Tender loving Snuffy Dear
 
പ്പോഴാണ് ഉറങ്ങിപ്പോയതെന്നറിയാതെ അശ്വിനി രാവിലെ ആറുമണിക്ക് ഉണര്‍ന്നു. നേരെകിടന്നും ഇടതുവശം ചരിഞ്ഞു കിടന്നും വിളിച്ചിട്ട് ഉറക്കം പിന്നെ വന്നതേയില്ല. ഒരിക്കലും തീരില്ലെന്നും പിരിഞ്ഞുപോവില്ലെന്നും വര്‍ഷങ്ങളായി അശ്വിനിയോടു ആണിയിട്ടു പറഞ്ഞിരുന്ന അസത്ത് ഉറക്കമാണ് പുറപ്പെട്ടു പോയത്! മോഹന്‍ അതികാലത്തെ ഉണരുന്ന സാമര്‍ത്ഥ്യക്കിളിയാണ്. അതിനും മുന്‍പ് ഉണര്‍ന്ന് യോഗ ചെയ്യുന്ന പുഴുക്കളെ പിടിച്ചു തിന്നാനുള്ള കൗശലമാണത്.  
 
ജോലിക്കു പുറപ്പെടുന്നതിനു മുന്‍പു കീര്‍ത്തന അമ്മരോഗിയെ വിളിച്ചു.  
''മമ്മൂ വേദനണ്ടോടാ?''  
''ഉവ്വെഡാ, എനിക്ക് ടൈപ്പ് ചെയ്യാനും ടെക്സ്റ്റ് അയക്കാനും വയ്യ.''
''റൈറ്റ് സൈഡിലെ മസില്‍സ് മൂവ് ചെയ്യാണ്ട് നോക്കു. അമ്മ എനിക്ക് വോയ്സ് മെസേജ് അയച്ചാല്‍ മതി.''
''എനിക്ക് വെശക്കുമ്പോ എന്തു ചെയ്യും.''
''തല്‍ക്കാലം പേഷ്യന്റ് ടേക്ക് ഔട്ട് കൊണ്ട് അഡ്ജസ്റ്റ് ചെയ്യു. ഞാന്‍ വീക്കെന്‍ഡില്‍ വന്ന് ചോറും സാമ്പാറും ഉണ്ടാക്കി തരാട്ടോ.'' 
''ഉം..ഉവ്വ! സാമ്പാറില്‍ എന്തൊക്കെയാ ഇടണ്ടേന്നു നിനക്കറിയോ?'' 
''Google guru and youtube will help me, don't worry.   മമ്മുക്കുട്ടന്‍ വാവോ വെച്ചോളൂ.''
''പറ്റില്ല രന്ന, നേഴ്സു ഒന്‍പതു മണിക്കെത്തും! അതിനു മുന്‍പ് സുന്ദരിയായി താഴെ പ്രത്യക്ഷപ്പെടണം.'' 
ഗൂഗിളിന്റെ സാമ്പാറുകൂട്ടി ചോറുണ്ണാന്‍ ഇനി എത്ര സ്ലീപ്പും കൂടിയുണ്ടെന്നു ആലോചിച്ചു അശ്വിനി കുറച്ചു നേരംകൂടി കിടന്നു. കുട്ടികീര്‍ത്തന ദിവസങ്ങള്‍ കണക്കുകൂട്ടിയിരുന്നത് ഉറക്കം എണ്ണിയിട്ടാണ്.  
''How many more sleeps to the birthday party Mamoo?' 
'Two more sleeps and Acha will be home!'   
 
അശ്വിനിക്ക് കീര്‍ത്തനയുടെ മടിയില്‍ തലവെച്ചു കിടന്നുറങ്ങണം.  How many more sleeps to that?
സാവധാനത്തില്‍ ശരീരത്തിന്റെ മുകള്‍ഭാഗം അനങ്ങാതെ അശ്വിനി കിടക്കയില്‍ നിന്നുമെഴുന്നേറ്റു.  അവള്‍ വേവലാതിയോടെ കണ്ണാടി നോക്കി. മുടി ചീവണോ? വലതു കൈപൊക്കി ചീവാന്‍ പറ്റുന്നില്ല.  ആയാസപ്പെട്ട് ടാപ്പു തുറന്നു. കുറച്ചു വെള്ളം ഇടംകൈ കൊണ്ടെടുത്ത്  അശ്വിനി  മുടിനനച്ച് ഒതുക്കി വെച്ചു.  ഇടംകൈകൊണ്ടു പല്ലു തേച്ചതില്‍ തൃപ്തിയാവാഞ്ഞ് അവള്‍ പച്ച നിറമുള്ള മൌത്ത് വാഷ് കൊണ്ട്  കുലിക്കിത്തുപ്പി.  
 
പൈജാമ മാറി അയഞ്ഞ പാന്റിട്ടു. ഉടുപ്പുകള്‍ ഊരുന്നതും ഇടുന്നതും കല്യാണി അറിയുന്നുണ്ട്.  അറിയുന്നുണ്ടെന്നു അശ്വിനിയെ അറിയിക്കുകയും ചെയ്യുന്നുണ്ട്.  മുലയൂട്ടു കാലം പോലെ തന്നെയാണ് മുലപോക്കുകാലവും.  മുന്നില്‍ കുടുക്കുള്ള  ടോപ്പുകള്‍ക്കാണ്  ഡിമാന്റ്.  അയഞ്ഞ മഞ്ഞ ടോപ്പിനു മുകളില്‍ അശ്വിനി വെറുതെ ഒരു സ്വെറ്ററുമിട്ടു. ഒളിച്ചു വെയ്ക്കാനെന്തോ ഉള്ളതു പോലെ.  കാനഡയില്‍ തണുപ്പ് ഒരു സ്ഥായീഭാവമാണ്. ഏതു കാലാവസ്ഥയിലും സ്വറ്ററിടാമെന്നത് അശ്വിനിക്ക് ആശ്വാസമായിതോന്നി. 
ആശുപത്രിയില്‍ നിന്നും നേരത്തെ യാത്രയാക്കിയതിനു പകരമായിട്ടാണ് നേഴ്സ് വീട്ടിലേക്ക് വരുന്നത്.  മുടിയില്‍  നരകയറിത്തുടങ്ങിയ മരിയ ചിരിച്ചുകൊണ്ടു ഗുഡ്മോര്‍ണിംഗ് എന്ന് ഉച്ചത്തില്‍ പ്രഖ്യാപിച്ചു വീടിനകത്തേക്ക് കയറി. എവിടെ എങ്ങനെ എന്നൊക്കെ കണക്കു കൂട്ടി നിന്ന അശ്വിനിയെ അവഗണിച്ച് ചുറ്റും നോക്കാതെ മരിയ നേരെ നടന്ന് സ്വീകരണമുറിയിലെ സോഫയില്‍ ഇരുന്നു. കൂടെ കൊണ്ടുവന്ന ഫയലിന്റെ കെട്ട് അവര്‍ സോഫയിലാണ് വെച്ചത്. എഴുന്നൂറ്റിപ്പത്തു കിലോഗ്രാം അണുക്കള്‍ ഉണ്ടാവും അതില്‍! 
അശ്വിനി റാണയോടു പിറുപിറുത്തു.  
 
''How are you honey?'
മരിയ ചിരിച്ചുകൊണ്ടു ചോദിച്ചു. തേന്‍മധുരത്തില്‍ ചെടിച്ച് അശ്വിനി സെല്‍ഫോണ്‍ മാറ്റി വെച്ചു. മരിയ കല്യാണിയുടെ ആശുപത്രിക്കെട്ടഴിച്ചു  മുറിവിന്റെ നിലവാരം നോക്കി.     അംഗഭംഗം വന്ന ശരീരത്തിനെ നോക്കാതിരിക്കാന്‍ അശ്വിനി ശ്രദ്ധിച്ചു. മനസ്സു കൊരങ്ങനല്ലേ, നോക്കരുതെന്നു വിചാരിക്കുന്നിടത്ത് മാത്രമേ അത് നോക്കൂ. വെട്ടിക്കീറി തുന്നിക്കൂട്ടിയ ആമ്പല്‍മൊട്ട് ചുവന്നു ക്രുദ്ധയായി നില്‍ക്കുന്നു. മോഹന്‍ എങ്ങനെയാണ് അത് നോക്കി അശ്വിനിയെ സ്നേഹിക്കുക?കളവാണി അവളെ ശാസിച്ചു.
''നീ എന്തിനാണ് ഇതിനു സമ്മതിച്ചു കൊടുത്തത്? കണ്ടില്ലേ കോലം,  ഞായറാഴ്ചത്തെ ഇറച്ചിക്കട പോലെ!''
 
ഞായറാഴ്ച ക്രിസ്ത്യാനികളെല്ലാം ഇറച്ചി വാങ്ങുന്ന ദിവസമാണ്. അന്ന് അമ്മ ലോനപ്പനെ വിട്ട് വറീസുട്ടീടെ കടയില്‍നിന്ന് ഇറച്ചി വാങ്ങിപ്പിക്കും. നല്ല ഇറച്ചിയായിരിക്കും. ''വരൂ വറീസുട്ടീ, അശ്വിനീടെ കരളെടുത്ത് മുട്ടീല് വെച്ചിട്ട് നല്ല മൂര്‍ച്ചയുള്ള കത്തികൊണ്ട് ചെറീതായിട്ടങ്ങ് നുറുക്കണം. ന്നട്ട് നമ്മക്ക് എണ്ണേലിട്ട് നല്ല പച്ചമൊളകും കുരുമൊളകും കൂട്ടി ചിക്കിപ്പൊരിച്ചെടുക്കാം.''
 
മുറിവില്‍ നിന്നും ഊറിയ ചോരയും വെള്ളവും നിറഞ്ഞ ദ്രാവക സംഭരണി പാന്റിന്റെ ബെല്‍റ്റിലാണ് തൂക്കിയിട്ടിരിക്കുന്നത്.  മരിയ ശ്രദ്ധയോടെ പതിയെ അത് അഴിച്ചു മാറ്റി.  മരിയയുടെ നഖങ്ങള്‍  പരന്നതാണ്. കുറച്ചു വളര്‍ന്നിട്ടുമുണ്ട്. സംഭരണിയിലെ മുന്തിരിച്ചാറിന്റെ അളവു നോക്കി തിട്ടപ്പെടുത്തിയിട്ട് മരിയ അതിനെ നിര്‍ദ്ദയം കക്കൂസയിലൊഴിച്ചു കളഞ്ഞു.  
''എന്റെ രക്തവും വെള്ളവുമാണത്''
കല്യാണി പരിഭവിച്ചു.  മരിയ ആശുപത്രിക്കടലാസിലെ കോളങ്ങള്‍ അശ്വിനിയുടെ മുഖത്തിനു നേരെ പിടിച്ച് പൂരിപ്പിച്ചു. 
''ഇതാ, ഈ കോളത്തില്‍ സമയം എഴുതണം.  ഇവിടെ അളവും.''
അതുകഴിഞ്ഞു മരിയ ട്യൂബിനെ ഒരു കൈകൊണ്ടു അമര്‍ത്തിപ്പിടിച്ചു മറ്റേകൈകൊണ്ട് നീട്ടി വലിച്ചു വൃത്തിയാക്കാന്‍ പഠിപ്പിച്ചു.  
-On the job training!  
ചെത്തിമിനുക്കി ഒരുക്കാതെ വിട്ടിരിക്കുന്ന പരുക്കന്‍ നഖങ്ങളും വാക്സ് ചെയ്യാത്ത ചെറു രോമങ്ങളുമുള്ള കൈകളുംകൊണ്ട് മരിയ മുറിവു വൃത്തിയാക്കി, പുതിയ കെട്ടില്‍ പൊതിഞ്ഞു.    
''വേദനയുണ്ടോ?''
''ഉവ്വ്, ഈ കൈ അനക്കാന്‍ വയ്യാത്ത വേദനയുണ്ട്. പല്ലുതേക്കാനും മുടി ചീവാനും ടൈപ്പ് ചെയ്യാന്‍ പോലും പറ്റുന്നില്ല.''
''അത്രയും മസിലും നെര്‍വുകളും രക്തക്കുഴലുകളുമൊക്കെ മുറിച്ചു മാറ്റിയതല്ലേ. വേദന ഉണ്ടാവും. നന്നായി ഉണങ്ങുന്നത് വരെ വേദനിക്കും. കൈ് അനക്കിക്കോളൂ. പക്ഷേ, അധികം ആയാസമായിട്ട് ഒന്നും ചെയ്യരുത്.''   
മരിയ അശ്വിനിയുടെ കൈ നിവര്‍ത്തിയും മടക്കിയും നോക്കി.  വേദനയുടെ നിലവാരം കണക്കാക്കി. അതും കുറിപ്പെഴുതി.  അവരുടെ ബഗണ്ടന്‍ ഫയലില്‍ നിന്നും  കടലാസുകള്‍ പുറത്തേക്ക് തലയിട്ടു നാക്ക് നീട്ടി ആശ്വിനിയെ കൊഞ്ഞനം കുത്തി.  പപ്പടക്കെട്ടുകള്‍ ഇനി എന്നായിരിക്കും ഇലക്ട്രോണിക് ആയി മാറുക? മോഹന്റെ കമ്പനി മെഡിക്കല്‍  നോട്ട്ബുക്കുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്.  അതിനിപ്പോള്‍ നല്ല മാര്‍ക്കറ്റാണത്രേ.   
 
നേഴ്സ് പോയിക്കഴിഞ്ഞതും അശ്വിനി പാന്‍സും സ്വെറ്ററും ഊരിമാറ്റി പൈജാമയിലെക്കു മടങ്ങി.  വേദനസംഹാരിയുടെ വരപ്രസാദത്തില്‍  അവള്‍ പിന്നെയും സോഫയില്‍ ഉറങ്ങി. ഉണര്‍ന്നപ്പോള്‍ അശ്വിനിയുടെ ആമാശയം ഭക്ഷണം... ഭക്ഷണം... ഈ ക്ഷണം എന്ന്  കാറിക്കൂവാന്‍ തുടങ്ങിയിരുന്നു.
മര്യാദയും സഹകരണവും ഇല്ലാത്ത അടുക്കള പറഞ്ഞു.   
''ദേ, ഊണുപെട്ടി തുറന്നു നോക്ക്!''
അശ്വിനി ഫ്രിഡ്ജിന്റെ വാതിലില്‍ പിടിച്ചോന്നു  തുറക്കാന്‍ നോക്കിയതും അമ്മ പറഞ്ഞു കേട്ടിട്ടുള്ള പൊന്നീച്ചകള്‍ അവളുടെ കണ്ണിലൂടെയിറങ്ങി തലയ്ക്കു ചുറ്റും വട്ടത്തില്‍പ്പറന്നു മച്ചിലേക്ക് പൊങ്ങി.  കബോര്‍ഡുകളില്‍ പിടിച്ച്  അശ്വിനി മെല്ലെ നിലത്തിരുന്നു.  പൈജാമയുടെ ഇലാസ്റ്റിക്കില്‍ ഉടക്കിയിട്ടിരുന്ന  ദ്രാവക സംഭരണി ഗ്ലും എന്നൊരു ശബ്ദത്തില്‍ നിലത്തു തട്ടി.   അവള്‍ പരിഭ്രമത്തില്‍ ആ പ്ലാസ്റ്റിക് ബള്‍ബ് തിരിച്ചും മറിച്ചും നോക്കി.  പൊട്ടിപ്പോയിട്ടില്ല.  ടൈലിന്റെ തണുപ്പ് പൈജാമക്കിടയിലൂടെ അശ്വിനിയെ സാന്ത്വനപ്പെടുത്തി.  
''It's ok dear, it's ok.'  
തലകൈയില്‍ താങ്ങി ഇരിക്കുമ്പോള്‍ ടൈലുകള്‍ക്കിടയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെളിയും അശ്വിനിയെ പരിഹസിച്ചു. 

അശ്വിനി ഇരുപ്പുമതിയാക്കി സാവധാനത്തില്‍ കബോര്‍ഡുകളില്‍ പിടിച്ച് എഴുന്നേറ്റു. വയറിന്റെ കാളലില്‍ അവള്‍ ഇടതുകൈകൊണ്ടു ഫ്രിഡ്ജ് തുറന്നു. പണ്ടും ഇത്രയും ശക്തിവേണമായിരുന്നോ ഇതു തുറക്കാന്‍?  അതോ അശ്വിനിക്കു വേണ്ടി പോസ്റ്റ് സര്‍ജിക്കല്‍ സ്പെഷ്യല്‍  ആണോ എന്ന് റാണയോടൊന്നു ചോദിക്കാന്‍ മുറിഞ്ഞു പോയ നേര്‍വുകളും മസിലും ധമനിയും അശ്വിനിയെ സമ്മതിച്ചില്ല.   
പുറത്തേക്ക് വരുന്നില്ലേന്നൊരു കാവല്‍ക്കാറ്റ് കണ്ണാടി വാതിലില്‍ തട്ടി വിളിച്ചു ചോദിച്ചത് ആ നേരത്താണ്.  
 
അശ്വിനിയുടെ ഫ്രിഡ്ജില്‍ പലതരം ഭക്ഷണങ്ങളുണ്ട്.  പല അടുക്കളകളില്‍ നിന്നും വന്നത്.  അശ്വിനി ഇടംകൈകൊണ്ടു  പ്രഷര്‍കുക്കറാന്റിയുടെ ഇഡലിയും സാമ്പാറും പുറത്തെടുത്തു. സീമയാന്റി ഇഡലിയും, സാമ്പാറും, നാരങ്ങ അച്ചാറുമാണ് അശ്വിനിയുടെ ക്യാന്‍സുവിനെ കാണാന്‍ വന്നപ്പോള്‍ കൊണ്ടുവന്നത്. ഒരാഴ്ച കഴിക്കാനുള്ള ഇഡലിയുണ്ട്. എത്ര നല്ല മനസ്സുള്ള സ്ത്രീയാണ്, എന്നാലും പ്രഷര്‍കുക്കറാന്റി എന്നപേരെ അശ്വിനിയുടെ നാവില്‍ വരൂ. സീമയാന്റി കിതച്ചുകൊണ്ട്  തിരക്കിട്ടാണ് സംസാരിക്കുന്നത്.  സംസാരിക്കുമ്പോള്‍ ശ്വാസംവിടാന്‍ ബുദ്ധിമുട്ടുള്ളതുപോലെ തോന്നും. പുതിയ കറികളുടെ റെസിപ്പികള്‍, ഭക്ഷണം ഉണ്ടാക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നൊക്കെ ഇടതടവില്ലാതെ പറഞ്ഞുകൊണ്ടിരിക്കും. അങ്ങനെയാണ് പ്രഷര്‍കുക്കറാന്റിഎന്ന പേരുവന്നത്.  
ആര് ഭക്ഷണത്തെക്കുറിച്ച് എന്തു പറഞ്ഞാലും അതിലിടപെടും. അത് എങ്ങനെ വെക്കണം, എന്തൊക്കെ ശ്രദ്ധിക്കണം എന്ന് പ്രത്യേകം പറയുമ്പോള്‍ പ്രഷര്‍ കൂടുന്നുണ്ടെന്നു തോന്നും.  പൊതുപരിപാടികള്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊണ്ടുവരാന്‍ നല്ല ഉത്സാഹമാണ് ആന്റിക്ക്.  മകനായിരിക്കും വലിയ ട്രേകള്‍ താങ്ങിയെടുത്ത് പിന്നാലെ വരുന്നത്.   ഇന്റര്‍നെറ്റിലും, വനിതാ മാസികകളിലും വരുന്ന പാചകക്കുറിപ്പുകള്‍ പരീക്ഷിച്ചു നോക്കി വിസ്തരിക്കും. കേള്‍വിക്കാര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.  
 
അശ്വിനി അമ്മയെ വിളിച്ചു.  
''അമ്മേ ഞാന്‍ ഇഡലീം കൊല്ലം സാമ്പാറും കഴിക്കാ!''
''അതേടെക്കിട്ടി മോളു?'' 
''ഇവിടെയുള്ള  ആന്റിമാരു കൊണ്ടത്തന്നതാണ്.  ഈ സീമയാന്റി നേഴ്സായിട്ടു റിട്ടയര്‍ ചെയ്തയാളാ.  നല്ല സ്നേഹോണ്ടംമ്മേ!''
''അവരപ്പൊ ഇതൊക്കെ വിയ്ക്കോ?''
''ഹോ, അല്ലെന്റെമ്മേ, വയ്യാണ്ടിരിക്കുമ്പോ കൊണ്ടൊന്നു തന്നതാണ്. നമ്മള് രോഗികളെ കാണാന്‍ പോവുമ്പോ ഓറഞ്ചും, ആപ്പിളും മുന്തിരീം കൊണ്ടോവില്ലേ, അതിനു പകരം! അതിനൊന്നും ഇവിടെ ഒരു വെലേം ഇല്ല.   ഇവിടുത്തെ ആന്റിമാര്‍ക്ക്  ഇങ്ങനെയൊരു ഗുണമുണ്ട്. വെറുതെ വന്നു കണ്ടു കുശലം പറഞ്ഞ് ഉപദേശങ്ങളും തന്നു പോവില്ല. കൈയില്‍ പൊതിയുണ്ടാവും. പലഹാരങ്ങള്‍, അച്ചാറു, കറികള്‍...''  
''നിനക്ക് സ്വാദോള്ളതൊന്നും തിന്നാന്‍ കിട്ടണില്ല, ല്ലേ! പാവം, ആ ചെക്കനും പട്ടിണി ആണോടീ?''
''അസുഖം എനിക്കല്ലേ? ചെക്കനെങ്ങനെ പാവാവാണത്!'' 
''ന്റെ അച്ചൂ, ഇവ്ടുന്നു ജോലിക്കാരെ ആരെങ്കിലും വിടാന്‍ പറ്റൊന്നു ഒന്ന് അന്വേഷിക്കാന്‍ ഞാന്‍ പറഞ്ഞതല്ലേ?''   
''ഓ, ചെക്കനു ചോറും തീയലും വെച്ചു കൊടുക്കാനല്ലേ, വേഗം വിടൂ. ലക്ഷ്മി നായരെ ക്രൂ സഹിതം കിട്ടോന്ന് നോക്ക്! ടിവീലിടാം.  കാശിത്തിരി ആയാലെന്താ പാവം ചെക്കനല്ലേ!'' 
അശ്വിനി ഫോണും അമ്മയേയും ഉപേക്ഷിച്ചു ടിവിക്കു മുന്നിലേക്ക് പോയി.  ടൈലനോള്‍-ത്രീയുടെ ലഹരിയില്‍ അവള്‍ വീണ്ടും ഉറങ്ങി.  ഉറക്കമുണരുമ്പോള്‍ അരയിലെ ബള്‍ബ്  നിറയാറായിരുന്നു. 
 
സ്റ്റെപ്പ് വണ്‍:  
ഉറക്ക ക്ഷീണത്തില്‍ അശ്വിനി കുളിമുറിയിലേക്ക് നടന്നു.  അവസാത്തെ സ്റ്റെപ്പും തീര്‍ത്തു കഴിഞ്ഞപ്പോഴേക്കും അശ്വിനി ക്ഷീണിച്ചു. തണുപ്പു കൊണ്ടു അവളെ വിറക്കാന്‍ തുടങ്ങി. തണുത്തുറഞ്ഞു കൂനിയിരുന്നപ്പോള്‍ ഒരു കെട്ടിപ്പിടുത്തത്തെപ്പറ്റി മാത്രമേ അശ്വിനിക്ക് ആലോചിക്കാന്‍ കഴിഞ്ഞുള്ളൂ.  ആരെങ്കിലും പിന്നിലൂടെ വന്ന് മുറുക്കെ കെട്ടിപ്പിടിക്കണം.  
 
കുട്ടികളുടെ സെസമീസ്ട്രീറ്റ് പ്രോഗ്രാമിലെ മഞ്ഞത്തൂവലുള്ള  ബിഗ് ബേര്‍ഡ്നെ ആയിരുന്നു കീര്‍ത്തനക്ക് ഇഷ്ടം.  ബിഗ് ബേര്‍ഡ്‌ന്റെ കൂട്ടുകാരനാണ് സ്നഫി എന്നു പേരുള്ള സ്നഫളോപ്പഗസ്. നീണ്ട രോമക്കുപ്പായമുള്ള ഒരു മാമോത്ത് ആനക്കുട്ടി. കീര്‍ത്തനക്ക് ന്യുമോണിയ പിടിച്ച് കിടന്നപ്പോള്‍ വാങ്ങിക്കൊടുത്തതായിരുന്നു സ്നഫളോപ്പഗസിനെ. സ്നഫിയെ കെട്ടിപ്പിടിച്ചു കിടന്നാല്‍ തണുക്കില്ല എന്നാശ്വസിപ്പിച്ചു.  പിന്നെ കീര്‍ത്തന കളിയും ഉറക്കവും സ്നഫിയുടെ കൂടെയാക്കി. അശ്വിനിയുടെ അനാവശ്യമായ വൃത്തിബോധം സ്നഫിയുടെ കണ്ണു ചൂഴ്ന്നെടുത്തു കഴിഞ്ഞ് കീര്‍ത്തന കൂടെ ഉറങ്ങാന്‍ ഒരു പാവയേയും കൂട്ടിയിരുന്നില്ല.    
''അലോഷ്യസ് സ്നഫളോപ്പഗസ്*, വന്നൊന്നു എന്നെ കെട്ടിപ്പിടിക്കു. ഈ തണുപ്പിനെ കുടഞ്ഞു കളയട്ടെ അശ്വിനി. രോമാക്കുപ്പായമുള്ള വലിയ കൈയും കാലും തുമ്പിക്കൈയും കൊണ്ട് അശ്വിനിയെ നിന്റെ ശരീരത്തില്‍ ഒളിപ്പിക്കു.'' 
കണ്ടിട്ടില്ലേ, കുട്ടികള്‍ കളിക്കുന്നതിനിടയില്‍ ഓടിവന്ന് അമ്മയെ ഒന്നു കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിട്ട് തിരിച്ചോടിപ്പോകുന്നത്.  എല്ലാവരും കുട്ടികളാണ്.  എല്ലാവര്‍ക്കും ഇടക്കൊക്കെ സ്നഫളോപ്പഗസ് കെട്ടിപ്പിടുത്തം വേണം.   
 
കീര്‍ത്തന വരുമ്പോഴും അശ്വിനിയുടെ ഉറക്കം വിട്ടുമാറിയിരുന്നില്ല. ''കീര്‍ത്തന, നിന്റെ സ്നഫിയെ ഓര്‍മ്മയില്ലേ? സ്നഫിയില്ലാണ്ട് നിനക്ക് ഊണും ഉറക്കവുമില്ലായിരുന്നു. അതുപോലെയാ നീ എനിക്കിപ്പോ.'' 
''Oh I remember Sunffy, the one you brutally ruined, right?'
 
കീര്‍ത്തന കഴിക്കുമ്പോള്‍ സ്നഫിക്കും കൊടുക്കും കുറച്ചു കുറുക്കും ചോറും പാലുമൊക്കെ. ഉറങ്ങാനും കളിക്കാനും കീര്‍ത്തനക്കു സ്നഫി വേണം. ഒന്നു കഴുകാന്‍ പോലും അവള്‍ സ്നഫിയെ കൈയില്‍ നിന്നും മാറ്റില്ല. ചെളിപിടിച്ചു നാറ്റവും വെച്ചപ്പോഴാണ് അശ്വിനി ആ പാതകം ചെയ്തത്. ഉറങ്ങിയ കീര്‍ത്തനയുടെ കൈയില്‍ നിന്നും സ്നഫിയെ അടര്‍ത്തിയെടുത്ത് വാഷിംഗ് മിഷീനിലിട്ടു. കീര്‍ത്തന ഉണര്‍ന്നു വരുമ്പോള്‍ സുന്ദരന്‍ സ്നഫിയെ കണ്ടു ചിരിക്കുന്നത് അശ്വിനി പലതവണ പ്രാക്ടീസ് ചെയ്തതാണ്. കഴുകല്‍ കഴിഞ്ഞ മെഷിന്‍ തുറന്നു നോക്കിയ അശ്വിനിയുടെ ചങ്കിടിപ്പ് കുറച്ചു നേരത്തേക്ക് നിന്നു പോയി. യന്ത്രത്തില്‍ കിടന്ന് വട്ടം കറങ്ങി കറങ്ങിത്തിരിഞ്ഞ് ആനക്കുട്ടിയുടെ ഒരു കണ്ണ് ഊര്‍ന്നു പോയിരുന്നു. അശ്വിനി വെകിളി പിടിച്ച് വാഷിംഗ് മിഷീനില്‍ തപ്പിയിട്ടും കണ്ണു കണ്ടു കിട്ടിയില്ല.  കീര്‍ത്തന അപ്പോഴേക്കും ഉണര്‍ന്നിരുന്നു. ഒറ്റക്കണ്ണന്‍   സ്നഫിയെ വലിച്ചെറിഞ്ഞ് അവള്‍ വിതുമ്പി വിതുമ്പി കരയുന്നത് അശ്വിനി അപരാധ ബോധത്തോടെ കണ്ടുനിന്നു. 
 
അശ്വിനി പരിഭ്രമത്തില്‍ മോഹനെ വിളിച്ചു. മോഹാനാണ് പറഞ്ഞത് ബട്ടണുകളും ചില്ലറയും ഒളിപ്പിച്ചു വെക്കുന്ന ഒരു അറ അലക്കുയന്ത്രത്തിനുണ്ടെന്നു.  മുട്ടുമടക്കി തറയിലിരുന്നു അറ തുറന്നു അശ്വിനി സ്നഫിയുടെ കണ്ണു ബട്ടണ്‍ വീണ്ടെടുത്തു. കറുത്ത നൂല്‍കൊണ്ട് കണ്ണു ബട്ടന്‍ തിരികെ പിടിപ്പിച്ചു. തയിച്ചു ചേര്‍ത്ത കണ്ണ് കുറച്ചൊന്നു ഉന്തി നില്‍ക്കുന്നത് കീര്‍ത്തന കണ്ടു പിടിച്ചു.  കീര്‍ത്തന അറപ്പോടെ ഭയത്തോടെ  സ്നഫിയെ മാറി നടന്നു. ആ കുറ്റബോധം ഇനിയും ചുമക്കേണ്ട ആവശ്യമില്ലെന്ന് റാണാ പ്രതാപ് സിംഗ് അശ്വിനിയെ ആശ്വസിപ്പിച്ചു.  മനപൂര്‍വ്വം ചെയ്തതല്ല.  നല്ലതിന് വേണ്ടി ചെയ്തതാണ്. ചുരുക്കത്തില്‍ ഉദ്ദേശത്തില്‍ ശുദ്ധി ഉണ്ടായിരുന്നതുകൊണ്ട് അശ്വിനിയെ കോടതി വെറുതെ വിട്ടിരിക്കുന്നു.  എന്നാലും കീര്‍ത്തന ഇന്നേവരെ ആ കുറ്റത്തിന് അശ്വിനിയോടു ക്ഷമിച്ചിട്ടില്ല. അശ്വിനി ഇന്നേവരെ ആ കുറ്റത്തിന് അശ്വിനിയോടു ക്ഷമിച്ചിട്ടില്ല.
  
കീര്‍ത്തന ടീഷര്‍ട്ടിന്റെ കൈ തെറുത്തു കയറ്റി പുതിയ ടാറ്റൂ അമ്മയെ കാണിച്ചു.  പിങ്കു നിറത്തിലുള്ള ഗേര്‍ബറ ഡേസിപ്പൂവ്, അതിന്റെ തണ്ടില്‍ച്ചുറ്റി ബ്രെസ്റ്റ്ക്യാന്‍സറിന്റെ പിങ്കു റിബ്ബണ്‍. റിബ്ബണിന്റെ ഒരറ്റത്ത് ലവ് എന്നെഴുതിയിട്ടുണ്ട്.  കീര്‍ത്തനയുടെ തോളോടു ചേര്‍ന്നു പൂവു ചേര്‍ത്തു തുന്നിയ ക്യാന്‍സര്‍ സ്നേഹം!  
''നിനക്കിതെന്തിന്റെ കേടാണ് രന്ന സ്ലീവ്ലലെസ് ഒക്കെ ഇടുമ്പോ ഇത് കാണില്ലേ?''
''കാണാന്‍ വേണ്ടിയല്ലേ ഞാന്‍ വേദന സഹിച്ചത്! '
'പെണ്ണേ എന്ത് വൃത്തികേടാണ്! ഡീസെന്റയിട്ടുള്ള മനുഷ്യരോന്നും ടാറ്റൂ ചെയ്യില്ല. ' 
'അതൊക്കെ പണ്ടു കാലത്തായിരുന്നു.  ഇപ്പൊ എല്ലാവരും ടാറ്റൂ ചെയ്യും. ' 
'നിനക്ക് എന്നോടൊന്നു ചോദിക്കായിരുന്നില്ലേ''.  
''എന്നിട്ട് വേണ്ടാന്നു പറയാനല്ലേ!  അമ്മ അമ്മൂമ്മോട് പറയാതല്ലേ ആദ്യം മുടി ഡയാന കട്ട് ചെയ്തത്! '    
അതിബുദ്ധിക്കാരിയുടെ നാക്കിനു എന്തൊരു മൂര്ച്ചയാണ്. ഇതിനാണോ ഇവളെ സംസാരിക്കാന്‍ പഠിപ്പിച്ചത്! ഒരൊറ്റ വാക്ക് പോലും പറഞ്ഞു കൊടുക്കേണ്ടായിരുന്നു. അശ്വിനിയെ കീര്‍ത്തനയെ ഇറുകെപ്പിടിച്ചു ചേര്‍ത്തിരുത്തി.  കീര്‍ത്തനയുടെ കവിളില്‍ ഒരു കുരു ഭീഷണിയോടെ വീര്‍ത്തു നില്‍ക്കുന്നു. ആരെയാണ് പെണ്ണേ നീ മോഹിക്കുന്നത്, നീ മോഹിപ്പിക്കുന്നത്?  
(തുടരും)
 
*Aloysius Snuffleupagus 
 
 
Content Highlights: Manjil Oruval Novel By Nirmala Part 16