'അശ്വിനിയെന്നാല്‍ ഇപ്പോള്‍ ക്യാന്‍സര്‍ തിന്നുപോയ ഒരു ശരീരം മാത്രമാണ് റാണ!''
''ഈ ആത്മാനുകമ്പ വിട്ട് പുറത്തേക്കിറങ്ങൂ അശ്വിനി. ചൂടുകാലം ഇപ്പൊ തീര്‍ന്നുപോവും.''    
റാണയുടെ ഉപദേശത്തെ മാനിച്ചു അശ്വിനി തോട്ടത്തില്‍ വാടിനില്‍ക്കുന്ന പച്ചക്കറികളെ കാണാനിറങ്ങി. പുറത്ത് ചൂടാണ്, ചൂടെന്നു പറഞ്ഞാല്‍ കേരളാചൂട്. സായിപ്പും മദാമ്മയും ഉരുകിപ്പോകുന്ന ചൂട്. മൈക്‌സ് ഹാര്‍ഡ് ലെമണെഡിനെ  മൊത്തി മൊത്തി അശ്വിനി കീര്‍ത്തനയുടെ ഊഞ്ഞാലിലിരുന്നാടി. വെന്തു പോകുന്ന ചൂടില്‍ വോഡ്ക്കയുടെ തരിപ്പും തണുപ്പും ചേര്‍ന്നുള്ള സ്വാദില്‍ അശ്വനി പെന്‍ഡുലം പോലെയാടി.  

''നിന്നെപ്പോലെ തന്നെ സുന്ദരമാണ് നിന്റെ റിപ്പോര്‍ട്ടുകളും'' 
എറിക്ക് കൂത്താടാന്‍ വന്നതോര്‍ത്ത് ഊഞ്ഞാലിലിരുന്നു അശ്വിനി പൊട്ടിച്ചിരിച്ചു. സാന്ദ്ര ബുള്ളോക്കിന്റെ ശാന്തതയാണ് നിനക്കെന്ന് എറിക്ക് ജോലി തുടങ്ങിയ കാലത്ത്  അവളോട് പറഞ്ഞിട്ടുണ്ട്. എറിക്കിന്റെ കണ്ണ്  കുറച്ചുനാളായി  എതിര്‍ വശത്തിരിക്കുന്ന കിംബര്‍ലിയിലാണ്. വീനെക്ക് സ്വെറ്ററിന്റെ കഴുത്തിനു ചുറ്റും സ്വര്‍ണമുടി പരത്തിയിട്ടിരിക്കുന്ന കിംബര്‍ലി. അതൊന്നു തലോടാന്‍ അശ്വിനിക്കു തോന്നി.  ഉം... നഗ്‌നമായ ഭംഗിയുള്ള കഴുത്ത്. നേക്കഡ്‌നെക്ക് രതിക്കുള്ള ക്ഷണമാണെന്ന് ആരാണ് പറഞ്ഞിട്ടുള്ളത്.  കറുമുറാ.. ഒഴിഞ്ഞ കഴുത്തില്‍. എറിക്കിന്റെ പുരുഷമണം  ഊഞ്ഞാലാടി വന്നു.
''ഷട്ട് അപ്പ്.'' അശ്വിനി സ്വയം നിരോധിച്ചു.  

''പണ്ട്..പണ്ടു...പണ്ട്... ഒരിടത്തൊരിടത്ത്...'' 
അശ്വിനി ഒരിക്കല്‍ പോയിട്ടുണ്ട് നോവസ്‌കോഷ്യയില്‍. അന്ന് മോഹന് അവിടെ ഒരാഴ്ചത്തെ ഒരു കോഴ്‌സുണ്ടായിരുന്നു. അശ്വിനി അവധിയെടുത്ത് കീര്‍ത്തനയെയുംകൂട്ടി ഒപ്പം പോയി. കോഴ്‌സു കഴിഞ്ഞു രണ്ടു ദിവസം നാടുകണ്ടിട്ടാണ് അവര്‍ മടങ്ങിവന്നത്.   

നോവ സ്‌കോഷ്യയിലെ ഉള്‍ക്കടലിലേക്ക് കൈനീട്ടി നില്‍ക്കുന്ന ഹാലിബട്ടു പാറയില്‍ പണ്ടുപണ്ടൊരു കപ്പല്‍ തട്ടിത്തകര്‍ന്നു പോയി.   കപ്പലിലെ എല്ലാരുമെല്ലാരും മരിച്ചപ്പോള്‍ ഒരു ചെറിയ പെണ്‍കുട്ടി മാത്രം ജീവനോടെ കരക്കടിഞ്ഞു. പേരെന്താണെന്ന് തന്നെ പറയാനറിയാത്തത്ര ചെറിയ കുട്ടി.  അവളെ ദത്തെടുത്ത നാട്ടുകാര്‍ അവള്‍ക്ക് കൊടുത്ത പേരാണ് പെഗി. ആയിരത്തി എണ്ണൂറില്‍ നടന്ന കഥയാണ്. അങ്ങനെയാണ് അതിനു പെഗിയുടെ ഉള്‍ക്കടലെന്ന പേരുണ്ടായത്. കഥകേട്ട കീര്‍ത്തനക്ക് ഉത്സാഹമായി.  
''ഓ മമ്മൂ, Can we name this rock Keerthan's rock?'   
'മമ്മൂ, This water is called Keerthan's water. Ok!' 
കീര്‍ത്തന വഴിയില്‍ കണ്ട പാറകള്‍ക്കും കുളങ്ങള്‍ക്കും നൂലുകെട്ടും പേരിടീലും നടത്തിക്കൊണ്ടിരുന്നു.  

അശ്വിനിക്ക് ഇപ്പോള്‍ പെഗീസ് കോവില്‍ പോവണം. നോവ സ്‌കോഷ്യയുടെ അറ്റത്തെ നിരന്നു കിടക്കുന്ന പാറക്കൂട്ടത്തിനിടയിലെ ഉള്‍ക്കടല്‍ വീണ്ടും കാണണം . വേനല്‍ക്കാലത്ത് സൂര്യന്‍ താഴുമ്പോള്‍ ചെറു ചൂടില്‍ കാഞ്ഞു കിടക്കുന്ന പാറയില്‍ മോഹന്റെ ഒപ്പം കൈകോര്‍ത്ത് പഴയ ലൈറ്റ് ഹൌസ് നോക്കിയിരിക്കണം. പതിനഞ്ചു കൊല്ലം മുന്‍പത്തെപ്പോലെ. ''ഒരു ചാക്ക് മലര്‍പ്പൊടിയുണ്ട്. സെയിലാണ് ആര്‍ക്ക് വേണം?'' താന്‍ കാണുന്നതെല്ലാം മലര്‍പ്പൊടിക്കാരന്റെ സ്വപ്നങ്ങള്‍ പോലെയെന്ന് അശ്വിനിക്കു തോന്നിത്തുടങ്ങി.  

പെഗീസ് കോവിനടുത്തു തന്നെയാണ് സ്വിസ് എയര്‍ നൂറ്റിപതിനൊന്നിന്റെ സ്മാരകവും. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റി എട്ടിലെ സെപ്റ്റംബര്‍ വൈകുന്നേരം ന്യൂയോര്‍ക്കില്‍ നിന്നും പുറപ്പെട്ട പാവം നൂറ്റിപ്പതിനൊന്ന്. കാനഡയുടെ തുമ്പത്ത് അറ്റ്ലാന്റിലേക്ക് ഇരുനൂറ്റി ഇരുപത്തിയൊന്‍പത് ആളുകളുകളുമായി വീണു പോവാനായിരുന്നു വിധി. ജനീവയില്‍ എത്തേണ്ടിയിരുന്ന വിമാനത്തില്‍ യു. എന്നിലേക്കു പുറപ്പെട്ട പ്രമുഖരുണ്ടായിരുന്നു. സൗന്ദര്യത്തിനു ചേര്‍ന്ന് ദുരിതവും അതിന്റെ സ്മാരകവും ഉണ്ടാവുമെന്നും അശ്വിനി തിരിച്ചറിഞ്ഞു.

ആ യാത്രകഴിഞ്ഞു തിരിച്ചു വീട്ടിലെത്തിയിട്ടും കീര്‍ത്തന പേരിടല്‍ നിര്‍ത്തിയില്ല. സ്‌നൈഡര്‍ ചുരത്തിനു മുകളില്‍ നാടുകാണാന്‍ പറ്റിയ ഒരിടമുണ്ട്.  ജൂലൈ ഒന്നാം തീയതി കാനഡ ഡേക്ക് അവിടെയിരുന്നു വെടിക്കെട്ടു കാണാന്‍ കീര്‍ത്തനക്ക് ഇഷ്ടമായിരുന്നു. പൂക്കളായി ചിതറുന്ന വെളിച്ചങ്ങളുടെ നിറത്തില്‍ കീര്‍ത്തന കൈകൊട്ടി തുള്ളിച്ചാടും. കാനഡ ഡേ കഴിഞ്ഞാലും, ജൂലൈ രണ്ടാം തീയതിയും മൂന്നാം തീയതിയും കീര്‍ത്തന ബഹളം കൂട്ടും.  

''കുന്നില് പോവാം. രന്നക്ക് കുന്നിലു പോവണം. ഫയര്‍ വര്‍ക്ക്‌സ് കാണാം.''  
തീര്‍ന്നു പോയി. ഒരു ദിവസമേ ഉള്ളൂ എന്ന് പറഞ്ഞാല്‍ മനസ്സിലാവാത്ത ദുശ്യാഠ്യം. അടുത്ത രണ്ടു ദിവസങ്ങളിലും കുന്നുകയറി അശ്വിനിയും മോഹനും നാടുകാണി മലയിലിരുന്നു. കുറെനേരം അവിടെ കളിച്ചു കഴിയുമ്പോള്‍ വെടിക്കെട്ടു ഇല്ലെന്നു കീര്‍ത്തന വിശ്വസിക്കും.  അങ്ങനെ സ്‌നൈഡര്‍ മലക്ക് അവര്‍ കീര്‍ത്തനക്കുന്നെന്നു പേരിട്ടു. പഴങ്കഥകള്‍.... പഴങ്കഥകള്‍
പണ്ടാരക്കഥകള്‍..... ഭൂതകാലക്കഥകള്‍....ഭൂതകാലം...ഭൂതം...ഭൂതം..തം! 

അശ്വിനി അവളുടെ മലര്‍പ്പൊടിക്കച്ചോട മോഹത്തെ ഉപേക്ഷിച്ചു. മലര്‍പ്പൊടിക്കുടം മറ്റൊരാള്‍ക്കു കൊടുക്കാതെ തറയിലിട്ടുടച്ച് അശ്വിനി ഒരു ഡ്രൈവിനു പോവാന്‍ കൂട്ടുകാരെ വിളിച്ചു. മിത്രക്ക് അപ്പോയ്ന്റ്‌മെന്റുണ്ട് എന്നാലും വരാമെന്ന് സമ്മതിച്ചു. രന്നക്കുന്നില്‍ ഇറങ്ങി നിന്ന് അശ്വിനി വിസ്തരിച്ചു.
''ദേ, ഇവിടെ ഇരുന്നിട്ടാ ഞങ്ങള്‍ കടല തിന്ന് ഫയര്‍വര്‍ക്ക്‌സ് കണ്ടത്.''  
''നിനക്ക് കീര്‍ത്തനയെ വിളിക്കായിരുന്നില്ലേ അശ്വിനി.''
മിത്ര സന്ധിക്കു ശ്രമിക്കുകയാണെന്ന് അറിഞ്ഞു അശ്വിനി തടഞ്ഞു.
''എന്തിനാണ്? അവള്‍ക്ക് തിരക്കല്ലേ!'' 
''ചിലപ്പോ പരീക്ഷയുടെ തിരക്കാവും.''  
''അതെയതെ, കോ-ഓപ്പ്‌നു എന്തു പരീക്ഷ? കോപ്പു പരീക്ഷകളൊക്കെ തീരട്ടെ.''
''ഇരുട്ടായില്ലേ, നമുക്ക് പോവാം.'' 
''എല്ലാര്‍ക്കും മടുത്തു അല്ലേ മിത്രാ?''
''അങ്ങനെയല്ല ആഷ്. ഇന്നലെ ലേറ്റായിട്ടാണ് കിടന്നത്. നന്നായി ഉറങ്ങാത്ത കാരണാവും എനിക്ക് തണുക്കുന്നത്.'' കിടുപ്പോടെ മിത്ര അശ്വിനിയുടെ കീര്‍ത്തങ്ങള്‍ മുഴുവന്‍ മൂളിക്കേട്ടു. ഇടക്കിടെ അശ്വിനി കാണാതെ ഫോണിലെ സമയം നോക്കിക്കൊണ്ട്. 
രന്നക്കുന്നിറങ്ങി വരുമ്പോള്‍ പത്തുമണി കഴിഞ്ഞിരുന്നു. 

''അമ്മേടെ ചങ്കാട്ടോ രന്ന. അമ്മേടെ സ്പ്ലീനാണേ!''
''ഹാ..ഹ... ഹാര്‍ട്ടും സ്പ്ലീനും പോയിക്കഴിഞ്ഞാ മമ്മൂസ് ഹോളോ ആവൂലോ!'' 
അതേ, കീര്‍ത്തന, ഹോളോ! ഒരൊറ്റ മുല മാത്രമേ ക്യാന്‌സറിനു കൊടുത്തുള്ളൂ. എന്നിട്ടും അമ്മേടെ സ്പ്ലീനും ശ്വാസോം ചങ്കും മത്തങ്ങേം ഒക്കെ ദേ ഒഴിഞ്ഞു കിടക്കുന്നു-empty-  യഥാര്‍ത്ഥ സ്‌നേഹം എന്നാല്‍ കെട്ടുപാടുകളില്ലാത്തതല്ലേ?  അതൊക്കെ വെറും സങ്കല്‍പം മാത്രമാണെന്ന് അശ്വിനി വിശ്വസിക്കുന്നുണ്ടോ? കീര്‍ത്തന വേദനപ്പിക്കുക മാത്രമാണ് ചെയ്യുന്നതെങ്കില്‍, കീര്‍ത്തനയെ പൂര്‍ണമായും സ്‌നേഹിക്കുവാന്‍ അശ്വിനിക്ക് കഴിയുമോ? നിരുപാധികമായ സ്‌നേഹം എന്നൊന്ന് ഇല്ല എന്ന് എങ്ങനെ സമ്മതിച്ചു കൊടുക്കും?  അശ്വിനി അശ്വിനിയോടു തന്നെ തര്‍ക്കിച്ചു തേഞ്ഞുപോയി.  

ഫോണിന്റെ ബഹളത്തില്‍ അശ്വിനി കണ്ണു തുറന്നു.  രാത്രി ഒരു മണിക്ക് ആരാണ് വിളിക്കുന്നത്. വലിച്ചു തുറന്ന പോളകള്‍ക്ക് മുന്നില്‍ ഫോണ്‍ സ്‌ക്രീന്‍ കാണിച്ചു.  അനൂപ് കോളിംഗ്.. 
ഫുജൈറയില്‍ സമയം എത്രയായിട്ടുണ്ടാവും?   
''എത്രയെങ്കിലുമാവട്ടെ. നാവടക്കി കിടന്നുറങ്ങ്''
തലച്ചേറില്‍ നിന്നൊരു ശബ്ദം അശ്വിനിയെ ശാസിച്ചു.
''എന്റെ നേരാങ്ങളയാണ്.  ഒരേയൊരു അപ്പുച്ചേട്ടനാണ് ക്യാന്‍സൂ''
അശ്വിനി ഫോണിനു നേരെ കൈ നീട്ടാന്‍ ശ്രമിച്ചു.  
''ഇപ്പൊ ആരോടും മിണ്ടാത്തതാണ് നല്ലത്. ഫോണ്‍വെയ്ക്കു അശ്വിനീ.''
''മിത്ര പോയോ? എപ്പോ പോയി?  അവളെന്താണ് ബൈ പറയാതെ പോയത്.''

കാലത്തെ പിന്നെയും ഫോണ്‍ തലതല്ലിക്കരയുന്നത് കേട്ടാണ് അശ്വിനി ഉണര്‍ന്നത്.  
''ഹൌ ആര്‍ യു?''  
''ഐം ആം ഫൈന്‍, താങ്ക്യൂ!'' 
ശബ്ദം കഴിയുന്നത്ര കഠിനമാക്കി അശ്വിനി മറുപടി പറഞ്ഞു.  
''കൊണ്ഫറന്‍സ് ഹാളിലേക്ക് പോയിക്കഴിഞ്ഞാല്‍ എന്നെ കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും. അതോണ്ട് പോകുന്നെനു മുന്‍പേ വിളിച്ചേക്കാന്നു കരുതി.''  
''ഉം''
''ഓള്‍ ഗുഡ് ദേര്‍?''
''യെസ്, എവരിത്തിംഗ് ഈസ് ആബ്‌സല്യൂട്ട്‌ലി പെര്‍ഫെക്ട് ഹിയര്‍.''  
അനുവാദം ചോദിക്കാതെ, കൂടുതല്‍ വിസ്താരത്തിന് ഇടംകൊടുക്കാതെ അശ്വിനി ഫോണ്‍വെച്ചു.  

ജോലികഴിഞ്ഞു വരുംവഴി ഗേള്‍-പവര്‍കാരികള്‍ അശ്വിനിയുടെ വീട്ടിലേക്ക് മുന്നറിയിപ്പില്ലാതെ വന്നു കയറി. മോഹനില്ല, അപ്പോള്‍ വീട്ടില്‍ കയറി വരാന്‍ പ്രത്യേകാനുവാദമോ, അപ്പോയിന്റെമേന്റോ ആവശ്യമില്ല.  
''നിന്റെ ഹാങ്ങോവര്‍ മാറിയോ?'' 
മിത്രയുടെ ചോദ്യത്തെ അശ്വിനിയൊരു മറു ചോദ്യം കൊണ്ടു തടുത്തു.  
''മിത്ര എന്താ ഇന്നലെ ഒന്നും പറയാതെ പൊയ്ക്കളഞ്ഞത്?''
 പെണ്ണുങ്ങള്‍ കണ്ണില്‍ക്കണ്ണില്‍ നോക്കുന്നത് അശ്വിനി കാണുന്നില്ലെന്നു കരുതരുത്!  മുലയെ പോയിട്ടുള്ളൂ. അശ്വിനിയുടെ കാഴ്ച നശിച്ചിട്ടില്ല. അശ്വിനി ഉള്ളില്‍ പിറുപിറുത്തു.
''ഞാന്‍ ബൈ പറയാന്‍ ശ്രമിച്ചു നോക്കീതല്ലേ. നീ നല്ല ഫോമിലായിരുന്നു!'' 
മിത്രയുടെ വിശദീകരണം കഴിഞ്ഞപ്പോള്‍, അശ്വിനിയുടെ കാറിന്റെ ട്രങ്കിലെ കുപ്പികളെപ്പറ്റി പവര്‍കാരികള്‍ ആശങ്കപ്പെട്ടു. 
അശ്വിനി അപ്പോള്‍ കാലാവസ്ഥയെപ്പറ്റി പറഞ്ഞു. 
''എന്താല്ലേ ചൂട്!''
''അതേ, ഹൈഡ്രോയുടെ വാണിംഗ് ഉണ്ട്.  എ.സി. ഒരു ഡിഗ്രികൂട്ടിയിട്ട് എനേര്‍ജി സേവ് ചെയ്യാന്‍.'' 
കാലാവസ്ഥ - സര്‍വ്വരംഗ രക്ഷിതാവായ കാലാവസ്ഥ മധ്യസ്ഥം വഹിച്ച ആ സമ്മേളനവും പിരിഞ്ഞു. 

സങ്കടങ്ങള്‍ പരസ്യപ്പെടുത്താനുള്ളതല്ല. സന്തോഷങ്ങള്‍, വിജയങ്ങള്‍ - അങ്ങനെയൊക്കെ അഭിനന്ദനം കിട്ടുന്നത് മാത്രമേ സൗഹൃദത്തിന്റെ നടുമുറ്റത്തു വെക്കാവൂ എന്ന നിയമത്തില്‍ അശ്വിനി ഉറച്ചു നിന്നു. കാലാവസ്ഥയില്‍ കയറിയിറങ്ങി അശ്വിനിയെന്ന ദുര്‍ഘടത്തെ അവരില്‍ നിന്നും അവള്‍ തന്നെ ഒഴിവാക്കി കൊടുത്തു. റോഡ് ബ്ലോക്കുകള്‍ ഒഴിവാക്കുന്നതു പോലെ. ചൂട് തണുപ്പ് ഈ രണ്ടവസ്ഥ എത്ര വലിയ വ്യവസായമാണ്! കാലാവസ്ഥക്കായി തന്നെ ടി.വി. ചാനലുകളുണ്ട്.
''നില്‍ക്ക് നില്‍ക്ക് പോവല്ലേ കാറ്റേ... പോവല്ലേ ചൂടേ'' 

(തുടരും)

നോവലിന്റെ മുന്‍ഭാഗങ്ങള്‍ വായിക്കാം

Content Highlights: Manjil Oruval Novel by Nirmala part twenty two second part