ഒമ്പതു വയസ്സുകാരനായ മകനെ യൂട്യൂബ് ചാനലിന് വേണ്ടി കരയാൻ നിർബന്ധിക്കുന്ന അമ്മയുടെ വീഡിയോ വൈറലാകുന്നു. തമ്പ് നെയിലിനു വേണ്ടി മകനോട് കരയാൻ പറയുന്ന അമ്മയാണ് വീഡിയോയിലുള്ളത്. സം​ഗതി പുറത്തായതിനു പിന്നാലെ അമ്മയെ വിമർശിച്ച് നിരവധി പേർ രം​ഗത്തെത്തി. ഒടുവിൽ യൂട്യൂബ് ചാനൽ തന്നെ ഇല്ലാതാക്കേണ്ടി വരികയും ചെയ്തു. 

കാലിഫോർണിയയിൽ നിന്നുള്ള ബ്ലോ​ഗറായ ജോർദാൻ ഷെയ്നും മകനുമാണ് വീഡിയോയിലുള്ളത്. അടുത്തിടെ ദത്തെടുത്ത നായക്കുഞ്ഞിന് വൈറൽ ഇൻഫെക്ഷൻ വന്നതിനെക്കുറിച്ചായിരുന്നു ജോർദാന്റെ വ്ലോ​ഗ്. ഇതിനിടെ വിഷമിച്ച് കരയുന്നതായി അഭിനയിക്കുന്ന ജോർദാൻ മകനോടും അതുപോലെ ചെയ്യാൻ ആവശ്യപ്പെടുകയാണ്. ‌‌

കാറിനുള്ളിൽ വച്ചാണ് വീഡിയോ പകർത്തുന്നത്. എങ്ങനെയാണ് കരയേണ്ടതെന്നു വരെ മകനെ നിർബന്ധിച്ചു ചെയ്യിക്കുകയാണ് ജോർദാൻ. വീഡിയോ പുറത്തിടുംമുമ്പ് മകനോട് കരയാൻ പറയുന്ന ഭാ​ഗം എഡിറ്റ് ചെയ്തു നീക്കാൻ ജോർദാൻ വിട്ടുപോയതായിരുന്നു. വീഡിയോ പോസ്റ്റ് ചെയ്ത ദിവസം വിമർശനങ്ങളുടെ പ്രവാഹമാണ് ജോർദാന് ലഭിച്ചത്. ഒടുവിൽ തന്റെ തെറ്റു തിരിച്ചറിഞ്ഞ ജോർദാൻ ക്ഷമാപണം നടത്തുകയും ചെയ്തു. 

താനൊരിക്കലും അത്തരത്തിൽ ചെയ്യരുതായിരുന്നു എന്നും അത്തരമൊരു വൈകാരിക വീഡിയോക്ക് തമ്പ്നെയിലിനു വേണ്ടി മകനോട് പോസ് ചെയ്യാൻ പറയരുതായിരുന്നു എന്നും ജോർദാൻ പറഞ്ഞു. ഇനിയങ്ങോട്ടുള്ള വീഡിയോകളിൽ മകനെ ഉൾക്കൊള്ളിക്കില്ലെന്നും ജോർദാൻ വ്യക്തമാക്കി. മകന്റെ മാനസികാരോ​ഗ്യത്തിനായിരുന്നു താൻ മുൻ​ഗണന കൊടുക്കേണ്ടിയിരുന്നതെന്നും ഇന്ന് താനെത്രത്തോളം നിരാശയാണെന്ന് പറഞ്ഞറിയിക്കാനാവില്ലെന്നും ജോർദാൻ പറഞ്ഞു. തുടർന്നാണ് കുറച്ചുനാളത്തേക്ക് സമൂഹമാധ്യമത്തിൽ നിന്നു വിട്ടുനിൽക്കുന്നുവെന്നും ജോർദാൻ അറിയിച്ചത്. 

Content Highlights: YouTuber Deletes Channel After She's Caught Telling Son To "Act Like You're Crying"