31 വര്‍ഷമാണ് എഴുത്തുകാരനും അധ്യാപകനുമായ വി.എസ്. അനില്‍കുമാറും ഭാര്യ രത്നമ്മയും ഒരു കണ്‍മണിക്കായി കാത്തിരുന്നത്. ഒടുവില്‍ കാലം അവര്‍ക്കായി കരുതി വെച്ചത് ഇരട്ടക്കുഞ്ഞുങ്ങളെ.

ബുധനാഴ്ചയാണ് അനില്‍കുമാറിനും ഭാര്യ രത്നമ്മയ്ക്കും വാടക ഗര്‍ഭപാത്രത്തിലൂടെ(surrogacy) ഇരട്ടക്കുഞ്ഞുങ്ങള്‍- ആണ്‍കുഞ്ഞും പെണ്‍കുഞ്ഞും പിറന്നത്. ഷഷ്ഠിപൂര്‍ത്തിയുടെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന ദമ്പതികള്‍ക്ക് ഇരട്ടിമധുരമായി ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനം.

1986 ലാണ് അനിലും രത്നമ്മയും വിവാഹിതരാകുന്നത്. കുട്ടികള്‍ ഉണ്ടാവാഞ്ഞതിനെ തുടര്‍ന്ന് പല ചികിത്സാരീതികളും പരീക്ഷിച്ചു.ആയുര്‍വേദവും ഹോമിയോയും തുടങ്ങി ടെസ്റ്റ് ട്യൂബ് ശിശുവിനു വരെ ശ്രമിച്ചു.  ഒന്നും ഫലവത്തായില്ലെന്ന് അനില്‍കുമാര്‍ പറയുന്നു.

ഔദ്യോഗിക തിരക്കുകളില്‍ പെട്ട് ഇടക്കാലത്ത് ചികിത്സകള്‍ അവസാനിപ്പിച്ചെങ്കിലും ഒരു കുഞ്ഞു വേണമെന്ന ആഗ്രഹം എപ്പോഴും മനസിലുണ്ടായിരുന്നു.ഒ ടുവില്‍ ഇപ്പോഴത് സംഭവിച്ചെന്നു മാത്രം- അനില്‍ കുമാര്‍ പറയുന്നു.

കുട്ടികളുണ്ടാകാന്‍ വാടക ഗര്‍ഭപാത്രം എന്ന മാര്‍ഗം മാത്രമേ മുന്നിലുള്ളൂ എന്ന് വ്യക്തമായതോടെ അനിലും രത്നമ്മയും ആ വഴി സ്വീകരിക്കുകയായിരുന്നു. ചേരാനല്ലൂര്‍ സൈമര്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ഡോ. പരശുറാം ഗോപിനാഥിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. നോയ്ഡയിലെ പ്രോ ജെനീ എന്ന ഏജന്‍സിയാണ് ഇവര്‍ക്കായി വാടക ഗര്‍ഭപാത്രം കണ്ടെത്തിയത്. 30 വയസില്‍ താഴെയായിരിക്കണം, മുമ്പ് പ്രസവിച്ച ആളായിരിക്കണം തുടങ്ങിയ കര്‍ശന നിബന്ധനകള്‍ ഇതിനുണ്ട്. മുംബൈ സ്വദേശിനിയാണ് അനില്‍-രത്നമ്മ ദമ്പതികളുടെ കുഞ്ഞുങ്ങള്‍ക്ക് പെറ്റമ്മയായത്.

അടഞ്ഞുകിടക്കുന്ന ഒരു വാതിലിനു മുന്നില്‍ കാത്തുനിന്ന ശേഷം അത് പെട്ടെന്ന് തുറന്ന് അതിനപ്പുറത്തുള്ള കാഴ്ചകള്‍ കാണുന്നതുപോലെയാണ് തനിക്കിപ്പോള്‍ തോന്നുന്നതെന്ന് അനില്‍കുമാര്‍ പറഞ്ഞു. നിരവധി കഥകള്‍ എഴുതിയിട്ടുള്ള അനില്‍ പ്രശസ്ത സാഹിത്യനിരൂപകന്‍ എം.എന്‍ വിജയന്റെ മകനാണ്.

തന്റെ തലമുറയിലുള്ള യു.കെ.കുമാരന്‍, അശോകന്‍ ചെരുവില്‍, എന്‍. പ്രഭാകരന്‍, ചന്ദ്രമതി, കെ.ആര്‍. മല്ലിക തുടങ്ങിയവരുടെ ആദ്യകഥകള്‍ ഉള്‍പ്പെടുത്തി 'കടിഞ്ഞൂല്‍' എന്നൊരു കഥാസമാഹാരം കഴിഞ്ഞ വര്‍ഷം അനില്‍ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ തന്റെ ജീവിതത്തിലും കടിഞ്ഞൂല്‍ കണ്‍മണികള്‍ പിറന്നിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്റ്സ് ഡീനായിരുന്ന അനില്‍ കുമാറിന്റെ ഭാര്യ രത്നമ്മയും കോളേജ് അധ്യാപികയായിരുന്നു. തളിപ്പറമ്പ് സര്‍ സെയ്ദ് കോളേജിലെ മലയാളം വിഭാഗം മേധാവിയായി പിരിഞ്ഞു. കടിഞ്ഞൂല്‍ കണ്‍മണികളുടെ വരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും.