പാറശ്ശാല: അച്ഛൻ അർബുദത്തിനും അമ്മ കോവിഡിനും കീഴടങ്ങിയപ്പോൾ ആശയ്ക്ക് ഏക ആശ്രയമായിരുന്നു മുത്തച്ഛൻ. ബുധനാഴ്ച അദ്ദേഹത്തെയും മരണം കവർന്നു. ഉറ്റവരെ നഷ്ടപ്പെട്ട് പ്ലാമൂട്ടുക്കട നല്ലൂർവെട്ടം മഠത്തുവിളാകത്ത് വീട്ടിൽ കഴിയുന്ന ഈ കുട്ടിയുടെ ജീവിതം പ്രതിസന്ധിയിലാകുകയാണ്.

സ്വന്തമായി വീടില്ല. ആശ ഇപ്പോൾ ബന്ധുവീട്ടിലാണ് കഴിയുന്നത്. എത്രനാൾ മറ്റുള്ളവരെ ആശ്രയിക്കുമെന്ന ചിന്തയിലാണ് ഈ പതിനെട്ടുകാരി. കെ.എസ്.ആർ.ടി.സി.യിൽ എപ്ലോയ്‌മെന്റ് നിയമനത്തിൽ കണ്ടക്ടറായി ജോലിചെയ്യുകയായിരുന്നു അച്ഛൻ രഘുനാഥ്. അർബുദം പിടിപെട്ടതോടെ, ജോലിയിൽനിന്നു ലഭിച്ചിരുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും ചികിത്സയ്ക്കു വേണ്ടിവന്നു. ഇക്കഴിഞ്ഞ മാർച്ചിൽ രഘുനാഥ് മരിച്ചു.

ഇതോടെ മുത്തച്ഛന്റെ സംരക്ഷണയിലായി ആശയും അമ്മ ശ്രീദേവിയും. കഴിഞ്ഞ വ്യാഴാഴ്ച അമ്മ കോവിഡ് ബാധിച്ച് മരിച്ചു. ആശ്രയമായിരുന്ന മുത്തച്ഛൻ പരമേശ്വരൻ നായർ(97) ബുധനാഴ്ച രാവിലെയാണ് വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് മരിച്ചത്.

അമ്മയുടെ പേരിലുള്ള അഞ്ച് സെന്റ് ഭൂമി മാത്രമാണ് ആകെയുള്ള സമ്പാദ്യം. മരണം വേണ്ടപ്പെട്ടവരെ കൊണ്ടുപോയതോടെ പ്ലസ്ടു കഴിഞ്ഞ ആശയുടെ തുടർപഠനവും ജീവിതവും ഇനി എങ്ങനെ മുന്നോട്ടുപോകുമെന്ന് ഒരുനിശ്ചയവുമില്ല. ഏക സഹോദരി വിവാഹിതയാണ്. പ്രതീക്ഷ ഇനി സർക്കാർ സഹായത്തിൽ മാത്രം.

Content Highlights: Youth orphaned as Mother Succumbed to Covid death Father Died Due to Cancer Grandfather Passed Away