Trick or Treat
 
വെള്ളിയാഴ്ച  രാവിലെ അശ്വിനി എഴുന്നേറ്റത് കൃത്യം ഇരുപതിനായിരം ജൂള്‍സ് ഊര്‍ജ്ജവുമായിട്ടായിരുന്നു.  അതിന്റെ പാതിമതിയാവും സാധാരണ ഒരാള്‍ക്ക് ഒരു ദിവസത്തേക്ക്.  വീട്ടിലെത്തിയാലുടന്‍ കീര്‍ത്തന ചോദിക്കുന്നതു എന്തായിരിക്കുമെന്നു അശ്വിനിക്കറിയാം.  
''മമ്മൂ എക്‌സര്‍സൈസ് ചെയ്യുന്നുണ്ടോ?'' 
''ഇന്നു ഈ വീടിന്റുള്ളില്‍ ചുറ്റിത്തിരിഞ്ഞതല്ലാതെ പുറത്തിറങ്ങിയോ? ഫ്രെഷ് എയര്‍ കിട്ടിയോ?'' 
ക്യാമ്പസുകാരിയുടെ ഭേദ്യംചെയ്യലിനെ പേടിച്ചു  അശ്വിനി രാവിലെ തന്നെ നടക്കാനിറങ്ങി. ചുവപ്പ് ഇലകളുള്ള സാന്റ് ചെറിമരം വേലിക്കു മുകളിലൂടെ അടുത്ത വീട്ടിലേക്കു എത്തി നോക്കുന്നുണ്ടായിരുന്നു. ചുവപ്പു നൈറ്റിയിട്ടു മതിലില്‍ കൈമുട്ടൂന്നി നിന്ന് അമ്മയോടു വര്‍ത്തമാനം പറയുന്ന സീനത്താന്റിയെ അവള്‍ക്കു ഓര്‍മ്മ വന്നു. സീനത്താന്റിയും അമ്മയും ദിവസവും വൈകുന്നേരം വിശേഷങ്ങള്‍ പറഞ്ഞു ചിരിക്കുന്നതു അശ്വിനിയോര്‍ത്തു. വേനല്‍ക്കാലത്തെ നാലുമാസങ്ങളില്‍ അശ്വിനി അയല്‍ക്കാരോടു മര്യാദക്കുശലങ്ങള്‍ പറയാറുണ്ട്. അതിനപ്പുറത്തേക്കൊന്നും അശ്വിനിക്കു വേണ്ടിയിരുന്നില്ല.   
 
നടപ്പു ജോലി തീര്‍ത്ത അശ്വിനി പലചരക്കു കടയിലേക്കു പുറപ്പെട്ടു. തണുപ്പിനെ പ്രതിരോധിക്കാന്‍ ജാക്കറ്റിന്റെ മുന്‍വശം കൈകൊണ്ടു ചേര്‍ത്തു പിടിച്ചു അശ്വിനി  കടയിലേക്ക്  ഓടിക്കയറി. വാതിലിനടുത്തായി  ഒരു ഭിത്തി മുഴുവന്‍ വാടാത്ത കടും നിറത്തിലുള്ള പച്ചക്കറികള്‍ കലാപരമായി ചമഞ്ഞിരുന്നു. ഭിത്തിക്കു കൃത്യം നടുക്കായി പച്ചയും മഞ്ഞയും ചുവപ്പും ഓറഞ്ചും നിറമുള്ള തടിയന്‍ ക്യാപ്‌സിക്കം മുളകുകള്‍ വളഞ്ഞ അലമാരകളില്‍ ഗ...ഗ...ഗ...ഗ...ന്ന് നിരന്നിരുന്നിരുന്നു. കീര്‍ത്തന കുട്ടിയായിരുന്നപ്പോള്‍ ബ്രെണ്ടും മുറിച്ച പച്ചക്കറികളുംകൊണ്ടു മോഹന്‍ പ്ലേറ്റില്‍ പൂച്ചയുടെയും മുഖത്തിന്റെയും ആകൃതികള്‍ വരക്കുമായിരുന്നത് അശ്വിനി ഓര്‍മ്മിച്ചു.   പ്രായമുള്ള മനുഷ്യരേയും അലങ്കരിച്ചും ഒന്നിനെ മറ്റൊന്നാക്കി വരച്ചും ആകര്‍ഷിക്കണോ എന്നവള്‍ സംശയിച്ചു.  
 
മുളകുകളുടെ ഗ...ഗ...പ്രദര്‍ശനം കഴിഞ്ഞിട്ടായിരുന്നു സെലറി, കെയില്‍, സ്വിഷ്ചാഡ്, ഉള്ളിയിലകളുടെ നിര. അതിനപ്പുറത്ത് ക്യാരറ്റ്,  ബീറ്റ്‌റൂട്ട്, കിഴങ്ങുകള്‍. പാടത്തു നിന്നും പറിച്ചെടുത്തിട്ടു ഏറെ ദിവസങ്ങള്‍ കഴിഞ്ഞു കടയുടെ അലമാരയിലെത്തിയ പച്ചക്കറികള്‍ ഏതൊക്കെയോ രാസക്കൂട്ടുകളുടെ ലഹരിയില്‍ വാടാതെ നിറം മങ്ങാതെ, ചിരിച്ചു തിമിര്‍ത്തിങ്ങനെ നിന്നു. കീടങ്ങള്‍ കയറാതെ, ചീയാതെ, അഴുകാതെ, വാടാതെ, കൊഴിയാതെ പിടിച്ചു നില്‍ക്കാന്‍, നിറങ്ങള്‍ ശോഭിച്ചു കാണിക്കാന്‍ എന്തൊക്കെ വിദ്യകളായിരിക്കും ഉപയോഗിക്കുന്നതെന്നോര്‍ത്തു അശ്വിനിക്കു ഭയം തോന്നി.
 
ഇറച്ചി മസാലയുടെ മണങ്ങളില്‍ പ്രതിക്ഷേധിക്കുന്ന മൂക്കിനേയും ആമാശയത്തെയും മാനിച്ചു പാലക്ക്-പനീറുണ്ടാക്കാന്‍ അശ്വിനി പച്ചച്ചീര എടുക്കുമ്പോഴാണ് പിന്നിലൊരു മുരടനക്കം കേട്ടത്. അവള്‍ ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ തൊട്ടടുത്ത് കുഞ്ഞപ്പനെ കണ്ടു.     
''ഹായ്, കുഞ്ഞപ്പനങ്കിള്‍!''
ഞെട്ടല്‍ ഒളിപ്പിക്കാന്‍ അശ്വിനി വിടര്‍ന്നു ചിരിച്ചു.''ങ്ങ്,...ഹ്... ഹായ്.''
തുറിച്ചു നോട്ടം അസഹ്യമായപ്പോള്‍ അശ്വിനിയുടെ അടങ്ങിയിരിക്കാനറിയാത്ത നാവ് ഒരു വിഡ്ഢി ചോദ്യം പുറത്തുവിട്ടു.   
''ഷോപ്പിംഗിന് ഒറ്റക്കിറങ്ങിയോ?''
''ങ്ഹാ, ആ.. ഞാന്‍ ഷിഫ്റ്റ് കഴിഞ്ഞു വരുന്ന വഴിയാ..''
അത്രക്കങ്ങു പരിചയമില്ലാത്ത ഒരാളുടെ തുറിച്ചുനോട്ടത്തില്‍ ചൂളിയ അശ്വിനിയെ രക്ഷിക്കാന്‍ നാവ് പിന്നെയും ചോദ്യങ്ങളിറക്കുമതി ചെയ്യാന്‍ ശ്രമിച്ചു.
''എന്തുണ്ട് വിശേഷം?''
''ങ്ഹാ, ഓ ഒന്നുമില്ല.''
അപ്പോഴും മിഴുക്കസ്യാന്നു നില്‍ക്കുന്ന കുഞ്ഞപ്പനില്‍ നിന്നും രക്ഷപെടാന്‍വേണ്ടി നാവു യാത്രപറയാന്‍ ശ്രമിച്ചുനോക്കി.      
''ശരി, അപ്പൊ കാണാം. പോട്ടെ, കുറച്ചു സാധനങ്ങള്‍ കൂടി വാങ്ങാനുണ്ട്.  ഞാന്‍ ഷോപ്പിംഗ് തുടങ്ങിയിട്ടേയുള്ളൂ.''
''ഓ..ശരി..ശരി...'' 
തലയാട്ടല്‍ നിര്‍ത്താതെ തന്നെ ഒടുക്കം കുഞ്ഞാപ്പു ചോദിച്ചു.
''അസുഖമൊക്കെ മാറിയോ? ഇങ്ങനെ എറങ്ങി നടക്കാവോ?''
''ആ.. കുഴപ്പമില്ല''
''വിശ്രമിക്കണം...നല്ലായിട്ട് വിശ്രമം എടുക്കണം കേട്ടോ.''
അടങ്ങിയിരിക്കാതെ തുള്ളിക്കളിച്ചിരുന്ന അശ്വിനിയുടെ നാവ് കൃത്യം ആ സമയത്ത് അണ്ണാക്കിനു സമാന്തരമായി ശവാസനത്തില്‍ കിടന്നു. നാവിന്റെ നിസ്സഹകരണത്തില്‍ അശ്വിനിയും കുഞ്ഞപ്പനൊപ്പം   തലയാട്ടിക്കൊണ്ടു ഷോപ്പിംങ് കാര്‍ട്ടിനെ ഉന്തിനീക്കി.    
ആ പ്രകടനം കഴിഞ്ഞു വന്നു അടുക്കളയിലേക്ക് മൂളിപ്പാട്ടുമായി കയറിയ അശ്വിനിയെ ആക്രമിച്ചത് സ്വയംപ്രഭയായിരുന്നു.  
''സത്യം പറയ്, നീയും മിത്രയും ശാന്തിയുംകൂടി എന്റെ കടേടെകാര്യം ഡിസ്‌ക്കസ് ചെയ്യാരുന്നില്ലേ?''   
''ങ്‌ഹേ?  ഞാനവരെ വിളിച്ചുട്ടു തന്നെ കുറെയായി!''
''വെര്‍തെ എന്റടുത്ത് വേഷംകെട്ടു വേണ്ട അശ്വിനി.'' 
അക്യൂസ്...അക്യൂസ്....
അറ്റാക്ക്... അറ്റാക്ക്....
''എന്നെപ്പറ്റി ആരൊക്കെയോ എന്തോക്കെയെ പറഞ്ഞുണ്ടാക്കുന്നുണ്ട് അശ്വിനീ!'' 
അശ്വിനിയുടെ ശ്രദ്ധ പ്രഭയില്‍ നിന്നും ചീരപ്പാത്രത്തിലേക്കും സ്പീക്കറിലെ പാട്ടിലേക്കും തിരിഞ്ഞു മറിഞ്ഞു കുട്ടിക്കരണം കളിച്ചു.      
''ഞാന്‍ പറയുന്നത് എന്തെങ്കിലും നീ കേള്‍ക്കുന്നുണ്ടോ?''
അശ്വിനിയുടെ അശ്രദ്ധ അനുവദിച്ചുകൊടുക്കാന്‍ സ്വയംപ്രഭ തയ്യാറായിരുന്നില്ല.          
''ഇപ്പൊ കുറച്ചു തിരക്കാണല്ലോ. ഞാന്‍ രണ്ടു ദിവസം കഴിഞ്ഞു വിളിക്കാട്ടോ.''
അനുവാദത്തിനു കാത്തു നില്‍ക്കാതെ അശ്വിനി ഫോണ്‍ ചെവിയില്‍ നിന്നുമാറ്റി വെച്ചു.  
''അല്ല, റാണാ നമ്മളിനി ഫോണ്‍വിളിച്ച് സ്വയംപ്രഭയുടെ കടയെപ്പറ്റി ചര്‍ച്ച ചെയ്തിരിക്കുമോ?  സ്വയംപ്രഭ എല്ലാം അറിയാവുന്ന ആളല്ലേ?  ചിലപ്പോ ആശുപത്രി കീമോതെറാപ്പിയൊക്കെ  നമ്മുടെ തോന്നലാണെങ്കിലോ? ' 
പ്രാതപ് സിംഗ് അപ്പോള്‍ തലക്കെട്ടിനുള്ളില്‍ കൈയിട്ട് തല ചൊറിഞ്ഞുകൊണ്ടു പറഞ്ഞു.   
''ആരെങ്കിലും നമ്മുടെ ഓരോ പ്രവര്‍ത്തിയിലും കുറ്റബോധം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് എന്തോ സാരമായ പ്രശ്‌നമുണ്ട്!''  
അതു സമ്മതിച്ച് അശ്വിനി കടായിയിലെ കടുകിന്റെയൊപ്പം പൊട്ടിത്തരിച്ചു പാടി. 
പൂവമ്പന്റെ കൊലച്ചു വച്ചൊരു കരിമ്പ് വില്ലൊത്ത പടത്തലവാ
വാളെടുത്തു വീശല്ലെ ഞാനതു മുരിക്കിന്‍പൂവാക്കും* (കടപ്പാട് കൈതപ്രം (ചിന്നി..ചിന്നി... ചിത്രം:ഉറുമി)   
 
പാത്രത്തിലെ കറിയുടെ  അവസാന തുള്ളിയും ചപ്പാത്തികൊണ്ടു വടിച്ചൊപ്പിയെടുത്തു  കഴിക്കുന്ന കീര്‍ത്തനയെ തൃപിതിയോടെ അശ്വിനി നോക്കിയിരുന്നു.   
''നോക്കൂ രന്ന, എന്റെ വീക്ക്എന്‍ഡ് ടാസ്‌ക്ക് ലിസ്റ്റില്‍ ലഞ്ചു കഴിഞ്ഞു പംകിന്‍ ഷോപ്പിംഗ്ആണ്. നമുക്ക് മില്ലര്‍സ് ഫാമില്‍ പോവാം.'' 
''ബട്ട് മമ്മൂസ്, എംകാറ്റിന്റെ സിലബസില്‍ പംകിന്‍ മെന്‍ഷന്‍ ചെയ്തിട്ടേയില്ല''    
''കീര്‍ത്തന നീയിങ്ങനെ ബോറാത്തിയായി മാറിയതെന്താ?  സ്‌കൂളിപ്പോവാണ്ടേ ഫാമിലെ ഹേ റൈഡിനു പോവാന്‍ കരഞ്ഞ ആളല്ലേ നീ? കുട്ടികളായ കൊറച്ചൊക്കെ പ്ലേഫുള്‍ ആന്‍ഡ് ഫണ്‍ ആവണം!'  
'ഉവ്വോ, ബട്ട് അമ്മമാരായ കൊറച്ചൊക്കെ റെസ്‌പോണ്‌സിബിള്‍ ആവണം. മോളെ പഠിക്ക് പഠിക്ക് എന്നു പറഞ്ഞു പിന്നാലെ നടക്കണം!'  
കൊഞ്ഞനം കുത്തിക്കൊണ്ടു മുറിയുടെ വാതിലടച്ചു ബോറത്തി കീര്‍ത്തന ബ്രഹ്‌മാണ്ടന്‍ പുസ്‌കത്തിനകത്തെക്ക് കയറിപ്പോയി. 
 
ഓറഞ്ചു നിറത്തിലുള്ള വലിയ മത്തങ്ങകള്‍ വാങ്ങി, കണ്ണും വായും കൊത്തിയെടുത്തു അതിനുള്ളില്‍ മെഴുകുതിരി കത്തിച്ചുവെക്കാന്‍ പൊട്ടിത്തരിക്കുന്ന രന്നയല്ല ഡോക്ടറാവാന്‍ തത്രപ്പെടുന്ന  കീര്‍ത്തനയെന്നു അശ്വിനി അംഗീകരിച്ചു.  അങ്ങനെയെങ്കില്‍ അങ്ങനെയെന്നു പറഞ്ഞു ക്യാന്‌സുവിന്റെ കൈപിടിച്ച് അശ്വിനി യാത്രക്ക് പുറപ്പെട്ടൂ. അറ്റ്ലാന്റിക്കില്‍ നിന്നുപൊങ്ങി മെക്‌സിക്കോ ഉള്‍ക്കടലിലൂടെ ഊളിയിട്ടിറങ്ങിയ ഒരു ചുഴലിക്കാറ്റ് കാനഡയിലേക്ക് തല നീട്ടിയിട്ടുണ്ടായിരുന്നു. അത്  ഒന്റെറിയോ സംസ്ഥാനം കടന്ന് ക്യുബക്കുവരെ പോകുമെന്നു  റേഡിയോ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.   
 
ഫാമിലേക്കുള്ള വളവും തിരിവും നിറഞ്ഞ റോഡരികിലെ ഇലകളെല്ലാം വിളഞ്ഞു പഴുത്തു ജ്വലിച്ചു നിന്നു. നിറങ്ങളുടെ വിപ്ലവത്തില്‍ മത്തു പിടിച്ച മരങ്ങള്‍ കാറ്റില്‍ ക്ഷോഭിച്ചു.  ഇലയും പൂവും കായും മാത്രമല്ല വേരും മുറിച്ചിടുമെന്നൊരു കലാപക്കാറ്റ് അവക്കിടയില്‍ ചുഴറ്റിനിന്നു. മരങ്ങളില്‍ കുടിപാര്‍ത്തിരുന്ന ഇലകള്‍ പൂവിന്റെ ഭംഗിയോടെ  നിലത്തേക്ക് പിടഞ്ഞു വീണു.  
അശ്വിനിയെത്തുമ്പോള്‍  മില്ലര്‍സ് ഫാമിന്റെ മുന്‍പിലുള്ള ചെറുവഴിയില്‍ കാറുകളൊന്നും കാണാനുണ്ടായിരുന്നില്ല. തണുപ്പില്‍  വാടിപ്പോയ ഇലകള്‍ക്കു ഒളിക്കാന്‍ കഴിയാത്ത വിളഞ്ഞ സ്വര്‍ണ മത്തങ്ങകള്‍ പാടത്തില്‍ നിരന്നു കിടക്കുന്നത് റോഡില്‍ നിന്നേ അശ്വിനി കണ്ടു. കൊടുങ്കാറ്റിന്റെ മുന്നറിയിപ്പുമായി മത്തങ്ങക്കണ്ടത്തിന്റെ മുന്നിലെ തട്ടുപീടിക അടഞ്ഞു കിടന്നു. 
''ഓടിപ്പോയി രണ്ടെണ്ണം എടുത്താലോ റാണാ? അഞ്ചു ഡോളര്‍ ലാഭിക്കാം!'' 
''പുറത്തിറങ്ങിയാല്‍ കാറ്റെടുത്തു മരത്തിന്റെ മോളില്‍ വെക്കും.  തിരിച്ചു പോവൂ.''
റാണ അശ്വിനിയെ മോഷണത്തില്‍ നിന്നും പിന്തിരിപ്പിച്ചു. 
പേ ഇളകിയ കാറ്റ് അശ്വിനിയുടെ കാറിനെ കുലുക്കി.  ഒരുകൂട്ടം കരിയിലകള്‍ കാറിനു മുന്നിലൂടെ റോഡ് മുറിച്ചു കടന്നു പോയി.  തൊട്ടു പിന്നാലെ ഭ്രാന്തന്‍കാറ്റും. ചോരകുടിച്ചു ഉന്മത്തയായൊരു മേപ്പിള്‍ കാറ്റിനുനേരെ വിറച്ചു തുള്ളിക്കൊണ്ടിരുന്നു.   
മത്തങ്ങക്കമ്പം  ഉപേക്ഷിച്ചു അശ്വിനി വന്നവഴിയെ തന്നെ തിരികെ കാറോടിച്ചു. വഴിയരികിലെ വീടുകള്‍  മത്തങ്ങകളും, ചൂലില്‍ നില്‍ക്കുന്ന യക്ഷികളും, ചോള വൈക്കോലിന്റെ കെട്ടുകളുമായി   ഹാലോവിനു ഒരുങ്ങിയിരുന്നു.   ചുവന്നകട്ടകള്‍ പതിച്ച ഒരു വീടിനു മുന്നിലെ വലിയ അസ്ഥിപഞ്ജരം കാറ്റില്‍ ചരിഞ്ഞു, മരത്തില്‍ തലചായ്ച്ചു നിന്നു.   
ഭസ്മനിറത്തിലുള്ള   വീടിനു മുന്നില്‍ മാത്രം ശരല്‍ക്കാല അലങ്കാരങ്ങളൊന്നുമുണ്ടായിരുന്നില്ല. 
''ഇവിടെ ഹാലോവിന്‍ വരുന്നില്ല. ഇതാ ഒരു പ്രേതം വരുന്നുണ്ട്. ഒരു യക്ഷി,  കാളി,  ചാമുണ്ഡി,  ദുര്‍ഗ,  ഒറ്റ മുലച്ചി!''
കാറു ഡ്രൈവ്വെയില്‍ തന്നെയിട്ട് അശ്വിനി ആ കെട്ടിടത്തിലേക്ക് ഓടിക്കയറി. കുളിമുറിയിലേക്ക് പാഞ്ഞുപോയ  അശ്വിനിയെ ആരും ചോദ്യംകൊണ്ട് തടുത്തില്ല.  മമ്മുക്കുട്ടൂസ് വന്നൂന്ന് കീര്‍ത്തനയും പ്രഖ്യാപിച്ചില്ല.  ഛര്‍ദ്ദി കഴിഞ്ഞപ്പോള്‍ അശിനിക്ക് കൃത്യം ഇരുനൂറു വയസ്സായിരുന്നു.  ആര്‍ക്കുവേണം ഇരുനൂറു വയസ്സുള്ള ഒരു സ്ത്രീയെ, അമ്മയെ? 
കീര്‍ത്തനയും മോഹനും ടി.വി.യില്‍ കണ്ണുറപ്പിച്ചിരുന്നു.  കാറ്റായിരുന്നു വാര്‍ത്തയിലെ  നായകന്‍. നിഷ്ഠുരനായ കാറ്റ് ഇളക്കിമറിച്ചിട്ട മരങ്ങളും വീടുകളുടെ മേലാപ്പും സ്‌ക്രീന്‍ നിറഞ്ഞു നിന്നു. 
''ശ്രദ്ധിക്കപ്പെടണമെങ്കില്‍ നിഷ്ഠുരമാവണം, ദയയും മര്യാദയും പാടില്ല.'' 
കാറ്റ് അശ്വിനിക്കു തത്വജ്ഞാനം പറഞ്ഞു കൊടുത്തു. 
 
അത്താഴം കഴിഞ്ഞു കിടക്കാനൊരുങ്ങുമ്പോള്‍ ഫോണില്‍ സ്വയംപ്രഭയുടെ മെസേജുകണ്ട് അശ്വിനി മടിയോടെ അവളെ വിളിച്ചു.  
''പിന്നെ വിളിക്കാന്നു പറഞ്ഞിട്ടു...''
പ്രഭ രുദ്രനടനം തുടങ്ങിയപ്പോഴേ ചുമയുടെ ഒരു തിരവന്ന് അശ്വിനിയെ സ്വയംപ്രഭയില്‍ നിന്നും രക്ഷിച്ചു. പനിയുടെ ബാക്കിനിന്ന ചുമയോട് അശ്വിനിക്ക് കടപ്പാടു തോന്നി.
''ഹാരക്കൈന്‍ പ്രഭ എന്നെ ചുഴറ്റിയെറിയുന്നല്ലോ റാണാ. ഞാനെന്തു പറഞ്ഞാലും അതു നുണയാണെന്നു ആ കുട്ടി സമര്‍ത്ഥിച്ചുകൊണ്ടിയിരിക്കും.'   
'നിങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവരെ ഒരിക്കലും വിശ്വസിക്കരുത്.  അവരുടെ നിരന്തരമായ വഞ്ചനയില്‍ നിന്നുമാണ് ആ ചോദ്യങ്ങള്‍ വരുന്നത്.   പണ്ടുകാലത്തെ ചുമടുതാങ്ങികള്‍ പോലെയാണ് ഉറച്ച സുഹൃത്തുക്കള്‍. ഭാരമിറക്കി വെക്കാനും ചാരിയിരിക്കാനും പാകത്തില്‍. അവ ഭാരം വീണ്ടും തോളിലെടുക്കുന്നത് എളുപ്പമാക്കി തരുന്നു.''  
''ചുമടുതാങ്ങികള്‍ ചുമടായി മാറിയാലെന്തു ചെയ്യും?''  
''ചില ബന്ധങ്ങള്‍ ഭാരവണ്ടി പോലെയാണ്. വലിച്ചും വലഞ്ഞും അവ നമ്മെ ക്ഷീണിപ്പിക്കും. പലതരം ഭാരങ്ങളാണ് അവ നമ്മിലേക്ക് ഇറക്കി വെക്കുന്നത്. എന്റെ സന്തോഷം നിന്റെ കൈകളിലാണെന്നും അത് നടപ്പിലാക്കേണ്ടത് നിന്റെ ചുമതലയാണെന്നും ചിലര്‍ നമ്മെ നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കും. അത്തരം ഓര്‍മ്മപ്പെടുത്തലിലൂടെ ഞാനിപ്പോള്‍ സന്തോഷത്തിലല്ല എന്ന് നമ്മിലേക്ക് അപരാധബോധത്തെ ഉപായത്തില്‍ കയറ്റിവിടാനും ഇവര്‍ക്കറിയാം.  ഏതൊരു ബന്ധവും അപരാധബോധമാണ് തരുന്നതെങ്കില്‍ അതില്‍ നിന്നും ഓടി രക്ഷപെടു അശ്വിനി.'' 
 
റാണയുടെ ഉപദേശം കേട്ട  അശ്വിനിക്കു ഓടി രക്ഷപെടാനുള്ള ആവേശം തോന്നി.    
'എനിക്കു വീട്ടില്‍ പോവണം!' 
'അശ്വിനി വീട്ടിലല്ലേ?'
''അല്ല രോഗം വരുമ്പോള്‍, സങ്കടം വരുമ്പോള്‍ പോകുന്ന വീട് വേറെയാണ്. ഇത് ചിരിക്കാനും ഭോഗിക്കാനുമുള്ള വീടാണ്.''
നെറ്റിയില്‍ വെറുതെ ഒന്നു കൈവെക്കാന്‍ അശ്വിനിക്ക് അനിയത്തിക്കൂട്ടുകാരിയെ വേണമെന്നു തോന്നി.   അവള്‍ക്കു അഖിലയനിയത്തിയോട് അലിവു തോന്നി. ഓടിയോടി ജീവിക്കുന്നതിനിടയില്‍ അഖില അശ്വിനിയെ വിളിക്കാറുണ്ട്.   
''ചേച്ചി വല്ല രക്ഷയും ണ്ടായിരുന്നെങ്കി ഞാന്‍ അങ്ങോടു വന്നേനെ.''  
''നീ വന്നിട്ടെന്തിനാ?  ഇവിടുത്തെ ഡോക്ടര്‍മാര്‍ക്ക് ചെയ്യണേ കൂടുതല്‍ എന്താ ചെയ്യാമ്പോനെ?'' 
''എന്തെങ്കിലും സ്വാദുള്ളത് ഉണ്ടാക്കി തരായിരുന്നു. പട്ടിണിയാണോ ചേച്ചി?''   
''ഞാന്‍ നന്നായിട്ടു തിന്നുന്നുണ്ട് പോത്തെ. നിനക്ക് വട്ടാണ്''
''ചേച്ചി ഒന്നും കഴിക്കുന്നില്ലാന്നും പറഞ്ഞു അമ്മേം കഴിപ്പു നിര്‍ത്തിയിരിക്കാ.''   
തര്‍ക്കുത്തരം മാത്രം പറയുന്ന അശ്വിനിക്ക് ഒരു സമയം ഒരാളായാല്‍ മതി. പക്ഷെ അഖില, അവള്‍ ഒരേസമയം പല വേഷങ്ങളിലാണ് ആടുന്നത്.
ഒറ്റയ്ക്ക് വൃദ്ധരോഗികളെ നോക്കുന്ന അമ്മ ഫോണില്‍ അശ്വിനിയോടു ചോദിച്ചു.
''അവിടെ മുള്ളാത്ത കിട്ടോടീ?  അത് കഴിച്ചാല്‍ മതി, വേറെ ഒരു ചികിത്സയും വേണ്ടെന്നാ ഇവിടെ ഓരോരുത്തര് പറേണേ.'' 
''ലക്ഷ്മിതരുവിന്റെ ഇല കഷായം വെച്ചു കൊടുത്തയക്കാം മോളു.''  
'അമ്മേ, ഇവിടുത്തെ സിനിമനടി സൂസന്‍ സോമേഴ്‌സ് ഏതോ ഇത്തിക്കണ്ണി സൂപ്പുകൊണ്ട് കൊണ്ട് സ്വയം ക്യാന്‍സര്‍ ചികിത്സ നടത്തുന്നുണ്ടെന്നു  ന്യൂസിലു  കണ്ടു.  ഞാന്‍ വായിച്ച ഒരു ആയുര്‍വ്വേദ ലേഖനത്തില്‍  സസ്യാഹാരം കഴിക്കാന്‍ പറയുന്നു.    ചൈനീസ് വിധിപ്രകാരം പന്നിയിറച്ചിയാണ് കാന്‍സറിനെ വെല്ലാന്‍ നല്ലത്.    പാലും മധുരവും ഒഴിവാക്കാന്‍ മോഡേണ്‍ മെഡിസിന്‍ പറയുന്നു. ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുന്നതാണ് നല്ലതെന്നു ചുരുക്കം.'  
പ്രേമാവതി ഫോണ്‍ വെച്ചു കീഴടങ്ങിയപ്പോള്‍ അശ്വിനി റാണയെ വാക്കുതര്‍ക്കത്തിനു ക്ഷണിച്ചു.  
''ഈ ലോകത്തുനിന്നും പോവുക എന്നത് അനിവാര്യതയാണ്. എന്നിട്ടും മരണത്തെ ഓര്‍ത്ത് എന്തിനാണ് പരിഭ്രമിക്കുന്നത്. കടങ്ങളെല്ലാം വീട്ടി. യാത്ര പറഞ്ഞു സമാധാനത്തോടെ പോവാന്‍ സാധിക്കുന്നത് നല്ലതല്ലേ?''  
''നമ്മെ  ചുറ്റിപ്പിണഞ്ഞിരിക്കുന്ന ജീവിതങ്ങളോ?''     
''ഞാനില്ലാതായാല്‍ ഈ വീട് നിലച്ചു പോവുമോ? ഇവിടുത്തെ ജീവിതങ്ങള്‍ വ്യത്യസ്തമായിരിക്കും. അത് മോശമാകണമെന്നില്ല.  ലോകവും നിന്നു പോവില്ല. അപ്പോള്‍ ലോകത്തിനു എന്നെയാണോ എനിക്ക് ലോകത്തിനെയാണോ കൂടുതല്‍ ആവശ്യം?''
''രണ്ടും പരസ്പര പൂരകങ്ങളാണ് വേദാന്തി.'' 
റാണക്ക് എല്ലാത്തിനും ഉത്തരങ്ങളുണ്ടായിരുന്നു.  
 
ചത്തുമലച്ചു കിടന്ന ലാന്‍ഡ്‌ഫോണ്‍ ഞായറാഴ്ച ഉച്ച കഴിഞ്ഞു ബഹളം കൂട്ടിയപ്പോള്‍ മോഹനാണ് അതെടുത്തത്. ഫോണ്‍ അറ്റന്‍ഡ് ചെയ്ത മോഹന്‍ അന്തരീക്ഷത്തിനോട് പറഞ്ഞു. 
'സ്‌കറിയ ആയിരുന്നു.  അവരീവഴി വരുന്നുണ്ട്.  പള്ളീടെ പണിക്കുള്ള എന്തോ ഫണ്ട്‌റേസിങ്' 
''നമ്മള്‍ ഹിന്ദുക്കള്‍ക്കാണ് കുറെ ദൈവങ്ങള്‍ ഉള്ളതെന്ന് ഇവര്‍ പരിഹസിക്കും. എന്നിട്ടും ഇവിടെ അമ്പലം ഒന്നേ ആയിട്ടുള്ളൂ. ഇതിപ്പോ എത്രാമത്തെ പള്ളിക്കാണ് നമ്മള്‍ പിരിവു കൊടുക്കുന്നത്?''
കീര്‍ത്തന കണ്ണുമിഴിപ്പിച്ച് അമ്മയെ നോക്കി.  ആ നോട്ടത്തില്‍ ശിക്ഷയും ശിക്ഷണവും അശ്വിനി കണ്ടു.  
'ജാതീം മതോം പറയുന്നോരെ കുറ്റം പറയുന്നതു മമ്മയല്ലേ? Aren't you ashamed to make such comments?' 
'കീര്‍ത്തന!' 
മോഹന്‍ അടക്കിയ ശബ്ദത്തില്‍ വിളിച്ചു.
''Accha, you keep everything under the carpet.  മമ്മക്ക് ഹിപ്പോക്രസൈറ്റിസിനാണു ചികില്‍സിക്കേണ്ടത്''
'Keerthana, mind your words!'  
മോഹന്റെ ശബ്ദം ഉയര്‍ന്നു.   
'മമ്മക്കു ഇപ്പൊ തീരെ മര്യാദയില്ല. വഴിയില്‍ കാണുന്നവരൊക്കെ ക്യാന്‍സറിനെപ്പറ്റി മാത്രം ചോദിക്കുന്നൂന്നു ഒരു ദിവസം പരാതിപ്പെടും.  അനദര്‍ ഡേ ഇവരെന്താ അസുഖത്തെപ്പറ്റി ഒന്നും ചോദിക്കാത്തെന്നു കംപ്ലെയിന്റ് ചെയ്യും.   സപ്പോര്‍ട്ട് ഗ്രൂപ്പില്‍ പോവില്ല, She thinks it is below her.  Keep pushing everyone way.  Impossible-'   
അവള്‍ മോഹനോടു മറുപടി പറഞ്ഞു. മോഹനു ഉത്തരമൊന്നും പറയാനുണ്ടായിരുന്നില്ല.   
ഓരോരുത്തരും ഏതൊക്കെ വിധം പെരുമാറണമെന്ന് അശ്വിനി പ്രതീക്ഷിക്കുന്നുണ്ട്. അശ്വിനിയുടെ പെരുമാറ്റ മാപിനിയില്‍ താഴേക്കു പോയാല്‍ അവള്‍ പൊറുക്കില്ല. കീര്‍ത്തനയുടെ ഡയഗ്‌നോസില്‍ അശ്വിനി  വാക്കുകളെ അമര്‍ത്തിപ്പിടിച്ചു  
കീമോ ബ്രെയിന്‍! 
കീമോ ബ്രെയിന്‍!
കീ..കീ..കീ.. കീമോ!
കീമോ..ചീമോ... 
ചീഞ്ഞ ബ്രെയിന്‍ 

(തുടരും)

Content Highlights: Manjil Oruval novel by Nirmala part Twenty nine Grihalakshmi