്ന് വിളിച്ചോടി വരാനുമില്ല ഒരു മധുരക്കനി.  
''തൊട്ടുമുന്‍പില്‍ മറ്റൊരു ടാസ്‌ക് ഉണ്ടല്ലോ!''
ക്യാന്‍സു അശ്വിനിയെ ഓര്‍മ്മിപ്പിച്ചു.  
''എന്നാണ് എങ്ങനെയാണ് ഇത് വാര്‍ത്തയാക്കുന്നത്?'' 
ആദ്യം പറയേണ്ടത് ശാന്തി, മെറിന്‍,  മിത്രമാരോടു തന്നെയാണ്, പിന്നെ ആരോടും പറയേണ്ട ആവശ്യമില്ല. ഡൈ ടെസ്റ്റ്പോലെ  അത് പകര്‍ന്നു പകര്‍ന്ന് മൂത്രംവരെ പടരുന്നത് അശ്വിനിക്ക് കണ്മുന്നില്‍ കാണാം. 
''പാവം അശ്വിനി!''
''ഛെ, കഷ്ടമായിപ്പോയി!'' 
''സര്‍ജറികൊണ്ടു ഭേദമാവുമോ ആവോ?''
''ഈ ക്യാന്‍സറോക്കെ വന്നാപ്പിന്നെ ജീവിതം പോക്കാ.''
അങ്ങനെ കുറച്ചു പ്രാഥമിക പ്രതികരണങ്ങള്‍ തീര്‍ത്തു കഴിഞ്ഞാല്‍, പിന്നെ രോഗിയേയും അവരുടെ നിര്‍ഭാഗ്യത്തെയും ഉപേക്ഷിക്കാം.  അല്ലെങ്കില്‍ത്തന്നെ ജീവിതം മെച്ചപ്പെടണമെങ്കില്‍ നല്ലകാര്യങ്ങളില്‍ മുഴുകണം. പോസിറ്റീവ് ആറ്റി പറഞ്ഞുതരുന്നത് അതല്ലേ, സങ്കടപ്പെടുത്തുന്ന, നിങ്ങളിലെ സന്തോഷത്തെ ഇല്ലാതാക്കുന്നവരില്‍ നിന്നും അകന്നു നില്‍ക്കുക.  പ്രതികരണപ്രകടനം കഴിഞ്ഞാല്‍ സുന്ദരന്‍ വിശേഷങ്ങള്‍ പുറത്തെടുക്കാം, സുന്ദരന്‍ ജീവിതത്തിലേക്ക് വേഗം മുങ്ങാങ്കുഴിയിടാം.   
എന്തായാലും വാര്‍ത്ത വിളംബരം ചെയ്യണം, ചെയ്‌തേ പറ്റൂ. 

women

ക്യാന്‍സര്‍. അത് ഇലമുളച്ചി പോലെയാണ്. കേള്‍ക്കുന്നയാളുടെ ചെവിയില്‍ വളര്‍ന്നു പടര്‍ന്ന് അടുത്ത ചെവിയിലേക്ക് പകരുന്നതൊരു മരമായിട്ടാണ്. ആ ചെവിയിലും അടുത്ത ചെവിയിലും അതു വീണ്ടും മരമായി വളരുന്നു.  ആരുടെ കൈയിലാണ് മുലമുളച്ചിയുള്ളത്? ഒരു കൊമ്പോ തൈയ്യോ  അശ്വിനിക്കു കിട്ടുമോ?  
ക്യാന്‍സര്‍ എന്ന് പറയുന്നതിനേക്കാള്‍ ബുദ്ധിമുട്ട് മുല എന്നു പറയാനാണ്. ബ്രെസ്റ്റ് തന്നെ ബെസ്റ്റ്! രോഗം വന്നാലും ചീഞ്ഞുപൊട്ടിയൊഴുകിയാലും മുല അശ്ലീലമാണ്.  മുലയെന്നാല്‍ കാമോപാധി മാത്രമാണ്.  സ്തനാര്‍ബുദംഎന്ന അച്ചടിവാക്കായാലോ? 
''എനിക്ക് സ്തനാര്‍ബുദമാണ് തോഴിമാരെ.'' 
''അയ്യോ അശ്വിനിക്ക് ക്യാന്‍സറോ? എവിടെ?''
''ബ്രെസ്റ്റില്‍''
''ഓ!''
കേള്‍ക്കുന്നയാള്‍ പരുങ്ങുന്നു.  മോഹന് അശ്വിനിയെക്കാള്‍ ബുദ്ധിമുട്ടായിരിക്കുമോ അത്?  
മോഹന്റെ കലണ്ടറില്‍ ഏപ്രില്‍ വളം വാങ്ങണം, സ്‌നോ ബ്ലോവര്‍ മാറ്റിവെക്കണം, ലോണ്‍-മോവര്‍ ട്യൂണ്‍ ചെയ്യണം. സെപ്റ്റംബറില്‍ കരിയില തൂക്കണം, ഒക്ടോബറില്‍ പുറത്തെ പൈപ്പുകള്‍ അടക്കണം, ഹീറ്റര്‍ നോക്കണം എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട്. അയാള്‍ക്ക് അതനുസരിച്ചേ പ്രവര്‍ത്തിക്കാന്‍ പറ്റൂ.  കലണ്ടറിലില്ലാത്ത ക്യാന്‍സറും ചികിത്സയും മോഹനു കൈകാര്യം ചെയ്യാന്‍ പറ്റുന്നവയല്ല.
അശ്വിനി പിന്നെ റാണയോട് ഈശ്വര വിശ്വാസത്തെ ചോദ്യം ചെയ്തു. 
''ഇതെന്താണീ ദൈവം ചോദിക്കുന്നതൊന്നും തരാതെ ചോദിക്കാത്തതു തരുന്നത്?  കീര്‍ത്തനക്ക് നല്ല ജീവിതം,  ആരോഗ്യം സമാധാനം അങ്ങനെയൊക്കെ വളരെ സാധാരണമായ കാര്യങ്ങളെ അശ്വിനിയുടെ റിക്വെസ്റ്റ് ലിസിറ്റ്ല്‍ ഉണ്ടായിരുന്നുള്ളൂ.  പിന്നെ ക്യാന്‍സറിനെ പൊതികെട്ടി അയക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ?'' 
''സര്‍പ്രൈസ്!'' 
അതുകൊണ്ടാണ് ചില സംസ്‌ക്കാരങ്ങളിലെ പ്രാര്‍ത്ഥന, ഈശ്വര എനിക്കൊരു ബോറിംഗ് ദിവസം തരൂ എന്നാണെന്ന് റാണ പറഞ്ഞു.  ഇത്തരം സര്‍പ്രൈസുകള്‍ അവിടെ സൂക്ഷിച്ചിട്ട് ലോട്ടിറി ഒരെണ്ണം ഉണ്ടെങ്കില്‍ ഇങ്ങോട്ടയക്ക്.    
ദുഖാചരണം മാത്രമല്ല.  ദുഃഖ പ്രകടനവും ദേശത്തിനനുസരിച്ചാണ്. സുനാമി ടോക്കിയോയെ തരിപ്പണമാക്കിയപ്പോള്‍ അവര്‍ ബഹളം വെച്ചില്ല.  മറ്റു ലോകരാജ്യങ്ങളെ പഴിപറഞ്ഞില്ല.  തികഞ്ഞ അച്ചടക്കത്തോടെ ശബ്ദമടക്കി അവരതിനെ നേരിട്ടു.   
ദക്ഷിണ കൊറിയയിലെ ഫെറി അപകടം നേരെ മറിച്ചായിരുന്നു.  കേരളത്തിലെപോലെ പൊട്ടിക്കരയുകയും വികാരം പ്രകടിപ്പിക്കുകയും ചെയ്യുന്ന നാട്ടുകാര്‍, വീട്ടുകാര്‍, കുട്ടികളുടെ അച്ഛനമ്മമാര്‍.  അവര്‍ പകയോടെ ഫെറിയുടെ കാപ്ടനു നേരെ പായുന്നതും വാര്‍ത്തയായിരുന്നു. 
''ഇതൊക്കെ അമിത വികാരങ്ങളാണോ?''   
താളവും സംഗീതവും ആഫിക്കന്‍ വംശജരുടെ രക്തത്തിന്റെ ഭാഗമാണ്.  സന്തോഷത്തിലും ഭക്തിയിലും മാത്രമല്ല, സങ്കടത്തിലും അവര്‍ താളത്തില്‍ ചുവടുവെയ്ക്കുന്നത് കാണാം.  
അശ്വനിക്ക് ജപ്പാനാവാണോ, അമേരിക്കയാവാണോ അതോ പാട്ടുപാടി ചുവടുവെച്ചു ഒരല്പം ആഫ്രിക്കന്‍ താളം വേണോ?  
വേണ്ടത് പോസിറ്റീവ്  ആറ്റിറ്റിയൂഡാണു.  ക്യാന്‍സര്‍ പോവാന്‍ അതേ മാര്‍ഗമുള്ളൂ റാണ!  സര്‍ജറിയും കീമോയും ഇത്തിരി വൈകിയാലും  വിരോധമില്ല. 
''എഴുന്നൂറ്റിമുപ്പത്തിയാറു കിലോ പോസിറ്റീവ് ആറ്റി ഉടന്‍ വേണം! ഉടന്‍ വേണംന്ന്!''
ചെറിമരങ്ങളും ആപ്പിള്‍മരങ്ങളും പൂമരങ്ങളായി തിമിര്‍ക്കുന്ന റോഡിലൂടെയുള്ള ഡ്രൈവിംഗ് അശ്വിനിക്കിഷ്ടമാണ്.  ഇലകളില്‍ നിന്നും മഴനീരിനെ ഉതിര്‍ത്തു കളയുന്ന സഹതാപക്കാറ്റ് അവിടെയുമിവിടെയുമായി ചുറ്റിക്കളിക്കുന്നുണ്ടായിരുന്നു. എത്രതരം കാറ്റുകളാണ് ഒരു മരത്തെ, കാടിനെ കെട്ടിപ്പിണയുന്നത്! പട്ടണത്തിനു പുറത്തു കടന്ന് വീടുകളുടെ കാട്ടിലേക്കുള്ള യാത്രയില്‍ അശ്വിനിയുടെ കാര്‍ റേഡിയോ മിണ്ടിയില്ല. 
 
(തുടരും)
 
 
Content Highlights: Novel Manjil Oruval By Nirmala