High as a kite

മടിയൻ ടി.വിയുടെ കൂട്ടുവിട്ടു എന്തെങ്കിലും വായിക്കുവാൻ റാണ അശ്വനിയെ ശാസിച്ചു. അതിനാണ് കുട്ടിമേശയിൽ കമഴ്ന്നിരിക്കുന്ന റോബിൻ ശർമ്മയെ അശ്വിനി വീണ്ടും കൂട്ടുപിടിച്ചതു. കാനഡക്കാരനായ ശർമ്മ നേതൃസ്ഥാനത്തിലേക്കുള്ള വഴികൾ കൃത്യമായി അടയാളപ്പെടുത്തി കൊടുക്കുന്ന വിദഗ്ദ്ധനാണ്. The Monk Who Sold His Ferrari എന്ന പുസ്തകത്തിലൂടെ ജനശ്രദ്ധനേടിയ റോബിൻ ശർമ്മ പ്രചോദന പ്രസംഗങ്ങൾ നടത്തുകയും ജീവിത വിജയത്തിനു സഹായിക്കുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. അറുപതു ലക്ഷം കോപ്പികൾ വിറ്റ ഞാൻ മരിക്കുമ്പോൾ ആരൊക്കെ കരയും എന്ന ശർമ്മയുടെ പുസ്തകത്തിലേക്ക് അശ്വിനി നീർക്കാങ്കുഴിയിട്ടു.
If you sleep seven hours a night and work eight hours every day, you still have more than sixty - three hours of free time every week to do all the things you want to do. This amount to 252 hours every month and 3,024 hours every single year to spend on life's pursuits.
അപ്പോൾ, തിന്നേണ്ടേ? തൂറണ്ടേ? കുളിക്കണ്ടേ? നനയ്ക്കേണ്ടേ? സോഷ്യൽബീയിംഗ് ആവേണ്ടേ ശർമ്മേ? അശ്വിനി പുസ്തത്തിന്റെ പുറം ചട്ടയോടു ചോദിച്ചു. എട്ടു മണിക്കൂർ ജോലിസമയം എന്നാൽ ബാക്കിയുള്ള സമയം മുഴവൻ ആർക്കാണ് സ്വന്തമായി കിട്ടുന്നത്? എട്ടു മണിക്കൂറാണ് ജോലി സമയമെങ്കിൽ, അതിനു വേണ്ടിയുള്ള ഒരുക്കം, യാത്ര എല്ലാമായിട്ട് പന്ത്രണ്ടു മണിക്കൂർ ചിലവാക്കണം.
''എന്തു നോൺസെൻസാണിത്!''
അശ്വിനി വീണ്ടും റോബിൻ ശർമ്മയെ മേശക്കടിയിലേക്ക് തിരുകി. പിന്നെ പത്രത്തിലേക്ക് കമഴ്ന്നു കിടന്നു. വാർത്തകൾ ടി.വി.യിലും റേഡിയോയിലും കൂടിമാത്രം അറിഞ്ഞിരുന്ന അശ്വിനിക്കിപ്പോൾ സമയമെടുത്ത് പത്രം വായിക്കാൻ സമയമുണ്ട്.

പത്രത്തിലെ മരണപ്പേജ് മുഴുവനും വായിച്ചു പഠിച്ചു അവൾ. വിഞ്ചെൻസോയുടെ ബന്ധുക്കളുടെ നിര ഒരു കോളം നിറയുന്നത്രയും ഉണ്ടായിരുന്നു. അൻപതു വർഷത്തെ ഭാര്യ, മൂന്നു മക്കൾ, പതിനൊന്നു പേരക്കുട്ടികൾ, നാലു സഹോദരങ്ങൾ, ഇവരുടെയെല്ലാം പേരുകളും അടയാളങ്ങളുമുണ്ട്. പിന്നെയും മരുമക്കളും, ബന്ധുക്കളുമായി എഴുപത്തിയഞ്ച് വര്ഷം കൊണ്ടുള്ള നേട്ടങ്ങൾ നിരന്നു കിടന്നു. വിഞ്ചെൻസോ ഇറ്റാലിയൻ പേരാണ്. നഗരം പണിതത് അവരാണെന്നു പറയാം. മരണ വാർത്തയിൽ ജുറവ്ൻസ്കിയെപ്പറ്റി പറഞ്ഞിട്ടുണ്ടെങ്കിൽ, അവിടെ വെച്ച് മരിച്ചെന്നോ, അവിടുത്തെ ഡോക്ടർമ്മാർക്കും നേഴ്സുമാർക്കും നന്ദിയെന്നോ കണ്ടാൽ, മരണ കാരണം വ്യക്തമാണ്. അത് ക്യാൻസർ ആശുപത്രിയാണ്.

അപ്രതീക്ഷിതമായി, പെട്ടെന്നുള്ള വിയോഗം അതൊന്നും അശ്വിനിക്ക് ഇഷ്ടപ്പെടാറില്ല.
കാരണം...? കാരണം...
എങ്ങനെ?
എത്ര വയസ്സ്?
കുട്ടികൾ?
അശ്വിനിയുടെ കണ്ണുകൾ വയസ്സിലാണ് ഉറയ്ക്കുന്നത്. അറുപത്തിയൊമ്പത്, നാൽപ്പത്തിയെട്ട്, ഇരുപത്തി മൂന്ന്...ഇരുപത്തി മൂന്ന്? അത് അന്യായമാണെന്നു ദൈവത്തിനോടു വാദിച്ചു അശ്വിനിയതു വീണ്ടും വീണ്ടും വായിച്ചു നോക്കും. തൊണ്ണൂറ്റിമൂന്നുകാരിയായ ഷേർളി മേരി പെട്ടെന്നുപോയി എന്നായിരുന്നു എഴുതിയിരുന്നത്. മക്കളുടെ പേരു വിവരണങ്ങളില്ല. തൊണ്ണൂറ്റിമൂന്നു വർഷം കൊണ്ട് ഒരു പടം പോലും പ്രദർശിപ്പിക്കാതെ ഷേർളി മേരി പെട്ടെന്നു പൊയ്ക്കളഞ്ഞു! വായന മതിയാക്കി അശ്വിനി പത്രം മടക്കി റീസൈക്കിളിംഗിനു കൊടുത്തു.

കാൻസറുമായുള്ള നീണ്ട അങ്കത്തിനൊടുക്കം അല്ലെങ്കിൽ ധീരപോരാട്ടത്തിനു ശേഷം... എന്തായിരിക്കും എഴുതേണ്ടതെന്നു അശ്വിനി ആലോചിച്ചു നോക്കി. എന്തായാലും ശീതകാലത്തു മരിക്കേണ്ട എന്നവൾ തീരുമാനിച്ചു. ''ഈ ഒടുക്കത്തെ വിന്ററിൽ മരിക്കുന്നത് ഭാഗ്യം കെട്ട മരണമായിരിക്കും റാണ. ശവദാഹത്തിനു വരുന്നവർ തണുപ്പ് തണുപ്പെന്നു പിറുപിറുത്തായിരിക്കും വരുന്നത്.'' ''സമ്മറിൽ ഏതെങ്കിലും കല്യാണം അല്ലെങ്കിൽ ആഘോഷം അലങ്കോലപ്പെടുത്താണോ? കാത്തു കാത്തിരുന്നു കിട്ടുന്ന കുറച്ച് ആഴ്ചകളല്ലേ ഉള്ളൂ സമ്മറിനു? '
റാണക്ക് മഞ്ഞുകാലത്ത് മരിച്ചാൽ മതിയെന്ന് പറഞ്ഞു. ബോറടിച്ചിരിക്കുന്ന മനുഷ്യർക്ക് ഒരു നേരമ്പോക്ക് ആവട്ടെ.
''ആളുകള് എന്റെ കാര്യം തന്നെ മറന്നു പോകും റാണ. അവർ തണുപ്പിനെപ്പറ്റി മാത്രം പറഞ്ഞു കൊണ്ടിരിക്കും. എങ്ങനേങ്കിലും പണ്ടാരം തീർന്നാൽ മതീന്നു മാത്രമേ ആലോചിക്കൂ. എന്നെപ്പറ്റി ആരും ഓർക്കില്ല.''
അശ്വിനി പറഞ്ഞു നിർത്തി.

ഫേസ്ബുക്കിൽ അശ്വിനിയിട്ട വയലറ്റ് ക്ലമാറ്റിസ് പൂവുകൾക്കു ചുറ്റും ലൈക്ക്കളുടെയും കമന്റുകളുടെയും തിരക്കായി.
-ഹാവൂ കൊള്ളാല്ലോ! എല്ലാ കമന്റുകൾക്കും അശ്വിനി മറുപടികൊടുത്തു. നേരിട്ട് പരിചയമില്ലാത്തവരുടെ സ്നേഹം കെട്ടിപ്പിടുത്തം ഒക്കെകണ്ടപ്പോ ആശ്വിനിക്ക് ചെറിയൊരു ശ്വാസംമുട്ടൽ തോന്നി. അശ്വിനി അവരുടെ പ്രൊഫൈലുകൾ നോക്കി. ഒരാൾ സിംഗപ്പൂരിൽ നിന്നാണ് കെട്ടിപ്പിടിച്ചിരിക്കുന്നത്. ഒരു ഹൃദയസ്നേഹം വന്നിരിക്കുന്നത് ജർമ്മനിയിൽ നിന്നും.

ശാന്തിയുടെ പേജിലെ ഫോട്ടോ പെട്ടെന്നാണ് അശ്വിനിയുടെ മുന്നിലേക്ക് വീണത്. ശാന്തിയും മിത്രയും മെറിനും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടയിൽ എടുത്ത പടം. വൈൻഗ്ലാസുകൾ കാണാം മേശപ്പുറത്ത്. Shopping is exhausting എന്ന അടിക്കുറിപ്പിൽ കണ്ണുറപ്പിച്ചു അശ്വിനിയിരുന്നു. എവിടെയായിരിക്കും ഇത്? ഫോട്ടോ വലുതാക്കി നോക്കിയപ്പോൾ അമേരിക്കയാണെന്നു അശ്വിനിക്കു മനസ്സിലായി. കാനഡ-യു.എസ്സ്.എ. അതിർത്തിയിലേക്ക് രണ്ടുമണിക്കൂർ ദൂരമേയുള്ളൂ. അതിർത്തി കടന്നാലുടൻ കാനഡക്കാരെ ആകർഷിക്കാനായി ഔട്ട്ലെറ്റ് മാളുകൾ ആദായവില്പന പരസ്യപ്പെടുത്തി നിൽക്കുന്നുണ്ട്. കാനഡയെക്കാൾ സാധനങ്ങൾക്ക് വിലക്കുറവു അമേരിക്കയിലാണ്. പ്രത്യേകിച്ച് ഷൂസും, തുണിത്തരങ്ങളും, ബാഗുകളും വാങ്ങാനായി ഇടയ്ക്കിടെ ഉള്ളതാണ് ഗേൾ-പവർകാരികളുടെ ഈ അമേരിക്കൻ ഷോപ്പിംഗ്. ജോലിക്കു പോകാതെയിരിക്കുന്ന രോഗിക്ക് എന്തിനാണ് ഷൂസും, ബാഗും, തുണിത്തരങ്ങളും!
''എന്നാലും അവർക്ക് പറയാമായിരുന്നില്ലേ? കുശലമെങ്കിലും!''

അശ്വിനി റാണയോടാണ് സങ്കടം പറഞ്ഞത്. അശ്വിനിയെ ഫേസ്ബുക്കിൽ അവർ പ്രതീക്ഷിച്ചിരിക്കില്ല. അശ്വിനി ലൈക്ക് ഇട്ടവരുടെയെല്ലാം ഭിത്തി തിരഞ്ഞു പിടിച്ചു തിരിച്ചു ലൈക്ക് കൊടുത്തു. അങ്ങോട്ട് കൊടുത്താലേ ഇനിയും ലൈക്കുകൾ കിട്ടൂ. ഇതൊക്കെ ഫേസ്ബുക്ക് പാഠങ്ങളാണ്. സൗഹൃദം ചോദിച്ചു വന്നവരെയെല്ലാം അശ്വിനി സ്വീകരിച്ചു. ഇഷ്ടപ്പെട്ട കുറച്ചു പേർക്ക് അങ്ങോട്ടു അപേക്ഷ അയച്ചു. സിംഗപ്പൂരുകാരിക്ക് കെട്ടിപ്പിടുത്തവും ഒരു ഹൃദയവും മറുപടി. ജർമ്മനിക്ക് ഒരു സ്വകാര്യ സന്ദേശമയച്ചു. ഓ, സ്നേഹത്തിനു നന്ദി!
ഫേസ്ബുക്ക് പണികൾ കഴിഞ്ഞപ്പോൾ അശ്വിനി വിദ്യയെ വിളിച്ചു.
''ഇന്ന് ജോലിയില്ലേ വിദ്യേ?''
''അവധിയാണ് അശ്വിനി.''
''എന്തേ, കുട്ടികളേം കൊണ്ട് അപ്പോയിന്റ്മെന്റ് എന്തെന്കിലുമാണോ?''
''ഏയ്, ഇല്യ. ഒരു മൂഡില്ലാത്തോണ്ട്..... പോയില്ല''
''ന്നാല് വേഗം വായോ. ഇന്നലെ തുറന്ന ഒരു കുപ്പി വൈൻ തീർക്കാനുണ്ട്.''
''ഉം. വേണ്ടടോ. പുറത്തേക്ക് ഇറങ്ങാൻ തോന്നുന്നില്ല.''
''അതോണ്ട് തന്നെയാ വരേണ്ടത്. ഞാൻ ഇവിടെയിരുന്നു മടുത്തു വിദ്യ. പിന്നെ വൈനൊക്കെ വേസ്റ്റു ചെയ്യുന്നത് പാപമല്ലേ. വേഗം വായോ.''

വിദ്യ വൈൻ കുടിക്കുന്നത് കണ്ടാസ്വദിച്ച് അശ്വിനിയിരുന്നു. അൽപസമയം കവിൾ നിറച്ചു നിർത്തി, പിന്നെ സാവധാനത്തിൽ ഇറക്കി. വൈൻ വാങ്ങിയ ഓർമ്മ ലഹരിപോലെ അശ്വിനി നുണഞ്ഞു വിദ്യയുടെ ഇരിപ്പുകണ്ടാലറിയാം എന്തോ ശരിയല്ലെന്ന്. കടം ചോദിക്കാൻ വരുന്നവന്റെ ഒരു പരുങ്ങലുണ്ട് ആകപ്പാടെ. എന്തായിരിക്കും വിദ്യയെക്കൊണ്ട് അവധിയെടുപ്പിച്ചത്? നാപ്കിൻ മടക്കിയും നിവർത്തിയും വിദ്യ പൊള്ള വർത്തമാനം തുടരുകയാണ്. ക്ഷമകെട്ട് അശ്വിനി ആ ചോദ്യം ചോദിച്ചു.
''എന്തണ് വിദ്യ? എന്തു പറ്റി? എന്തു പൊതി തോറക്കാനാണീ പാടുപെടണത്? '
വിദ്യയുടെ നോട്ടം, അത്രയും ദയനീയമായ ഒരു നോട്ടം അശ്വിനി ജീവിതത്തിൽ അതേവരെ കണ്ടിട്ടില്ല.
''ജീവിതത്തിന്റെ വമ്പൻ പ്രശ്നങ്ങൾക്കുള്ള മറുപടിയൊന്നും എന്റെ കൈയില്ല. ആരുടെ കൈയിലും ഉണ്ടാവില്ല. പിന്നെ എന്താണെങ്കിലും പറഞ്ഞു കഴിയുമ്പോ ഒരാശ്വാസം കിട്ടും. മറ്റൊരാളോടും പറയില്ലാന്നു ഞാൻ ഉറപ്പു തരാം. കീർത്തനെയാണെ സത്യം. പറഞ്ഞോളൂ.''

പെട്ടുപോയ വിഷമവൃത്തം വരയ്ക്കുന്നതിനു പകരം വിദ്യ എങ്ങലടിക്കാൻ തുടങ്ങി. ഉപന്യാസക്കാരി അശ്വിനിയുടെ നാവ് ആ നേരത്ത് പുറപ്പെട്ടു പോയി. ക്ലീനെകസ് അരികിലേക്ക് നീക്കി വെച്ച് അശ്വിനി വിദ്യയുടെ തോളിൽ കൈവെച്ച് തന്നോടു ചേർത്തു. വിദ്യ പൊട്ടിക്കരഞ്ഞപ്പോൾ ആശ്വാസം തോന്നിയത് അശ്വിനിക്കാണ്. പിന്നെ ശാന്തമായ സ്വരത്തിൽ അവൾ പറഞ്ഞു.
''It's ok hnZy.. it's ok'
'No, no... it's NOT OK! '
ഉറച്ച ശബ്ദത്തിലാണ് വിദ്യ പറഞ്ഞത്. വിദ്യയുടെ സമനില തെറ്റിയതു പോലെ ആയിരുന്നു. ചോദ്യങ്ങൾകൊണ്ടു ശ്വാസംമുട്ടിക്കാതെ അശ്വിനി അവളുടെ കൈയിൽ മെല്ലെ തലോടി. സ്കൈലർ അവൾക്കു വേണ്ടി ചെയ്തുപോലെ.
''അശ്വിനി, പ്രദീപിനെ കൊന്നത് ഞാനാണ്! '
ഹൂഷ്ശ്... എന്തോന്ന്?! അശ്വിനി ആ പ്രതികരണം ഉള്ളിലടക്കി.
ഉറക്കം തൂങ്ങി ട്രക്കിന്റെ മുന്നിലേക്ക് കാറൊഴികിപ്പോയെന്നത് എങ്ങനെ കഥയാവും!
''എന്തുന്നാണീപ്പറേണ വിദ്യ? ആക്സിഡന്റ ആയിരുന്നില്ലേ. ജെറ്റ്ലാഗ് കൊണ്ട് പ്രദീപ് ഒറങ്ങിപ്പോയതല്ലേ!''

അവർ ഇന്ത്യയിൽ നിന്നും മടങ്ങിവന്നത് ശനിയാഴ്ചയായിരുന്നു. കേരളത്തിൽ പോകുന്ന അവധി വിശ്രമത്തിനുള്ളതേയല്ല. തിരക്കുകളുടെ വേലിയേറ്റം, പരാതികളുടെ കുടമാറ്റം, വിശ്രമമില്ലായ്മയുടെ പര്യായം. അതിനു പുറത്ത് അമേരിക്കയിലെ രാത്രി ഇന്ത്യയിലെ പകലും, ഇന്ത്യയിലെ പകൽ അമേരിക്കയിൽ രാത്രിയുമാവുന്നതിന്റെ ഉറക്കക്ഷീണം. ഇതൊക്കെ കൂട്ടിക്കുഴച്ച് തിങ്കളാഴ്ച രാവിലെ ജോലിക്കു പോകുമ്പോഴാണ് പ്രദീപിനു അപകടം ഉണ്ടാകുന്നത്. ട്രാഫിക് ലൈറ്റ് പച്ചയായിട്ടും കാറു പോകാത്തതു കൊണ്ട് പിന്നിലുള്ളയാൾ ഹോണടിച്ചു. അപ്പോൾ തൊട്ടടുത്ത വണ്ടിയിലെ ഡ്രൈവർ കണ്ടതാണ് ഞെട്ടി ഉണരുന്ന പ്രദീപിനെ. ട്രാഫിക് ലൈറ്റിലെ ക്യാമറയിലും അവ്യക്തമായി കാണാം മയക്കത്തിൽ ചരിയുന്ന തലയും കാർഹോണിൽ ഞെട്ടി ഉയരുന്ന തലയും. പിന്നാലെ ചെന്ന് റോഡിൽനിന്നും മാറി ഉറങ്ങാൻ പറയാൻ അടുത്ത കാറിലെ ഡ്രൈവർ ശ്രമിച്ചതാണ്. പക്ഷെ പ്രദീപ് വളരെ വേഗത്തിൽ ഹൈ വേയിലേക്ക് ഒഴുകിയിറങ്ങി എന്നാണയാൾ സാക്ഷ്യപ്പെടുത്തിയത്.
അവധികഴിഞ്ഞു വന്നാൽ ഇന്ത്യയിലെ രാത്രിയിൽ നിന്നും കാനഡയിലെ പകലിലേക്ക് തലച്ചോറിനെ മാറ്റിയെടുക്കാൻ ദിവസങ്ങളെടുക്കും. ചില നേരത്ത് പിടിച്ചാൽ കിട്ടാത്ത ഉറക്കത്തിലേക്ക് പോവുന്നത് എല്ലാവർക്കും അറിയാവുന്നതാണ്. പിന്നെ എങ്ങനെയാണ് വിദ്യ തന്റെ ഭർത്താവിനെ കൊല്ലുന്നത്! വിദ്യ ആയിരുന്നുവോ ട്രക്കോടിച്ചിരുന്നത്? മൂക്കുചീറ്റി ക്ലീനക്സ് ഗാർബേജിലിട്ട് വിദ്യ ഇതിവൃത്തത്തിലേക്ക് കടന്നു.

സാധാരണ ഭാര്യമാരുടെ കഥകൾ പോലെ പ്രദീപ് നല്ലവനല്ലാത്ത ഒരു ഭാർത്താവാണെന്ന കൗതുകം ജനിപ്പിക്കാത്ത തുടക്കം അശ്വിനി ക്ഷമയോടെ കേട്ടിരുന്നു. കേൾക്കും തോറും കേൾക്കുന്നത് ശരിയോ എന്നൊരു നടുക്കവും അശ്വിനിക്കുണ്ടായി.
പ്രദീപ് ഗേ ആണെന്ന് വിദ്യ സംശയിക്കുന്നു. കല്യാണം മുതലേ സെക്സിൽ താല്പര്യം ഇല്ല. ചങ്ങാതിമാരാണ് പ്രധാനം. കഷ്ടിമുഷ്ടി ഞെങ്ങിഞ്ഞെരിഞ്ഞു രണ്ടു കുട്ടികളായി. കുട്ടികൾ ഇപ്പൊ വേണ്ട, പിന്നെ എന്നൊക്കെയൊരു ലൈനായിരുന്നു തുടക്കത്തിൽ. അത്യാവശ്യകാര്യങ്ങൾ പറഞ്ഞ് ഒപ്പിക്കാൻ ബുദ്ധിമുട്ടുള്ള വിദ്യ വിഷമിച്ചാണ് കുട്ടികളാക്കിയത്. ഒരേസമയം ഉറങ്ങാൻപോകാതിരിക്കാൻ പ്രദീപ് പല പല കാരണങ്ങൾ കണ്ടു പിടിക്കും. വിദ്യ ഉറങ്ങീന്നു ഉറപ്പായാലെ കിടക്കാൻ ചെല്ലൂ. വിദ്യയെ തൊടാതെയാണ് കിടപ്പ്. അറിയാതെ പോലും തൊടാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നും. വീട്ടുകാര്യവും പ്രശ്നങ്ങളും എല്ലാം പങ്കിടുന്നത് ചങ്ങാതിമാരുമായിട്ടാണ്. നാട്ടിൽ ചെന്നിട്ടും പഴയ കൂട്ടുകാരുമായി ചുറ്റിക്കറക്കം തന്നെയായിരുന്നു പ്രധാനം.

അന്ന് കാലത്തെ, ജെറ്റ്ലാഗ് കാരണം നേരത്തെ അവർ ഉണർന്നു. നാട്ടിൽ നിന്നും കൊണ്ടുവന്ന ബ്രൂ ഇട്ടു വിദ്യ ഉണ്ടാക്കിയ കാപ്പിയും കുടിച്ച് പ്രദീപ് ബെയ്സ്മെന്റിൽ പോയിരുന്നു നാട്ടിലുള്ള ആരോടോ വർത്തമാനം പറഞ്ഞു. ഇക്കിളി കൂട്ടിയ ആ ചിരികേൾക്കുമ്പോ കലി കയറുമെന്നു വിദ്യ പല്ലുകടിച്ചുകൊണ്ടു പറഞ്ഞു. . ബെയ്സ്മെന്റിന്നു കേറിവന്ന പ്രദീപും അടുക്കളെന്നു ശടെന്നു നടന്നു വന്ന വിദ്യേം കൂട്ടിയിടിക്കാൻ പോയപ്പോ അങ്ങേരു വേഗം മാറിക്കളഞ്ഞു.
''എങ്ങാനും തൊട്ടു പോയാലാ!'' ഇരുപതു കൊല്ലത്തിന്റെ അടപ്പു ഠപ്പേന്നു തൊറന്നു വിദ്യ കൂക്കിവിളിച്ചു.
''താൻ ആണാന്നൊ? ഭാര്യേ തൊടുന്നത് പേടിയാണെങ്കി പോയി ചത്തു തൊലയ്. വെറുതെ എന്റെ ജീവിതം കളയാതെ!''
ദേഷ്യം തീരാൻ കൈയില് കിട്ടിയതൊക്കെ വിദ്യ എറിഞ്ഞു പൊട്ടിച്ചു നോക്കി. പ്രദീപു ഫ്രീസായി. മിണ്ടാട്ടമില്ല. വിദ്യയുടെ മുഖത്തേക്കു പോലും നോക്കിയില്ല. അയാൾ കുളിച്ചൊരുങ്ങി ജോലിക്കുപോയി, സാധാരണയിലും നേരത്തെ. പോവ്വാണെന്നു പറയാതെ.

വിദ്യ അന്തരീക്ഷത്തിൽ നോക്കി കുറെനേരം ഇരുന്നു. പിന്നെ അടുക്കള വൃത്തിയാക്കി, പൊട്ടിച്ചു നിരത്തിയതൊക്കെ അടിച്ചുവാരിക്കളഞ്ഞു. ഭാവി മാറ്റിയെഴുതാൻ വിദ്യ വക്കീലിനെ ഫോൺഡയറക്ടറിയിൽ തിരയുമ്പോഴാണ് വാതില്ക്കൽ ആരോ മണിയടിച്ചത്. രണ്ടു പോലീസുകാർ. തൊപ്പിയൂരി ആദരവോടെ അകത്തു കയറിവന്ന് പ്രദീപിന്റെ മരണ വാർത്ത പറഞ്ഞപ്പോൾ വിദ്യ കരുതിയത് പ്രദീപ് ആത്മഹത്യ ചെയ്തു അതിനു അവളെ അറസ്റ്റു ചെയ്യാൻ വന്നതാണെന്നാണ്.

വിദ്യ കുഴഞ്ഞു വീണു. പോലീസുകാർ ആംബുലൻസ് വരുത്തി, കുട്ടികളെ വിവരം അറിയിച്ചു, അടുത്ത സുഹൃത്തുക്കളെ കണ്ടു പിടിച്ചു....
കഥയുടെ ആ ഭാഗങ്ങളൊക്കെ മലയാളികളുടെയിടയിൽ കൈമാറിയാണ്. വിദ്യ എങ്ങനെ മോഹാലസ്യപ്പെടാതെയിരിക്കും? അവധികഴിഞ്ഞ് സന്തോഷത്തോടെ വന്നതല്ലേ, ആദ്യ ദിവസം ജോലിക്കു പോയതല്ലേ? പാവം വിദ്യ. ഒറ്റക്ക് ഒന്നും ചെയ്തു ശീലമില്ലാത്ത വിദ്യ. എത്ര ക്വിന്റൽ സഹതാപം ആവഴി ഒഴുകീ. പക്ഷേ, സത്യം കേട്ടു കഴിഞ്ഞപ്പോ അശ്വിനി സ്തംഭിച്ചു പോയെന്നതാണു സത്യം. ഒരു ഉത്തമ ദാമ്പത്യം മാത്രമല്ല അശ്വിനിക്ക് മുന്നിൽ രൂപാന്തരപ്പെട്ടത്.

വിദ്യ ഒരു ഉത്തരം പ്രതീക്ഷിച്ച് അശ്വിനിയെ നോക്കി. ''സത്യത്തിൽ പ്രദീപു മരിച്ചു പോയിരുന്നെങ്കിലെന്നു എനിക്കന്നു തോന്നി അശ്വിനി! ഡൈവോഴ്സൊക്കെ ഓർത്തപ്പോ പേടിയായി. ആ സമയത്തായിരിക്കും പ്രദീപു മരിച്ചത്.'' വിദ്യ അപ്പോൾ കരയുന്നുണ്ടായിരുന്നില്ല. അന്നും പ്രേതത്തെ കണ്ടപോലെ വിളറി പരിഭ്രമിച്ചിരുന്ന വിദ്യ ഒന്നു കരഞ്ഞിരുന്നെങ്കിലെന്നു എല്ലാവരും പറഞ്ഞിരുന്നു.
''ഇന്ന് പ്രദീപിന്റെ പിറന്നാളാണ്.'' അശ്വിനിയ്ടെ നാവ് പിന്നെയും നാടുവിട്ടു പോയ്ക്കളഞ്ഞു. ''അശ്വിനിക്കും എന്നോടിപ്പോ ദേഷ്യം ആയിരിക്കും അല്ലേ?'' ''ഞാൻ എന്തിനു ദേഷ്യം പിടിക്കണം? വല്ലാത്തൊരു ഷോക്ക് വിദ്യ. പ്രദീപിനു ഇങ്ങനെ ഒരു വശം ഉള്ളത് അറിയില്ലായിരുന്നു. നട്ടെല്ലില്ലാത്ത മനുഷ്യൻ!'' ''എന്നാലും ഞാൻ അയാളെ കൊല്ലാൻ പാടില്ലായിരുന്നു''
ഇപ്പോൾ അശ്വിനി ചിരിക്കുക തന്നെ ചെയ്തു. ''എന്താ പറഞ്ഞേ, വിദ്യ കൊന്നെന്നോ! അതൊന്നും അത്ര എളുപ്പമല്ല. എങ്കി ഇപ്പൊ എത്ര തവണ ലോട്ടറി അടിച്ചേനെ. ദേഷ്യം വരുമ്പോ നമ്മളു പലതും പറയും. അതൊന്നും ശരിയാവാറില്ല.'' അരലിറ്റർ വൈനും കുടിച്ചു തീർന്നപ്പോൾ വിദ്യയുടെ ചുണ്ടിൽ ചെറിയൊരു ചിരി വിരിയാൻ തുടങ്ങി. ''ഒരു സത്യം പറയട്ടേ, അശ്വിനി. ഒറ്റപ്പെട്ടെന്നു എനിക്കു തോന്നാറില്ല. സത്യത്തിൽ പ്രദീപുള്ളപ്പോഴാണ് കൂടുതൽ ലോൺലിയായി തോന്നിയിരുന്നത്.''

വിദ്യ അശ്വിനിക്കു നന്ദി പറഞ്ഞു. ജീവിതത്തിൽ ആദ്യമായിട്ടാണ് മനസ്സ് തുറന്നു ഒരാളോടു സംസാരിക്കുന്നത് എന്നു വിദ്യ ഏറ്റു പറഞ്ഞു. അച്ഛൻ മരിച്ചിട്ടു വളരെ ബുദ്ധിമുട്ടിയാണ് അമ്മ വിദ്യയെ പഠിപ്പിച്ചു കല്യാണം നടത്തി അയച്ചത്. ആ അമ്മയോടു സുഖമാണെന്നും ജീവിതം സന്തോഷമാണെന്നും വിദ്യ പതിവായി പറഞ്ഞു. അമ്മ കേൾക്കാനാഗ്രഹിച്ചതു മാത്രം ആ മകൾ പറഞ്ഞു. അങ്ങനെയാണ് വിജനമായിപ്പോയ അശ്വിനിയുടെ സൗഹൃദ ലോകത്തേക്ക് വിദ്യ നടന്നു കയറിയത്.

ഒറ്റപ്പെട്ട ജീവിതം എങ്ങനെയിരിക്കുമെന്ന് ഇതേവരെ അശ്വിനി ആലോചിച്ചിരുന്നില്ല. എന്നും ഇപ്പോഴും ചുറ്റും ആളുകളായിരുന്നു. ആളുകളെ ഒന്നൊഴിവാക്കിയിട്ടു കുറച്ചു നേരം വെറുതെയിരിക്കാൻ കൊതിയായിരുന്നു അശ്വിനിക്ക്. വാർധ്യക്യത്തിനു വേണ്ടി എന്താണ് അശ്വിനി സമ്പദിച്ചിട്ടുള്ളത്? വാർധക്യ ഫണ്ടിലേക്ക് കൃത്യമായി പണം അടക്കുന്നുണ്ട്. അറുപത്തിയഞ്ചു വയസു മുതൽ പെൻഷൻ വാങ്ങി ജീവിക്കാം. അമ്മയുടെ അത്രയും ഊക്ക് പോലും ഇല്ലാത്ത മധ്യവയസ്ക അറുപതും എഴുപതും എങ്ങനെ കടത്തി വിടും? ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് പോവാൻ ആരോഗ്യമില്ലാതെ, ഏന്തിയും വലിഞ്ഞും ജീവശ്വാസം കൊണ്ടുനടക്കുന്നതിൽ എന്തുകാര്യം. അന്ന് ആരുണ്ടാവും അശ്വിനിക്ക്? ഏതെങ്കിലും വൃദ്ധസദനത്തിൽ കീർത്തനയുടെ സന്ദർശനവും കാത്ത് കാത്തൊരു ജീവിതമാണോ അശ്വിനിയുടെ ഭാവി? സ്വയമുണ്ടാക്കിയ ചോദ്യപ്പേപ്പർ അശ്വിനിയെ ഭയപ്പെടുത്തി.

മോഹന് അപ്പോഴും കൂടെ ഉണ്ടാവുമോ? മോഹൻ മെച്ചപ്പെട്ട ഒരു ജീവിതത്തിലേക്ക് ചേക്കേറിയിരിക്കും. ഉത്തമമല്ലാത്തതൊന്നും മോഹനു വേണ്ട. പൊട്ടിയും പൊളിഞ്ഞും നീരുവറ്റിയുമുള്ള വസ്തുക്കൾക്ക് കാവലിരിക്കലല്ല മോഹന്റെ തൊഴിൽ. ആരോഗ്യമില്ലാത്തവർക്ക് കാവലിരിക്കാനുള്ളതല്ല മോഹന്റെ ജീവിതം. അയാൾക്ക് വേദനയിൽ നിന്ന് ദുഖത്തിൽ നിന്ന് രോഗത്തിൽ നിന്ന് ഓടിഒളിക്കണം.
മിത്രയും മെറിനും ശാന്തിയും മെച്ചപ്പെട്ട മേച്ചിലിലേക്ക് ചേക്കേറും. നിന്റെ പുൽത്തകിടി പൂർണവും കേടുപാടില്ലാത്തതും ആണെങ്കിൽ മാത്രമേ അവരൊക്കെ നിന്റെയൊപ്പം ഉണ്ടാവൂ. വിദ്യ, അവലംബനാർഹമായി ആകെയുള്ള സമ്പാദ്യം വിദ്യ മാത്രമാണ്. അതും അശ്വിനി നേടിയ സമ്പത്തല്ല. ആരുടെയോ നന്മകൊണ്ടു വന്നത്. അതോ വിദ്യക്ക് മറ്റാരും ആശ്രയം ഇല്ലാത്തതുകൊണ്ടോ?

അശ്വിനി പണിത വീടുകൾ വിഡ്ഢി പന്നിക്കുട്ടികളുടെതു പോലെ കമ്പും വൈക്കോലും കൊണ്ടുള്ളതായിരുന്നു. ക്യാൻസു ഒന്ന് ഊതിയതും അടിസ്ഥാനവും മേൽക്കൂരയും ഇളകി മറിഞ്ഞു അശ്വിനിയുടെ വീടുകൾ കാണാമറയത്തേക്ക് പൊയ്ക്കളഞ്ഞു. എത്ര വർഷങ്ങളായി വിശ്വസിച്ചു കെട്ടിപ്പിടിച്ചിരുന്നതാണ്! *ജീവിക്കാനിറങ്ങിപ്പുറപ്പെട്ട പന്നിക്കുട്ടികളിൽ ഒരാൾ വൈക്കോലുകൊണ്ടും, രണ്ടാമൻ കമ്പുകൾ കൊണ്ടും വീടുകെട്ടിയപ്പോൾ മൂന്നാമൻ ഇഷ്ടികകൊണ്ടാണ് വീടുണ്ടാക്കിയത്. തീറ്റതേടിവന്ന ചെന്നായ കതകിൽ മുട്ടി വിളിക്കുന്നു.
'Little pig, little pig, let me come in.'
കീർത്തനയുടെ പ്രിയപ്പെട്ട ഉത്തരം
''Not by the hair of my chinny, chin, chin! '
കുടം..കുടം... ചിരി. പറിഞ്ഞുപോയ മുൻപല്ലുകൾക്കിടയിലൂടെ ചിരി തുളിമ്പിത്തിളക്കും.
അപ്പോൾ മമ്മൂസ് പറയണം
'Then I'll huff, and I'll puff, and I'll blow your house down'
ശ്വാസം കൂട്ടിപ്പിടിച്ച് മമ്മൂസ് ആഞ്ഞ് ആഞ്ഞ് ഊതണം.
അശ്വിനി ഊതും.
''ഫൂ... ഭൂ..ഫൂ...''
''ധ..ധും..ധുപ്..ധം!''
ആദ്യത്തെ വീട് വീണുകഴിയുമ്പോൾ ഓടുന്ന കുട്ടിപ്പന്നിക്കു പിന്നാലെ ചെന്നായയായി മമ്മു ഓടണം. രണ്ടാമത്തെ ചുള്ളിക്കമ്പ് വീടിനു മുന്നിലും ചെന്നായ മുട്ടി വിളിക്കും
'Little pig, little pig, let me come in.'
'നോ, നോ, നോട്ട് ബൈ ദ ഹെയർ ഓൺ മൈ ചിന്നി ചിൻ ചിൻ!''
'Then I'll huff, and I'll puff, and I'll blow your house down'
ശ്വാസം വലിച്ചെടുത്തു അശ്വിനി ഊതും. ഫൂ... ഭൂ..ഫൂ...
''ധ..ധും..ധുപ്..ധം!''
വീണുപോയ വീടുവിട്ടോടിയ പന്നിക്കുട്ടികളിപ്പോൾ സഹോദരന്റെ ഇഷ്ടികകെട്ടിയ വീട്ടിലാണ്.
'Little pig, little pig, let me come in.'
'നോ, നോ, നോട്ട് ബൈ ദ ഹെയർ ഓൺ മൈ ചിന്നി ചിൻ ചിൻ!''
'Then I'll huff, and I'll puff, and I'll blow your house down'
ശ്വാസംപിടിച്ച് ഊതിയൂതി ചെന്നായ നീല നിറമായി സോഫയിലേക്ക് മറിയും.
''നോ..നോ... വൂൾഫ്... എണിക്ക്!''
കീർത്തന അശ്വിനിയുടെ കൈയിൽ പിടിച്ചു വലിക്കും.
''എന്തിനാ... എന്റെ ശ്വാസം നിന്നുപോയില്ലേ?''
''മമ്മൂ, ചിമ്മിനിയിൽക്കൂടി ഇറങ്ങി വരണം പിഗ്സിനെ പിടിക്കാൻ.''
''ഉം.ഹും... ശ്വാസം കിട്ടുന്നില്ല ലില്ലിൽ പിഗ്ഗി.''
''മമ്മൂസ്, നോക്ക് ചിമ്മിനിക്കടിയിൽ വെള്ളം തിളപ്പിച്ചു വെച്ചിട്ടുണ്ട്. ചെന്നായയെ വീഴിക്കാൻ.''
പുസ്തകത്തിലെ പടം കാണിച്ച് ഡയറക്ടർ കീർത്തന അഭിനേതാവിനു നിർദ്ദേശം കൊടുക്കും.
''ഹമ്പഡീ ലിറ്റിൽ പിഗ്ഗി, നിന്റെ സൂത്രം ഞാൻ കണ്ടുപിടിച്ചു.... ഞാൻ ചിമ്മിനിവഴി വരുന്നില്ല. പകരം ഇക്കിളി ബോംബിടാൻ പോകുന്നു.''
സ്ക്രിപ്റ്റ് തെറ്റിച്ച് കഥാപാത്രം നായികയെ കെട്ടിപ്പിടിച്ചുരുളാൻ തുടങ്ങും.
''''Not by the hair of my chinny, chin, chin!'
കുടം..കുടം... ചിരി. പറിഞ്ഞുപോയ മുൻപല്ലുകൾക്കിടയിലൂടെ ഡയറക്ടറുടെ ചിരി തുളിമ്പി തുളുമ്പിത്തിളക്കും.
പിന്നോട്ടു പിന്നോട്ടുമാത്രം പായുന്ന വൺ-വേ ഓർമ്മകൾക്കകത്ത് അശ്വിനിയിരിന്നു. ക്യാൻസർ ധ..ധും..ധുപ്..ധം ന്നു ഊതിവീഴ്ത്തിയ ചങ്ങാത്ത വീടുകൾ അശ്വിനിയുടെ ഉള്ളിൽ കുത്തി വലിഞ്ഞു. ഒന്നിന് പിന്നെ ഒന്നായി വന്ന ഏങ്ങലടിയുടെ തിരമാലകളോടു അശ്വിനി പറഞ്ഞു.
''ചിയേഴ്സ്...'' കാലത്തുണർന്നു വന്നതും കണ്ണിറുക്കിയടച്ചു നെറ്റിചുളിച്ച് അശ്വിനി മരുന്നു വെക്കുന്ന അലമാര തുറന്നു നോക്കി. തിരഞ്ഞൊതൊന്നും കൈയിൽ തടയാഞ്ഞിട്ടു അശ്വിനി മരുന്നു പെട്ടിയെ ശകാരിച്ചു.
''ആൽക്ക സെറ്റ്സ്ലർ? ടൈലനോൾ? പ്രയോജനമുള്ളതെന്തെങ്കിലും ഉണ്ടാവോ ഇവിടെ?!''
(തുടരും)

(*The Three Little Pigs story )

മുൻ അധ്യായങ്ങൾ വായിക്കാം

Content Highlights: Manjil Oruval Part 21 novel by Nirmala