ജീവിത ലക്ഷ്യങ്ങളില്‍ യുവതലമുറ പ്രഥമ പരിഗണന നല്‍കുന്നത് കരിയറിന്. ശാദി ഡോട് കോം എന്ന മാട്രിമോണിയല്‍ വെബ്‌സൈറ്റ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. കരിയറിന് ശേഷം യുവത്വം പരിഗണന നല്‍കുന്നത് വിവാഹത്തിനാണ്. പിറകെ, സ്വന്തമായി വീട്, വിദേശ പഠനം, ലോകസഞ്ചാരം എന്നിവയൊക്കെയാണ് ന്യൂജെന്‍ താല്പര്യങ്ങള്‍. 

20നും 35നും ഇടയില്‍ പ്രായമുള്ള 7,398 യുവതീയുവാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ നിന്നാണ് ഇത്തരമൊരു നിഗമനത്തില്‍ ശാദി ഡോട് കോം എത്തിച്ചേര്‍ന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 69 ശതമാനവും സ്വന്തം വിവാഹത്തില്‍ താന്‍ തന്നെ മുന്‍കൈയെടുക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 19 ശതമാനം പേര്‍ക്കും വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹമാണ് നല്ലത് എന്ന നിലപാടായിരുന്നു. 

കഴിഞ്ഞ രണ്ടുവര്‍ഷമായി തങ്ങളുടെ മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ 75 ശതമാനം പേരും പങ്കാളിയെ കണ്ടെത്താന്‍ സ്വയം എത്തിയവരാണെന്നും കുടുംബാംഗങ്ങളല്ലെന്നും ശാദി ഡോട് കോം സിഇഒ ഗൗരവ് രക്ഷിത് പറഞ്ഞു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 58 ശതമാനം പുരുഷന്മാരും 42 ശതമാനം പേര്‍ സ്ത്രീകളുമായിരുന്നു.