കോളനി ഭരണത്തിന്റെ ശേഷിപ്പുകള്‍ ഒഴിവാക്കി സ്വതന്ത്ര റിപ്പബ്ലിക്കായി മാറിയിരിക്കുകയാണ് ബാര്‍ബഡോസ്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച നടന്ന ആഘോഷപരിപാടിയില്‍ തങ്ങളുടെ നാഷണല്‍ ഹീറോയായി ഗ്രാമി പുരസ്‌കാര ജേതാവ് റിഹാനയെ തിരഞ്ഞെടുത്തു. 

നന്ദിയുള്ള രാജ്യമെന്ന നിലയില്‍, അതിലേറെ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്ന ജനതയോടൊപ്പം ബാര്‍ബോഡിന്റെ നാഷണല്‍ ഹീറോ ആയി നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് ചടങ്ങില്‍ ബാര്‍ബഡോസിന്റെ പ്രധാനമന്ത്രി മിയ മോട്ട്‌ലി പറഞ്ഞു. 

ഒരു വജ്രം പോലെ തിളങ്ങുന്നത് തുടരാനും നിങ്ങളുടെ വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും രാജ്യത്തിന് ആദരവ് നേടിയെടുക്കാനും കഴിയട്ടെ എന്ന് പ്രധാനമന്ത്രി റിഹാനയെ അഭിനന്ദിച്ച് ആശംസകള്‍ നേര്‍ന്നു. 

ബാര്‍ബഡോസിലെ സെയ്ന്റ് മൈക്കിളില്‍ ജനിച്ച റിഹാന തലസ്ഥാനമായ ബ്രിഡ്ജ്ടൗണിലാണ് വളര്‍ന്നത്. ദരിദ്രമായ ചുറ്റുപാടില്‍ വളര്‍ന്ന അവരെ അമേരിക്കന്‍ പ്രൊഡ്യൂസറായ ഇവാന്‍ റോഗേഴ്‌സാണ് സംഗീതമേഖലയില്‍ ഉയര്‍ത്തിക്കൊണ്ട് വന്നത്.

സംഗീതമേഖലയില്‍ ഗ്രാമി പുരസ്‌കാരങ്ങള്‍പോലെ വലിയ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ റിഹാന മേയ്ക്ക് അപ്, ഫാഷന്‍ രംഗത്തും വിജയക്കൊടി പാറിച്ചു. ഫെന്റി ബ്യൂട്ടി എന്ന പേരില്‍ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളുടെ കമ്പനി ആരംഭിച്ചു. 1.7 ബില്ല്യണ്‍ ഡോളറിന്റെ ആസ്തി റിഹാനയ്ക്കുണ്ടെന്ന് ഓഗസ്റ്റിലെ ഫോബ്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. 

Content highlights: world's newest republic barbados, names rihanna national hero, grammy award winner