ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഓഫീസ് മാനേജര്‍ പദവിയില്‍ ഗിന്നസ് റെക്കോര്‍ഡ് നേടി ജപ്പാന്‍കാരിയായ തൊണ്ണൂറു വയസ്സുകാരി മുത്തശ്ശി.  1930 മെയ് 15 ന് ജനിച്ച യാഷുകോ തമാക്കിയാണ് ലോക റെക്കോര്‍ഡ് നേടിയ ഈ ഓഫീസ് മാനേജന്‍.

സ്‌ക്രൂകളും ആണികളും നിര്‍മിക്കുന്ന സുന്‍കോ ഇന്‍ഡസ്ട്രീസിലാണ് യാഷുകോ ജോലി ചെയ്യുന്നത്. 1956 മുതല്‍ ഇവിടെ ഓഫീസ് മാനേജരായി യാഷുകോ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കമ്പനിയിലെ ഏറ്റവും പ്രായം കൂടിയ ജീവനക്കാരിയും ഏറ്റവും കൂടുതല്‍ കാലമായി സര്‍വീസിലുള്ള ആളും യാഷുകോ മുത്തശ്ശിയാണ്.

'ഒരു ആയുഷ്‌കാലം കൊണ്ട് ചെയ്യേണ്ടതെല്ലാം ഞാന്‍ ചെയ്തുകഴിഞ്ഞു, എന്ത് പറയണമെന്ന് എനിക്കറിയില്ല, വളരെ സന്തോഷമുണ്ട്.' ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ലഭിച്ചെന്ന് അറിഞ്ഞപ്പോള്‍ യാഷുകോ പ്രതികരിച്ചത് ഇങ്ങനെ. 

തൊണ്ണൂറ് വയസ്സായെങ്കിലും യാഷുകോ പുതുതലമുറയെ കടത്തി വെട്ടും. പണ്ട് രജിസ്റ്ററുകളില്‍ സൂക്ഷിച്ചിരുന്ന കണക്കുകളെല്ലാം ഇപ്പോള്‍ യാഷുകോ കംപ്യൂട്ടറില്‍ അതേ മികവോടെ ചെയ്യുന്നുണ്ട്. മറ്റ് ജീവനക്കാരുടെ സാലറി, ബോണസ്, ടാക്‌സ് കണക്കുകളെല്ലാം നോക്കേണ്ടത് യാഷുകോയുടെ ജോലിയാണ്. മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവമാണ് മുത്തശ്ശി. 

ആഴ്ചയില്‍ അഞ്ച് ദിവസം, ഏഴരമണിക്കൂര്‍ ഷിഫ്റ്റില്‍ മുടങ്ങാതെ യാഷുകോ ഓഫീസിലെത്തും. റിട്ടയര്‍മെന്റിനെ പറ്റിയുള്ള ചോദ്യത്തിന് യാഷുകോ നല്‍കുന്ന മറുപടി രസകരമാണ്. ' ഒരു വര്‍ഷം തീരും, അടുത്ത വര്‍ഷം തുടങ്ങും, അതങ്ങനെ തുടരും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.'

Content Highlights: World’s oldest office manager is a 90-year-old woman from Japan