സാമ്പ്രദായിക മട്ടിലുള്ള കഥ പറയലല്ല ഈ നോവലിന്റേത്. ഉത്തര അമേരിക്കയുടെ പ്രത്യേകിച്ചും കാനഡയുടെ പ്രകൃതിയും കാലാവസ്ഥയും കാറ്റും ഈ നോവലിന്റെ  ഭാഗമാണ്. ഇംഗ്ലീഷ് തലക്കെട്ടിനുള്ളിലെ മലയാളി ജീവിതം എന്നമട്ടില്‍ തലക്കെട്ടുകള്‍ ഇംഗ്ലീഷിലാണ്. ഇതില്‍ ഇംഗ്ലീഷ് ഇടയ്ക്കിടെ വരുന്നുണ്ട്.  സംഭാഷണങ്ങള്‍ ചിലപ്പോള്‍ മംഗ്ലീഷിലാണ്. അതാണ് അമേരിക്കന്‍ മലയാളിയുടെ ഭാഷ. തൃശൂര്‍ ഭാഷയോ, തിരുവനന്തപുരം ഭാഷയോ, കണ്ണൂര്‍ ഭാഷയോ, വള്ളുവനാടന്‍ ഭാഷയോ നോവലുകളിലും കഥകളിലും വരുന്നതുപോലെ അമേരിക്കയില്‍ ജീവിക്കുന്ന മലയാളിയുടെ ഭാഷയാണിത്.  അത് എല്ലായ്‌പ്പോഴും ശുദ്ധമലയാളമോ, പരിപൂര്‍ണ ഇംഗ്ലീഷോ ആയിരിക്കില്ല.   
 
നിര്‍മലയുടെ  'ചില തീരുമാനങ്ങള്‍' എന്ന കഥ ശ്യാമപ്രസാദ് 'ഇംഗ്ലീഷ്' എന്ന സിനിമയ്ക്ക് ആധാരമാക്കിയിരുന്നു.  മൂന്നു കഥാസമാഹാരങ്ങളും ഒരു നോവലും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തകഴി പുരസ്‌കാരം, അങ്കണം അവാര്‍ഡ്, നോര്‍ക്ക പ്രവാസി പുരസ്‌കാരം, പൊഞ്ഞീക്കര റാഫി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. നിര്‍മ്മല ഇപ്പോള്‍ കുടുംബത്തോടൊപ്പം കാനഡയില്‍ താമസിക്കുന്നു. മോണ്ട്രിയോളിലെ മക്ഗില്‍ യൂണിവേഴ്‌സിറ്റി,  ഹാമില്‍ട്ടണിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായി ഐ.ടി. പഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ പ്രൊജക്ട് മാനേജരായി ജോലിചെയ്യുന്നു.   
 
*******************************************
Eye of the Storm
Solomon Grundy,
Born on Monday,
Christened on Tuesday,
Married on Wednesday,
Took ill on Thursday,
Worse on Friday,
Died on Saturday,
Buried on Sunday:
This is the end
Of Solomon Grundy
അശ്വിനി കീര്‍ത്തനയ്ക്ക് ചൊല്ലിക്കൊടുത്തു നോക്കിയതല്ലേ. തീരെ ലോജിക്കില്ലെന്നു പറഞ്ഞ് കീര്‍ത്തന അതിനെ തള്ളിക്കളഞ്ഞു.  അവള്‍ സ്‌കൂളില്‍ പഠിക്കാത്ത പാട്ടാണ്.  അമ്മ പഠിച്ചിട്ടുണ്ടെങ്കില്‍ അമ്മയ്ക്ക് കൊള്ളാം എന്നൊരു ചുളിവുള്ള മുഖമായിരുന്നു കീര്‍ത്തനയുടെ ഉത്തരം. 
മദര്‍ഗൂസ് റൈംസ് ഉണ്ട്.   
അശ്വിനി സന്ധിയാക്കാന്‍ വീണ്ടും ശ്രമിച്ചുനോക്കി. പഞ്ചതന്ത്ര കഥകള്‍പോലെ, കുട്ടിപ്പാട്ടുകളുടെ പരമ്പരാഗത കലവറയാണ് മദര്‍ഗൂസ് റൈംസ്.  പക്ഷേ വാത്തമ്മയുടെ ഈ പാട്ട് കീര്‍ത്തന അംഗീകരിച്ചില്ല.  സ്‌കൂളാണ്, ടീച്ചറാണ് അവളുടെ ശരി. 
ലോജിക്കില്ലാത്തൊരു അമ്മ...ന്റെ മ്മേ...അമ്മമ്മേ...
 
ഓയ്, അതൊക്കെ പഴങ്കഥ. കീര്‍ത്തന ഇപ്പോള്‍ ക്യാമ്പസ് റാണിയാണ്. അമ്മക്കുട്ടൂസെന്നു വിളിച്ചു കെട്ടിപ്പിടിക്കാന്‍ അവധിക്ക് നോക്കിയിരിക്കണം. എന്നാലും ഉറങ്ങുന്നതിനുമുന്‍പ് അശ്വിനി അവള്‍ക്കൊരു മെസേജ് അയക്കും. 
'ഒറങ്ങാന്‍ പോണു മോളൂസ്. ഉംമ്മ'
'ഉംമ്മ അമ്മാ. നന്നായിട്ട് ഒറങ്ങിക്കോളൂ.  And happy Monday! '
കണ്ണടച്ചു ചിരിക്കുന്ന സ്‌മൈലി. അവള്‍ക്കറിയാം അമ്മയുടെ തിങ്കളാഴ്ച വിദ്വേഷം, അവധി തീര്‍ന്നു
പോയതിന്റെ  ചൊരുക്ക് ഞായറാഴ്ച വൈകുന്നേരം തുടങ്ങും. 
'ഉം. ഇന്നു രാത്രി സ്‌നോസ്റ്റോം വരുന്നുണ്ട്. നിങ്ങള്‍ടവിടേം സ്‌നോ പറഞ്ഞിട്ടുണ്ട്.'
'എനിക്ക് യൂണിവേഴ്‌സിറ്റിലേക്ക് രണ്ടു മിനുട്ട് നടപ്പല്ലേയുള്ളൂ. സാരില്ലമ്മാ. ' 
'എന്നാലും നന്നായിട്ട് ഡ്രസ്സ് ചെയ്‌തേ പോകാവൂ. തണുപ്പടിച്ച് 
ന്യുമോണിയ പിടിക്കാതെ സൂക്ഷിക്കണം.'
'യെസ്..യെസ്.. തൊപ്പി, ഗ്ലൗസ്, ബൂട്ട്‌സ് എല്ലാം റെഡി. ആഷമ്മ ഒറങ്ങിക്കേ! ' 
ഫോണ്‍ ചാര്‍ജ് ചെയ്യാന്‍വെച്ച് അശ്വിനി ഉറങ്ങാന്‍ കിടന്നു. 
 
തിങ്കളാഴ്ച റേഡിയോയുടെ ഗുഡ്‌മോര്‍ണിങ് അലാറമാണ് ലോകത്തിലേറ്റവും അരോചകമായ ശബ്ദം. ആറുമണി വാര്‍ത്ത ഒരു തുള്ളി ദയയുമില്ലാതെയാണ് രാത്രിയില്‍ തുടങ്ങിയ മഞ്ഞുമഴ വിസ്തരിച്ചത്.  
 The storm that began Sunday night raged across southern Ontario, fuelled by high winds that left cars buried, homes snowbound and public transportation delayed.  
 
പിന്നെ ട്രാഫിക് റിപ്പോര്‍ട്ടായിരുന്നു. പ്രധാന റോഡുകള്‍ പലതും തടസ്സപ്പെട്ടിട്ടുണ്ട്. പോലീസിനും കനേഡിയന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്റെ സഹായികള്‍ക്കും ചെന്നെത്താന്‍ പറ്റുന്നതിലധികം അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.  
 
കംഫര്‍ട്ടറിനകത്തേക്ക് ഒന്നു കൂടി ചുരുണ്ട് മോഹന്റെ ചൂടൊട്ടി അഞ്ച് മിനിട്ടു കൂടി, രണ്ട് മിനിട്ടു കൂടി എന്ന്! കള്ളക്കണ്ണുകൊണ്ട് റേഡിയോ ക്ലോക്കിലെ ചുവന്ന അക്കങ്ങളോട് മത്സരിക്കാന്‍ അശ്വിനിക്ക് ഇന്ന് പറ്റില്ല.  ഇന്നാണ് സ്വീഡനില്‍ നിന്നും വരുന്ന പുതിയ ക്ലയന്റുമായുള്ള ആദ്യത്തെ മീറ്റിങ്. അശ്വിനി ചൂടുള്ള കിടക്കയില്‍ നിന്നും മടുപ്പോടെ കാലുകള്‍ പുറത്തേക്ക് വെച്ചു. മുറിയിലെ ഇളം തണുപ്പില്‍ തപ്പിതടഞ്ഞ് കുളിമുറിയിലേക്ക് നടക്കുമ്പോള്‍ മോഹന്‍ പറഞ്ഞു. 
'ലൈറ്റ് ഇട്ടോളൂ.  ഞാനും എഴുന്നേല്‍ക്കാണ്. കാര്‍ പുറത്തെടുക്കണങ്കി ഡ്രൈവേയില്‍ സ്‌നോ കുറെ തോണ്ടാനുണ്ടാവും.'
 
ലൈറ്റ് ഇട്ട് ജനലിന്റെ കട്ടിയുള്ള ഇരട്ടകര്‍ട്ടന്‍ ഇരുവശത്തേക്കും മാറ്റുമ്പോള്‍ വൂളന്‍ പൈജാമയ്ക്കുള്ളില്‍ അശ്വിനിയുടെ ശരീരം കിടുകിടെ വിറച്ചു. വഴിവിളക്കിന്റെ വെളിച്ചത്തില്‍ മിന്നുന്ന വെള്ളാരമഞ്ഞ് റോഡും നടവഴിയും ഡ്രൈവ്‌വേയും തമ്മിലുള്ള അതിരുകള്‍ മൂടിക്കളഞ്ഞിരിക്കുന്നു.  എല്ലാംചേര്‍ന്ന് ഒരു തൂവെള്ള മൈതാനമായിട്ടുണ്ട്.  സീഡര്‍മരം മഞ്ഞിന്റെ ഭാരത്തില്‍ ഒരു വശത്തേക്ക് ചരിഞ്ഞാണ് നില്‍ക്കുന്നത്.  മരത്തില്‍ വീണുകൂടിയ മഞ്ഞില്‍ കാറ്റ് ചുറ്റിക്കറങ്ങുന്നുണ്ട്.  ഡഗ്ലസിന്റെ ഗരാജിന് മുന്നിലെ ക്രിസ്തുമസ് ലൈറ്റുകളില്‍ ഐസ് പൊതിഞ്ഞിരിക്കുന്നു. മഞ്ഞിനകത്തായിപ്പോയ ചില ബള്‍ബുകളുടെ വെട്ടം മിന്നാമിനുങ്ങുകള്‍പോലെ തിളങ്ങി. ക്രിസ്തുമസ് കഴിഞ്ഞിട്ട് ആഴ്ചകളായിരുന്നു. തണുപ്പൊന്ന് കുറഞ്ഞിട്ട് പുറത്തെ അലങ്കാരങ്ങള്‍ മാറ്റാന്‍ കാത്തിരിക്കുകയാണ് ആളുകള്‍.           
 
മഞ്ഞും തെന്നലും കാരണം ഡ്രൈവിങ് മോശമായിരിക്കും എന്നോര്‍ത്ത് അശ്വിനി നേരത്തെ ജോലിക്ക് പുറപ്പെടാന്‍ ഒരുങ്ങി. ആന്‍ക്ലേന്‍ സൂട്ട് പുറത്തെടുത്തു നോക്കി. പാന്റ്‌സ് സൂട്ടാണ് തണുപ്പുകാലത്ത് നല്ലത്. സൂട്ടിനടിയിലെ  ബ്ലൗസ് വെളുത്തത് വേണോ നീലയോ എന്ന് കുറച്ചുനേരം അവള്‍ തിരഞ്ഞു. സമയം കളയാന്‍ പറ്റില്ല. യൂറോപ്പില്‍ നിന്നും വരുന്ന ക്ലയന്റിനെ ആദ്യമായി നേരിട്ടു കാണുകയാണ്.  മീറ്റിങ്ങില്‍ വൈകിച്ചെന്ന് ആദ്യാഭിപ്രായം മഞ്ഞാക്കിക്കളയരുത്. വെള്ള ബ്ലൗസ് എടുത്ത്,  സോക്‌സും മാറ്റിവെച്ച് അശ്വിനി തിങ്കളാഴ്ചയെ നേരിടാന്‍ തയ്യാറായി. അവസാന നിമിഷത്തില്‍ കാര്യങ്ങള്‍ ഒപ്പിച്ചെടുക്കലുകാരിയാണ് അശ്വിനി.  മോഹന് എല്ലാം നേരത്തെ നിശ്ചയിച്ചുറപ്പിച്ച് ചെയ്യുന്നതാണിഷ്ടം.  പ്ലാന്‍ വരയ്ക്കാതെ, ലിസ്റ്റ് എഴുതാതെ മോഹന് ഒന്നും ചെയ്യാനാവില്ല.  
 
സൂട്ടും തേച്ച് ഹാങ്ങറില്‍ തൂക്കിയ ബ്ലൗസുമായി അശ്വിനി കുളിമുറിയില്‍ കയറി. സിങ്കിനുമുകളിലെ ഭിത്തി നിറഞ്ഞുനില്‍ക്കുന്ന കണ്ണാടിയിലെ വെളുത്ത കുത്തുകള്‍ അവള്‍ ടോയ്‌ലറ്റ് പേപ്പറുകൊണ്ട് തുടച്ചുകളഞ്ഞു. മോഹന്റെ പല്ലുതേപ്പിന്റെയും ഷേവിങ്ങിന്റെയും അശ്വിനിക്കുള്ള പങ്കാണത്. കുളി കഴിഞ്ഞിട്ടും ഷവറിനടിയില്‍  അശ്വിനി വെറുതെ നിന്നു. തണുപ്പുകാലത്ത് ഷവറിന്റെ ചൂടുവെള്ളത്തില്‍ എത്ര നിന്നാലും മതിയാവില്ല. ഇന്ന് അങ്ങനെ ആഡംബരമായി കുളിക്കാന്‍ സമയം തികയില്ല, അശ്വിനിക്ക് കാലത്ത് ഒന്നിനും സമയം തികയില്ല. പെട്ടെന്ന്, വേഗം...വേഗം...
 
ടിവി സ്‌ക്രീനിലെ വാര്‍ത്തയില്‍ മേഘങ്ങള്‍ ചുഴലിയായി മാറുന്നതും സ്‌ക്രീനിന്റെ വലത്തേക്ക് 
പോകുന്ന മേഘങ്ങളും നോക്കി അശ്വിനി കാപ്പി തെര്‍മസ് കപ്പില്‍ നിറച്ചു. മോഹന്‍ ഫില്‍ട്ടര്‍ കാപ്പിയുണ്ടാക്കി ഒരു കപ്പുമായാണ് പുറത്തെ മഞ്ഞു മാറ്റാന്‍ പോയിരിക്കുന്നത്. വാര്‍ത്തക്കാരന്‍ ചറുപിറുന്ന് അമേരിക്കയില്‍ നിന്നും വരുന്ന കാറ്റിന്റെ ഗതിയും വേഗതയും അന്തരീക്ഷത്തിലെ മര്‍ദ്ദവ്യത്യാസവും പ്രസംഗിക്കുന്നുണ്ടായിരുന്നു. അടുത്തുള്ള പ്രദേശങ്ങളെല്ലാം മുന്നറിയിപ്പിന്റെ ചുവന്ന വരയ്ക്കുള്ളിലാണ്. കാലത്തെ ഡ്രൈവിങ് കഴിയുമെങ്കില്‍ ഒഴിവാക്കുക. അല്ലെങ്കില്‍ ധാരാളം സമയമെടുത്ത് സാവധാനം പോവുക. സ്‌ക്രീനിന്റെ അടിയിലും ചുവന്ന നാടയായി അറിയിപ്പ് ഇഴഞ്ഞുപോയി. 
യൂറോപ്പുകാരേയും കൊണ്ട് ഉച്ചയ്ക്ക് ലഞ്ചിന് പുറത്തുപോകേണ്ടിവരും. അതുകൊണ്ട് ഉച്ചഭക്ഷണം പൊതിഞ്ഞെടുക്കേണ്ട. ആ പണി ഒഴിവായിക്കിട്ടിയതില്‍ സന്തോഷിച്ച് അശ്വിനി കരിഞ്ചുവപ്പില്‍ കറുത്ത വരകളുള്ള സ്‌കാര്‍ഫ് കഴുത്തില്‍ ചുറ്റി. 
 
പുറത്തേക്ക് ഒന്നു പാളിനോക്കിയിട്ട് നീളംകൂടിയ കോട്ടുതന്നെ വേണമെന്ന് ഉറപ്പാക്കി.  മുട്ടോളമെത്തുന്ന ബൂട്ട്‌സിട്ട്, ഓഫീസിനുള്ളില്‍ ഇടാനുള്ള ഷൂസ് മറ്റൊരു ബാഗിലാക്കി. ലാപ്‌ടോപ് ബാഗും പേഴ്‌സും തോളില്‍ തൂക്കിയിട്ടിട്ട് ഏറ്റവുമൊടുക്കം അവള്‍ തുകല്‍ കൈയുറകള്‍ ഇട്ടു. ഡ്രൈവ്‌വേയിലേയും പുറത്തു പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ പുറത്തെയും മഞ്ഞു മാറ്റിവന്ന മോഹന്‍ അശ്വിനിയെ കളിയാക്കി.
'എന്തോരം ലഗേജാണ്'  

women

'കൂലി,  ഇതൊന്ന് കാറില്‍ വെക്കു.'തിരിച്ചടിക്കാന്‍ അശ്വിനിയും മറന്നില്ല. ലാപ്‌ടോപ് ബാഗും ഷൂസിന്റെ ബാഗും കാപ്പിയും മോഹന്‍ കാറില്‍ വെച്ചുകൊടുത്തു. ഡ്രൈവ്‌വേയുടെ ഇരുവശത്തേക്കും മോഹന്‍ മാറ്റിയിട്ട മഞ്ഞ്, മൈതാനത്തിനെ മലയാക്കി മാറ്റിയിരിക്കുന്നു. തുരങ്കം പോലെ ഡ്രൈവ്‌വേയും അതില്‍ കാറും.  
അശ്വിനി കാറിന്റെ വാതിലടച്ചതും മോഹന്‍ ഒരു കൈയില്‍ മഞ്ഞ്
പന്താക്കി കാറിന്റെ ജനലിലേക്ക് എറിഞ്ഞു. കാറിന്റെ ചൂടും റേഡിയോ നോബും തിരിച്ചുകൊണ്ടിരുന്ന അശ്വിനി ഞെട്ടിപ്പോയി. അവള്‍ക്ക് ജനലിന്റെ ചില്ലു താഴ്ത്തി എന്തെങ്കിലും പറയാന്‍ പറ്റുന്നതിനു മുന്‍പേ മോഹന്‍ വീടിനകത്തു പോയിരുന്നു.  അയാള്‍ക്കും വൈകാതെ പോകണം.  ഇന്ന് ജോലിക്കെത്താന്‍ സാധാരണയിലും വളരെക്കൂടുതല്‍ സമയമെടുക്കും. മഞ്ഞിന്റെ  വെണ്‍സമുദ്രത്തിലേക്ക് അശ്വിനിയുടെ കാര്‍ പതിയെ പിന്നോക്കം ഇറങ്ങി. 
 
മര്യാദകെട്ട കാറ്റ് മഞ്ഞിനെ വാരിച്ചുഴറ്റി എറിഞ്ഞുകൊണ്ടിരുന്നു. കാറിന്റെ ജനലുകളില്‍  മഞ്ഞുറഞ്ഞുകൂടി.  ഡിഫോഗ് ഓണാക്കിയിട്ടും അശ്വിനിക്ക് റോഡും ചുറ്റുപാടുകളും കാണാന്‍ സാധിച്ചില്ല. ഏഴര മണിക്കും പുറത്ത് ഇരുട്ടായിരുന്നു, സൂര്യന്‍ മങ്ങിയ ആകാശത്തിലെവിടെയോ പതിയെ ഉദിക്കാന്‍ ശ്രമിക്കുന്നതെയുള്ളു. ചെറിയ റോഡുകളില്‍ നിന്നും മഞ്ഞ് മാറ്റിയിട്ടുണ്ടായിരുന്നില്ല. ഐസിന്റെ നേര്‍ത്ത പാളിയില്‍ തെന്നലുള്ള റോഡിന് അശ്വിനി പൂര്‍ണ ശ്രദ്ധയുംകൊടുത്തു.  റോഡിനരികിലെ ചാലിലേക്ക് തെന്നിപ്പോവാതെ എങ്ങനെയെങ്കിലും ഓഫീസെത്തിയാല്‍ മതിയെന്ന ലക്ഷ്യത്തോടെ.  
 
പ്രധാനറോഡില്‍  മഞ്ഞ് കുറവായിരുന്നു. മഞ്ഞുമാറ്റാനായി നഗരസഭയുടെ മഞ്ഞുകലപ്പകള്‍ രാത്രിമുഴുവന്‍ റോന്തുചുറ്റിയിരിക്കും.   നീലയും മഞ്ഞയും ലൈറ്റുകള്‍ കറങ്ങുന്ന ഉപ്പുവണ്ടി സാവധാനം പോകുന്നുണ്ട്. അതിന്റെ അടിയില്‍ നിന്നും റോഡിലേക്ക് ചിതറിവീഴുന്ന ഉപ്പുനോക്കി അശ്വിനി റേഡിയോ വാര്‍ത്ത കേട്ടു. അശ്വിനിയെ ആശ്വസിപ്പിച്ചുകൊണ്ട് കീര്‍ത്തനയുടെ യൂണിവേഴ്‌സിറ്റിയിലെ ക്ലാസുകള്‍ റദ്ദാക്കിയതായി റേഡിയോ റിപ്പോര്‍ട്ടു ചെയ്തു. ക്യാന്‍സലേഷന്‍ ലിസ്റ്റുകള്‍ പറഞ്ഞുകൊണ്ടിരുന്നു. സ്‌കൂളുകള്‍ക്കെല്ലാം അവധിയാണ്. ഉപ്പുവണ്ടിയുടെ പിന്നില്‍പ്പെട്ടുപോയാല്‍ ഹൈവേയില്‍ കയറുന്നതുവരെ സാവധാനത്തിലേ പോകാന്‍ പറ്റൂ. പക്ഷെ തെന്നുമെന്ന പേടിവേണ്ട.  ഓഫീസിന്റെ അരികിലെത്തിയപ്പോള്‍ അശ്വിനി ദീര്‍ഘനിശ്വാസം വിട്ടു.  പാര്‍ക്കിങ് ഇടത്തില്‍ കാറുകള്‍ കുറവാണ്. ഓഫീസിന്റെ വാതിലിനോട് ഏറ്റവും അടുത്ത കള്ളിയില്‍ കാര്‍ പാര്‍ക്ക് ചെയ്ത്, തൊപ്പിയും ഗ്ലൗസും സ്‌കാര്‍ഫും ഭദ്രമാക്കി ലാ
പ്‌ടോപ് ബാഗും പേഴ്‌സുമായി ഇറങ്ങുമ്പോള്‍ അശ്വിനി മോഹന്റെ ലഗേജ് കമന്റ് ഓര്‍ത്തുചിരിച്ചു. തെന്നാതെ സൂക്ഷ്മതയോടെ ഒരു യുദ്ധംകഴിഞ്ഞ ആശ്വാസത്തില്‍ മുന്‍വാതില്‍ കടന്നതും ഓഫീസിന്റെ ഉമ്മറം സൂക്ഷിപ്പുകാരന്‍ ഇലായസ് അശ്വിനിക്ക് ഗുഡ്‌മോര്‍ണിങ് പറഞ്ഞു.  
Ah, good morning Elias, how was your drive this morning? 
 
ആറുമണിക്ക് തുടങ്ങുന്നതാണ് ഇലായസിന്റെ ഷിഫ്റ്റ്.  ആ സമയത്ത് ഇങ്ങോട്ടുള്ള റോഡുകള്‍ വൃത്തിയാക്കിയിരുന്നില്ലെന്ന് അയാള്‍ പറഞ്ഞു.  പലപ്രാവശ്യം വണ്ടി നിയന്ത്രണം വിട്ട് തെന്നിപ്പോയി.  
'എന്റെ  ട്രക്ക് ഫോര്‍വീല്‍ ഡ്രൈവ് ആയതുകൊണ്ട് രക്ഷപെട്ടു.'
അപ്പോഴേക്കും ലിഫ്റ്റ് എത്തിയിരുന്നു. തുറന്ന വാതിലിലേക്ക് കടക്കുമ്പോള്‍ തലചെരിച്ച് അശ്വിനി ഇലായസിന് നല്ല ദിവസം നേര്‍ന്നു.
-You too Mam, don't work too hard...
 
ലിഫ്റ്റില്‍ മുകളിലേക്ക് പോവുമ്പോള്‍ ഫോര്‍വീല്‍ ഡ്രൈവ് വണ്ടികള്‍ മഞ്ഞിലും ഐസിലും ഓടിക്കാന്‍ കൂടുതല്‍ സുരക്ഷിതമാണെന്ന ഇലായസിന്റെ ഉപസംഹാരം ഓര്‍ത്ത് അശ്വിനി ചിരിച്ചു. മോഹന്‍ കൂടെ ഇല്ലാതിരുന്നത് നന്നായി.  ഇല്ലെങ്കില്‍ ഫോര്‍വീല്‍ ഡ്രൈവ് വണ്ടികളെക്കാള്‍ ഫ്രണ്ട് വീല്‍ഡ്രൈവാണ് മഞ്ഞില്‍ നല്ലതെന്നും നിങ്ങളുടേത് ഓള്‍വീല്‍ ആണോ, അതോ ഫോര്‍വീല്‍ ഡ്രൈവാണോ. ഇത് രണ്ടും തമ്മില്‍ വ്യത്യാസമുണ്ട് എന്നൊക്കെ അവിടെ നിന്ന് പത്തു മിനിറ്റില്‍ കുറയാതെ വാദിച്ച് ആ മനുഷ്യനെ നിലംപരിശാക്കിയേനെ. പാവം, ഇലായസ് രക്ഷപ്പെട്ടു.    
 
 ഗ്ലൗസ് ഊരി താക്കോല്‍ തിരഞ്ഞുപിടിച്ച് ഓഫീസ് തുറക്കുമ്പോള്‍ അശ്വിനി വരാനിരിക്കുന്ന വേനലിനെപ്പറ്റി ആലോചിച്ചു. കോട്ടും സ്വെറ്ററും ബൂട്ട്‌സും വേണ്ടാത്ത സമ്മര്‍. പാവാടയും ചെരുപ്പുമിട്ട് നടക്കാവുന്ന സമ്മര്‍. കാറ്റ് പൂക്കളില്‍ തിമിര്‍ക്കുന്ന സമ്മര്‍. കീര്‍ത്തനയെ അവധിയില്‍ മുഴുവനായിക്കിട്ടുന്ന സമ്മര്‍.  
ഫോണില്‍ വോയ്‌സ് മെസേജുണ്ടെന്ന ചുവന്ന അറിയിപ്പിലേക്ക് നോക്കി അവള്‍ കോട്ടൂരി ഹാങ്ങറില്‍ തൂക്കി. കസേരയിലിരുന്ന് മുട്ടോളം എത്തുന്ന ബൂട്ട്‌സിന്റെ സിപ്പറഴിച്ചു ബൂട്ട് ട്രേയില്‍ വെച്ചു. ബൂട്ട്‌സില്‍ നിന്നും അലിയുന്ന മഞ്ഞും ഊറിവരുന്ന വെള്ളവും ട്രേയില്‍ സുരക്ഷിതമായിരിക്കും, നിലത്തുപടര്‍ന്ന് കാര്‍പ്പെറ്റ് വൃത്തികേടാകില്ല. അശ്വിനി ബാഗില്‍ നിന്നും കടുംനീല ഷൂസെടുത്തിട്ടു, ബാഗ് ഭദ്രമായി ഡെസ്‌ക്കിനരികിലെ നീണ്ടലമാരയില്‍വെച്ച്  ജോലിദിവസത്തിനു തയ്യാറായി. ലാപ്‌ടോപ് ഓണാക്കി കഴിഞ്ഞാണ് അശ്വിനി ഫോണിലെ വോയ്‌സ് മെസേജ് കേട്ടത്.  
 
ഒന്‍പതു മണിയുടെ മീറ്റിങ് റദ്ദ് ചെയ്തിരിക്കുന്നു. ഞായറാഴ്ച രാത്രി എത്തേണ്ട വിമാനം മഞ്ഞുകാരണം എത്തിയിട്ടില്ല. ടൊറന്റോ എയര്‍പോര്‍ട്ട് സ്തംഭനാവസ്ഥയിലാണെന്ന് പറയാം.    
ആശ്വാസമാണോ നിരാശയാണോ കൂടുതല്‍ എന്നുറപ്പാക്കാന്‍ മിനക്കെടാതെ അശ്വിനി ഊണുമുറിയിലേക്ക് പോയി. ഒരു കാപ്പിയിലാണ് പ്രവര്‍ത്തിദിവസം തുടങ്ങേണ്ടത്. വീട്ടില്‍നിന്നും എടുത്ത കാപ്പി ഡ്രൈവിങ്ങിനിടയില്‍ തീര്‍ന്നിരുന്നു.    
 
'ഗുഡ് മോര്‍ണിങ് ആഷ്'
'ഗുഡ് മോര്‍ണിങ്'
സുപ്രഭാതങ്ങളുടെയും കുശാലാന്വേഷണങ്ങളുടെയും നിരകടന്ന് കാപ്പി സാമ്രാജ്യത്തില്‍ എത്തുമ്പോള്‍ ഇട്ടിരിക്കുന്ന സൂട്ടിനെ ഓര്‍ത്തും അശ്വിനി നിരാശപ്പെട്ടു.  ഇനി നാളെ പിന്നേം ആദ്യാഭിപ്രായം പിടിക്കാന്‍ ഒരുങ്ങണമല്ലോ!   
 
ഓഫീസില്‍ ജോലിക്കാര്‍ കുറവാണ്. മഞ്ഞിലെ അപകടം പിടിച്ച ഡ്രൈവിങ് ഒഴിവാക്കാന്‍ പലരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. യൂറോപ്പുകാര്‍ വന്നാലേ പുതിയ പ്രോജക്റ്റ് മുന്‍പോട്ടു കൊണ്ടുപോകാന്‍ പറ്റൂ. അശ്വിനിയുടെ മറ്റു ജോലികളൊക്കെ ഈ പ്രധാന പണികാരണം മാറ്റിവെച്ചതാണ്, മറ്റൊന്നിലേക്ക് ശ്രദ്ധ തിരിയാതെ.   
 
പത്തുമണിയോടെ മഞ്ഞുവീഴുന്നത് നിന്നു.  മഞ്ഞിന്റെ വെള്ളലേസിട്ട മരക്കൊമ്പുകള്‍ ആട്ടിയാട്ടി കാറ്റ് അശ്വിനിയെ വിളിച്ചു. 'ബോറടിക്കുന്നില്ലേ,  പുറത്തിറങ്ങി വരൂ. ലഞ്ചു കഴിക്കാന്‍ പോവാം.'
സ്‌കൂളുകളും മറ്റു പല സ്ഥാപനങ്ങളും അടച്ചിരിക്കുന്നതുകൊണ്ട് റോഡില്‍ കാറുകളും ആളുകളും  കുറവായിരുന്നു. പണി തീര്‍ത്ത് നഗരസഭയുടെ മഞ്ഞുകലപ്പകളും, ലോറികളും ഉപ്പു വണ്ടികളും നിരനിരയായി ഗരാജിലേക്ക് പോകുന്നുണ്ട്. റോഡുകളില്‍ നിന്നും നടപ്പുവഴികളില്‍ നിന്നും വാരിക്കൂട്ടിയ മഞ്ഞ് പലയിടത്തും കുന്നായിക്കിടക്കുന്നു. അതില്‍ തട്ടി വെയില്‍ വെളുക്കെ ചിരിച്ചു. തണുപ്പുകാലത്തിന്റെ വെയിലിന് കണ്ണില്‍ കുത്തുന്ന തെളിച്ചമാണ്.    
 
ഭക്ഷണം കഴിഞ്ഞുവന്ന അശ്വിനി ഫയലുകളും റിപ്പോര്‍ട്ടുകളും ഇമെയിലുകളും തട്ടിക്കളിച്ചു സമയം കളഞ്ഞു. വെറുതെ ചീറ്റിപ്പോയ തിങ്കളാഴ്ചയെ ഒന്നുണര്‍ത്താന്‍ വേണ്ടിയാണ് അശ്വിനി ഗേള്‍പവര്‍ ഗ്രൂപ്പിലേക്ക് മെസേജ് അയച്ചത്,'ഷോപ്പിങ്ങിനു കൂടുന്നോ?' 
 
അശ്വിനിയുടെ മെസേജ് കിട്ടിയതും ഗേള്‍പവറില്‍ മറുപടികള്‍ വന്നു കൂടി. മിത്ര, മെറിന്‍, ശാന്തി പതിവുകാരികള്‍.  രണ്ടു മണിക്കൂര്‍ നടന്നു മടുത്തപ്പോള്‍ ഫുഡ്‌കോര്‍ട്ടിലെ കാപ്പിയിലേക്ക് തിരിഞ്ഞു പവര്‍കാരികള്‍. ചുരുളന്‍ മുടി ഒതുക്കിവെക്കാന്‍ ബുദ്ധിമുട്ടി മെറിന്‍ പറഞ്ഞു.  
'കഴിഞ്ഞയാഴ്ച ഞാന്‍ സുംബയ്ക്ക് പോയപ്പോഴുണ്ടല്ലോ, കുറച്ചു പ്രായമുള്ള ഒരു സ്ത്രീ വന്നിട്ടുണ്ടായിരുന്നു. സുംബ ഇന്‍സ്ട്രക്ടര്‍ സ്റ്റെപ്പു മാറ്റാന്‍ കൈകൊട്ടോ തുടയിലടിക്കോ ചെയ്യുമ്പോ അവരും അതുപോലെ കൊട്ടും. ഞാന്‍ ചിരിയടക്കാന്‍ പാടുപെട്ടുപോയി.'  
'അയ്യോ എനിക്കും പറ്റിയിട്ടുണ്ട് അതുപോലെ ഒന്ന്! പള്ളിയില്‍ വെച്ച്.'
ശാന്തി, അവളുടെ മൈക്കിള്‍കോര്‍സ് ബാഗ് കസേരയില്‍ തൂക്കി പള്ളിക്കഥകളില്‍ ഒന്നു പറയാന്‍ തുടങ്ങി. 'ഈ ആരാധനേടെ എടേല് എടക്ക് എടക്ക് കുരിശു വരക്കണ്ടേ? ജേക്കബ് കാണിച്ചു തന്നിട്ടിണ്ട് എങ്ങന്യാ വരക്കെണ്ടേന്ന്. പക്ഷെ എവിടെ എപ്പഴാന്ന് എനിക്കൊരു പിടീം ഇല്ലാട്ടാ. അതോണ്ട് ഞാന്‍ മുന്‍പില് നിന്നിരുന്ന പരമഭക്ത സാലിയാന്റിനെ കോപ്പി ചെയ്തു ഡീസന്റായി ആരാധിക്കേരുന്നു. ആന്റീടെ കൈ അനങ്ങുമ്പോ എന്റെ കുരിശ് റെഡി. പക്ഷെ ഒരു മുന്നറിയിപ്പില്ലാണ്ടെ ആന്റി സാരിടെ തുമ്പു പിടിക്കാന്‍ കൈ പൊക്കിതും ദേ കെടക്കണു എന്റെ വക ഒരു ഫ്രീ കുരിശ്!'    
 
ചിരി, കപ്പില്‍നിന്നും ചൂടു ചായ അശ്വിനിയുടെ ബ്ലൗസിലേക്ക് തെറിപ്പിച്ചു.  കാല്‍വിന്‍ ക്ലെയിനിന്റെ പുന്നാരബ്ലൗസില്‍ ചായപ്പാട് വീഴുന്നതിനുമുമ്പ് തുടച്ചുകളയുമ്പോഴാണ് എന്തോ കൈയില്‍ തടഞ്ഞത്.  ഡ്രയറില്‍ നിന്നും എന്തെങ്കിലും ബ്ലൗസില്‍ പിടിച്ചിരിക്കുന്നോ?
 
അശ്വിനി തുടച്ചു നോക്കി. പിന്നെയും പിന്നെയും അമര്‍ത്തി തുടച്ചുനോക്കി. അത് സ്ഥാനം മാറാതെ അവിടെത്തന്നെയിരുന്നു. 'എന്താണത്?'  
 
ചായ വീണതാണെങ്കിലും സ്വന്തം മുലയില്‍ എത്ര പ്രാവശ്യം ഒരു സ്ത്രീക്ക് തടവാന്‍ പറ്റും? വാഷ്‌റൂമില്‍പോയി പരിശോധിക്കാതെ ഇരിപ്പുറക്കില്ല. അശ്വിനി വാഷ്‌റൂമില്‍ പോകാനെഴുന്നേറ്റപ്പോള്‍ മിത്രയും ഒപ്പം എഴുന്നേറ്റു. അശ്വിനി വാതിലടച്ച് ബ്ലൗസ് തുറന്ന് പതിയെ തടവിനോക്കി. കുരുവായി പുറത്തേക്ക് കാണാനില്ല, പക്ഷേ ഒന്നമര്‍ത്തിയാല്‍ അരിമണി വലിപ്പത്തില്‍ എന്തോ ഉണ്ടെന്നറിയാം. ബ്ലൗസിലെ ചായപ്പാട് വെള്ളം നനച്ച പേപ്പറുകള്‍ കൊണ്ട് വൃത്തിയാക്കി അശ്വിനിയും മിത്രയും മടങ്ങി വരുമ്പോള്‍ മെറിനും ശാന്തിയും ഫാക്ടറി ഔട്ട്‌ലെറ്റ് മാളില്‍ ഷോപ്പിങ്ങിനു പോകുന്നത് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിരുന്നു.   
'സ്പ്രിങ് സെയിലിന് പോവണ്ടേ? വിന്റര്‍ സാധങ്ങള്‍ക്കെല്ലാം നല്ല സെയില്‍ ഉണ്ടാവും.' 
'മാര്‍ച്ച് ഫസ്റ്റ് വീക്ക് നമുക്ക് പോവാട്ടോ.'
പിന്നെയവര്‍ അശ്വിനിയുടെ നഖത്തിന്റെ നിറം ചര്‍ച്ച ചെയ്തു. ഷോപ്പിങ് തീര്‍ത്ത് വീട്ടില്‍ പോവാന്‍ അശ്വിനിക്ക് ധൃതിയായി.   
'മിത്ര, നിന്റെ കോട്ടുവായ എന്നാണ് തീരുന്നത്?' 
'ഈ വീക്കെന്‍ഡില്‍ ഓണ്‍കോള്‍ ആയിരുന്നു. ഇന്നലെ രാത്രി രണ്ടു മണിവരെ ഇരുന്നു ഒരു പ്രോബ്ലം സോള്‍വ് ചെയ്യാന്‍.'  
'പോവാം, നാളെ ജോലിയുള്ളതല്ലേ.'അശ്വിനി കാറിന്റെ താക്കോല്‍ കൈയിലെടുത്തു. ഓരോരുത്തരായി മടിച്ചുമടിച്ച് എഴുന്നേറ്റു. 
 
ഡ്രൈവ് ചെയ്യുമ്പോള്‍ അശ്വിനിയുടെ വിരലുകള്‍ ബ്ലൗസിനുള്ളിലൂടെ വലത്തെ മുലയിലേക്ക് നീണ്ടു. വേണ്ടാന്നു വെച്ചിട്ടും, ട്രാഫിക്ക് ലൈറ്റില്‍ ക്യാമറയുണ്ടാവുമെന്നും, അടുത്ത കാറിലുള്ളവര്‍ കാണുമെന്നും സ്വയം ഭീഷണിപ്പെടുത്തിയിട്ടും. 
 
അശ്വിനി വീട്ടിലെത്തുമ്പോള്‍ മോഹന്‍ ഓഫീസ് മുറിയില്‍ തകര്‍ത്ത പണിയിലായിരുന്നു.  
വീട്ടിലെ കുളിമുറിയുടെ കാവലില്‍ ആന്‍ ക്ലെയിനിനെയും കാല്‍വില്‍ ക്ലെയിനിനെയും പറിച്ചെറിഞ്ഞ് അശ്വിനി പരിശോധകയായി. അമര്‍ത്തുമ്പോള്‍ തടിപ്പൊരു പൊടിപ്പായിട്ട് കണ്ണാടിയില്‍ കാണാം. ടവ്വലെടുത്ത് വിയര്‍പ്പ് തുടച്ചുകൊണ്ട് അവള്‍ സാവധാനത്തില്‍ ടബ്ബിന്റെ അരികിലിരുന്നു. കൈവിരലുകള്‍ കൊണ്ട് രണ്ട് മുലകളിലും അവള്‍ അമര്‍ത്തിനോക്കി. 
 
ചിലപ്പോള്‍ വെറും തോന്നലാവും. ഒന്നും ഉണ്ടാവണമെന്നില്ല.  സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിച്ച് അശ്വിനി കീര്‍ത്തനയുടെ മെസേജുകള്‍ നോക്കി. വെള്ളിയാഴ്ച വീട്ടിലേക്ക് വരാനുള്ള പുറപ്പാടിലാണ് കീര്‍ത്തന.  
'ഇന്നത്തെ സ്‌നോഡേ വ്യാഴാഴ്ച ആയിരുന്നെങ്കില്‍ എനിക്ക് വീട്ടില്‍ ഒരു ദിവസം കൂടി നില്‍ക്കാമായിരുന്നു.'  കീര്‍ത്തന പരിഭവിക്കുന്നു.  
'ശരിയാണ്. ഒരു സ്‌നോഡേ കൂടി ഓര്‍ഡര്‍ ചെയ്യ് പെണ്ണേ.' 
പരിഭ്രമങ്ങള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ച് അശ്വിനി മെസേജയച്ചു. 
മമ്മൂസ് be nice to your one and only!  
കീര്‍ത്തനയ്ക്ക് ഉമ്മയും ശുഭരാത്രിയും എഴുതിയൊപ്പിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍വെച്ച് അശ്വിനി കിടന്നു.  മുഴയാണോ തോന്നലാണോ?  
'ഒന്നുമുണ്ടാവില്ല. ഒരു മുഖക്കുരുവിന്റെ വലിപ്പം പോലുമില്ല. നാളെ ഫാമിലി ഡോക്ടറെ വിളിക്കാം. അവര് തീരുമാനിക്കട്ടെ!'
അശ്വിനി തലച്ചോറിനെ ശാസിച്ച് ഉറങ്ങാന്‍ ഓര്‍ഡര്‍ കൊടുത്ത് കംഫര്‍ട്ടര്‍ മുഖത്തോളം പുതച്ചു. മോഹന്റെ വരവിനു ചെവിയോര്‍ത്ത് കിടക്കുമ്പോള്‍ കാറ്റ് ജനലില്‍ തട്ടിത്തട്ടി വിളിച്ചുകൊണ്ടിരുന്നു. മോഹന്‍ വരാന്‍ വൈകി.     
അങ്ങനെയായിരുന്നു, ഒരു തിങ്കളാഴ്ചയില്‍ തുടങ്ങിയതായിരുന്നു. ഒരു തമാശയില്‍. 
 
 
Content Highlights: Novel Manjil Oruval By Nirmala